സഭാധികൃതാരുടെ ചൂഷണത്തിന് നിരന്തരം വിധേയരാകുന്ന പ്രവാസികളെ ഇരുത്തിചിന്തിപ്പിക്കാന്‍ പോന്ന ഒരു ലേഖനമാണിത്. പക്ഷേ, ചിന്തിക്കാന്‍ വിസമ്മതിക്കുന്നവരെ ആര് രക്ഷിക്കും?
അമേരിക്കയിലെപ്പോലെ ഇന്ത്യയിലും, ആമേന്‍!
പ്രവാസികള്‍ പലപ്പോഴും സ്വദേശവാസികളുടെ ഇടയിലുള്ളയാഥാസ്ഥിതികരേക്കാള്‍ സങ്കുചിതമനസ്‌കരും പിന്തിരിപ്പന്മാരുമായിത്തീരുന്ന വിചിത്ര പ്രതിഭാസം, ഇന്ത്യന്‍ പ്രവാസികളുടെ ഇടയില്‍ പ്രത്യേകിച്ചും, ചിലരൊക്കെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാവണം. ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം മുമ്പ് അവര്‍ കേരളം വിട്ടുപോയപ്പോളുണ്ടായിരുന്ന ഇരുളടഞ്ഞ ക്രൈസ്തവ മാനസികപ്പതിവുകള്‍ അപ്പടി വച്ചുപുലര്ത്തുന്ന വിദേശമലയാളി ക്രിസ്ത്യാനികള്‍ ധാരാളമാണ്. ലോകത്തിന്റെ ഒരു മൂലയായ കേരളത്തില്പ്പോ്ലും സഭയുടെ മനഃശാസ്ത്രം മാറിയത് അവരറിയുന്നില്ല. ഇസ്ലാം മാറ്റത്തിനും ആധുനികതയ്ക്കും മുമ്പില്‍ പകച്ചുനില്ക്കുന്ന ഒരു മതമാകയാല്‍ അതിനുള്ളിലെ, ഇപ്രകാരം ഫോസിലുകളായിപ്പോയ പ്രവാസിമനസ്സുകള്‍ അനവധിയാണ്. സിഖ് മതമൗലികവാദം അതിന്റെ ഏറ്റവും ഉഗ്രരൂപത്തില്‍ സമീപകാലത്ത് ഉടലെടുത്തത് പ്രവാസി സിഖുകളില്‍ നിന്നാണ്. ഇന്നത്തെ ഹൈന്ദവ മതമൗലികവാദത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന തുച്ഛമായ പിന്തുണയേക്കാള്‍ വളരെ വലിയ സഹകരണമാണതിന് പ്രവാസി ഹിന്ദുക്കളില്നിുന്ന് ലഭിക്കുന്നത്. ഇതുപോലെ ക്രിസ്ത്യാനികള്ക്കും മുസ്ലീങ്ങള്ക്കും ഇന്ത്യയില്‍ രാഷ്ട്രീയ സ്വേച്ഛാധികാരമോഹത്തിലധിഷ്ഠിതമായ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഒരിക്കല്‍ ഉണ്ടായാല്‍, അവയുടെ ബീജാവാചം പ്രവാസികള്ക്കിുടയില്‍ നിന്നായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
എന്തുകൊണ്ടാണ് പ്രവാസിജനങ്ങള്‍ ഇപ്രകാരം മാനസികമൂഢതയ്ക്കും സാംസ്‌കാരിക വൈകല്യങ്ങള്ക്കും സങ്കുചിത ചിന്തയ്ക്കും എളുപ്പത്തില്‍ അടിമയാകുന്നത്? വാസ്തവത്തില്‍, ഭദ്രമായ ഭാവി തേടി ഇന്ത്യ വിട്ടുപോയി അമേരിക്കപോലുള്ള ഇന്ഫകര്മോഷന്‍ സൊസൈറ്റികളില്‍ ജീവിക്കുന്ന അവരുടെ മാനസിക ചക്രവാളങ്ങള്‍ കൂടുതല്‍ വളരുകയും ചിന്താശൈലി കൂടുതല്‍ വിശാലമനസ്‌കമാകുകയും ചെയ്യേണ്ടതായിരുന്നില്ലേ? ശാസ്ത്രീയവും സാമൂഹികവുമായ ഏറ്റവും പുതിയ അറിവുകള്‍ അവരുടെ ചൊല്ലുവിളിയിലുണ്ട്. മനുഷ്യപുരോഗതിയുടെ അതിരുകള്‍ ഓരോന്നോരോന്നായി മാറ്റി സ്ഥാപിക്കപ്പെടുന്നത് അവരുടെ കണ്മുമ്പിലാണ്. ഇന്ത്യയിലെ അവരുടെ സഹോദരങ്ങളേക്കാള്‍ എത്രയോ ഉന്നതമായ സാമ്പത്തികഭദ്രതയും ജീവിതനിലവാരവും അവര്ക്കുടണ്ട്. അവര്‍ ജീവിക്കുന്ന പാശ്ചാത്യരാഷ്ട്രങ്ങളൊക്കെത്തന്നെ ജനാധിപത്യാധിഷ്ഠിതവും വര്ഗീനയമോ മതപരമോ ആയ വിവേചനങ്ങള്ക്ക് പൊതുവില്‍ സുല്ലിട്ടവയുമാണ്. താരതമ്യേന സുരക്ഷിതമായ സാമൂഹികജീവിതമാണ് പ്രവാസി ഇന്ത്യക്കാര്ക്ക് അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ നല്കികക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, അക്കാരണംകൊണ്ടായിരിക്കാം, നല്ലൊരു പങ്ക് ഇന്ത്യാക്കാര്‍ അതതു രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നുണ്ട്.
പക്ഷേ, ഈ പ്രവാസികളില്‍ പലരും ഇന്ത്യയിലേക്ക് തിരിഞ്ഞുനോക്കുന്നത് ദിനോസറുകളുടെ കണ്ണുകളോടെയാണ്. പാരമ്പര്യവാദവും വര്ഗീയ വിവേചനവും മതഭ്രാന്തും സാംസ്‌കാരികമായ അസഹിഷ്ണുതയും ഇന്ത്യയെ നോക്കുന്ന അവരുടെ കണ്ണുകള്ക്ക് മൂടലേല്പ്പി ക്കുന്നു. മാറ്റത്തെ സധീരം സ്വീകരിക്കാനും അങ്ങനെ സാര്വത്രികമായ പുരോഗതി നേടാനും കഴിഞ്ഞ രാഷ്ട്രങ്ങളുടെ ജീവിതസന്തുഷ്ടി ആസ്വദിക്കുന്നതിനിടയില്‍ അവര്‍ സ്വന്തം രാജ്യത്തിനുവേണ്ടി കുറിക്കുന്ന മരുന്ന് മതത്തിന്റെ വിഷത്തുള്ളികളും ജീര്ണ്ണിച്ച പാരമ്പര്യത്തിന്റെ കനച്ച കഷായവുമാണ്. തങ്ങള്‍ സ്വയം ആധുനികതയുടെയും ശാസ്ത്രത്തിന്റെയും മധുരഫലങ്ങള്‍ ആസ്വദിക്കുന്നുവെങ്കിലും സ്വന്തം നാടിന് നല്ലത് ഭൂതകാലത്തിന്റെ വ്യാജസങ്കല്പങ്ങളുടെ കപടശോഭയിലേക്കുള്ള പിന്തിരിയലാണ് എന്നവര്‍ പറയുന്നു. അമ്പത്തിരണ്ട് കോടി ഇന്ത്യാക്കാര്‍ ദാരിദ്ര്യരേഖയ്ക്ക് കീഴില്‍ ജീവിക്കുന്നതിനുള്ള മറുമരുന്ന് അവരെ കൂടുതല്‍ മതഭ്രാന്തരാക്കുകയെന്നതാണെന്ന് പ്രഖ്യാപിക്കുന്നവരോടൊപ്പം ഈ പ്രവാസികളും തങ്ങളുടെ ദന്തഗോപുരങ്ങളുടെ സുഖവാസത്തിലിരുന്നു അലസഹസ്തങ്ങളുയർത്തി ഐക്യം പ്രഖ്യാപിക്കുന്നു. ഭാഗ്യവശാല്‍ ഇത്തരക്കാര്‍ പ്രവാസികളുടെ ഒരു ന്യൂനപക്ഷം മാത്രമാണ് എന്നതാണ് ഇതിലെ രജതരേഖ.
വാസ്തവത്തില്‍ ഇത്തരം പ്രവാസികളുടെ പ്രശ്‌നം എന്താണ്? ഭൗതികമോഹങ്ങളുടെ അന്ധമായ ഓട്ടത്തില്‍ സാംസ്‌കാരിക പുനരുജ്ജീവനശേഷി നഷ്ടപ്പെട്ടുപോയവരാണ് ഇത്തരക്കാര്‍. സാംസ്‌കാരികവികസനം നടക്കുന്നത് പരപരാഗണത്തിലൂടെയാണ്, അഗമ്യഗമനത്തിലൂടെയല്ല. സംസ്‌കാരങ്ങള്‍ വളരുന്നത്, പുതിയ രൂപങ്ങളും ഭാവങ്ങളും സ്വീകരിക്കുന്നത്, ആ സംസ്‌കാരത്തിന്റെ ഉടമകള്ക്ക് പുതിയ മാനങ്ങള്‍ നല്കുന്നത്, അവയുടെ തുറന്നിട്ട വാതിലുകളിലൂടെ സ്വീകരിക്കുന്ന നവീനമായ അറിവുകളിലൂടെയും കാഴ്ചപ്പാടുകളിലൂടെയുമാണ്. മാറ്റത്തിന്റെയും സമകാലീനതയുടെയും കാറ്റുകള്ക്ക് പ്രവേശിക്കാനും ഒത്തിണങ്ങാനുമുള്ള ഭദ്രമായ ഇടമാണ് പാരമ്പര്യം. അല്ലാതെ പൂജാമുറിപോലെ വലപ്പോഴും തുറന്ന് ഒരു ഭക്തിനാടകം കളിക്കാനുള്ള വേദിയല്ല. മാറ്റവും പാരമ്പര്യവും തമ്മിലുള്ള ഈ പരാഗണമാണ് യഥാര്ത്ഥ സാംസ്‌കാരികജീവിതത്തിന്റെ അടിവേര്. പക്ഷേ, മേല്പ്പറഞ്ഞതരം പ്രവാസികള്‍ സാംസ്‌കാരികമായ അടിവേരുകള്‍ പണ്ടേ ദുര്ബ്ബ്ലലമായിത്തീര്ന്നിട്ടുള്ളവയാണ്. ഭൗതികസുഖാസക്തി അവരുടെ സാംസ്‌കാരിക സത്തയെ കൂടുതല്‍ നിര്വീര്യമാക്കുന്നു. തങ്ങളെ ദത്തെടുത്ത സമുദായങ്ങളുമായി ഭൗതിക-സാമ്പത്തികതലങ്ങളില്ലാതെ സാംസ്‌കാരികതലത്തിലുള്ള സമ്പര്ക്കാങ്ങളോ സംവേദനമോ നടത്താനുള്ള ശേഷി അവര്കി ദല്ല. അമേരിക്കയെപ്പോലെയുള്ള അത്യന്തസംവേദനക്ഷമവും പരിണാമതീവ്രവുമായ ഒരു സംസ്‌കാരത്തില്‍ അവര്‍ ഒന്നിനൊന്ന് ഉൾ വലിയുകയും ഒറ്റപ്പെടുകയും ചെയ്യുന്നു. അവര്ക്കാകെയുള്ള കൈമുതല്‍ രണ്ടോ മൂന്നോ ദശകങ്ങള്ക്കു മുമ്പ് തങ്ങള്‍ നാടുവിടുമ്പോഴുള്ള സാംസ്‌കാരികധാരണകളാണ്. അവരുടെ സാംസ്‌കാരിക മാനദണ്ഡങ്ങള്‍ ആ നാടും വീടും കാലത്തിനും മുമ്പ് അചിന്തിതവും അബോധവുമായി ഉള്ക്കൊണ്ട തെറ്റിദ്ധാരണകളായിരിക്കും. സ്വയം മധ്യവയസ്സുകളിലെത്തുകയും പാശ്ചാത്യ സമൂഹത്തിലേക്ക് ജനിച്ച അടുത്ത തലമുറ അതിന്റെ സ്വന്തം വഴികള്‍ തേടുകയും ചെയ്യുന്നതോടെ അവരുടെമേല്‍ വന്നെത്തുന്ന അന്യതയെയും ഏകാന്തതയെയും ശൂന്യതയെയുമാണ് മൗലികവാദിപ്രസ്ഥാനങ്ങള്‍ അവര്‍ വച്ചുനീട്ടുന്ന കപട ആധ്യാത്മികതകളിലൂടെയും സാംസ്‌കാരിക പുനരുത്ഥാന ജാടകളിലൂടെയും ചൂഷണം ചെയ്യുന്നത്. കപ്പലുടഞ്ഞ് വിജയദ്വീപിലടിഞ്ഞ റോബിന്സണ്‍ ക്രൂസോയുടേതുപോലെയുള്ള ജീവിതങ്ങളിലേക്ക് വഴികാട്ടികളായെത്തുന്നത് പുരോഹിതനും സന്യാസിയും മൗലവിയും മന്ത്രവും തന്ത്രവും ആണെന്നതാണ് ദുരന്തം. ഈ ക്ഷുദ്രജീവികളെല്ലാം സ്വേച്ഛാധികാരത്വരപൂണ്ട ഭ്രാന്തന്മാരുടെ ഉപകരണങ്ങള്‍ മാത്രമാണ്.
മധ്യവയസ്സുകളുടെ അരക്ഷിതബോധവും ആശങ്കകളും ഒരുവശത്തും തങ്ങള്ക്കിനിയും ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത - തങ്ങള്‍ നിരീക്ഷകരും തൊഴിലാളികളും മാത്രമായിക്കഴിയുന്ന - ഒരു ആധുനിക സമൂഹത്തില്‍ അനുഭവപ്പെടുന്ന അന്യത മറ്റൊരു വശത്തും ചേര്ന്ന് നിര്മ്മിക്കുന്ന മാനസിക വിഭ്രാന്തി, പ്രവാസിയെ തള്ളിവിടുന്നത് പഴമകളുടെയും പാരമ്പര്യങ്ങളുടെയും സ്വപ്നലോകത്തേക്കാണ്. അവിടെ അയാള്‍ സ്വകാര്യ സുരക്ഷ കണ്ടെത്തുന്നു. ഈ മനഃശാസ്ത്രമാണ് മതമൗലികവാദികളുടെയും പിന്തിരിപ്പന്മാരുടെയും വേട്ടപ്പുറം.
ഈ മനഃശാസ്ത്രത്തിൽ നിന്നാണ് പല പ്രവാസികളും ഇന്ത്യയുടെ പ്രശ്‌നങ്ങളെ നോക്കിക്കാണുന്നത്. അവര്‍ പലപ്പോഴും ആശ്രയിക്കുന്നതാകട്ടെ ഈ പ്രശ്‌നങ്ങളെപ്പറ്റി സ്ഥാപിത താല്പര്യക്കാര്‍ പരത്തുന്ന അപൂര്ണ്ണ വിവരങ്ങളെയും അറിവുകളെയുമാണ്. സ്വന്തം ജീവിതത്തിലെന്നപോലെ അവര്‍ ഇന്ത്യയ്ക്കുവേണ്ടിയും ലാഘവപൂർവ്വം കണ്ടെത്തുന്ന പ്രശ്‌നപരിഹാരങ്ങള്‍ ഇത്തരം ഇരുളടഞ്ഞ കുറുക്കുവഴികളാണ്.
അമേരിക്കയിലെ ജീവിതങ്ങളെപ്പോലെ ഇന്ത്യയിലും, ആമേന്‍!
കടപ്പാട് : അലക്സ് കണിയാമ്പറമ്പിൽ (ബിലാത്തി മലയാളി )
No comments:
Post a Comment