Translate

Thursday, October 16, 2014

കുരീപ്പുഴ നല്കുന്ന സന്ദേശം !

കുരീപ്പുഴയില്‍ ഇടവകാംഗങ്ങള്‍ നടത്തിവന്ന സുദീര്ഘമായ സമരം രമ്യമായി പരിഹരിക്കപ്പെട്ടതില്‍ അത്മായശബ്ദത്തിനും അതിന്‍റെ പ്രവര്‍ത്തകര്‍ക്കും അത്യധികം സന്തോഷമുണ്ട്. ഈ പ്രശ്നത്തിന്‍റെ കാര്യകാരണങ്ങളെപ്പറ്റിയും അതുണ്ടാക്കിയ കഷ്ടനഷ്ടങ്ങളെപ്പറ്റിയും പ്രശ്നം പരിഹരിക്കാന്‍ സഹായിച്ച ഘടകങ്ങളെപ്പറ്റിയും സത്യജ്വാലയുടെ അടുത്ത ലക്കത്തില്‍ വിശദമായി ഉണ്ടാകും. ഇതില്‍ പങ്കെടുക്കുകയും ഇടവകാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചെടുക്കാന്‍ വേണ്ടി വിശ്രമമില്ലാതെ അദ്ധ്വാനിക്കുകയും ചെയ്ത എല്ലാവരെയും അത്മായാശബ്ദം അഭിനന്ദിക്കുന്നു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഒത്തൊരുമിച്ചു പോരാടിയതിന്‍റെ ഫലമാണ് ഈ വിജയം. ഇതില്‍ പങ്കു ചേരാന്‍ കഴിഞ്ഞതില്‍ അത്മായശബ്ദവും അഭിമാനിക്കുന്നു.

അത്മായശബ്ദത്തിന് വിശ്രമിക്കുവാനുള്ള സമയമല്ല ഇത്. സീറോ മലബാര്‍ സഭയുടെ കിരാത നിയമങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന കേരളത്തിന്‌ പുറത്തുള്ള അത്മായരുടെ പരിദേവനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിച്ചേ ഒക്കൂ. ഇപ്പോള്‍ അത്മായാശബ്ദം കൊച്ചു കേരളത്തിന്‍റെ മാത്രം ശബ്ദമല്ല. ലോകമെങ്ങും ഇത് വായിക്കപ്പെടുന്നു, ലോകമാസകലമുള്ള ചിന്തകര്‍ ഇതില്‍ എഴുതുകയും ചെയ്യുന്നു. അതിനനുസരിച്ചുള്ള ഒരു നിലവാരം ഈ ബ്ലോഗ്ഗിന് നല്‍കാന്‍ ഇതിന്‍റെ കോണ്ട്രിബ്യുട്ടേഴ്സ് സഹായിക്കുകയും ചെയ്യുന്നു. കുറഞ്ഞൊരു ദിവസങ്ങള്‍ക്കുള്ളില്‍ വായനക്കാരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കാന്‍ ഇത് കാരണമായി.

കൃത്യമായി പറഞ്ഞാല്‍, ഈ വരുന്ന നവംബര്‍ 6ന്, അത്മായശബ്ദം 3 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. KCRMന്‍റെ അനുഗ്രഹാശിസ്സുകളോടെ, ശബ്ദിക്കാന്‍ അനുവാദമില്ലാത്തവരുടെ ശബ്ദമായി ഉരുത്തിരിഞ്ഞ ഈ ബ്ലോഗ്ഗ്, ഇന്ന് വളര്‍ന്നു പന്തലിച്ച് ലോകമാസകലമുള്ള ക്രൈസ്തവ അത്മായര്‍ക്ക് പരിദേവനങ്ങളും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കു വെയ്ക്കാനുള്ള ഒരു വേദിയായി മാറി. ഇതിന്‍റെ വായനക്കാര്‍ ഇതിന് നല്‍കിയ പ്രചോദനമാണ് സത്യജ്വാലക്ക് കാരണമായത്‌. സഭാമണ്ഡലത്തില്‍ അണികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന അസ്വസ്ഥതകള്‍ കണ്ടില്ലെന്നു നടിച്ച അധികാരികള്ക്ക് കൈകള്‍ പൊള്ളിത്തുടങ്ങിയത് അത്മായ മാധ്യമങ്ങള്‍ ക്രിയാത്മക പിന്തുണയുമായി വേദനിക്കുന്ന മനസ്സുകളുടെ ഒപ്പം ചേര്‍ന്നപ്പോഴാണ്.

പാലായില്‍ ഒരു ദളിതന്‍റെ ശവസംസ്കാരം പുരോഹിതന്‍ നിഷേധിച്ചപ്പോള്‍, കൈനീളമുള്ള ഉടുപ്പിട്ട് പള്ളിയില്‍ വന്നുവെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടിയെ പരസ്യമായി പള്ളിയില്‍ നിന്നിറക്കി വിട്ടപ്പോള്‍, പഴയിടത്തു കപ്യാരെ അകാരണമായി പിരിച്ചുവിട്ടപ്പോള്‍, വൈദികര്‍ അസന്മാര്‍ഗ്ഗിക നടപടികളില്‍ ഏര്‍പ്പെട്ടപ്പോള്‍, കാഞ്ഞിരപ്പള്ളിയില്‍ മോണിക്കയുടെ സ്ഥലം നഷ്ടപ്പെട്ടപ്പോള്‍, മണ്ണക്കനാട്ട് ഒരു വൈദികന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഗ്രോട്ടോ തകര്‍ക്കപ്പെട്ടപ്പോള്‍, തലോറില്‍ ഒരു ഇടവക തന്നെ ആശ്രമക്കാരുടെ കൈയ്യില്‍ നിന്ന് ബലമായി രൂപത പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍, കൊല്ലത്ത് രൂപതയുടെ അറിവോടെ അത്മായരുടെ നേരെ പൊലീസ് അഴിഞ്ഞാടിയപ്പോള്‍... ... KCRM അത്മായരുടെ കൂടെനിന്ന് അടരാടിയ നിരവധി സംഭവങ്ങള്‍ ഈ കേരളത്തില്‍ ഉണ്ടായി. പലതിനും ഫലം കാണാന്‍ അത്മായരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കാരണമായി.

കേരളത്തെ നടുക്കിയ സലോമിയുടെ ആത്മഹത്യക്ക് കാരണക്കാരായ കോതമംഗലം രൂപതാധികാരികള്‍ക്കെതിരെ കേരള മനസാക്ഷിയെ ഉണര്‍ത്താന്‍ അത്മായ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ലോകത്തെവിടെയും അത്മായന്‍റെ നേരെ ഉയരുന്ന വാളുകള്‍ക്കെതിരെ അണിനിരക്കാനുള്ള ശക്തി ഇന്ന് അത്മായര്‍ക്കുണ്ട്. സാധ്യമായ എല്ലാ വാര്‍ത്താ മാധ്യമങ്ങളിലൂടെയും അത്മായര്‍ ഇന്ന് പ്രവര്‍ത്തനനിരതരാണ്. വീശിത്തുടങ്ങിയ ഈ കൊടുങ്കാറ്റിനെതിരേ .1 ശതമാനം വരുന്ന അധികാരീ സമൂഹം എത്രനാള്‍ പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയാം. ഫരിദാബാദ് രൂപതയുടെ അധികാരപരിധി രായ്ക്കുരായെ ഡല്‍ഹിയിലേക്ക് നീണ്ടപ്പോള്‍ ബഹുഭൂരിപക്ഷം കത്തോലിക്കരും എതിര്‍ത്തു; റോമിന് നിരവധി പരാതികള്‍ പോയി. അത്മായശബ്ദം നല്‍കിയ പിന്തുണ അവരുടെ ധര്‍മ്മയുദ്ധം തുടരാന്‍ അവര്‍ക്ക് പ്രചോദനമായി നില്‍ക്കുന്നു. ജര്‍മ്മനിയില്‍ ഒരു രൂപത സ്ഥാപിക്കാനുള്ള സഭയുടെ പ്രയത്നം അവിടുള്ള സിറോമലബാര്‍ കത്തോലിക്കര്‍ തന്നെയാണ് വിഫലമാക്കിയത്. ലോകത്തെവിടെയും സ്വന്തം അനുയായികളാല്‍ തിരസ്കരിക്കപ്പെടുന്ന ഒരു മതം ഉണ്ടെങ്കില്‍ അതിന്‍റെ പേരാണ് സിറോമലബാര്‍ കത്തോലിക്കാ സഭ. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ നഷ്ടപ്പെടുത്തിയ ഭാരതത്തിലെ മതവും സീറോ മലബാര്‍; ഈ കണക്ക് ദേശീയസര്‍വ്വേ വിഭാഗം പുറത്തു വിട്ടതാണ്, പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതുമാണ്.

എവിടെയാണ് കുഴപ്പം? ഉപജീവനം തേടി ലോകമെങ്ങും കുടിയേറിയ മലയാളി കത്തോലിക്കരെ സ്വീകരിക്കാന്‍ എല്ലായിടത്തും ലത്തിന്‍ പള്ളികള്‍ ഉണ്ടായിരുന്നു. ആരും അവരുടെ ചരിത്രം ചോദിച്ചില്ല. വണ്ണവും പൊക്കവും നോക്കിയില്ല. മുണ്ട് വരിഞ്ഞു മുറുക്കി ജീവിച്ച അവരുടെ ക്ഷേമം അന്വേഷിക്കാന്‍ ഇവിടെ നിന്നാരും എത്തിയതുമില്ല. കാലം മാറി, പവ്വം വന്നു, പാരമ്പര്യം സഭയുടെ തലയ്ക്കുപിടിച്ചു. അന്ന് കത്തിത്തുടങ്ങിയ കനല്‍ ഉടനെയൊന്നും എരിഞ്ഞടങ്ങാന്‍ പോകുന്നില്ല. ഏകവും ശ്ലൈഹികവും സാര്‍വത്രികവുമായ സിറോമലബാര്‍ സഭയുടെ രണ്ടാം ലത്തിന്‍ യുദ്ധം അന്ന് തുടങ്ങിയെന്നു പറയാം. സഭയുടെ എന്ന് പറയുന്നത്‌ ശരിയല്ല, കാരണം, അത്മായര്‍ക്കിതില്‍ ഒരു താത്പര്യവുമില്ലായെന്നത് തന്നെ.

ഇവിടെ മാമ്മോദീസ മുതല്‍ തുടങ്ങുന്നു ഒരാളുടെ മേലുള്ള കാനോന്‍ നിയമം. സംസാരിക്കാനും നടക്കാനും ആയാല്‍ മിഷന്‍ലീഗില്‍ അംഗത്വമായി. സഭയുടെ സംഘടനകളുടെ ലിസ്റ്റ് നീണ്ടതാണ്. ഒരു അക്രൈസ്തവന് ഉള്ളില്‍ കടന്നു കൂടാന്‍ വാതിലുകള്‍ ഇല്ലായെന്ന് തന്നെ പറയാം. അഥവാ വന്നാല്‍ അവന്‍റെ പാരമ്പര്യം അവന്‍ മറന്നേ ഒക്കൂ. ഒരു കാലത്ത് മൂന്നാംസഭകൊണ്ട് അന്ത്യശ്വാസം വലിക്കാമായിരുന്നെങ്കില്‍ ഇന്ന് AKCCയില്‍ കൂടി അംഗമായി രണ്ടു മുദ്രാവാക്യങ്ങള്‍ കൂടി വിളിച്ചാലേ അന്ത്യകൂദാശ കിട്ടൂവെന്നായി, സര്‍വ്വത്ര കാനോന്‍! പ്രാര്‍ത്ഥിക്കുക, അനുസരിക്കുക, പിരിവു കൊടുക്കുക എന്നിവയായി സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍. സിവില്‍ എന്ജിനീയറിംഗ് വിദഗ്ദരായ വൈദികരുടെ നിരകൂടി ആയപ്പോള്‍ എല്ലാം പൂര്‍ത്തിയായി എന്ന് പറയാം. മാറ്റവും കണ്ടുതുടങ്ങി; കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ എയര്‍കണ്ടിഷന്‍ഡ് പള്ളി, കടം തീര്‍ക്കാന്‍ ഇടവകയുടെ ആസ്തികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു.

സഭ ജനകീയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പള്ളികള്‍തോറും ‘അതെ അച്ചോ’ കമ്മറ്റികള്‍ രൂപീകരിച്ചു. കമ്മറ്റിയേതായാലും ഏറ്റവും തലപ്പത്ത് മെത്രാന്‍ എന്നതായി ആചാരം; ഗര്‍ഭിണികളുടെ ഒരു സംഘടന ഉണ്ടായാല്‍ അതിന്‍റെയും തലപ്പത്ത് മെത്രാന്‍ കാണും. അത്മായ കമ്മീഷനില്‍ മൂന്നു മെത്രാന്മാരും ഒരു അത്മായനും! ഈ കിരാത നിയമങ്ങളോടൊന്നും മറുതലിക്കാതെ പള്ളിനിറയെ ആളുകളുണ്ട് എന്ന് കരുതുന്ന സഭാധികാരികള്‍, ഒലിച്ചുപോകുന്ന വിശ്വാസവും കാണുന്നില്ല, അകന്നുപോകുന്ന ആത്മീയതയും കാണുന്നില്ല. എല്ലാവരും ദു:ഖിതരാണ്, ഇടയന്മാരുടെ ലേഖനങ്ങളില്‍ ഇതിന്‍റെ ധ്വനിയും ഉണ്ട്. മേജര്‍ ആര്‍ച്ചു ബിഷപ്പാണെങ്കില്‍ ആകെ ദു:ഖിതനാണ്‌. എല്ലാവരും ചോദിക്കുന്നു, എന്താണിതിനൊരു പരിഹാരം? എങ്കിലും പിതാക്കന്മാര്‍ക്ക് ഒരേ സ്വരം, ‘പോകുന്നിടം വരെ പോകട്ടെ, സ്ക്രൂ മുറുക്കിക്കൊള്ളൂ’. ഇപ്പോഴത്തെ പിതാക്കന്മാരും അവര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അവരുടെ സില്‍ബന്ധികളും തുടരുന്നിടത്തോളം കാലം യേശുവിലേയ്ക്കൊരു മടക്കം ആരും പ്രതീക്ഷിക്കുന്നില്ല.

നന്നാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു; എല്ലാവരും പറയുന്നത്, അപരന്‍ മാറുന്നതിനെപ്പറ്റിയാണെന്നേ വ്യത്യാസമുള്ളൂ. ലാളിത്യമാണ് മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെ മുദ്രാവാക്യം; അദ്ദേഹം ഏറ്റു വാങ്ങുന്നതോ, ബഹുലക്ഷങ്ങളുടെ ആര്‍ഭാടവും. അദ്ദേഹത്തെ സ്വീകരിക്കാന്‍ അഹമ്മദാബാദ് മലയാളികള്‍ സംഭരിക്കേണ്ടിവന്നത് 17ലക്ഷം രൂപായാണ്. അദ്ദേഹത്തിന്‍റെ ഒരൊറ്റ വാക്ക് മതിയല്ലോ ഈ പ്രവണത നില്‍ക്കാന്‍; പക്ഷേ, അതുണ്ടാവുന്നില്ലായെന്ന് ഞങ്ങള്‍ കരുതുന്നു. എല്ലാവര്ക്കും വേണ്ടത് ഭൂമിയിലെ മഹത്വം. തങ്ങള്‍ക്കു തെറ്റ് പറ്റാമെന്ന് പോലും ചിന്തിക്കാന്‍ കെല്‍പ്പില്ലാത്ത അഭിഷിക്തര്‍ ഒരു പ്രശ്നവും തീര്‍ക്കാന്‍ പോകുന്നില്ല. കൊല്ലം കുരീപ്പുഴയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്കും കാരണം ഇത് തന്നെ, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് അടക്കേണ്ടി വന്നതിന്‍റെയും കാരണം ഇത് തന്നെ – ആരാണ് വലിയവന്‍?

സഭ കണ്ണടച്ചു ‘നവീകരിക്ക’പ്പെടുമ്പോള്‍ അത്മായരും തയ്യാറാകേണ്ടതുണ്ട്. അത്മായ സംഘടനകള്‍ ഒന്നുചേരേണ്ടതിന്‍റെയും പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കേണ്ടതിന്‍റെയും പ്രസക്തി ഇവിടെയാണ്‌. അതിന് വേണ്ട വിശാലമായ ഒരു പശ്ചാത്തലമാണ് അത്മായശബ്ദം ഇവിടെ ഒരുക്കുന്നത്. തുടക്കം മുതല്‍ അട്മിനിസ്ട്രെറ്റര്‍ ആയി പ്രവര്‍ത്തിച്ചുപോന്ന ശ്രി ജോസ് മൂലെച്ചാലിനൊപ്പം ഒരു ടീംതന്നെ ഇപ്പോള്‍ അത്മായശബ്ദത്തിന്‍റെ പിന്നിലുണ്ട്. എന്നത്തെയും പോലെ അനുകൂലമായും പ്രതികൂലമായും വരുന്ന ലേഖനങ്ങള്‍ അത്മായശബ്ദം സ്വീകരിക്കും; ഊഹാപോഹങ്ങളില്‍ അധിഷ്ടിതമായ ആരോപണങ്ങള്‍ ഒരു ലേഖകന്‍റെ പക്കല്‍ നിന്നും ഉണ്ടാകരുതെന്ന് ഇതിന്‍റെ എല്ലാ വായനക്കാരോടുമൊപ്പം ഞങ്ങളും ആഗ്രഹിക്കുന്നു. എത്ര പ്രകോപനപരമായ സാഹചര്യം ആണെങ്കിലും ഭാഷയിലെ മാന്യത കൈവിടാതിരിക്കുമ്പോഴാണ് മാധ്യമ പ്രവര്‍ത്തനം മഹത്തരമാകുന്നത്. ഓരോരുത്തരുടെയും നിരീക്ഷണങ്ങള്‍ ബഹുമാനത്തോടെ വിലയിരുത്തപ്പെടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതും ന്യായമാണ്. അത്മായശബ്ദം ഒരു ആഗോള മാധ്യമമായി മാറുമ്പോള്‍ ആഗോള വാര്‍ത്തകളും ചൂടാറാതെ എത്തേണ്ടതുണ്ട്, അതിന്, ഒപ്പമുള്ള അനുഗ്രഹീതരായ അഭ്യുദയകാംക്ഷികള്‍ അണിചേരുകയെ മാര്‍ഗ്ഗമുള്ളൂ.

KCRM ന്‍റെ ആശയഗതികള്‍ വിറ്റഴിക്കാനുള്ള ഒരു വേദിയായല്ല KCRM ഈ ബ്ലോഗ്ഗിനെ കാണുന്നതെന്ന് സവിനയം പറയട്ടെ. അത്മായശബ്ദം ഇപ്പോഴത്തേതുപോലെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുകയെന്ന ദൗത്യമേ KCRM ചെയ്യുന്നുള്ളൂ. ഒരേ ആശയം ഉള്ള രണ്ട് അത്മായര്‍ ഇവിടുണ്ട് എന്നൊരു ചിന്ത ഇതിന്‍റെ പ്രവര്‍ത്തകര്‍ക്കില്ല. അതുകൊണ്ടുതന്നെ എല്ലാ ആശയക്കാര്‍ക്കും ഇവിടെ ഇടവുമുണ്ട്. എത്രമേല്‍ നാം അസ്വസ്ഥരാണെന്നതല്ല നമ്മുടെ വിജയം ഉറപ്പാക്കുന്ന ഘടകം; പകരം, എത്രമേല്‍ നാം സാഹോദര്യ ഭാവത്തോടെ ഒത്തുചേരുന്നു എന്നതാണ്. ഇന്നേവരെ ഈ പ്രയത്നത്തെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുപോന്ന എല്ലാവര്ക്കും നന്ദി.

സ്നേഹപൂര്‍വ്വം


അഡ്മിനിസ്ട്രെറ്റെഴ്സ് 
almayasabdam@gmail.com

2 comments:

  1. തുടക്കം മുതൽ ഇതുവരെയുള്ള അല്മായശബ്ദത്തിന്റെ പ്രവർത്തനം വസ്തുതാപരമായും സംക്ഷിപ്തമായും ഇവിടെ കുറിച്ചിരിക്കുന്നു. ഈ പ്രസ്ഥാനത്തിന് എല്ലാ വിജയങ്ങളും നേരുന്നു.

    ReplyDelete
  2. My deep appreciation and congrats for the timely editorial note reminding readers to go beyond Kerala and become global. Read you latest posting also to this effect. I am also trying my best to get contributions from far and wide. When the writers are from outside Kerala, specify the place of the writer, like Chennai,Delhi and US. I appeal to every one to send in their contributions to make this a global network of the laity.
    Thanks. James Kottoor

    ReplyDelete