Translate

Monday, October 20, 2014

സുന്നഹദോസ്‌ സമാപിച്ചു:


വത്തിക്കാനിലെ പ്രത്യേക സുന്നഹദോസ്‌ സമാപിച്ചു: പോള്‍ ആറാമന്‍ വാഴ്‌ത്തപ്പെട്ടവന്‍

Mangalam, Story Dated: Monday, October 20, 2014 01:22

വത്തിക്കാനില്‍ നിന്നും ഫാ. ജോസഫ്‌ സ്രാമ്പിക്കല്‍

പോള്‍ ആറാമന്‍ മാര്‍പാപ്പ

റോം: പോപ്പ്‌ എമിരിറ്റസ്‌ ബനഡിക്‌റ്റ്‌ 16-ാമന്റെ സാന്നിദ്ധ്യത്തില്‍ പരിശുദ്ധ പിതാവ്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ ദൈവദാസനും ധന്യനുമായ പോള്‍ ആറാമന്‍ മാര്‍പാപ്പയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 10:30ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരവും ചുറ്റുപാടും നിറഞ്ഞു കവിഞ്ഞ വിശ്വാസികളുടെ സാന്നിദ്ധ്യത്തിലാണ്‌ കര്‍മ്മങ്ങള്‍ നടന്നത്‌. കുടുംബത്തിന്റെ വെല്ലുവിളികളെ കുറിച്ചുള്ള അസാധാരണ റോമന്‍ സുന്നഹദോസില്‍ പങ്കെടുത്ത 191 പിതാക്കന്മാരും കൂടാതെ മറ്റു 300 മെത്രാന്‍മാരും 5000 വൈദികരും പരിശുദ്ധ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. ഭാരതത്തില്‍ നിന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ്പും സി.ബി.സി.ഐ. പ്രസിഡന്റുമായ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമീസ്‌ കാതോലിക്കാബാവായും ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്റെ പ്രസിഡന്റും മുബൈ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
പോള്‍ ആറാമന്‍ പാപ്പായുടെ രക്‌തം പുരണ്ട വസ്‌ത്രമാണ്‌ തിരുശേഷിപ്പ്‌ വണക്കത്തിനായി സമര്‍പ്പിക്കപ്പെട്ടത്‌. 1970 നവംബര്‍ 28-ാം തീയതി ഫിലീപ്പിയന്‍സിലെ മനീല വിമാനത്താവളത്തില്‍ വെച്ച്‌ ആക്രമിക്കപ്പെട്ടപ്പോഴാണ്‌ അദ്ദേഹം രക്‌തം ചൊരിഞ്ഞത്‌. അന്ന്‌ അദ്ദേഹം അണിഞ്ഞ വസ്‌ത്രത്തിന്റെ ഭാഗമാണ്‌ ഇന്ന്‌ തിരുശേഷിപ്പായി മാറിയിരിക്കുന്നത്‌. പോള്‍ ആറാമന്‍ പാപ്പായ്‌ക്ക്‌ തന്റെ എണ്‍പതാമത്തേതും അവസാനത്തേതുമായ ജന്മദിനത്തിന്‌ സമ്മാനമായി ലഭിച്ച തിരുവസ്‌ത്രമാണ്‌ ഫ്രാന്‍സീസ്‌ പാപ്പ ഇന്നലെ തിരുക്കര്‍മ്മത്തിന്‌ അണിഞ്ഞത്‌. അതുപോലെ തന്നെ അദ്ദേഹം ഉപയോഗിച്ചിരുന്ന കാസയും ഇടയവടിയും ഇന്നലത്തെ തിരുക്കര്‍മ്മത്തിന്‌ ഫ്രാന്‍സീസ്‌ പാപ്പ ഉപയോഗിച്ചു.
കുര്‍ബാന മധ്യേ പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ മാതൃരൂപതയായ ബ്രേഷാരൂപതാ ബിഷപ്പ്‌ ലുച്ചാനോ മൊണാറി, പോള്‍ ആറാമന്‍ പാപ്പായെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ മാര്‍പാപ്പയോട്‌ അപേക്ഷിച്ചു. നാമകരണനടപടികളുടെ പോസ്‌റ്റുലേറ്റര്‍ പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ ലഘു ജീവചരിത്രം ഇറ്റാലിയന്‍ ഭാഷയില്‍ വായിച്ചു തുടര്‍ന്ന്‌ പരിശുദ്ധ പിതാവ്‌ ദൈവദാസനും ധന്യനുമായ പോള്‍ ആറാമന്‍ മാര്‍പാപ്പായെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ഓരോ വര്‍ഷവും സെപ്‌റ്റംബര്‍ 26-ാം തീയതി അദ്ദേഹത്തിന്റെ തിരുനാള്‍ ദിവസമായി പ്രഖ്യാപിക്കുകയും ചെയ്‌തു. 1897 സെപ്‌റ്റംബര്‍ 26-ാം തീയതി ജനിച്ച്‌ 1978 ഓഗസ്‌റ്റ്‌ 6-ാം തീയതിയാണ്‌ അദ്ദേഹം കാലം ചെയ്‌തത്‌. 2012 ഡിസംബര്‍ 20-ാം തീയതി ബനഡിക്‌റ്റ്‌ 16-ാമന്‍ മാര്‍പാപ്പ, പോള്‍ ആറാമന്‍ മാര്‍പാപ്പാ പുണ്യങ്ങള്‍ വീരോചിതമായി ജീവിച്ചുവെന്ന്‌ പ്രഖ്യാപിച്ചിരുന്നു.
ഈശോയില്‍ കണ്ണ്‌ നട്ട്‌ സുവിശേഷത്തിന്റെ വഴിയിലൂടെയാണ്‌ അദ്ദേഹം വിശുദ്ധ പദവിലേക്ക്‌ ഓടിക്കയറിയത്‌. സഭയെ നയിക്കുന്നതും രക്ഷിക്കുന്നതും ഈശോ മാത്രമാണെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം സഭയ്‌ക്കുവേണ്ടി സഹിക്കുവാനും സഭൈക്യത്തിനുവേണ്ടി മരിക്കുവാനുമാണ്‌ ദൈവം തന്നെ വിളിച്ചിരിക്കുന്നതെന്ന്‌ തന്റെ ജീവിതകാലത്ത്‌ സാക്ഷ്യപ്പെടുത്തിയിരുന്നു. മിശിഹായ്‌ക്കും സഭയ്‌ക്കും എളിമയുള്ള പ്രവാചകസാക്ഷ്യം നല്‌കിയതിന്‌ പോള്‍ ആറാമന്‍ മാര്‍പാപ്പായോട്‌ നന്ദി പറയുന്നു എന്ന്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
വിവിധ രാഷ്‌ട്ര, ഭരണ, സാമൂഹിക, സാംസ്‌കാരിക, മത, സഭാ പ്രതിനിധികളുടെ വലിയ നിര പോള്‍ ആറാമന്‍ മാര്‍പാപ്പായെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചു. 2015 ഒക്‌ടോബര്‍ 4 മുതല്‍ 25 വരെ നടക്കുന്ന കുടുംബത്തിന്റെ വിളിയേയും ദൗത്യത്തെയും കുറിച്ചുള്ള സാധാരണ സുന്നഹദോസിനു വേണ്ടി ഒരുങ്ങുവാനും പ്രാര്‍ത്ഥിക്കുവാനും പ്രാദേശിക സഭകളോടും മെത്രാന്‍മാരോടും ആവശ്യപ്പെട്ടുകൊണ്ട്‌ ഒക്‌ടോബര്‍ 5-ന്‌ ആരംഭിച്ച അസാധാരണ സുന്നഹദോസ്‌ സമാപിച്ചതായും ഫ്രാന്‍സീസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ചു. കുര്‍ബാനയ്‌ക്കു മുമ്പും പിമ്പും ഫ്രാന്‍സീസ്‌ മാര്‍പാപ്പ ബനഡിക്‌റ്റ്‌ 16-ാമനെ ആശ്‌ളേഷിക്കുകയും കുര്‍ബാനയ്‌ക്കു ശേഷം എല്ലാ സുന്നഹദോസ്‌ പിതാക്കന്‍മാരെയും വ്യക്‌തിപരമായി ആശ്‌ളേഷിക്കുകയും അവരോട്‌ നന്ദി പറയുകയും ചെയ്‌തു.കത്തോലിക്കാ സഭയുടെ ഐക്യവും സാര്‍വ്വത്രികതയും വെളിവാക്കപ്പെട്ട പ്രൗഢഗംഭീരമായ കര്‍മ്മമാണ്‌ ഇന്നലെ നടന്നത്‌. പ്രഭാതത്തില്‍ തന്നെ വിശ്വാസികളെക്കൊണ്ട്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരം നിറഞ്ഞുകവിഞ്ഞിരുന്നു


2 comments:

  1. ഇങ്ങനെ പുതിയ പുണ്യവാളന്മാരെ ഉണ്ടാക്കുന്ന പരിപാടി നിറുത്തുക എന്നതും സഭാനവീകരണത്തിൽ പെടണം. ഇവരെക്കൊണ്ട് ഉപദ്രവമല്ലാതെ എന്തെങ്കിലും ഗുണം സഭക്കുണ്ടാകുന്നുണ്ടോ? ഒരു യഥാർഥ ക്രിസ്ത്യാനി സഭയിലെ അംഗത്വം കൊണ്ടുതന്നെ വിശുദ്ധനോ വിശുദ്ധയോ ആണ്. അങ്ങനെയാണ് ആദ്യസഭയിൽ ധരിച്ചിരുന്നത്. ആ കാലം പോയിമറഞ്ഞു. ഇന്ന് സഭയിലെ അംഗത്വം ഉള്ളവർ അല്ലെങ്കിൽ അത് വേണമെന്ന് ആഗ്രഹിക്കുന്നവർ അന്ധവിശ്വാസികളും മനസ്സാക്ഷിയില്ലാത്ത പൊട്ടക്കണ്ണന്മാരായി അനീതികൾക്ക് കൂട്ട് നിലക്കുന്നവരും ആയിരിക്കണം. അംഗങ്ങൾ തമ്മിൽ ഉച്ചനീചത്വങ്ങൾ ഉണ്ടായപ്പോഴാണ് വിശുദ്ധിയിൽ തരംതിരിവുകൾ വന്നുചേർന്നത്‌. സഭയുടെ കറുത്ത യുഗങ്ങളിൽ, ജീവിച്ചിരുന്നിട്ടില്ലാത്തവർ പോലും വിശുദ്ധരായി തത്പര കഷികളാൽ വിശുദ്ധരായി കൊണ്ടാടപ്പെട്ടു. ഗീവറുഗീസും മറ്റും അക്കൂടെയാണ്. സഭ ഇക്കാര്യം വെളിപ്പെടുത്തിയിട്ടും, ഇവരുടെ പ്രതിമകൾ കാശുകൊണ്ടുവരുന്നതിനാൽ ഇത്തരക്കാരെ വേണ്ടെന്നുവയ്ക്കാൻ കേരളത്തിലെ പള്ളികൾ സമ്മതിക്കുന്നില്ല. ഫ്രാൻസിസ് സേവ്യറെപ്പോലെയുള്ള വൻ കൊലപാതകികളും വിശുദ്ധരുടെ ലിസ്റ്റിൽ കയറിക്കൂടി. അധികാരവും പ്രാമാണിത്തവും കൈയിലുണ്ടായിരുന്ന പോപ്‌ പോൾ രണ്ടാമനെപ്പോലുള്ളവർ സ്വന്തം പേരുവിളിക്കുള്ള വഴികളൊക്കെ മുൻ‌കൂർ ഒരുക്കിയിട്ടാണ് സ്ഥലംവിട്ടത്. ഇത്തരം കള്ളപ്പുണ്യാളരാണ്‌ ഇപ്പോൾ അറിയപ്പെടുന്നവരിൽ ഏറെയും. അന്ധവിശ്വാസികൾ എണ്ണയൊഴിച്ചും തിരികത്തിച്ചും കോഴിയെക്കൊടുത്തുമൊക്കെ വച്ചുപൂജിക്കുന്ന ഇത്തരം എല്ലാ ബിംബങ്ങളെയും ഒറ്റയടിക്ക് വിശുദ്ധരുടെ പട്ടികയിൽ നിന്ന് വെട്ടിക്കളയണം. പുതിയ വിഗ്രഹശല്യങ്ങളെ വാഴിക്കയുമരുത്. വേണമെന്ന് വച്ചാൽ പവ്വത്തിലിനും അറക്കനുമൊക്കെ തങ്ങളുടെ പേരിൽ ഒന്നുരണ്ടു പള്ളികൾ മരിക്കുന്നതിനു മുമ്പ് പണിയിക്കാം. അവരെ വണങ്ങാനും അവരുടെ അദ്ഭുതങ്ങൽക്കു സാക്ഷ്യം പറയാനും പ്രയാസമില്ലാതെ ആളെക്കിട്ടും. കുറേക്കഴിയുമ്പോൾ റോമാ അവരെയും വിശുദ്ധരായി പ്രഖ്യാപിക്കും. തമാശയല്ല, ഇങ്ങനെയൊക്കെ നടന്നിട്ടുണ്ട്. ഇനിയും നടക്കാം.

    ഒത്തിരി നല്ല ആശയങ്ങൾ ഇപ്പോഴത്തെ പോപ്പിനുണ്ട്. എന്നാൽ ഇത്തരം വിഷയങ്ങളിലും അങ്ങേരെക്കൊണ്ട് ചിന്തിപ്പിക്കാൻ നവീകരണപ്രസ്ഥാനക്കാർ മുന്നോട്ടുവരണം.

    ReplyDelete
  2. ഇതിനൊക്കെ എന്തോന്ന് പറയാൻ ?,എന്നോർത്തിരുന്നപ്പോൾ സക്കരിയാച്ചയൻ വായ്‌ തുറന്നതുകാരണം, ഒരു വാക്ക് ഞാനും പറഞ്ഞോട്ടെ .. ഈ സുന്നഹദോസ് എന്ത് നേടി? ഒരു പുരോഹിതനെങ്കിലും ഇതിനാൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ വരുമോ ? ഇല്ല ! "ചിന്ത " എന്തെന്നറിയാത്ത വെറും ജനത്തെ കോരിത്തരിപ്പിക്കാൻ ളോഹകൾ ഒന്നിച്ചു കൂടുന്നു ,കുറേ കാശു പൊടിക്കുന്നു ,അത്രതന്നെ !
    എന്റെ കുട്ടിക്കാലത്ത് ഇവിടടുത്തൊരു "ഷവലിയാർ"പട്ടം പോപ്പ് കൊടുത്ത ഒരു കൊടും പാപിയുണ്ടായിരുന്നു ! അയാളുടെ ക്രൂരകഥകൾ പലരില്നിന്നും കേട്ട എനിക്ക് അന്നേ സംശയം തോന്നി , ഈ കൊടും നീചനു "ഷവലിയാർ"പട്ടം കൊടുത്ത പോപ്പൊരു പൊട്ടനാണോയെന്നു !പിന്നല്ലേ കാര്യം മനസിലായത് ,കാശു ഉണ്ടേൽ ആര്ക്കും നേടാവുന്ന സഭയുടെ "പദ്മശ്രീ" ആണീ പദവി എന്ന് ! പുണ്ണ്യാളനെ പാപികൾക്ക്‌കണ്ടെത്താനാവില്ല ,ഹൃദയവിചാരങ്ങളെ അറിയുന്നവനെ ആരാണു പുണ്ണ്യാളൻ എന്ന് നിശ്ചയിക്കാനാവു .."വിഡ്ഢികളെ വീണ്ടും പരമവിഡ്ഡികളാക്കാൻ ശ്രമിക്കുന്ന കാലത്തിന്റെ കൊടും വിഡ്ഢികൾ !"

    ReplyDelete