ഞങ്ങള്‍ നസ്രാണികള്‍ ഇപ്പോള്‍ 'കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന അവസ്ഥയിലാണ്. അതോ 'തൊണ്ടയില്‍പുഴുത്താല്‍' എന്ന അവസ്ഥയിലോ. രണ്ടാമത്തേതാവും കൂടുതല്‍ ശരി. ലോകത്താകമാനമുള്ള നസ്രാണികളെപറ്റിയല്ല കേട്ടോ ഞാന്‍ പറയുന്നത്. മഴക്കാലത്ത് പാണ്ടിലോറിയുടെ മുന്നില്‍ മസ്സില്‍ പെരുപ്പിച്ചുനില്‍ക്കുന്ന തവളകളെ പോലെ ഊതി വീര്‍പ്പിച്ച മത, രാഷ്ട്രീയ സദാചാരവുമായി മസ്സില്‍ പെരുപ്പിച്ചു നില്‍ക്കുന്ന കേരളത്തിലെ നസ്രാണികളെ പറ്റിയാണ്. അതില്‍ തന്നെ ഉയര്‍ന്ന മൂല്യബോധമുള്ള ഒരു ചെറു ന്യൂനപക്ഷത്തെ ഞാന്‍ വിസ്മരിക്കുന്നുമില്ല. പക്ഷെ ആ ന്യൂനപക്ഷത്തിന് ഇവരുടെ ഇടയിലുള്ള സ്ഥാനം വേലിക്കുപുറത്താണ് എന്നുമാത്രം. കാശുള്ളവന്‍ കത്തോലിക്കന്‍ കാശില്ലാത്തവന്‍ വെറും തൊലിക്കന്‍ എന്നാണല്ലോ പ്രമാണം
ഓ ഞാന്‍ വിഷയത്തിലേക്ക് വരട്ടെ . കാര്യം തുറന്നങ്ങ് പറയാം ഈ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ വാക്കുകളും പ്രവൃത്തികളും ഒന്നും ഞങ്ങള്‍ക്ക് ഒട്ടും സുഖിക്കുന്നില്ല കേട്ടോ. അങ്ങേര് പറഞ്ഞത് കേട്ടില്ലേ സ്വന്തം രാജസഭാഗങ്ങളുടെ മുഖസ്തുതി കേട്ട് കോരിത്തരിക്കുന്ന നാര്‍സിസിസ്റ്റ്കളായിരുന്നു പലപ്പോഴും സഭാധ്യക്ഷന്‍മാര്‍ മാത്രമല്ല ഈ രാജധാനി പാപ്പ ഭരണ സംഭിധാനത്തിന്‍റെ കുഷ്ടരോഗമാണെന്നും. അതു പോട്ടെന്നു വെക്കാം. പക്ഷെ അദേഹം പറയുവാ സത്യസന്ധതയും ധീരതയുമുള്ള വ്യക്തികളില്‍ നിന്നും അങ്ങേര് കംമ്യുണിസ്സത്തെ പറ്റി പഠിച്ചു എന്നും അതിലെ സാമൂഹികമായ വശങ്ങള്‍ തിരിച്ചറിഞ്ഞു എന്നും പില്‍ക്കാലത്ത് സഭയുടെ സാമൂഹിക പ്രത്യയശാസ്ത്രത്തിലും അതുതന്നെ കണ്ടെത്തിയെന്നും.
കര്‍ത്താവേ ഇങ്ങേര് ക്രിസ്ത്യാനി തന്നെയോ!!!!!
ഇതൊക്കെ പോട്ടെ, കാരണം അങ്ങേര് ആ കസ്സേരെ കേറിയിരുന്ന ഉടനെ പറഞ്ഞതല്ലെ. വെറും ആരംഭ ശൂരത്തം എന്ന് വിചാരിച്ച് ഞങ്ങളങ്ങ് ക്ഷമിച്ചു. പക്ഷെ ഇപ്പം ഇതാ വീണ്ടും,..... കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തുന്നു എന്ന് പറഞ്ഞ് കേട്ടിടട്ടേയുള്ളൂ.
മുതലാളിത്തത്തിന്‍റെ പണക്കൊതിയാണ് എല്ലാ യുദ്ധങ്ങളുടെയും കാരണമെന്നും ( ഹേ ഇത് തന്നെയല്ലെ പണ്ട് നമ്മുടെ മാര്‍ക്സും, എംഗല്‍സ്സും ഒക്കെ പറഞ്ഞത്} ഇനിയൊരു മൂന്നാം ലോകയുദ്ധത്തിനു സാധ്യതയില്ലാത്തതിനാല്‍ പ്രാദേശിക യുദ്ധങ്ങള്‍ കുത്തിപൊക്കുന്നു എന്നും. ഭലമോ സമ്പന്നന്‍ അതിസമ്പന്നനും ദരിദ്രന്‍ പരമദരിദ്രനുമാകുന്നു. പാവപെട്ട ഒരു മനുഷ്യന്‍ പട്ടിണിമൂലം വഴിയില്‍ മരിച്ചുകിടന്നാല്‍ അത് വാര്‍ത്തയല്ല എന്നാല്‍ സെന്‍സെക്സ് പത്ത് പോയന്‍റ് ഇടിഞ്ഞാല്‍ അത് വലിയ വാര്‍ത്തയാവുന്നു അത്രേ. മനുഷ്യനെ പണത്തിന്‍റെ ദേവന്‍റെ മുന്നില്‍ ബലി കൊടുക്കുന്നു എന്നൊക്കെയാ അങ്ങേരുടെ ഇപ്പോഴത്തെ വേവലാതികള്‍. അല്ല അറിയാഞ്ഞിട്ട് ചോദിക്കുവാ ഇതിയാന് ഇത് എന്നാത്തിന്‍റെ കേടാ. അങ്ങ് വത്തിക്കാന്‍ കൊട്ടാരത്തില്‍ എല്ലാ സൌകര്യങ്ങളുമുണ്ട്. വൈകിട്ട് രണ്ടെണ്ണം അടിച്ചിട്ട് വല്ലോടത്തും ചുരുണ്ട് കൂടി കിടന്നാപോരെ.
ദേണ്ടെ കിടക്കണ്......... ഇന്നലെ അങ്ങേര് പറയുവ ദൈവം മാന്ത്രികനൊന്നുമല്ല, ദൈവം ഒണ്ടാകട്ടേന്ന് പറഞ്ഞപ്പം ഒണ്ടായതൊന്നുമല്ല ഭൂമീം മനുഷ്യനും. ആദിയിലെ മഹാവിസ്ഫോടനത്തിലൂടെയും പരിണാമ സിദ്ധാന്തത്തിലൂടെയും ഒക്കെയാണ് ഭൂമീം മനുഷ്യനും ഒക്കെ ഉണ്ടായതെന്ന്.
ഹും..... വേദപാഠം പടിച്ചപ്പം പഠിച്ചിട്ടുള്ളത ഒരു ദിവസ്സം രാവിലെ ദൈവം ബോറടിച്ചിരുന്നപ്പം ഭൂമി ഉണ്ടാവട്ടെന്നു പറഞ്ഞു ഭൂമിയുണ്ടായി അടുത്ത ദിവസ്സം ഇരുട്ടും വെളിച്ചവുമുണ്ടാക്കി, നാലാമത്തെ ദിവസ്സം സൂര്യനെയുണ്ടാക്കി എന്നൊക്കെ. അന്ന് വെളിച്ചം ഉണ്ടായിക്കഴിഞ്ഞാണോ സൂര്യനുണ്ടായതെന്ന് ചോദിച്ചതിന് അച്ഛന്‍ എന്‍റെ കുണ്ടിക്കിട്ടടിച്ചതിന്‍റെ വേദന ഇപ്പോഴും മറന്നിട്ടില്ല. ദേ എന്നിട്ടിപ്പം പറയുവാ അതൊന്നും ശരിയല്ലാന്ന്.
ഒക്കെ സഹിക്കാം മുതലാളിത്തം ശരിയല്ല കമ്യൂണിസ്റ്റ്കാരെ മാറ്റിനിറുത്തേണ്ട അവര് കുഴപ്പക്കാരല്ലാന്ന്.
ആ പിന്നേ... കാര്യം മാര്‍പപ്പായൊക്കെയാ .... പക്ഷെ കമ്മ്യുണിസ്റ്റ്കാര്‍ നല്ലവരാണെന്നും അവരുടെകൂടെ കൂട്ടുകൂടാണമെന്നും മാത്രം പറഞ്ഞ.... ഞങ്ങടെ ശരി സ്വഭാവം അറിയും.
വേണ്ടിവന്നാല്‍ വത്തിക്കാനെതിരെയും ഒരു വിമോചനസമരം നടത്താന്‍ ഞങ്ങള്‍ക്ക് മടിയില്ല എന്ന് ഓര്‍ത്താല്‍ അങ്ങേയ്ക്ക് നന്ന്... ഇഎംഎസ്സിനെ ഈയം പൂശി ഈയലുപോലെ പറപ്പിക്കും എന്ന് പറഞ്ഞ നാക്ക് കൊണ്ട് മാര്‍പ്പാപ്പയെ ഈയം പൂശി ഈയലുപോലെ പറപ്പിക്കും എന്ന് ഞങ്ങളെക്കൊണ്ട് പറയിപ്പിക്കല്ലേ......
കടപ്പാട് : ജെയിംസ് ഉതുപ്പാൻ / മുഖപുസ്തകം
No comments:
Post a Comment