വത്തിക്കാനില്‍ ആരംഭിച്ചു October 5, 2014, 4:38 PM
http://www.reporterlive.com/2014/10/05/133066.html
കത്തോലിക്കാ സഭയിലെ നയ പരിഷ്‌കരണങ്ങള്‍ക്ക് വേദി ആകുമെന്ന് പ്രതീക്ഷിക്കുന്ന മെത്രാന്‍മാരുടെ അസാധാരണ സിനഡ് സമ്മേളനം വത്തിക്കാനില്‍ ആരംഭിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം കത്തോലിക്കാ സഭയില്‍ നടക്കുന്ന വന്‍ നയ പരിഷ്‌കരണങ്ങളാണ് സിനഡ് ചര്‍ച്ച ചെയ്യുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അധ്യക്ഷത വഹിക്കുന്ന സിനഡ് സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍മാര്‍ വ്യക്തിസഭകളുടെ തലവന്‍മാര്‍ വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ അധ്യക്ഷന്‍മാര്‍, സന്യാസ സമൂഹങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം കത്തോലിക്കാ സഭയ്ക്ക് പുറത്തുനിന്നുളളവരെ നിരീക്ഷകരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് തുടങ്ങിയ സിനഡ് ഈ മാസം 16 ന് സമാപിക്കും.
സിനഡിന്റെ രണ്ടാം ഭാഗത്ത് ചര്‍ച്ചചെയ്യുന്ന പ്രയാസം നിറഞ്ഞ അജപാലന സാഹചര്യങ്ങള്‍ എന്ന വിഷയത്തിലാണ് സ്വവര്‍ഗവിവാഹം അടക്കമുളള വിഷയങ്ങളില്‍ സഭയുടെ പുതിയ നിലപാട് പ്രഖ്യാപിക്കുക. സിനഡിന് മുന്നോടിയായി കത്തോലിക്ക സഭ മുഴുവന്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച പ്രവര്‍ത്തന രേഖയില്‍ ഇത്തരക്കാരോട് ആദരപൂര്‍വവും മുന്‍വിധിയില്ലാത്തതുമായ മനോഭാവം ഉണ്ടാകണമെന്ന് വ്യക്തമാക്കുന്നു. ഇവര്‍ ദത്തെടുക്കുന്ന കുട്ടികള്‍ക്ക് മാമോദീസ നല്‍കണമെന്നും മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്. സിനഡ് ഇത് അംഗീകരിക്കുന്നതോടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം നടക്കുന്ന നയ പരിഷ്‌കരണത്തിനാവും അസാധാരണ സിനഡ് വേദിയാകുക. കത്തോലിക്കാ സഭയുടെ വിവാഹമോചന കേസുകള്‍ ലളിതവത്കരിക്കുക നിയമാനുസൃത വിവാഹമോചനം നേടാതെ പുനര്‍വിവാഹം കഴിച്ചവരെയും അവരുടെ കുട്ടികളെയും കൂദാശകള്‍ സ്വീകരിക്കുവാന്‍ അനുവദിക്കുക തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ സിനഡില്‍ ഉണ്ടാകുമെന്ന് പ്രവര്‍ത്തനരേഖ സൂചിപ്പിക്കുന്നു.
എന്നാല്‍ മതാഭ്യാസനമില്ലാത്ത കത്തോലിക്കരും അവിശ്വാസികളും വിവാഹം പള്ളിയില്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്ന് മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നു. ദമ്പതികളുടെ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം പാപമാണെന്നും കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞ് പാപമോചനം നേടേണ്ടതാണെന്നും വിശ്വസികളെ പഠിപ്പിക്കണം. ഇക്കാര്യത്തില്‍ വൈദിക പരിശീലനത്തില്‍ അജപാലന ശുശ്രൂഷയുടെ ഈ വശങ്ങളെകുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്നും സിന്‍ഡ് മാര്‍ഗരേഖ വ്യക്തമാക്കുന്നു.
Source: reporterlive.com
No comments:
Post a Comment