Translate

Thursday, February 21, 2013

ഇനിയിങ്ങോട്ടില്ലാ .......

പത്രോസിന്‍റെ കൈയ്യില്‍ നിന്ന് ഗെയിറ്റ് പാസ്സും വാങ്ങി സ്വര്‍ഗ്ഗത്തിലേക്ക് കയറിയ എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. കത്തോലിക്കാ സഭയിലെ പുണ്യവാളന്മാരുടെയും മാര്‍പ്പാപ്പാമാരുടെയും ഒരു ലിസ്റ്റു ഞാന്‍ കരുതിയിരുന്നു; അവരെല്ലാം പറഞ്ഞതുപോലെ സ്വര്‍ഗ്ഗത്തില്‍ തന്നെയാണോയെന്നറിയണം – അത്രേയൊണ്ടായിരുന്നുള്ളൂ കാര്യം. ഞാനകത്തോട്ടു കയറിയെങ്കിലും സ്വീകരിക്കാനോ ഒരു നല്ലവാക്ക് പറഞ്ഞു ഭൂമിയില്‍ ഞാന്‍ സഹിച്ച പീഢനങ്ങള്‍ പറഞ്ഞു അഭിനന്ദിക്കാനോ ആരും വന്നില്ല; പക്ഷെ, എല്ലായിടത്തും ആത്മാക്കള്‍ സൊറ പറഞ്ഞിരുപ്പുണ്ടായിരുന്നു താനും.

ഇതായിരിക്കും ഇവിടുത്തെ രീതിയെന്നു കരുതി ഞാന്‍ ആദ്യം കണ്ട കുറെ ആത്മാക്കളുടെ അടുത്തേക്ക്‌ നടന്നു. അവയവങ്ങള്‍ എല്ലാം ഉള്ള ആത്മാക്കള്‍ ആയിരുന്നില്ല അവര്‍. ജിവിതകാലത്ത് അംഗഭംഗം അടക്കം അനേകം പീഢനങ്ങള്‍ സഹിച്ചു രക്തസാക്ഷികളായിത്തിര്‍ന്നവര്‍ ആയിരിക്കും അവരെന്നാണ്‌ ഞാന്‍ കരുതിയത് (പിന്നീടാണ്, റോമില്‍ നിന്ന് വന്നവര്‍ കുഴി മാന്തിയെടുത്ത് അവരുടെയൊക്കെ അവയവങ്ങള്‍ മുറിച്ചുകൊണ്ട് പോയ കഥ എന്നോട് ഒരു മാലാഖ പറഞ്ഞത്).

ഞാന്‍ ഇതെഴുതുന്നതിന്‍റെ  കാരണം ഇത്തരം സ്വര്‍ഗ്ഗ കഥകള്‍ പറയാനല്ല. കഴിഞ്ഞ ദിവസം അവിടുത്തെ മുന്തിരിത്തോട്ടത്തില്‍ ദൈവം വിളിച്ചു കൂട്ടിയ സ്വര്‍ഗ്ഗോല്സവം 2013 ല്‍ ദൈവം ഒരു പ്രഖ്യാപനം നടത്തി എല്ലാ ആത്മാക്കളെയും ഞെട്ടിച്ചു. ദൈവം ഭൂമിയിലേക്കയച്ച സ്വന്തം പുത്രന്‍ പറഞ്ഞ ഒരു വചനം അസാധുവായി ദൈവം പ്രഖ്യാപിച്ചു. അത് ഭൂമിയില്‍ അറിയിക്കേണ്ട ചുമതല ഏറ്റവും അവസാനം വന്ന എനിക്കായിരുന്നു.

എനിക്ക് ഭൂമിയില്‍ ഏതു വേഷത്തിലും പ്രത്യക്ഷപ്പെടാന്‍ വേണ്ട മന്ത്രങ്ങളും മാലാഖമാര്‍ ഉപദേശിച്ചു തന്നിരുന്നു. അറിയിക്കേണ്ട കാര്യത്തിന്‍റെ ഗൌരവം കാരണം അതൊന്നും വേണ്ടെന്നു വെച്ചു (സത്യത്തില്‍ അതിനുള്ള ധൈര്യം എനിക്കില്ലായിരുന്നു) – ഈശോക്ക് പറ്റിയത് എല്ലാവര്ക്കും അറിവുള്ള കാര്യമല്ലേ. വിവരം മാര്‍പ്പാപ്പയെയും ആലഞ്ചേരി പിതാവിനെയും അറിയിക്കാന്‍ എന്ത് മാര്‍ഗ്ഗമെന്ന് ആലോചിച്ചു; സ്വപ്നം നല്ല ഒരുപാധിയാണല്ലോയെന്നു ചിന്തിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി പത്താംതിയതി മാര്‍പ്പാപ്പാക്കു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ഞാന്‍ കാര്യം പറഞ്ഞു.

അദ്ദേഹം എന്ത് ചെയ്യുന്നുവെന്നു നോക്കിക്കൊണ്ടിരുന്ന എന്നെ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു – നേരം വെളുത്തതേ അദ്ദേഹം പണിയുപേക്ഷിച്ചതായി പ്രഖ്യാപിച്ചു. പണ്ടേതന്നെ ആലഞ്ചേരിക്ക് വരുന്ന കത്തുകള്‍ക്കൊന്നും അദ്ദേഹം മറുപടി കൊടുക്കാറില്ലെന്നും ആരും പറഞ്ഞാലും കേള്‍ക്കില്ലെന്നും ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു – അതുകൊണ്ട് ആ ആലോചനയും നിര്‍ത്തി. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഞാനെന്തെങ്കിലും അരുതാത്തതാണോ കാണിച്ചതെന്നും ചിന്തിക്കാതിരുന്നില്ല. ആലഞ്ചേരി പിതാവിനെക്കൂടി കുഴപ്പത്തിലാക്കുകയുമരുത് എന്നാല്‍ കാര്യം എല്ലാവരും അറിയുകയും വേണം. അല്മായാ ശബ്ദം ബ്ലോഗ്ഗിലിട്ടാലോയെന്നും, സത്യജ്വാലയില്‍ എഴുതിയാലോയെന്നും, സത്യദീപക്കാരെ നേരിട്ട് കണ്ടാലോയെന്നുമൊക്കെ ആലോചിച്ചു. ഒന്നും ശരിയാവില്ലായെന്നു തോന്നി. അത്രയ്ക്ക് പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോയെന്നോര്‍ത്തപ്പോള്‍ ഇരിപ്പുറച്ചുമില്ല.

തീവ്രവാദികളായ പുലിക്കുന്നന്‍, കൂടല്‍ ഇവരിലാരെയെങ്കിലും കൂടെ കൂട്ടിയാലോയെന്നാലോചിച്ചു. അത് ശരിയാവില്ലായെന്നു തോന്നിയപ്പോള്‍ സംഗതി ഒരു ഫ്ലക്സ് ബോര്‍ഡില്‍ എഴുതി ചങ്ങനാശ്ശേരിയില്‍ വെച്ചാലോയെന്നു ആലോചിച്ചു. അത് കണ്ടാല്‍ പവ്വം അഭിപ്രായം പറയാതിരിക്കില്ല അങ്ങിനെ നാട്ടുകാര്‍ കാര്യം അറിയുമല്ലോയെന്നാണ് ഞാന്‍ ചിന്തിച്ചത്. പവ്വം പറയുന്നത് വിവരക്കെടായിരിക്കാനേ വഴിയുള്ളൂവെന്നാണ് മറ്റുള്ളവര്‍ ചിന്തിക്കുന്നതെന്ന് കേട്ടതേ അതും ഡ്രോപ്പ് ചെയ്തു. അങ്ങിനെ അസന്നിഗ്ദാവസ്ഥയില്‍ ഓരോന്നോര്‍ത്തിരുന്നപ്പോഴാണ്  ഫെയിസ് ബുക്കിന്‍റെ കാര്യം ഞാനോര്‍ത്തത്. അതുകൊണ്ടാണ് ഈ സുപ്രധാന പ്രഖ്യാപനം അവിടെ പോസ്റ്റ്‌ ചെയ്യുന്നത്. www.facebook/സ്വര്‍ഗ്ഗോല്സവം/2013/0000023779275965/sw  എന്ന പേജില്‍ പോയി സദയം  പ്രഖ്യാപനം മുഴുവന്‍ വായിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നു.

ഞാന്‍ വിണ്ടും വരുമെന്നും, അന്ത്യവിധിക്കായി എല്ലാവരെയും അണിനിരത്തുമെന്നുമുള്ള വചന ഭാഗങ്ങളാണ് പിന്‍വലിച്ചിരിക്കുന്നത്. വിണ്ടും വരാന്‍ ധൈര്യമുള്ളവര്‍ സ്വര്‍ഗ്ഗത്തില്‍ ഇല്ലായെന്നതുകൊണ്ടാണ് ഈ ഭേദഗതിയെന്നും വിശദീകരണക്കുറിപ്പിലുണ്ട്.  

2 comments:

  1. നമ്മുടെ റോഷന്‍ മോന് നല്ല കല്പനാ ചാതുര്യം നര്‍മ്മത്തില്‍ കലര്‍ത്തി ചിന്തനീയമായ് എഴുതാനറിയാം ..മശിഹായുടെ .മണവാട്ടി സഭകളില്‍ കേമത്തിയായ കത്തോലിക്ക സഭയിലെ കത്തനാരന്മാര് കാരണം പോപ്പ് നാണക്കേട്‌ കൊണ്ട് രാജിരാമം വച്ച കലികാലത്തില്‍ കര്‍ത്താവ് വീണ്ടും വരും ,എന്നാരും കിനാവ്‌ കാണേണ്ട ..കാരണം "അവനെ കുരിശിക്ക "എന്നാ ആര്‍ത്തനാദം ഇന്നും ആ ചെവികളില്‍ മുഴെങ്ങുന്നുണ്ട്...കുരിശു കണ്ടാല്‍ ഭയവുമാണ് ..ഇവിടെ ആകെ കുരിശാണുതാനും.. ..കത്തനാരുടെ കയ്യിലും മാറിലും കുരിശു.. .സഹ്യനില്‍ മലതോറും കുരിശു ...നാട്ടിലാകെ അന്‍പതടി അകലത്തില്‍ കാശു വീഴ്ത്താന്‍ കുരിശടികല്‌ .....എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുരിശും കുരിശടിയും ...ഡ്രാക്കുള കുരിശു കണ്ടാല്‍ പേടിക്കും എന്നാ കഥകളെല്ലാം കത്തനാരുടെ കാശിന്റെ പുറത്തിരുന്നു എഴുതിയതാണ് ..സത്യത്തില്‍ കുരിശു കണ്ടാല്‍ കര്‍ത്താവാണ് ഭയക്കുന്നതാ കുരിശുമരണം ഓര്‍ക്കുമ്പോള്‍ ... ,

    ReplyDelete
  2. റോഷന്‍, സ്വര്‍ഗവിശേഷങ്ങള്‍ കേട്ട് തരിചിരുന്നു. ഇക്കണക്കിന് എന്റെ കണക്കുകൂട്ടല്‍ ശരിയാണല്ലോ എന്നോര്‌ക്കുകയാണ്. അങ്ങോട്ട്‌ പോയിട്ടും വലിയ കാര്യമില്ല. നന്നായി (പുണ്യം ചെയ്തു) ജീവിച്ചാലും കുഴപ്പമാണ്. പള്ളിക്കാര്‍ അവിടവും ഇവിടവുമെല്ലാം കണ്ടിച്ച് തിരുശേഷിപ്പാക്കും. അപ്പോള്‍, സ്വര്‍ഗ്ഗം സൂക്ഷിക്കുന്നവരുടെ കൂട്ടായ്മ തന്നെ ഇപ്പോഴേ വിടുന്നതാണ് ബുദ്ധി. ഇനി അങ്ങോട്ട്‌ പോകുമ്പോള്‍ എന്നെ ക്കൂടി കൂട്ടണം. കണ്ടു കേട്ട് പോരാമല്ലൊ.

    ReplyDelete