Translate

Monday, February 18, 2013

വത്തിക്കാനും അംബ്രോസിയാനൊ ബാങ്കും II


ചാക്കോ കളരിക്കല്‍ 
(മതാധിപത്യം കത്തോലിക്കാസഭയില്‍ എന്ന പുസ്തകത്തിലെ 
ഏഴാം അധ്യായം തുടര്‍ച്ച)


ഈ ത്രിനായകന്മാര്‍ റോമന്‍ കാര്യാലയത്തിലെ യുജിന്‍ കാര്‍ഡിനല്‍ തിസ്സറാങ്ങിന്റെ (Eugene Cardinal Tisserant) സഹായത്തോടെ കള്ളസര്‍ട്ടിഫിക്കറ്റുകള്‍ (Counterfeit Securities) വിദേശകമ്പനികള്‍ക്ക് വിറ്റ് പണം സമ്പാദിക്കാന്‍ തുടങ്ങി. പള്ളിക്ക് പണമുണ്ടാക്കുന്ന പണിയായതിനാല്‍ വത്തിക്കാനിലെ നേതാക്കന്മാര്‍ കണ്ണടച്ചു. അമേരിക്കന്‍ ഗവണ്‍മെന്റ് വത്തിക്കാന്റെ പണമിടപാടിലെ വെട്ടിപ്പ് മനസ്സിലാക്കി, അന്വേഷണം ഊര്‍ജിതമാക്കി. ഫാദര്‍ മര്‍സിങ്കസിനും മറ്റു സഹകാരികള്‍ക്കുമെതിരായി കുറ്റപത്രം തയ്യാറാക്കാന്‍ ആരംഭിച്ചു. പക്ഷേ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെ (Richard Nixon) വത്തിക്കാന്‍ സ്വാധീനിച്ച് ആ നീക്കത്തിന് വിരാമമിട്ടു. നിക്‌സന് അമേരിക്കന്‍ കത്തോലിക്കരുടെ വോട്ടുകളായിരുന്നു പ്രധാനമായിരുന്നത്. അമേരിക്കന്‍ അന്വേഷണകാലത്ത് പലരും അന്വേഷണാധികൃതരോട് സഹകരിച്ചു. അവരില്‍ ചിലരെയൊക്കെ മാഫിയ വധിക്കുകയുണ്ടായി. അങ്ങനെ വധിക്കപ്പെട്ടവരിലൊരു പ്രമുഖനാണ് ളൂയിസ് മിലൊ (Louis Milo).

1978-ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പാ അന്തരിച്ചു. ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായായി. വത്തിക്കാനിലെ സാമ്പത്തികാര്യങ്ങളിലുള്ള ധാര്‍മികത പുനഃസ്ഥാപിക്കണമെന്ന് പുതിയ പാപ്പാ തീരുമാനിച്ചു. ഫാദര്‍ മര്‍സിങ്കസിനെ പുതിയ മാര്‍പ്പാപ്പാ വിശ്വസിച്ചിരുന്നില്ല. പുത്തന്‍ പൊന്റിഫ് വത്തിക്കാന്‍ പണമിടപാടിനെ സംബന്ധിച്ച് ഒരു പരിപൂര്‍ണ അന്വേഷണത്തിന് ഉത്തരവിട്ടു. മര്‍സിങ്കസിനും കൂട്ടുകാര്‍ക്കും അതൊരു തലവേദനയായി. ഇതിനിടെ ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഇതുസംബന്ധമായി കുറ്റാന്വേഷണം നടത്തിക്കൊണ്ടിരുന്നു. 

അന്വേഷണജഡ്ജിമാരിലൊരാളായ എമിലിയോ അലെസ്സാന്‍ഡ്രിനിയെ (Judge Emilio Allessandrini) മാഫിയ കൊലപ്പെടുത്തി. ഇറ്റലിയിലെ ദിനപത്രങ്ങള്‍ അബ്രോസിയാനൊ ബാങ്കിന്റെ അപകീര്‍ത്തിപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി എഴുതിത്തുടങ്ങി. അക്കൂട്ടത്തില്‍ വത്തിക്കാനിലെ ക്ലെറിക്കുകളില്‍ ആരെല്ലാം വിലക്കപ്പെട്ട മെയ്‌സന്‍ സംഘടനയിലെ അംഗങ്ങളാണെന്ന് മിനൊ പെക്കൊറേലി (Mino Pecorelli) പരസ്യപ്പെടുത്തി. 

ല ഒസ്സര്‍വത്തോറെ പൊളിത്തിക്കൊയുടെ (L'Osservatore Politico) എഡിറ്റര്‍, ഫാദര്‍ മര്‍സിങ്കസ് കൂടാതെ അന്നത്തെ വത്തിക്കാന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് (Secretary of State) ആയിരുന്ന കര്‍ദിനാള്‍ ജീന്‍ വില്ലോട്ട് (Cardinal Jean Villot) എന്നിവര്‍ മെയ്‌സന്‍ ലിസ്റ്റിലുണ്ടെന്ന് വെളിപ്പെടുത്തി. പൊടുന്നനെ ദുരൂഹസാഹചര്യത്തില്‍ മിനൊ കൊല്ലപ്പെട്ടു. ഫാദര്‍ മര്‍സിങ്കസിനെയും കര്‍ദിനാള്‍ വില്ലോട്ടിനെയും അവരുടെ ഔദ്യോഗികസ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പാ ദുരൂഹസാഹചര്യത്തില്‍ പെട്ടെന്ന് നിര്യാതനായി. മാര്‍പ്പാപ്പാ സംശയാസ്പദമായ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം മൃതദേഹപരിശോധനയ്ക്ക് വിധേയമാക്കിയില്ല. 'മാര്‍പ്പാപ്പാ കൊല്ലപ്പെട്ടു' എന്നെല്ലാം മാധ്യമങ്ങളില്‍ വന്നെങ്കിലും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. 

വത്തിക്കാന്റെ സാമ്പത്തിക ക്രമക്കേട് അതിന്റെ ഉച്ചകോടിയിലെത്തിയിരുന്ന ഈ അവസരത്തിലാണ് പോളണ്ടുകാരന്‍ ജോണ്‍ പോള്‍ രണ്ടാമനെ മാര്‍പ്പാപ്പായായി തെരഞ്ഞെടുത്തത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ വത്തിക്കാന്റെ ഈ സാമ്പത്തിക ഇടപാടുകള്‍ 'സാധാരണ ഒരു കച്ചവടം' എന്നമട്ടില്‍ കണ്ട് കാര്യമായ നടപടികളൊന്നും കൈക്കൊണ്ടില്ല.

മര്‍സിങ്കസും കാല്‍വിയും കൂടി എട്ട് വ്യാജനിര്‍മിത കോര്‍പ്പറേഷനുകള്‍ (Dummy Corporations) സ്ഥാപിച്ചു. ഈ വ്യാജകമ്പനികളുടെ നിയന്ത്രണം വത്തിക്കാനായിരുന്നു. കാല്‍വി വമ്പിച്ച തുകകള്‍ (130 കോടി ഡോളര്‍) ഈ വ്യാജകമ്പനികളിലേക്ക് അംബ്രോസിയാനൊ ബാങ്കില്‍നിന്ന് നീക്കം ചെയ്തു. ഈ കൈമാറ്റത്തിന്റെ പ്രമാണരേഖകള്‍ ഇന്നുവരെയും കണ്ടുകിട്ടിയിട്ടില്ല. ഈ കള്ളത്തരത്തിന് ബഹുമാനം ചാര്‍ത്താന്‍ വത്തിക്കാന്‍ ബാങ്കുവഴിയാണ് തുക നീക്കംചെയ്തത്. കാല്‍വിയെ ഒഴിവാക്കാന്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് വത്തിക്കാന്റെമേല്‍ സമ്മര്‍ദം ചെലുത്തി. എങ്കിലും മാര്‍പ്പാപ്പാ അതിനു വഴങ്ങിയില്ല. 
എട്ട് വ്യാജ കമ്പനികളും വത്തിക്കാന്റെ ഉടമസ്ഥതയിലാണെന്നു കാണിച്ച് വത്തിക്കാന്‍ ബാങ്കിന്റെ ഔദ്യോഗിക പ്രമാണരേഖ എഴുതി ക്കൊടുക്കണമെന്ന് കാല്‍വി മര്‍സിങ്കസിനോട് ആവശ്യപ്പെട്ടു. മര്‍സിങ്കസ് അതിനു വഴങ്ങി. അംബ്രോസിയാനൊ ബാങ്കിന് എന്തു നഷ്ടം സംഭവിച്ചാലും വത്തിക്കാന്‍ ബാങ്ക് അതിന് ഉത്തരവാദിയല്ലെന്ന് കാണിച്ച് കാല്‍വി ഫാദര്‍ മര്‍സിങ്കസിനും ഔദ്യോഗിക പ്രമാണരേഖ തിരിച്ച് എഴുതിക്കൊടുത്തു.
1981-ല്‍ മാര്‍പ്പാപ്പാ ഫാദര്‍ മര്‍സിങ്കസിനെ മെത്രാപ്പോലീത്തായായി ഉയര്‍ത്തി, വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണര്‍ പദവികൂടി നല്കി.
 

കാല്‍വിയെ എതിര്‍ത്ത രണ്ട് ബോര്‍ഡ് മെമ്പര്‍മാരെ മാഫിയ കൊലചെയ്തു. അവര്‍ റൊബേര്‍ട്ടൊ ഓര്‍സോനേ (Roberto Orsone) റൊബേര്‍ട്ടൊ റൊസോനേ (Roberto Rosone) എന്നിവരാണ്. 

അംബ്രോസിയാനൊ ബാങ്കിന്റെ പണമിടപാടുകളില്‍ സംശയം തോന്നിത്തുടങ്ങിയ നിക്ഷേപകര്‍ അവരുടെ പണം തിരിച്ചെടുക്കാന്‍ തുടങ്ങി. അംബ്രോസിയാനൊ ബാങ്കിന് ആവശ്യത്തിന് പണമില്ലാതിരുന്നതിനാല്‍ വത്തിക്കാന്‍ ബാങ്ക് പണം കൊടുത്ത് സഹായിക്കണമെന്ന് കാല്‍വി മര്‍സിങ്കസിനോട് ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം അതിന് വിസമ്മതിച്ചു. കാല്‍വി ഇറ്റലിയില്‍നിന്ന് ഒളിച്ചോടി. കാല്‍വിയുടെ സെക്രട്ടറി ഗ്രസിയല്ലെ കൊറോച്ചര്‍ (Graziella Corrocher) അംബ്രോസിയോനൊ ബാങ്കിന്റെ അഞ്ചാം നിലയിലെ ജനാലയില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തു. 1982 ജൂണില്‍ കാല്‍വിയുടെ മൃതദേഹം ലണ്ടനിലെ ഒരു പാലത്തില്‍ തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ലണ്ടനിലെ പോലീസ് അന്വേഷണത്തിനുശേഷം കാല്‍വിയുടെ മരണം ഒരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധമായി 2002-ല്‍ ദൈവത്തിന്റെ ബാങ്കുകാര്‍ (God's Bankers) എന്ന പേരില്‍ ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. 

വത്തിക്കാന്റെ ഈ പ്രമാദമായ സാമ്പത്തിക അഴിമതിയുടെ ദുഷ്‌പേര് ഉടനെയൊന്നും തേഞ്ഞുമാഞ്ഞുപോവുകയില്ല. 

എട്ട് വ്യാജകമ്പനികളില്‍ക്കൂടി വത്തിക്കാന്‍ മാറ്റിയെടുത്ത 10 കോടിയോളം ഡോളര്‍ അര്‍ജന്റീനായിലെയും പെറുവിലെയും മിലിറ്ററി ജണ്‍ഡാകളെയും (Juntas) പോളണ്ടിലെ സൊളിഡാരിറ്റി (Solidarity) സംഘടനയെയും സഹായിക്കാനാണ് ഉപയോഗിച്ചത്. 
(തുടരും)

No comments:

Post a Comment