Translate

Sunday, February 24, 2013

ക്രിസ്തുവിന്റെ നല്ല കള്ളനായ ബനഡിക്റ്റ് മാര്‍പാപ്പാ

By Joseph Padannamakkel

(ശ്രീ ജേയിംസ്‌ കോട്ടൂര്‍ ഇംഗ്ലീഷില്‍ എഴുതിയ "Stole Heaven like Good Thief!' എന്ന ലേഖനത്തിന്റെ അതേ ആശയങ്ങള്‍ കോര്‍ത്തിണക്കി രചിച്ച ലേഖനമാണിത്. അദ്ദേഹത്തിന്‍റെ ജന്മനാ ലഭിച്ച  കലാവിരുതുള്ള ഇംഗ്ലീഷ്ശൈലികളും  വാക്കുകളും ഉപയോഗിച്ച് മലയാളത്തില്‍ ഒരു തര്‍ജിമ ചെയ്യുവാന്‍ ഞാന്‍ യോഗ്യനല്ല. സഭയുടെ നവീകരണങ്ങള്‍ക്കായി പണ്ഡിതനായ ഈ ലേഖകന്‍ എഴുതിയ  ലേഖനങ്ങളെല്ലാം  വാക്കുകള്‍ക്കു പറയുവാന്‍ സാധിക്കാത്തവണ്ണം ഈടേറിയതാണ്. എന്റേതായ ശൈലിയില്‍ മലയാളത്തില്‍ ഒരു ലേഖനം  അവതരിപ്പിക്കുവാന്‍ അവസരംതന്ന ജേയിംസ് കോട്ടൂരിന്  അകമഴിഞ്ഞ നന്ദിയുമുണ്ട്.) 


പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളി സ്വയം കിരീടമുപേക്ഷിച്ച്   സ്ഥാനത്യാഗം ചെയ്യുന്ന  ബനഡിക്റ്റു പതിനാറാമന്‍ മാര്‍പാപ്പാ ഇനിമേല്‍ ചരിത്രത്തിന്റെ താളുകളില്‍ മാത്രം  ഒതുങ്ങപ്പെടും.  ഒന്നേകാല്‍ ബില്ലിയനിലധികമുള്ള കത്തോലിക്കാലോകം   മാര്‍പാപ്പയുടെ സുപ്രധാനമായ തീരുമാനങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുകയാണ്. ക്രിസ്തുവിന്റെ  മുക്കവപിന്ഗാമി പടിയിറങ്ങുന്നത് കാലുകള്‍ ഇടറിയിട്ടൊ അതെയോ സധൈര്യം മുമ്പോട്ടുവച്ച കാലടികള്‍ സഭയുടെ രക്ഷക്കോ?  കുറ്റാരോപണങ്ങളും പ്രശംസകളും ഒരേസമയം കൊടുങ്കാറ്റുപോലെ എവിടെയും  മതത്തിനുള്ളിലും നിഷ്പഷമതികളുടെ  നാവുകളില്‍ക്കൂടിയും  ആഞ്ഞടിക്കുന്നുണ്ട്. എല്ലാകണ്ണുകളും  ഇനിയെന്തെന്നറിയുവാന്‍ നോക്കിനില്‍ക്കുന്നതും ചരിത്രമെന്നും  ഉറങ്ങുന്ന  മാര്‍പാപ്പയുടെ വത്തിക്കാനിലേക്കാണ്. 
 പാപ്പായുടെ പരാജയങ്ങളില്‍ വിജയം ആര്‍ത്തുവിളിച്ചു  കരിതേക്കാനും ലോകമെമ്പാടും വിമര്‍ശകരുമുണ്ട്. ഇസ്ലാമികലോകം പ്രവാചകനെ വിമര്‍ശിച്ചതില്‍ അതൃപ്തരാണ്. നാസികളുടെ കൂട്ടകൊലകളില്‍ നിശബ്ദനായിരുന്ന അന്നത്തെ മാര്‍പാപ്പയുടെപേരില്‍ യഹൂദര്‍ ഇന്നും പേപ്പസ്സിയെ അവജ്ഞയോടെ വീക്ഷിക്കുന്നു.  കുടുംബാസൂത്രണ നിയന്ത്രണാധിയുപാധികളായ  ഗര്‍ഭഉറകളിലും, നിരോധകഗുളികകളിലും  അസൂത്രണപദ്ധതികളിലും നവീകരണവാദികളായ അല്‍മായനേതൃത്വം  മാര്‍പ്പാപ്പയുടെ നിലപാടിനെ പൂര്‍ണ്ണമായും  എതിര്‍ക്കുന്നതും, എതിരായി പ്രകടനങ്ങള്‍ നടത്തലും നിത്യസംഭവങ്ങളാണ്.

സഭക്കുള്ളിലെ സ്വവര്‍ഗ വികൃതരതികളായ ദമ്പതികളുടെ ദാമ്പത്യജീവിതവും  സ്വവര്‍ഗ ആനന്ദരുടെ മൗലികവകാശങ്ങളും  ഇത്തരക്കാര്‍ക്ക് കുടുംബ ജീവിതം നയിക്കുവാന്‍ വിവിധരാജ്യങ്ങള്‍ നിയമം   അനുവദിച്ചതും  മാര്‍പാപ്പാക്കു വെല്ലുവിളി തന്നെ. ചത്തതിനൊക്കെ ജീവിക്കുന്ന ശ്വാസം മാത്രമുള്ള ജീവശവങ്ങളെ വേദനയില്ലാത്ത  ദയാവധ മരണത്തിലേക്ക് അനുവദിക്കാത്ത സഭയുടെ നിലപാടിനെയും  അനേകര്‍ അനുകൂലിക്കുന്നില്ല. സ്ത്രീകള്‍ക്ക്‌ പൌരാഹിത്യം വേണമെന്നുള്ള മുറവിളിയും സഭയ്ക്ക് തലവേദനതന്നെ. ലീജിയനറീസ് ഓഫ് ക്രൈസ്റ്റ് (Legionaries of Christ ) സ്ഥാപകഗുരുവും  ആഗോള കുപ്രിസിദ്ധിയാര്‍ജിച്ച  ബാലപീഡകനുമായിരുന്ന  ഫാദര്‍ മാര്‍ഷ്യല്‍ മാഷ്യള്‍നു  (Fr Marcial Maciel )  മരിക്കുംവരെ വത്തിക്കാന്‍ സംരക്ഷണം കൊടുത്തതും വിവാദങ്ങളില്‍ മറ്റൊരു കാരണമാണ്. സ്ത്രീകള്‍ക്ക് പൌരാഹിത്യം കൊടുത്തതില്‍ പ്രതിഷേധിച്ചു സഭവിട്ട യാഥാസ്ഥിതികരും വിവാഹിതരുമായ ആംഗ്ലിക്കന്‍പുരോഹിതര്‍ക്ക് കത്തോലിക്കസഭയില്‍ പൌരാഹിത്യം തുടരുവാന്‍ അനുവദിച്ചതും സഭയുടെ ഒരു വിരോധാഭാസമായിരുന്നു.  രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ വിഭാവന ചെയ്ത വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും സഭ ഇന്ന് പ്രതിക്കൂട്ടിലാണ്. 

 ഇന്ന് നാം ചൂണ്ടി കാണിക്കേണ്ടത്  എല്ലാമറിഞ്ഞു കണ്ടില്ലാന്നു നടിക്കുന്ന നിശബ്ദതയുടെ ഒളിത്താവളങ്ങളെയാണ്.   മൌനമായി ഒന്നും ഉരിയാടാതെ മരിച്ചവന്റെ നന്മകളെമാത്രം പ്രകീര്‍ത്തിക്കുന്നു. മരിച്ചവന് ഭൌതിക ലോകത്തിലവശേഷിക്കുന്നത് എല്ലിന്റെ കഷണങ്ങള്‍മാത്രമാണ്. സ്വയം സ്ഥാനത്യാഗം ചെയ്ത പാപ്പയെ ഇനിമേല്‍ മരിച്ചവരുടെകൂടെ   അന്വേഷിക്കൂ.

നോക്കൂ, മരണതുല്യമായ ദയാവധം തന്നെയല്ലേ, ഇവിടെ  നിയമങ്ങളെ തട്ടിതെറിപ്പിച്ചു സഭയിലിന്നു നടപ്പാക്കിയത്.  കൈകള്‍ ആകാശത്തിലുയര്‍ത്തി ഇനിമേല്‍ ജനം ബനഡിക്റ്റെന്ന നാമം ഉച്ചരിച്ച് പാപ്പാ പാപ്പായെന്നു  ആര്‍ത്തുവിളിക്കുകയില്ല.  ജനമധ്യത്തില്‍ പാപ്പായായി  പ്രത്യക്ഷപ്പെടുകയില്ല. 'സഭയേ വിട' എന്നു ചൊല്ലിയ  കാലത്തിന്റെ ഈ ദൃക്സാക്ഷി, പിമ്പേ  നടക്കേണ്ട ഈ ഇടയന്‍ ഇനിമേല്‍ കുഞ്ഞാടായി   മുമ്പിലും. അതെ നിശബ്ദനായി  പോവുന്ന പാപ്പാ, സ്വര്‍ഗം കവര്‍ന്നെടുത്ത ക്രിസ്തുവിന്റെ നല്ല കള്ളനു തുല്യമല്ലേ ?  ഭാവിതലമുറകള്‍ സ്വര്‍ഗഭൂമിയില്‍ നല്ല കള്ളനൊപ്പം നാളെ സല്ലപിക്കുന്ന ബനഡിക്റ്റിനെ എന്നുമെന്നും ചരിത്രങ്ങളിലൂടെ  ഓര്‍മ്മിക്കും.

  ബനഡിക്റ്റും നിത്യനെപ്പോലെയായി. സ്വന്തം കണ്ണുകള്‍ക്കുള്ളിലും  ഒന്നുമല്ലാതായി. അങ്ങനെ അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല. പീറ്ററിനെപ്പോലെ അദ്ദേഹവും യേശുവിനൊപ്പം മരിക്കാന്‍ തയാറായിരുന്നുവോ? യേശു അന്ന് അവനെ ശകാരിച്ചു,  'സാത്താനെ എന്നില്‍നിന്നു അകന്നു പോവൂ, നീ എന്റെ വഴികളെ വികൃതങ്ങളാക്കുന്നു. ദൈവം കല്‍പ്പിച്ച മനസ് നിനക്കില്ല. മനുഷ്യന്റെ കരവേലകളില്‍ നീ അടിമയായിരിക്കുന്നു.' മത്തായി സുവിശേഷം ആറാം അദ്ധ്യായം  ഇരുപത്തി മൂന്നാം വാക്യത്തിലുള്ള  തത്വവും ഇങ്ങനെ  തന്നെ. ശാത്താന്റെ കരവേലയില്‍ പാപ്പായും  കുടുങ്ങിയോ?  ചത്തവനോക്കെ ജീവനെന്നുള്ള ചൂതുകളിയില്‍ സ്വയം  തെരഞ്ഞെടുത്ത  ആത്മാഹൂതിയോ ? ഉത്തരമെവിടെ?

പിന്നാലെ ഇരിപ്പടങ്ങളില്‍  ഇരിക്കുന്നവനെ  ദൈവത്തിന്റെ ആലയത്തില്‍ എത്തിക്കും. യേശുനാഥന്‍ അരുളി ചെയ്തതുപോലെ നിന്റെ ഹൃദയം ശിശുവിനെപ്പോലെയല്ലെങ്കില്‍ സ്വര്‍ഗരാജ്യം   നിനക്കുള്ളതല്ല.  നിത്യമായ പ്രകാശം വെള്ളയടിച്ച കുഴിമാടങ്ങളില്‍നിന്നും ഓടിയൊളിച്ചു  നിത്യപ്രകാശത്തിന്റെ   നിഴലിനെതേടിയലയുന്നവര്‍ക്കൊപ്പമാണ്. യേശു ചെറിയവനില്‍ ചെറിയവനെ ഹൃദയത്തോട് ആനയിച്ചില്ലേ? ചെറിയവന്റെ  പാദങ്ങള്‍ കഴുകിയില്ലേ? ഗുരുവിനെ  തള്ളിപ്പറഞ്ഞ പീറ്ററിന്റെ പാദങ്ങളും കഴുകിയില്ലേ? വജ്രത്തെപ്പോലെ കടുപ്പഹൃദയത്തോടെ ഗുരുവിനെ സംശയിച്ച അവിശ്വാസി തോമസിനെയും സ്വന്തം വിലാപത്തില്‍ കൈവെപ്പിച്ചു അനുഗ്രഹിച്ചില്ലേ ?  വിധവയുടെ പണം ഉള്‍പ്പടെ പണസഞ്ചി  സൂക്ഷിച്ച  ഒറ്റുകാരന്‍ യൂദാസിനെയും അവിടുന്ന് ഉറ്റ തോഴനാക്കി.

ലോകത്തിന്റെ കെടാവിളക്കായി സത്യദീപമായി അവിടുന്ന്, യേശു നിത്യതക്കൊപ്പം  പ്രകാശിച്ചു നില്‍ക്കുന്നു.  അടച്ചിട്ടിരുന്ന ചുറ്റുമുള്ള കല്ലറകള്‍ പൊട്ടിത്തെറിപ്പിച്ചു മുദ്രവെച്ച  തന്റെ കുഴിമാടത്തിലെ  സ്വര്‍ഗഭൂമിയില്‍നിന്നും ഉയര്‍ത്തത്   ശാന്തിയും സമാധാനവും ലോകത്തു പടുത്തുയര്‍ത്തുവാനായിരുന്നു. കാറ്റിനെക്കാളും  കൊടുംകാറ്റിക്കാളും  ഹിമാലയഗോപുങ്ങളെക്കാളും ശക്തിയേറിയ  സത്യത്തിന്റെ പൊട്ടിത്തെറി  അന്ന് പട്ടണം മുഴുവന്‍ മുഴങ്ങി.  നിത്യമായതിനെ പിന്തുടരുവാനുള്ള ആഹ്വാനമായി സ്വര്‍ഗത്തില്‌നിന്നും കാഹളശബ്ദവും ഉണ്ടായിരുന്നു. കോട്യാനുകോടി മനുഷ്യഹൃദയങ്ങളില്‍ അതിന്റെ  പ്രതിഫലനങ്ങള്‍ ആഞ്ഞടിച്ചു. യേശുവും ശിക്ഷ്യരും  പഠിപ്പിച്ച വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളുമടങ്ങിയ സത്യം ഉള്‍കൊള്ളുവാനും  മനസിനെ ശുദ്ധമാക്കിയേ തീരൂ.  സത്യത്തിന്റെ രഹസ്യം മനസിലുള്‍ക്കൊള്ളുവാനും ദുര്‍ഘടമായ വഴികളില്‍ക്കൂടി അവിടുത്തോടൊപ്പം സഞ്ചരിക്കണം.


സനാതനായ  ദൈവം നന്മയെ നിലനിര്‍ത്തി ‍ തിന്മയെ പുറത്താക്കുന്നു.  അസത്യത്തിന്റെ വികൃതങ്ങളായ പാതകളില്‍ സഞ്ചരിക്കുന്നവനെ സത്യത്തിന്റെ  വഴികള്‍ കാണിച്ചുകൊടുക്കുന്നു.   അലയുന്ന ഈ ജനക്കൂട്ടത്തില്‍ സത്യം തേടി നാമും ഉണ്ട്.  എങ്കില്‍ ആരാണ് അധിഭാവുകത്വത്തോടെ  എഴുതപ്പെട്ട   ഇക്കാണുന്ന  വചനങ്ങളുടെയെല്ലാം  രാജശില്‍പ്പി?  പരിശുദ്ധിയുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന  ആനന്ദസാഗരത്തെ കണ്ണുകള്‍കൊണ്ട് കാണുകയില്ല. ജീവിക്കുന്ന ഓര്‍മ്മകളില്‍ കേട്ടിട്ടുണ്ടാവുകയില്ല.  കഴിഞ്ഞകാല ആറു നൂറ്റാണ്ടുകളില്‍ ‍ സ്വയം പീഡിതനായി, ബലിയാടായി,  ജീവിക്കുന്നവരുടെ ഒര്‍മ്മയിലെ മരിക്കാതെ രക്തസാക്ഷിയായ  ബനഡിക്റ്റിനൊപ്പം  തുലനം ചെയ്യുവാന്‍ മറ്റാരാണുള്ളത്? ഇത് തന്നെയാണ് യേശു പഠിപ്പിച്ച ദ്വൈതവും വിരോധാഭാസമായ സത്യവും ജീവനും.  ജനിക്കുമ്പോള്‍മുതല്‍  നിത്യസൌഭാഗ്യത്തിനായി  സത്യംതേടി  അലയുന്ന നമുക്കുചുറ്റും സത്യത്തെ  ത്യജിക്കുകയും  സ്വാര്‍ഥതയില്‍ മുങ്ങി  അഗാധമായ  ഉള്‍ക്കടലിലെ  ആഴത്തിലേക്കു കാലിടറി പതിക്കുന്നവരുമുണ്ട്. 


അടുത്ത മാര്‍പാപ്പ സ്വയം ഉള്‍ബോധം തൂത്തു കളഞ്ഞവനോ,  ഉള്‌ബോധം സ്വയം ഇല്ലാതായവനോ , പ്രായമധികം ഇല്ലാത്ത   മധ്യവയസ്ക്കനോ, യുവാവോ,  അതോ വിട വാങ്ങുന്ന  മാര്‍പാപ്പായെപ്പോലെ  വൃദ്ധനോ .....നൂറു നൂറായിരം ചോദ്യങ്ങളും   ആകാംഷകളുമായി   ലോകം യേശുവിന്റെ കണ്ണുകളിലേക്ക്  ഉറ്റു നോക്കുന്നില്ലേ ? രാജാധികാരം മോഹിക്കാത്ത, മാമ്മോനെ കൊതിക്കാത്ത, തിളങ്ങുന്ന ലോകം വിട്ടുനില്‍ക്കുന്ന,  നമുക്കിടയില്‍ നമ്മെ സ്നേഹിച്ചു ജീവിക്കുന്ന,  ചുറ്റുമുള്ള ലോകത്തെ കുഞ്ഞുമക്കളും സഹോദരി സഹോദരരുമായി കാണുന്ന, ഉത്തമനായ  വിശുദ്ധനെപ്പോലെ  ജീവിക്കുന്ന ഒരു മാര്‍പാപ്പയെ പത്രോസിന്റെ സിംഹാസനത്തിലേക്ക് ജനം സ്വപ്നം കാണുന്നു. അവിടെ യേശു വിഭാവന ചെയ്ത സമത്വംമാത്രം.  ജാതിവര്‍ഗ വര്‍ണ്ണങ്ങള്‍ക്കുപരി , സ്ത്രീ പുരുഷ അസ്തുലിതകള്‌ക്കു സ്ഥാനമില്ലാതെ  വീക്ഷിക്കുന്ന ഒരു ക്രിസ്തുവിന്റെ വികാരിയെയാണ്‌ ലോകത്തിനു വേണ്ടത്.   മറിച്ചാണെങ്കില്‍ വരുവാനിരിക്കുന്ന മാര്‍പാപ്പാ  ബനഡിക്റ്റിനു ശേഷമുള്ള ചരിത്രത്തിലെ മാഞ്ഞുപോയ അവസാനത്തെ മാര്‍‌പാപ്പായുമാകാം.  " റോമിലെ പീറ്റര്‍ നാശത്തിന്റെ വിത്തുകള്‍ കടന്നുപോകുന്ന തലമുറകളിലെ കുഞ്ഞാടുകളില്‍ വിതക്കും. ഏഴു മലകളുടെ പട്ടണം കല്ലിന്മേല്‍ കല്ലായി പൊടിഞ്ഞു നാശമുണര്‍ത്തും. ' ഇത് ലോകവസാനത്തിന്റെ അടയാളമെന്നു പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഐറീഷ്‌ ദേവനായ മലാച്ചി പ്രവചി
ച്ചിട്ടുണ്ട്. സത്യമോ? യേശുവിന്റെ വചനത്തിലും പ്രവര്‍ത്തിയിലും അടിയുറച്ചു വിശ്വസിക്കുന്ന ഒരു മാര്‍പ്പാപ്പയെ ജനത്തിനു വേണം. പാപമില്ലാത്ത മുദ്രയുള്ളവന്‍, ഒരേയൊരുവന്‍,  അവന്‍ മാത്രമാണ്. ജീവിക്കുന്ന മനസുകളുടെ സ്വകാര്യതയിലും പൊതുജീവിതത്തിലും നിഷ്കളങ്കതയുടെ പര്യായമായി അവനുള്ളിലുണ്ട്.

 പ്രഭോ, അവിടുത്തെ കൃപ എന്നെ പ്രകാശത്തിലേക്കു നയിച്ചാലും. ആത്മാവില്‍ ശൂന്യത നിറഞ്ഞ ലോകത്തിനെയും നിസ്വാര്‍ഥമായ  സേവനങ്ങളിലൂടെ   ഞങ്ങളെയും നിന്റെ ആത്മാവ് നയിക്കട്ടെ. തുല്യമായ ഞങ്ങളില്‍ കാലത്തിന്റെ വെന്നിക്കൊടിയായി  ആരാണ് ഇനി  ഞങ്ങളെ നയിക്കേണ്ടത്? നീയും നീ ആയിരിക്കുന്നതുപോലെ ഞങ്ങളെയും നീ  നയിക്കട്ടെ. നീ മാത്രം ഉയര്‍ത്തേഴുന്നേറ്റ സത്യം. ദൈവത്തെ സ്നേഹിക്കുന്നവന്‍ നന്മയുടെ പ്രകാശം തേടും. നിന്റെ നന്മകള്‍ സകല ജാതി മാനുഷികമൂല്യങ്ങളുടെ നന്മകളായും ഭവിക്കട്ടെ. 

4 comments:

 1. ക്രിസ്തുസഭയിലെപരഡൈം ഷിഫ്റ്റ്‌ എന്ന എന്റെ ലേഖനം ഇതിനുള്ള ഒരു കമെന്റ് ആയി സ്വീകരിക്കണമെന്ന് അല്മായശബ്ദം വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

  ReplyDelete
 2. ആരായിരിക്കും പത്രോസിന്റെ സിംഹാസനനവകാശിയായ അടുത്ത മാര്‍പാപ്പ. മാര്‍പാപ്പയുടെ സ്ഥാനംത്യജിക്കലിനു ഇനി രണ്ടുദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഊഹോപാഹങ്ങള്‍ ലോകംമുഴുവന്‍ പലരൂപങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്ഷീണിതനായ മാര്‍പാപ്പയുടെ സ്ഥാനത്തു ഊര്‍ജസ്വലനായ ഒരു മാര്‍പാപ്പയെ വാഴിക്കുവാന്‍ ആഗോളതലങ്ങളിലുള്ള കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനില്‍ സമ്മേളിച്ചിട്ടുണ്ട്‌. അറുന്നൂറു വര്‍ഷങ്ങള്‍കൂടി പേപ്പസ്സിസ്ഥാനം ഒഴിയുന്ന ഒരു മാര്‍പാപ്പയുടെ പിന്‍ഗാമിയെന്ന നിലയില്‍ അടുത്ത മാര്‍പാപ്പ ശാക്തികചേരി രാജ്യമായ അമേരിക്കയില്‍ നിന്നായിരിക്കുമെന്നും വാര്‍ത്താമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ വത്തിക്കാനിലെ പ്രശ്നങ്ങള്‍ തീര്‍ക്കുവാന്‍ ഇനി നവീകരണചിന്താഗതിയുള്ള മാര്‍പാപ്പയാണ് ലോകത്തിന് ആവശ്യമെന്നും കണക്കുകൂട്ടലുകളുണ്ട്. സ്വവര്‍ഗരതികളിലും സ്ത്രീപൌരാഹിത്വത്തിലും പുരോഹിതരുടെ ബ്രഹ്മചര്യത്തിലുള്ള ഉദാരതയും ചിന്തിക്കുന്ന ഒരു മാര്‍പാപ്പായെ സഭ അഭിമുഖികരിക്കുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് തിരഞ്ഞെടുത്തു കൂടായ്കയുമില്ല.

  കഴിഞ്ഞ കാലങ്ങളിലെ സഭാചര്‍ച്ചകളില്‍ പ്രധാനമായും പ്രാധാന്യം കൊടുത്തിരുന്നത് ആഗോള ദാരിദ്ര്യത്തിനെതിരായിരുന്നു.ലോകത്തു എങ്ങനെ ദാരിദ്ര്യം സ്രുഷ്ടിക്കാമെന്നെ ആശയങ്ങളിലായിരുന്നു സഭ എന്നും പ്രവര്‍ത്തിച്ചിരുന്നത്. മദര്‍തെരസായുടെ കല്‍ക്കട്ടയിലെ പ്രവര്‍ത്തനങ്ങളും അങ്ങനെതന്നെ ആയിരുന്നു. കത്തോലിക്കാ രാജ്യങ്ങളായ ലാറ്റിന്‍രാജ്യങ്ങള്‍ ഇന്നും മൂന്നാംചേരി രാജ്യങ്ങളായി അവശേഷിക്കുന്നു. ഈ സാഹചരിയങ്ങള്‌ക്കു മാറ്റംവരുത്തുവാനും അമേരിക്കന്‍ കര്‌ദ്ദിനാളിന്റെ പേര് ആദ്യംതന്നെയുണ്ട്‌. യഹൂദരും മുസ്ലിമങ്ങളായും സഭ ശക്തമായ സൗഹാര്‍ദ്ദവും ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നവീകരണവാദിയായ ഒരു മാര്‍പാപ്പയെയും സഭ തെരയുന്നുണ്ട്. ഈസ്റ്ററിനുമുമ്പായി പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുമെന്ന് വിചാരിക്കുന്നു.

  കത്തോലിക്കസഭ ഇന്ന് ഗുരുതരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ഒന്നേകാല്‍ബില്ല്യന്‍ ജനത, ഇന്നും മൂന്നാം ലോകത്തില്‍ ശക്തിയായി വളരുന്ന ഒരു സഭ, അതേസമയം പരിഷ്കൃത രാജ്യങ്ങളില്‍ സഭയുടെ പ്രൗഡ്ഡി അസ്തമിക്കുന്ന ദയനീയകാഴ്ചകളും നമ്മുടെ കാലഘട്ടത്തിലെതന്നെ ചരിത്രകഥകളാണ്. യൂറോപ്പുമുഴുവന്‍ സഭ ചാഞ്ചാടുകയാണ്. അമേരിക്കയില്‍ പുരോഹിതരുടെ വളര്‍ന്നുവളരുന്ന ലൈംഗിക അരാജകത്വം ആഗോളസഭയെ മൊത്തം ചെളിയില്‍ ആഴ്ത്തിയിരിക്കുന്നു. ലോസാഞ്ചല്സിലെ മുന്‍കര്‍ദ്ദിനാളിനെ (Cardinal Roger Mahony) പുരോഹിതരുടെ ലൈംഗികകുറ്റകൃത്യങ്ങള്‍ മൂടിവെച്ചതില്‍ ഇപ്പോഴത്തെ കര്‍ദ്ദിനാള്‌ കുറ്റാരോപണം നടത്തിയത് കഴിഞ്ഞ മാസമായിരുന്നു.

  ഏറ്റവും ഒടുവിലായി ബ്രിട്ടനിലെ കര്‍ദ്ദിനാള്‍ (Cardinal Keith O'Brien) മൂന്നു പുരൊഹിതരോട് 1980-ല്‍ മദ്യലഹരിയില്‍ അതിരുവിട്ട അപമര്യാദ കാണിച്ചുവെന്ന പരാതിയില്‍ രാജിവെച്ച വാര്‍ത്തയും സഭയെ ഞെട്ടിച്ചു. വത്തിക്കാനില്‍ അനേക സ്വവര്‍ഗപുരോഹിതരുടെ പ്രത്യേകമായ രഹസ്യഫയല്‍ സൂക്ഷിക്കുന്നുണ്ടെന്നും തന്മൂലം ഇവരുടെ നേതാവായ ഒരു കര്‍ദ്ദിനാള്‌ നിരന്തരം മാര്‍പാപ്പയെ ഭീഷണി മുഴക്കിയതുകൊണ്ട് മാര്‍പാപ്പ രാജിവെച്ചെന്നും ഇറ്റാലിയന്‍പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വത്തിക്കാന്‍ ഈ വാര്‍ത്തകളെ മുഴുവനായി നിരസിച്ചിട്ടും ഉണ്ട്. മാര്‍പാപ്പയുടെ ജോലി ഇന്നത്തെ കാലത്ത് ഒരു മുള്‍ക്കിരീടം തന്നെ!!!

  ReplyDelete
 3. എന്റെ കാഴ്ചപ്പാടില്‍ കത്തോലിക്കാസഭക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിവരെ പോലും പോകാനുള്ള ആത്മോര്‍ജ്ജം ഇല്ല. ആത്മോര്‍ജ്ജത്തിന്റെ സ്രോതസ്സ് സത്യത്തോടുള്ള ആഭിമുഖ്യമാണ്. അത് ഇന്നത്തെ സഭയില്‍ അല്മായര്‍ക്കോ ക്ലേര്‍ജിക്കോ ഇല്ലെന്ന് പൊതുവെ പറയാം. കാരണം, സഭയുടെ വിശ്വാസപ്രമാണങ്ങളില്‍ എടുത്തു പറയുന്ന പലതും ഇന്ന് ഭൂരിഭാഗം മനുഷ്യര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്. ഉദാ. യേശുവിന്റെ ദൈവത്വം, മറിയത്തിന്റെ കന്യകാത്വം, പാതാളത്തിലെയ്ക്കും സ്വര്‍ഗത്തിലെയ്ക്കുമുള്ള യേശുവിന്റെ ഇറക്കവും കയറ്റവും, രണ്ടാം വരവ് തുടങ്ങിയവ. 325ലെ നിക്കേയ കൌണ്‍സില്‍ ഒരുമിച്ചു ചേര്‍ത്ത വിശ്വാസസത്യങ്ങള്‍ അന്ന് സുവിശേഷങ്ങളെ മനസ്സിലാക്കിയത്തിന്റെ വെളിച്ചത്തില്‍ ആയിരുന്നു. സുവിശേഷപഠനങ്ങള്‍ വളരെയധികം മുന്നേറിയ സാഹചര്യത്തിലും പണ്ടത്തെ പഴഞ്ചന്‍ പ്രമാണങ്ങള്‍ തന്നെ ഇന്നും വിശ്വാസികള്‍ ഉരുവിട്ട്കൊണ്ടിരിക്കുന്നു. ഉള്ളില്‍ തട്ടാത്ത കാര്യങ്ങള്‍ ദിവസവും ആവര്‍ത്തിക്കുക എന്നത് തന്നെ ആത്മോര്‍ജ്ജത്തെ നിര്‍വീര്യമാക്കും. പല ക്രിസ്തീയ വിഭാഗങ്ങളും പൊതുവായ ഒരു വിശ്വാസപ്രമാണം വേണ്ടെന്നു വച്ചവരാണ്. വിശ്വസിക്കാന്‍ പറ്റാത്തത് ഉരുവിടുന്നതിലും മെച്ചം അങ്ങനെയൊന്നു വേണ്ടെന്നു വയ്ക്കുന്നതാണല്ലോ. ആ സ്ത്യദീക്ഷ പോലും കത്തോലിക്കര്‍ക്കില്ല. പിന്നെ, സ്ത്രീപുരുഷ വിവേചനങ്ങള്‍. സാമ്പത്തിക അസമത്വങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, പ്രകൃതിക്കെതിരായ നിയമാവലികളെന്നിങ്ങനെ ഒരു സമൂഹത്തിനു താങ്ങാനാവാത്തത്ര ക്രമക്കേടുകളുമായി ഈ സഭ എങ്ങനെ അതിജീവിക്കും?

  പിന്നെ നമ്മള്‍ ഈയിടെ ചര്‍ച്ച ചെയ്ത പാരഡൈം ഷിഫ്റ്റ്. വളരെയധികം വിശ്വാസികള്‍ സഭയുടെ ഇന്നത്തെ നടത്തിപ്പിനെപ്പറ്റി രോഷാകുലരും വെറുപ്പുള്ളവരുമാണ്. സഭയെ നയിക്കുന്നുവെന്ന് കരുതുന്നവര്‍ തന്നെ ഒന്നുകില്‍ തിരുത്താനാവാത്ത യാഥാസ്ഥിതികരും അല്ലെങ്കില്‍ ഭൌതികവാദികളും ആയിട്ടാണ് കഴിഞ്ഞുകൂടുന്നത്. സാധാരണ ജനം അവരുടെ ദിനചര്യകളില്‍ ക്രിസ്തീയമായ ഒരു മൂല്യത്തിനും വില കല്പിക്കുന്നില്ല. ഇനി വരുന്നത് ഏതു മിടുക്കന്‍ പോപ്പായാലും ഈ സഭക്ക് യാതൊരു ഭാവിയും ഇല്ലെന്നു തീര്‍ത്തുപറയാം.

  ReplyDelete

 4. ഡോ. ശ്രീ ജയിംസ് കോട്ടൂരിന്റെ നിര്‌ദ്ദേശപ്രകാരം അദ്ദേഹം അയച്ചുതന്ന ഇംഗ്ലീഷ്സന്ദേശം മലയാളത്തിലാക്കിയത് താഴെ പോസ്റ്റ്‌ ചെയ്യുന്നു. "പ്രിയ സുഹൃത്ത്‌ ശ്രീ ജോസഫ് പടന്നമാക്കല്‍ എഴുതിയ എന്റെ വിവര്‍ത്തനലേഖനം അതിവിശിഷ്ടമായിരിക്കുന്നു. ഇംഗ്ലീഷ്ഭാഷ മനസിലാക്കുവാന്‍ പ്രയാസമുള്ള മലയാളികള്‍ക്കായി ആശയഗാംഭീരത്തോടെ മലയാളത്തില്‍ വായിക്കുവാന്‍ സാധിച്ചതിലും അതീവസന്തുഷ്ടനാണ്. ഇംഗ്ലീഷില്‍ എഴുതിയ എന്റെ ലേഖനം അല്മായശബ്ദത്തിലെ വായനക്കാരേവര്‍ക്കും അറിയത്തക്കവണ്ണം തിളങ്ങുന്ന ഭാഷയില്‍ കൂടുതല്‍ വിശദാംശത്തോടെ മലയാളത്തില്‍ വായിച്ചതും എന്നില്‍ വിസ്മയമുളവാക്കി. ശ്രീ പടന്നമാക്കലിന്റെ മലയാളത്തിലെ ആശയസ്വരൂപണങ്ങളും വാക്കുകളിലൂടെയുള്ള ആവിഷ്ക്കരണരീതികളും ശൈലിയും എന്റെ മൂലലേഖനത്തെക്കാള്‍ മെച്ചമുള്ളതായും ഞാന്‍ വിശ്വസിക്കുന്നു.

  ശക്തമായ ഭാഷയില്‍ കൂടുതല്‍ തെളിമയോടെ,പ്രായഭേദമെന്യേ ഏവര്‍ക്കും മനസിലാകത്തക്ക വിധത്തില്‍ അര്‍ഥപുഷ്ടിയോടെ,വൈദക്ത്യത്തോടെ ഈ ലേഖനം അവതരിപ്പിച്ച താങ്കള്‍ക്കു എന്റെ അഭിനന്ദനങ്ങള്‍. തികച്ചും അയോഗ്യനായ എന്റെ കഴിവുകളെ അങ്ങേയറ്റം പ്രശംസിച്ചിരിക്കുന്നതും പ്രിയപ്പെട്ട വായനക്കാര്‍ കാര്യമായി കണക്കാക്കരുതെന്ന് എളിമയോടെ ഒരു അപേക്ഷയുമുണ്ട്.!!! "

  ReplyDelete