Translate

Tuesday, February 19, 2013

വത്തിക്കാനും അംബ്രോസിയാനൊ ബാങ്കും III


                                                   ചാക്കോ കളരിക്കല്‍ 
        (മതാധിപത്യം കത്തോലിക്കാസഭയില്‍ എന്ന പുസ്തകത്തിലെ ഏഴാം അധ്യായം തുടര്‍ച്ച)

അംബ്രോസിയാനൊ ബാങ്കിന് 25 കോടി ഡോളര്‍ കൊടുത്തുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ ബാങ്കില്‍നിന്നുണ്ടാകാവുന്ന കോടതിക്കേസില്‍നിന്ന് ഒഴിവായി. ബാങ്കിന് ഒരു ഡോളറിന് 25 സെന്റുവച്ച് വാങ്ങി തൃപ്തിപ്പെടേണ്ടിവന്നു. നഷ്ടം സംഭവിച്ചത് ആര്‍ക്ക്? ബാങ്കിന്റെ ഓഹരി വാങ്ങിയ സാധാരണക്കാര്‍ക്ക്. 


വത്തിക്കാന്‍ 130 കോടി ഡോളറിന് ഉത്തരവാദിയാണെന്ന് വിധിച്ച് ഇറ്റാലിയന്‍ ഗവണ്‍മെന്റ് കുറ്റക്കാരനായ മര്‍സിങ്കസ് മെത്രാപ്പോലീത്തയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടു. 1929-ലെ ലാറ്ററന്‍ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ അധികൃതര്‍ക്ക് മര്‍സിങ്കസിനെ മാര്‍പ്പാപ്പാ വിട്ടുകൊടുത്തില്ല. സുരക്ഷിതമായ വത്തിക്കാനില്‍നിന്ന് മര്‍സിങ്കസിനെ ഇറ്റാലിയന്‍ അധികൃതര്‍ക്ക് തടവുകാരനായി എടുക്കാന്‍ കഴിഞ്ഞില്ല. 1991 വരെ അദ്ദേഹം വത്തിക്കാനില്‍ കഴിഞ്ഞു. വത്തിക്കാനു പുറത്ത് അദ്ദേഹം അതുവരെ കാലുകുത്തിയിട്ടില്ല. 

പുരോഹിതരെയും ക്ലേര്‍ജികളെയും സിവില്‍ അധികാരികളില്‍നിന്നു സഭ രക്ഷിക്കുന്നു. ഇതുതന്നെ നാം നമ്മുടെ കേരളത്തിലും അറിഞ്ഞുകൊണ്ടും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നതാണ്. പ്രാഥമികനീതിപോലും എതിര്‍കക്ഷിക്ക് ലഭിക്കാറില്ല. കത്തോലിക്കാ മനഃസാക്ഷിയുടെ മുമ്പില്‍ എന്നും ഇത്തരം പ്രവൃത്തികള്‍ ചോദ്യചിഹ്നമായി നില്ക്കും. മധ്യകാലയുഗങ്ങളില്‍ സഭയുടെ ഇത്തരം നടപടി ക്രമം 'ക്ലേര്‍ജിയുടെ നന്മയ്ക്ക്' (Benefit of Clergy) എന്നാണ് അറിയപ്പെട്ടിരുന്നത്. സഭയുടെ ഇത്തരം നിലപാട് അനീതിയാണ്. മാര്‍സിങ്കസിനെ അദ്ദേഹം ചെയ്ത കുറ്റത്തിന് സഭ ശിക്ഷിച്ചതായി കേട്ടിട്ടില്ല.

വത്തിക്കാന്‍ ഇന്ന് ക്രിമിനല്‍സിന്റെ അഭയസ്ഥാനമായി മാറിയിരിക്കുകയാണ്. ബോസ്റ്റന്‍ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന കാര്‍ഡിനല്‍ ബര്‍നാര്‍ഡ് ലോയും (Bernard Law) നമ്മുടെ തട്ടുങ്കല്‍ മെത്രാനും വത്തിക്കാനിലാണല്ലോ ഇപ്പോള്‍ പാര്‍ക്കുന്നത്! 

അമേരിക്ക മര്‍സിങ്കസിനെ ഇറ്റലിയ്ക്ക് വിട്ടുകൊടുക്കുകയില്ല എന്ന് ഉറപ്പുവരുത്തിയശേഷം മര്‍സിങ്കസ് റിട്ടയര്‍ ചെയ്ത് അമേരിക്കയിലെ അരിസോണ സ്റ്റേറ്റിലെ (Arizona State) സണ്‍ സിറ്റിയിലേക്ക് (Sun City) 1991-ല്‍ താമസംമാറ്റി. ഗോള്‍ഫും കളിച്ച് സിഗാറും വലിച്ച് അദ്ദേഹം ജീവിച്ചു. 2008-ല്‍ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. 
ബാങ്ക് വഞ്ചനയ്ക്കും കൊലപാതകത്തിനും വിധിച്ച് സിന്‍ഡോന അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ഫഡറല്‍ ജയിലില്‍ കിടക്കേണ്ടിവന്നു. 1980-ല്‍ ആരോ അയാള്‍ക്ക് ജയിലില്‍ വച്ച് വിഷം കൊടുത്ത് കൊന്നു. ജെള്ളി കേസില്‍ കുടുങ്ങി ടസ്‌ക്കനിയില്‍ (Tuscany) വീട്ടുതടങ്കലില്‍ കഴിഞ്ഞു.
 

സഭയുടെ അത്യുന്നത അധികാരംവരെ കുറ്റകൃത്യങ്ങളില്‍ ഇടപെട്ടു. അഭിമാനമില്ലിവിടെ; നഗ്നമായ അപകീര്‍ത്തിയും മാനക്കേടും മാത്രം മിച്ചം. 

അംബ്രോസിയാനൊ ബാങ്കുമായുള്ള സഭയുടെ അവിഹിതബന്ധത്തിന്റെ ഫലമായി കൊലപാതകങ്ങള്‍, കൊലചെയ്യാന്‍ ശ്രമം, ആത്മഹത്യ, നിഗൂഢമരണം, ജയില്‍വാസം എല്ലാം നടന്നു. സഭയുടെ അംബ്രോസിയാനൊ കച്ചവടത്തിന്റെ വിചിത്രരൂപങ്ങളാണിവ. 

സാധാരണ കത്തോലിക്കന് വത്തിക്കാന്റെ ഇത്തരം അത്ഭുതകൃത്യങ്ങളെപ്പറ്റി അറിയില്ല. അവര്‍ പള്ളിയില്‍ പോകുന്നു; നേര്‍ച്ച ഇടുന്നു; സഭയ്ക്കുവേണ്ടി സന്നദ്ധസേവനം ചെയ്യുന്നു. അവരുടെ നേതാക്കള്‍ പള്ളിയുടെ ദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നവര്‍ അന്ധമായി വിശ്വസിക്കുന്നു. സഭാനേതാക്കള്‍ സാമ്പത്തിക അപകീര്‍ത്തി സഭയ്ക്കു വരുത്തിവയ്ക്കുന്നതും ഗുരുതരമായ അധാര്‍മിക പ്രവൃത്തികള്‍ ചെയ്യുന്നതും കാണുന്ന ദൈവജനത്തിനു സഭയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നുള്ളതിന് സംശയമില്ല. സഭ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അല്മായരെയും ഉള്‍പ്പെടുത്തണമെന്ന് അവര്‍ ശഠിക്കുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. പോപ്പും മെത്രാന്മാരും അല്മായരുമായി ആലോചിക്കാനും അധികാരം പങ്കുവയ്ക്കാനും തയ്യാറാകണം. ക്രിസ്തുവിന്റെ സഭ ജനാധിപത്യമല്ലെന്നവര്‍ വാദിക്കുന്നു. പക്ഷേ, ക്രിസ്തുവിന്റെ സഭ ഒരു കൂട്ടായ്മയല്ലേ? ആ കൂട്ടായ്മയെ എല്ലാവിധത്തിലും അനുകൂലിക്കുകയും അത്താണിയായി നില്ക്കുകയും ചെയ്യുന്ന അല്മായര്‍ക്ക് ചില അധികാരങ്ങള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് യുക്തിരഹിതമോ? 

അടുത്ത ആഗോളസഭാ കൗണ്‍സിലിനുള്ള സമയമായി. മാര്‍പ്പാപ്പായുടെ രാജിയിലേക്കു നയിച്ചത് മതപരവും വ്യക്തിപരവും എന്നതിലേറെ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങളാണെന്നാണ് ഈ ലേഖനത്തില്‍നിന്ന് മനസ്സിലാകുന്നത്. കൂടുതല്‍ പല കാര്യങ്ങളും അറിയാവുന്ന വിദേശമലയാളികളായ വായനക്കാര്‍ ഈ ലേഖനം പഠിക്കുകയും അവര്‍ക്കറിയാവുന്ന അധികവിവരങ്ങള്‍ കമന്റായി പോസ്റ്റുചെയ്യുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. കരുതുന്നുവത്തിക്കാനില്‍ഈ വിഷയത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുക്കുന്ന റെഫറന്‍സ് സഹായകമാകും:

1. R. John Kinkel, Chaos in the Catholic Church: A Call for Reform, Xlibris, 2005
2. Paul Williams, The Vatican Exposed, Prometheus Books, 2003
3. Richard Hammer, Vatican Connection, Charter Books, 1982
4. John Allen, Lessons from a 33-day Pontificate, National Catholic Reporter, September 5, 2003, p. 5
5. Richard Owen, 'Mafia' Four Face Murder Charges, London Times, July 24, 2003
6. David Yallop, In God's Name: An Investigation into the Murder of John Paul I, Bantam Books, 1994
7. Malachi Martin, Rich Church, Poor Church, G.P. Pulman's Sons, 1984
8. Jonathan Kwitny, Man of the Century, Henry Holt and Company, 1997
9. Richard Behar, Washing Money in the Holy See, Fortune, August 16, 1999, p. 134

No comments:

Post a Comment