Translate

Saturday, February 9, 2013

അരുവിത്തുറയുടെ താബോര്‍മല

ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ, എങ്കില്‍തന്നെ പുണ്യത്തിന്റെ ഒരു ജീവിതം നയിച്ചിരുന്നോ എന്നൊന്നും തീര്‍ച്ചപറയാന്‍ സാധിക്കുന്നില്ല എന്ന കാരണങ്ങളാല്‍ കത്തോലിക്കാസഭയുടെ തലവന്‍തന്നെ വിശുദ്ധരുടെ ലിസ്റ്റില്‍ നിന്ന് 1969ല്‍ കുറേപ്പേരുടെ പേരുകള്‍ വെട്ടിക്കളഞ്ഞു. (http://wiki.answers.com/Q/What_saint_was_removed_from_the_Calendar_of_Saints). അതില്‍ ഒന്ന്  അരീത്രവല്യച്ചന്‍ എന്നറിയപ്പെടുന്ന ഗീവര്‍ഗീസ്/St.George ആയിരുന്നു. ക്രിസ്റ്റൊഫര്‍, ഫിലോമിന, ബാര്‍ബര (നിക്കൊമെഡിയ) ഉര്‍സുല, ദൊരോത്തി തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ പെടുന്നു. സഭയോടും റോമായോടും അങ്ങേയറ്റം വിധേയത്വം നടിക്കുന്ന നമ്മുടെ മെത്രാന്മാരും അവരുടെ വികാരിമാരും പേരുവെട്ടിയ വ്യാജപുണ്യാളന്‍ ഗീവര്‍ഗീസിന്റെ പേരിലുള്ള പള്ളികള്‍ക്ക് വേറെ പേരിടാനോ ഇയാള്‍ യഥാര്‍ത്ഥത്തില്‍ പുണ്യവാനല്ലെന്ന് പറഞ്ഞു മനസ്സിലാക്കാനോ തയ്യാറാകുന്നതിനു പകരം അയാളെ വച്ച് ഇപ്പോഴും വിശ്വാസികളെ കബളിപ്പിക്കുകയാണ്.

അന്ധവിശ്വാസത്തിന് നിഷ്പ്രയാസം അടിമപ്പെടുന്ന ഈ നാട്ടിലെ ഒരു വലിയ വിഭാഗം ജനത്തിന്റെ വികാരങ്ങളെ പ്രീണിപ്പിച്ച്‌, കോടികളുടെ ചെലവില്‍ ഒരു വല്യച്ചന്‍ മല അരുവിത്തുറയില്‍ സജ്ജമാക്കപ്പെടുന്നുണ്ട്. വികാരി തോമസ്‌ ഓലിക്കന്റെ സ്വപ്നപ്ദ്ധതിയാണിത്. മലമുകളിലേയ്ക്കുള്ള കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളില്‍ ഓരോന്നിനും വേണ്ടിവരുന്ന രണ്ടു ലക്ഷം ഓരോ വിശ്വാസിയെക്കൊണ്ട് വഹിപ്പിക്കുകയാണ്. വിഷമം പറയുന്നവരോട്, നിന്നെ ഞാന്‍ കണ്ടുകൊള്ളാം എന്ന് ഓലിക്കന്‍ ഭയപ്പെടുത്തും. നല്ല പച്ച തെറി പറയാനും അദ്ദേഹത്തിന്‍റെ നാവിനു നല്ല വഴക്കമാണെന്ന് കേട്ടുപരിച്ചയിച്ചവര്‍ പറയുന്നു. ഗീവര്‍ഗീസ് വല്യച്ചന്‍ (വികാരിക്കും ഇതിനുള്ള കഴിവും വഴികളും ധാരാളമുണ്ട്!) വിടുന്ന വിഷപ്പാമ്പുകളെയും തങ്ങളുടെ കോഴിയെ പിടിക്കുന്ന കുറുക്കന്മാരെയും ഭയന്ന് ഇവര്‍ ശിഷ്ടകാലം പോക്കുന്നു.

വികാരി ചെയ്യുന്നതെല്ലാം സുവിശേഷത്തിന്റെ വെളിച്ചത്തിലാണ്. അങ്ങേര്‍ അരുവിത്തുറയുടെ താബോര്‍ എന്ന് വിളിക്കുന്ന മലയുടെ പിന്നില്‍ മാത്താ. 5.1/മാര്‍കോസ് 6,46 (ആളുകളോട് യാത്ര പറഞ്ഞ ശേഷം അവന്‍ പ്രാര്‍ഥിക്കാന്‍ മലമുകളിലേയ്ക്ക് പോയി.") ആണ്.  മലമുകളില്‍ ഇനി വിശ്വാസികള്‍ക്ക് ലഭ്യമാകാന്‍ പോകുന്ന ദിവ്യദര്‍ശനങ്ങള്‍ക്ക് ആധാരമായി മത്താ.17.1, മത്താ.14.23, തുടങ്ങിയ വചനങ്ങള്‍ അച്ചടിച്ചാണ് പിരിവിനുള്ള നോട്ടീസുകള്‍ ഇറക്കുന്നത്‌. ഇന്ത്യയിലെതന്നെ ഏറ്റവും ഉയരംകൂടിയ (107 അടി!) കോണ്ക്രീറ്റ് കുരിശുണ്ടാക്കാന്‍ ദശലക്ഷങ്ങള്‍ നല്‍കുന്നത് നേരത്തെ കോടികളുടെ പെരുന്നാളും ലക്ഷങ്ങളുടെ കൊടിമരവും സംഭാവന ചെയ്ത ഒരു 'വിശ്വാസി'യാണ്.

താബോര്‍ മല ശിഷ്യന്മാര്‍ക്ക് വിശ്വാസത്തിലേയ്ക്കുള്ള വാതിലായതുപോലെ വല്യച്ചന്‍മലയും ദൈവജനത്തെ വിശ്വാസനിറവിലേയ്ക്ക് നയിക്കുമത്രേ. "ഇവിടെ നിങ്ങള്ക്ക് മിശിഹായെ കേള്‍ക്കാം, പഠിക്കാം, അനുകരിക്കാം" എന്നാണ് ഓലിക്കന്‍ നോട്ടീസില്‍ എഴുതിയിരിക്കുന്നത്. മലയിലേയ്ക്കുള്ള കല്ലുപതിച്ച വഴിയുടെ തുടക്കത്തില്‍ 'യാക്കോബിന്റെ കിണര്‍' ഉണ്ടാക്കിയിട്ടുണ്ട്. "അതിനടുത്തിരുന്ന് നിങ്ങളാരെന്ന് മനസ്സിലാക്കുക" എന്നാണ് അങ്ങേരുടെ പ്രോത്സാഹനം. ഈ കോപ്രായങ്ങള്‍ക്കെല്ലാം ഒരെതിര്‍വാക്കും പറയാതെ കൂട്ടുനില്‍ക്കുന്ന പരമവിഡ്ഢികളാണ് തങ്ങള്‍ എന്നുമാത്രം അരുവിത്തുറയിലെ ഭക്തജനം ഒരിക്കലും മനസ്സിലാക്കുകയില്ല!

കൂടുതല്‍ വിവരങ്ങള്‍ക്കും സംഭാവന നല്‍കാനും ബന്ധപ്പെടുക:
email: aruvithurachurch@gmail.com/phone vicar: 9947128437

3 comments:

 1. രൂപാന്തരീകരണം നടന്നത് താബോര്‍ മലയിലാണെന്ന് വചനം പറയുന്നില്ല. വചനപ്രകാരം കേസരിയ ഫിലിപ്പില്‍നിന്നും ആറ്ദിവസത്തെ വഴിദൂരമുള്ള ഒരുമലയിലായിരിക്കണം. കാരണം മത്തായി 16 :13 ലെ സംഭവം കഴിഞ്ഞു ആറാം ദിവസമാണ് 17 :1 നടക്കുന്നത്. താബോര്‍മല ഇതിലെക്കാള്‍ വളരെ അകലെയാണ്, ഉയരം ഏകദേശം 1000 അടി. എന്നാല്‍ ആറ്ദിവസത്തെ വഴിദൂരത്തില്‍ 9200 അടിഉയരമുള്ള ഹെര്‍മ്മോന്‍ മലയുണ്ട്, ഉയര്‍ന്ന ഒരുമലയെന്ന പ്രയോഗവും ഇവിടെ ശരിയാകുന്നുണ്ട്. രണ്ടായാലും നമ്മുടെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമൊന്നുമില്ല.

  എന്നാല്‍ ആല്‍മീയ നേതാക്കള്‍ , താബോര്‍ മലയില്‍ വച്ചാണ് രൂപാന്തരപ്പെട്ടതെന്നു പ്രസംഗിക്കുമ്പോള്‍ , അതിനു വചനത്തില്‍ തെളിവില്ലെന്ന് മാത്രം ഓര്‍മപ്പെടുത്തട്ടെ.

  ReplyDelete
 2. ഒരു മാസം കൊണ്ട് ഒരു കോടിയുടെ സംഭാവനക്ക് ആഹ്വാനം ചെയ്തുകൊണ്ടുള്ള തോമസ്‌ ഓലിക്കലിന്റെ നോട്ടിസില്‍ തിരുവചനം ഉപയോഗിച്ചിരിക്കുന്നത് വളരെ തന്ത്രപൂര്‍വമാണ്. മത്താ. 5,1 ("ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശു മലയിലേയ്ക്ക്‌ കയറി.") നോട്ടിസിന്റെ ആദ്യം കുറിച്ചിട്ടുണ്ട്. അരുവിത്തുറയിലേയും പരിസരപ്രദേശങ്ങളിലെയും ജനത്തെ കണ്ടപ്പോള്‍ ഓലിക്കന്‍ അന്യായമായ വിലകൊടുത്ത് ഒരുമല വാങ്ങി. എന്നാല്‍ മത്താ. 5, 2 മുതല്‍ വായിക്കുന്നത് "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍" എന്ന് തുടങ്ങുന്ന യേശുവിന്റെ സുവിശേഷ പ്രഭാഷണമാണ് എന്ന് ഈ മരാമത്ത്പാതിരി പാടേ മറക്കുകയാണ്. ആ സുവിശേഷവും എട്ടേക്കര്‍ മുപ്പതു സെന്റ്‌ വിസ്തൃതിയുള്ള കുന്നില്‍ ഓലിക്കന്‍ ചെയ്തുകൂട്ടുന്നതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും എന്നത് ഒറ്റ അരുവിത്തുറക്കാരനും ചോദിക്കുന്നില്ല എന്നത് വിചിത്രമല്ലേ?

  ReplyDelete
 3. താബോര്‍ മലയില്‍ പ്രാര്‍ഥിക്കാനെത്തിയ ക്രിസ്തു തേജസിലെയ്ക്ക് ഉണരുന്നു.അവിടത്തെ മുഖം സൂര്യനെപ്പോലെ ജ്വലിച്ചു. അടുത്തുണ്ടായിരുന്ന പത്രോസിന് അവിടം വിടാനേ തോന്നിയില്ല. പ്രാര്‍ത്ഥനാനുഭവം ഒരു പ്രലോഭനമായി മാറരുത് എന്ന് യേശു അയാളെ പഠിപ്പിക്കുന്നുണ്ട്. അനുഷ്ഠാനങ്ങളെ മതത്തിന്റെ മദ്ധ്യത്തില്‍ പ്രതിഷ്ടിക്കുമ്പോള്‍ ഉണ്ടാകുന്ന ദുര്യോഗത്തിന് ഉദാഹരണങ്ങളാണ് അട്ടപ്പാടിയിലെ സെഹിയോനും അരുവിത്തുരയിലെ താബോര്‍ മലയും അതോടനുബന്ധിച്ചുള്ള പ്രൌഡികളും.

  ReplyDelete