Translate

Monday, June 17, 2013

ക്നാനായ വിശേഷങ്ങള്‍ : നമുക്ക് പ്രാര്ഥിക്കാം, പരിശുദ്ധ പിതാവിനു വേണ്ടി.....

ഈ വര്ഷം മാര്‍ച്ച് പതിമൂന്നാം തിയതി ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് Jorge Mario Bergoglio എന്ന അര്‍ജന്റീനിയന്‍ കര്‍ദ്ദിനാള്‍ പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസ്ലീക്കായുടെ മുന്നില്‍ തടിച്ചുകൂടുന്ന ജനങ്ങളെ ആശീര്‍വദിക്കുക എല്ലാ പാപ്പമാരുടെയും ആദ്യചടങ്ങാണ്. അതിനായി കാത്തിരുന്ന ജനകൂട്ടത്തിനു ഒരു സുഖമുള്ള ഷോക്ക്‌ ലഭിച്ചു – തങ്ങളെ ആശീര്‍വദിക്കാന്‍ വന്ന പാപ്പ അവരോട്, തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞ് ശിരസ്സ്‌ നമിച്ചു. ചരിത്രത്തില്‍ ഇതിനുമുമ്പ് പറഞ്ഞു കേട്ടിട്ടില്ലാത്തതായിരുന്നു അത്തരത്തിലൊരു സംഭവം. പരിശുദ്ധ പിതാവിന്റെ ലാളിത്യത്തിന്റെയും എളിമയുടെയും ലക്ഷണമായാണ് എല്ലാവരും അതിനെ അന്ന് കണ്ടത്.

അന്നുമുതല്‍ പരിശുദ്ധ പിതാവിനു അളവറ്റ മാധ്യമശ്രദ്ധ ലഭിച്ചു കൊണ്ടിരിക്കുന്നു. എണ്‍പതു ലക്ഷം വിലയുള്ള ഓഡി കാറില്‍ സഞ്ചരിക്കുന്ന നമ്മുടെ ലോക്കല്‍ ഓര്‍ഡിനറി പിതാക്കന്മാര്‍ തങ്ങളുടെ ജീവിതശൈലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും, പരിശുദ്ധ പിതാവിന്റെ ലാളിത്യത്തെ വര്‍ണ്ണിച്ച് ലേഖനങ്ങള്‍ എഴുതാന്‍ മത്സരിക്കുന്നുണ്ട്.

ഫ്രാന്‍സിസ്‌ പാപ്പ കത്തോലിക്കാസഭയുടെ തലവനായി മൂന്നുമാസം മുഴുപ്പിച്ചു. ഇപ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ എന്തുകൊണ്ടാണ് തനിക്കുവേണ്ടി പ്രാര്‍ഥിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടതെന്ന് മനസിലാകും.

വളര്‍ന്നത്‌ അര്‍ജന്റീനയിലാണെങ്കിലും അദ്ദേഹം ഇറ്റാലിയന്‍ വംശജനാണ്. വത്തിക്കാനിലെ അധികാരത്തിന്റെ ഇടനാഴികളില്‍ സംഭവിക്കുന്ന, ലോകമറിയാത്ത, അധികാര വടംവലികളെക്കുറിച്ചും, പ്രതികാര നടപടികളെക്കുറിച്ചും തികച്ചും ബോധവാനായിരിക്കണം പാപ്പ. തന്റെ ജീവിതശൈലിയും വിശ്വാസവീക്ഷണവും നന്മയും വത്തിക്കാന്‍ശൈലിയ്ക്ക് പറ്റിയതല്ല എന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. മഫിയായെ വെല്ലുന്ന സംഘങ്ങളുള്ള വത്തിക്കാനില്‍ തന്റെ ജീവന്‍ അപകടത്തിലാകാന്‍ അധികം നാള്‍ വേണ്ടിവരില്ല എന്നു മനസിലാക്കിയാണ്, തനിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ മഴയത്ത് തടിച്ചുകൂടിനിന്ന ജനക്കൂട്ടത്തോട് പാപ്പ അഭ്യര്‍ത്ഥിച്ചത്.

മൂന്നു മാസം കഴിഞ്ഞിട്ടും ഈ പാപ്പ ജീവനോടെ ഇരിക്കുന്നത് സത്യത്തില്‍ ഒരു അത്ഭുതമാണ്.

List of murdered popes എന്ന വാക്കുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരതിയാല്‍ വധിക്കപ്പെട്ട പരിശുദ്ധ പിതാക്കന്മാരുടെ നീണ്ട ലിസ്റ്റ് കാണാം. പലരും പ്രതീക്ഷിക്കുന്നതിലും വളരെ നീണ്ടതാണ് പ്രസ്തുത ലിസ്റ്റ്. 

സമീപകാലത്താണ് (28 September 1978) വെറും മുപ്പത്തിമൂന്നു ദിവസങ്ങള്‍ മാത്രം പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ കാലം ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്നും നിലനില്‍ക്കുന്ന ദുരൂഹതകള്‍ ചില്ലറയല്ല. In God's Name: An Investigation Into the Murder of Pope John Paul I എന്ന പേരില്‍ ഡേവിഡ്‌ യാല്ലോപ് ഒരു പുസ്തകമെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ വേറെയും രചനകള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം കൊലപാതകം മൂലമായിരുന്നു എന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അങ്ങിനെ വിശ്വസിക്കുന്ന അനേകര്‍ കത്തോലിക്കാ സഭയ്ക്കുള്ളിലും വെളിയിലും ഉണ്ട്. വത്തിക്കാനിലെ സാമ്പത്തിക തിരിമറികളെക്കുറിച്ച് അന്വേക്ഷിക്കാന്‍ തുനിഞ്ഞതാണ് അദ്ദേഹത്തെ ഇല്ലായ്മ ചെയ്തതിന്റെ പിന്നില്‍ എന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. അക്കണക്കിന്, ഇപ്പോഴത്തെ മാര്‍പാപ്പ മൂന്നുമാസം മുഴിപ്പിച്ചത് വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനമൂലവും ദൈവത്തിന്റെ പ്രത്യേക താല്പര്യം കൊണ്ടുമാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.

എന്തെല്ലാം അസൌകര്യങ്ങളാണ് പിതാവ് വത്തിക്കാന്‍ സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ക്കും, അതിന്റെ കീഴില്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നാട്ടുരാജ്യങ്ങളിലെ "കുട്ടിരാജാക്കന്മാര്‍ക്കും” നിത്യമെന്നോണം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്!

ഫ്രാന്‍സിസ്‌ പാപ്പായെപ്പോലെ പത്തു പാപ്പാമാര്‍ വന്നാലും നമ്മുടെ സീറോമലബാറിലെ അരപ്പട്ടകെട്ടിയവരുടെ ആഡംബരജീവിതത്തിനു ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. എങ്കിലും കര്‍ദ്ദിനാള്‍ പദവിയില്‍ കഴിയുമ്പോള്‍ നഗരപ്രാന്തത്തിലെ ചെറിയ അപ്പാര്‍ട്ട്മെന്റില്‍ സ്വയം പാചകം ചെയ്ത്, ബസില്‍ യാത്ര ചെയ്ത്, ജീവിച്ച ഇന്നത്തെ ‘ദരിദ്രവാസി’ പാപ്പ നമ്മുടെ തിരുമേനിമാര്‍ക്ക് ഒരു അസൌകര്യം തന്നെയാണ്. ജീവിതശൈലി പോട്ടെ, വായില്‍ നിന്നും വരുന്നതോ?

നന്മ ചെയ്‌താല്‍ നിരീശ്വരവാദികള്‍ക്കും സ്വര്‍ഗത്തിലെത്താന്‍ സാധിക്കും പോലും! അങ്ങിനെയാണെങ്കില്‍ ഇക്കണ്ട പള്ളികളും, പട്ടക്കാരും മേല്പ്പട്ടക്കാരും എന്തിനാണ്? “സ്വര്‍ഗം വേണോ, ഞാന്‍ പറയുന്നത് കേട്ടോ” എന്ന ഭാവത്തില്‍ നടന്നവര്‍ ഇനി മനുഷ്യരുടെ മുഖത്തെങ്ങിനെ നോക്കും. ഈയടുത്തകാലംവരെ കത്തോലിക്കാ സഭയിലൂടെയല്ലാതെ “രക്ഷയില്ല” എന്ന് പറഞ്ഞു നടന്നതാ... എന്നിട്ടിപ്പോള്‍, നിരീശ്വരവാദിയെയും സ്വര്‍ഗത്തിലോട്ട് കേട്ടിയെടുക്കുമെന്ന്!.

പാലാ രൂപതയിലെ ഒരു വൈദികന്‍ കുറെ വര്‍ഷങ്ങള്‍ മുമ്പ് ഉപരിപഠനാര്‍ത്ഥം ഒരു യുറോപ്യന്‍ രാജ്യത്ത് പോയി. ഗവേഷണവിഷയം തെരഞ്ഞെടുത്തു – “കത്തോലിക്കാ സഭയ്ക്ക് വെളിയില്‍ ആത്മാവിനു രക്ഷയുണ്ടോ?” വിവരം മെത്രാനെ അറിയിച്ചു. മെത്രാന് അതിശയം.. “എടോ കെഴങ്ങന്‍ കത്തനാരെ, അതിനെന്തിനാടോ ഗവേഷണം ചെയ്യുന്നത്? അതിന്റെ ഉത്തരം അറിയാന്‍ വയ്യാത്ത തനിക്കു അച്ചനാണെന്നു പറയാന്‍ നാണമില്ലേ?” ആ കലഹത്തിന്റെ ഒടുവില്‍ വൈദികന്‍ പൌരഹിത്യം ഉപേക്ഷിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച് പ്രസ്തുത പുരോഹിതന്‍ ലേഖകനോട് നേരിട്ട് പറഞ്ഞതാണ് ഇക്കാര്യം. അദ്ദേഹം ഇന്ന് വിശ്രമജീവിതം നയിക്കുന്നു.

ഇപ്പോള്‍ പറയുന്നു – നിരീശ്വരവാദികളേ, സ്വര്‍ഗം നിങ്ങളെ മാടിമാടി വിളിക്കുന്നു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ നന്മ ചെയ്യാന്‍ വല്ല ഉദ്ദേശവും ഉണ്ടെങ്കില്‍, പള്ളിയും വേണ്ട പട്ടക്കാരനും വേണ്ട.

ആ പറഞ്ഞതാണല്ലോ ബുദ്ധിമുട്ടുള്ള കാര്യം – നന്മ ചെയ്യുകയെന്നത്. നന്മ പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം ഉള്ളില്‍ നന്മയുണ്ടാവണം, മനസ്സില്‍ അലിവുണ്ടാവണം. അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. അച്ചനോ മെത്രാനോ വന്നു ചോദിക്കുമ്പോള്‍, പിടിച്ചുപറിച്ചുണ്ടാക്കിയതില്‍ അഞ്ചോ പത്തോ കൊടുത്താല്‍ സ്വര്‍ഗം കിട്ടുമെങ്കില്‍ അതല്ലേ നല്ലത്? അച്ചന്മാര്‍ പേടിക്കേണ്ട, അത്തരക്കാര്‍ കണ്ടമാനമുണ്ട് നമ്മുടെ നാട്ടില്‍. അതുകൊണ്ട് അച്ചന്മാര്‍ തങ്ങളുടെ കഞ്ഞികുടിമുട്ടുമെന്നൊന്നും പേടിക്കേണ്ട. നമ്മുടെ പ്രാഞ്ചിക്കുട്ടന്മാരുള്ളപ്പോള്‍ നിങ്ങളെന്തിനാണ് പേടിക്കുന്നത്. ഈ ജന്മത്തില്‍ ഒരു നന്മയും അവര്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുകയില്ലെന്നു ഞാനല്ലേ പറയുന്നത്. നിങ്ങളുടെ കാര്യങ്ങള്‍ ഒക്കെ കുശാലായി കഴിയും.

അതൊക്കെ സഹിക്കാം.

പരിശുദ്ധ പിതാവ് ഇതാ ഇപ്പോള്‍ പറയുന്നു വത്തിക്കാനില്‍ സ്വവര്‍ഗാനുരാഗികളുടെയും,അഴിമതിക്കാരുടേയും സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്.

ഇത് സംഗതി തീക്കളിയാണ്. പരിശുദ്ധ പിതാവിന്റെ ജീവന്‍ ശരിയ്ക്കും അപകടത്തിലാണ്.

കര്‍ത്താവേ, എത്രനാള്‍ കാത്തിരുന്നിട്ടാണ് ഇങ്ങിനെയൊരു കൊള്ളാവുന്ന പോപ്പിനെ കിട്ടിയത്. വത്തിക്കാനിലെ നീചന്മാരില്‍ നിന്ന് അദ്ദേഹത്തെ കാത്തുകൊള്ളേണമേ....

ക്നാനായ വിശേഷങ്ങള്‍ : നമുക്ക് പ്രാര്ഥിക്കാം, പരിശുദ്ധ പിതാവിനു വേണ്ടി.....:

'via Blog this'

4 comments:

  1. ദീപിക,സത്യദീപം,ശാലോം, ഡിവൈൻ,കരിസ്മാറ്റിക് പ്രസ്ഥാനം എന്നീ ബന്ധനങ്ങളിൽ കഴിയുന്നവർക്ക് മാർപാപ്പ എന്തൊക്കെ പറഞ്ഞാലും തലയിലോട്ടു കയറണം എന്നില്ല . കൂദാശകൾ എന്ന"Mind games" കളെ ക്കുറിച്ചും മാർപ്പാപ്പയ്ക്ക് സ്വന്തമായ അഭിപ്രായം ഉണ്ടാകുമെന്നും അവ അദ്ദേഹം വെളിപ്പെടുത്തും എന്നും കരുതാം അല്ലേ

    ReplyDelete
  2. കത്തോലിക്കാ സഭയെ സ്നേഹിക്കുന്ന എല്ലാവരും ഫ്രാന്സിസ് മാര്പ്പാപ്പയ്ക്ക് വേണ്ടി പ്രാര്ഥി്ക്കുന്നത് നല്ലതാണ്. അതദ്ദേഹത്തെ ബലപ്പെടുത്തും. ഒപ്പം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് പരി. ആത്മാവിന്‍റെ ശക്തമായ ഇടപെടല്‍ കൊണ്ട് സംഭവിച്ചതാണെന്നു സൂചിപ്പിക്കുന്ന നിരവധി തെളിവുകള്‍ ലോക മാധ്യമങ്ങള്‍ ചര്ച്ച ചെയ്യുകയുണ്ടായി. അത് ശരിയാണെങ്കില്‍, മാര്പ്പാപ്പയ്ക്ക് ഒന്നും സംഭവിക്കില്ല. ആരും ഭയക്കേണ്ടതില്ല.

    വചന പ്രഘോഷണം എന്ന് തുടങ്ങിയോ അന്ന് മുതല്‍ ജ്ഞാനവാദികളെ അധികാരം കൊണ്ടൊതുക്കി കസേര ഉറപ്പിച്ചു പോന്ന സഭാധികാരികള്‍, ലോകം കീഴ്മേല്‍ മറിഞ്ഞാലും മാറി ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അവര്ക്ക് മനസ്സ് തിരിവുണ്ടാക്കാന്‍ വേണ്ടി പ്രാര്ഥി്ക്കുക. ഒരു സാധുവായിരുന്ന ആലഞ്ചേരി പിതാവിനെ ഇത്രയും അപഹാസ്യനാക്കിയത് അദ്ദേഹത്തിന്‍റെ ഓഫീസ് നടത്തിപ്പുകാരാണ്. സ്വന്തമായി ഇമെയില്‍ തുറക്കാന്‍ അറിയില്ലാത്ത അദ്ദേഹത്തിന് ഇത് സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

    സത്യം ഒന്നേയുള്ളൂ, അതിനു മാറ്റമില്ല, മാറുന്നതോന്നും സത്യവുമല്ല. അനുദിനം പരിഷ്കാരങ്ങളിലൂടെ മാറി മറിഞ്ഞാണ് നാം ഇവിടെ എത്തിയിരിക്കുന്നത്. നാളെ എന്താകുമെന്നും നിശ്ചയമില്ല. രണ്ടായിരം വര്ഷ്ങ്ങള്‍ വേണ്ടിവന്നു ദശാംശം പിരിക്കുന്ന കാര്യം ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കാന്‍.

    കുറഞ്ഞുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ ജനസംഖ്യ കൂട്ടാന്‍ അഞ്ചാമത്തെ കുട്ടിയുണ്ടാകുന്നവര്ക്ക്, കല്‍പ്പറ്റ പള്ളി പതിനായിരം രൂപാ ഇനം കൊടുക്കുന്നുവെന്ന് കേട്ടു. പറയുന്ന കാരണം അബോര്‍ഷന്‍ ഒഴിവാക്കുകയെന്നാണ്. അബോര്ഷന്‍ ക്രൂരമാണ്, കൊല്ലപ്പെടുന്ന ഒരു കുട്ടിയും മാമ്മോദിസാ മുങ്ങിയവരുമല്ല. ഏതു മതത്തില്‍ അത് സംഭവിച്ചാലും അതൊഴിവാക്കാന്‍ നമുക്ക് ബാധ്യതയുമുണ്ട്. ഇത് നിരോധിക്കെണ്ടതും, നിയമം നടപ്പിലാക്കെണ്ടതും സര്ക്കാരാണ്. അടുത്ത കാലത്തെങ്ങും ആരും സര്ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും കേട്ടിട്ടില്ല. പരിണിത ഫലം, മറ്റു മതസ്ഥരുടെ മുമ്പില്‍ നാം നാണം കെടുകയെന്നതാണ്. കേട് നിയമം നടപ്പാക്കുന്നവര്ക്കല്ല, നിയമം ചുമക്കുന്നവര്ക്കാ്ണ്.

    ReplyDelete
  3. ഫ്രാൻസീസ് മാർപാപ്പായെപ്പറ്റി ചിന്തിക്കേണ്ട വളരെയേറെ നല്ല കാര്യങ്ങൾ ഇതിനോടകം ലോകമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വത്തിക്കാനിൽ സാമ്പത്തിക അഴിമതികളെപ്പറ്റി പഠിക്കുവാൻ മുന്നൂറു പേജുള്ള ഒരു ഡോക്കുമെന്റ് മൂന്നു കർദ്ദിനാളന്മാർകൂടി തയ്യാറാക്കുന്നതായും അറിയുന്നു. അങ്ങനെ വന്നാൽ സാമ്പത്തിക അഴിമതികളുടെ തലപ്പത്തിരിക്കുന്ന പല വമ്പന്മാരും നിയമത്തിന്റെ മുനയിൽ കുടുങ്ങും. അഴിമതിക്കാരയവരെ കൂരിയായിലെ ഇന്നുള്ള അവരുടെ സ്ഥാനങ്ങളിൽനിന്നും പുറത്താക്കുവാനും സാധ്യതകളുണ്ട്.

    യാഥാസ്ഥിതികരുടെ ഇടയിൽ ബനഡിക്റ്റ് പതിനാറാമനെക്കാളും ഒരു പടികൂടി മുമ്പിലാണ് ഫ്രാൻസീസ് മാർപാപ്പയെന്നുള്ളത് മറ്റൊരു സത്യമാണ്. ഇന്ന് സഭയുടെ മുഖ്യമായ ആവശ്യവും ദരിദ്രനായി ജീവിക്കുന്ന മാർപാപ്പാ രണ്ടാം വത്തിക്കാൻ സുനഹദോസ് തീരുമാനങ്ങൾ നടപ്പിലാക്കുക എന്നതാണ്.

    പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ അതിനുമുമ്പോ സഭയിൽ ആധുനികചിന്താഗതികളുമായി, പരിഷ്ക്കാരത്തിനായി ബൌദ്ധികലോകം മുറവിളികൂട്ടിയിരുന്നു. അന്നവരെ മതനിന്ദകരായി സഭ മുദ്രകുത്തി. അപ്പോസതോലിക കാലത്തിന്റെ ലളിതമായ ജീവിതത്തിനായി സഭയ്ക്കെതിരെ വിശ്വാസജനം അന്ന് പ്രതികരിച്ചു. അപ്പോസതോലിക കാലങ്ങളിലേക്ക് മടങ്ങിപ്പോയി സഭയുടെ തത്ത്വങ്ങൾ നടപ്പിലാക്കണമെന്നും അന്നത്തെ മതനിന്ദകരെന്ന് കരുതുന്നവർ ആവശ്യപ്പെട്ടു. അന്നുണ്ടായിരുന്ന മാർപാപ്പാമാർ ആധുനികത നടപ്പിലാക്കിയാൽ സഭ നശിച്ചുപൊവുമെന്നും മുന്നറിയിപ്പ് കൊടുത്തു.

    1960ലെ രണ്ടാം വത്തിക്കാൻ സുനഹദോസും മാനസികമായി അന്നെല്ലാവരും അംഗീകരിച്ചിരുന്നു. അന്നുമുതൽ യാഥാസ്ഥിതികർ സഭയെ ഭരിക്കുവാൻ തുടങ്ങി. ബനഡിടിക്റ്റ് പതിനാറാമൻ യാഥാസ്ഥിതികർക്ക് ഭൂരിപക്ഷം നല്കി കർദ്ദിനാൾമാരുടെ എണ്ണവും വർദ്ധിപ്പിച്ചിരുന്നു.

    ആഡംബരപ്രേമികളായ(POMP) മാർപ്പാപ്പാമാരേക്കാളും പ്രാൻസീസ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ആശ്വാസകരമാണ്. കുറഞ്ഞപക്ഷം അഹങ്കാരികളായ സീറോമലബാർ അഭിഷിക്തരെ മൂക്കുകയർ ഇടുവാൻ സാധിച്ചാൽതന്നെ സഭയുടെ നേട്ടമായിരിക്കും.

    മനുഷ്യരെയെല്ലാം തുല്യമായി കാണണം; സ്നേഹിക്കണമെന്നാണ് ക്രിസ്തു തത്ത്വം. കർദ്ദിനാൾ ആയിരുന്നകാലം മുതൽ പ്രാൻസീസ് മാർപാപ്പാ എയ്ഡ്‌സ്‌ (aIds) രോഗികളുടെ കാലുകൾ കഴുകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ യാഥാസ്ഥിതിക ചിന്താഗതിയിൽ സ്വവർഗരതിക്കാരായവർക്ക് സ്ഥാനമില്ല. അവിടെ മനുഷ്യത്വത്തിന്റെ തത്ത്വങ്ങളുമില്ല. മനുഷ്യരെല്ലാം ഒന്നാണെന്നുള്ള യേശുവിന്റെ സ്നേഹവുമില്ല. സ്വന്തം രാജ്യത്ത് സ്വവർഗക്കാർക്ക്‌ അനുകൂലമായ നിയമങ്ങൾ വന്നിരുന്ന സമയങ്ങളിൽ ഏറ്റവും എതിർത്തിരുന്നത് ജോര്ജ് ബെർഗോളിയായിരുന്നു.

    "എല്ലാ മനുഷ്യരെയും ദൈവത്തിന്റെ പ്രതിരൂപത്തിൽ സൃഷ്ടിച്ചു. ഓരോരുത്തരും നന്മ ചെയ്യുവാൻ കടപ്പെട്ടവരെന്നും" ഫ്രാൻസീസ് മാർപാപ്പാ പറഞ്ഞു. കത്തോലിക്കരെ മാത്രമല്ല മാനവജാതിയെ മുഴുവനും ക്രിസ്തുവിന്റെ തിരുരക്തകൊണ്ട് പാപപൊറുതി കല്പ്പിച്ചു. ലോകത്ത് നിരീശ്വരവാദികൾപോലും ദൈവത്തിന്റെ കുഞ്ഞുങ്ങളായി ഒന്നാം ക്ലാസ്സിൽ തന്നെ സഞ്ചരിക്കുന്നു. എങ്കിൽ എന്തുകൊണ്ട് മഹാനായ മാർപാപ്പാ തങ്ങളുടെതല്ലാത്ത കാരണങ്ങൾകൊണ്ട്, ദൈവസഹജമായ വാസനകൾകൊണ്ട് സ്വവർഗരതികളായവരോട് കാരുണ്യം കാണിക്കുന്നില്ല. അവരും ദൈവത്തിന്റെ പ്രതിച്ഛായിൽ ജനിച്ചവരല്ലെയോ? പുരുഷ പുരുഷ, സ്ത്രീ സ്ത്രീ അനുരാഗം സ്വാഭാവിക ശരീരത്തിന്റെ ഘടനയിലുള്ളതെന്ന് ശാസ്ത്രംപോലും തെളിയിച്ചുകഴിഞ്ഞു. എങ്കിൽ അവരും ദൈവമക്കളല്ലയോ?

    ഫ്രാൻസീസ് മാർപാപ്പ ദൈവത്തെ മനസിലാക്കിയ വിശുദ്ധനായ മാർപാപ്പയെന്നതിൽ സംശയമില്ല. ദൈവം ആദ്യം പിന്നെ പരോപകാരം എന്നാണ് സഭയുടെ ചിന്താഗതി. എന്നാൽ നിങ്ങളിൽ എളിയവനെ കാണുന്നവൻ എന്നെ കാണുന്നുവെന്ന തത്ത്വം സഭ മറക്കുന്നു.

    കർദ്ദിനാൾ ജോർജ്‌ ബെർഗോളി രാജകൊട്ടാരങ്ങൾ ഉപേക്ഷിച്ച് ചെറിയ മുറിയിൽ ഒതുങ്ങി ജീവിച്ചു. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് ഒരു ഋഷിവര്യനെ പോലെയായിരുന്നു ജീവിതം. ഒരു ലങ്സ്കൊണ്ട്(lungs )ജീവിക്കുന്ന മാർപാപ്പാ കുമാരനായിരുന്ന സമയം മറ്റേ lungs നീക്കം ചെയ്തിരുന്നു. ഒരിക്കലും ചിരിക്കാത്ത കർദ്ദിനാൾ എന്നും അറിയപ്പെട്ടിരുന്നു. എന്നാൽ ഇന്ന്‌ ഫ്രാൻസീസ് മാർപാപ്പയെ ചിരികുടുക്കയായി ലോകം കാണുന്നു.

    മാർപപ്പായ്ക്കുവേണ്ടി പ്രാർഥിക്കുമ്പോൾ കേരളത്തിലെ മറ്റൊരു അഭിഷിക്ത ജോർജിനുവേണ്ടിയും പ്രാർഥിക്കണം. സഭയുടെ ചെലവിലുള്ള ചക്കാത്തു യാത്രകളും ആർഭാടങ്ങളും അവസാനിപ്പിക്കാനും ഇറ്റലിയിലെ മണിമാളിക വേണ്ടെന്ന് വെക്കാനും സന്മനസുണ്ടാകാൻ കർത്താവേ പിശാചുക്കളിൽനിന്നു ദാസനായ ആ രാജകുമാരന് ശക്തികൊടുക്കണമേ.

    ReplyDelete
  4. സ്ഥാപിത മതാദ്ധ്യനത്തിൽ കൂടെ മാത്രം കടന്നുപോയിട്ടുള്ളവർക്ക് ആ വഴിയിൽ നിന്ന് മാറിനിന്ന് ചിന്തിക്കാനോ സ്വയം നിരീക്ഷിക്കാനോ കഴിവില്ലാതെ പോകുന്നു എന്നത് ഒരനുദിന നിരീക്ഷണവസ്തുതയാണ്. നമ്മുടെ മതനേതാക്കൾ അത്തരത്തിലുള്ള ഒരു വെട്ടിലാണ് വീണു കിടക്കുന്നത്. സ്വന്തം ജീവിതത്തിലേയ്ക്കവർ തിരിഞ്ഞു നോക്കിയാൽതന്നെ കാണുന്നത് ശൂന്യതയും അതിനപ്പുറത്ത് നിരർത്ഥകമായ മിഥ്യാഭിമാനങ്ങളുടെ ഒരു വലിയ ഭിത്തിയും മാത്രമാണ്. അതുകൊണ്ട്, സാധാരണക്കാരുടെ മുമ്പിൽ വിദ്യാഭ്യാസ ധുരന്ധരന്മാരെപ്പോലെ കാണുമ്പോഴും ഉള്ളിൽ അവരുടെ അറിവ് പതിരുപോലെയാണ്. ശ്രീ കളരിക്കലിന്റെ പോലുള്ള, സ്ത്ര്യങ്ങൾ നിരത്തിയ, പുസ്തകങ്ങൾ അവർ മറിച്ചുപോലും നോക്കില്ല.
    അവരുടെ സമ്പാദ്യങ്ങൾ വേറിടങ്ങളിലായതിനാൽ അവരുടെ മനസ്സും അവിടങ്ങളിലായിരിക്കും - അടുത്ത ഉദ്യോഗക്കയറ്റം അല്ലെങ്കിൽ വിദേശയാത്ര അതിന്റെ പുൻപന്തിയിൽ കാണുമെന്നതും ഉറപ്പാണ്. ബാക്കി ഊഹിക്കാമല്ലോ.

    സഭയിലെ അല്മായർ എന്ന മഹ ഭൂരിപക്ഷത്തെ അല്പമെങ്കിലും വിലമാതിക്കാനുള്ള വിവേകവും പക്വതയും ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം നമ്മുടെ ഒരു മെത്രാനെങ്കിലും ഒരഭിപ്രായം ഈ ബ്ലോഗിനെപ്പറ്റി പ്രകടിപ്പിക്കെണ്ടാതായിരുന്നു. അത് അനുകൂലമാകണമെന്നുപോലുമില്ല. നമ്മൾ എഴുതുന്ന വിഷയങ്ങളെപ്പറ്റി ഒരഭിപ്രായം - അത് ആർക്കും പ്രകടിപ്പിക്കാമല്ലോ. അതുപോലുമില്ല. അല്മായർ എന്നാൽ സിംപ്ലും ഓർഡിനറിയും എന്ന ധാരണ അവരുടെ മനസ്സുകളിൽ ഉറച്ചുപോയി എന്നതാണ് കാരണം.

    ഏറ്റവും ഓർഡിനറി അവർതന്നെ യായിരുന്നു എന്നാ സത്യത്തിലെയ്ക്ക് അവർ ഉണരുംപോഴെയ്ക്ക് എല്ലാം വളരെ വൈകിപ്പോയിരിക്കും.

    ReplyDelete