Translate

Sunday, June 2, 2013

എന്താണ് പാപ - പുണ്യങ്ങളുടെ സൂക്ഷ്മസ്ഥിതി?

"എല്ലാവരും ആത്മജ്ഞാനികളായാൽ ലോകവ്യവഹാരം എങ്ങനെ നടക്കും" എന്നൊരു പ്രായോഗിക പ്രതിസന്ധിയെകുറിച്ച് ആരോ ചോദിച്ചതായി ഓർക്കുന്നു . പാപ-പുണ്യങ്ങളുടെ സൂക്ഷ്മസ്ഥിതിയെക്കുറിച്ച് ശ്രീ.മറ്റപ്പള്ളി സാർ ഒരു കമന്റിൽ സൂചിപ്പിച്ചതിനു പിറകെയാണ് ഇങ്ങനെയൊരു ചിന്ത മനസ്സിലേക്ക് കടന്നുവന്നത് . ഏതു പാപക്കടലും ആത്മജ്ഞാനമാകുന്ന തോണിയിൽ കയറി ശാന്തിയുടെ മറുതീരമണയാം എന്നു വേദാന്തികൾ പറയുന്നു. അത് സാധിക്കാത്തവരുടെ കാര്യമോ ? പ്രസ്തുത വിഷയം സംഗതമാണോ ?
 
അത്മായശബ്ദത്തിൽ , ഒരു പുതിയ പോസ്റ്റായി പ്രസിദ്ധീകരിക്കാനുള്ള അർഹത എന്റെയീ ചെറിയ സന്ദേഹങ്ങൾക്കുണ്ടോ എന്നു നിശ്ചയം പോരാ. എങ്കിലും, എല്ലാവരുടെയും ആത്മാർഥമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ടു ചോദിക്കാൻ ആഗ്രഹിക്കുന്നു ; പാപ - പുണ്യങ്ങൾ അവയുടെ സൂക്ഷ്മമായ ഊർജ്ജസ്ഥിതിയിൽ എന്താണ് ? 
9447657140 

16 comments:

  1. "പരോപകാരമേ പുണ്യം , പാപമേ പരപീഢനം "എന്നൊക്കെ പറയുന്നു അറിവുള്ളവർ..പാപം എന്നാൽ "സ്വയം അറിയാതെയിരിക്കുക" എന്നതാണെന്ന് ഞാൻ കരുതുന്നു . ഒരുവന്റെ ജീവാത്മാവായ ദൈവത്തെ അവനവന്റെ ഉള്ളിന്റെഉള്ളിൽ ധ്യാനം കൊണ്ട് സ്വയം കണ്ടറിയാതെ ,(സർവവ്യാപിയായവനെ തന്നിൽത്തന്നെ തിരയാതെ) പള്ളിപ്പുരയിടത്തിലും കത്തനാരുടെ വായക്കുള്ളിലും തിരഞ്ഞു ജന്മം പാഴാക്കുന്നതാണ് പാപം ,ഏറ്റം വലിയപാപം ! പുണ്യമോ,അയൽക്കാരനെ സ്നേഹിക്കുന്നതും "നല്ല ശമരായ"നാകുന്നതുമാകുന്നു !

    ReplyDelete
  2. ഈ വിശ്വത്തിന് സഹജമായ ഒരു നന്മയുന്ദ്. അതിനനുസരിച്ച് പോകുന്നതാണ് പുണ്യം, അതിൽനിന്ന് വ്യതിചലിക്കുന്നതാണ് പാപം. ദൈവമോ മറ്റാരെങ്കിലുമോ മറ്റെന്തെങ്കിലുമോ ആരെയും ശിക്ഷിക്കുന്നില്ല, നാം തന്നെ നമുക്ക് വിനയുണ്ടാക്കുന്ന കാര്യങ്ങളറിയാതെ പലതും നമുക്ക് തന്നെ വരുത്തിവയ്ക്കുന്നു എന്നേയുള്ളൂ.. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധയുണ്ടായിരിക്കുക എന്നതാണ് മനസ്സിന് സംസ്കൃതിയുള്ളവർ ചെയ്യുന്നത്. അങ്ങനെയേ വിശുദ്ധിയെ (പുണ്യം) ആർജിക്കുവാനാവൂ.

    ഓരോരുത്തരും മൂന്നു കാര്യങ്ങൾ ശുദ്ധിചെയ്തു സൂക്ഷിക്കേണ്ടതുണ്ട്. ഇവ, ബോധത്തിൽ അങ്കുരിക്കുന്ന ചിന്തകൾ, ഉച്ചരിക്കുന്ന വാക്ക്, ജീവിതചര്യയിലെ കർമ്മങ്ങൾ എന്നിവയാണ്. മനസ്സിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധിയാർജിക്കുന്നതിനെയാണ് പുണ്യജീവിതം എന്ന് പറയാവുന്നത്.പുണ്യത്തിന്റെ അഭാവമാണ് പാപം.

    എല്ലാം വിചിന്തനം ചെയ്യുകിൽ, മനുഷ്യൻ ചെയ്യേണ്ടത് ഇങ്ങനെ ചുരുക്കിപ്പറയാം. അഹങ്കാരം, സ്വാർഥത, വെറുപ്പ്‌ എന്നിവയെ ചിന്തയിൽ നിന്ന് അകറ്റിനിറുത്തുക. അത് ധ്യാനമെന്ന പരിശീലനമാണെന്ന് നേരത്തെ നമ്മൾ മനസ്സിലാക്കിയിട്ടുള്ളതുമാണ്. അപ്പോൾ ബാക്കിയെല്ലാം നേരെയായിക്കൊള്ളും. ഈ ധ്യാനം പരിശീലിക്കാൻ പഠിപ്പിക്കുക എന്നതാണ് ഏതു മതവും ചെയ്യേണ്ടത്. ഒരു മതവും അത് ചെയ്യാത്തതുകൊണ്ടാണ് സംസ്കാരശൂന്യമായ പെരുമാറ്റത്തിന്റെ ദൃഷ്ടാന്തങ്ങളായ നമ്മുടെ നാട്ടിലെ മനുഷ്യരുടെ കഥകൾകൊണ്ട് മാധ്യമങ്ങൾ നിറഞ്ഞുകവിയുന്നത്. അതൊക്കെ വായിച്ചും റ്റിവിയിൽ കണ്ടും ആസ്വദിക്കുന്നവരും മനസ്സിനെ ആശുദ്ധമാക്കുകയാണെന്ന കാര്യം നാം എത്ര നിസ്സാരമായി അവഗണിക്കുന്നു!

    ReplyDelete
  3. അതായത്, പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരമായ ധർമ്മസംസ്കാരത്തിനെതിരെയുള്ള ബോധപൂർവ്വകമായ ഏതു പ്രവൃത്തിയും 'പാപം ' എന്ന പേരിലൊരു തമോർജ്ജമായി രൂപപ്പെടുന്നുണ്ട് എന്ന് സാരം .സൂക്ഷ്മമായ്‌ ഒരു നിലനിൽപ്പ്‌ അതിനുണ്ടെങ്കിൽ ഈ ഊർജ്ജം എന്തായാണ് പരിണമിക്കുന്നത് ? "പാപത്തിന്റെ ഫലം" എന്നൊക്കെ നമ്മൾ വിളിക്കുന്നത്‌ തമോർജ്ജത്തിന്റെ ഈ രൂപാന്തരീകരണമാണോ ? മാനവരാശിക്കുമേൽ സഹനങ്ങളും ദുരിതങ്ങളുമായാണ് ഈ ശക്തി പ്രവർത്തിക്കുന്നതെന്നും കാണാം .

    ആത്യന്തികമായി പ്രപഞ്ചം എങ്ങോട്ടാണ് ചലിച്ചുകൊണ്ടിരിക്കുന്നത് , എന്താണതിന്റെ പ്രേരണയും ലക്ഷ്യവും ? നമ്മുടെ ഭൂമി ഒരു മഹാദുരന്തത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് . ഈ ഹരിതഗ്രഹം അതിന്റെ അവസാനത്തെ 5 മിനിറ്റിൽ ആണ് എന്നൊക്കെ സ്റ്റീഫെൻ ഹോക്കിൻസ് പറയുന്നു. മനുഷ്യനു നൽകപ്പെട്ടിരിക്കുന്ന ഇച്ഛാശക്തി തമോന്മുഖമായി മാത്രം ചരിക്കുന്നതെന്തുകൊണ്ടാണ് ? ഇതിനൊരു പരിഹാരമില്ലേ ?

    സാമ്രാജ്യത്വവെറിയുടെ മിനുക്കിയെടുത്ത മുഖമാണ് ഇന്നത്തെ "വികസന"സങ്കല്പങ്ങൾ . അതിനു വേണ്ടിയുള്ള ഒരു ബ്രെയിൻ റയിഫിക്കേഷൻ (മസ്തിഷ്ക ക്ഷാളനം ) ആണിന്നു പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നത് . ഞാൻ കണ്ടിടത്തോളം, ഭൂമിയിൽ നടക്കുന്ന ഏറ്റവും വലിയ അന്ധകാരപ്രവർത്തനം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ കൂടിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .

    ശാസ്ത്രത്തിന്റെ യാന്ത്രികതയ്ക്കുമേൽ സ്നേഹ സങ്കീർത്തനങ്ങളില്ലെങ്കിൽ അത് നരകം സൃഷ്ടിക്കുക തന്നെചെയ്യും .ഭൂമിയെ വിഴുങ്ങാൻ വെമ്പുന്ന തമോർജ്ജമായി ശാസ്ത്രത്തിന്റെ കൗതുകങ്ങൾ ഇന്നു തയ്യാറായി നിൽക്കുന്നു .കണ്ണിനു കൗതുകകരവും ആസ്വാദ്യകരവും അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവുമായ ആ പഴയ "കനി"യോടു ശാസ്ത്രത്തിന് എന്തെങ്കിലും സാധർമ്യമുണ്ടോ?

    ReplyDelete
    Replies
    1. ജീജോ പറഞ്ഞുവരുന്നത് ഇന്ന് മാനവരാശിയെ ബാധിക്കുന്ന ഭാവിഷ്യത്തുകളിലെയ്ക്ക് വിരൽ ചൂണ്ടുന്നുവേന്നാണ് എനിക്ക് മനസ്സിലാകുന്നത്‌. പരിസ്ഥിതി നശീകരണം അതിന്റെ ഒരു കാരണമെന്നല്ല, മൂലകാരണം തന്നെയാണ്. എന്തുകൊണ്ട് ശാസ്ത്രത്തിന്റെ യാന്ത്രികത ആ ദിശയിലേയ്ക്ക് മനുഷ്യനെ കൊണ്ടുപോകുന്നുവെന്നതിനുള്ള ഉത്തരം ഞാൻ മുമ്പിലത്തെ കമെന്റിൽ പറഞ്ഞു കഴിഞ്ഞു. ഫുക്കുവോക്ക പറഞ്ഞതുപോലെ പ്രകൃതിയിലേയ്ക്കു മടങ്ങുക മാത്രമാണ് രക്ഷയിലേയ്ക്കുള്ള വഴി. പാപപുണ്യങ്ങളെപ്പറ്റിയുള്ള ചർച്ച ആ ദിശയിൽ തുടരുമെങ്കിൽ അത് പ്രയോജനകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ വികസന സങ്കല്പ്പങ്ങളും ഫാഷൻ പരെയ്ടും വിദ്യാഭ്യാസ രീതികളുമെല്ലാം തിരുത്താൻ തയ്യാറല്ലെങ്കിൽ സത്ത്വഗുണം തമോഗുണത്തിനു കീഴടങ്ങുന്ന ദുരന്തം അതിദൂരത്തല്ല എന്ന് ഇത്രവേഗം നമ്മൾ തിരിച്ചരിയുന്നോ, അത്രയും നല്ലത്.

      Delete
  4. ജിജോയുടെ ചോദ്യം വളര്‍ച്ചയുടെ പാതയില്‍ എല്ലാവരും ഒരിക്കലെങ്കിലും ചോദിക്കാവുന്നതാണ്. 'എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത് അല്ലെങ്കില്‍ ഞാന്‍ എന്താണ് ചെയ്യുന്നത്?' ഇത് തിരിച്ചറിവിന്‍റെ കാര്യം. ഇത് നമുക്ക് വേണ്ടത്ര ഇല്ലെന്നാണ് യേശു കുരിശില്‍ കിടന്നു കൊണ്ട് പറഞ്ഞത്. ഇനി അറിഞ്ഞുകൊണ്ട് എല്ലാം ചെയ്തുകളയാം എന്ന് വെച്ചാല്‍ അതും നടക്കില്ല. Awareness എന്താണ് എന്ന് ഗൌതമ ബുദ്ധന്‍ ഒരിക്കല്‍ ശിക്ഷ്യന്മാര്‍ക്ക് കാണിച്ചു കൊടുത്തു. രംഗം അദ്ദേഹത്തിന്‍റെ തോളില്‍ ഒരു കൊതുക് വന്നിരുന്നത്. സാവധാനം പൂര്‍ണ്ണ ബോധത്തോടെ അദ്ദേഹം ഓരോ ചലനവും അറിഞ്ഞുകൊണ്ട് അതിനെ ഓടിക്കാന്‍ കൈ ഉയര്‍ത്തി. കൈ കൊതുകിരുന്നിടത്തു ചെന്നപ്പോഴേക്കും കൊതുക് വീട്ടില്‍ പോയി ഉറക്കം കഴിഞ്ഞിരുന്നിരിക്കണം.

    അല്ല ജിജോ, എല്ലാവരും പുണ്യവാന്മാരായാല്‍ പ്രപഞ്ചത്തിന്‍റെ ഗതി എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രകാശത്തിനു മാത്രമായി നിലനില്‍ക്കാനാവില്ല. താരതമ്യപ്പെടുത്താന്‍ മറ്റൊന്നില്ലാതെ പൊക്കവുമില്ല, സൌന്ദര്യവുമില്ല. അതുകൊണ്ടായിരിക്കണം, ആദിയില്‍ 'എങ്ങും വ്യാപിച്ചിരുന്ന' ആ അന്ധകാരം ആരെങ്കിലും നശിപ്പിച്ചതായി പറഞ്ഞു കേള്‍ക്കാത്തത്. ആ അന്ധകാരത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രകാശം സൃഷ്ടിക്കപ്പെട്ടതും.

    പാപത്തെപ്പറ്റി നിരവധി നിര്വ്വചനങ്ങള്‍ കേട്ടിട്ടുണ്ട്. ഏറ്റവും മനോഹരമായി എനിക്ക് തോന്നിയിട്ടുള്ളത്, അമ്പെയ്ത്തുകാര്‍ എയ്തു പരിശീലിക്കുമ്പോള്‍, ലക്ഷ്യത്തില്‍ നിന്ന് എത്ര മാറിയാണ് അമ്പ്‌ പതിച്ചതെന്ന് അളക്കുന്ന ഒരു യൂണിറ്റാണ് Sin എന്ന വ്യാഖ്യാനത്തോടാണ്. അത് ഗ്രീസില്‍ ഉപയോഗിച്ചിരുന്നുവത്രേ. അതായത്, കേന്ദ്രത്തില്‍ നിന്ന് നാം എത്ര Sin അകലെയാണ് എന്ന് കാണുവാന്‍ ഇത് പയോഗിക്കുക. ആ അര്‍ത്ഥത്തില്‍ നാം എല്ലാം പാപികളാണ്.

    മുട്ടയോ കോഴിയോ ആദ്യം ഉണ്ടായത് എന്ന് ചോദിക്കുന്നതുപോലെയെ ഉള്ളൂ, ഇതൊക്കെ. ആരോടും ഉടക്കിയിട്ടു കാര്യമില്ല. പാപികളും വിശുദ്ധരും, നല്ലതും ചീത്തയും, ശരിയും തെറ്റും ഒന്നുമില്ലാത്ത പ്രപഞ്ചം അചിന്തനീയം. ഈ തത്വാധിഷ്ടിത തര്‍ക്കങ്ങള്‍ സദയം മാറ്റി വെച്ചിട്ട് ഗീഥ തുറക്കുക. എങ്ങിനെയാണ് യുദ്ധം ചെയ്യേണ്ടതെന്നും, എന്താണ് കര്‍മ്മം എന്നും ഭഗവത് ഗീഥ പറഞ്ഞു തരും. അതെല്ലാം നന്നായി മനസ്സിലാക്കിയിട്ടു കൃഷ്ണന്‍ സംഗ്രഹിക്കുന്നത് പോലെ യഥേഷ്ടം ജീവിക്കുക.
    സത്യത്തില്‍ അത് തന്നെയല്ലേ നാം ചെയ്യുന്നത്? അത്രയും ചെയ്യാന്‍ ഇത്രയൊക്കെ പഠിക്കണമായിരുന്നോ?

    എനിക്കെന്തോ കാര്യമായ പ്രശ്നം ഉണ്ടോയെന്നു ചെറിയ ഒരു സംശയം. സംശയം തിര്‍ത്തിട്ട് വീണ്ടും വരാം.

    ReplyDelete
  5. പാപപുണ്യങ്ങളെന്ന ചിന്താപഥത്തിലേയ്ക്ക് അല്മായശബ്ദ വായനക്കാരെ ക്ഷണിച്ച ജീജോ വല്ലതും ലക്ഷ്യമിട്ടിരുന്നോ, ആ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നുണ്ടോ എന്നൊന്നും തീർച്ചയില്ല. ഈ സമയത്ത് ഇത്രയും കട്ടിയായ ഒരു വിഷയം ദാഹനകക്കേടുണ്ടാക്കുമോ എന്നായിരുന്നു എന്റെ ആദ്യത്തെ സന്ദേഹം. ഏതായാലും, മറ്റപ്പള്ളിസാർ ആധികാരികമായി ഏതാനും വരികൾ കുറിച്ചപ്പോൾ ആശ്വാസമായി. അദ്ദേഹത്തിനുപോലും എന്തോ സന്ദേഹമുണ്ടെന്നു തോന്നിപ്പിക്കാൻ ജീജോയുടെ ചോദ്യം ഇടം കൊടുത്തു.

    മദ്ധ്യസ്ഥായിയായ സത്ത്വഗുണത്തിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടുമുള്ള രജസ്-തമസ് ഗുണങ്ങളുടെ ആന്ദോളനമാണ്‌ സുഖ ദുഃഖങ്ങളും പാപപുണ്യങ്ങളുമൊക്കെ. ആന്ദോളനം ഇരുവശത്തേയ്ക്കുമില്ലാതെ ജീവിതമെന്ന സ്പന്ദനം തുടർന്നുപോവില്ല. പ്രകാശത്തിന്റെയും ഇരുളിന്റെയും വ്യത്യസ്ത ചേരുവകളിലൂടെയാണ്‌ വസ്തുപ്രതീതിയും രൂപവ്യതിയാനങ്ങളും നമുക്ക് അനുഭവവേദ്യമാകുന്നത്. ത്രിഗുണങ്ങൾ ഒരേ സമയം വെവ്വേറെ വഴികളിലേയ്ക്ക് നമ്മെ പിടിച്ചുവലിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. സത്ത്വം സുഖത്തിലും രജസ്സ് കർമ്മത്തിലും തമസ്സ് തെറ്റുകളിലും ആസക്തരാക്കുന്നു എന്ന് അർജുനനോട് കൃഷ്ണൻ പറയുന്നുണ്ട്. (ഗീത 14,9) തമോഗുണം രൂക്ഷമായാൽ വെളിച്ചം (അറിവ് ) പോലും ദുഃഖമാണെന്ന തോന്നലുണ്ടാക്കും. (പാപികളും വിശുദ്ധരും, നല്ലതും ചീത്തയും, ശരിയും തെറ്റും ഒന്നുമില്ലാത്ത പ്രപഞ്ചം അചിന്തനീയം. ഈ തത്ത്വാധിഷ്ഠിത തര്‍ക്കങ്ങള്‍ സദയം മാറ്റി വെച്ചിട്ട് ഗീത തുറക്കുക. - ജോ. മറ്റപ്പള്ളി).

    എകഗുണാവസ്തയിലുള്ള ഒന്നും തന്നെ ചരാചരങ്ങളിലില്ല. എല്ലാത്തിലും ഗുരുത്വാകർഷണ ശേഷിയുണ്ട്. കൊന്തയുണ്ടാക്കുന്ന ഒരു സുഹൃത്ത് ഈയിടെ പറഞ്ഞ അനുഭവം കേൾക്കൂ. ഒരു കടലാസ്കൂട്ടിൽ നൂൽക്കമ്പികൊണ്ടുള്ള കുറെ വളയങ്ങൾ സൂക്ഷിച്ചുവച്ചാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം അവ ഒന്നിലേയ്ക്കൊന്നു കയറി കോർത്തുകിടക്കുന്നത് കാണാം പോലും. വെള്ളത്തിൽ പതയുള്ളപ്പോൾ അടുത്തിരുന്നു നിരീക്ഷിക്കുക. ചെറിയ വായൂഗോളങ്ങളെ വലിയവ വിഴുങ്ങുന്നത് കാണാം. ഉറച്ച കരിങ്കല്ലിൽ പോലും ചലന വിധേയത്വമുണ്ട്. അവയിലുള്ള ഊർജങ്ങളുടെ (potential and kinetic energy) നിക്ഷേപം അവയ്ക്ക് കർമ്മശേഷി നല്കുന്നു. അവയിലെ ഓരോ കണവും റേഡിയോ അക്റ്റീവിറ്റി എന്ന രാജസ്സുകൊണ്ട് സജീവമാണ്. അതുകൊണ്ടാണ് പോടിഞ്ഞുമലിഞ്ഞും അത് കാലാന്തരത്തിൽ നമ്മുടെയൊക്കെ ഭാഗമായിത്തീരുന്നത്.

    ഓരോന്നിലും ഏതു ഗുണത്തിനാണ് നിർണായകത്വം എന്നതിനുസരിച്ച് നമ്മുടെ ശ്രദ്ധയിൽ പെടുന്നത് അതായിരിക്കും. എന്നാൽ സത്യത്തിൽ അത് ഒരു സ്പന്ദനത്തിന്റെ ഒരവസ്ഥ മാത്രമാണ്. സ്പന്ദനത്തിനു ഒരു സമയം അതിന്റെ മൂന്നവസ്ഥകളിൽ ഒന്നിൽ മാത്രമേ ഇരിക്കാനാവൂ എന്ന് പറയുന്നതിലും കൃത്യമായത് ഒരവസ്ഥയെ മാത്രമേ ഒരു നിശ്ചിത സമയത്ത് നാം കാണുന്നുള്ളൂ എന്ന് പറയുന്നതായിരിക്കും. നമ്മുടെ സമയസങ്കല്പം വളരെ സ്ഥൂമായതാണ് അതിനു കാരണം.

    എതൊരവസ്ഥയും തല്ക്കാലത്തേയ്ക്ക് മറ്റു രണ്ടിനെയും മറയ്ക്കുന്നു എന്നേയുള്ളൂ. നമ്മുടെ മനോനിലയും അതിനൊരു കാരണമാണ്. എന്തിന്റെയും ഒരു വശത്തുമാത്രം ശ്രദ്ധ ചെലുത്തുമ്പോൾ മറുവശം മറന്നുപോകുക. "എനിക്കെന്തോ കാര്യമായ പ്രശ്നം ഉണ്ടോയെന്നു ചെറിയ ഒരു സംശയം" മറ്റപ്പള്ളി സാറിനു മാത്രമല്ല, എവർക്കും ആവശ്യമാണ്‌.

    ReplyDelete
  6. സക്കറിയാസ് സാറേ, എന്‍റെ പ്രശ്നം വളരെ രൂക്ഷമാണ്. യേശു പറഞ്ഞു, 'വാളെടുക്കുന്നവന്‍ വാളാലേ'യെന്ന്. അതിന് പറ്റിയ ഒരു വിശദീകരണം കണ്ടെത്തി വരുമ്പോള്‍ ഇതാ കിടക്കുന്നു അടുത്തത്‌, 'വിതച്ചത് കൊയ്യും'. ഞാന്‍ സ്വില്ലിട്ടു. ഒരുവന്‍ ചെയ്തതിന്‍റെ ഫലം അവന്‍ തന്നെ നേരിട്ടേ മതിയാവൂയെന്ന് ഉറപ്പ്. കുമ്പസ്സാരം, നേര്ച്ച കാഴ്ചകള്‍, പശ്ചാത്താപം, അനുരഞ്ജനം ഇതുകൊണ്ടൊക്കെ ഫലം മാറ്റപ്പെടുമോയെന്നുള്ളത് അവിടെ നില്‍ക്കട്ടെ.

    ഞാനൊരാളെ വഞ്ചിച്ചു. അതിലൂടെ ഞാന്‍ വരുത്തി വെച്ച കര്‍മ്മ ദോഷം മാറണമെങ്കില്‍ ആരെങ്കിലും എന്നെ ചതിക്കുകയും വേണം, ഞാനത് 'എന്‍റെ വിധി' എന്ന് പറഞ്ഞു രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും വേണം. എന്നെ ചതിക്കാന്‍ ഒരാളെ തയ്യാറാക്കുന്നത് ആര്? ദൈവമാണെങ്കില്‍, നിരപരാധിയായ ഒരാളെ ചതിയനാക്കുന്നത് ശരിയോ?

    നന്മ കൂടുമ്പോള്‍ സ്പന്ദനം ശരിയാവണമെങ്കില്‍ തിന്മയും കൂടണ്ടേ? ഒരു സൈന്‍ വേവിന്‍റെ ഒരു പകുതി മാത്രം ആമ്പ്ലിട്യുടില്‍ വ്യത്യസ്തമായിരിക്കില്ലല്ലോ. അപ്പോള്‍, നല്ലവര്‍ കൂടുന്നതുകൊണ്ടാണോ തെമ്മാടികളും കൂടുന്നത്? ശരിക്കും എനിക്കെന്തോ കുഴപ്പമില്ലേ സക്കറിയാസ് സാറേ?

    ReplyDelete
    Replies
    1. എനിക്ക് കൈവിട്ടു പോയ കാര്യങ്ങളെ അതിന്റെ ശരിയായ ദിശയിൽ എത്തിച്ച എന്റെ രണ്ടു ഗുരുക്കന്മാർക്കും നന്ദി..തീർച്ചയായും ഈ വിഷയത്തെ കുറിച്ചു ചിന്തിച്ചപ്പോൾ ആദ്യം ദഹനക്കേട് തുടങ്ങിയത് എനിക്കു തന്നെയാ..കാര്യമായ എന്തോ ഒരു കുഴപ്പം എനിക്കെന്നോട് തന്നെ തോന്നി..അതായിരിക്കാം ശ്രീ സക്കറിയ സാർ ഇങ്ങനെ പറഞ്ഞത് :"പാപപുണ്യങ്ങളെന്ന ചിന്താപഥത്തിലേയ്ക്ക് അല്മായശബ്ദ വായനക്കാരെ ക്ഷണിച്ച ജീജോ വല്ലതും ലക്ഷ്യമിട്ടിരുന്നോ, ആ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നുണ്ടോ എന്നൊന്നും തീർച്ചയില്ല. ഈ സമയത്ത് ഇത്രയും കട്ടിയായ ഒരു വിഷയം ദാഹനകക്കേടുണ്ടാക്കുമോ എന്നായിരുന്നു എന്റെ ആദ്യത്തെ സന്ദേഹം".

      എന്തായാലും ഒരെത്തിപ്പിടിക്കൽ എങ്ങനെയൊക്കെയോ സാധിക്കുന്നുണ്ട് ...വീണ്ടും, ശ്രീ മറ്റപ്പള്ളി സാർ : "ഞാനൊരാളെ വഞ്ചിച്ചു. അതിലൂടെ ഞാന്‍ വരുത്തി വെച്ച കര്‍മ്മ ദോഷം മാറണമെങ്കില്‍ ആരെങ്കിലും എന്നെ ചതിക്കുകയും വേണം, ഞാനത് 'എന്‍റെ വിധി' എന്ന് പറഞ്ഞു രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും വേണം. എന്നെ ചതിക്കാന്‍ ഒരാളെ തയ്യാറാക്കുന്നത് ആര്? ദൈവമാണെങ്കില്‍, നിരപരാധിയായ ഒരാളെ ചതിയനാക്കുന്നത് ശരിയോ"?

      പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരമായ ധർമ്മസംസ്കാരത്തിനെതിരെയുള്ള ബോധപൂർവ്വകമായ ഏതു പ്രവൃത്തിയും 'പാപം ' എന്ന പേരിലൊരു തമോർജ്ജമായി രൂപപ്പെടുന്നുണ്ട് എന്ന് സാരം . സൂക്ഷ്മമായ്‌ ഒരു നിലനിൽപ്പ്‌ അതിനുണ്ടെന്നും "പാപത്തിന്റെ ഫലം" എന്നവണ്ണം ‌അതിനൊരു രൂപാന്തരീകരണമുണ്ടെന്നും ചുരുക്കം !!!

      ശ്രീ മറ്റപ്പള്ളി സാർ ,സത്യമായും എനിക്കുമെന്തോ കുഴപ്പമുണ്ട് ..


      Delete
    2. ശ്രി. ജിജോ, ഈ ദിശയില്‍ പോയവര്‍ കുറെ മുമ്പില്‍ എത്തുമ്പോള്‍ ചിന്തിക്കുന്നത്, എന്‍റെ അനുഭവങ്ങള്‍ ആരോടും പറഞ്ഞിട്ട് കാര്യമില്ലാ, ആരെയും പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുന്നതല്ല എനിക്കുണ്ടായ തിരിച്ചറിവ് എന്നായിരിക്കും. അറിവ് അനുഭവമായി മാറുമ്പോഴത്തെ സ്ഥിതിയാണത്. പതിനെട്ടു പുരാണങ്ങളും എഴുതിയ വ്യാസന്‍ പറഞ്ഞത്, എനിക്ക് രണ്ടേ രണ്ടു കാര്യങ്ങളെ പറയാനുള്ളൂ: പരോപകാരം പുണ്യമാണ്, പരപീഢനം പാപവുമാണ്. പിന്നെന്തിനാ ഈ പുരാണങ്ങള്‍ മുഴുവന്‍ എഴുതിയതെന്നു ചോദിച്ചേക്കാം.

      പാപം തമോര്‍ജ്ജമാണ് എന്ന് സൂചിപ്പിച്ചു കണ്ടു, പക്ഷേ ഊര്‍ജ്ജം ഒന്ന് മാത്രം - സ്നേഹം. ചൂട് കുറയുമ്പോള്‍ തണുപ്പാകുമെന്നല്ലാതെ, ചൂടിന്‍റെ എതിരല്ലല്ലോ തണുപ്പ്. രണ്ടും തെര്‍മോ മീറ്റര്‍ കൊണ്ടല്ലേ അളക്കുന്നത്? സ്നേഹം കുറയുമ്പോള്‍ വെറുപ്പുമാകാം, പാപവുമാകാം; തമവുമാകാം രജവുമാകാം സാത്വികവുമാവാം. എല്ലാത്തിലും എല്ലാത്തിന്‍റെയും അംശവുമുണ്ടായിരിക്കും. "എകഗുണാവസ്തയിലുള്ള ഒന്നും തന്നെ ചരാചരങ്ങളിലില്ല." സക്കറിയാസ് നെടുങ്കനാല്‍.

      ഭാരതീയ ഇതിഹാസങ്ങള്‍ സ്പഷ്ടമായി പറയുന്ന ഒരു കാര്യമാണ്, ഉള്ളിലേക്കുള്ള ഈ യാത്രയില്‍ സഹായിക്കാന്‍ ഒരു ഗുരു വേണമെന്ന്. അവിടെയാണ് യേശുവിന്‍റെ സ്ഥാനം. അങ്ങിനെയൊരു ഗുരുവായി യേശുവിനെ കണ്ടിരുന്നെങ്കില്‍ ലോകം കുറെയേറെ മുന്നോട്ടു പോകുമായിരുന്നു. ആരും ഇവിടെ പാപികളുമല്ല, പുണ്യവാന്മാരുമല്ല. ഓരോരുത്തരെയും ഒരു ദൌത്യം ഏല്‍പ്പിച്ചിരിക്കുന്നു. ചിലര്‍ക്ക് നഖമാകാന്‍ ചിലര്‍ക്ക് കാതാകാന്‍. ചിലര്‍ക്ക് കണ്ണാകാന്‍. ചിലര്‍ക്ക് തൊലിയാകാനായിരിക്കും വിധി. ഓരോരുത്തരും സ്വന്തം ദൌത്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുമ്പോള്‍ ഈ പ്രപഞ്ച ശരീരം സുന്ദരമാകും.

      ഈ കോസ്മിക് വേദിയില്‍ നിരവധി നാടകങ്ങള്‍ നടക്കുന്നു. അവിടെ ഒരു കഥാപാത്രം മരിച്ചു വീഴുന്നത് കണ്ടു, കാണികള്‍ എന്തിനു കരയണം? കര്‍ട്ടന്‍ വീണുകഴിയുമ്പോള്‍ ചത്തത് പോലെ അഭിനയിച്ചവന്‍ എണിറ്റു പോകുമെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഒരു വൃത്തത്തിന്‍റെ ചുറ്റും നടക്കുന്നതുപോലെയെയുള്ളൂ നമ്മുടെയെല്ലാം സത്യാന്വേഷണ യാത്ര. കുറേക്കഴിയുമ്പോള്‍ മനസ്സിലാകും നമ്മുടെ യാത്ര തുടങ്ങിയിടത്തു തന്നെ എത്തിയിരിക്കുന്നുവെന്ന്. ഒരു വ്യത്യാസം കാണും, ചുമക്കാന്‍ കുറെ അറിവുകള്‍ കൂടി മാറാപ്പില്‍ ഉണ്ടാവും. അത് കളയാന്‍ ഒട്ടു തോന്നുകയുമില്ല, ചുമന്നോണ്ട് മുന്നോട്ടു പോകാനും വയ്യാ എന്ന സ്ഥിതിയില്‍ എത്തും. ഇതാണ് പാപ-പുണ്യങ്ങളുടെ അതി സൂഷ്മ സ്ഥിതി - ഞാന്‍ അറിഞ്ഞിടത്തോളം.

      ശൂന്യതയില്‍ നിന്ന് തുടങ്ങിയത് ശൂന്യതയില്‍ ഒടുങ്ങിയെ മതിയാവൂ. പിന്നെന്തിനാ ഈ നെട്ടോട്ടം: അതിനും എനിക്കുത്തരമില്ല. ധ്യാനം പക്ഷെ എല്ലാത്തിനും ഉത്തരമാണ്.....സ്വയം അലിഞ്ഞലിഞ്ഞു തിരുമ്പോള്‍ ചോദ്യങ്ങള്‍ എല്ലാം അസ്തമിക്കും, ഉത്തരങ്ങള്‍ ഉദിക്കുകയും ചെയ്യും. ആരാണ് ആത്മജ്ഞാനമില്ലാത്തവര്‍? ഉത്തര കാശിയിലെ കശാപ്പുകാരനും ഉണ്ടായിരുന്നു വേണ്ടത്ര. സാക്കിന്‍റെ നിര്‍വ്വചനം കൊള്ളാം, വേറിട്ട്‌ നില്‍ക്കുന്നു. "ഈ വിശ്വത്തിന് സഹജമായ ഒരു നന്മയുണ്ട്. അതിനനുസരിച്ച് പോകുന്നതാണ് പുണ്യം, അതിൽനിന്ന് വ്യതിചലിക്കുന്നതാണ് പാപം." എത്ര ശരി.

      Delete
  7. കുരുക്ഷേത്രയുദ്ധത്തിനു തൊട്ടുമുമ്പ് അർജുനനെ ബാധിച്ച വിഷാദരോഗമാണോ നിങ്ങൾ (JM & Jijo) ഇരുവരെയും ബാധിച്ചിരിക്കുന്നത് എന്നെനിക്കു സംശയമില്ലാതില്ല. അങ്ങനെയെങ്കിൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ രക്ഷക്ക് വരേണ്ടിവരും.

    ഏപ്രിൽ മാസത്തിലെ സത്യജ്വാലയിൽ ശ്രീ മറ്റപ്പള്ളി സാർ എഴുതിയ ഭയം ജീവിതത്തിൽ എന്ന ലേഖനവും അതിന്റെ മെയ്‌ മാസത്തിലെ തുടർച്ചയും വായിച്ചു മനസ്സിലാക്കിയാൽ തല്ക്കാലം പിടിച്ചു നിൽക്കാം, ജീജോ. ആത്മീയ വളർച്ചയുടെ പാതയിൽ ഭയവും ഭയപ്പെടുത്തലും അരുത്, ആവശ്യമില്ല എന്ന് അതിൽ പറഞ്ഞിട്ടുണ്ട്. ശിക്ഷിക്കുന്ന ഒരു ദൈവത്തെ സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ മതങ്ങൾ തന്നെ അനാവശ്യമായിത്തീർന്നേനെ. ഞാൻ ചെയ്യുന്ന തെറ്റിന് മറ്റൊരാളെ കണ്ടുപിടിച്ച് അവനെക്കൊണ്ട്‌ എന്നോട് പകരം വീട്ടാതെ കാര്യങ്ങൾ സന്തുലിതാവസ്ഥയിൽ എത്തിക്കാൻ ദൈവത്തിനു കഴിയും എന്ന് വിശ്വസിക്കാൻ പ്രയാസം കാണുന്നില്ല. ഭൂമിയിൽ നമ്മൾ വിശ്വസിക്കുന്നതും ചെയ്യുന്നതും എത്ര 'അസത്യ'മെന്ന് ബഹിരാകാശത്തു നിന്ന് ഭൂമിയെ വീക്ഷിക്കുമ്പോൾ നമ്മൾ തിരിച്ചറിയും. അതുപോലെയല്ലെയുള്ളൂ, ഞാൻ ചതിച്ചതിനു പകരമായി എന്നെ ചതിക്കാൻ ദൈവം ഒരാളെ കണ്ടെത്തേണ്ടിവരുന്ന ഗുലുമാലും?

    എന്നെക്കൊണ്ട് എന്തെങ്കിലും എഴുതിപ്പിച്ചുകൊണ്ട്‌ സംവാദം കുറേക്കൂടി തുടർന്ന് കൊണ്ടുപോകാം എന്നാണെങ്കിൽ അത് മനസ്സിലിരിക്കട്ടെ. പണ്ട് പണ്ട് സൌദിയിൽ താമസിച്ചിരുന്ന ഒരു തരുണി എന്നോട് അടുപ്പം കാണിച്ച് എഴുത്തയക്കുമായിരുന്നു. ഇന്റെർനെറ്റൊന്നും അന്നില്ല. അവൾ പ്രണയനൈരാശ്യത്തിലാണെന്നും എന്റെ ഉപദേശം, സഹതാപം ഒക്കെ ഇല്ലെങ്കിൽ, പിടിവിട്ടുപോകും എന്നുവരെ എനിക്ക് എഴുതികൊണ്ടിരുന്നു. അല്പം പൊങ്ങിപ്പോയ ഞാൻ, ഒരാത്മാവിനെ രക്ഷപ്പെടുത്തേണ്ട അവസരമല്ലേ, ഉത്തരവാദിത്തം ഉപേക്ഷിക്കാമോ എന്നൊക്കെ കരുതി, നീണ്ട മറുപടികൾ എഴുതിക്കൊണ്ടിരുന്നു? ഏതായാലും വളരെ വൈകിയാണ് എനിക്ക് പിടികിട്ടിയത്, അവൾക്കു ഒരു പ്രേമവും നൈരാശ്യവും അവിടെയില്ലായിരുന്നു, ദൂരെയുള്ള എന്റെ (കഥകളും തമാശകളും പൊട്ട തത്ത്വശാസ്ത്രവുമൊക്കെ നിറച്ച) കത്തുകൾ കിട്ടാനുള്ള വിദ്യയായിരുന്നു അവൾ പറഞ്ഞ നുണക്കു പിന്നിൽ എന്ന്.

    എന്ന് പറഞ്ഞതുപോലെ, ഞാൻ എന്തെങ്കിലും വിഡ്ഢിത്തരം കുറിക്കട്ടെ, കൂടൽ അച്ചായാൻ എനിക്കിട്ടു രണ്ട് കൊട്ട് തരട്ടെ, അല്ലെങ്കിൽ അമേരിക്കയിൽ നിന്ന് ജോസെഫ് മാത്യു ഇടപെടട്ടെ, അതുമല്ലെങ്കിൽ അട്മിനിസ്ട്രെറ്റർ എന്നെയൊന്നു വിരട്ടട്ടെ എന്നൊക്കെ വല്ല ദുഷ്ട ലാക്കുമാണോ നിങ്ങളുടെ വിഷാദരോഗത്തിനിനു പിന്നിൽ, ആരറിഞ്ഞു!

    ReplyDelete
  8. (Joseph MattappallyJune 3, 2013 at 3:45 PM)

    JM ന്റെ ഈ കമെന്റിനു മുമ്പാണ് എന്റെ പോസ്റ്റ്‌ വരേണ്ടിയിരുന്നത്. എന്നാൽ അതിനു ശേഷം വാന്നതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ, ഞാനത് ഡിലീറ്റ് ചെയ്യുന്നില്ല.

    ReplyDelete
  9. പാപപുണ്യങ്ങലെ കുറിച്ചൊരു പൊതുനിർവചനം അസാദ്ധ്യമാണെന്നിരിക്കെ ഒരു വരികൂടി എഴുതുന്നു . ഓരോ സമൂഹത്തിനും , മതവിശ്വാസങ്ങൾക്കും പാപപുണ്യങ്ങൾ വെവ്വേറെ ആണെന്ന വലിയ സത്യം ഒരച്ചായനും കത്തനാരും മറക്കാതിരുന്നാൽ നന്ന് . കേരളത്തിൽ മുസല്മാണ് 10 കെട്ടാം !,പാഞ്ചാലി /,കൃഷ്ണൻ പോലെ , ഹിന്ദുകൾക്കു ബഹുഭാര്യമാരും ബഹുഭർത്താക്കന്മാരും ആകാം !നോ പാപം !പക്ഷേ പാവം അച്ചായനിതു പറ്റുമോ , അച്ചായത്തികൾക്കും ? നമുക്കത് മനസിൽപോലും കയറാൻ പാടില്ല ! അബ്രഹാമിന് സാറയും ,കേതൂരായും പിന്നെ സാറയുടെ ദാസിപെണ്ണു ഹാഗാരും ! പക്ഷേ ഇതിയാന്റെ മടിയിലിരിക്കാൻ സ്വർഗത്തിൽ പോകുന്ന നമുക്കിതു കത്തനാരും സമൂഹവും സമ്മതിക്കുമോ? ദാവീദിന് 600/സോളമൻമോന് 700 ഭാര്യമാരും : അപ്പന് 300 വെപ്പാട്ടിമാരും മകന് വെറും 400 ഉം ! ഇന്നിതു നമുക്ക് ചിന്തിക്കാൻ കൂടിയാവില്ലല്ലൊ ? അതിനാൽ പാപപുണ്യങ്ങൽ മാറിമറിയുന്നതാണ് പ്രിയരേ .കാലത്തിനും നിയമത്തിനും സമൂഹവാഴ്ചയ്ക്കും ഒക്കെ ഒക്കെ ആനുകാലികമാണീ വാക്കുകൾതന്നെ ! യുദ്ധത്തിലെ കൊലയും കേരളരാഷ്ട്രീയകൊലയും ഒക്കെ വേറെവേറെ തരംതിരിയപ്പെടുന്നു . അതിനാലിവകൾ വെറും മനസിന്റെ കണ്ടെത്തലുകലാകാം ,നേരറിയുന്നോൻ മൗനിയുമാണല്ലൊ! ഒന്നും മിണ്ടൂല്ല ...പാവം മനുഷ്യർ പുരോഹിതന്റെ അടിമയായതിലൊരുതെറ്റുമില്ലെ ഇല്ല ...

    ReplyDelete
  10. How very special are we
    For just a moment to be
    Part of life’s eternal rhyme
    How very special are we
    To have on our family tree
    Mother Earth and Father Time
    He turns the seasons around
    And so she changes her gown
    But they always look in their prime
    They go on dancing their dance
    (unknown author)

    ReplyDelete
  11. ഒരിത്തിരി നർമ്മം കലർത്തിയാണെങ്കിലും , ചർച്ച ഏറ്റവും അർത്ഥവത്തായി, ഹൃദ്യമായി മുന്നോട്ടുപോയി . വിഡ്ഢിച്ചെറുക്കന്റെ സന്ദേഹങ്ങളോടുള്ള പ്രതികരണങ്ങളിൽ , പിതൃസഹജമായ വാത്സല്യവും സ്നേഹവും നിറച്ച പ്രിയപ്പെട്ട സക്കറിയ സാറിനും , ജോസഫ്‌ മറ്റപ്പള്ളി സാറിനും കണ്ണീരുപ്പുകലർന്ന നന്ദി ..ശ്രീ.കൂടൽ സാറിനെയും , തെരേസിയ ആന്റിയേയും സ്നേഹത്തോടെ ഓർക്കുന്നു .. ഭൂമിയിലെ സന്മനസ്സുള്ളവരെ പ്രണമിച്ചുകൊണ്ട് ..

    ശുഭം ..

    ReplyDelete
  12. ഒരു പയ്യന്റെ ചോദ്യത്തിനെ അടിസ്ഥാനമാക്കി വീറോടെ സംവാദത്തിൽ ഏർപ്പെട്ട ശ്രീ സാക്കും ശ്രീ മറ്റപ്പള്ളിയും തുല്യമായി പാണ്ഡിത്യം തെളിയിച്ചെങ്കിലും രണ്ടുപേരും വിജയിച്ചെന്ന് തോന്നുന്നില്ല. ബേബി ജിജോ 'ശുഭം' എന്നുപറഞ്ഞ് കർട്ടൻ ഇട്ടുകഴിഞ്ഞു. ചർച്ചകളെ ബന്ധിപ്പിക്കാതെ ഞാനും പാപത്തെപ്പറ്റി രണ്ടു വാക്ക് കുറിക്കട്ടെ.

    ബാലനായിരുന്നപ്പോൾ പാപങ്ങൾ ഒത്തിരിയൊത്തിരിയുണ്ടായിരുന്നു. കുമ്പസാരിച്ചിട്ടുണ്ട്. പിന്നീടുള്ള കാലഘട്ടങ്ങളിൽ പാപങ്ങൾ ഞാൻ ചെയ്തതായി അറിയില്ല. അറിവായപ്പോൾ മോസസിന്റെ പ്രമാണങ്ങൾ കാലഹരണപ്പെട്ടുപൊയിരുന്നു. ബോധത്തിലെ അശുദ്ധചിന്തകൾ, വാക്കാലെ, പ്രവർത്തിയാലെ മറ്റുള്ളവരെ വേദനിപ്പിക്കുക, അഹങ്കാരം മനുഷ്യന്റെ അധർമ്മം എന്നൊക്കെ സാക്ക് വിവരിച്ചുകഴിഞ്ഞു. പ്രപഞ്ചത്തിന്റെ നിലനില്പ്പിനെതിരെയുള്ള ഏതു സംസ്ക്കാരവും അധർമ്മമെന്നു ബേബി ജിജോയും തിരിച്ചറിവില്ലാത്തതാണ് മനുഷ്യന്റെ തകരാറെന്ന് ശ്രീ മറ്റപ്പള്ളിയും വിവരിച്ചു.

    എല്ലാവരും പുണ്യാവന്മാരായാൽ പ്രപഞ്ചത്തിന് യാതൊരു സൌന്ദര്യവും കാണുകയില്ലാന്നുള്ള ശ്രീ മറ്റപ്പള്ളിയുടെ തത്ത്വജ്ഞാനവും നന്നാ ഇഷ്ടപ്പെട്ടു. ഭാരതമാണ്‌ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള രാജ്യം. അധ്യാത്മിക ഭാരതം, ഋഷികളുടെ നാട്, വേദങ്ങൾ, പുരാണങ്ങൾ, നഗ്നസന്യാസികൾ,ആൾ ദൈവങ്ങൾ അങ്ങനെയങ്ങനെ കേൾക്കാൻ എന്ത് മനോഹരം സുന്ദരം. ദുര്ഗാ ദേവിയുടെ സ്ത്രീശക്തി. നിറമുള്ള രാജ്യമാകുന്നത്‌ സഭ, കോഴ, കത്തോലിക്കാ എന്നൊക്കെ പറയുമ്പോഴാണ്. മധുരിക്കുന്ന തത്ത്വചിന്തകളുടെ നാട് സ്ത്രീയെ ബാലാൽസംഗത്തിനും പേരുകേട്ടു. സ്ത്രീ വെറും അടിമ. ദളിതൻ പലയിടങ്ങളിലും മൃഗതുല്ല്യൻ. ഭാരതം വർണ്ണഭംഗിയോടെ തിളങ്ങുന്നു.

    മനസാക്ഷിക്കെതിരെ അപരനെ വേദനിപ്പിക്കാതിരിക്കുന്നതാണ്ശരിയായ മതം. ഒരു കാളക്കുട്ടിയെ ആരാധിച്ചതും വിഡ്ഢിയായ ആദം ആപ്പിൾ തിന്നതും പാപം ആക്കിയത് ബുദ്ധിമാനായ യഹൂദനായിരുന്നു. പാപം എന്നാൽ ഒരുവന്റെ സങ്കൽപ്പത്തിലുള്ളതാണ്. സ്വന്തം മക്കൾ മുഴുപ്പട്ടിണിയെങ്കിൽ മറ്റു നിവൃത്തിയില്ലെങ്കിൽ അയൽവക്കത്തെ മുതലാളിയുടെ കപ്പകട്ടാലും പാപമല്ല. ബാലരതിക്കാരായ പുരോഹിതർ ബാലരതി പാപമല്ലെന്ന് സ്വന്തം പ്രവൃത്തിയിൽക്കൂടി അധ്യാത്മികത പഠിപ്പിക്കുന്നു. വ്യപിചാരിയായ സ്ത്രീയുടെ കന്യകത്വം നഷ്ടപ്പെട്ടാലും പാപം അല്ല. കന്യകാചർമ്മം വെച്ചുപിടിപ്പിച്ച് പാപപരിഹാരം നടത്താമെന്ന് ബഹുമാനപ്പെട്ട സിസ്റ്റർ സെഫി ലോകത്തിന് മാതൃകകാണിച്ചു. കൊല്ലരുത്, കക്കരുത്, വ്യപിചാരം ചെയ്യരുതെന്നുള്ള എല്ലാ പാപങ്ങളും അസ്ഥിരപ്പെട്ടുപോയതാണ്. അൾത്താരയിലും പ്രതിഷ്ഠിക്കുവാൻ പ്രിയപ്പെട്ട മറിയക്കുട്ടിയുടെ കൊലയാളിയും എത്തുന്നുണ്ട്.

    പാപത്തെപ്പറ്റി ശ്രീ ചാക്കോ കളരിക്കൽ 'ലൈംഗികതയും പൌരാഹിത്യവും' എന്ന പുസ്തകത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. പേജ് 21-ൽ പാപം വരാതെയിരിക്കുവാൻ മൂത്രംഒഴിക്കുന്നത് എങ്ങനെയെന്ന് സെമിനാരിജീവിതകാലത്ത് അദ്ദേഹത്തിന്റെ അനുഭവകഥകളിൽകൂടി ഗുരുക്കന്മാർ പഠിപ്പിച്ച വിവരം വിശദികരിച്ചിട്ടുണ്ട്. പൊതുചർച്ചാ വേദിയിൽ ചാക്കോച്ചന്റെ ഭാഷാശൈലി എഴുതുന്നില്ല. സാക്കിനെ ഭയമില്ലെങ്കിൽ റോഷൻ വായിച്ചിട്ട് എഴുതട്ടെ.

    ഒരു വ്യക്തിയെ നാം ബഹുമാനിക്കുകയെന്നത് ലൊകതത്ത്വമാണ്. എന്നാൽ അയാളുടെ വിശ്വാസങ്ങളെ നാം ബഹുമാനിക്കണമെന്നില്ല. വിശ്വാസങ്ങളെ ബഹുമാനിച്ചില്ലെങ്കിൽ സാധാരണ മതഭ്രാന്തർ വ്യക്തിഹത്യ നടത്തുകയായി. പാപിയായി മുദ്ര കുത്തുകയായി. ആണ്ടു കുമ്പസ്സാരം മുടക്കുന്നവനും പാപി. പാപിയെ സ്നേഹിക്കണമെന്ന് യേശു പറഞ്ഞു. സ്നേഹിക്കാം. പക്ഷെ സഭ ചെയുന്ന തോന്ന്യാസങ്ങൾക്ക് വെറുപ്പിന്റെ ഭാഷയല്ലാതെ എന്തുമറുപടി. ഇവിടെ വെറുപ്പ്‌ ഒരു പാപമായി തോന്നുന്നില്ല. പൊതുനിരത്തുകളിലും പൊതുവേദികളിലും പാപികളേ, പാശ്ചത്താപിക്കൂവെന്ന് അല്മായരെ ഉപദേശിക്കുന്നത് കേൾക്കാം. പുരോഹിതരുടെ ചുറ്റുമുള്ള ലോകം പാപികളാണ്.

    പാപികളെ സ്നെഹിക്കുകയെന്നതാണ് ക്രിസ്ത്യൻ തത്ത്വം. എന്നാൽ സ്വവർഗ രതിക്കാർക്കെതിരെ സഭ ചെയ്യുന്ന ക്രൂരതകൾക്ക് കണക്കില്ല. സർക്കാരിൽനിന്നും അവർക്കനുകൂലമായിനിയമം വന്നാൽ പ്രകൃതിവിരുദ്ധമെന്ന് പറഞ്ഞ് സഭ എതിർക്കും. സ്വവർഗ മോഹം ബയോളജിക്കൽ എന്ന് വൈദ്യശാസ്ത്രം വിധി എഴുതിക്കഴിഞ്ഞു. എന്നിട്ടും അവരുടേതല്ലാത്ത കുറ്റത്തിന് സഭ അവർക്ക് കൂദാശകൾ എന്തിന് നിഷേധിക്കുന്നു. അവർ പാപികളാകുന്നത് എങ്ങനെ? സ്വവർഗരതി പാപമെങ്കിൽ പാപത്തെ വെറുത്തുകൊള്ളുക. പാപിയെന്ന വ്യക്തിയെ തേജോവധം ചെയ്യുന്നതെന്തിന് ? ഒരുവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നതാണ് പാപം.

    ReplyDelete
  13. Sin is an imaginary disease that was invented to sell you an imaginary cure.

    ReplyDelete