Translate

Thursday, August 1, 2013

പ്രിയപ്പെട്ട യേശൂ,

ചെറുപ്പം മുതൽ നിന്നെ നാഥാ എന്ന് വിളിക്കാൻ ഞാൻ പഠിച്ചിരുന്നു. ഭക്ഷണത്തിനു മുമ്പ് ഞാൻ നിന്റെ ആശീർവാദം യാചിച്ചിരുന്നു. ദൈവപുത്രാ എന്നഭിസംബോധന ചെയ്ത് നിന്റെ അനുഗ്രഹം പ്രാർഥിച്ചിട്ടായിരുന്നു എന്റെയുറക്കം. അപ്പോഴൊന്നും നാഥനെന്ന ഈ വിളിയുടെ ഉള്ളർത്ഥത്തെപ്പറ്റി ഞാനധികമൊന്നും ചിന്തിച്ചിരുന്നില്ല. എങ്കിലും എന്റെ മാതാപിതാക്കളും ഗുരുക്കളും വൈദികരും നിന്നെപ്പറ്റി പറഞ്ഞുതന്നിട്ടുള്ളതിൽനിന്നും വളരെ വ്യത്യസ്തനാണ് നീയെന്ന് കാലക്രമേണ ഞാൻ മനസ്സിലാക്കുകയായിരുന്നു.
പതിവിൻപടി എനിക്ക് സംബോധന ചെയ്യാനാവുന്ന ഒരു വ്യക്തിയല്ലാതായി തീർന്നിരിക്കുന്നു, ഇന്ന് നീ. പൊതുവേ പറഞ്ഞാൽ, നീ ഉരുവിട്ടതായും ചെയ്തതായും ബൈബിളിൽ കുറിച്ചിരിക്കുന്നവയിലധികവും നീ അതുപോലെ പറഞ്ഞിട്ടും ചെയ്തിട്ടുമില്ല. പുതിയ നിയമ കൃതികളും സഭാപാരമ്പര്യവും ചിത്രീകരിക്കുന്ന ആളേയല്ല നീ. ഞങ്ങൾ മനുഷ്യരെയപേക്ഷിച്ച് നീ ദൈവപുത്രനോ ദൈവാവതാരമോ അല്ലതന്നെ. മനുഷ്യരുടെ പാപപ്പൊറുതിക്കായി മരിക്കാൻ നീ ഒരിക്കലും ആഗ്രഹിച്ചിരുന്നതേയില്ല. ഞായറാഴ്ചകൾ തോറും ഒരിക്കൽ ഞാനും സംബന്ധിച്ചു നടത്തിയിരുന്ന നിന്റെ അത്താഴവിരുന്നിനെ അനുകരിച്ചുള്ള ദിവ്യബലി, സഭ ശഠിക്കുമ്പോലെ, നിന്റെ ഓര്മ്മക്കായി നീ സ്ഥാപിച്ചിട്ടില്ല എന്ന് മനസ്സിലാക്കുക എന്നെ വേദനിപ്പിക്കാതില്ല. അതിൽ ഞങ്ങൾ ഭക്ഷിക്കുന്ന അപ്പം നിന്റെ ശരീരമോ, കുടിക്കുന്ന വീഞ്ഞ് നിന്റെ രക്തമോ ആകുന്നില്ല. ഞങ്ങളുടെ സ്വന്തം ആതുരത്വമാണ് ഇതിലൊക്കെ സത്യമുണ്ടെന്ന് തോന്നിപ്പിച്ചത്. യഹൂദനെന്ന നിലക്ക് രക്തം പാനം ചെയ്യുക എന്നതുതന്നെ നിനക്ക് ചിന്ത്യമായിരുന്നില്ല എന്ന സത്യം അറിഞ്ഞിട്ടും, സഭയും അതിലെ മേലാളരും ഇതെല്ലാം വിശ്വാസസത്യങ്ങളാക്കി, നിന്റെ കല്പനകളെന്നെ ബോധ്യത്തിൽ ഞങ്ങൾക്ക് പഠിപ്പിച്ചുതരികയായിരുന്നു. ചിന്തിച്ചുനോക്കിയാൽ, നരഭോജനമായി കരുതേണ്ട ഈ ആചാരത്തെ എന്നും സംശയിച്ചിരുന്നെങ്കിലും, ദൈവശാസ്ത്രവിശകലനങ്ങളുടെ ഊരാക്കുടുക്കിൽ ഞങ്ങളിൽ പലരും ഇന്നും പെട്ടുപോകുന്നു.

സ്നേഹത്തിന്റെ കാഴ്ചപ്പാടിൽ നീ മഹത്തായ ഒരു പെരുമാറ്റച്ചട്ടം നിന്റെ ശിഷ്യരെ പഠിപ്പിക്കുകയും, ഇസ്രായേലിന്റെ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി അതിനെ വ്യാഖ്യാനിക്കുകയും, അതിൻപ്രകാരം അവരെ നയിക്കുകയും ചെയ്തു. ശത്രുവിനെയും ഒരുവന്റെ സ്നേഹവലയത്തിൽ ഉള്ക്കൊള്ളുന്ന മഹാമനസ്കതയോടെ ഉജ്ജ്വലങ്ങളും ഹൃദയസ്പർശികളുമായ ഉപമകളെ നീ നെയ്തെടുത്തു. എന്നാലെന്തുവേണ്ടി, യുവപ്രതിഭയായിരിക്കെത്തന്നെ അവിചാരിതമായി നീ മരിക്കേണ്ടിവന്നു. പിതാവെന്നു വിളിച്ച്, നീ വിശ്വസിക്കുകയും സമ്പർക്കം പുലര്ത്തുകയും ചെയ്ത ദൈവം നിന്നെ കൈവിട്ട വേദനയിൽ നീ ചങ്കുപൊട്ടി മരിച്ചു. ഭാവിയെപ്പറ്റി നിനക്കുണ്ടായിരുന്ന സങ്കല്പങ്ങളുടെ തകർച്ചയായിരുന്നു അത്.

നീ ഉയിര്ത്തു എന്ന വിശ്വാസം ആര്ത്തിയോടെ പറഞ്ഞു പരത്തപ്പെട്ടില്ലായിരുന്നെങ്കിൽ നിന്റെ മഹദ്വചനങ്ങളും പ്രവൃത്തികളും കാറ്റിൽ പറന്നുപോയ കരിയിലപോലെ മറക്കപ്പെടുമായിരുന്നു. നീ തിരിച്ചെത്തുമെന്നു വിശ്വസിച്ച കുറെ പേരില്ലായിരുന്നെങ്കിൽ നിന്റെ സംഭാവനകളിലൊന്നും ബാക്കിയിരിക്കുമായിരുന്നില്ല. പക്ഷേ, നിന്റെ ഉയിര്പ്പും പുനരാഗമനവും അനാഥരായിപ്പോയവരുടെ മനക്കോട്ടകൾ മാത്രമായിരുന്നു. ഇരുപതിൽപരം നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഇന്നും കുറേപ്പേർ ഈ പുൽത്തുമ്പിൽ പിടിച്ച് രക്ഷപ്പെടാൻ കൊതിക്കുന്നു. സഭാനേതാക്കളും പുരോഹിതഗണവും പുതിയ നിർവചനങ്ങളിലൂടെ നിന്റെ പുനരുത്ഥാനത്തെ വിശ്വാസയോഗ്യമാക്കാൻ ശ്രമിക്കുന്നു. ദൈവരാജ്യത്തിന്റെ പൊടുന്നനെയുള്ള സംഭവ്യതയിൽ നീ മരണംവരെ പ്രതീക്ഷ നട്ടിരുന്നെങ്കിലും ഇത്രയൊന്നും നീ നിനച്ചിട്ടേയുണ്ടായിരുന്നില്ല. നിന്റെ കണക്കുകൂട്ടലുകൾക്ക് പകരം ഉടലെടുത്തതോ നിന്റെ പേരിൽ  ഒരു രാജകീയ സഭ! നിന്റെ അനുയായികൾ എന്ന വീറോടെ, അതിഭാവുകത്വത്തിനു വഴങ്ങി, ചരിത്രസത്യങ്ങളിൽ മായം കലർത്തി, അവർ സ്വന്തം ആഗ്രഹപൂര്ത്തീകരണത്തിനുതകുന്ന ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു.

കണ്ടാലും യേശുവേ, നിന്റെ കാലശേഷം ക്രിസ്ത്യാനികൾ കാട്ടിക്കൂട്ടിയ വിക്രിയകൾ! യഹൂദരിൽ ഭൂരിഭാഗവും ഇവരുടെ വീക്ഷണങ്ങൾ പങ്കുവച്ചില്ല എന്ന ഒറ്റ കാരണംകൊണ്ട്, നിന്റെ സ്വന്ത സമുദായത്തിൽ പെട്ട അവരെ "സാത്താന്റെ മക്കൾ" എന്ന് നാമകരണം ചെയ്യുന്ന പുതിയനിയമവാക്യങ്ങൾ തൊട്ട് തുടങ്ങുന്നു, ഈ വിരുദ്ധ്വോക്തി. ഇതിലെ നീചത്വം എന്തെന്നാൽ, ഈ ശാപവാക്കുകൾ നിന്റെ വായിലാണവർ തിരുകിവച്ചത്! ഈ യഹൂദവിരുദ്ധത പിന്നെ സഭാചരിത്രത്തിലുടനീളം ശക്തിയാർജ്ജിക്കുകയും അനേക സഹസ്രങ്ങളുടെ കുരുതിയിൽ കലാശിക്കുകയും ചെയ്തു. ഈ ചരിത്രവിശേഷം ഇന്നാരെയും അത്ഭുതപ്പെടുത്തേണ്ടതില്ല. കാരണമെന്തെന്നാൽ, പഴനിയമ പുസ്തകങ്ങളിൽ രൂപമെടുത്ത യെഹോവയുടെ മുഖഛായ ഒരു അസഹിഷ്ണുവിന്റെയും അസൂയാലുവിന്റെയുമാണ്‌. ഈ മാതൃകയനുസരിച്ച്, തങ്ങളുടെ എതിരാളികൾ എന്ന് അവർ ധരിച്ചുവശായ യഹൂദരോടും മറ്റു മതവിശ്വാസികളോടും വിരോധമല്ലാതെ മറ്റൊന്നും ക്രിസ്ത്യാനികള്ക്ക് സാദ്ധ്യമാലായിരുന്നു. എല്ലാ ജനങ്ങള്ക്കും ഉണ്ടായിരിക്കേണ്ട മൌലികാവകാശ- സമത്വസമ്പ്രദായങ്ങളെ അംഗീകരിക്കുവാൻ ഇവര്ക്ക് കഴിയുമായിരുന്നത് എങ്ങനെ? 

ഇങ്ങനെയെല്ലാം വന്നുഭവിച്ചതിൽ നിനക്ക് പങ്കില്ലായിരുന്നെങ്കിലും, യേശുവേ, നിന്നോടെനിക്ക് സഹതാപമുണ്ട്. നിന്നെ ഞങ്ങള്ക്കോ നിനക്ക് ഞങ്ങളെയോ മനസ്സിലാക്കുക വിഷമംതന്നെ. നമ്മുടെ കാലങ്ങൾ അത്രക്ക് വ്യത്യസ്തങ്ങളാണ്. ഭക്തനായ ഒരു യഹൂദനെന്ന നിലക്ക് അന്നു നീ വിശ്വസിച്ചിരുന്ന പലതും സങ്കല്പിക്കാൻപോലും ഞങ്ങൾക്കാകുന്നില്ല. ഒന്നോർത്തു നോക്കൂ: ആകാശം മുകളിലല്ലെന്നോ, ഭൂമി പരന്നതല്ല, ഒരു ഗോളമാണെന്നോ, അത് ഈ മഹാപ്രപഞ്ചത്തിന്റെ കേന്ദ്രമല്ല, മറിച്ച്, അതിലെ ഒരു തരി മാത്രമാണെന്നോ അറിഞ്ഞിരുന്നെങ്കിൽ, നീ ചിന്താകുലനാകയില്ലായിരുന്നോ? കുരങ്ങന്മാര്ക്കും മനുഷ്യര്ക്കും ഒരേ പൂര്വികരാണ് ഉണ്ടായിരുന്നതെന്നും ജീവജാലങ്ങളെല്ലാം ഒരേ പരിണാമ പ്രളയത്തിന്റെ ഒഴുക്കിൽ പെടുന്നു എന്നും, ഇവയൊക്കെയുടെയും ഉത്ഭവസ്ഥാനത്ത്  വെറും ഏക കോശങ്ങളായിരുന്നു എന്നുമുള്ള അറിവ് നിന്നിലുളവാക്കുക അത്ഭുതമായിരുന്നുവോ, യേശുവേ, അതോ നിരാശതയോ? ഒരു പക്ഷേ, നിന്റെ വേര്പാട് കഴിഞ്ഞ് രണ്ടായിരം വര്ഷം പിന്നിട്ടിട്ടും നിന്റെ ദൈവം ഈ സമയസഞ്ചാരത്തിന് ഒരറുതി വരുത്തിയിട്ടില്ലാ എന്ന സത്യം നിന്നെ ഭയചകിതനാക്കുകയില്ലായിരുന്നോ? 

എന്നിരുന്നാലും നിന്റെ സുവിശേഷത്തിന്റെ സാരാംശത്തെ അതിന്റെ സ്ഥലകാലപരിമിതികളിൽ നിന്നും വേര്പെടുത്തിക്കണ്ട് സ്വന്തമാക്കാൻ ഞാൻ ശ്രമിക്കാതിരുന്നിട്ടില്ല. നീ വിലകല്പ്പിച്ചിരുന്ന സഹവർത്തിത ചിട്ടകളെയും അധികാരസമ്മർദ്ദ നിരീകരണത്തെയും ശത്രുസ്നേഹം, അധ:സ്ഥിതർ ഉള്പ്പെടെ ഏവരോടും പാലിക്കേണ്ട സമത്വദീക്ഷ എന്നിവയെയും മുറുകെപ്പിടിക്കാൻ ഞാനും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇവയൊന്നും പക്ഷേ, നിന്റെ കണ്ടുപിടുത്തങ്ങളായിരുന്നില്ല. നിനക്കു  മുമ്പും പലരും ഇതൊക്കെ പഠിപ്പിച്ചിരുന്നു, ജീവിതത്തിൽ പകര്ത്തിയിരുന്നു. എന്നാൽ നിന്റെ അനുയായികൾക്കും എനിക്കും ഈ ധാര്മ്മികമൂല്യങ്ങൾ പ്രാവര്ത്തികമാക്കുന്നതിനുള്ള ഉത്തേജനം നിനക്ക് സാദ്ധ്യമായിത്തീര്ന്നെന്നു കരുതപ്പെടുന്ന പുനരുത്ഥാനത്തിൽ പങ്കുചേരുവാനുള്ള അഭിവാഞ്ചയിൽ ആണെന്നതല്ലേ പച്ച സത്യം? ഈ ജീവിതത്തിൽ തരപ്പെടുന്നില്ലെന്നു മനസ്സിലായ ദൈവരാജ്യപ്പിറവിയെ പരലോകത്തേയ്ക്ക് മാറ്റിസ്ഥാപിക്കയാണ് നിന്റെ പേരിലുള്ള സഭ ചെയ്തത്. അങ്ങെനെ തങ്ങളുടെ സമകാലികാധികാരങ്ങളെയും ആര്ഭാടങ്ങളെയും വച്ച്സൂക്ഷിക്കുവാൻ നിന്റെ 'ദാസർ' വഴി കണ്ടെത്തിയിരിക്കുന്നു. എന്നാൽ കഷ്ടം, ഇവക്കെല്ലാം അടിസ്ഥാനമായി അവർ കരുതുന്ന നിന്റെ പുനരുത്ഥാനം തന്നെ ഒരു മിഥ്യ മാത്രമായിരുന്നില്ലേ?

അതുകൊണ്ട്, പ്രിയ യേശു, ഈ വിഷമവലയത്തിന്  ഇന്ന് ഞാൻ ഒരന്ത്യമിടുകയാണ്. നീയാകുന്ന അടിത്തറ നഷ്ടപ്പെട്ട, അതൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു സഭയിലും അതിന്റെ വളച്ചുകെട്ടിയ ദൈവശാസ്ത്രങ്ങളിലും ഇവക്കെല്ലാം ആധാരമെന്ന് പറയുന്ന ബൈബിളിലും അന്ധമായി വിശ്വാസമർപ്പിക്കാൻ ഞാൻ കൂട്ടാക്കുന്നില്ല. അവയില്ലാതെയും അനുഗ്രഹീതനായ, വിശ്വാസയോഗ്യനായ ഒരു ഗുരുവും നേതാവുമായി നിന്നെ അഭിമുഖീകരിക്കാൻ ഞങ്ങൾക്കാകണം, നിനക്ക് മുമ്പ്, ബുദ്ധനും കണ്‍ഫ്യൂഷ്യസും സോക്രട്ടിസും എന്നപോലെ. അല്ലാതെ, മാനുഷികസാദ്ധ്യതകളെ കടത്തിവെട്ടി, അനശ്വരതയെ ചുറ്റിപ്പറ്റിയുള്ള അതിഭാവനകളിലൂടെയും അതിമോഹങ്ങളിലൂടെയും നിന്നെ ഈ നൂറ്റാണ്ടിലേയ്ക്ക് കടത്തിക്കൊണ്ടുവരിക അതിരുകടന്ന സാഹസികതയും സ്വാർഥതയും മാത്രമാണ്.

എന്നാലതല്ല, മനുഷ്യപുത്രാ, വിധിയാളനായി ഒരുനാളിൽ നീ ആകാശമേഘങ്ങളിൽ പ്രത്യക്ഷപ്പെടുമെങ്കിൽ, അന്ന് നിന്നെ നേരിൽ കാണാനും മതിയാകുവോളം പരിചയപ്പെടാനും ആകുമല്ലോ എന്നതിൽ ഞാൻ ഇന്നേ കൃതാർത്ഥനാകുന്നു. അതുവരെ, ദൈവികത്വം കല്പിച്ച്  നിന്നെ വിളിച്ചു പ്രാർഥിക്കാത്തതിന്റെ പേരിൽ  നീയെന്നെ വെറുക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്. യേശുവേ, വന്ദനം.  

Gerd Luedemann എഴുതിയ Der grosse Betrug - ആ വലിയ വഞ്ചന - യേശു യഥാർത്ഥത്തിൽ പറഞ്ഞതും ചെയ്തതും എന്ന് ഉപശീർഷകം - Dietrich zu Klampen Verlag GbR) - എന്ന കൃതി വായിച്ച ശേഷം 1999ൽ എഴുതിയ ഒരു ലേഖനത്തിന്റെ ഭാഗമാണ് യേശുവിനുള്ള ഈ കത്ത്. യേശു യഥാർത്ഥത്തിൽ പറഞ്ഞിട്ടില്ലാത്ത വാക്യങ്ങളും പുനരുത്ഥാനമുൾപ്പെടെ അവിടുന്ന് ചെയ്തിട്ടില്ലാത്ത കാര്യങ്ങളും കുറിച്ചുവച്ച്, അവയെ വേദവാക്യമായി സഭ പഠിപ്പിക്കുന്നു എന്നതാണ് വഞ്ചനയെന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

(ചരിത്രം, ഭാഷാശാസ്ത്രം, ബൈബിൾ പഠനം, വ്യക്തി-  മനശാസ്ത്രവിശകലങ്ങൾ എന്നിവയിലൂടെയെല്ലാം ആഴമായി കടന്നുചെന്ന്, ബൈബിളിലും പാരമ്പര്യങ്ങളിലും സത്യമെത്രയുണ്ട്, തിരുകിവച്ചതും തിരുത്തിയതും എത്രയുണ്ട് എന്നൊക്കെ പഠിച്ചശേഷമാണ് ഗെർഡ്‌ ല്യൂടെമൻ തന്റെ പുസ്തകത്തിൽ യേശുവിന്റെ വ്യക്തിമുദ്ര തീർച്ചയായും ഉള്ളവയെ വേർതിരിച്ചെടുക്കുന്നത്‌. അപ്പോൾ അദ്ദേഹം Göttingen യൂണിവേർസിറ്റിയിൽ ആദ്യകാല ക്രിസ്തീയതയെയും മതചരിത്രത്തെയും സംബന്ധിച്ച പഠനകേന്ദ്രത്തിന്റെ തലവനായിരുന്നു.)         znperingulam@gmail.com

4 comments:

  1. ഏറ്റവും മുന്തിയ ജർമൻ ചിന്തകരിൽ ഒരാളായ ഗ്വെതെ (Goethe യാണ് പറഞ്ഞത്, കുറച്ചു മാത്രം അറിയുന്നവൻ അവന്റെ കാഴ്ചപ്പാടുകളിൽ ഉറച്ചുനില്ക്കുന്നു; കൂടുതൽ അറിയാനാഗ്രഹിക്കുന്നവനെ സംശയങ്ങൾ പൊതിയുന്നു എന്ന്.

    രാജാവും അയാളുടെ ആജ്ഞാനുവർത്തികളും,സൈന്യങ്ങളും യുദ്ധസാമഗ്രികളും ഉണ്ടായിരുന്നാലെ മനുഷ്യസമൂഹം സമാധാനത്തിലും സംതൃപ്തിയിലും കഴിഞ്ഞുകൂടൂ എന്ന വിശ്വാസം എത്രയോ നൂറ്റാണ്ടുകൾ നിലനിന്നുപോന്നു. യേശുവിനെപ്പോലെയും ഗാന്ധിജിയെപ്പോലെയുമുള്ളവർ അത് ചോദ്യംചെയ്തു. നയിക്കുന്നവർ സേവിക്കാൻ പഠിച്ചാലേ സമാധാനം കൈവരൂ എന്നതല്ലേ സത്യം? യഹൂദനിയമങ്ങൾ ശാശ്വതനിയമങ്ങൾ ആകേണ്ടതില്ല എന്ന പൌലോസിന്റെ ഉള്ക്കാഴ്ചയില്ലാതെ ക്രിസ്തുമതം ഉദ്ഭവിക്കുമായിരുന്നില്ല. അങ്ങനെ ജനിച്ച മഹദ്പ്രസ്ഥാനവും 'സത്യങ്ങളിൽ' കടിച്ചുതൂങ്ങാൻ തുടങ്ങിയപ്പോൾ അതിന്റെ എല്ലാ വിശ്വാസയോഗ്യതയും കാറ്റിൽ പറന്നുപോയി.

    ദൈവം മനുഷ്യനെ തന്റെ സ്വന്തം പുരുഷഛായയിൽ മെനഞ്ഞു എന്ന കൃതാർത്ഥതയോടെ കഴിഞ്ഞുപോന്നപ്പോഴാണ് ചില മിടുക്കന്മാർ അതെടുത്ത് തിരിച്ചുവച്ചത് - മനുഷ്യൻ സ്വന്ത ഭാവനക്കനുസരിച്ച് ദൈവരൂപം ഉണ്ടാക്കി എന്നതല്ലേ സത്യം എന്ന്.

    ചോദ്യംചെയ്യുക തന്റേടത്തിന്റെ മാത്രമല്ല, സത്യാന്വേഷണത്തിന്റെയും ആരംഭമാണ്.

    ReplyDelete
  2. ശ്രീ. സാക്കിന്റെ ലേഖനം യേശു ആരാണെന്നാണ്‌ അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നതെന്ന് പറയുന്നു. യേശുവിന്റെ വചനങ്ങള്‍ സഭ എങ്ങിനെ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നുവെന്നും ലേഖനം വിശദീകരിക്കുന്നു. യേശു പഠിപ്പിച്ചതെന്തോ അത് അപ്പസ്തോലന്മാര്‍ വ്യാഖ്യാനിച്ചു; അപ്പസ്തോലന്മാരില്‍ നിന്ന് മനസ്സിലായതെന്തോ അത് ആദിമ സഭ അനുവര്ത്തിച്ചു. സഭയെയും സഭയുടെ വ്യാഖ്യാനങ്ങളെയും പറ്റിയുള്ള സങ്കിര്ണ്ണങ്ങളായ ചോദ്യങ്ങള്ക്ക് ശരിയായ ഉത്തരം കിട്ടാന്‍ ഏതായാലും ആദിമ സഭയെപ്പറ്റി നന്നായി പഠിക്കേണ്ടതുണ്ട്. ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളോളം കൂദാശകളോ ഇന്നത്തെ തരത്തിലുള്ള അനുഷ്ടാനങ്ങളോ ക്രൈസ്തവ കൂട്ടായ്മകളില്‍ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. ആദ്യത്തെ രണ്ടു നൂറ്റാണ്ടുകളില്‍ നിരവധി സുവിശേഷങ്ങളും ചര്ച്ച ചെയ്യപ്പെട്ടിരുന്നു. യഹൂദസംസ്കാരത്തില്‍ നിന്ന് ക്രൈസ്തവ സമുദായം രൂപം കൊണ്ടതും ഒരു സുപ്രഭാതത്തിലല്ല. കോണ്സ്ടന്റൈന്‍ ചക്രവര്ത്തി ക്രൈസ്തവരെ ഔദ്യോഗികമായി അംഗീകരിച്ച നിമിഷം മുതല്‍ ക്രൈസ്തവര്‍ ഒരു പ്രസ്ഥാനമായി വളര്ന്നു തുടങ്ങി എന്ന് പറയുന്നതാവും ശരി. അവിടെ മുതല്‍ വചനം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു തുടങ്ങിയെന്നതും ശരി തന്നെ. ആദ്യം രൂപം കൊണ്ട അഭിഷിക്തരുടെ ഔദ്യോഗിക സമൂഹത്തിന് ഇഷ്ടപ്പെടാതിരുന്ന മുഴുവന്‍ വ്യാഖ്യാനങ്ങളെയും തമസ്കരിക്കാനും അവര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമാണ് ക്രിസ്ത്യാനികളുടെ ചരിത്രം പറയാത്ത റോമന്‍ രേഖകള്‍.. എല്ലാം. യേശുവിനെപ്പറ്റിപ്പോലും വേണ്ടത്ര പരാമര്ശങ്ങള്‍ ചരിത്രകാരന്മാര്‍ നടത്തിയിട്ടില്ലായെന്നു പറയുന്നത് അവിശ്വസനീയം.

    യേശു പഠിപ്പിച്ചതോ ഉദ്ദേശിച്ചതോ അല്ലാത്ത നിരവധി കാര്യങ്ങള്‍ ഇന്ന് സഭ അനുശാസിക്കുന്നുവെന്നത് അക്ഷരം പ്രതി ശരിയാണ്. തോമ്മാ സ്ലീഹാ പള്ളി സ്ഥാപിച്ചു എന്ന് പറയുന്നത് കേട്ട് ഞാന്‍ ഇന്നും ചിരിക്കുന്നു. ആരാണ് അദ്ദേഹത്തിനു ഈ ആശയം പറഞ്ഞു കൊടുത്തത്? പള്ളിയില്‍ എന്ത് കര്മ്മമാണ്‌ അദ്ദേഹം ചെയ്തിരിക്കാന്‍ ഇടയുള്ളത്? പരമാവധി പോയാല്‍ സമാനമനസ്കര്‍ ഒരു ഹാളില്‍ ഒരുമിച്ചു കൂടിയിരിക്കാം, ഭക്ഷണം പങ്കിട്ടിരിക്കാം. ആ അര്ത്ഥത്തില്‍ KCRM ന്റെ പ്രതിമാസ സമ്മേളനം നടക്കുന്ന ടോംസ് ചെയിമ്പേഴ്സും പള്ളി തന്നെ. യേശു സ്ഥാപിച്ചുവെന്ന് പറയുന്ന വി. കുര്ബാ്ന ഇതല്ലായെന്നു വാദിക്കുന്ന ദൈവശാസ്ത്രജ്ഞമാരുടെ എണ്ണം ഒന്നും രണ്ടുമല്ല. അങ്ങോട്ടൊന്നും പോകാത്ത ഒരാള്‍ ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. യേശു ജീവിതത്തിന്റെ കാതല്‍ എന്ന് പറഞ്ഞ സ്നേഹം അതിരുകളില്ലാതെ കിട്ടുന്ന ഒരു സഭാ വക്താവിനെ കാണാന്‍ എവിടെ പോകണം എന്നാണത്? ഏതായാലും അരമനകളില്‍ കിട്ടില്ല. അതുകൊണ്ടുതന്നെ സാക്കിന്‍റെ ലേഖനവും ആശയങ്ങളും ഗൌരവമുള്ളതാണ്.

    ReplyDelete
  3. "പ്രിയപ്പെട്ട യേശൂ,"എന്ന സക്കരിയാച്ചയെന്റെ വിവർത്തനം നാല് ളോഹകൾ വായിച്ചറിയാൻ ഞാനിതു സോഷ്യൽ നെറ്റ് വോർക്കുകളിൽ ചേർക്കുന്നു അഭിമാനസമേതം ! കത്തനാരെ, വായിക്കൂ..ഇനിയെങ്കിലും സത്യം പറയാൻ തുടങ്ങൂ ..സമാനമാനസരെ കണ്ടാലുള്ള ഒരു സന്തോഷമേ ഹോ!

    ReplyDelete
  4. "നിനക്ക് മുമ്പ്, ബുദ്ധനും കണ്‍ഫ്യൂഷ്യസും സോക്രട്ടിസും എന്നപോലെ. അല്ലാതെ, മാനുഷികസാദ്ധ്യതകളെ കടത്തിവെട്ടി, അനശ്വരതയെ ചുറ്റിപ്പറ്റിയുള്ള അതിഭാവനകളിലൂടെയും അതിമോഹങ്ങളിലൂടെയും നിന്നെ ഈ നൂറ്റാണ്ടിലേയ്ക്ക് കടത്തിക്കൊണ്ടുവരിക അതിരുകടന്ന സാഹസികതയും സ്വാർഥതയും മാത്രമാണ്"
    The above posting is neither good enough for the renewal of Catholic church nor even basic Christian or biblical. It is a false teaching from anti-Christ spirit.
    യേശുവിന്റെ അനശ്വരത അതിഭാവുകവും അതി സാഹസികവും സ്വാര്തവും ആണ് എന്ന് പറയുന്നത് അന്ഗീകരിയ്ക്കാനാവില്ല. സാഹസികം ആണ് എന്നത് ശരിയാണ്. യേശുവിനു തന്നെ അത് സാഹസികമായിരുന്നു.അതുകൊണ്ടാണല്ലോ അന്നത്തെ യഹൂദ ശബ്ദക്കാര് അദ്ദേഹത്തെ എറിയാന് കല്ലെടുത്തതും കുരിശിലേറ്റി കൊന്നതും.യേശുവിന്റെ പുനരുധാനം സത്യമെന്ന് പറഞ്ഞു കൊണ്ട് ടൂറിനെ കച്ച ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഇന്നും അവശേഷിയ്ക്കുന്നു. അത് തന്നെ ആണ് ഭൂമിയിലെ ഏറ്റവും വലിയ "unexplainable" എന്ന് ലോസ് അലമോസിലെയും നാസയിലെയും ശാസ്ത്രഞ്ജര് വിശേഷിപ്പിയ്ക്കുന്നത്. ലേറ്റസ്റ്റ് ആയുള്ള research യു ടുബിലുണ്ട്.
    (1) യോഹന്നാന്‍ 1 : 1 to 18...follows. ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവം ആയിരുന്നു, വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം ദൈവം ആയിരുന്നു ...
    അവന്‍ മൂലം എല്ലാം ഉണ്ടായി അവ്നെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല....ലോകം അവനിലൂടെ സൃഷ്ടിയ്ക്കപ്പെട്ടു (ഉല്പത്തി 1:1 ആദിയില് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
    റോമ ലേഖനത്തില്‍ പത്രോസ് 9 ; 5 ക്രിസ്തുവും വംശമുറക്ക് അവരില്‍ നി ന്നു തന്നെ ഉള്ളവന്‍. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്തപെട്ടവനുമാണ്,
    യോഹന്നാന്റെ ലേഖനം 18 - 21 നാമാകട്ടെ സത്യാ സ്വരുപനിലും അവിടുത്തെ പുത്രനായ യെസുവിലും ആണ് .ഇവനാണ് സത്യാ ദൈവവും നിത്യ ജീവനും എന്ന് യേശുവിനെക്കുറിച്ച് പറഞ്ഞു യോഹന്നാന്‍ അവസാനിപ്പിച്ചിരിക്കുന്നു.
    കലോഷ്യന്‍സ് 1 - 16 അവനില്‍ അവനിലൂടെ അവനു വേണ്ട്യുമാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത് അവനില്‍ സര്‍വ സംപൂ ര്‍ണതയും. യേശു ദൈവമല്ലെങ്കില്‍ അവനിലൂടെ അവനു വേണ്ടി എല്ലാ സൃഷ്ടിക്കപ്പെട്ടു എന്ന് പറയുമോ? സറ്വ സര്‍വ സംപൂ ര്‍ണതയും ദൈവത്തിനു മാത്രം ഉള്ളതാണല്ലോ.

    ഇയ്സായ 42 ; 1 - 9 ഞാനന്ന് കര്‍ത്താവു അതാണ് എന്റെ നാമം. കര്‍ത്താവേ എന്ന് തന്നെ ആണല്ലോ യേശുവിനെ വിളിച്ചതും യേശു സ്വയം പറഞ്ഞതും.
    ജോണ് 13 ; 13 ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.
    ലുക 1 ;43 -45 എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരാനുള്ള ഭാഗ്യം എനിക്കെവിടെ നിന്ന്.
    John 20 :28യേശു കര്‍ത്താവു ആണ് ദൈവമാണ് . തോമസ്‌ പറയുന്നു " എന്റെ കര്‍ത്താവെ എന്റെ ദൈവമേ " അതിനെ ശരി വച്ച് പറഞ്ഞു കാണാതെ വിശ്വസിയ്ക്കുന്നവർ ഭാഗ്യവാന്മാരാണ് എന്നു. യേശു ദൈവവും കര്‍ത്താവു.പഴയ പുതിയ നിയമങ്ങളിലുടനീളം കര്‍ത്താവും ദൈവവും ഒരേ യഹോവയെയും യേശുവിനെയും ആണ് വിളിയ്ക്കുന്നത്.
    വെളിപാട്‌ 22 ; 12 ഇതാ ഞാന്‍ വേഗം വരുന്നു. ഞാന്‍ അല്ഫയും ഒമേഗയും ആണ് , അദിയും അന്ത്യവും ആണ് = ദൈവം മാത്രമേ അദിയും അന്ത്യവും എന്ന് പറയാനാവൂ.
    മത്തായി 28 ; 9 അവര്‍ അവനെ പദങ്ങളില്‍ കെട്ടിപ്പിടിച്ചു ആരാധിച്ചു.
    1 : ജോണ് 5 ദൈവം നിത്യ ജീവന്‍ നല്‍കി. ജീവന്‍ അവിടത്തെ പുത്രനിലാണ്.യേശുവാന് നിത്യ ജീവന് നല്കുന്നത്. നിത്യ ജീവന് നലകനാവണമെങ്കില് യേശു ദൈവമായിരിയ്ക്കണമല്ലൊ.
    ലുക്ക്‌ 5 ; 17 ദൈവത്തിനല്ലാതെ ആര്‍ക്കാണ്‌ പാപങ്ങള്‍ മോചിക്കനവുന്നത് " നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയു.
    തനിക്കു പാപം മോചിക്കാന്‍ സാധിക്കും എന്നതിന് തെളിവായി യേശു അവനോടു പറഞ്ഞു എഴുന്നേറ്റു നിന്‍റെ കിടക്കയും എടുത്തു നടക്കുക. ലൂക 23 :43കുരിശില്‍ നല്ല കള്ളനോട് " നീ ഇന്ന് എന്നോട് കൂടെ പരുദീസയിലയിരിക്കും" ദൈവത്തിനല്ലാതെ ആര്‍ക്കും ഇങ്ങനെ പറയാനും പറുദീസാ കൊടുക്കാനും പറ്റില്ല.
    ഹെബ് : 2 : 10 "ആർക്ക് വേണ്ടിയും ആരു മൂലവും എല്ലാം നിലനില്‍ക്കുന്നുവോ" യേശുവിനാലും യേശുമൂലം എല്ലാം നിലനില്‍ക്കുന്നു.
    രണ്ടു കള്ളന്മാരുടെ വാക്കുകള്‍ തന്നെ ഉത്തമ ഉദാഹരണം. ഒരുവന്‍ പറഞ്ഞു നീ ദൈവപുത്രനാണെങ്കില്‍ നിന്ന്ത്തന്നെ രക്ഷിക്കുക , കുരിശില്‍ നിന്നിറങ്ങുക ,ഞങ്ങളെയും രക്ഷിക്കുക. യേശു ഇറങ്ങിയില്ല എന്ന് തന്നെ അല്ല അവനോടു ഒന്നും തന്നെ പറഞ്ഞില്ല. പശ്ചാത്തപിച്ച് പറുദീസാ ചോദിച്ചവന് യേശുവിടൊപ്പം പറുദീസയില്‍ ഇടം കൊടുത്തു. യേശുവിനെ തള്ളുന്നവരുടെയും കൊള്ളുന്നവരുടെയും പ്രതിനിധികള്‍ ആണ് അവര്‍ രണ്ടു പേരും. അവന്‍ ദൈവം ആണ് . അല്ലാത്തവര്‍ക്ക് കേവലം കുരിശില്‍ നിന്ന് പോലും ഇറങ്ങാന്‍ കഴിയാത്ത ഒരു കേവലം മനുഷ്യന്‍. അതാണ്‌ യേശു പറഞ്ഞത് ഞാന്‍ ഭിന്നതയാണ് എന്ന്. വിശ്വസിക്കുന്നവര്‍ വലതു വശത്തും വിശ്വസിക്കാത്തവര്‍ ഇടതുവശത്തും. അവര്‍ ഒരിക്കലും യേശുവിന്റെ കാര്യത്തില്‍ ഒന്നാകില്ല.

    ReplyDelete