Translate

Saturday, September 7, 2013

‘ഞാൻ’ ആകുന്നു സത്-ചിത്-ആനന്ദ (sat-chit-aananda)


 
http://almayasabdam.blogspot.com/2013/09/blog-post_5.html


സാക്കിന്റെ ലേഖനമായ അനന്തതയെന്ത്? "ലേഖനം വായിച്ചിട്ട് വാലും തലയും പിടികിട്ടിയില്ല,വല്ലതും ലഭിച്ചോ”യെന്ന് ചോദിച്ചുകൊണ്ട് എന്റെ സുഹൃത്ത് ജെയിംസ് കോട്ടൂർ ഒരു ഇമെയിൽ അയച്ചിരുന്നു. സത്യത്തിൽ എനിക്കും കാര്യമായി ഒന്നും പിടികിട്ടിയില്ല. അത്തരം ആഴത്തിലുള്ള തത്ത്വങ്ങളാണ് ലേഖനം മുഴുവൻ.ശ്രീ മറ്റപ്പള്ളിപോലും ഗഹനമായ ഈ വിഷയത്തിന് മറുപടി എഴുതാതെ മാറിനില്ക്കുകയാണ്.


സാക്കിന്റെ ചോദ്യമാണ്,'ഞാൻ എന്ന ഒരു വ്യക്തിയുണ്ടോ?' ഞാൻ അനന്തതയാണ്,എന്നിലെ അസ്തിത്വം താത്ക്കാലിക'മെന്നൊക്കെയാണ് സാക്ക് കുറിച്ചുവെച്ചിരിക്കുന്നത്. ഇങ്ങനെ എഴുതിയാൽ എന്നെപ്പോലുള്ള ക്രിസ്ത്യാനിക്ക് എന്ത് മനസിലാകും? അദ്വൈതം മൂത്ത് ജ്ഞാനത്തിൽനിന്നും വരുന്ന 'ഞാൻദൈവം'എന്ന തത്ത്വജ്ഞാനിയുടെ ചിന്തകളാണ് ഇതെല്ലാം. യേശുവും പറഞ്ഞത് ഗഹനമായി ചിന്തിച്ചാൽ ‘ഞാൻ’ ദൈവത്തെപ്പറ്റി തന്നെയാണ്.‘ഞാൻ’ ഒന്നേയുള്ളൂ അത് ‘ഞാൻ’ മാത്രം. യേശുവും ദൈവവും നിത്യതയും പരമാത്മാവും അനന്തതയും‘ഞാൻ’ തന്നെയാണ്. യേശു ആത്മത്തെ കണ്ടെത്തി സ്വയം ദൈവമെന്ന് പറഞ്ഞു.


'ഞാൻ' മനസോ ശരീരമോ അല്ല.  മനസും ശരീരവും പദാർഥങ്ങളാണ്. 'ഞാൻ' ആരെന്നാൽ അഹം തത്ത്വം. ഒരു വസ്തുവിന്റെയും ഭാഗമല്ല. മനസോ, ശരീരമോ എന്നിലുള്ളതല്ല. 'ഞാൻ' പരിശുദ്ധമായ 'ആത്മം' മാത്രം. ആത്മം തന്നെയാണ് ദൈവവും പരമാത്മാവിന്റെ സ്ഫുരണവും. ജീവനിലെ ഗുണമഹിമകൾ പദാർഥങ്ങളിൽ മാത്രമുള്ളതാണ്. ദൃശ്യങ്ങളായ വസ്തുതകളും അദൃശ്യങ്ങളായ ഗുണങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കണ്ണുള്ളവർ കാണുന്നതും ചെവിയുള്ളവർ കേൾക്കുന്നതും മനസിലെ പ്രവർത്തനങ്ങളും ചിന്തിക്കുന്നതും രുചിക്കുന്നതും നീതികരിക്കുന്നതുമെല്ലാം അഹംബോധവും ശരീരവുമാണ്. എന്നാൽ 'ഞാൻ' ഇതൊന്നുമല്ല. ഇക്കാണുന്ന ഗുണങ്ങളിൽനിന്നും 'ഞാൻ' സ്വതന്ത്രനാണ്. ഗുണങ്ങളിൽ മാറ്റംവരാം. എന്നാൽ 'ഞാൻ' സമയപരിധിയിലോ ശൂന്യമായ ആകാശത്തിലൊ ഭൂമിയിലെ ഇടങ്ങളിലോ ഇല്ല. എന്നും മാറ്റമില്ലാത്തവനാണ്. പ്രപഞ്ചത്തിലെ അതിരുകൾക്ക് അധീനനല്ല. അനാദികാലം മുതൽ 'ഞാൻ' ഉണ്ടായിരുന്നു. 'ഞാൻ' നിത്യതയാകുന്നു. അനന്തമാകുന്നു. തിരമാലകൾ ഉയർന്നാലും താന്നാലും സമുദ്രം കണക്കേ ‘ഞാൻ’ മാറ്റത്തിനടിമയല്ല. 'ഞാൻ' എന്ന സത്ത  സമുദ്രത്തിലെ തുള്ളിയോ തുള്ളികളായ സമുദ്രമോ ആകാം. 'ഞാൻ' എന്നും ആകാരരൂപമല്ലാത്ത പ്രപഞ്ചരൂപങ്ങൾക്ക്‌ അതീതമാണ്.


'ഞാൻ' പിന്നെ ആര്? സ്ഥായിയും പ്രകൃതിയുടെ പരിശുദ്ധിയുമാണ്. അവബോധമനത്തിന്റെ ഉള്ളറയിൽ അജ്ഞാതനായിരിക്കുന്ന മായയായ അത്മമാണ്. വിശുദ്ധിയുടെ അന്ത:കരണപ്രകാശവും സ്വയം പ്രകാശിക്കുന്നവനും ‘ഞാനാ’കുന്ന അനന്തതയും ഒന്നേയൊന്നുമാത്രം. അത് രണ്ടല്ല. ഞാനല്ലാതെ മറ്റൊന്നില്ല. 'ഞാൻ' ഗുണങ്ങളോ, സപ്തരാഗങ്ങളോ ശബ്ദങ്ങളൊ നിറങ്ങളോ മണമോ രൂപമോ രൂപഭംഗിയോ ഇല്ലാത്തവനാണ്.  അവബോധമനസിലെ രൂപമില്ലാത്ത അനന്തമാണ്. എന്നെച്ചുറ്റിയുള്ള വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമെല്ലാം ക്ഷണികങ്ങളും നിമിഷങ്ങൾക്കുള്ളിൽ ചാമ്പലാകുന്നതുമാണ്. ഞാനാണ് പ്രകാശം; ലോകം അത് സാക്ഷിപ്പെടുത്തുന്നു.  അതെ, ചുറ്റുമുള്ള നീയും ലോകവും പ്രകാശത്തിന്റെ സാക്ഷിമാത്രം.


ഒരുവൻ സ്വപ്നത്തിൽ  സ്വപ്നങ്ങൾകൊണ്ട് നൂലാമാലകൾ കോർത്തിണക്കുന്നു. അതെല്ലാം വെറും സ്വപ്നങ്ങളായിരുന്നുവെന്നും അവൻ മനസിലാക്കുന്നു. ഞാൻ ഈ ലോകത്തെ സൃഷ്ടിച്ചു. അതിലൊരു ജീവനായി ഈ ലോകത്തെത്തി. വാസ്തവികമായ സത്യത്തിൽ ‘ഞാൻ’ ഉൾബോധത്തിനുള്ളിലെ 'ആത്മം' മാത്രം.  സ്വപ്നത്തിൽ ഒരുവൻ നൂറായിരം വസ്തുക്കൾ സൃഷ്ടിക്കുന്നതുപോലെ ഇക്കാണുന്ന സ്വപ്നമല്ലാത്ത ലോകത്തിന്റെ ഭൌതികവസ്തുക്കളും അതിന്റെ സൃഷ്ടിയും ഞാനാകുന്നു. പരിശുദ്ധിയുടെ ആത്മമായി 'ഞാൻ' ആകുന്നുവെങ്കിൽ 'ബ്രഹ്മനും' ഞാൻ' തന്നെയാകുന്നു. എനിക്കുചുറ്റുമുള്ള ലോകവും പ്രപഞ്ചവും സൃഷ്ടിയും ഞാൻ തിരിച്ചറിയുന്നുവെങ്കിൽ 'ഞാൻ’ തന്നെയാകുന്നു ഈശ്വരനും. എന്റേതായ മനസിന്റെ വൈകല്യങ്ങൾ ഞാൻ മനസിലാക്കുന്നെങ്കിൽ 'ഞാനാകുന്നു' ജീവൻ. അതുതന്നെയാണ്, യേശു പറഞ്ഞതും. ഞാൻ ജീവനും വഴിയും പ്രകാശിക്കുന്നവനും സത്യവുമാകുന്നു. പ്രകാശവും പ്രതിഫലനവും പ്രതിഫലിക്കുന്ന ജീവനും ഈശ്വരനും ഒന്നേയൊന്നുള്ളൂ. അത് 'ഞാൻ' മാത്രം.


‘ഞാൻ’ ആകുന്നു സത്-ചിത്-ആനന്ദ (sat-chit-aananda). ഒരോ ജീവനിലും 'ആത്മൻ' നിലകൊള്ളുന്നതുപോലെ ഒപ്പം ആനന്ദവും അവനിൽ കുടികൊള്ളുന്നു. എങ്ങനെ? അവൻ അവന്റെതല്ലാത്ത ഭൂമിയിലെ സർവതും ത്യജിക്കണം. എന്നിട്ട് 'ഞാൻ' എന്ന സത്യത്തിൽ വരണം. എങ്കിൽ ഒളിഞ്ഞിരിക്കുന്ന സത്യവും ആനന്ദവും അവനിൽ ദൃശ്യമാകും. ഒരുവൻ ഉപാധികളില്ലാതെ ആനന്ദലഹരിയിൽ ലയിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മറ്റൊരുവന് അവനെ തടയാൻ കഴിയില്ല. അവനിലെ പരമമായ ആനന്ദത്തെ കെടുത്താൻ സാധിക്കില്ല. അങ്ങനെ 'ആനന്ദം' ജീവന്റെ സ്വതന്ത്രമായ അവകാശമാണ്. ‘ഞാൻ’ എന്ന പരമമായ സത്യത്തിൽ അലിഞ്ഞിരിക്കുന്നതാണ് ആ 'ആനന്ദം'. നീ അത് തിരിച്ചറിയുന്നില്ലെങ്കിൽ അത് നിനക്കുള്ളതല്ല. 'ഞാൻ' അങ്ങനെ നിത്യതയുടെ പരമമായ അവബോധം മാത്രമല്ല പരിശുദ്ധിയുടെ ആനന്ദമാണ്. 'ഞാനാണ്' ഇക്കാണുന്ന സർവതിലും അസ്ഥിത്വം പ്രദാനം ചെയ്യുന്നവൻ.  ജീവനിലും ജീവനില്ലാത്തതിലും പ്രപഞ്ചമൊന്നാകെയും ഉപബോധഉൾക്കടലിലും ആനന്ദമെന്നത്,'സത്-ചിത്-ആനന്ദ' അത് 'ഞാൻ' ആകുന്നു. ആ 'ഞാൻ' 'ആത്മം' വിശപ്പും ദാഹവും ഗുണങ്ങളും രൂപങ്ങളും മഹിമകളുമില്ലാത്ത അനന്തമാകുന്നു.  


ആത്മത്തെ കണ്ടെത്തുന്ന തീർത്ഥയാത്രികൻ പറയും, ദൈവമേ നീയാണ്‌ സത്‌-ചിത്‌-ആനന്ദം. നീയാണ്‌ ദ്രവ്യത്തിന്റെയും ഊര്‍ജ്ജത്തിന്റെയും നാഥൻ. നീയാണ്‌ എവിടെയും ഏക്കാലത്തും സ്ഥിതി ചെയ്തിരുന്ന എന്തിന്റെയും പ്രഭു. കണ്ടെത്തിയാലോ അവൻ 'ഞാനാ'കും, അനന്തവും!
Malayalam daily news:

7 comments:

  1. സാക്കിന്‍റെ അനന്തതയും ജൊസഫ് മാത്യുവിന്‍റെ ആനന്ദവും ഒരുപോലെ വേലിക്കു പുറത്താണ്; രണ്ടും ഒരുപോലെ മനോഹരവുമാണ്. അറിവ് മാത്രം പോരാ അത്തരം പോസ്റ്റുകളെ സ്പര്ശി്ക്കാന്‍, അനുഭവവും വേണം. കമന്റ് എഴുതാത്തതിന്‍റെയും കാരണം മറ്റൊന്നല്ല. ഉണരല്‍ എന്ന പ്രക്രിയയുടെ എഴയലത്തൂടെയെങ്കിലും ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ അവന്‍റെ ഒരു പെരുമാറ്റവും സാധാരണ മനുഷ്യന്‍റെതായിരിക്കില്ല (Mundane madness). ഒരു മനുഷ്യനെ തേടി പട്ടാപ്പകല്‍ ഡയോജനിസ് ചന്തക്കു ചുറ്റും ഓടിനടന്നത് ഓര്മ്മിപ്പിക്കട്ടെ. അര അനുഭവവും മുക്കാല്‍ അറിവുമേ സാക്കിനുമുള്ളൂ (ക്ഷമിക്കണം!). അനുഭവം മുഴുവനാകണമെങ്കില്‍ ഉള്ള മുക്കാല്‍ അറിവ് താഴെ വെയ്ക്കണം. അനുഭവം ലഭിക്കാന്‍ ഇടയായാല്‍, ഒരുവനും മിനക്കെട്ടിരുന്ന് ഇത് എഴുതുകയില്ല. അതുകൊണ്ട് സാക്കും ജൊസഫ് മാത്യുവും ഒരിഞ്ചുപോലും ഈ വഴിയേ മുന്നോട്ടു പോകരുതെന്നാണ് എന്‍റെ അഭിപ്രായം. ഒരു വലിയ കൊടുമുടിയുടെ വിളുമ്പിലൂടെയാണ് രണ്ടു പേരുടെയും യാത്ര. എപ്പോള്‍ വേണമെങ്കിലും കാല്‍ തെറ്റി വീഴാം.

    സാക്കിന്‍റെത് വളരെ ശ്രദ്ധാപൂര്വ്വം തയ്യാറാക്കിയ മനോഹരമായ ഒരു ചിത്രമായിരുന്നു എന്ന് പറയാതെ വയ്യ. ഏറ്റവും ഫലദായകമായ അമൃതിന്‍റെ ചേരുവകളെന്തൊക്കെയാണെന്ന് വിശദമായി സാക്ക് കാണിച്ചു തന്നു. സാക്കും ജൊസഫ് മാത്യുവും തയ്യാറാക്കിയ വിഭവങ്ങള്‍, ഒരേപോലെ അനുഭവം കൊണ്ട് ആഘോഷിക്കാന്‍ നമുക്ക് കഴിയണമെന്നില്ല. അതാണ്‌ തര്‍ക്കത്തിന് കാരണം. ജൊസഫ് മാത്യു വേറൊരു കോഴ്സാണ് തയ്യാറാക്കിയത്. ഏതാണ് നല്ലതെന്നു പറയാന്‍ ഒരു ക്രിസ്ത്യാനിക്ക് കഴിയില്ല. ക്രിസ്ത്യാനി പുല്ലല്ലാത്തതൊക്കെ തിന്നും, ഒന്നും ആസ്വദിച്ചു കഴിച്ചു പരിശീലിക്കാത്തതുകൊണ്ട് രുചിയെപ്പറ്റി അവനോടു പറഞ്ഞിട്ടും കാര്യമില്ല.

    പാവം സാക്ക്‌ അങ്ങ് ദൂരെ സ്വിസ്സ് മലനിരകളുടെ ഓരത്തിരുന്നു കുറിച്ച ഈ കൃതിയെ മറ്റാരു വിമര്ശി്ച്ചാലും ഞാന്‍ ക്ഷമിക്കുമായിരുന്നു, ജൊസഫ് മാത്യു മാപ്പ് അര്ഹിക്കുന്നില്ല. ഏതായാലും, സാക്കിന്‍റെയും ജൊസഫ് മാത്യുവിന്‍റെയും ലേഖനങ്ങള്‍ അസ്ഥാനത്താണെന്ന അഭിപ്രായം എനിക്കില്ല. വളര്‍ച്ചയുടെ പാതയില്‍ കണ്ഫ്യുഷന്‍ അനിവാര്യമാണ്. ആ കണ്ഫ്യുഷന്‍ ആരുണ്ടാക്കിയാലും അവന്‍ ഗുരു സ്ഥാനത്തിനര്ഹനാണ്. ഉറക്കമുണര്‍ന്നപ്പോള്‍ തലേന്ന് കണ്ട സ്വപ്നത്തെപ്പറ്റിഓര്‍ത്തു വിഷമിച്ചിരുന്ന ഒരു സെന്‍ ഗുരുവിനെ ഓര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ സംശയം, ശലഭ ജീവിതം സ്വപ്നത്തില്‍ ആസ്വദിച്ച മനുഷ്യനാണോ അതോ മനുഷ്യ ജീവിതം സ്വപ്നം കാണുന്ന ശലഭമാണോ താനെന്നതായിരുന്നു.

    ReplyDelete
    Replies
    1. ശ്രീ മറ്റപ്പള്ളിയുടെ യുക്തിസഹജമായ ഫലിതം നന്നായി ഇഷ്ടപ്പെട്ടു. കൊടുമുടിയുടെ വക്കത്തുനിന്ന് കാലുതെറ്റി വീഴാൻ സകല വഴികളും ഉണ്ട്. മഹാഭാരതത്തിൽ ധർമ്മപുത്രരുമൊത്ത് അനന്തതയിലേക്ക് പാണ്ഡവരുടെ യാത്ര വിവരിച്ചിട്ടുണ്ട്. പുറകോട്ടു തിരിഞ്ഞ് നോക്കരുതെന്നുള്ള നിയമത്തെ ധർമ്മപുത്രർ ഒഴികേ എല്ലാവരും ലംഘിച്ചു. ധർമ്മപുത്രരൊഴികെ സഹയാത്രികരായ മറ്റു സഹോദരങ്ങൾ അനന്തതകാണാതെ താഴെവീണു. അവരിൽ കർമ്മദോഷങ്ങൾ ഉണ്ടായിരുന്നു. ഭൂമിയിൽ വീണ്ടും പരിഹാരക്രിയ ചെയ്യണമായിരുന്നു. എന്നാൽ, ഒപ്പം സഞ്ചരിച്ച ധർമ്മപുത്രരുടെ ഒരു ശ്വാനൻ (പട്ടി) കാലിടറാതെ, പിന്തിരിഞ്ഞു നോക്കാതെ 'സത് ചിത് ആനന്ദ' കണ്ടെത്തി, നിവ്രുതിയിൽ ആയെന്നും ഇതിഹാസത്തിലുണ്ട്.

      യാതൊരു കാരണവശാലും 'അനന്തതയോ' 'സത് ചിത് ആനന്ദയോ' എനിക്കാവേണ്ട. അതൊക്കെ രമണമഹർഷിക്കോ ശങ്കരാചാര്യർക്കോ സാധിച്ച കാര്യങ്ങളാണ്. സാക്കും അടുത്തെത്തിയിട്ടുണ്ട്. ഞാനില്ല. കുറച്ചുകാലംകൂടി അല്മായശബ്ദത്തിൽ എഴുതണമെന്നുണ്ട്.

      ശ്രീ മറ്റപ്പള്ളി പറഞ്ഞത് പൂർണ്ണമായും ഞാൻ യോജിക്കുന്നില്ല. 'സത് ചിത് ആനന്ദ' യോഗയിലെ ഒരു പാഠം ആല്ലേ? ഈ തത്ത്വചിന്തകൾ നാം പഠിക്കുന്നത് മനസിനെ ശാന്തമാക്കി സത്യത്തിലേക്ക് നയിക്കാനാണ്. മറ്റുള്ളവരുടെ മനസിനെ വേദനിപ്പിക്കാതെ നമ്മുടെ മനസിനെ പരിശുദ്ധമാക്കുകയെന്നതാണ് ഇതിന്റെ കാതലായ തത്ത്വം. അത്രയുംവരെ നാം എത്താതെ നമ്മുടെ അനുഭവം താഴെവെക്കണമെന്ന് പറയുന്നത് നന്നല്ല.

      'സത് ചിത് ആനന്ദ' എന്തെന്ന് ഒന്നുകൂടി വ്യക്തമാക്കട്ടെ. 'സത്' എന്നാൽ സത്യം. തെറ്റിനെയും, മായയേയും വഞ്ചനയെയും, പ്രലോഭനങ്ങളെയും നശിപ്പിക്കുന്ന ഒരു പ്രതിഭാസമാണ് സത്യം. അവാസ്തവികങ്ങളായവയെ വാസ്തവികങ്ങളിലേക്ക് നയിക്കുന്നു. അങ്ങനെ മറഞ്ഞുകിടക്കുന്ന മൂടുപടം മാറ്റി സത്യത്തിന്റെ ദീപം അവിടെ പ്രകാശിക്കുകയാണ്.

      'ചിത്' എന്നു പറഞ്ഞാൽ 'അവബോധ മനസ്' 'ഉള്ളിന്റെ ഉള്ളിലുള്ള മനസാക്ഷി' എന്നൊക്കെ പറയാം. ഉറങ്ങികിടക്കുന്ന മനസാക്ഷിയിൽ മാലിന്യങ്ങൾ ഇല്ലാതാക്കി ഉണർവ്‌ വരുത്തണം. മനസിനുള്ളിൽ അലിഞ്ഞുചേർന്നതെല്ലാം ഉണർത്തുകയാണിവിടം. ‘ഉപബോധമനസ്’ നമ്മെത്തന്നെ പ്രകൃതിയുടെ സത്യമാക്കുകയാണ്. ജനിച്ചപ്പോൾ നമ്മിൽ പ്രകൃതിയുടെ സത്യം മാത്രമേയുണ്ടായിരുന്നുള്ളൂ. അവിടെയാണ് പുരോഹിതന്റെ 'ജന്മപാപം' എന്ന പരിശുദ്ധമായ നുണ സൃഷ്ടിച്ചത്.

      'ആനന്ദം' എന്നാൽ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നർത്ഥം. സത്യമായ ഉപബോധമനസ്സിൽ പരിശുദ്ധിയുടെ ആനന്ദം കൈവരിക്കുന്നതുവരെ പുറകോട്ട് നോക്കരുത്. സത്യം നമ്മിൽ കുടികൊള്ളുന്നുവെങ്കിൽ അവിടം അറിയപ്പെടാത്ത ആത്മീയതയുടെ ഉൾകാഴ്ച നിറയുകയാണ്. 'ഓം തത് സത്' വാസ്തവികങ്ങളിലെ ആ സത്യം നമ്മൾ തന്നെയാണ്.

      Delete
  2. ശ്രി. ജൊസഫ് മാത്യു വളരെ ലാഘവത്തോടെ വലിയ തത്ത്വങ്ങള്‍ അവതരിപ്പിക്കുന്നത്‌ ശ്രദ്ധയോടെ വായിക്കാറുണ്ട്. 'എനിക്കൊന്നും ആവേണ്ട ... ഞാനില്ലാ'യെന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് വേണം എന്നൊരാള്‍ പറഞ്ഞതുകൊണ്ടും പ്രയോജനമില്ല. നമുക്ക് സത്യത്തിലേക്ക് പോവാനാവില്ല, സത്യം നമ്മെ കൊണ്ടുപോവുകയല്ലേ ചെയ്യുന്നത്? നമുക്കാകെ ചെയ്യാവുന്നത് 'സത് ചിത് ആനന്ദ' ഇശ്ചിക്കുകയും അതിനുള്ള പശ്ചാത്തലം ഒരുക്കുകയും മാത്രമാണല്ലോ. സാക്ക്‌ എവിടെ വരെയെത്തിയെന്ന് കൃത്യം പറയാന്‍ പറ്റില്ല. എന്‍റെ കാര്യം എനിക്ക് നിശ്ചയമില്ല, പിന്നല്ലേ സാക്കിന്‍റെ കാര്യം. അറിവും ശുദ്ധമായ അനുഭവവും ഒരുമിച്ചു വാഴില്ലായെന്നെ ഞാന്‍ പറഞ്ഞുള്ളൂ. ഞാന്‍ അറിവ് എന്നുദ്ദേശിച്ചത് ജ്ഞാനത്തെയല്ല.

    ശാസ്ത്രങ്ങളുടെ ശാശ്ത്രം പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ആഗ്രഹങ്ങളെ നാം കൊന്നേ ഒക്കൂ, അവയല്ലേ നമ്മെ യാചകര്‍ ആക്കുന്നത്,അഹത്തെ കീഴടക്കിയാലല്ലേ രാജാക്കന്മാരുടെ രാജാവാകാനും പറ്റൂ.

    ReplyDelete
  3. തത്ത്വചിന്തകൾ നാം പഠിക്കുന്നത് മനസിനെ ശാന്തമാക്കി സത്യത്തിലേക്ക് നയിക്കാനാണ്. മറ്റുള്ളവരുടെ മനസിനെ വേദനിപ്പിക്കാതെ മനസിനെ പരിശുദ്ധമാക്കുകയെന്നത് ഒരുവന്റെ കാതലായ തത്ത്വമെന്നും നാം മനസിലാക്കണം.

    പുരോഹിതർ പറയുന്നതുമാത്രമേ ശരിയുള്ളൂവെന്ന് ചിന്തിക്കുന്നവർ എന്റെയും സാക്കിന്റെയും ഇത്തരം ലേഖനങ്ങൾ വായിക്കരുത്. ദിനംപ്രതി ആവർത്തിച്ചുചെല്ലുന്ന ലുത്തിനിയായുടെ എണ്ണം കുറയും. കൂടുതൽ വായിക്കുംതോറും പണ്ട് പുരോഹിതർ പഠിപ്പിച്ചതെല്ലാം അർത്ഥമില്ലാത്തതെന്നും തോന്നിപ്പോവുന്നു. മതം വേണം. എങ്കിൽ ജ്ഞാനം തേടാതെയിരിക്കണം. ഒത്തുചേരാത്ത മതവും ജ്ഞാനവും രണ്ട് ധ്രുവങ്ങളിൽ സഞ്ചരിക്കുന്നു. അറിവ് തേടുന്നവരെയും ബുദ്ധിജീവികളെയും ഇല്ലായ്മ ചെയ്യാനേ മതം എന്നും ശ്രമിച്ചിട്ടുള്ളൂ. കാഞ്ഞിരപ്പള്ളിയിലെ പൊട്ടൻതിരുമേനിയുടെയും വട്ടായിയുടെയും വിഡ്ഢിത്വം കേള്ക്കാൻ ആയിരങ്ങൾ തടിച്ചുംകൂടും. അത് ലോകത്തിന്റെ ഒരു വിരോധാഭാസം തന്നെ.

    ഞാൻ മുകളിൽ പോസ്റ്റ്ചെയ്ത ലേഖനം മാറ്റത്തോടെ മലയാളം ഡേയ്-ലിയിൽ വന്നതിന്റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

    http://www.malayalamdailynews.com/?p=40920

    ReplyDelete
  4. Dear friend Mathew, I too have been grappling with this Advaita principle, that we are Brahman, we are God, that reality is One and we are part of it, that all that appears as separate from us are all MAYA and have no existence etc. But to this day I have not succeeded to convince myself of that truth because my lived experience tells me that I constantly bump into other concrete beings which are not Maya, because if maya I cannot get hurt when I collide with another. That does happen in a dream only. In a dream we may fight or collide but when we wake up we realize not one got hurt. But in real wakeful life our experience is different. If I collide, if will get hurt for sure. Yes Jesus himself said “I and the Father are one. One who sees me sees the Father” when his disciples asked him: show me the Father. But I have not understood that saying of Jesus either and I wonder if his disciples understood it better than me. I don’t say that you are wrong or Sankar is wrong, but my experience tells me that this Maya theory is wrong. If you can enlighten me convincingly with better examples, I would be very grateful to you. God bless you.
    James Kottoor's comment in Malayalamdailynews

    ReplyDelete
    Replies
    1. എന്റെ സുഹൃത്ത് ഡോ. ജെയിംസ് കോട്ടൂർ തികച്ചും അദ്വൈതത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചതിൽ സന്തോഷിക്കുന്നു. ദൈവശാസ്ത്രത്തിൽ അങ്ങേയറ്റം ജ്ഞാനിയായ ജെയിംസ്നോട് തർക്കിക്കാൻ ഞാനില്ല. കാരണം എനിക്കും 'അദ്വൈതം' എന്ന ദൈവസങ്കൽപ്പത്തെപ്പറ്റി മനസിലായിട്ടില്ല. ജനിച്ചപ്പോൾ മുതൽ ക്രിസ്ത്യൻദൈവത്തെപ്പറ്റി പഠിച്ചിട്ടും ആ ദൈവത്തെപ്പറ്റിയും ഒരു ചുക്കും മനസിലായിട്ടില്ല. ശൂന്യതയിലെവിടെയോ മനുഷ്യനെ വിധിക്കാനായി ഒളിഞ്ഞിരിക്കുന്ന ഒരു ദൈവസങ്കല്പ്പമാണ് വേദപാഠം ക്ലാസിൽനിന്നും പഠിച്ചത്. 'അദ്വൈതം' നമ്മുടെ മനസിനെ ശാന്തമാക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. തത്ത്വങ്ങൾ നാം വായിക്കുന്നത് മനസിനെ പരിശുദ്ധമാക്കാനാണെന്ന് ഈ ലേഖനത്തിന്റെ അവസാനം ഞാൻ പറഞ്ഞിട്ടുണ്ട്. മായയെപ്പറ്റി ലേഖനത്തിൽ ഒരിടവും സൂചിപ്പിച്ചിട്ടില്ല.

      അദ്വൈതം മായയ്ക്കും ഉപരിയായിട്ടുള്ളതാണ്. അദ്വൈതം പറയുന്നത് അഖണ്ഡബ്രഹ്മമാണ് അത്യന്തകമായ സത്യം. മായയെന്നത് പരമമായ ആ സത്യത്തിന്റെ ആവിഷ്ക്കരണം മാത്രം. ( manifestation) സത്യം പരിശുദ്ധമായ നമ്മുടെ ഉപബോധമനസാണ്. ഈ അവബോധമാണ് എല്ലാത്തിത്തിന്റെയും സൃഷ്ടികർത്താവ്.

      പ്രവാചകതുല്യനായ ശ്രീ ശങ്കരന്റെ അദ്വൈതവും ഉയർത്തി കാണിച്ച് ഒരു വാദവിവാദങ്ങൾക്ക് ഞാൻ തയ്യാറല്ല. കാരണം ഈ വിഷയം സംബന്ധിച്ച് സമുദ്രംപോലെ പുസ്തകങ്ങൾ ഉണ്ട്. ഈ തത്ത്വങ്ങൾ ഞാൻ ശരിയെന്നോ തെറ്റെന്നോ വിധിക്കണമെങ്കിൽ എന്റെ അറിവ് സർവ്വേപ്പള്ളി ഡോ.രാധാകൃഷ്ണനെക്കാളോ, രമണമഹർഷിയെക്കാളോ വിവേകാനന്ദനെക്കാളോ മെച്ചമായിരിക്കണം. ഇവരെക്കാളും മെച്ചമായ ഒരു ക്രിസ്ത്യൻദൈവശാസ്ത്രജ്ഞനെയും ഭാരതത്തിൽ എനിക്കറിവില്ല.

      എങ്കിൽ ഒരു ചോദ്യം ഇവിടെ ഉയരുന്നു. ആരാണ് പരമമായ സത്യത്തെ അല്ലെങ്കിൽ അവബോധമനസിനെ സൃഷ്ടിച്ചത്? വേദാന്തികൾ പറയും നീ ശരിയായ ചോദ്യം ചോദിച്ചാൽ നിന്റെ അന്വേഷണത്തിന് ഞങ്ങൾ ശരിയായ ഉത്തരം പറയാം. ഇത് ഒരു ധിക്കാരമേറിയ ഉത്തരമല്ല. കാരണം പരമാത്മാവ്‌ എന്ന് പറയുന്നത് കാര്യകാരണ സിദ്ധാന്തത്തിനും ഉപരിയാണ്. പരമാത്മാവിനെ ഒരു അളവുകോൽകൊണ്ട് അളക്കാൻ സാധിക്കില്ല. മായയിൽ പ്രകൃതിയുടെ ഗുണലക്ഷണങ്ങൾ ഉണ്ട്. എന്നാൽ മായയിലുള്ള ലക്ഷണങ്ങൾ പരമാത്മാവിൽ ഗ്രഹിക്കാൻ സാധിക്കില്ല. പരമാത്മാവ്‌ മായയിൽനിന്ന് വ്യത്യസ്തമായ പ്രധാനോപരിതലമാണ്. മായയിൽ സമയകാലപരിധികളുണ്ട്. ആ മായയെ പരമാത്മാവുമായി ബന്ധിക്കാൻ സാധിക്കില്ല. ബ്രഹ്മനിൽ അഥവാ പരമാത്മാവിൽ സമയകാല പരിധിയില്ല.

      മായ എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത് നാം എല്ലാം സ്വപ്നംപോലെ മായയായി കാണുന്നുവെന്നല്ല. നാം എല്ലാം കാണുന്നു. നാം ജീവിക്കുന്നു. അത് മായയല്ല. മായയെന്ന് പറയുന്നത് നശ്വരമായ ലൊകത്തെപ്പറ്റിയാണ്. ഇതെല്ലാം കത്തിയെരിയാം. എന്നാൽ ബ്രഹ്മൻ നിത്യനാണ്‌. മായയും ബ്രഹ്മനുമായി ബന്ധം ഇല്ല.

      Delete

    2. Thomas Koovalloor on September 12, 2013 at 12:07 am said:

      Dear Joseph Mathew,
      I really like your Philosophical Article. It is true that ordinary people could not understand the meaning of it. After all, Philosophy is the investigation of nature, causes or principles of reality, knowledge or values based logical reasoning rather than empirical methods.Only those who are wise could understand the true meaning of it. I wonder why Dr. James Kottoor is asking you for clarification. It is a general Philosophical subject so he could refer some books to find out the true meaning of it.

      Delete