Translate

Thursday, October 17, 2013

എന്റെ സ്വപ്‌നത്തില്‍ വന്ന യേശു


ഇന്നലെ രാത്രി എന്റെ സ്വപ്‌നത്തില്‍ യേശു വന്നത് തല മൊട്ടയടിച്ച രൂപത്തില്‍ ആയിരുന്നു. നിത്യചൈതന്യയതിക്ക് യേശു അവസാനം ദര്‍ശനം നല്കിയത് ഇങ്ങനെയായിരുന്നു എന്നറിയാമായിരുന്ന ഞാന്‍ യേശുവിനെ തിരിച്ചറിഞ്ഞു. താനിനിയും പ്രത്യക്ഷനാവുക ഇങ്ങനെയായിരിക്കും എന്ന് യേശു നിത്യചൈതന്യയതിയോടു പറഞ്ഞിരുന്നു. എന്നിട്ടും ഞാന്‍ യേശുവിനോടു പറഞ്ഞു:നിന്റെ തനിമതന്നെ ആ നീണ്ട തലമുടിയായിരുന്നല്ലോ. തല മൊട്ടയടിച്ചത് കഷ്ടമായിപ്പോയി.യേശു പറഞ്ഞു: എന്റെ മണവാട്ടിക്ക് അനുരൂപനാകാനാണ് ഞാനിങ്ങനെ ചെയ്തത്.ഞാന്‍: കന്യാസ്ത്രീകളെയാണ് നീ ഉദ്ദേശിക്കുന്നതെങ്കില്‍ നിനക്കു തെറ്റിപ്പോയി. അവര്‍ക്കല്ലാം തലമുണ്ടിനടിയില്‍ നീട്ടിവളര്‍ത്തിയ മുടിയുണ്ട്. യേശു:എന്റെ മണവാട്ടി ഈ ഭൂമിയാണ്. നിങ്ങളല്ലേ അവളുടെ തല മൊട്ടയടിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍: മനസ്സിലായി. നിന്റെ അനുയായികള്‍ തന്നെയാണ് മുമ്പില്‍.യേശു:നീയും അവരിലൊരുവനല്ലേ?ഞാന്‍: പത്രോസിനെപ്പോലെ നിഷേധിക്കാന്‍ എനിക്കു വയ്യ. നിന്റെ അനുയായിയാകാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന ഒരുവന്‍ മാത്രമാണ് ഞാന്‍.യേശു:അന്നു ഞാന്‍ പറഞ്ഞതെല്ലാം ഇന്നും സത്യമായിത്തന്നെയിരിക്കുന്നല്ലോ. എന്റെ പേരില്‍ത്തന്നെ പുരോഹിതപദവിയുണ്ടാക്കി പൗരോഹിത്യം മഹാസൗധങ്ങള്‍ പണിതുകൂട്ടുന്നതു കാണുമ്പോള്‍......ഞാന്‍: നിനക്കു ദുഃഖവും പ്രതിഷേധവും ഒന്നും കാണില്ലല്ലോ. നിന്നെ ക്രൂശിച്ചപ്പോള്‍ പിതാവായ ദൈവത്തിനുണ്ടായിരുന്ന നിസ്സംഗത നിനക്കും ഇപ്പോള്‍ കിട്ടിയിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. യേശു:നിനക്കു തെറ്റി. എന്റെ സത്യം നിന്റെ ഒരു പ്രിയപ്പെട്ട കവി പാടിയതാണ്: എങ്ങു മനുഷ്യനു ചങ്ങല കൈകളി-ലങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാ-ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു. ഞാന്‍: എങ്കില്‍ ഞാന്‍ നിന്നെപ്പോലെയാകാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞതു തെറ്റി.യേശു:സ്വര്‍ഗരാജ്യമെന്താണെന്നാണ് നീ കരുതുന്നത്? ഞാന്‍:ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിച്ച് തന്നെപ്പോലെ തന്റെ അയല്‍ക്കാരെയും സ്‌നേഹിച്ച് ജീവിക്കുന്ന മനുഷ്യസമൂഹം. യേശു:അവിടെ രോഗവും ദാരിദ്ര്യവും ഒക്കെ ഉണ്ടാവുമോ?ഞാന്‍:ദാരിദ്ര്യമുണ്ടാവില്ല. പക്ഷേ, രോഗമുണ്ടാവാം. സാന്ത്വനം പകരാന്‍ സ്‌നേഹിക്കുന്നവരുണ്ടാവും എന്നതിനാല്‍ രോഗങ്ങളുടെ വേദന ഇപ്പോഴത്തെ അത്ര ഉണ്ടാവില്ല.യേശു:നീ പറയുന്നത് കുറെയൊക്കെ ശരിയാണ്. പക്ഷേ, ഞാന്‍ പറയാത്തത് പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുകയും അവ ചൂഷണോപാധിയാക്കുകയും ചെയ്യുന്നവരുടെയിടയില്‍ ആര്‍ക്കെങ്കിലും സമാധാനമായി ജീവിക്കാനാവുമോ?ഞാന്‍:നിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയാണോ നീ പറയുന്നത് ? യേശു:അതേ. വര്‍ഷങ്ങളായി വത്തിക്കാനില്‍ സംഭവിച്ചുകൊണ്ടിരുന്നതെല്ലാം അവസാനിച്ചേക്കുമെന്നു കരുതിയിരുന്നപ്പോഴാണ് കേരളത്തില്‍, പാലായില്‍, എന്റെ പേരിലൊരു മാമാങ്കം നടത്താന്‍ പോകുന്നത്! ഞാന്‍: പാലായില്‍ നടത്താന്‍ പോകുന്ന സിബിസിഐ സമ്മേളനമാണോ ഉദ്ദേശിച്ചത്? യേശു:അതേ. സമ്മേളനത്തെക്കാള്‍ അതിനായി പണിതുകൊണ്ടിരിക്കുന്ന മഹാമന്ദിരം ഇപ്പോഴത്തെ വത്തിക്കാനെ കടത്തിവെട്ടുമോ എന്നാണ് ഞാന്‍ പേടിക്കുന്നത്. കേരളത്തിലെ വത്തിക്കാന്‍ എന്നൊക്ക പണ്ടു പാലായെപ്പറ്റി ചിലര്‍ തമാശപറയുന്നതു ഞാനും കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെയെല്ലാം സങ്കല്പങ്ങള്‍ തകര്‍ക്കുംവിധമാണല്ലോ പാലായുടെ പുരോഗതി, അല്ല, അധോഗതി.ഞാന്‍: വിവരാവകാശനിയമം വന്നിട്ടുള്ളതിനാല്‍ പാലാ മുനിസിപ്പാലിറ്റിയില്‍നിന്ന് പാലായില്‍ പണിതുകൊണ്ടിരിക്കുന്ന കൊട്ടാരത്തിന്റെ വിശദവിവരങ്ങള്‍ കിട്ടുമെന്നാണ് അറിയുന്നത്. 160 മുറികള്‍ വീതമുള്ള നാലുനിലകളുള്ള മന്ദിരത്തിന് കോടികള്‍ ചെലവുവരുമെന്നാണ് കേള്‍ക്കുന്നത്. വത്തിക്കാന്‍ബാങ്കിലെ കള്ളപ്പണം വരാന്‍പോകുന്നത് ഇങ്ങോട്ടായിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. യേശു: ഫ്രാന്‍സീസ് മാര്‍പ്പാപ്പായെ വിവരമൊന്നറിയിച്ചു നോക്കൂ. അദ്ദേഹത്തിന് ചിലപ്പോള്‍ വേണ്ടതുപോലെ ഇടപെടാന്‍ കഴിഞ്ഞേക്കും.

No comments:

Post a Comment