Translate

Tuesday, October 8, 2013

അരമനക്കോടതികളും പുരോഹിതരുടെ 'വിചാരണാരതി'യുംസി.വി. സെബാസ്റ്റ്യന്‍
(2013 സെപ്റ്റംബര്‍ ലക്കം 'സത്യജ്വാല' മാസികയില്‍നിന്ന്)

നമ്മുടെ അരമനക്കോടതികളില്‍ നടത്തിവരുന്ന വിവാഹമോചനക്കേസുകളെന്ന പ്രഹസനത്തെപ്പറ്റിയാണ്. ഇവിടെ പറയാനുദ്ദേശിക്കുന്നത്, കാഞ്ഞിരപ്പള്ളി രൂപതാകോടതിയില്‍ നേരിട്ട് കാണുകയും, കേട്ടറിയുകയും ചെയ്ത കാര്യങ്ങള്‍ മാത്രമാണു കുറിക്കുന്നത്. മറ്റു രൂപതാക്കോടതികളുടെ പരിപാവനതയും നടപടിക്രമങ്ങളും അവിടെ നില്‍ക്കട്ടെ.
ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആദ്യം 2500/- രൂപ ഫീസ്! പിന്നെ വിചാരണയ്ക്ക് വിളിക്കുന്ന ഓരോ തവണയും 500/- രൂപാ. വിചാരണ നടത്തുന്ന നിത്യബ്രഹ്മചാരിയായ പുരോഹിത മജിസ്‌ട്രേറ്റിന്റെ പ്രായം 35-40 വയസ്സ്. ബെഞ്ച് ക്ലാര്‍ക്കായ കന്യാസ്ത്രീയുടെ പ്രായം 25-30 വയസ്സ്. വക്കാലത്തിനു കാശു ചെലവില്ല; കക്ഷികള്‍ക്കു സ്വയം വാദിക്കാം.
ഇനി വിചാരണ രീതിയെപ്പറ്റി പറഞ്ഞാല്‍ 'അങ്കവും കാണാം താളിയും ഒടിക്കാം' എന്ന മനോഭാവമാണ് വിചാരണ നടത്തുന്ന പുരോഹിതനും കന്യാസ്ത്രീയ്ക്കും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ , 'കഴുത കാമം കരഞ്ഞുതീര്‍ക്കുന്ന'തുപോലെ, പുരോഹിതമജിസ്‌ട്രേറ്റും കന്യാസ്ത്രീ ബഞ്ച് ക്ലാര്‍ക്കും' പ്രയോജനപ്പെടുത്തുന്ന ഒരു വേദി. ശാരീരികവും മാനസികവും സാംസ്‌കാരികവുമായ പൊരുത്തക്കേടുകള്‍ , സാമ്പത്തിക പ്രശ്‌നങ്ങള്‍ , വിശ്വാസവഞ്ചന ഇവയൊന്നും അരമനകോടതികളിലെ പരിഗണനാ വിഷയങ്ങളേയല്ല. ചികഞ്ഞു ചികഞ്ഞ് അന്വേഷിക്കുന്നത് രണ്ടേ രണ്ടു കാര്യങ്ങളെപ്പറ്റിമാത്രം. അതായത്, ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ രതിവൈകൃതങ്ങള്‍ ഉണ്ടോ? സംശയരോഗമുണ്ടോ? എന്നിവ. കിടപ്പറവൈകൃതങ്ങളാണ് താല്‍പ്പര്യമുള്ള മുഖ്യ അന്വേഷണവിഷയം. ദമ്പതിമാരോടു മാത്രമല്ല, സാക്ഷികളായി വിളിക്കപ്പെടുന്ന അവരുടെ സഹോദരിമാരോടും അമ്മമാരോടുപോലും തരംതാണ, മ്ലേച്ഛമായ, ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ പുരോഹിതന്‍ മടിക്കാറില്ല. ശരിയാണ്, പുരോഹിതന്റെ ചോദ്യങ്ങള്‍ പൂര്‍ണ്ണ ഗൗരവത്തിലാണ്. എങ്കിലും കന്യാസ്ത്രീക്ക് ചിരിയടക്കാന്‍ പറ്റാത്തതുകൊണ്ട് കുനിഞ്ഞിരുന്ന്, വായ പൊത്തിപ്പിടിച്ച് മാത്രമേ ചിരിക്കാറുള്ളൂ. വിചാരണയ്ക്കും സാക്ഷിപറയലിനും വിധേയരായ അനുഭവസ്ഥര്‍ പറയുന്നത്, പുരോഹിതന്റെ 'ചില' ചോദ്യങ്ങളും അപ്പോഴുളള കന്യാസ്ത്രീയുടെ വാപൊത്തിയുള്ള ചിരിയുമാണ് ഏറ്റവും അസഹനീയമായ രംഗങ്ങള്‍ എന്നാണ്. 'പൂച്ചയ്ക്ക് വിളയാട്ടം എലിക്കു പ്രാണവേദന' എന്നാണല്ലോ ചൊല്ല്.
സിവില്‍ കോടതികളിലോ കുടുംബകോടതികളിലോ 8-10 മാസംകൊണ്ട് വിവാഹമോചനം അനുവദിച്ച കേസുകള്‍ അരമനകോടതിയില്‍ ചെല്ലുമ്പോള്‍ 2-3 വര്‍ഷം വിചാരണ നടത്തിയാലും തീര്‍പ്പാവുകയില്ല. അതോടുകൂടി മനസ്സുമടുത്ത കക്ഷികള്‍ അവധിക്കു വിളിച്ചാലും പോകാതെയാകുന്നു. 18 വര്‍ഷമായിട്ടും തീര്‍പ്പാകാത്ത വിവാഹമോചനകേസുകള്‍ കാഞ്ഞിരപ്പള്ളി രൂപതാക്കോടതിയില്‍ കെട്ടിക്കിടപ്പുണ്ട്. എന്നാല്‍ , മെത്രാന്റെയോ പ്രമാണിമാരായ പുരോഹിതരുടെയോ കന്യാസ്ത്രീകളുടെയോ വേണ്ടപ്പെട്ടവര്‍ ഇത്തരം കേസുകളില്‍പ്പെട്ടാല്‍ ഇരുചെവിയറിയാതെ വിവാഹമോചനം അനുവദിച്ചുകൊടുത്തിട്ടുള്ളതായും അറിയാം.
വിചാരണവേളയില്‍ വേദവാക്യങ്ങള്‍ ഉദ്ധരിച്ച് ഇവര്‍ ചില ന്യായീകരണങ്ങള്‍ പറയാറുണ്ട്. 'ദൈവം കൂട്ടിയോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പ്പെടുത്താന്‍ സാധ്യമല്ല', എന്നും മറ്റും. മറ്റൊന്ന്, കുടുംബകോടതികളില്‍ തീര്‍പ്പാകുന്ന വിവാഹമോചനങ്ങള്‍ക്ക് കാനോന്‍നിയമപ്രകാരം സാധൂകരണമില്ല എന്നതാണ്. അങ്ങനെയെങ്കില്‍ , ഇത്തരം കേസുകള്‍ രൂപതാക്കോടതികള്‍ഏറ്റെടുക്കുന്നത് എന്തിന്? വരുമാനം ഉണ്ടാക്കാനോ? 'കുടുംബകോടതിവഴി വിവാഹമോചനം നേടിയവര്‍ക്ക്, പുനര്‍വിവാഹം നടത്താന്‍ ധൃതിയാണെങ്കില്‍ , റജിസ്റ്റര്‍ കച്ചേരിയില്‍ പോയി കെട്ടട്ടെ' എന്നാണ് പുരോഹിതന്റെ ഒടുവിലത്തെ തീട്ടൂരം.
ബ്രഹ്മചര്യവ്രതവും നിത്യകന്യാവ്രതവാഗ്ദാനവും സ്വീകരിച്ചിരിക്കുന്ന രൂപതാക്കോടതി ഉദ്യോഗസ്ഥരായ ഈ പുരോഹിത-കന്യാസ്ത്രീ ജോഡികള്‍ക്ക് ദാമ്പത്യജീവിതത്തിലെ ലൈംഗികതയെപ്പറ്റി വിലയിരുത്താന്‍ എന്തു യോഗ്യതയാണു ള്ളത്? ലൈംഗികവൈകൃതചിന്തകള്‍കൊണ്ട് വിജ്രംഭിതമായ, മലീമസമായ, അവരുടെ മനസ്സ് അതിന് പാകമാണോ? അല്ലെങ്കില്‍ത്തന്നെ, രാഷ്ട്രത്തിന്റെ കോടതികള്‍ക്കു ബദലായി ഇത്തരം പുരോഹിതക്കോടതികള്‍ക്ക് ഇന്ത്യയില്‍ എന്താണു പ്രസക്തി? 

1 comment:

  1. പള്ളികോടതികളിൽക്കൂടി മാത്രം തീർപ്പ് കല്പ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർ പുരോഹിതന് പണംകൊടുത്ത് പ്രശ്നങ്ങൾ തീർക്കട്ടെ. പണം കൊടുത്ത് പുരോഹിതന്റെ കൈകളും മുത്താൻ അവർ തയ്യാറാണല്ലോ. രതികാര്യങ്ങളിൽ കാഞ്ഞിരപ്പള്ളി പിതാവിനും രതിവീരൻ പുരോഹിതനും കൊച്ചു കന്യാസ്ത്രിക്കും അറിയാൻ താല്പര്യമെങ്കിൽ ധാരാളം ലൈംഗിക ഗ്രന്ഥങ്ങളുണ്ട്. ഇങ്ങനെ കോടതിയെ സമീപിക്കുന്നവർ അത്തരം ഗ്രന്ഥങ്ങൾ വായിക്കാൻ പുരോഹിതനെ ഉപദേശിക്കാം. . സ്ത്രീകളുടെയും പുരുഷന്മാരുടെയും രതിപുസ്തകങ്ങൾ വായിച്ചു വരുന്നതുകൊണ്ടാണ് പുരോഹിതൻ വിലകുറഞ്ഞ ചോദ്യങ്ങൾ വിവാഹിതരോട് ചോദിക്കുന്നത്. കോടതിവഴി വിവാഹമോചനം കിട്ടുന്ന സ്ഥിതിക്ക് ഈ വികൃത (perverted) പുരോഹിതരുടെ സമീപം പോവുന്നവരെയാണ് ആദ്യം കുറ്റപ്പെടുത്തേണ്ടത്. ഭൂരിഭാഗം പുരോഹിതർക്കും മാന്യമായി സംസാരിക്കാനും പെരുമാറാനും അറിയത്തില്ലെന്നുള്ളതാണ് സത്യം.

    ReplyDelete