Translate

Monday, October 21, 2013

പി സി ജോര്‍ജും മകനും വേട്ടയാടുന്നുവെന്ന് ഇന്ദുലേഖയും കുടുംബവും

സത്യജ്വാല മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ ചീഫ് വിപ്പ് പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും വേട്ടയാടുന്നുവെന്ന് ചര്‍ച്ച് ആക്ട് പ്രവര്‍ത്തക ഇന്ദുലേഖ ജോസഫും കുടുംബവും. തങ്ങള്‍ക്ക് ആപത്ത് സംഭവിച്ചാല്‍ പി സി ജോര്‍ജും മകനുമാകും ഉത്തരവാദികളെന്ന് ഇന്ദുലേഖയും അമ്മ അലോഷ്യയും അച്ഛന്‍ പ്രൊഫ. ജോസഫ് വര്‍ഗീസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ലേഖനം പ്രസിദ്ധീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഈരാറ്റുപേട്ടയിലെ തങ്ങളുടെ മൂന്നുനില കെട്ടിടത്തിനുമുന്നില്‍ റോഡ് വീതികൂട്ടാനെന്ന പേരില്‍ ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നാലടി താഴ്ചയില്‍ കുഴിയുണ്ടാക്കി. എന്നാല്‍ സമീപത്തൊന്നും കുഴിയെടുക്കാതെ ഈ കെട്ടിടത്തിനുമുന്നില്‍ മാത്രമാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തത്. ഇതു ചോദ്യംചെയ്തപ്പോള്‍ റോഡ് വീതികൂട്ടാന്‍ ഭൂമി ഏറ്റെടുക്കുകയാണെന്നും താനാണ് കരാറുകാരനെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. പൊലീസിലോ പഞ്ചായത്ത് അധികൃതരോടോ പരാതിപ്പെട്ടാല്‍ ഫലമില്ല. ഷോണ്‍ ജോര്‍ജിനെതിരെ കോടതിയെ സമീപിക്കും. ചര്‍ച്ച് ആക്ട് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സത്യജ്വാല മാസികയില്‍ പ്രൊഫ. ജോസഫ് വര്‍ഗീസ് "ചൊറിയിച്ചറിയിക്കണം" എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ് പ്രകോപനത്തിനു കാരണം. സഭയും കേരള കോണ്‍ഗ്രസും ചര്‍ച്ച് ആക്ടിനോടും ഇതിനായി പ്രവര്‍ത്തിക്കുന്നവരോടും കാണിക്കുന്ന അനീതിയെക്കുറിച്ച് ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചര്‍ച്ച് ആക്ട് പ്രവര്‍ത്തനത്തിന്റെ പേരില്‍ പി സി ജോര്‍ജ് മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു.
deshabhimani

http://jagrathablog.blogspot.in/2013/10/blog-post_9452.html

1 comment:

  1. ശ്രീ ഇപ്പനെയും ഇന്ദുലേഖയേയും അവരുടെ കുടുംബത്തിനെയും ഒരു രാഷ്ട്രീയകോമാളി അവഹേളിക്കാൻ ശ്രമിക്കുന്നതായ വാർത്ത മാതൃഭൂമിയിൽ വായിച്ചിരുന്നു. പുരോഹിതപടയുടെ പിന്തുണയുള്ള കേരള കോണ്ഗ്രസെന്ന ഈർക്കിലി പാർട്ടിയുടെ ഒരു നേതാവിന് സാംസ്കാരിക കേരളത്തിൽ ഇത്രമാത്രം സ്വാധീനമുള്ളത് തികച്ചും ലജ്ജാവഹം തന്നെ. യാതൊരു തത്ത്വങ്ങളുമില്ലാത്ത സാമൂഹ്യദ്രോഹിയായ ഈ നേതാവിനെ വളർത്തുന്ന ബഹുജനമെന്ന കഴുതയെ ആദ്യം കുറ്റപ്പെടുത്തണം.

    ശ്രീമതി ഇന്ദുലേഖയുടെ ഈ ചെറിയ ജീവിതത്തിനുള്ളിൽ സംഭവിച്ച സംഭവബഹുലമായ കോടതിവിധികളൊക്കെ ഞാൻ വായിച്ചു. ആ കുട്ടിക്ക് നീതി ലഭിച്ചില്ലെന്ന് വേണം പറയാൻ. ലഘുലേഖകൾ കോളേജ് മാനേജ്മെന്റിന്റെ അനീതിയ്ക്കെതിരെ വിതരണം ചെയ്തെന്നാണ് അന്ന് ആ കുട്ടിയിൽ മാനേജ്മെന്റ് കണ്ട കുറ്റം. അതിൽ നീതിന്യായവ്യവസ്ഥയെ തെറ്റിധരിപ്പിക്കാൻ പുരോഹിത പരിഷകൾക്ക് സാധിച്ചുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. സുപ്രീംകോടതിവരെയുള്ള അന്നത്തെ കോടതിവിധികളും വിസ്താരങ്ങളും വായിച്ചപ്പോൾ എതിർഭാഗത്തിന്റെ വാദങ്ങൾ തികച്ചും ബാലിശമെന്നും തോന്നിപ്പോയി. .ഇന്ന് കേന്ദ്രംവരെ തലപ്പത്തിരിക്കുന്ന ആന്റണിയും മുഖ്യമന്ത്രി ഉമ്മനും വിദ്യാർഥി രാഷ്ട്രീയത്തിൽക്കൂടി നേതാക്കന്മാരായവരാണ്. ഇന്ത്യൻ സ്വാതന്ത്ര്യം നേടിയതുതന്നെ അന്നത്തെ യുവവിദ്യാർഥികളുടെ ശക്തികൊണ്ടായിരുന്നു. ഗാന്ധിയുടെ പല ആഹ്വാനങ്ങളും വിദ്യാർത്ഥികളോടായിരുന്നു. "ഇന്ദു മഹാത്മാ ഗാന്ധിയല്ല എന്ന കോടതിയിൽ വന്ന പരാമർശനവും" വായിച്ചു. രാഷ്ട്രീയവും പൌരാഹിത്യവും നിയമങ്ങളും കോടതികളും ഒന്നാണെന്നും തോന്നിപ്പോയി.

    പാക്കിസ്ഥാനിൽ ഭീകരവാദികൾ മലാലയെന്ന സ്കൂൾ കുട്ടിയുടെ തലക്കിട്ടേ വെടി വെച്ചുള്ളൂ. കേരളത്തിലെ പുരോഹിതഭീകരരും രാഷ്ട്രീയ കിച്ചടാകളും(Mules ) ചോദ്യം ചെയ്യുന്നവരുടെ ബൌദ്ധികചിന്തകളെ തകർക്കാൻ ശ്രമിക്കുന്നതെന്നതാണ് വിത്യാസം. ഇതിലൊന്നും അടിപതറാതെ പുരോഹിത പടയ്ക്കെതിരെ തൂലിക ചലിപ്പിക്കുന്ന ഇപ്പൻ കുടുംബത്തിന് അനുമോദനങ്ങൾ. ലോകപ്രസിദ്ധയായ മലാലയും കേരളത്തിന്റെ മിടുക്കി ഇന്ദുലേഖയും ശബ്ദം ഉയർത്തുന്നത് അനീതിയ്ക്കെതിരെയാണ്. അവരുടെ ശ്രമങ്ങളെ വിജയിപ്പിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. എല്ലാ പിന്തുണകളും ഇവർക്ക്‌ ബൌദ്ധികലോകം നല്കണം.

    ReplyDelete