Translate

Sunday, October 20, 2013

നേര്ക്കാ ഴ്ചകള്‍ !

റോമിലെ സാന്താ മരിയാ ചാപ്പല്‍ ലോക പ്രസിദ്ധമാണ്. അവിടെ വെച്ചാണ് ഇപ്പോഴത്തെ മാര്‍പ്പാപ്പാ കത്തോലിക്കാ സഭയെ ഞെട്ടിപ്പിക്കുന്ന ചില പ്രസ്താവനകള്‍ നടത്തിയത്. അവയൊക്കെ ലോക മാധ്യമങ്ങള്‍ വള്ളി പുള്ളി വിടാതെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നെ ഞെട്ടിച്ചത്, ലോക പ്രേഷിത ഞായര്‍ പ്രമാണിച്ച്, മാര്‍പ്പാപ്പാ മെയ് പത്തൊന്‍പതിന് സാന്താ മരിയാ ചാപ്പലില്‍ വെച്ച് നടത്തിയ പ്രസംഗം ഒരു സന്ദേശമായിട്ട് ഇക്കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ വായിച്ചു എന്ന വാര്‍ത്തയാണ്. ഈ പ്രസംഗം ഇംഗ്ലിഷില്‍ ഞാന്‍ വായിച്ചിരുന്നു. സംഗതി കൂടുതല്‍ അന്വേഷിച്ചപ്പോളല്ലേ കളി മനസ്സിലായത്‌, പ്രധാനപ്പെട്ട ഒരു കാര്യവും അതിലില്ല. സാധാരണ ഒരു പള്ളി പ്രസംഗം പോലെ; അവസാനം വിശ്വാസിക്കിട്ടു രണ്ടുന്തും കൂടി കൊടുത്ത് വികാരിയച്ചന്‍റെ ഉപസംഹാരവും. തീര്‍ന്നുവെന്നു കേട്ടു. കാലാകാലങ്ങളായി സഭ ചെയ്തുകൊണ്ടിരുന്നത് ഇത് തന്നെ. പണ്ടത്തെ വണക്ക മാസ പുസ്തകം ഓര്‍ക്കുന്നു, എപ്രുക്കാനാക്കാര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു മൂക്കില്ലാത്തവന് മൂക്ക് മുളച്ചതുപോലുള്ള കഥകള്‍ അതില്‍ ധാരാളം ഉണ്ടായിരുന്നു. അതിന്‍റെ ഫലമാകാം, വണക്ക മാസം തന്നെ അന്യം നിന്ന് പോയത്. ഒരുളുപ്പുമില്ലാതെ എങ്ങിനെ ഇത്തരം തര്‍ജ്ജമകള്‍ സത്യം മറച്ചുവെച്ചു ചമക്കുന്നു എന്ന് പണ്ടാണെങ്കില്‍ ഞാന്‍ ചിന്തിക്കുമായിരുന്നു. ഇന്ന് ഞാന്‍ അങ്ങിനെ ചിന്തിക്കില്ല, കാരണം സത്യവും നീതിയും നടപ്പാക്കാനല്ല ഈ സഭ ഇവിടെ നിലനില്‍ക്കുന്നത് എന്ന് എനിക്കുറപ്പുണ്ട്. സഭക്ക് വേണ്ടത് പണം മാത്രം.

ഇപ്പോള്‍ രൂപതകളില്‍ ധാരാളം വികാരി ജനറാളന്മാരുണ്ട്‌. പാലാ രൂപത എടുത്തോളു, ഒരാള്‍ക്ക് ചേര്‍പ്പുങ്കല്‍ മെഡിക്കല്‍ കോളെജിന്‍റെ ചുമതല, മറ്റൊരാള്‍ക്ക് ചൂണ്ടച്ചേരി എഞ്ചി. കോളെജിന്‍റെ ചുമതല...... രൂപത ആര്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്നാണ് ജനം മനസ്സിലാക്കേണ്ടത്? കുമിഞ്ഞു കൂടുന്ന പണം ഭ്രാന്തില്ലാത്തവനെയും ഭ്രാന്തനാക്കാതിരിക്കുമോ? ചേര്‍പ്പുങ്കല്‍ പള്ളിയില്‍ ഒരു വെള്ളിയാഴ്ചത്തെ നേര്‍ച്ച ഏകദേശം നാല് ലക്ഷം. ഞായറാഴ്ചത്തെ വരുമാനം ഏകദേശം അമ്പതിനായിരം. കഴിഞ്ഞ മാസം സ്വര്‍ണ്ണം കിട്ടിയത് 470 ഗ്രാം. ഒന്ന് കൂട്ടി നോക്കിക്കേ ഒരു മാസത്തെ വരുമാനം. എന്നിട്ടും വികാരിക്ക് പരാതി ഇടവകക്കാര്‍ പാരിഷ് ഹോളിനു കൊടുക്കുന്ന വാടക 7500 രൂപാ, പോരാ. കാരണം വിചിത്രം, അത് പെയിന്ടടിക്കാന്‍ എണ്‍പതിനായിരം വേണമത്രേ. അവിടെ ഉള്ള കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി വീണ്ടും പണിയുന്നത് ആര്‍ക്കും കാണാവുന്നതെയുള്ളൂ. കൂടുതല്‍ ബിസ്സിനസ്സുകാരുണ്ടാവണം, കൂടുതല്‍ പണം ഉണ്ടാവണം. പള്ളിയുടെ തൊഴില്‍ എന്തെന്ന് ആരും ചോദിക്കരുത്. ഇതൊന്നും പോരാഞ്ഞിട്ടാണ്‌ കല്ലറങ്ങാട്ട് പിതാവ് യൂറോപ്പില്‍ പാത്രവുമായി പോയത്.

അടുത്ത ദിവസം ഒരു തീവ്ര വിശ്വാസിയുടെ മകനെ കാണാനിടയായി. ആളു ഡല്‍ഹിയില്‍ പഠിക്കുന്നു, അവധിക്കു വന്നതിന്‍റെ പിറ്റേന്നാണ് എന്‍റെ മുമ്പില്‍ പെട്ടത്. മുഖത്താകെ ഒരു വാട്ടം കണ്ടു വിഷയം മാറ്റാന്‍ ഞാന്‍ ചോദിച്ചു, ‘നാളെ എന്താ പരിപാടി?’ മറുപടി സത്യത്തില്‍ ആരെയും ചിന്തിപ്പിക്കും. “ഡാഡി ഒരു ധ്യാനത്തിന് ബുക്ക് ചെയ്തിരിക്കുകയാ. എങ്ങിനാ വേണ്ടെന്നു പറയുന്നത്. സത്യത്തില്‍ അങ്കിളേ, എനിക്കിതില്‍ ഇപ്പൊ അത്രക്കങ്ങു വിശ്വാസം പോരാ.” ആകെപ്പാടെ കിട്ടിയ ഒന്നര ആഴ്ചയില്‍ നാല് ദിവസം പോക്ക്. അങ്ങിനെയാണ് ആ കുട്ടി ചിന്തിച്ചത്. ഇന്ന് സമൂഹത്തില്‍ ഇത്തരം കുട്ടികളാണ് വളര്‍ന്നു വരുന്നത്. മാതൃക കാണിക്കുന്നവര്‍ ഇല്ല. കുട്ടികളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ഉദാഹരണത്തിന്, ആലഞ്ചേരി പിതാവ് ലാളിത്യത്തിന്‍റെ ഉപ്പാപ്പാ, പക്ഷേ അത് സ്വന്തം കാര്യത്തിലല്ലെന്നു മാത്രം. എവിടെ ചെന്നാലും ഇത്തരം ഉപ്പാപ്പാമാര്‍ മാത്രം.

വൈദികരില്‍ ജനങ്ങള്‍ക്ക് വിശ്വാസം ക്ഷയിക്കുന്നു എന്ന് കണ്ടപ്പോള്‍ വൈദികര്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന തുടങ്ങി, കുര്‍ബാന കഴിഞ്ഞാല്‍ ഉടനെ. സത്യത്തില്‍ അത് അത്യാവശ്യമാണെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. അവര്‍ക്ക് ജ്ഞാനവും ബുദ്ധിയും വിവേകവുമൊക്കെ കുറവാണെന്ന് പരസ്യമായി സമ്മതിക്കുകയും കൂടിയാണല്ലോ അവിടെ ചെയ്യുന്നത്. എല്ലാവരും ചോദിക്കുന്നുണ്ട്, അല്‍മായനു  വേണ്ടി പ്രാര്‍ഥിക്കാന്‍ ആരുമില്ലെയെന്ന്. അവനു വേണ്ടത്ര ബുദ്ധിയും വിവേകവും ജ്ഞാനവും ഉണ്ടെന്നു അവരെക്കാള്‍ നന്നായി മെത്രാന്‍ അറിയുന്നു സ്നേഹിതാ. പിന്നെന്തിനാ പ്രാര്‍ത്ഥന? അവനെക്കാള്‍ ഭൂമിയോളം ക്ഷമിക്കാന്‍ പഠിച്ചവന്‍ വേറെ ഇല്ലല്ലോ.  

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. കാര്യം എന്തൊക്കെ പറഞ്ഞാലും വിദേശ മെത്രന്മാർ ആയിരുന്നു നാടടു മേത്രന്മാരെക്കാൾ ഭേദം. നാടടു മേത്രന്മാരെ കിട്ടിയ അന്ന് തുടങ്ങി നസ്രാണി കത്തോലിക സഭ മുടിയാൻ. അത് മുടിച്ചു തേച്ചു കഴികിയത് ആരാധനക്രമം വഴിയും ക്ലാവർ കുരിശു വഴിയും പൌരസ്ത്യ സഭകളുടെ കാനോനകൾ വഴിയും വിശ്വാസികളെ അന്തവിസ്വാസികളാക്കിയും കണക്കില്ലാത്ത സ്വത്തു സമാഹരിച്ചുമാണ്. മെത്രാന്മാർ കൊട്ടാരങ്ങളിൽ പള്ളികൊണ്ടും ലക്ഷ്വറി കാറിൽ സഞ്ചരിച്ചും വിമാനത്തിൽ കൂടെകൂടെ പറന്നും അമേരിക്കയിൽ എത്തിയാൽ ലിമോസീൻ കാറിൽ ചുറ്റിക്കരുങ്ങിയും സുഖ ജീവിതം നയിക്കുന്നു. ഇവരാണ് ദരിദ്ര നാരായണനായ യേശുവിനെപ്പറ്റി പ്രസംഗിക്കുന്നത്! ഏകദേശം അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് പോപ് ലെയോ പത്താമൻ ജീവിച്ച കഥ വായിക്കാൻ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവിടെ ഇന്നു നടക്കുന്നത് അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ് യൂറോപ്പിൾ നടന്നിരുന്നു.
    http://one-evil.org/content/people_16c_leo_x.html

    ReplyDelete