Translate

Friday, October 25, 2013

അഭിഷിക്തരോട് പട പൊരുതുന്ന മാർപാപ്പാ













അല്മായശബ്ദത്തോട് കടപ്പാടുമായി ബ്രിട്ടീഷ്പത്രത്തിൽ പ്രസിദ്ധികരിച്ച ഈ ലേഖനത്തിന്റെ ലിങ്ക് അനുബന്ധമായി താഴെ കൊടുത്തിരിക്കുന്നു.    ലേഖനത്തിന്റെ ആദ്യഭാഗങ്ങളിലെ മൂന്ന് പാരഗ്രാഫായി പത്രാധിപരുടെ വിലയേറിയ അഭിപ്രായവുമുണ്ട്. ശ്രീ ജേക്കബ് കൊയിപ്പള്ളിക്ക്(Chief Editor) എന്റെ നന്ദി.  :  



വിനയവും എളിമയും മാതൃകയാക്കേണ്ട അഭിഷിക്തരുടെ ആർഭാടജീവിതം ചൂണ്ടികാണിച്ചുകൊണ്ട് ജർമ്മനിയിൽ ഒരു ബിഷപ്പിനെ താല്ക്കാലികമായി ഫ്രാൻസീസ് മാർപാപ്പാ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കംചെയ്തത് കാക്കനാട്ടുമുതൽ ലോകത്തുള്ള മെത്രാന്മാരെ ഒരുപോലെ ഞെട്ടിച്ചിട്ടുണ്ടാകാം. ലോകം മുഴുവൻ പണപ്പിരിവിനായി വിമാനത്തിൽ സഞ്ചരിക്കുന്ന കർദ്ദിനാൾ ആലഞ്ചേരിയുൾപ്പടെയുള്ള മലയാളീ മെത്രാൻ മെത്രാപ്പോലീത്താമാർ ഭാവിപരിപാടികൾ ഇനി എന്തേയെന്ന് ആലോചിക്കുന്നുമുണ്ടാവാം. ഇറ്റലിയിൽ മണിമാളിക പണിയാൻ വലിയ ഒരു ബഡ്ജറ്റും കാക്കനാട്ട് തയാറാക്കിയിട്ടുണ്ട്. കൂടാതെ ഇവരുടെ ഭാവിപദ്ധതികൾ സീറോമലബാർ രൂപതകൾ ലോകം മുഴുവൻ വ്യാപിപ്പിച്ച് യൂറോപ്പിലും അമേരിക്കയിലും മെത്രാന്മാരെ പ്രതിഷ്ഠിച്ച് അരമനകൾ പണിയാനുമാണ്. പണക്കാരുടെ ചെണ്ടമേളങ്ങളിലും സ്ത്രീജനങ്ങളുടെ താലപ്പൊലി സ്വീകരണങ്ങളിലും ഫോട്ടോക്കു പോസ് ചെയ്യലിലും അഭിഷിക്തർ താൽപര്യപ്പെടുന്നു.  വിദേശത്തുള്ള ഇത്തരം പരിപാടികളിൽനിന്നും  അകന്നുനിന്ന് ഒരു ഇടയനെപ്പോലെ ഇനിയുള്ളകാലം ദളിതരുടെയും ദരിദ്രരുടെയും കൂടെ  ആലഞ്ചേരി പിതാവ് പ്രവർ‍ത്തിക്കുമെന്നും പ്രതീക്ഷിക്കാം. ധ്യാനകേന്ദ്രത്തിന്റെ മറവിൽ കാഞ്ഞിരപ്പള്ളി രൂപത മോണിക്കയുടെ വസ്തു തട്ടിയെടുത്ത വിവരവും മാർപാപ്പായുടെ ശ്രദ്ധയിൽപ്പെടുത്തണം. ജർമ്മൻ മെത്രാനെക്കാളും ആഡംബരത്തിൽ കാഞ്ഞിരപ്പള്ളിമെത്രാൻ ഒരു പടികൂടി മുമ്പിലായിരിക്കുമെന്നതിലും സംശയമില്ല.    
ജർമ്മനിയിലെ ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റി(Franz Peter Tabartz -Vanelist ) സ്വന്തം അരമനയും ചാപ്പലും പൂന്തോട്ടവും നിർമ്മിക്കാൻ 41 മില്ല്യൻ ഡോളറാണ് ബഡ്ജെറ്റിൽ ഉൾപ്പെടുത്തിയത്. ആഡംബരമേറിയ അദ്ദേഹത്തിന്റെ കൊട്ടാരം പണികളെപ്പറ്റി ജർമ്മൻപത്രങ്ങൾ നിറയെ വാർത്തകളായി മുഴങ്ങിയിരുന്നു. പൂന്തോട്ടം നിർമ്മാണത്തിനുതന്നെ ഒന്നേകാൽ മില്ല്യൻ ഡോളർ ചെലവാക്കി. സഭയുടെ നിയമം അനുസരിച്ച് തക്കതായ കാരണങ്ങളുണ്ടെങ്കിലേ ഒരു ബിഷപ്പിനെ പുറത്താക്കാൻ സാധിക്കുകയുള്ളൂ.  ഒന്നുകിൽ സേവനം ചെയ്യാൻ ആവാതെ കടുത്ത അസുഖമുണ്ടായിരിക്കണം. അല്ലെങ്കിൽ സഭാനിയമങ്ങൾ ലംഘിച്ചിരിക്കണം. അതിൽ രണ്ടാമത്തെ കാരണം വത്തിക്കാൻ പരിഗണനയിൽ എടുത്തേക്കാം.
ഇതിലെന്തു തെറ്റെന്ന് കേരളത്തിലെ സുറിയാനിസഭയിലെ അഭിഷിക്തർ ചോദിക്കുന്നുണ്ടാവാം. സഭയിലെ രാജകുമാരന്മാർ പത്രോസിന്റെ പാറയിന്മേൽ ഉറച്ച കെട്ടിടങ്ങളിൽ വാണരുളണമെന്നും ചിന്തിക്കുന്നുണ്ടാവാം. ചുറ്റും സുന്ദരമായ കെട്ടിടങ്ങൾ ഉള്ളപ്പോൾ അഭിഷിക്തരായ തങ്ങൾക്കും എന്തുകൊണ്ട് മനോഹരമായ കൊട്ടാരങ്ങൾ ആയിക്കൂടാ?  സഭ പണിതതും അത്യുന്നതനായ ദൈവത്തിന്റെ മഹത്വത്തിലാണ്. ഗോപുരങ്ങളുടെ ഉയരം കൂടുംതോറും യേശുവിൽക്കൂടി ആത്മാവിന് പിതാവിങ്കൽ പ്രാപിക്കാനും എളുപ്പമാകും. പള്ളി പണിയുന്നതും രണ്ടും മൂന്നും തലമുറകൾക്കായിട്ടാണ്. സ്വാർഥമതികളായ ഇന്നത്തെ തലമുറയ്ക്ക് മാത്രമായിട്ടല്ല.  
പണുത കൊട്ടാരം വിനോദസഞ്ചാരികളെ ആകർഷിക്കുവാനും ബിഷപ്പ് ആഗ്രഹിച്ചു. അതുവഴി സഭയുടെ മനോഹാരിത പുറംലോകം അറിയുവാനും ആഗ്രഹിച്ചു. യേശുവിന്റെ ആലയം മണൽപ്പുറത്തല്ല പണിയേണ്ടത്. യേശു പ്രകൃതിയുടെയും സൗന്ദര്യം ദർശിച്ചിരുന്നു. മലകളും കടലുകളും ഉദ്യാനങ്ങളും അവിടുത്തേക്കിഷ്ടമായിരുന്നു. ഈ സൌന്ദര്യം വിശ്വാസിയുടെ ഹൃദയപരിമളമാണ്. ഇതെല്ലാം അവിടുത്തെ സഭയാകുന്ന മണവാട്ടിയ്ക്ക് വിശ്വാസികൾ ഔദാര്യപൂർവം അർപ്പിച്ചതാണ്. ഇങ്ങനെയിങ്ങനെ പഴഞ്ചനായ തത്ത്വചിന്തകൾ ജർമ്മൻബിഷപ്പ് പറഞ്ഞിട്ടും സാധാരണക്കാരിൽ വെറും സാധാരണക്കാരനായി ജീവിക്കുന്ന ഫ്രാൻസീസ് മാർപാപ്പാ ചെവികൊണ്ടില്ല.
വിശ്വാസികളുടെ പരാതികൾ പരിഗണിച്ചുകൊണ്ട്‌  ലിംന്‍ബര്‍ഗ് ബിഷപ്പ്, ഫ്രാന്‍സ് പീറ്റര്‍ തെബാര്‍ട്‌സ് വാന്‍ ഏഴ്സ്റ്റിനെ (Franz Peter Tabartz -Vanelist ) മാർപാപ്പാ  അടിയന്തിരമായി വത്തിക്കാനിൽ വിളിച്ചുവരുത്തിക്കൊണ്ട് സമാധാനം ആവശ്യപ്പെട്ടു. ബിഷപ്പിന്റെ ചുമതലകളിൽനിന്നും സമയപരിധി നിശ്ചയിക്കാതെ താല്ക്കാലികമായി അദ്ദേഹത്തെ പുറത്താക്കി. ഒപ്പം വത്തിക്കാന്റെ ഭരണാധികാരിയായിരുന്ന മോണ്‍സിഞ്ഞോറിനെയും നിർബന്ധിത പെൻഷൻനൽകി പറഞ്ഞുവിട്ടു. ബിഷപ്പ് റ്റാബാറ്റ്സ് -വാൻ-എല്സ്റ്റിന്റെ ആർഭാടമേറിയ ജീവിതത്തിൽ ജർമ്മൻജനത അസഹ്യരായിരുന്നു. പരിവാരസഹിതം രാജ്യങ്ങൾ ചുറ്റികറങ്ങാൻ വിമാനത്തിലെന്നും ഒന്നാംക്ലാസ് ടിക്കറ്റിലേ സഞ്ചരിക്കുമായിരുന്നുള്ളൂ. ജർമ്മൻ ബിഷപ്പിനെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും പുറത്താക്കിയതുവഴി മാർപാപ്പാ വിശ്വസിക്കുന്ന തത്ത്വങ്ങൾ സഭയിൽ നടപ്പിലാക്കാൻ ആരംഭിച്ചെന്നും അനുമാനിക്കണം. കൊട്ടാരസദൃശ്യമായ വത്തിക്കാനിലെ പാപ്പാമന്ദിരങ്ങളിൽ മുമ്പുണ്ടായിരുന്ന മാർപാപ്പാമാർ താമസിച്ചെങ്കിലും ഫ്രാൻസീസ് മാർപാപ്പാ അവിടെ ഇടുങ്ങിയ മുറികളുള്ള ഒരു കൊച്ചുഭവനത്തിലാണ് താമസിക്കുന്നത്. പ്രേഷിതവേല ചെയ്യുവാൻ നിയുക്തരായിരിക്കുന്ന മെത്രാന്മാർ കിരീടമണിഞ്ഞ രാജകുമാരന്മാരല്ലെന്ന് ഫ്രാൻസീസ് മാർപാപ്പാ കൂടെകൂടെ പറയാറുണ്ട്‌. സൌമ്യതയും വിനയവുമടങ്ങിയ ലളിതമായ ജീവിതമാണ് റോമൻ ക്യൂരിയാ പരിഷ്ക്കാരത്തെക്കാൾ പ്രാധാന്യമുള്ളതെന്ന് മാർപാപ്പാ അഭിഷക്തരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സഭയിലെ നവീകരണാവശ്യം ക്യൂരിയായിൽ അല്ലെന്നും പാപ്പാ പറഞ്ഞു. വത്തിക്കാനിലെ മുരടിച്ച പുരോഹിതരുടെ  അധികാരഭ്രാന്തിനെ പിഴുതുകളയാനും കൂടിയാണ് മാർപാപ്പായുടെ ഈ തേരോട്ടമെന്നും തോന്നിപ്പോവും.
മുമ്പെല്ലാം സഭയുടെ കുറ്റപത്രങ്ങളിൽ നിറഞ്ഞിരുന്നത് ലൈംഗിക കുറ്റകൃത്യങ്ങളും സാമ്പത്തിക അഴിമതികളുമായിരുന്നു. ആഡംബരവും മുത്തുകുടകളും മെത്രാനെ എഴുന്നെള്ളിപ്പും മഞ്ചത്തിൽ കൊണ്ടുപോവലും വിദേശത്താണെങ്കിൽ സ്ത്രീകളുടെ മെത്രാനുള്ള താലപ്പൊലി സ്വീകരണവും, മെത്രാന്റെ ലിമോസിയൻ സഞ്ചാരവും സീറോമലബാർ സഭകളിൽ സാധാരണമാണ്. പണക്കാരന്റെ മക്കളെ വിവാഹം ആശിർവദിക്കാൻപോലും കേരളത്തിൽനിന്ന് അമേരിക്കയിലേക്ക് കർദ്ദിനാൾ വിമാനം കയറിവന്ന വിചിത്രമായ പത്രവാർത്തകളും വായിച്ചു. ഓരോ സംഭവങ്ങളും വായിക്കുമ്പോൾ സഭയുടെ സുതാര്യത നഷ്ടപ്പെട്ടുവെന്ന് സഭയെ സ്നേഹിക്കുന്നവർക്ക് തോന്നിപ്പോവും. കേരളത്തിൽതന്നെ ധ്യാനകേന്ദ്രങ്ങളുടെ മറവിൽ ഭൂമിതട്ടിപ്പും കോടികൾ മുടക്കി കാറ് മേടിക്കലും അരമനകൾ പണിയലും, കമ്പോളങ്ങൾ ഉണ്ടാക്കലും കോളേജുകോഴകളും അഭിഷിക്തരുടെ മേൽനോട്ടത്തിൽ നടക്കുന്നു. ഇത്തരം അഴിമതിക്കാരെ പിടിക്കാൻ ശക്തമായ ജനപിന്തുണ ഫ്രാൻസീസ് മാർപാപ്പായ്ക്ക്‌ നല്കിയാലെ ഈ താപ്പാനകൾക്ക്‌ മൂക്കുകയറിടുവാൻ സാധിക്കുകയുള്ളൂ. ജർമ്മൻ ബിഷപ്പിനെതിരെ ജർമ്മനിയിലെങ്ങുമുള്ള  വിശ്വാസികളുടെ ശക്തിയേറിയ പ്രതിഷേധത്തിന്റെ അലകൾ വത്തിക്കാന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
നമ്മുടെ മുമ്പിൽ ഇന്നൊരു ചോദ്യം ഉയരുകയാണ്. മണിമാളികകൾ പണിത് ആഡംബരജീവിതം നയിച്ചുജീവിക്കുന്ന അഭിഷിക്തരെ അത്തരം ദിനചര്യകൾ നാം ഇനി അനുവദിക്കേണ്ടതുണ്ടോ?  മാർപാപ്പായുടെ ജർമ്മൻ മെത്രാനെതിരായുള്ള സുപ്രധാനമായ ഈ തീരുമാനത്തിൽ നാം അഭിമാനിക്കണം. മറ്റുള്ളവരുടെ പണത്തിന്റെ ശക്തിയിൽ കൈകളിൽ അംശവടിയും പിടിച്ച്, വിരലുകളിൽ മോതിരവുമണിഞ്ഞ്, തലയിൽ വർണ്ണനിറങ്ങളുള്ള മയിൽപക്ഷികളുടെ തൊപ്പിയും ധരിച്ച്, മുത്തുക്കുടകളുടെ കീഴിൽ എഴുന്നള്ളി നടക്കുന്ന അഭിഷിക്തർക്കും ഇതൊരു പാഠമാകണം. അവരെ തടയരുതെന്ന് യേശു പറഞ്ഞത് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നോക്കിയായിരുന്നു. കപടത നിറഞ്ഞ പരീഷിയരെ അവിടുന്ന് ആട്ടിയോടിച്ചു. അവിടുത്തെ ചങ്ങാതികൾ പകലന്തിയോളം പണിയെടുത്തിരുന്ന നിഷ്കളങ്കരായ മുക്കുവരായിരുന്നു. സ്വാർത്ഥതയില്ലാതെ വിയർപ്പിന്റെ അപ്പം അവർ ഒന്നിച്ചു ഭക്ഷിച്ചിരുന്നു. പകലന്തിയോളം കടലിൽ പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന ജനമായിരുന്നു അവിടുത്തെ പിന്തുടർന്നത്.‌  
 പുരോഹിതരുടെ പൈശാകിമായ അഴിമതിയും സ്വവർഗരതികളും അവരുടെ ആഡംബര ജീവിതവും നിറഞ്ഞ ഒരു സഭയിൽ ജനിച്ചില്ലല്ലോയെന്ന് മനസ്സിൽ സങ്കൽപ്പിച്ച് ഒരു പക്ഷെ മറ്റുള്ള സഭാംഗങ്ങൾ മുട്ടേൽനിന്ന് ദൈവത്തോട് നന്ദി പറയുന്നുണ്ടായിരിക്കാം. റോമൻ കത്തോലിക്കനും ലൂതറനും പ്രൊട്ടസ്റ്റന്റും ഒരേ കുതിരപ്പുറത്തുതന്നെയാണ് സവാരിചെയ്യുന്നത്. ബില്ലി ഗ്രഹാമും കെ.പി. യോഹന്നാനും സുവിശേഷ ജോലികളിൽക്കൂടി പണത്തിന്റെ സാമ്രാജ്യ പ്രഭുക്കളായി ആത്മാക്കളെ രക്ഷിച്ചുകൊണ്ടിരിക്കുന്നു. മുട്ടിന്മേൽനിന്ന് എഴുന്നേറ്റ് സ്വയം കാലുകളെ ഉറപ്പിക്കണം. ഒരോ വ്യക്തിയേയും മതമല്ല ദൈവമാണ് നയിക്കുന്നത്. "ഭൂമിയിൽ ഞാൻ ആര് വിധി കല്പ്പിക്കാ"നെന്ന ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകളും ഓർമ്മവേണം.
പുരോഹിതർക്കും അഭിഷിക്തർക്കും സഭയോടുള്ള മനസാക്ഷി നശിച്ചുവെന്നതാണ് കാലത്തിന്റെ സത്യവും. നീതിയും സത്യവും നടപ്പിലാക്കാൻ അസത്യത്തിനുനേരെ പോരാടിയേ മതിയാവൂ. അതുതന്നെയാണ് ഗീതയിലും ബൈബിളിലും ഒരുപോലെ പറഞ്ഞിരിക്കുന്നത്. ഭഗവാൻ യേശുദേവന്റെ ആ ദൌത്യം ഫ്രാൻസീസ് മാർപാപ്പാ തുടങ്ങിവെച്ചെന്ന് വേണം അനുമാനിക്കാൻ. മാർപാപ്പായെന്ന ഒരു വ്യക്തി പരിഗണിച്ചാൽമാത്രം അങ്കം ജയിക്കണമെന്നില്ല. രണഭൂമിയിലെ ശക്തരായ കൌരവപ്പടയാണ് എതിർഭാഗം നയിക്കുന്നത്. മാർപാപ്പായെ നയിക്കാൻ പരിശുദ്ധാരൂപിയുടെ ചൈതന്യമുണ്ട്. സത്യം നിലനിർത്തുന്ന പോരാട്ടത്തിനായി കർമ്മങ്ങളനുഷ്ടിക്കാൻ സമൂഹത്തിലെ ഓരോ വ്യക്തിയും കടപ്പെട്ടവനാണ്. പുരോഹിതരും അഭിഷിക്തരുമെല്ലാം സമൂഹത്തിലെ വ്യക്തികൾതന്നെ. വ്യക്തികളെന്ന നിലയിൽ സത്യസന്ധമായി സഭയെ നയിക്കാൻ അവർക്ക് കടപ്പാടുള്ളപ്പോൾ വേലിതന്നെ വിളവുതിന്നാലെന്തു ചെയ്യും?  
 ആഡംബര സമൃദ്ധിയിൽ സുഖഭോഗ വസ്തുക്കളുമായി ജീവിച്ച ഒരു ജർമ്മൻ മെത്രാന്റെ പതനമോർക്കുമ്പോൾ നമ്മുടെ മനസിൽക്കൂടി പലതും കടന്നുപോവും.
 1. കേരളാ സുറിയാനി സഭയിൽ ഇക്കാണുന്ന കത്തീഡ്രലുകളും മെഗാപ്പള്ളികളും നാം എന്തിന് സഹിക്കണം?
2.സുറിയാനി മെത്രാന്മാർ ചിന്തിക്കുന്നത് ഭാരതം മുഴുവൻ അവരുടെ   അധീനതയിലെന്നാണ്. ഒരു ഭരണാധികാരിയും അവരെ ചോദ്യം ചെയ്യുകയില്ല. കേരളത്തിൽ മാറി മാറി വരുന്ന  ഏതു ഭരണകൂടങ്ങളെയും താഴെയിറക്കാനുള്ള ശക്തി അഭിഷിക്തർക്കുണ്ട്‌. 
3.ധാരാളിത്വത്തിൽ മതിമറന്നു ജീവിക്കുന്ന എയർപോർട്ട് പിതാക്കന്മാരും ധ്യാനഗുരുക്കളും ടെലിവിഷൻ ഇവാഞ്ചലിസ്റ്റ് രോഗനിവാരണ അത്ഭുതചീകത്സാ പ്രതിഭാസങ്ങളുമായി ഇന്ന് സീറോ മലബാർ സഭ അധപതിച്ചിരിക്കുന്നതായി കാണാം.  
4. അനുയായികളെ നിരന്തരം പറ്റിച്ചുജീവിക്കുന്ന ഇവർക്ക് നികുതി കൊടുക്കേണ്ടാ. അല്മേനിക്ക്‌ സഭാസ്വത്തിന്മേൽ പങ്കാളിത്തം കൊടുക്കാതെ സ്വത്തുക്കൾ മുഴുവൻ കേരളസഭകൾ കൈവശം വെച്ചുകൊണ്ടിരിക്കുകയാണ്.
5. വിധവകളുടെയും രോഗികളുടെയും ദുഖിതരുടെയും തകർന്ന കുടുംബങ്ങളുടെയും പണമാണ് ഇവർ തട്ടിയെടുത്ത് സ്വന്തമായി കളിക്കുന്നത്. അതിന് തെളിവാണ്, കാഞ്ഞിരപ്പള്ളിരൂപത മോനിക്കായെന്ന സ്ത്രീയുടെ വസ്തു തട്ടിയെടുത്ത കുപ്രസിദ്ധമായ കഥ.  പരിഹാരം കാണാതെ ഇന്നും ആ സ്ത്രീ കോടതി കേസുകളുമായി കഴിയുന്നു.
6. ഏത് രാജ്യക്കാരനെങ്കിലും പുരോഹിതനെ ഒരേ അച്ചുതണ്ടിൽ വാർത്തിരിക്കുന്നു. അന്റാർട്ടിക്കായിലും ആഫ്രിക്കയിലും പാലായിലും ഘോരമായ തണുപ്പുള്ളടത്തും മഴയില്ലാത്ത നാട്ടിലും ചൂടുനിറഞ്ഞ മരുഭൂമിയിലും വസിക്കുന്ന ഭൂരിഭാഗം പുരോഹിതരുടെ സ്വഭാവം ഒന്നുപോലെതന്നെ. സ്വാർത്ഥത കൈമുതലായ ഇവർക്ക് പണത്തിന്റെ ആർത്തി ഒരിക്കലും തീരില്ല.  ധൂർത്തടിക്കുന്ന കേരളത്തിലെ അച്ചന്മാരുടെയും ബിംബം മാമ്മോൻ തന്നെ.  
7. അടുത്തതായി മാർപാപ്പായുടെ നടപടികൾ വേണ്ടത് തിന്നുകുടിച്ച് സുഖഭോഗം നടത്തുന്ന അഭിഷിക്തരെ തേടിപ്പിടിച്ച് സൊമാലിയായിലോ എത്തിയോപ്പിയായിലൊ പഞ്ഞം പിടിച്ച ആഫ്രിക്കൻ രാജ്യങ്ങളിലോ അയക്കുകയെന്നതാണ്. പൈപ്പുവെള്ളമോ വൈദ്യുതിയോ ഫാനോ എയർ കണ്ടീഷനോ ലഭിക്കാത്ത ദേവാലയങ്ങളുടെ ചുമതലകൾ ഈ ധാരാളികളെ എല്പ്പിക്കണം.ആ കറുത്ത പട്ടികയിൽ കേരളത്തിലെ ഒട്ടുമുക്കാലും മെത്രാന്മാരും മെത്രാപോലീത്താമാരും കാണും.
8. പള്ളിക്ക് പത്തുശതമാനം മേടിക്കാൻ മടിയില്ല. ആ പണം ചെലവാക്കുന്നതെങ്ങനെയെന്ന് ആരും ചോദിക്കാൻ പാടില്ലായെന്നാണ് കീഴ്വഴക്കം. ഇവരിൽ എത്രപേർ സമൃദ്ധിയിൽനിന്നുപോലും ദരിദ്രരരെ സഹായിക്കുന്നുണ്ട്. പിച്ചച്ചട്ടിയിൽനിന്ന് വാരിയെടുക്കാനും ഇവർ മടിക്കില്ല. പുരോഹിതർ നടത്തുന്ന കേരളത്തിലെ ആശുപത്രികളിൽ മനുഷ്യത്വം എന്നൊന്നില്ല. പണമുള്ളവർക്ക് മാത്രം ചീകത്സയുണ്ട്.  ദളിതനും പണമില്ലാത്ത ദരിദ്രനും അവിടെ പ്രവേശനമില്ല. 
 ദേവാലയശുദ്ധി നടത്തേണ്ട സ്ഥലങ്ങളും രാജ്യങ്ങളും  വേറെയുമുണ്ട്. മെക്സിക്കോയിലെ നാർക്കോ പുരോഹിതർ മയക്കുമരുന്നുകാരെ സഹായിക്കുന്നു. അവിടെ പല പുരോഹിതരും മാഫിയാകളുടെ ചങ്ങാതികളാണ്. അവരുടെ തോക്കുകളെയും പണത്തെയും വ്യപിചാര സ്ത്രീകളെയും പുരോഹിതർ അനുഗ്രഹിക്കുന്നു. അവരിൽനിന്നു കിട്ടുന്ന സ്വർണ്ണങ്ങളും വജ്രങ്ങളും കള്ളപ്പണവും പള്ളികളിൽ സൂക്ഷിക്കുന്ന പുരോഹിതരുമുണ്ട്.
 

യേശുവിന്റെ ചൈതന്യമേറിയ സഭയുടെ അടിത്തറ മാർപാപ്പായിൽക്കൂടി ഇന്ന്  പ്രതിഫലിക്കുന്നുവെന്നും കണക്കാക്കണം. യേശു വീടില്ലാത്ത ഒരു ദരിദ്രനായിരുന്നു. പ്രതീക്ഷയില്ലാത്ത ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് ജനകോടികളുടെ പ്രിയങ്കരനായ ഫ്രാൻസീസ് മാർപാപ്പ സത്യത്തിന്റെ വഴി കാണിച്ചുതരുന്നു. പിന്നാലെ നടക്കുന്ന ഈ ആട്ടിടയന്റെ മുമ്പിൽ യേശുവിന്റെ അനുയായികൾ സുരക്ഷിതരാണെന്നും വിചാരിക്കാം. അന്ധകാരം നിറഞ്ഞ ഗുഹാവ്യൂവങ്ങളുടെ അതിർത്തിയിൽനിന്നോ എവിടെനിന്നോ പ്രകാശത്തിന്റെ കിരണങ്ങൾ തെളിയുന്നുണ്ട്. ആത്മാവിന്റെ അരൂപിയിൽ ആ വെളിച്ചം അവിടുത്തെ ജനം കാണും. അതിനായി സഭയിൽ ഇനിയും ശുദ്ധികലശം നടത്തണം. എലികളും പാറ്റാകളും നാശം വിതച്ചുകൊണ്ട് സഭയുടെ മാളത്തിൽ നിറഞ്ഞിരിക്കുന്നു. മൊത്തം സഭയാകുന്ന ഭവനത്തിന്റെ പരിശുദ്ധിയെ വീണ്ടെടുക്കണം. എങ്കിൽ ഈ സഭ നാം ഓരോരുത്തർക്കും നന്മയെ പ്രദാനം ചെയ്യുമായിരുന്നു. ഫ്രാൻസീസ് മാർപാപ്പാ ലോകത്തിനു ലഭിച്ച ഒരു ദാനമാണ്. ജർമ്മൻ ബിഷപ്പിനെതിരായി സ്വീകരിച്ചതുപോലുള്ള നടപടികൾ കേരളത്തിലെ സമൃദ്ധിയിൽ ജീവിക്കുന്ന അഭിഷിക്തരുടെപേരിലും എടുക്കട്ടെയെന്നും ആഗ്രഹിക്കുന്നു. സഭയുടെ നഷ്ടപ്പെട്ട ചൈതന്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന മാർപാപ്പയ്ക്കുവേണ്ടിയും പ്രാർത്ഥിക്കാം. ദൈവത്തിന്റെ മക്കൾക്കായുള്ള പരിശുദ്ധമായ ഒരു സഭ അഭിഷിക്തർക്കുവേണ്ടിയുള്ളതല്ല. 

 


 

 


2 comments:

  1. ദൈവത്തിന്റെ പരിശുദ്ധമായ സഭ അഭിഷിക്തർക്കുള്ളതല്ലായെന്ന സനേശവുമായി മുകളിൽ പ്രസിദ്ധീകരിച്ച ലേഖനം ഇത്രമാത്രം ജനപിന്തുണ ലഭിക്കുമെന്ന് വിചാരിച്ചില്ല. ന്യൂയോർക്കിൽ നേരം വെളുത്തപ്പോഴെ ബ്രിട്ടനിനിലെ ബ്രിട്ടീഷ് പത്രത്തിന്റെ(മലയാളം) എഡിറ്ററിൽനിന്ന് ഒരു ടെലിഫോണ്‍ വന്നു. അദ്ദേഹം എന്റെ ഈ ലേഖനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ് തലേദിവസം ഉറക്കം കളഞ്ഞെഴുതിയ അഭിക്ഷിക്ത ചിന്തകളെല്ലാം ഓർമ്മയിൽ വന്നത്. ഇപ്പോൾ അനേകമനേക ഫേസ്ബുക്കുകൾ, ബ്ലോഗുകൾ സൈബർ പത്രങ്ങൾ, സൈമണ്‍ ജോസഫിന്റെ സർക്കുലർ ഈമെയിൽ, കനാനായ വിശേഷബ്ലോഗ് എന്നീ ഇലക്ട്രോണിക്ക് തരങ്കങ്ങളിൽക്കൂടി ആയിരക്കണക്കിന് വായനക്കാർ ഈ ലേഖനം വായിച്ചുകഴിഞ്ഞു. യൂറോപ്പിലും അമേരിക്കയിലും അനേക ജനം വായിച്ചതിലും ഒരു സംതൃപ്തിയുണ്ട്. ഈ വക വിശേഷങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാറില്ല. ബൌദ്ധിക ലോകത്തെ ആണിയടിച്ച് തളച്ചിടാനുള്ള ചിന്തകളാണ് സഭയുടെ ആരംഭം മുതലുള്ളത്.

    അല്മായശബ്ദത്തിലെ എഴുത്തുകാർ ഇപ്പോൾ മാളങ്ങളിൽ ഒളിച്ചിരിക്കുന്നതായും തോന്നുന്നു. സുപ്രധാനമായ മാർപാപ്പായുടെ ഈ പ്രഖ്യാപനത്തിൽ ആരുടേയും പ്രതികരണം കണ്ടില്ല. മാർപാപ്പാ ജർമ്മൻ ബിഷപ്പിനെ അധികാരത്തിൽനിന്നും പുറത്താക്കിയത് ലോകത്തിലെ വൻകിട പത്രങ്ങളിലെ പ്രധാന വാർത്തകളിലൊന്നായിരുന്നു. ഇങ്ങനെയുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാൻ തയാറാകാത്ത കേരള മാധ്യമങ്ങളെ ചൂടുവെള്ളത്തിൽ കിടക്കുന്ന കാട്ടുപൂച്ചകളോട് ഉപമിക്കാം.

    ബ്രിട്ടീഷ്പത്രത്തിന്റെ സൈബർ ചീഫ്എഡിറ്റർ ശ്രീ ജേക്കബ് കോയിപ്പള്ളി ലേഖനത്തിന്റെ ആദ്യ മൂന്നു പാരഗ്രാഫിൽ എഴുതിയ മുഖവുര ഒരു സ്വതന്ത്ര ചിന്തകനായ പത്രപ്രവർത്തകന്റെ ശബ്ദമായിട്ടായിരുന്നു. അദ്ദേഹം പറഞ്ഞു "കർദ്ദിനാൾമാർക്കിടയിൽ വേറിട്ട ജീവിതoകൊണ്ട് ശ്രദ്ധേയനായിരുന്നുവെങ്കിലും തന്റെ ജീവിത ലാളിത്യംകൊണ്ട്, സ്ഥാനമേറ്റ ദിവസം തന്നെ ലോകത്തെ മാറ്റിച്ചിന്തിപ്പിച്ച അതിഭാവുകത്വങ്ങളിളില്ലാതെ ജീവിക്കുന്ന പുണ്യാളൻ അഥവാ യഥാർത്ഥ മഹാനായ ഫ്രാൻസീസ് മാർപാപ്പായ്ക്ക് പരിചാരക വൃന്ദത്തിന്റെയും ഉപജാപക വലയത്തിന്റെയും പിടിയിൽ വീഴാതെ നേരിന്റെ ക്രിസ്തുമാർഗത്തിൽ ജീവിക്കുമ്പോൾ നേരിടേണ്ട കടമ്പകൾ ധാരാളമാണ്." ശ്രീ കോയിപ്പള്ളി പറഞ്ഞത് പരമസത്യമാണ്. അതിനായി മാർപാപ്പായ്ക്കൊപ്പം അല്മായൻ ശക്തിയും ധൈര്യവും സമ്പാദിക്കണം.
    വിദേശരാജ്യങ്ങളിലുള്ള ഒട്ടുമുക്കാൽ സൈബർപത്രങ്ങളും ഇന്ന് സഭയുടെ കൊള്ളരുതായ്മെക്കെതിരെ അണിനിരന്നിട്ടുണ്ട്. ഈ ചുഴലിക്കാറ്റ് ഇനി ആഞ്ഞടിക്കേണ്ടത് കേരളാ മാദ്ധ്യമലോകത്തിലാണ്. മാദ്ധ്യമ മീഡിയാകളുടെ ലോകത്തുള്ള പുരോഹിതരുടെ കുത്തക അവസാനിപ്പിക്കാതെ ജനങ്ങൾ സത്യം തേടി അലയുകയില്ല. ബൌദ്ധിക ലോകത്തിന്റെ ചിന്തകൾക്ക് വില കല്പ്പിക്കുകയില്ല. പാലായിൽനിന്ന് ഒരു ഓശാന മാസികയില്ക്കൂടി ശ്രീ പുലിക്കുന്നേൽ വിപ്ലവം സൃഷ്ടിച്ചെങ്കിലും ആ പത്രം നിറുത്തൽ ചെയ്യുന്നതോടെ നവീകരണ ചിന്താഗതികൾക്കും മങ്ങലേൽക്കും. ശ്രീ പുലിക്കുന്നേൽസാർ എന്നും ആവശ്യമായിരുന്ന ഒരു സഭാ തേജസ്സായിരുന്നുവെന്ന് കാലം അഭിഷിക്ത ലോകത്തെ മനസിലാക്കി കൊടുക്കുമെന്നതിലും സംശയമില്ല.
    ഒരു പുരോഹിതൻ ഇടവകയിൽ വന്നാലുടൻ അയാളുടെ പദ്ധതി പിന്നീട് ആകാശം മുട്ടെയുള്ള പള്ളി പണിയലായി. പഴയപള്ളി പൊളിച്ച് അതിന്റെ ഉരുപ്പടികൾ കരിഞ്ചന്തയിൽ വിൽക്കും. അത് മേടിക്കാനും പള്ളി പൊളിക്കാനും അതിൽനിന്ന് ആദായമുണ്ടാക്കാനും ശിങ്കിടികൾ ചുറ്റും കാണും. ചോരാത്ത പഴയ പള്ളിയെങ്കിൽ എങ്ങനെയെങ്കിലും ചൊർച്ചയുണ്ടാക്കി ഇടവക ജനങ്ങളെ വിശ്വസിപ്പിക്കും. പള്ളിപണി തുടങ്ങുമ്പോൾമുതൽ അവസാനിക്കുന്നവരെ പണി തുടരാൻ കോണ്ട്രാക്ട്റ്റർമാരിൽനിന്നും പുരോഹിതന് ഇടലാഭം മേടിച്ചുകൊണ്ടിരിക്കും. അതിനനുസരിച്ച് പള്ളിവികാരി ഇടവകജനത്തെ ഞെക്കി പിഴിയുകയും ചെയ്യും. കുർബാനമദ്ധ്യേ അറിയിപ്പുവഴി സംഭാവന പോരാ പൊരായെന്ന് വിളിച്ചുപറയും. എന്നാൽ മേപ്പടി പുരോഹിതൻ ഇടവകയിൽ എത്ര ദരിദ്രരുണ്ടെന്ന് അന്വേഷിക്കില്ല. അവരുടെ ക്ഷേമാന്വേഷണങ്ങളും മിശിഹായിൽ പ്രിയപ്പെട്ട പുരോഹിതന് അറിയേണ്ട ആവശ്യമില്ല. കെട്ടിടനിർമ്മാണങ്ങൾക്ക് പണം പാഴാക്കാതെ ഇടവകയിലെ പാവപ്പെട്ടവർക്കായി തൊഴിൽ പദ്ധതികൾ തുടങ്ങാനും സന്മനസുണ്ടാവുകയില്ല. പള്ളിപണി കഴിഞ്ഞാൽ വീണ്ടും പള്ളിയുടെ പുറത്തും അകത്തുമായി ആഡംബര വസ്തുക്കൾ മേടിക്കുകയായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ കമ്പനികൾ ഉണ്ടാക്കുന്ന കർട്ടൻ പോരാഞ്ഞ് ഷിക്കാഗോ രൂപതയിലെ അഭിഷിക്തൻ പള്ളിക്കുവേണ്ടി അൾത്താരകർട്ടൻ ജർമ്മനിയിൽനിന്നും ഇറക്കുമതി ചെയ്തു. ഇടവകക്കാരുടെ എതിർപ്പുകളെ നോക്കാതെ പതിനായിരകണക്കിന് ഡോളർ കൊടുത്ത് ഇറക്കുമതി ചെയ്ത ആ കർട്ടൻ പള്ളിയിലെ ഒരു ഇടവാകാംഗം അധികം താമസിയാതെ കീറി കളഞ്ഞതും അന്ന് വിവാദമായിരുന്നു. ഇത്തരം ആഡംബര പ്രഭുക്കളുടെ തോന്ന്യാസങ്ങൾക്ക് വിരാമം ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
    മലയാളം ഡെയിലി ന്യൂസ്‌: http://www.malayalamdailynews.com/?p=52902

    ReplyDelete
  2. Excellent commentary with practical suggestions. Congrats dear Padanamakal. I only with that those to whom it is addressed read and react to it in the right spirit..

    ReplyDelete