Translate

Friday, October 25, 2013

മാര്‍ത്തോമ്മാശ്ലീഹാ കൊല്ലപ്പെട്ടതും സംസ്‌ക്കരിക്കപ്പെട്ടതും കേരളത്തിലുള്ള കൊടുങ്ങല്ലൂരില്‍ (തുടര്‍ച്ച)

പി.കെ മാത്യു ഏറ്റുമാനൂര്‍ മൊബൈല്‍ : 9495212899
For the first part visit:  
http://almayasabdam.blogspot.in/2013/10/blog-post_4419.html

പോര്‍ട്ടുഗീസുകാര്‍ക്കു മൈലാപ്പൂര്‍, പെരിയമല, ചിന്നമല എന്നീ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ വേണ്ടി മേല്‍പറഞ്ഞ ചരിത്ര ലക്ഷ്യങ്ങളെ നശിപ്പിച്ചു. തോമ്മാശ്ലീഹാ തമിഴ് നാട്ടില്‍ പോയി സുവിശേഷം പ്രസംഗിച്ചതായ വ്യാജ ചരിത്ര രേഖകളും പോര്‍ട്ടുഗീസുകാര്‍ സൃഷ്ടിച്ചു. ഈ ചരിത്രങ്ങളെക്കുറിച്ചു പഠിച്ചു സത്യസന്ധമായ ചരിത്ര വസ്തുതകളെ കണ്ടെത്തി ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ അവൈദീകരുടെ ഒരു പഠന സംഘത്തെ സഭാനേതൃത്വം നിയോഗിക്കേണ്ടതാണ്. അവരുടെ മുമ്പില്‍ വേണ്ടത്ര തെളിവുകള്‍ നല്‍കാന്‍ ഈ ലേഖകന്‍ തയ്യാറാണ്.

എദ്ദേശായില്‍ നിന്നു തോമ്മാശ്ലീഹായുടെ അസ്ഥികള്‍ ഇറ്റലിയിലുള്ള ഓര്‍ത്താനാ പട്ടണത്തില്‍ ചെന്നു ചേര്‍ന്നതിനു വ്യക്തമായ ചരിത്രരേഖകള്‍ ഉണ്ട്. 12-ാം നൂറ്റാണ്ടില്‍ എദ്ദേശാ ആക്രമിക്കപ്പെടുകയും മാര്‍ത്തോമ്മായുടെ അസ്ഥികള്‍ അടങ്ങിയ പേടകം സൂക്ഷിച്ചിരുന്ന ദേവാലയം അഗ്‌നിക്കിരയാകുകയും ചെയ്തു. എന്നാല്‍ മേല്‍ പറഞ്ഞ പേടകം സുരക്ഷിതമായി വിശ്വസികള്‍ക്കു ലഭിച്ചു. അപ്പോള്‍ തന്നെ ആ പേടകം ചീയേഴ്‌സ് ദീപിലേക്കു മാറ്റി. എ.ഡി 1258 ല്‍ ആപേടകം ആഘോഷമായി കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുപോയി ഇറ്റലിയില്‍ ഓര്‍ത്താനാ പട്ടണത്തില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയത്തിന്റെ മദ്ബഹായുടെ അടിഭാഗത്തു തയാറാക്കിയ മാര്‍ബിള്‍ കല്ലറയില്‍ നിക്ഷേപിക്കുകയും ചെയ്തു. ഇതവിടെ സുരക്ഷിതമായി ഇപ്പോഴും ഇരിക്കുന്നു.

മേല്‍ പറഞ്ഞ ചരിത്രം വ്യക്തമായി അറിയാവുന്ന പോര്‍ട്ടുഗീസുകാരാണ്. എ.ഡി 1523 ജൂണ്‍ 24-ാം തീയതി ചെന്നെയില്‍ മൈലാപ്പൂരിലെ ഒരു കല്ലറയില്‍നിന്ന് ഒരു മുസ്ലീം മനുഷ്യന്റെ പൂര്‍ണ്ണമായുള്ള അസ്ഥികൂടം പുറത്തെടുത്തശേഷം അതു തോമ്മാശ്ലീഹായുടെ അസ്ഥികൂടം ആണെന്നു യാതൊരു ഉളുപ്പും കൂടാതെ പ്രഖ്യാപിച്ചത്. ഒരു ഭാഗം ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിനുള്ളിലായിരുന്നു ഈ ശവകുടീരം സ്ഥിതി ചെയ്തിരുന്നത്. കെട്ടിടത്തിന്റെ മുന്‍ വശത്തു മുസ്ലീം പള്ളികളില്‍ കാണുന്നമാതിരി മൂന്നു താഴികക്കുടങ്ങള്‍ ഉണ്ടായിരുന്നു. ഒരു മുസ്ലീം വൃദ്ധനായിരുന്നു ആ കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരന്‍. അതിനുള്ളിലെ ശവകുടീരത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഒരു മുസ്ലീം ദിവ്യനാണെന്നു അന്നാട്ടുകാരും സൂക്ഷിപ്പുകാരനും വിശ്വസിച്ചിരുന്നു. കിഴക്കിരിക്കുന്ന ദൈവത്തെ അഭിമുഖമായി കാണാന്‍ ക്രൈസ്തവര്‍ ശവം കിടത്തുന്നതും ശവകുടീരം നിര്‍മ്മിക്കുന്നതും കിഴക്കുപടിഞ്ഞാറായിട്ടാണ്.

മുസ്ലീംങ്ങളാണ് ശവം തെക്കുവടക്കായി കിടത്തുന്നതും തെക്കുവടക്കായി ശവകുടീരം നിര്‍മ്മിക്കുന്നതും. അസ്ഥി പഞ്ജരം കണ്ടെടുക്കപ്പെട്ട മൈലാപ്പൂരിലെ ശവകുടീരം തെക്കുവടക്കായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ശവകുടീരത്തിന്റെ മുകളിലൊ, കെട്ടിടത്തിന്റെ മുന്‍പിലോ നാട്ടപ്പെട്ട കുരിശുകള്‍ ഇല്ലായിരുന്നു. എന്നാല്‍ കെട്ടിടത്തിനുള്ളിലെ മര ഉരുപ്പടികളിലും (ഉത്തരം, കട്ടിള, ജനാല മുതലായവ) ഭിത്തികളിലും ധാരാളം കുരിശടയാളങ്ങള്‍ ഉണ്ടായിരുന്നതായി പോര്‍ട്ടുഗീസുകാര്‍ പറയുന്നു. കെട്ടിടം കൈവശപ്പെടുത്തിയശേഷം പോര്‍ട്ടുഗീസുകാര്‍ കൊത്തിച്ചതാണ് ഈ കുരിശടയാളങ്ങള്‍ എന്നു ന്യായമായും ഊഹിക്കാം. മൈലാപ്പൂര്‍ ഭാഗത്തു ഒരൊറ്റ ക്രൈസ്തവ കുടുംബത്തെപോലും കണ്ടെത്താന്‍ സാധിച്ചില്ല എന്നു പോര്‍ട്ടുഗീസുകാര്‍ സമ്മതിക്കുന്നു. മാര്‍ത്തോമ്മാശ്ലീഹാ മദ്രാസില്‍ എത്തി യിരുന്നു എങ്കില്‍ അവിടെയും കേരളത്തിലെ പോലെ മാര്‍ത്തോമ്മാക്രൈസ്തവര്‍ എന്നഭിമാനിക്കുന്ന ക്രൈസ്തവ കുടുംബക്കാര്‍ കാണുമായിരുന്നു.

എ.ഡി. 1547 നോടു അടുത്താണ് പോര്‍ട്ടുഗീസുകാര്‍ വടക്കുക്കൂര്‍ രാജ്യം കീഴടക്കി കടുത്തുരുത്തി കേന്ദ്രമാക്കി ഭരണം ആരംഭിച്ചത്. കടുത്തുരുത്തി വലിയ പള്ളിയുടെ പുരാവസ്തു ശേഖരത്തില്‍ നിന്നും അവര്‍ക്കു രണ്ടു പേര്‍ഷ്യന്‍ കുരിശുകള്‍ ലഭിച്ചു. കടുത്തുരുത്തി ഭാഗത്തുണ്ടായിരുന്ന മാര്‍ഗ്ഗക്കാരുടെ പൂര്‍വ മതത്തിലെ (പേര്‍ഷ്യന്‍മതം അല്ലെങ്കില്‍ മനിക്കേയന്‍മതം) കുരിശായിരുന്നു അത്. യഥാര്‍ത്ഥ ലോകരക്ഷകന്‍ റൂഹാദക്കുദിശാതമ്പുരാന്റെ അവതാരമായി പേര്‍ഷ്യയില്‍ ജനിച്ച 'മാനി' ആയിരുന്നു എന്നു വിശ്വസിച്ചിരുന്നവരാണ് പേര്‍ഷ്യന്‍ മതക്കാര്‍. മാനിയുടെ പ്രതിരൂപമാണ് പേര്‍ഷ്യന്‍ കുരിശിന്റെ മുകളില്‍ തലകുത്തിനില്‍ക്കുന്ന പ്രാവ്. ഇതാണ് 'മാര്‍ത്തോമ്മാക്കുരിശ്' എന്ന മൊഴിമാറ്റം നടത്തി മാര്‍ ജോസഫ് പവ്വത്തിന്‍ സീറോ മലബാര്‍ സഭയില്‍ അടിച്ചേല്പിച്ചത്. ഈ ശീശ്മക്കുരിശിന്റെ പ്രചരണത്തിനു ചങ്ങനാശ്ശേരി രൂപതയുടെ വകയായിരുന്ന കോടിക്കണക്കിനു രൂപാ മാര്‍ പവ്വത്തില്‍ ചിലവഴിച്ചു. കാഴ്ചയില്‍ ഭംഗിയുണ്ടായിരുന്ന വെറും കുരിശുകളുടെ സ്ഥാനത്തു അഭംഗിയുള്ള മാര്‍ത്തോമ്മാ കുരിശ് വയ്പ്പിച്ചു ദേവാലങ്ങളുടെ ശില്പഭംഗി നശിപ്പിച്ചതു ഇദ്ദേഹമാണ്.

കടുത്തുരുത്തിയില്‍ നിന്നും കിട്ടിയ രണ്ടു പേര്‍ഷ്യന്‍ കുരിശുകളില്‍ ഒന്നാണ് കോട്ടയം വലിയ പള്ളിയില്‍ വിശ്വാസികളുടെ എതിര്‍പ്പിനെ അവഗണിച്ചു പോര്‍ട്ടുഗീസുകാര്‍ ബലമായി വച്ചത്. ആപള്ളിയുടെ വലത്തെ ചെറിയ അള്‍ത്താരയില്‍ വച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശിനു ക്രിസ്തുവിന്റെ കുരിശിനടുത്ത ബഹുമാനമോ ആരാധനയോ നാളതുവരെയും കാനായിക്കാര്‍ പോലും നല്‍കിയിട്ടില്ല. രണ്ടാമത്തെ പേര്‍ഷ്യന്‍ കുരിശാണ് പെരിയമലയുടെ ഉച്ചിയില്‍ നിന്നും പൊര്‍ട്ടുഗീസുകാര്‍ കുഴിച്ചെടുത്തതായി പറയുന്നത്. ഇതൊക്കെ ഗവേഷണ പരമായി തെളിയിക്കപ്പെട്ട വസ്തുതകളാണ്. മണ്ണില്‍ കിടന്നാല്‍ ഉണ്ടാകാവുന്ന പരുക്കുകള്‍ പെരിയമലയിലെ പേര്‍ഷ്യന്‍ കുരിശില്‍ കാണുന്നില്ല. 

1547-ല്‍ പെരിയമലക്കുരിശ് കണ്ടെതുത്തതായ വ്യാജരേഖ പോര്‍ട്ടുഗീസുകാര്‍ ചമക്കുന്നതിനുമുമ്പു എഴുതപ്പെട്ട അനേകം ചരിത്രഗ്രന്ഥങ്ങളുണ്ട്. (ഉദാ: 1540 ല്‍ പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ്‌ക്കോ അല്‍ഡ്രാദയുടെ ചരിത്രകൃതി) അവകളനുസരിച്ചു തോമ്മാശ്ലീഹ കുത്തേറ്റു മരിച്ചുവീണതു ചിന്നമലയിലുള്ള ഗുഹയില്‍തന്നെയാണ്. പെരിയമലയെ ബന്ധപ്പെടുത്തി ഉണ്ടാക്കിയ കള്ളക്കഥ ചമച്ചശേഷം എഴുതപ്പെട്ട പോര്‍ട്ടുഗീസു ചരിത്രരേഖകളിലാണ് കുത്തേറ്റു മരണാസന്നനായ ശ്ലീഹായെ നാലുകിലോമീറ്റര്‍ ദൂരം ഓടിച്ചു പെരിയമലയുടെ ഉച്ചിയില്‍ കയറ്റിയത്. അവിടെ ശ്ലീഹാ സ്ഥാപിച്ച കുരിശില്‍ പിടിച്ചു ചാവാന്‍ വേണ്ടിയാണത്രേ ഓടിയത്. ശ്ലീഹായെ പെരിയമലയില്‍ തന്നെ അടക്കാതെ 15 കിലോ മീറ്റര്‍ അകലെയുള്ള മൈലാപ്പൂരിലേക്കു എന്തിനുകൊണ്ടുപോയി എന്നൊരു ചോദ്യവും ഇവിടെ അവശേഷിക്കുന്നു. എങ്കില്‍ പോര്‍ട്ടുഗീസുകാര്‍ക്കു മൈലാപ്പൂര്‍ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നില്ല.

തോമ്മാശ്ലീഹായുടെ അസ്ഥികള്‍ പോര്‍ട്ടുഗീസുകാര്‍ മദ്രാസിലുള്ള മൈലാപ്പൂരില്‍ നിന്നു കണ്ടെടുത്തതായ കള്ളക്കഥകള്‍ അടങ്ങിയ ചരിത്രഗ്രന്ഥങ്ങള്‍ റോമിലെത്തിയത് 1560 കളിലാണ്. ഇറ്റലിയിലുള്ള മെത്രാന്മാര്‍ പോര്‍ട്ടുഗീസുകാരുടെ അവകാശവാദത്തെ ശക്തിയുക്തം എതിര്‍ത്തു. അവരുടെ ചരിത്രകൃതികള്‍ വെറും കാല്പനികമാണെന്നു ഈ മെത്രാന്മാര്‍ പ്രഖ്യാപിച്ചു. ഈ സമയത്താണ് തുര്‍ക്കികള്‍ ഓര്‍ത്താനാ പട്ടണം പിടിച്ചടക്കിയശേഷം മാര്‍ത്തോമ്മായുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന ദേവാലയം അഗ്നിക്കിരയാക്കിയത്. തുര്‍ക്കികള്‍ പട്ടണം വിട്ടുപോയശേഷം അവിടത്തെ ക്രിസ്ത്യാനികള്‍ ദേവാലയത്തിന്റെ മദ്ബഹായുടെ അടിഭാഗത്തുള്ള മാര്‍ബിള്‍ കല്ലറയില്‍ നിക്ഷേപിച്ചിരുന്ന പേടകം പരിശോധിച്ചു തോമ്മാശ്ലീഹായുടെ അസ്ഥികള്‍ അതിനുള്ളില്‍ ഭദ്രമായി ഇരിപ്പുള്ളതായി ഉറപ്പുവരുത്തി.

എ.ഡി. 1566 നവംബര്‍ 16-ാം തീയതി ഏതാനും കത്തോലിക്കാ ബിഷപ്പന്മാരുടെ സാന്നിദ്ധ്യത്തില്‍ ഒരു 'പബ്ലിക്കു നോട്ടറി'യായ ജോസഫ് മസ്സാറിയസ്സിന്റെ സാക്ഷ്യത്തോടുകൂടി തിരുശേഷിപ്പുകള്‍ മുതലായവയ്ക്കു ഒരു പ്രമാണരേഖ ഉണ്ടാക്കി ഒപ്പുവച്ചെന്നും, തിരുശേഷിപ്പുകള്‍ കേടുകൂടാതെ ആ പള്ളിയാല്‍ ഇന്നും സൂക്ഷിച്ചു പോരുന്നു എന്നും മെഡ്‌ലിക്കോടു (Medlycott-p.116) പ്രസ്താവിക്കുന്നു.

ഇറ്റലിയിലെ മെത്രാന്മാരുടെ മേല്‍ പറഞ്ഞ സാക്ഷ്യപ്പെടുത്തിയ രേഖയും മാര്‍ത്തോമ്മാശ്ലീഹായുടെ ദക്ഷിണേന്ത്യയിലെ പ്രേഷിതവേലയെ പറ്റിയും രക്തസാക്ഷിത്വത്തെ പറ്റിയും പോര്‍ട്ടുഗീസു ചരിത്രകാരന്മാര്‍ എഴുതി ഉണ്ടാക്കിയ ചരിത്രഗ്രന്ഥങ്ങളും ഒത്തുനോക്കിയശേഷമാണ് ബനഡിക് 16-ാമന്‍ മാര്‍പ്പാപ്പാ മേല്‍ പറഞ്ഞ പ്രസ്ഥാവന നടത്തിയത്. അതു തിരുത്തിക്കണ്ട ഉത്തരവാദിത്വം സീറോമലബാര്‍ സഭാ നേതൃത്വത്തിനുണ്ട്. പലകാര്യങ്ങളിലും മാപ്പു പറഞ്ഞ മാര്‍പ്പാപ്പ ഈ വിഷയത്തിലും മാപ്പു പറയിപ്പിക്കുവാന്‍ സീറോ-മലബാര്‍ സഭാനേതൃത്വത്തിനുസാധിക്കും. മൈലാപ്പൂരിലെ ദേവാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തോമ്മാശ്ലീഹായുടെ കബറിടവും അസ്ഥികൂടവും വ്യാജമായതുകൊണ്ടു അതു നീക്കം ചെയ്യിക്കാനും പെരിയമല (സെന്റ് തോമസ് മൗണ്ട്) യിലെ ലത്തീന്‍ പള്ളിയിലെ പേര്‍ഷ്യന്‍ കുരിശിനെപ്പറ്റി എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്ന പരസ്യബോര്‍ഡിലെ വിഷയങ്ങള്‍ വസ്തുതകളല്ലാത്തതുകൊണ്ട് ആ ബോര്‍ഡു തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യിക്കാനും സീറോ മലബാര്‍ സഭാനേതൃത്വം വേണ്ട മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നു സഭാമക്കള്‍ ആവശ്യപ്പെടുന്ന ഒരു കാലം ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

ഇതൊടൊപ്പം കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന മര്‍ത്തോമ്മായുടെ കബറിടവും ശ്ലീഹാ വധിക്കപ്പെട്ട സ്ഥലവും കണ്ടെത്തുന്നതിനു പ്രാപ്തിയുള്ള ചരിത്ര ഗവേഷകരെ സഭാനേതൃത്വം ഉടന്‍ നിയോഗിക്കേണ്ടതാണ്. അവരുടെ ഗവേഷണത്തില്‍ കൂടി പല അപ്രീയ സത്യങ്ങളും പുറത്തുവരുന്നതു സാരമില്ല എന്ന് സഭാനേതൃത്വം കരുതണം. ഇക്കാര്യത്തില്‍ വിശ്വാസികളുടെ സമ്മര്‍ദ്ദം ഉണ്ടാകുമെന്നു നമുക്കു പ്രതീക്ഷിക്കാം. ഈ ഗവേഷണഗ്രന്ഥം ക്രിസ്തുശിഷ്യന്‍ മാര്‍ത്തോമ്മാ കേരളത്തില്‍ വന്നു സുവിശേഷം പ്രസംഗിച്ചു എന്നതിന്റെ ചരിത്രരേഖയായി എന്നെന്നും നിലനില്‍ക്കും.

1 comment:

 1. തോമാശ്ലീഹായുടെ ഭാരതത്തിലെ കഥ വ്യാജമാണെന്ന് പറഞ്ഞ മാർപാപ്പാ സീറോ മലബാർസഭയോട് മാപ്പ് പറയണമെന്ന് ലേഖകൻ ആവശ്യപ്പെടുന്നത് വിചിത്രം തന്നെ. ശ്ലീഹായുടെ തമിഴ്നാട്ടിലെ സുവിശേഷവേലകൾ പോർട്ടുഗീസുകാരുടെ സൃഷ്ടിയെന്നാണ് ലേഖകന്റെ അവകാശവാദം. ശ്ലീഹാ തമിഴ്നാട്ടിൽ പോയിട്ടില്ലെന്നും കേരളത്തിലെ കൊടുങ്ങല്ലൂരാണ് വിശുദ്ധനെ അടക്കിയതെന്നുമാണ് ലേഖകൻ ഗവേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ വിശദമായി പഠിക്കാൻ ചരിത്രസൂചികളൊന്നും അദ്ദേഹത്തിന്റെ ലേഖനത്തിൽ കൊടുത്തിട്ടില്ല. ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധ തോമസ് ക്രിസ്തുവിന്റെ കുരിശുമായി വന്നുവെന്നും ലേഖനം വായിച്ചാൽ തോന്നിപ്പോവും. ക്ലാവർ കുരിശിന് ക്രിസ്തുവിന്റെ കുരിശിന്റെ മനോഹാരിതയില്ലെന്നും ലേഖകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

  ക്രിസ്ത്യൻസഭ കുരിശുകളെ അടയാളമായി കണക്കാക്കുവാൻ തുടങ്ങിയത് നാലാം നൂറ്റാണ്ടിലെന്നുള്ള വസ്തുതയും ലേഖകൻ മറക്കുന്നു. കൂടിയാൽ നൂറുകൊല്ലം മണ്ണിൽ കിടന്ന് ആയുസുള്ള കുരിശുകൾ ദ്രവിക്കാതെ ഇന്നും കേരള ചരിത്രകാരുടെ ഗ്രന്ഥപ്പുരകളിൽ വെട്ടിത്തിളങ്ങുന്നുണ്ട്. ഭാരതത്തിൽ ഗുണ്ടഫറിന്റെ കൊട്ടാരം പണിക്കുവന്ന വന്ന മന്ത്രവാദിയായ തോമസിനുപോലും സാധിക്കാത്ത ദിവ്യാത്ഭുതമാണ് വിശുദ്ധൻ കൊണ്ടുവന്ന കുരിശുകളെന്നും അനുമാനിക്കണം. ഇനി ഒരു നൂറു കൊല്ലങ്ങൾകൂടി കഴിഞ്ഞാൽ തോമ്മാശ്ലീഹാ കൊണ്ടുവന്ന കുരിശുകൾ മരകുരിശല്ല കോണ്‍ക്രീറ്റ് കുരിശായിരുന്നുവെന്നും ചരിത്രം മാറ്റിയെഴുതും. ഇങ്ങനെയുള്ള തോമസ് കെട്ടുകഥകൾ സത്യങ്ങളെന്ന് ബനഡിക്റ്റ് മാർപാപ്പാ വത്തിക്കാനിൽ പറയാത്തതിലും സീറോ മലബാർ സഭയോട് അദ്ദേഹം മാപ്പ് പറയണോ? അങ്ങനെയെങ്കിൽ ഈ കെട്ടുകഥകളെപ്പറ്റി എഴുതിയ ലോകത്തിലെ ചരിത്രിത്രകാരും സീറോ മലബാർ സഭയോട് മാപ്പ് പറയേണ്ടി വരും. എ.ഡി. 52 ൽ ഭാരതത്തിൽ വന്നെത്തിയ വൃദ്ധനായ തോമസ് സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. മറ്റു രാജ്യങ്ങളിൽ വിശുദ്ധൻ സഞ്ചരിച്ച കഥകൾ കേൾക്കുമ്പോൾ സീറോ മലബാർ അഭിഷിക്തർക്കും പുരോഹിതർക്കും കലിയിളകും. നസ്രാണി ആഭിജാത്യം നഷ്ടപ്പെടും.

  കൊളംബസിനുമുമ്പ് തെക്കേ അമേരിക്കയിലെ പെറുവിലും ബ്രസീലിലും വിശുദ്ധൻ പ്രേഷിതജോലി നടത്തിയിരുന്നുവെന്നും കഥകളുണ്ട്. അവിടെയും വിശുദ്ധനെ അടക്കിയ കബറിടത്തിൽ ഭക്തർ വന്നുചേരുന്നുണ്ട്. ഇപ്പോൾ പല രാജ്യങ്ങളായി ചരിത്രത്തിൽ വിശുദ്ധ തോമസിന് എട്ടു ശവകുടീരങ്ങളാണുള്ളത്. ജോണ്‍ പോൾ രണ്ടാമനെക്കാളും കൂടുതൽ രാജ്യങ്ങൾ സഞ്ചരിച്ചതും വിശുദ്ധ തോമ്മാശ്ലീഹാ തന്നെ. അതും കാൽനടയായി കാടും മേടും നിറഞ്ഞ ഊടുവഴികളിൽക്കൂടി കുന്നുകളും മലകളും താണ്ടി വടിയുമൂന്നിയുള്ള ഈ വൃദ്ധൻറെ പ്രേഷിതപ്രവർത്തനം ലോകാത്ഭുതമാണ്. ആദിമ ക്രിസ്ത്യാനികൾ പുലയരും പറയരുമാകാനെ സാധ്യതയുള്ളൂ. 2013 ഒക്ടോബർ 24 ന് കൊടുങ്ങല്ലൂരിൽ വിശുദ്ധന്റെ മറ്റൊരു കബറിടവും കണ്ടെത്തി. അങ്ങനെ ആദ്യമ ക്രിസ്ത്യാനികളുടെ പാരമ്പര്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. നാലാം നൂറ്റാണ്ടിൽ മതം മാറിയവരും ഒന്നാം നൂറ്റാണ്ടിൽ മതം മാറിയവരും തമ്മിൽ ക്രിസ്തുവിലുള്ള വിത്യാസം എന്തെന്ന് മനസിലാകുന്നുമില്ല.

  മാർക്കോ പോളൊ എഴുതിയതെന്ന് സ്ഥാപിക്കാവുന്ന ഏതെങ്കിലും മാനുസ്ക്രിപ്റ്റ് ഒരു ഗ്രന്ഥപ്പുരയിലുമില്ല. മാർക്കൊപോളോയുടെ യാത്രാരേഖകളെ ആധാരമാക്കി തോമസ്‌ ചരിത്രത്തെ ബുദ്ധിമാന്മാരായ നസ്രാണി ചരിത്രകാർ വക്രീകരിച്ചിരിക്കുകയാണ്.

  ഇറ്റലിയിലെ ഓർട്ടോണാ (Ortona) എന്ന ഒരു പൌരാണിക പട്ടണത്തിൽ വിശുദ്ധന്റെ തലയോട്ടിയും ഉടലും ഉണ്ടെന്നുള്ളതും ചരിത്രസത്യമല്ല. 1258 ൽ ലിയോണ്‍ ആഷിയാളി (Leone Acciaiuoli) എന്ന കടൽ യാത്രക്കാരൻ വിശുദ്ധ തോമസിന്റെ തിരുശേഷിപ്പ് ഈ പട്ടണത്തിൽ കൊണ്ടുവന്നുവെന്ന് കാണുന്നു. തിരുശേഷിപ്പുകൾ കേരള നസ്രാണികൾ അമേരിക്കയിൽ കുടിയേറിയ കാലം മുതൽ ഇവിടെയുള്ള എല്ലാ സീറോ മലബാർ പള്ളികളിലും സ്ഥാപിച്ചിട്ടുണ്ട്. പതിമൂന്ന് നൂറ്റാണ്ട് കഴിഞ്ഞ് ഓർട്ടോണായിൽ കൊണ്ടുവന്ന തിരുശേഷിപ്പ് തെക്കോട്ട് തലവെച്ചു കിടന്ന മുസ്ലിമിന്റെ പൊടിയുമാകാം.

  പറ്റ്മോസ് എന്ന ഒരു തുറമുഖ പട്ടണത്തുള്ള ഓർത്തോഡോക്സ് പള്ളിയിലും വിശുദ്ധന്റെ തലയോട്ടിയും ഉടലുമുണ്ട്. മൈലപ്പൂരിനെക്കാളും മലയാറ്റൂരിനെക്കാളും ദിനംപ്രതി അത്ഭുതങ്ങളാണ് ഇവിടെ വിശുദ്ധൻ നടത്തുന്നത്. വൃത്താകൃതിയിലുള്ള വലിയ ഒരു വെള്ളിപാത്രത്തിലാണ് തലയോട്ടിയും ഉടലും ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വിശുദ്ധൻ പറ്റ്മോസിൽ മരിച്ചത് ഒക്ടോബർ ആറാം തിയതിയും.

  ദേശസ്നേഹമുള്ളവർ വിശുദ്ധൻ മൈലാപ്പൂർ വന്നുവെന്ന് വിശ്വസിക്കുകയായിരിക്കും നല്ലത്. വിദേശത്തുനിന്നുപോലും വിനോദസഞ്ചാരികൾ ദിനംപ്രതി മൈലാപ്പൂർ സന്ദർശിക്കുന്നുണ്ട്. ഇവിടം കെട്ടുകഥയെന്ന് സ്ഥാപിച്ചാൽ സർക്കാരിനുള്ള വിദേശനാണയം ഇല്ലാതെയാകും.

  ReplyDelete