Translate

Wednesday, October 2, 2013

മാർപാപ്പായുടെ 'ഞാൻ പാപി' സഭയുടെ പാപംസ്നേഹത്തിന്റെയും കരുണയുടെയും പ്രതിഫലനഭാഷയിൽ സംസാരിക്കുന്ന മാർപാപ്പായെ ഇന്ന് ലോകം മുഴുവൻ ശ്രവിക്കുന്നു. മാർപാപ്പായ്ക്കൊപ്പം സഭ എത്രമാത്രം വളരുമെന്നും കണ്ടറിയണം. സഭയുടെ മാറ്റങ്ങൾ ഒരു ദിവസംകൊണ്ടോ മാസങ്ങൾകൊണ്ടോ വർഷങ്ങൾകൊണ്ടോ സംഭവിക്കുന്നതല്ല. വലിയ മുക്കവൻ സഞ്ചരിക്കുന്നത് പടുകൂറ്റൻ കപ്പലിലാണ്. ആ വലിയ കപ്പൽ സാവധാനമേ തിരിയുകയുള്ളൂ.  അയല്ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ സ്നേഹിക്കുക, പാപികളെ സ്നേഹിക്കുകയെന്നെല്ലാം സഭയുടെ പ്രമാണങ്ങളിലുണ്ട്.


'ഞാൻ പാപിയാണ്‌' ഇപ്പറയുന്നത്‌ മാർപാപ്പയാണ്.എന്നാൽ പാപ്പാ സഭയുടെ സകല പാപങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നല്ലേ സത്യം. കഴിഞ്ഞകാലങ്ങളിൽ ആയിരക്കണക്കിന് പുരോഹിതർ കുഞ്ഞുങ്ങളെ പീഡിപ്പിച്ചത് സഭയുടെ പാപമല്ലേ? അവരുടെ കുറ്റങ്ങൾ മറച്ചുവെച്ച സഭതന്നെയല്ലേ പാപി.  "ഞാൻ പാപിയെന്ന്" പാപ്പാ പറഞ്ഞപ്പോൾ മനസിലാക്കേണ്ടത്‌ പാപി മാർപാപ്പായെന്നല്ല. പാപകൂമ്പാരം കൊണ്ട് വഹിക്കാൻ സാധിക്കാതെ നിലയില്ലാത്ത വെള്ളത്തിൽ നീന്തുന്ന സഭ തന്നെയാണ് മുറിവേറ്റ പാപി.  മാർപാപ്പ സഭയിലെ ഒരു വ്യക്തി മാത്രം. എന്നാൽ ഈ വ്യക്തി സഭയുടെ ഔദ്യോഗികനാവാണ്.  വാർത്താമാധ്യമങ്ങളോട് സംസാരിച്ചതും സഭയുടെ നാവാണ്.  ഒരു വ്യക്തിയെന്ന നിലയിൽ നമുക്ക് പാപം ചെയ്യാം. കുമ്പസാരിക്കാം. ആരും ഗൗനിക്കാറില്ല. പക്ഷെ സഭതന്നെ പാപം ചെയ്താലോ? തെരഞ്ഞെടുത്ത പുരോഹിതരും അഭിഷിക്തരും കൂട്ടമായി സഭയെ വ്യപിചരിച്ചുകൊണ്ടിരിക്കുന്നു. അഴിമതി, കള്ളപ്പണം, കൊള്ളപ്പണം, പുരോഹിത വ്യപിചാര,  കുട്ടികളെ പീഡിപ്പിക്കൽമുതൽ അഭയാവധംവരെയുള്ള പാപക്കറകൾക്ക് സഭയ്ക്കിന്നും മുക്തിയാവശ്യമാണ്.  യഹൂദ കൂട്ടക്കൊലകൾക്ക് മാപ്പ് പറഞ്ഞു.  ഗലീലിയോടും മാപ്പ് പറഞ്ഞു. ഇനി സഭയ്ക്കുവേണ്ടി മാർപാപ്പാ പാപത്തിന്റെ കുരിശുകൾ ചുമക്കുന്നു.       

വിവാഹത്തിനുമുമ്പുള്ള ലൈംഗികഭോഗം സഭയിൽ പാപമാണ്.  രണ്ടു വ്യക്തികൾ തമ്മിലുള്ള രതിക്രിയകൾ പാപമെന്ന് സദാചാരം പറയുമെങ്കിൽ പരിഹാരമുണ്ട്. സഭയുടെ അനുഷ്ഠാനങ്ങളിലുള്ള കൂദാശകളനുസരിച്ച് കുമ്പസാരിക്കൂ? പാപങ്ങൾ പൊറുക്കപ്പെടും. എന്നാൽ കുമ്പസാരക്കൂട്ടിൽനിന്നും കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ വ്യപിചാരം ചെയ്‌താൽ അത് സഭയുടെ പാപമാണ്. പാപം ചെയ്യരുതെന്ന് ഉപദേശിക്കുന്നവന്റെ പാപം മാപ്പില്ലാത്തതാണ്. അതാണ്‌ യേശു അവരെ സർപ്പങ്ങളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും വിളിച്ചത്.
മാർപാപ്പാ പറഞ്ഞു, "ഒരുവന്റെ ജീവിതത്തിലെ ആദ്ധ്യാത്മിക കാര്യങ്ങളെ തടസപ്പെടുത്തുവാൻ കഴിയുകയില്ല."  (It is not possible to interfere  spirituality in the life of a person)എങ്കിൽ സഭ ചെയ്ത പാപങ്ങളുടെ പരിഹാരമെന്ത്? ആയിരങ്ങളെ ചുട്ടുകരിച്ച് പരിവർത്തനങ്ങളിക്കൂടി കടഞ്ഞെടുത്ത സഭയാണ് പാപം എന്തെന്ന് എന്നും ഉച്ചത്തിൽവിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്ധ്യാത്മികകാര്യങ്ങളിൽ ഇടപ്പെട്ടതുകൊണ്ടല്ലേ ലൂതറനീസം ഉണ്ടായത്. മഹറോൻശിക്ഷ എങ്ങനെയുണ്ടായി?.  സഭയെ വിമർശിച്ചാൽ മഹറോനു തുല്യമായ പാപമായി ഗൌനിച്ചിരുന്ന കാലവുമുണ്ടായിരുന്നു. അത് ഒരുവന്റെ അദ്ധ്യാത്മികതയിൽ ഇടപെടലല്ലേ?
കത്തോലീക്കാസഭ സ്വവർഗാനുരാഗം പാപമായി കരുതുന്നു. അതേസമയം എതിർലിംഗത്തോടുള്ള അനുരാഗം ആദ്ധ്യാത്മികതയുടെ നിയന്ത്രണത്തിലുമാണ്. ജീവവിജ്ഞാന ശാസ്ത്രത്തിലെ ഒരേ ശരീരത്തിലെ ഒരേ അനുരാഗങ്ങളിൽ ഒന്ന് നന്മയും മറ്റേത് തിന്മയുമാണ്. ദൈവം മനുഷ്യന് കൽപ്പിച്ച പ്രക്രിയകളിൽ പാപവും പുണ്യവും ഒരുപോലെ സമ്മിശ്രമാക്കുന്നു. പ്രത്യേകിച്ച് അനുരാഗം സന്താനോത്ഭാതനമെങ്കിൽ കൂടുതൽ പുണ്യവും. ഇത്തരം വിരോധാഭാസങ്ങൾ സഭയുടെ ചട്ടകൂട്ടിനുള്ളിലെ ചോദ്യംചെയ്യാൻ പാടില്ലാത്ത നിയമങ്ങളാണ്. മാർപാപ്പാ പറഞ്ഞു, "സ്വവർഗാനുരാഗം പാപമെന്ന് തീരുമാനിക്കാൻ ഞാൻ ആര്"  അപ്രമാദിത്വത്തിന്റെ ചുരുളുകളിൽ അകപ്പെട്ടിരിക്കുന്ന നൂലാമാലകളിലെ കെട്ട് മാർപാപ്പ അവിടെ അഴിക്കാൻ ശ്രമിക്കുന്നുവെന്ന് വേണം കരുതാൻ. ദൈവം തന്ന അനുഗ്രഹീത അനുരാഗനിമിഷങ്ങളെ ചോദ്യം ചെയ്യാൻ സഭയ്ക്കെന്തവകാശമെന്നുകൂടി മാർപാപ്പ ചോദിക്കണമായിരുന്നു.   അങ്ങനെയെങ്കിൽ സഭയിൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമായിരുന്നു. അടിച്ചമർത്തപ്പെട്ട വിശ്വാസിയുടെ മനസിന്‌ ആശ്വാസം ലഭിക്കുമായിരുന്നു.
സഭ പാപികളെ സ്നേഹിക്കണമെന്ന് പറയുന്നു. എന്നാൽ സ്വവർഗദമ്പതികളെ  ഉൾകൊള്ളാൻ സഭയ്ക്ക് സാധിക്കില്ല. യൂറോപ്പിലും അമേരിക്കയിലും അവരടെ ശക്തി തെളിയിച്ചു കഴിഞ്ഞു. ചില നവീകരണസഭകൾ അവരുടെ ലൈംഗിക ജീവിതരീതികളെ അംഗീകരിക്കുകയും ചെയ്തു. അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളും അവരുടെ വിവാഹം നിയമാനുസൃതമാക്കി. എങ്കിലും സഭ ഇവരുടെ പാപങ്ങൾക്ക് മാപ്പ് കൊടുക്കില്ല. മോഷണം, കൊലപാതകം, ചതി, വഞ്ചന എന്നീ അധർമ്മങ്ങൾക്കെല്ലാം മാപ്പുണ്ട്. സ്വന്തം ശരീരത്തിലെ സ്വവർഗഭ്രമങ്ങൾ സ്വയം നിയന്ത്രിക്കാൻ സാധിക്കാത്ത ഈ പാപികൾക്ക് വാതിലുകൾ തുറന്നുകൊടുക്കാൻ സഭ തയാറാവുകയില്ല.
ലോസാഞ്ചൽസിലെ കർദ്ദിനാൾ മഹോണിയുടെ രൂപതകളിൽ കുട്ടികളെ പീഡിപ്പിച്ചതെല്ലാം വെറും സംഭവിക്കാത്ത ചരിത്രങ്ങളാക്കി.   പരിശുദ്ധാത്മാവിനോടുള്ള പാപങ്ങൾ പൊറുക്കാൻ സാധിക്കില്ലായെന്നുള്ള വചനം സഭയിലെ പവിത്ര നശിപ്പിക്കുന്ന പുരോഹിതരെ ഉദേശിച്ചുള്ളതാണ്. സഭയുടെ ചൈതന്യം നശിപ്പിച്ച് മൃതശരീരത്തിന് തുല്യമാക്കിയത് സഭയെ നയിക്കുന്നവർ തന്നെയാണ്. പുരോഹിത അഭിഷിക്ത പാപങ്ങൾ വഹിക്കാൻ ഇതാ സഭയുടെ തന്നെ സൈന്യങ്ങളുടെ നേതാവ് മുമ്പോട്ട്‌ വന്നിരിക്കുന്നു. പാപത്തിൽ മുങ്ങിയിരിക്കുന്ന കോട്ടകൾകൊണ്ട് കെട്ടിപൊക്കിയിരിക്കുന്ന അഭിഷിക്ത മണിമന്ദിരങ്ങളും കത്തീഡ്രലുകളും പത്രോസിന്റെ പാറയിൽ ഇന്ന് ഉറച്ചിരിപ്പില്ല. മണൽകൂമ്പാരങ്ങളിൽ പണിതെടുത്ത ഈ സൗധങ്ങളെല്ലാം എന്നുവേണമെങ്കിലും കാറ്റത്തുലഞ്ഞ് നിലം പതിക്കാം. യൂറോപ്പിലും അമേരിക്കയിലും ദേവാലയങ്ങളും പുരോഹിതരുടെ സ്കൂളുകളും മനുഷ്യർക്ക് വേണ്ടെന്നായി. പ്രവചനങ്ങൾക്കതീതമായി സഭ മുമ്പോട്ട് ചലിക്കണമെങ്കിൽ സഭയിലുണ്ടായിരുന്ന ആദിമചൈതന്യം കൈവരിച്ചേ മതിയാവൂ.
കുഞ്ഞുപിള്ളേരെ പീഡിപ്പിച്ച പുരോഹിതരെ ദൂരസ്ഥലങ്ങളിലും മെക്സിക്കോയിലും സ്ഥലമാറ്റം കൊടുത്തശേഷം കർദ്ദിനാൾ മഹോണി പറഞ്ഞതിങ്ങനെ, "അവരുടെ പാപങ്ങൾ ദൈവം പൊറുത്തു." പാപം ചെയ്യാതെ സ്വയം പാപിയെന്ന് പറയുന്ന മാർപാപ്പായുടെ പാപങ്ങൾ ദൈവം പൊറുക്കുന്നുവെന്ന് പാപ്പാ പറയുന്നില്ല. ഒരു കാര്യം തീർച്ച. സഭയുടെ കാലഹരണപ്പെട്ട തത്ത്വങ്ങൾ മാറുകയില്ല. സ്വവർഗം, സ്വവർഗ വിവാഹം, ഗർഭനിരൊധനം എന്നീ വിവാദങ്ങളിൽ സഭയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. കുടുംബാസൂത്രണ പദ്ധതികൾ സഭയുടെ തത്ത്വങ്ങൾക്കെതിരായി തുടർന്നുകൊണ്ടിരിക്കും. ഒരു ചോദ്യം, മാർപാപ്പായുടെ തെറ്റാവരത്തിന് എന്തുപറ്റി?   യേശുവിന്റെ അമ്മ മറിയാമിൽ പാപമില്ലെന്ന് തെറ്റാവരത്തിന്റെ ശക്തിയിൽ പന്ത്രണ്ടാംപീയുസ് മാർപാപ്പാ വിളംബരം ചെയ്തു. മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന ഫ്രാൻസീസ് മാർപാപ്പാ സഭയുടെ തെറ്റാവരം അബദ്ധമെന്നും ചിന്തിക്കുന്നുണ്ടാവാം.     
യേശു ഒരു വാക്കുപോലും സ്വവർഗ അനുരാഗരതികളുമായി നടക്കുന്നവർക്കെതിരെ പറഞ്ഞിട്ടില്ല. യേശു സംസാരിച്ചത് അമിത ധനം ഉപയോഗിക്കാതെ പൂഴ്‌ത്തി വെക്കുന്നവർക്കെതിരെയായിരുന്നു.  നീതിക്കുവേണ്ടി ദാഹിക്കുന്നവർക്കായും അധികമുള്ളവർ ദരിദ്രരെ സഹായിക്കുവാനും പറഞ്ഞു. അങ്ങനെയെങ്കിൽ വളർന്നു വന്നിരിക്കുന്ന സ്വവർഗരതികളെ ക്രിസ്ത്യാനികൾ എന്തിന് വെറുക്കണം. സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്ന ക്രിസ്ത്യൻ തത്ത്വശാസ്ത്രത്തിൽ വെറുപ്പിന്റെ ഭാഷയില്ല. സ്വവർഗരതികളെ സംബന്ധിച്ച് പറയുമ്പോൾ സഭയെന്നും വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുമായിരുന്നു. അതിനൊരു മാറ്റം വരാനായിരിക്കാം മാർപാപ്പാ പറഞ്ഞത്, "അവർ പാപികളെന്നു വിധിക്കാൻ ഞാൻ ആര്"?  ഇത്തരം വൈകൃതങ്ങളായ രതിവികാരമുള്ളവരെയും ദൈവം സ്രുഷ്ടിച്ചവരാണ്. വികാരങ്ങളിൽ അടിമപ്പെട്ട ഈ മനുഷ്യജീവികളിൽ ഉള്ളതും ദൈവം സൃഷ്ടിച്ച ശരീരങ്ങളുടെ താല്പര്യങ്ങൾ തന്നെയാണ്. അവരിൽ അടങ്ങിയിരിക്കുന്ന ലൈംഗികമോഹങ്ങളെ ശമിപ്പിച്ച് നിയന്ത്രിക്കുകയും എളുപ്പമല്ല. അങ്ങനെയുള്ള സ്വവർഗപ്രേമികളായ ദൈവമക്കളെ ആദ്ധ്യാത്മികതയിൽനിന്നും മാറ്റിനിർത്തുന്നത് നീതികരിക്കുക സാധ്യമല്ല. സഭ അവരെ രണ്ടാംക്ലാസ് പൌരന്മാരായി കാണുന്നു. ഭൂമിയിലെ മനുഷ്യർക്ക് അവരുടെ ആദ്ധ്യാത്മികതയിൽ ഇടപെടുവാൻ അവകാശമെന്തെന്നുള്ള ചോദ്യത്തിനുത്തരമാണ് മാർപാപ്പ പറഞ്ഞത്. മനുഷ്യരാരും അവരെ പാപികളെന്ന് വിധിക്കാൻ അർഹരല്ല. സഭയുടെ നയങ്ങൾ എന്നും അവർക്കെതിരെയായിരുന്നു. സഭയ്ക്ക് വിധിക്കാൻ അവകാശമില്ലാത്ത സ്വവർഗക്കാരുടെ പ്രശ്നങ്ങൾ ദൈവത്തിന് വിട്ടുകൊടുത്ത് അവരെ സഭാമക്കളായി കാണുവാൻ സഭയ്ക്ക് കഴിയുമോ? കൂദാശകൾ അവർക്ക്  നിഷേധിക്കുന്നതുവഴി സഭ അദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് വ്യക്തമാണ്. അവർക്കുള്ള കൂദാശ നിഷേധിക്കലും മാർപാപ്പാ പറഞ്ഞതിന് തികച്ചും പരസ്പരവിരുദ്ധമായ സഭയുടെ പ്രവർത്തിയാണിതെന്നതിൽ സംശയമില്ല. ലൈംഗിക വിഭാഗിയചിന്തകളോടെ അവരെ അകത്തിനിർത്തി സഭ യാഥാസ്ഥിതികത്വം തുടർന്നുകൊണ്ടിരിക്കുന്നു.  ബനഡിക്ററ് മാർപാപ്പായുടെ പതിവ് പല്ലവികൾ എന്നും സ്വവർഗ അനുരാഗികൾക്കെതിരെയായിരുന്നു.  
അമ്പത് വർഷങ്ങൾക്കുമുമ്പ് നടന്ന രണ്ടാം വത്തിക്കാൻ കൌണ്‍സിലെ ചർച്ചകളടങ്ങിയ ഫയലുകൾ കാലഹരണപ്പെട്ട് ചിതലരിച്ചുപോയി.  സുനഹദോസിന് തുരങ്കം വെച്ച അന്നുള്ള വൃദ്ധന്മാർ മണ്ണിലടിയിൽ പോയി.  സഭയുടെ ചെറിയ ഒരു മാറ്റംപോലും അനുവദിക്കാതെ ഇന്നും തലപ്പത്ത് ഇരിക്കുന്നത് അവരുടെ പിൻഗാമികൾ തന്നെയാണ്. സഭയ്ക്കുണ്ടായിരുന്ന പരിശുദ്ധിയും അപ്പോസ്തോലീകാ പാരമ്പര്യവും വിട്ടുവീഴ്ചയില്ലാത്ത കർദ്ദിനാൾമാർ പണ്ടേ കാറ്റിൽ പറപ്പിച്ചു കഴിഞ്ഞു.  സത്യമായ സഭ മരിച്ചുപോയി. സഭയ്ക്കുള്ളിലെ പരിശുദ്ധി മടക്കികൊണ്ടുവരുവാൻ മാർപാപ്പാമാത്രം ശ്രമിച്ചാൽ ഇനി സാധിക്കില്ല.  സഭയിലെ പുരോഹിതർ കുഞ്ഞുങ്ങളെ ദുരുപയോഗപ്പെടുത്തികൊണ്ട് പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്ത് സഭയെ നശിപ്പിച്ചു. 
ഭ്രൂണഹത്യ, ഗർഭം അലസിപ്പിക്കൽ എന്നീ സഭയുടെ നയങ്ങളെ മാർപാപ്പ വിലയിരുത്തിയതും വ്യത്യസ്തമായിട്ടായിരുന്നു. സഭയിലെ നീറുന്ന മറ്റു സംഗതികളിൽ അത്തരം പ്രശ്നങ്ങൾ ഉൾപ്പെടുത്തി പ്രാധാന്യം കല്പ്പിക്കരുതെന്നും നിർദ്ദേശിച്ചു.  ഈ വിഷയം വിവാദങ്ങളിൽനിന്നും ഒഴിവാക്കാനാണ് മാർപാപ്പാ അഭിപ്രായപ്പെട്ടത്. മാർപാപ്പായുടെ ഗർഭച്ഛിന്ദ്രത്തെപ്പറ്റിയുള്ള അഭിപ്രായം ജീവന്റെ തുടിപ്പിലുള്ള അനുഭാവികൾക്ക് (pro life) എതിർപ്പുകൾ ഉണ്ടാക്കി. ലോകത്തിലേക്ക് പ്രവേശിക്കുവാൻ പോവുന്ന 50000  കുഞ്ഞുങ്ങളാണ് ഭ്രൂണഹത്യമൂലം ഒരാഴ്ചയ്ക്കുള്ളിൽ മരിക്കുന്നത്. നിശബ്ദമായി അത് കണ്ടില്ലെന്ന് എങ്ങനെ നടിക്കുമെന്ന് ഭ്രൂണഹത്യക്കെതിരായവർ ചോദിക്കുന്നു. ദൈവം കുഞ്ഞുങ്ങളെ ഉദരത്തിൽ സൃഷ്ടിച്ചു. ഭൂമിയിലേക്ക്‌ പിറക്കാൻ പോവുന്ന അവരെ നമ്മൾ കൊല്ലുന്നു. അക്കാര്യങ്ങളിലെ വിവാദങ്ങൾ ഒഴിവാക്കാൻ മാർപാപ്പാ ലോകത്തോട്‌ പറഞ്ഞു. സ്വവർഗ അനുരാഗികളുടെ ആത്മീയതയിൽ മാർപാപ്പാ ഇടപെടരുതെന്ന് ആഗ്രഹിക്കുന്നു.  എന്നാൽ ഭൂമിയിലേക്ക്‌ വരുന്ന കുഞ്ഞുങ്ങളുടെ ജീവനായുള്ള അവകാശങ്ങൾക്കായി മുറവിളി കൂട്ടുന്നവരുടെ ആത്മീയചിന്താഗതികളിൽ ഇടപെടാൻ മാർപാപ്പയ്ക്ക് മടിയില്ല. ഗർഭച്ഛിന്ദ്രം പോലുള്ള ഗുരുതരമായ പാപങ്ങൾ സഭ അനുവദിക്കുകയില്ലെന്നും മനസിലാക്കുവാനുള്ളതേയുള്ളൂ.

വൈമാനിക യാത്രക്കാരായ അഭിഷിക്തർക്കെതിരെയും മാർപാപ്പ സംസാരിച്ചു. സ്വന്തം കുഞ്ഞാടുകളെ നയിക്കാതെ ദേശാടനം ചെയ്ത് നടക്കുന്ന മെത്രാന്മാർക്കും കർദ്ദിനാൾമാർക്കും മാർപാപ്പായുടെ വാക്കുകളാലുള്ള ഈ താക്കീത് ഒരു പ്രഹരമായിക്കാണും. " മാർപാപ്പാ പറഞ്ഞു, “കർമ്മനിരതരായി അവരെ സേവിക്കാൻ നിങ്ങൾ കടപ്പെട്ടവരാണ്. നിങ്ങളിൽ അർപ്പിച്ചിരിക്കുന്ന സേവനത്തിന്റെ ഉടമ്പടികൾ നിങ്ങളുടെ സമൂഹത്തിന് മാത്രമുള്ളതാണ്.  ദയവായി നിങ്ങളുടെ ജനത്തിനൊപ്പം ജീവിച്ചാലും." ആരും യജമാനരല്ല സഭയുടെ സേവകരാണെന്നുള്ള വസ്തുത അഭിഷിക്തർ മറക്കുന്നു. ആട്ടിടയൻ ആടുകളുടെ മുമ്പാകെ നടക്കാതെ സ്വന്തം ആടുകളെ മേയിച്ച് പിന്നാലെ നടക്കുവാനാണ് മാർപാപ്പാ ആഗ്രഹിക്കുന്നത്. ആഗോള അഭിഷിക്തരുടെ ഒരു സമ്മേളനത്തിലാണ് മാർപാപ്പാ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്.  നിങ്ങളുടെ സമൂഹത്തിൽ ജീവിക്കൂ ജീവിക്കൂയെന്ന് മാർപാപ്പാ ആവർത്തിച്ചു പറഞ്ഞു. ജനങ്ങളുമായി പരസ്പരം സ്നേഹത്തിലും കൂട്ടായ്മയിലും ജീവിക്കാനും അവരുടെ ദുഃഖങ്ങളിൽ പങ്കുചേരാനുമാണ് മാർപാപ്പാ ഉദേശിച്ചത്. അവിടെ ധനികനെന്നോ ദരിദ്രനെന്നോ, ദളിതനെന്നോ സ്ത്രീപുരുഷനെന്നോ  വിത്യാസമില്ല.  പ്രേഷിതനായി ജനങ്ങളുടെ വികാരങ്ങളെ മനസിലാക്കി അവരുമൊത്ത് യാത്ര ചെയ്യാനാണ് മാർപാപ്പാ ആവശ്യപ്പെട്ടത്.
ഇന്ന് അഭിഷിക്തലോകം ധനികരെയും,രാഷ്ട്രീയ സാമുദായിക പ്രഭുക്കളെയും സുന്ദരികളെയും സുന്ദരന്മാരെയും സ്വന്തം അരമനകളിൽ സ്വീകരിക്കാൻ താല്പര്യപ്പെടുന്നു. വൈരൂപ്യമുള്ളവരും സഭയുടെ മക്കളാണെന്നുള്ള ചിന്ത അഭിഷിക്തർക്കുണ്ടാകണമെന്നും മാർപാപ്പാ പറഞ്ഞു. സേവനമനസ്തിതിയോടെ എല്ലാ ജനങ്ങളുമായി ഒപ്പം ആശയവിനിമയം ചെയ്ത് സ്വന്തം ടെലിഫോണുകൾ മറ്റുള്ളവരെ എല്പ്പിക്കാതെ ഏതു സമയവും സ്വന്തം ജനങ്ങളോട്‌ സംസാരിക്കുന്നതിന് നെഞ്ചോട്‌ ചേർത്തുപിടിക്കാൻ സമ്മേളനത്തിൽ മാർപാപ്പ അഭിഷിക്തരോട് ആവശ്യപ്പെട്ടു. ആരോടും വിവേചനം കാണിക്കാതെ ഭവനത്തിന്റെ വാതിലുകൾ സദാ തുറന്നിരിക്കട്ടെയെന്നും ആശംസിച്ചു. വൈമാനികനെപ്പോലെ ആകാശത്ത് സദാ സഞ്ചരിക്കാതെ ഭൂമിയിലെ സമതലങ്ങളിൽക്കൂടി യാത്ര ചെയ്ത് ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് മാർപാപ്പാ ആഗ്രഹിക്കുന്നത്. 

1. Ref: James Kottoor: http://almayasabdam.blogspot.com/2013/09/i-am-sinner-says-his-holiness.html

2. Ref: Zak
http://almayasabdam.blogspot.com/2013/09/blog-post_28.html


3 comments:

 1. ഇതൊക്കെ വായിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ചിന്തയിതാണ്: വലിയ ഒരു മനസ്സുള്ള കപ്പിത്താന്റെ കീഴിൽ അല്ലെങ്കിൽ അദ്ദേഹത്തിൻറെകൂടെ കപ്പലിലുള്ള ഒരൊറ്റ പ്രമാണി പോലും തങ്ങൾ ചെയ്തു കൂട്ടിയിട്ടുള്ള ഒരു തെറ്റിനും ഉത്തരവാദിത്വം എറ്റെടുത്തിട്ടില്ലല്ലോ! വിമോചനസമരത്തിന്റെ, ദീപികയുടെ, സ്വാശ്രയ കോളേജുകളുടെ കള്ളക്കണക്കെഴുതുന്ന ആശുപത്രികളുടെ ഒക്കെ കാര്യത്തിൽ എന്തുമാത്രം രാജ്യദ്രോഹവും ജനദ്രോഹവും ഓരോ രൂപതാദ്ധ്യക്ഷനും പുരോഹിത മാനേജർമാരും ചെയ്തുകൂട്ടിയിട്ടുണ്ട്. ഒരാളെങ്കിലും ഒരു തെറ്റെങ്കിലും ഏറ്റുപറഞ്ഞ് ജനത്തോട് പോറുതിക്കപേക്ഷിച്ചിട്ടുണ്ടോ? എത്ര വലിയ അസത്യത്തിനാണ് നമ്മുടെ മതാധികാരികൾ കൂട്ട് നില്ക്കുന്നത്? ഇതൊക്കെ ചോദിക്കാൻ ഒരാൾ കത്തോലിക്കൻ പോലുമായിരിക്കേണ്ടതില്ല. മന്ത്രിമാർ തെറ്റ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിക്കാൻ ഒരാൾ മന്ത്രിയായിരിക്കേണ്ടതില്ലല്ലോ? പോലീസുകാർ തെറ്റ് ചെയ്യുമ്പോൾ അത് ചൂണ്ടിക്കാണിക്കുവാൻ ഒരാൾ പൊലീസുകാരനായിരിക്കണമെന്നില്ല. എന്നതുപോലെ തന്നെ വൈദികരും മെത്രന്മാരും അസത്യത്തിനു കൂട്ടുനിൽക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കാൻ ഒരാൾ അല്മായനായാലും, അന്യമാതസ്ഥനായാലും ധാരാളം മതി.
  പിടിക്കപ്പെട്ടാലും തെളിവുസഹിതം ശിക്ഷിക്കപ്പെട്ടാലും തെറ്റ് സമ്മതിക്കാത്തനമ്മുടെ എംപിമാരെയും എമ്മെല്ലേമാരെയും പോലെ നമ്മുടെ മെത്രാന്മാരും വിളവു തിന്നുന്ന വേലികലായി തരം താണുപോയാൽ പിന്നെ സഭയെന്നത് കഥയില്ലാത്ത ഒരു നേരമ്പോക്കായി പോകുകയല്ലേ ചെയ്യുന്നത്?
  വലിയ ഇടയനെ കണ്ടു പഠിക്കാനും നമ്മുടെ വീരന്മാർ ശ്രമിക്കുന്നില്ല എന്നത് അങ്ങനെ വിട്ടുകളയാവുന്ന ഒരു പിഴയല്ല. അല്മായർ സംഘടിച്ചാൽ ഇതിനൊക്കെ പോംവഴി കണ്ടെത്താം.

  ReplyDelete
 2. ഒരച്ഛൻ മകൾയച്ച കത്ത്:

  കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ സാധാരണ മാതാപിതാക്കൾ മക്കളുടെ ദുഃഖങ്ങളിൽ പങ്കുചേരും. എന്നാൽ ഒരു മുത്തച്ഛൻ ഒരു പടികൂടി മുമ്പോട്ട് ചിന്തിച്ച് കൊച്ചുമകന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സ്വവർഗ പ്രേമിയാണ് താൻ എന്ന് ഒരു മകൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ മകനെ വീടിന് പുറത്താക്കി. ഇതിൽ ദുഖിതനായ അച്ഛൻ മകൾക്കെഴുതിയ ഒരു കത്ത് അമേരിക്കൻ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. കൊച്ചുമകനെ ന്യായികരിച്ചുകൊണ്ട്‌ മകളെ പിന്തിരിപ്പൻ, ഇടുങ്ങിയ ചിന്താഗതിക്കാരിയെന്നെല്ലാം അപ്പൻ കുറ്റപ്പെടുത്തുന്നുണ്ട്. സ്വവർഗാനുരാഗികൾ സമത്വത്തിനുവേണ്ടി മുറവിളി കൂട്ടുന്നതും ഇതേ കാരണങ്ങളാലാണ്. "അവരെ പാപികളെന്ന് വിളിക്കാൻ ഞാൻ ആര്, വിധിക്കാൻ എനിക്കന്തധികാര"മെന്ന് മാർപാപ്പാ പറഞ്ഞതും ഇതുതന്നെയാണ്.

  ഒരച്ഛൻ മകൾക്കയച്ച എഴുത്തിന്റെ പൂർണ്ണരൂപം താഴെ മലയാളത്തിൽ കൊടുക്കുന്നു. ഇംഗ്ലീഷിൽ വായിക്കാൻ ഇതോടനുബന്ധിച്ച് ലിങ്കും കൊടുത്തിട്ടുണ്ട്.


  പ്രിയ മകളെ ക്രിസ്റ്റീന,

  " ഞാനിന്ന് നിന്നിൽ വളരെ നിരാശനാണ്. നമ്മുടെ കുടുംബത്തിന് മാനഹാനിയുണ്ടായിയെന്ന് നീ പറഞ്ഞത് അക്ഷരംപ്രതി ശരിതന്നെ. എന്നാൽ നിനക്ക് തെറ്റുപറ്റി. നിന്റെ മകൻ ‘ചാഡ്‌’ സ്വവർഗ രതിക്കാരനെന്ന് നിന്നെ അവൻ അറിയച്ചതിൽ കുപിതായായി നീ അവനെ വീടിനു പുറത്താക്കിയത് നീതികരിക്കാനാവില്ല. തന്മൂലം നിന്നെയും ഞാൻ ഹൃദയവേദനയോടെ കാണുന്നു. നിന്റെ തീരുമാനമാണ് കൂടുതൽ ജുഗുപ്ത്സാവഹമായത്. ഇക്കാരണംകൊണ്ട് മാതാപിതാക്കൾ മക്കളെ ഉപേക്ഷിക്കുന്നത് പ്രകൃതിനിയമത്തെപ്പറ്റി അറിവില്ലായ്മകൊണ്ടാണ്.

  “എന്റെ മകനെ ഞാൻ വളർത്തിയത് സ്വവർഗ ലൈംഗികമോഹിയാകാനല്ലന്ന” നിന്റെ ന്യായവാദത്തിൽ വളരെയേറെ യുക്തിയുണ്ട്. ഞാനത് സമ്മതിച്ചു. നീ പറഞ്ഞത് തികച്ചും ശരിതന്നെയാണ്. തീർച്ചയായും നീ അങ്ങനെ അവനെ വളർത്തിയില്ല. എന്നാൽ നീ അറിയുക, അവൻറെ കുറ്റമല്ലാതെ അവൻ ജനിച്ചതും അത്തരം ശരീരപ്രകൃതത്തോടെയായിരുന്നു. ഇടതുകൈകൾകൊണ്ട് മാത്രം ഒരുവന് എഴുതാൻ സാധിക്കുന്നതുപോലെ അവന്റെ സ്വവർഗാനുരാഗവും ജന്മനാ പ്രകൃതി നിശ്ചയിച്ചതാണ്. എന്നാൽ നീ അവനെ പിന്തിരിപ്പമനസോടെ ഇടുങ്ങിയ ചിന്താഗതികളോടെ മനസ്സിൽ മുറിവേൽപ്പിക്കുന്ന വഴി തെരഞ്ഞെടുത്തു. അങ്ങനെ നാം ആ മകനെ ഉപേക്ഷിച്ചതുമൂലം ഈ നിമിഷം നിന്നോടും യാത്രപറയാൻ ഞാൻ നിർബന്ധിതനായി. സ്വവർഗപ്രേമിയെങ്കിലും അവിശ്വസിനീയമാംവിധം എനിക്കിന്ന് എന്റെ കൊച്ചുമകനെ ലഭിച്ചിരിക്കുന്നു. വാക്യാലങ്കാരങ്ങൾകൊണ്ട് ഹൃദയശൂന്യയായ ഒരു മകളുമായി ഞാൻ എന്തിന് സമയം ചെലവഴിക്കണം? കഠിനത വെടിഞ്ഞ് ഹൃദയശുദ്ധി കൈവരിക്കുന്നനാളിൽ നിനക്കിനി എന്നെ ബന്ധപ്പെടാം."

  ഇവിടെ ആരാണ് മനുഷ്യത്വമുള്ളതെന്ന് ചോദ്യം വരുന്നു, അമ്മയോ, സഭയോ മുത്തച്ഛനൊ? സഭയുടെ ജനം പള്ളിയിലൊത്തുകൂടുമ്പോൾ അമ്മയോടും സഭയോടും ചേരും. ആ അമ്മ ആരാന്റെ അമ്മയല്ലേ? മകനിലുള്ള പുത്രദുഃഖം ഉണ്ടാകേണ്ടതും ആരാന്റെ അമ്മയ്ക്കല്ലേ?

  എന്റെ മകൻ അത്തരം സ്വഭാവക്കാരനെങ്കിൽ സഭയുടെ നിയമതത്ത്വക്കൂട്ടിൽ അന്നെനിക്ക് കഴിയാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവന്റെ സന്തോഷത്തിൽ ഞാൻ ദുഖിതനെങ്കിൽ അന്നത്തെ പകൽ കഴിയുമ്പോൾ ഞങ്ങൾ അപ്പനും മക്കളും ഒന്നിച്ചുതന്നെ അത്താഴം കഴിക്കും. മകനെ നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്റെ സന്തോഷമാണ് എനിക്ക് വലുതെന്ന് ഞാൻ അവനോട് പറയും.

  http://www.dailymail.co.uk/news/article-2442166/Grandfather-blasts-daughter-letter-kicks-gay-grandson.html

  ReplyDelete
 3. ഇടതു കൈയന്മാരെയും -മാരികളെയും അടിച്ച് വലതു കൈ ഉപയോഗിക്കാൻ പഠിപ്പിക്കുന്ന തലമുറ പണ്ടുണ്ടായിരുന്നു. ഇന്നും ചിലർക്കങ്ങനെ ദുർവാശികളുണ്ട്. എന്നാൽ പ്രകൃതിയുടെ രഹസ്യങ്ങളിൽ കൈകടത്താനാവില്ല, അത് ശരിയല്ലായെന്നു ചിന്തിക്കുന്നവർ ഏറിവരുന്നു. സ്വവർഗരതിയുടെ കാര്യത്തിലും അത് സംഭവിക്കും.

  ReplyDelete