Translate

Friday, October 11, 2013

പ്രൊഫസര്‍ സി. സി ജേക്കബിന്റെ മൃതസംസ്‌കാരചടങ്ങ് സാംസ്‌കാരിക കേരളം ചര്‍ച്ച ചെയ്യണം - (KCRM) ഇടുക്കി ജില്ല


സമൂഹ്യ പരിഷ്‌ക്കര്‍ത്താവും സി. എസ്. ഐ മുന്‍ നേതാവുമായിരുന്ന പ്രൊഫസര്‍ സി. സി. ജേക്കബിന്റെ മൃതദേഹം വീട്ടു വളിപ്പില്‍ സംസ്‌ക്കരിക്കാനുണ്ടായ സാഹചര്യം സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിശ്വാസ സമൂഹങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യണം. ഈ സംഭം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയുമാണ്.
സി. എസ്. ഐ ഈസ്റ്റ് കേരള മഹാ ഇടവക രൂപീകരണത്തില്‍ മുഖ്യപങ്കു വഹിക്കുകയും രൂപീകരണ കമ്മറ്റി കണ്‍വീനറും പ്രഥമ അല്‍മായ സെക്രട്ടറി, രജിസ്ട്രാര്‍ , മധ്യകേരള മഹാ ഇടവകയുടെയും ഈസ്റ്റ് കേരള മഹാ ഇടവകയിലെയും കൗണ്‍സില്‍ അംഗം, സിനഡ് എക്‌സിക്യൂട്ടി കമ്മറ്റി അംഗം, ഹെന്‍ട്രി ബേക്കര്‍ കോളേജില്‍ ചരിത്ര വിഭാഗം മേധാവി, മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം, മുട്ടം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളില്‍ പ്രൊഫ. സി. സി ജേക്കബ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിഷപ്പ് കെ.ജി ദാനിയലിന്റെ എതിര്‍പക്ഷത്ത് സഭാ നേതൃത്വത്തിലേക്ക് മത്സരിച്ചതിന്റെ വ്യക്തിവൈരാഗ്യമാണ് ഈ സഹാചര്യത്തിന് കാരണമെന്നാണ് ബന്ധുക്കളും ഒരു വിഭാഗം വിശ്വാസികളും പറയുന്നത്. ജനിച്ച് 56-ാം ദിവസം ശിശുക്കളം സ്‌നാനം നടത്തി സഭയില്‍ ഉള്‍പ്പെടുത്തുന്നത് ഉചിതമല്ലെന്നും മുതിര്‍ന്ന സ്വയം തീരുമാനിക്കാറാകുമ്പോഴെ സ്‌നാനം ചെയ്യിക്കാവൂ എന്ന സ്വതന്ത്ര ചിന്ത 'ജലസ്‌നാനം'
എന്ന പുസ്തകത്തില്‍ എഴുതിയെന്നാരോപിച്ചാണ് സി.സി. ജേക്കബിനെ കെ.ജി ദാനിയല്‍ സഭയില്‍നിന്നും പുറത്താക്കിയത് എന്നാണ് വിശദീകരണം. സ്‌നാനം സംബന്ധിച്ച ഈ വിഷയം സഭയില്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതാണെന്നും ദൈവശാസ്ത്ര പരമായി അതില്‍ ഒരു തെറ്റുമില്ലെന്നാണ് ഒരു വിഭാഗം വൈദികര്‍ പറയുന്നത്. ബോധപൂര്‍വ്വം സ്‌നാനം സ്വീകരിച്ച് സഭയില്‍ അംഗമാകുന്നതാണ് നല്ലതെന്ന് പരിഷ്‌കൃത സമൂഹം വിലയിരുത്തുന്നു. യേശുദാഥന്റെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇത്തരം സഭാ നേതൃത്വമാണോ വേണ്ടെതെന്ന് സഭാസമൂഹം ചര്‍ച്ച ചെയ്യട്ടെ.
ഒരു കൂട്ടം വൈദികരുടെ നേതൃത്വത്തില്‍ ഒരു സഭാ വിശ്വാസിയുടെ സംസ്‌കാരചടങ്ങ് ആദരപൂര്‍വ്വം വീട്ടുവളപ്പില്‍ നടത്തുന്നത് ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യത്തേതായിരിക്കാം. സംസ്‌കാരികകേരളത്തിന് അത് തിളക്കവും സഭക്ക് ഒരു കറുത്ത ദിനവുമാണ്. ഇത് സമ്മാനിച്ച ബിഷപ്പ് കെ.ജി ദാനിയലിന് ചരിത്രത്തില്‍ ഇടം ലഭിച്ചു കഴിഞ്ഞു. 


സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ പുരോഹിതര്‍ എന്തുകൊണ്ടും സമൂഹത്തിന്റെ ആദരവ് അര്‍ഹിക്കുന്നു. അന്ധവിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് സംസ്‌കാരം വീട്ടു വളപ്പില്‍ നടത്തുവാന്‍ തീരുമാനിച്ച ബന്ധുമിത്രാദികള്‍ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ വിഷയം ടെലിവിഷന്‍ , പ്രിന്റ് മീഡിയകള്‍ ഏറ്റെടുത്തത് വളരെ ഉചിതമായി.
കെ.സി.ആര്‍ .എം ജില്ലാ പ്രസിഡന്റ് റെജി ഞള്ളാനിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ജന. സെക്രട്ടറി സിസിലി തോമസ്, സെക്രട്ടറി ജോസഫ് കെ.വി, എം.എല്‍ അഗസ്തി തുടങ്ങിയവര്‍ സംസാരിച്ചു. 

4 comments:

 1. പറഞ്ഞതുപോലെ, ഈ സംഭവം ഒരു വഴിത്തിരിവാകണം - മരിച്ചടക്ക്‌ ഒരു വലിയ ചടങ്ങാക്കേണ്ട കാര്യമില്ല. അതിൽ പള്ളീലച്ചനും മെത്രാനുമൊന്നും ഒരു കാര്യവുമില്ല. ഒരാള് മരിക്കുന്നു എന്നത് അതുവരെ ഇല്ലാതിരുന്ന ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ഒരവസരമാക്കി മാറ്റേണ്ടതുണ്ടോ എന്ന് വിശ്വാസികൾ ചിന്തിച്ചുതുടങ്ങണം. നാട് മുഴുവൻ ഇളക്കാതെ, ഒരു കുടുംബത്തിന്റെ സ്വസ്ഥതയിൽ, ഉള്ള സ്ഥലത്ത് ശരീരം ബഹുമാനത്തോടെ മറവുചെയ്യുക എന്നതിൽ ഒതുങ്ങേണ്ടതാണ് അടക്ക്. പൊതുസ്ഥലത്ത് കൊണ്ടുപോയി 'ഒഴിവാക്കേണ്ട' ഒന്നല്ല കുടുംബത്തിലെ ഒരംഗത്തിന്റെ വേർപാട്. വീട്ടുവളപ്പിലാകുമ്പോൾ, മരിച്ചയാൾ ഒരു ശവമല്ല, മറിച്ച് ഒരു സാന്നിദ്ധ്യമായി തുടരും എന്ന ഒരു വലിയ വ്യത്യാസം ഉണ്ട്. ഞാനിതു പറയുമ്പോൾ കൂടുതൽ ആള്ക്കാരും നെറ്റി ചുളിക്കുമെന്നെനിക്കറിയാം. കാലാകാലങ്ങളായി നമ്മൾ ശീലിച്ചിട്ടുള്ളത് മറിച്ചായതുകൊണ്ടാണത്. മരണമെന്നത്‌ ഒരു മനുഷ്യജീവനും അയാളുടെ ദൈവവുമായുള്ള ഒരൊത്തുതീർപ്പാണ്, അല്ലാതെ പള്ളിക്കാരും പഞ്ചായത്തും പട്ടാളവുമൊക്കെ ഇടപെടേണ്ട എന്തോ വലിയ സംഭവമല്ല.

  ഇനി അതല്ല, മരിച്ചടക്ക്‌ പള്ളിയുടെ സിമിത്തേരിയിൽ വേണമെന്നുള്ളവരെ വിലക്കാനോ തടയാനോ ഒരു മെത്രാനും അച്ചനും അവകാശമില്ല എന്ന സ്ഥിതിഗതിയുണ്ടാവണം. കാരണം, അത്തരം അധികാരം അംഗീകരിക്കാനാവാത്തതാണ്. ശുശ്രൂഷാവരം മാത്രമേ അവർക്ക് സഭയിൽ ഉണ്ടായിരിക്കാവൂ. അതിൽ കൂടുതലായിട്ടുള്ള എല്ലാ അധികാരപ്രയോഗങ്ങളും അനാശാസ്യവും താന്തോന്നിത്തരവുമാണ്, വകവച്ചുകൊടുക്കരുത്. അതിനു തുനിയുന്നവരെ പിടലിക്ക് പിടിച്ച് ഇറക്കിവിടണം. ഭൂരിപക്ഷമായ വിശ്വാസികളുടെ കാര്യങ്ങളിൽ ഒറ്റയാനായ ഒരു വ്യക്തിക്കും തനതായ തീരുമാനങ്ങളെടുക്കാൻ ഒരു ന്യായവുമില്ല. യാതൊരു വിധ അധികാരത്തിനും ക്രിസ്തുവിന്റെ കാഴ്ചപ്പാടിൽ സ്ഥാനമില്ല. അതാണ്‌ സഭാശുശ്രൂഷികൾ ആദ്യം പഠിക്കേണ്ടത്.

  ReplyDelete
 2. കേരളത്തിൽ കൂണുപോലെ മെഡിക്കൽകോളെജ് ഉയർന്നുവരുന്ന കാലമാണ്. അന്യസംസ്ഥാനങ്ങളിൽനിന്ന് വിദ്യാർത്ഥികളുടെ പ്രവാഹവും ഉണ്ട്. അതുകൊണ്ട് വിദ്യാർഥികൾക്ക് പഠിക്കാനായി ശവശരീരങ്ങൾക്ക് മാർക്കറ്റും കാണും. മരിച്ചുകഴിഞ്ഞാൽ നിർജീവമായ ശരീരം മെഡിക്കൽ കോളേജുകൾക്ക് കൊടുത്താൽ. പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. ഭാവിഗവേഷണങ്ങൾക്കും ഗുണപ്രദമാകും. ശവശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്യുന്നതിനായി മരിക്കുന്നതിനുമുമ്പ്‌ വില്ലെഴുതിവെച്ചാൽ പള്ളി കച്ചവടങ്ങൾക്കു ശമനം വരുത്താം. ജീവിക്കിരിക്കുമ്പോൾ ഒരുവന് മരിച്ചുകഴിഞ്ഞ് ശരീരം ദാനംചെയ്യുന്നവഴി മനുഷ്യശാസ്ത്രത്തിന് നല്കാവുന്ന ഒരു പുണ്യകർമ്മവുമാകും. പ്രാർഥിക്കാൻ പുരോഹിതൻ എന്തിന്? മരിച്ചുകഴിഞ്ഞ് പുരോഹിതൻ അല്ലെങ്കിൽ മെത്രാൻ എത്രമാത്രം ഓലിയാൻ കൂവിയാലും ആരെയും സ്വർഗത്തിലും നരകത്തിലും കയറ്റാൻ സാധിക്കില്ല. കുടുംബത്തിലെ പ്രായം കൂടിയ ആൾ കാർമ്മികനായി ചടങ്ങുകൾ വഹിച്ചാലും പുരോഹിതൻ നടത്തുന്ന ഫലങ്ങൾ തന്നെ ലഭിക്കും. മരിച്ചയാളുടെ ജീവിതകാലത്തെ കർമ്മഫലങ്ങളെ ഇല്ലാതാക്കാൻ ജീവിച്ചിരിക്കുന്ന ആർക്കും സാധിക്കില്ല.


  അമേരിക്കയിൽ പള്ളികളിൽ ശവക്കോട്ടകൾ ഇല്ല. ശ്മശാനങ്ങൾ പ്രൈവറ്റ്കമ്പനികളുടെ വകയാണ്. എല്ലാ ജാതിമതക്കാരെയും അടക്കം ചെയ്യുന്നത് ഒരു സ്ഥലത്തുതന്നെ. ആവശ്യമുള്ളവർക്ക് പള്ളികളിൽ അലങ്കരിച്ച ശവശരീരത്തിനുമുമ്പിൽ ആരാധന മാത്രമേ കാണുകയുള്ളൂ. മാമ്മോദീസാ മുങ്ങിയിട്ടുള്ളവർക്കെല്ലാം ശവസംക്കാരകർമ്മങ്ങൾ നടത്തികൊടുക്കണമെന്ന് റോമിലേ സഭകളുടെ കീഴിലുള്ളവർക്ക് നിയമങ്ങൾ ഉണ്ട്. മറ്റുള്ള സഭയിൽ അംഗത്വം എടുക്കരുതെന്ന് മാത്രം. അവസാന നിമിഷങ്ങളിൽ മരിക്കുന്നവർ ക്രിസ്തുവുമായി ആശയവിനിമയം ചെയ്ത് സഭയുടെ വിശ്വാസിയാകാമെന്നും പുരോഹിതൻ ചിന്തിക്കണം. ക്രിസ്തുവിന്റെ വലത്തുഭാഗത്തു കുരിശിലുണ്ടായിരുന്ന നല്ല കള്ളനും അവസാന നിമിഷത്തിൽ നിത്യരക്ഷ കിട്ടി. . കൊലയാളികൾക്കും വ്യപിചാരവും പിള്ളേരെ പീഡിപ്പിക്കുന്ന മെത്രാന്മാർക്കുവരെയും വി.ഐ.പി. സെമിത്തേരികൾ പള്ളികളിൽ ഉണ്ട്.


  ഹിന്ദുക്കൾ ചെയ്യുന്നതുപോലെ ശവം ദഹിപ്പിക്കുന്ന പ്രക്രീയ ചെയ്താലും പള്ളി ശവകോട്ടകളെ ഒഴിവാക്കാം. . ശവത്തിന് വില പറയുവാൻ ഈ ശവംതീനികൾ വരുകയുമില്ല. ശവത്തെ അപമാനിക്കുന്ന കഴുകർക്ക് തുല്യരാണ് പുരോഹിതരും. സഭയുടെ വിശ്വാസത്തിനെതിരായി മരിച്ചവർ ജീവിച്ചിരുന്നപ്പോൾ എഴുതിയതിന് ബന്ധുജനങ്ങൾക്ക്‌ മാനസിക സമ്മർദം കൊടുക്കണോ? ജലം തളിച്ചാലെ മാമ്മോദീസാ ആവുകയുള്ളൂവെന്നുള്ളത് ആരുടെയോ ഭാവനയിലുണ്ടായ പൊട്ടവിശ്വാസമാണ്. ചിലർക്ക് ശൈശവത്തിൽ മറ്റു ചിലർക്ക് മുതിർന്ന പ്രായത്തിൽ, പിന്നെ ആദ്യകുർബാന, അന്ത്യകൂദാശ ഇങ്ങനെയിങ്ങനെ കൂദാശകൾകൊണ്ട് സഭ പണം തട്ടിയെടുത്ത് സാമൂഹ്യദ്രോഹം തുടരുന്നു. ശവക്കോട്ടയിൽ അടക്കുന്നവർക്കേ സ്വർഗമുള്ളൂവെന്നുള്ള വിശ്വാസം ക്രിസ്ത്യാനിയുടെ തലയിൽ മതഭ്രാന്തന്മാർ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. മതഭ്രാന്ത് മൂത്ത് ഭീകരനായിത്തീർന്ന ബിൻലാഥൻറെ വാസസ്ഥലം കടലിനടിയിലായി. അത്തരം ഒരു മതഭീകരനാണ് ഒരു പ്രൊഫസറുടെ ശവത്തെ അപമാനിച്ച ബിഷപ്പെന്നതിലും സംശയമില്ല.

  സി.എസ്സ.ഐ. ബിഷപ്പിനെപ്പോലെ ശവശരീരത്തെ അവഹേളിച്ച ക്രൂരമാരായ മാർപാപ്പാമാർവരെ സഭാചരിത്രത്തിലുണ്ട്. ഒമ്പതാംനൂറ്റാണ്ടിലെ മാർപാപ്പാ സ്റ്റീഫൻഒമ്പതാമന്റെ കഥ അതിനുദാഹരണമാണ്. ഈ മാർപാപ്പായുടെ മുന്ഗാമി ഫൊർമോസാസിന്റെ ശവശരീരം മാന്തിയെടുത്ത് സുനഹദൊസ്കൂടി ശവത്തെ വിസ്തരിച്ച ചരിത്രവും സഭയുടെ കറുത്ത അദ്ധ്യായങ്ങളിൽ ഉറങ്ങിക്കിടപ്പുണ്ട്. ഈ ചരിത്രത്തെ 897 ലെ പ്രേതവിസ്താരമെന്നാണ് അറിയപ്പെടുന്നത്. പ്രേതം St ജോണ്‍ ബസലീക്കായുടെ മണ്ഡപത്തിൽ കിടത്തി. അതിനുശേഷം ശവശരീരത്തിലുള്ള മാർപാപ്പാവസ്ത്രങ്ങൾ അഴിച്ചുമാറ്റി വസ്ത്രരഹിതമാക്കി. മാർപാപ്പാ എന്ന നിലയിൽ അനുഗ്രഹിച്ചിരുന്ന മൂന്നു വിരലുകൾ മുറിച്ചുമാറ്റിക്കൊണ്ട് സ്റ്റീഫൻ മാർപാപ്പാ നേരിട്ട് ശവശരീരത്തിന്റെ മുമ്പിൽനിന്ന് കുറ്റാരോപണങ്ങൾ നടത്തി. ശവമായ മാർപാപ്പാ ജീവിച്ചിരുന്നപ്പോൾ ലഭിച്ച പൌരാഹിത്യവും മെത്രാൻ കർദിനാൾസ്ഥാനങ്ങളും ഇല്ലാതാക്കി വിളംബരം നടത്തി. പിന്നീട് ശവം തെരുവിൽ കെട്ടിത്തൂക്കി. അവിടെനിന്ന് ടൈബർ നദിയിലേക്ക് വലിച്ചെറിഞ്ഞു. കത്തോലിക്കാ സഭയ്ക്ക് ഇങ്ങനെയുള്ള അനേക ക്രൂരന്മാരടങ്ങിയ മാർപാപ്പാമാരുടെ ചരിത്രങ്ങൾ ഉണ്ട്.

  മഹാനായ എഴുത്തുകാരൻ എം.പി.പോളിനെ അപമാനിച്ച പാപഭാരവും താങ്ങിയാണ് സീറോമലബാര് പുരോഹിതർ അൾത്താരയിൽ കുർബാന ചൊല്ലുന്നത്. പോൾസാറിനോട് ചെയ്ത ക്രൂരകൃത്യങ്ങൾക്ക് നാളിതുവരെ ഒരു മെത്രാനും ക്ഷമപറയാൻ തയാറായിട്ടില്ല. പ്രൊഫ. സി. സി ജേക്കബ്ന്റെ ശവശരീരത്തെ അപമാനിച്ചവഴി ബിഷപ്പ് കെ.ജി ദാനിയലും ഒരു നികൃഷ്ട ജീവിതന്നെ.

  ReplyDelete
 3. പ്രതികാരക്കലി കയറിയ സ്റ്റീഫൻ മാർപാപ്പായെ പോലുള്ള നികൃഷ്ട ജീവികൾ ഇന്നുമുണ്ട്, അവരുടെ 'ധീരക്രുത്യങ്ങൾക്ക്' സമൂഹം കൂട്ടുനിൽക്കുന്നില്ലാത്തതിനാൽ സഭയിൽ അടക്കു നിഷേധിക്കുക എന്ന ചെറിയതരം വൈരാഗ്യങ്ങൾ മാത്രമേ നാം നേരിട്ടനുഭവിക്കുന്നുള്ളൂ എന്ന് മാത്രം.

  എന്തുമേതും കച്ചവടമാക്കുന്ന കേരള കത്തോലിക്കാ സഭ പല പള്ളികളിലും ഇപ്പോൾ കുടുംബക്കല്ലറകളുടെ വില 3 ലക്ഷവും അതിന്‌ മുകളിലേയ്ക്കും ആക്കിയിട്ടുണ്ട്. ആ വിലയ്ക്ക് പോലും ആറടി മണ്ണ് വാങ്ങി, തങ്ങൾ ക്രിസ്ത്യാനികാളാണെന്നു തെളിയിക്കാൻ ക്യൂ നില്ക്കുന്ന വിശ്വാസികളും ഇഷ്ടംപോലെയുള്ളപ്പോൾ 'നികൃഷ്ട കത്തോലിക്കാ സഭ' അല്ലെങ്കിൽ 'ആർഭാട കത്തോലിക്കാ സഭ' എന്നൊരു പുതിയ പേരുപയോഗിക്കുന്നതിൽ എന്താണ് കുറവ്? ചീഞ്ഞ് മണ്ണിലലിയാൻ പോലും ലക്ഷങ്ങൾ മുടക്കുക എന്നത് ധൂർത്തും നികൃഷ്ടമായ ആര്ഭാടവുമല്ലെങ്കിൽ പിന്നെയെന്താണത്?

  ReplyDelete

 4. "ജലസ്നാനം ഒരു പഠനം" എന്നൊരു പുസ്തകം എഴുതിയ Prof CC ജേക്കബ്‌ മരിച്ചുകഴിഞ്ഞും , അദ്ദേഹത്തിൻറെ മൃതശരീരത്തിനോടും ഒടുങ്ങാത്തപക വച്ചുപുലർത്തുന്ന തൊടുപുഴ csi സഭ കർത്താവിന്റെ മണവാട്ടിസഭകളിൽ ഉൾപ്പെടുന്നില്ല നിശ്ചയം... .പള്ളിസെമിത്തേരിയിൽ ശവസംസ്കാരംചെയ്യാൻ .ബിഷപ്പ് സമ്മതിചില്ലപോലും! ഒടുവിൽ പള്ളിപ്പറമ്പിൽ ശവമടക്കാൻ കഴിയാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു ആ ബഹുവന്യനെ! തനിക്കു ളോഹവാങ്ങാനും കാറിൽകയറി ചെത്തി ജീവിക്കാനും പണംതരുന്ന ജനത്തോടിത്ര നിക്രിഷ്ട ഭാവം ബിഷൊപ്പന്മാർക്കുള്ളതിനാലാകാം ഇവറ്റകളെ പിണറായി "നിക്രിഷ്ടജീവികൾ' എന്ന് അപമാനിച്ചു വിളിച്ചതും ! എന്നിട്ടും തൊടുപുഴയിലെ "കാളേത്തിന്നി"അചായന്മാര്ക്ക് സംഗതി പിടികിട്ടിയില്ല കഷ്ടം!
  ആശ്വാസമായി !പണ്ടുപണ്ട് മാർത്തോമ്മ ഭാരതത്തിൽ വരുന്നതിനു മുൻപ് നമ്മുടെ ഈ ജക്കാബ് സാറിന്റെ മുതു മുത്തച്ചനെയും ഇതുപോലാണടക്കിയതു സ്വന്തം മണ്ണിൽ ! സ്വന്തമായിത്തിരി മണ്ണുള്ള മാളോർക്കു പള്ളിപ്പറമ്പിനീം വേണ്ടവേണ്ടാ... മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ പഴയ കണക്കെല്ലാം മാറി വരുന്നു , ശുഭലക്ഷനം തന്നെ!
  ആത്മീകതയുടെ സ്വർഗങ്ങളിൽ പിറന്നുവീഴാൻ ളോഹക്കൂട്ടിൽ ജന്മംകൊണ്ട്, സഭകളുടെ ഗർഭപാത്രത്തിൽ കിടന്നു ചാപിള്ളകളായിപോയ പാഴ്ജന്മങ്ങളാണീ പുരോഹിതവർഗം ഏറിയപങ്കും . അടുത്തുനോക്കൂ നിങ്ങൾക്കും താനെ ഈ വെള്ളപൂശിയ ശവമാടങ്ങളെ തിരിച്ചറിയാം മനസിന്റെ ഇന്ദ്രിയാനുഭൂതി നഷ്ടമാകാത്ത ഏതൊരുവനും തീച്ച!
  സവർണ്ണരുടെ മേല്കൊയിമ ഭയന്ന് മുത്തച്ഛന്മാർ പാതിരിപ്പുറകേ പോയി ,ദാ ഇപ്പോൾ വീണ്ടും അപമാനിതനായിരിക്കുന്നു തലമുറക്കാർ . കലികാലമേ ഗീതപാടൂ ,,ഈ അച്ചായന്മാരും ആത്മജ്ഞാനം ഉള്ളവരാകുവാൻ ...അവരും തമ്മിൽതമ്മിൽ സ്നേഹിക്കുവാൻ , ജലസ്നാനം പുരോഹിതത്തട്ടിപ്പാണെന്നും ആത്മാവിനെക്കുറിച്ചുള്ള അറിവിൽ ഓരോ മനസും സ്നാനം കഴച്ചു ജ്ഞാനസ്നാനം ചെയ്യുവാൻ എല്ലാ ഭാരതീയ ഭവനങ്ങളിലും ഭഗവത്ഗീതയും മഹാഭാഗവതവും ദിനവും പരായണശീലമാക്കിയാൽ ഭാരതമാല്ലാതെ മറ്റൊരു സ്വർഗവുമില്ല എന്നേവർക്കും മനസിലാകും ..

  ReplyDelete