Translate

Sunday, April 6, 2014

2060ൽ എഴുതിയ കത്ത്

"മുപ്പത്തഞ്ചു വയസ്സുള്ള എന്നെ കണ്ടാൽ എണ്‍പത്തഞ്ചു തോന്നിക്കും. ആവശ്യത്തിനു വെള്ളം കുടിക്കാനില്ലാത്തതിനാൽ എന്റെ ആന്തരികാവയവങ്ങൾ പ്രവർത്തിക്കാൻ വിസമ്മതിക്കുന്നു. മുപ്പതിന് മുകളിൽ ജീവിക്കുന്നവർ ഇന്ന് വിരളമാണ്. എന്റെ കുട്ടിക്കാലത്ത് എവിടെനോക്കിയാലും മരങ്ങളുണ്ടായിരുന്നു, നദികളുണ്ടായിരുന്നു. എനിക്കിഷ്ടമുള്ളത്ര നേരം തണുത്ത വെള്ളത്തിൽ കുളിക്കാമായിരുന്നു. ഇന്നാകട്ടെ മിനെറൽ ലായനിയിൽ നനച്ച തുണിക്കഷണങ്ങൾകൊണ്ട് ദേഹം തുടക്കുക മാത്രമാണ് മനുഷ്യർ ചെയ്യുക.

സ്ത്രീകൾ പോലും അവരുടെ തല മുണ്ഡനം ചെയ്യേണ്ടിവരുന്നു. കാരണം, തലമുടി കഴുകി വൃത്തിയാക്കാനുള്ള വെള്ളമില്ല. നദികളും തടാകങ്ങളും ഉണങ്ങിവരണ്ടു പോയിരിക്കുന്നു. ഭൂമിയിലേയ്ക്ക് എത്ര കുഴിച്ചാലും ഒരിടത്തും ജലമില്ല.

എവിടെ തിരിഞ്ഞാലും ഉണങ്ങിവരണ്ട മരുഭൂമി മാത്രം. ആമാശയത്തെയും മൂത്രാശയത്തെയും ബാധിക്കുന്ന രോഗം ബാധിച്ചാണ്‌ കൂടുതൽ ആൾക്കാർ മരിക്കുക. ഒരാൾക്ക്‌ ഒരു ദിവസം അര ഗ്ളാസ് വെള്ളമാണ് കുടിക്കാൻ കിട്ടുന്നത്.

വൃത്തിയാക്കാൻ നിവൃത്തിയിലാത്തതിനാൽ വസ്ത്രങ്ങൾ അഴുക്കാകുമ്പോൾ എറിഞ്ഞുകളയുകയാണ്. ഭൂമി നിറയെ ഇങ്ങനെ വലിച്ചെറിഞ്ഞ വസ്തുക്കളാണ്.

മുതിര്ന്നവരും കുട്ടികളും ഉണങ്ങിവരണ്ട ശരീരവുമായി മരണത്തെ ഭയന്ന് കഴിഞ്ഞുകൂടുന്നു. ശരീരം നിറയെ ultraviolet രശ്മികൾ മൂലമുണ്ടാകുന്ന വൃണങ്ങളാണ്. കാരണം, ഓസോണ്‍ പാളി മൊത്തത്തിൽ ശിഥിലമായിക്കഴിഞ്ഞു. ഇടക്കൊരു മഴ തൂളിയാൽ അതിലുള്ളത് ആസിഡിന്റെ അംശമാണ്. ഋതുക്കൾ പോലും മാറിമാറി വരുന്നില്ല.

ഒരു ഗ്ളാസ് വെള്ളത്തിന് സ്വർണത്തേക്കാൾ വിലയാണ്. ജലമുണ്ടാക്കാൻ ഒരു വഴിയും ഒരിടത്തുമില്ല. വ്യവസായങ്ങൾ ഒന്നും നടക്കുന്നില്ല. ആകപ്പാടെ ജോലികൊടുക്കുന്ന വ്യവസായം സമുദ്രജല ശുദ്ധീകരണമാണ്. അവിടെ ജോലിക്കാര്ക്ക് ദിവസക്കൂലിയായി ഒരു കുപ്പി വെള്ളം ലഭിക്കുന്നു. അതും കവർച്ച ചെയ്യപ്പെടുന്നു. ഭക്ഷണസാധനങ്ങളിൽ 80 ശതമാനവും കൃത്രിമമാണ്. മരങ്ങൾ ഉണങ്ങിപ്പോയതിനാൽ, അന്തരീക്ഷത്തിൽ പ്രാണവായു ഒട്ടുംതന്നെയില്ല. ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം അംഗഭംഗം ബാധിച്ചവരാണ്. സോളാർ ഊർജ്ജത്താൽ പ്രവർത്തിക്കുന്ന വലിയ വെന്റിലെയ്റ്റർ സ്ഥാപിചിരിക്കുന്നിടത്തു കുറെ നേരം ചെന്നിരിക്കാൻ വലിയ തുക കൊടുക്കേണ്ടതുണ്ട്."

Ria Ellwangerന്റെ ഒരു കുറിപ്പിൽ നിന്ന്. പൂർണമായി ഇംഗ്ളീഷിൽ വായിക്കാൻ: https://mail.google.com/mail/u/0/#inbox/145274523fdf4193?projector=1


ഇത്ര ഭയാനകമായ ഭാവി അതിദൂരത്തല്ല. മുന്നറിയിപ്പുകൾ ഗൌരവമായി എടുക്കാതിരുന്നാൽ നമ്മൾ നമ്മുടെ മക്കൾക്ക്‌ കൈമാറുന്നത് എവിടെയും മരണം ഒളിഞ്ഞിരിക്കുന്ന ഒരു മരുഭൂമിയെയാണ്. അങ്ങനെയൊരു ദുരന്തം തടയാൻ കെല്പുള്ള അവസാനത്തെ തലമുറയാണ് നമ്മുടേത്‌. നമ്മൾ ശ്രദ്ധിക്കാൻ വിസമ്മതിച്ചാൽ ഒരു തിരുത്തലിനുള്ള അവസരം ഇനിയുണ്ടായിരിക്കയില്ല. പരിസ്ഥിതിയോട്, അതായത് നമ്മുടെ മണ്ണിനോടും നദികളോടും വനങ്ങളോടും, ഇന്നത്തെ രീതിയിലുള്ള സ്വാർത്ഥതയോടെയും ധിക്കാരത്തോടെയുമുള്ള നമ്മുടെ പെരുമാറ്റം ഇനിയും തുടർന്നാൽ വെറും അമ്പത് വർഷത്തിനു മുമ്പുതന്നെ മനുഷ്യൻ ജീവിക്കേണ്ടിവരുന്ന ചുറ്റുപാടുകൾ എങ്ങനെയിരിക്കുമെന്ന് മുൻകൂട്ടി കാണുകയാണ് മുകളിൽ വായിച്ച കത്ത്. അറിവില്ലായ്മകൊണ്ടോ സ്വാർത്ഥതാത്പര്യങ്ങൾ മൂലമോ പശ്ചിമഘട്ടപരിരക്ഷക്കു വിലങ്ങുതടിയാകുന്നവർ നാളെയെപ്പറ്റി ഒന്നുകൂടെ ധ്യാനിച്ച്‌ ചിന്തിക്കുക.
Tel. 9961544169 / 04822271922

3 comments:

 1. എത്ര നാൾ തന്ത്രം?

  കരൾ വറ്റി കടൽ വറ്റി
  ഊഷരമായി മനസും മണ്ണും
  വെള്ളമെന്തിനാ, വീഞ്ഞില്ലേ?
  ചോദിപ്പു പുംഗവന്മാർ
  പ്ലാച്ചിമടയിൽ കോള കുടിക്കാൻ
  കടാക്ഷിച്ചുപദേശിച്ചവർ
  കാടു വിറ്റു നാടു വിറ്റു
  കൃഷി ഭൂമിയൊക്കെയും വിറ്റു
  പുഴകളും വിൽക്കുന്നു ബാക്കി
  വീട്ടിലെ വൃദ്ധരാം അംഗങ്ങൾ
  ഭാര്യയും മക്കളും
  വരുമായിരിക്കും ഇതിനൊരു
  മാറ്റമൊരുനാൾ വരാതൊക്കുമൊ
  എത്ര നാൾ പറ്റിപ്പൂ തന്ത്രങ്ങളാൽ?

  Vasudevan Anthikkad, in FB

  ReplyDelete
 2. സക്കരിയാച്ചയന്റെ 2060 ലെ കത്തിൽ "മുതിര്ന്നവരും കുട്ടികളും ഉണങ്ങിവരണ്ട ശരീരവുമായി മരണത്തെ ഭയന്ന് കഴിഞ്ഞുകൂടുന്നു"എന്നതിലെ "മരണത്തെ ഭയന്ന് "എന്നത് മറ്റി "മരണമേ, നിനക്ക് പുലർകാലവന്ദനം " എന്ന് തിരുത്തിവായിക്കനാണെനിക്കിഷ്ടം ! പുരോഹിത വിവരദോഷം വിളമ്പിയ നരകത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ്‌ പതിപ്പിന്റെ വിവരണമാക്കി ["ഈ മനോഹര തീരത്ത്‌ തരുമോ ഇനി ഒരു ജന്മം കൂടി "എന്ന വയലാറിന്റെ മനോരോദനം] വരിച്ചിട്ട് വികൃതമാക്കിയ "സത്യത്തിന്റെ പേനാ" കൊള്ളാം !

  ReplyDelete
  Replies
  1. താമരശ്ശേരി, ഇടുക്കി മെത്രാന്മാരുടെ ഇംഗിതങ്ങൾക്കനുസരിച്ച് നമ്മുടെ നാടിനെ വെട്ടി നശിപ്പിക്കാൻ അനുവദിച്ചാൽ "ഈ മനോഹര തീരത്ത്‌ തരുമോ ഇനി ഒരു ജന്മം കൂടി" എന്നത് മരുഭൂമിയിലെ ഗദ്ഗതമായി എരിഞ്ഞടങ്ങും, സംശയമില്ല. ഭാവിയെപ്പറ്റി ഒരു ബോധവുമില്ലാത്ത ഏതാനും വിവരദോഷികൾ മതി നാടുമുടിക്കാൻ. പ്രകൃതിയെ സ്നേഹിച്ചുകൊണ്ടാണ് ഗാഡ്ഗിൽ തന്റെ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചത്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാനാണ് മെത്രാന്മാർക്കും അവരുടെ പിള്ളേർക്കും താത്പര്യം. എന്ത് ചെയ്യാൻ!

   Delete