Translate

Saturday, April 26, 2014

കൊക്കന്‍ മാക്കാന്‍

എനിക്കും ചിലത് പറയാനുണ്ട്. തൃശ്ശൂര്‍ മാനഭംഗക്കേസ് പുറത്തു വന്നുവെന്നതേയുള്ളൂ, തൈക്കാട്ടുശ്ശെരിയിലേതുപോലുള്ള അളവെടുപ്പുകള്‍ മിക്കയിടത്തും ധാരാളം നടക്കുന്നുണ്ട്, നമ്മുടെ വൈദികര്‍ മിക്കവാറും മികച്ച തയ്യല്‍ക്കാരാണ് താനും. സോഡാലിറ്റിയുടെയും യുവദീപ്തിയുടെയും ഒക്കെ പേരില്‍ വൈദികരെ ഒറ്റക്ക് സന്ദര്‍ശിക്കാന്‍ ഒരു കാരണവശാലും പെണ്‍കുട്ടികളെയും സ്ത്രികളെയും അനുവദിക്കരുത്. അത് നിയമമായിട്ടു തന്നെ എടുക്കാം. അത് പോലെ അവരുടെ അടുത്തു കുമ്പസ്സാരിക്കാന്‍ സ്ത്രികള്‍ പോകുന്നതും പാപങ്ങളുടെ വിവരണം നടത്തുന്നതും ഒഴിവാക്കേണ്ടതുണ്ട്. കുമ്പസ്സാര രഹസ്യം അച്ചന്മാര്‍ ആരോടും പറഞ്ഞതായി കേട്ടിട്ടില്ലായെന്നു തന്നെ വിശ്വസിച്ചോളൂ, പക്ഷെ അവര്‍ ആ അവസരം ദുര്‍വിനിയോഗം ചെയ്തതിനു അനേകം തെളിവുകളുണ്ട്. അമേരിക്കയില്‍ നിന്ന് ഒരു ഗുരു അന്യന്‍റെ ഭാര്യയേയും തട്ടിക്കൊണ്ടു പോന്നത് മാത്രമല്ല കുമ്പസ്സാര ഗുരുക്കളുടെ പേരിലുള്ള ആരോപണം. വൈദികര്‍ സ്വയം നീറി നശിക്കാതെ ആവശ്യക്കാര്‍ പൌരോഹിത്യം വെടിഞ്ഞു പുറത്തു വരുന്നതിനു പകരം, സമൂഹത്തില്‍ നിന്ന് കിട്ടുന്ന ആമ്മേനും സ്വീകരിച്ചു സമൂഹത്തിനിട്ടു തന്നെ മട വെയ്ക്കുകയും സൌകര്യത്തിന് കിട്ടിയാല്‍ വിശ്വരൂപം കാട്ടുകയും ചെയ്യുന്നതിനാണ് ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നത്. ഇത് തെണ്ടിത്തരം തന്നെയാണ്. കാഞ്ഞിരപ്പള്ളിയില്‍ ദിവ്യ ഗര്‍ഭം കിട്ടിയത് മഠത്തിലെ മദറിനാണ്, പ്രതി ഒരു ധ്യാന ഗുരു. ഈ രൂപതയിലെ ഒരു കന്യാസ്ത്രി മുങ്ങിയത് കറവക്കാരന്‍റെ കൂടെയാണ്. ഒരു പ്രസിദ്ധ ധ്യാനഗുരുവിനെ രണ്ടാം തവണ ഇവിടെ പിടിച്ചത് ഒരു ക്ലിനിക്കില്‍ പാതിരാക്ക്‌ പ്രെഷര്‍ നോക്കുന്നതിനിടയിലാണ്. ഒരിടവകയില്‍ വികാരിയെ പിടിച്ചത് പാതിരാക്ക് നാടക നടിയോടൊപ്പം. ഒരു കാഞ്ഞിരപ്പള്ളി ധ്യാനകേന്ദ്രത്തില്‍ ആയുഷ്കാല മുറി പണിയാന്‍ പണം എല്പ്പിച്ചവര്‍ അനേകര്‍. കണക്കുമില്ല, കണക്കനും മുങ്ങി, പോയത് ലക്ഷങ്ങള്‍, വേറൊരു അഗതി മന്ദിരത്തില്‍ കാണാനുള്ളത് 7 കോടി.

തൃശ്ശൂര്‍, ചാലക്കുടി, കോതമംഗലം, ഇടുക്കി, കാഞ്ഞിരപ്പള്ളി ഈ നേര്‍രേഖയില്‍ കിടക്കുന്ന രൂപതകള്‍ അപ്പാടെ റദ്ദാക്കണം, പകരം റിസീവര്‍ ഭരണം നടപ്പാക്കണം.  ഇവിടെ വൈദികര്‍ കുറവാണെന്ന് മെത്രാനെ തോന്നൂ. ഉള്ള വൈദികരെ പള്ളികളുടെ ഭരണവും, ബാക്കി പ്രസ്ഥാനങ്ങളുടെ ഭരണം അത്മായരെയും ഏല്‍പ്പിച്ചാല്‍ ആവശ്യത്തിലേറെ വൈദികര്‍ ഇവിടുണ്ടാവും. കോളേജുകളില്‍ സുഖചികിത്സ നടത്തിക്കൊണ്ടിരിക്കുന്നവരെയും പുറത്താക്കണം. തൃശ്ശൂര്‍ മെയിന്‍ റോഡില്‍ വെള്ളമടിച്ചു പൂസായി വണ്ടി ഓടിച്ചു പിടിക്കപ്പെട്ട വൈദികന് ഏതായാലും സാധാരണ പൌരന് കിട്ടുന്നതൊന്നും ലഭിച്ചിട്ടില്ല. പീഢനകേസില്‍ പിടിക്കപ്പെടാന്‍ പോകുന്ന കൊക്കനും അസാധാരണ പരിഗണന ലഭിക്കും. നമ്മുടെ പ്രശ്നം ഇതെല്ലാം കാണുകയല്ലാതെ ആ കുടുംബത്തെ പിച്ചിചീന്തുന്ന അധമന്മാരെ ശിക്ഷിക്കാന്‍ തയ്യാറാവാത്ത തൊപ്പി വെച്ച ചെകുത്താന്മാരെയാണ്. അവരുടെ നീതി ബോധം തൊടുപുഴയില്‍ ഇപ്പോഴും പീലി വിടര്‍ത്തി ആടുന്നുണ്ടെന്ന്‍ ഓര്‍ക്കുക.

എല്ലാവരും കിറുക്ക് പിടിച്ച് ഓടുകയാണ്, ഈശ്വരനെ തേടി. ആദ്യം ചെലവ് കാശും സ്ഥാനമാനവും ഉറപ്പാക്കും, ബാക്കി സമയം ഈശ്വരവിശ്വാസം. ഒരിക്കല്‍ ഞാന്‍ ദുബായിയില്‍ നിന്ന് നെടുമ്പാശ്ശേരിക്ക് പറക്കുമ്പോള്‍ എന്‍റെ നിരയില്‍ തൊട്ടടുത്തായി ഒരു പത്തു വയസ്സുകാരനും അമ്മയും തൊട്ടപ്പുറത്ത് ഒരു കന്യാസ്ത്രിയും ഉണ്ടായിരുന്നു. ആ സ്ത്രിയുടെ കൈവശമുണ്ടായിരുന്ന ഹാന്‍ഡ് ബാഗ് ഒരു നമ്പര്‍ ലോക്ക് ഇട്ടു പൂട്ടിയിരുന്നു. സന്ദര്‍ഭവശാല്‍ അവര്‍ അതിന്‍റെ നമ്പര്‍ മറന്നു പോയി. ഇതിനിടെ കന്യാസ്ത്രി അത് കൈക്കലാക്കിയിട്ടു ഈ കൊച്ചിനോടൊരു ചോദ്യം, ‘മോന് ഉണ്ണിശോയില്‍ വിശ്വാസമുണ്ടോ?’ ഉണ്ടെന്ന് അവന്‍ തല കുലുക്കി. ‘എങ്കിലൊരു നമ്പര്‍ പറ’ കന്യാസ്ത്രി. ഏതാണ്ട് ഒന്നര മണിക്കൂറും ഈ കൊച്ചിനെക്കൊണ്ട് നമ്പര്‍ പറയിപ്പിച്ചു. കന്യാസ്ത്രിയുടെ വിശ്വാസവും ഞാന്‍ കണ്ടു, കൊച്ചിന്‍റെ വിശ്വാസവും ഞാന്‍ കണ്ടു. ഏതായാലും എയര്‍ പോര്‍ട്ടില്‍ ഇറങ്ങുന്നതു വരെ  ആ ബാഗ് തുറന്നിട്ടുണ്ടായിരുന്നില്ല. സമയം പോയത് അന്ന് ഞാന്‍ അറിഞ്ഞതേയില്ല.


ഇവിടെ ഇടവകക്ക് ഒരു വിശുദ്ധന്‍ എന്ന നിലയിലേക്ക് കൊണ്ട് വരാന്‍ നമുക്ക് ശ്രമിക്കാം. അങ്ങിനെ സഭയെ രക്ഷപ്പെടുത്താം. അപ്പോള്‍ കേരളം ദൈവത്തിന്റെ നാടും ആയിക്കൊള്ളും. കൊക്കനും രണ്ടു കിഡ്നി ഉണ്ടല്ലോ. അതിലൊന്ന് ആര്‍ക്കെങ്കിലും കൊടുത്താല്‍ അങ്ങേരും വിശുദ്ധനാകും. ക്ഷമിക്കാനും അനുരജ്ഞനപ്പെടാനും ഒരുപാട് പറഞ്ഞ ഒരു നോയമ്പ് കാലമാണ് കടന്ന് പോയത്. സനല്‍ ഇടമറുക് (അയാള്‍ കടുത്ത കുറ്റവാളി തന്നെയാവട്ടെ) ബോംബെ ബിഷപ്പ് കൊടുത്ത കേസ് കാരണം അമ്മയുടെ അടക്കിനു പോലും വരാന്‍ കഴിയാതെ വിദേശത്തു കഴിയുന്നു. ശത്രുവിനോട് ക്ഷമിക്കാന്‍ യേശു പറഞ്ഞിട്ടില്ലല്ലോ. ഫെയിസ് ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയാകളും കൊക്കന്‍ മാക്കാന്‍റെ കഥകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു ക്രിസ്ത്യാനി മറ്റുള്ളവരുടെ മുഖത്തു നോക്കാന്‍ ഇന്ന് വിഷമിക്കുന്നു. തലോറില്‍ ഒരിടവക തന്നെ അലങ്കോലമാക്കിയ  തൃശ്ശൂര്‍ മെത്രാന്‍റെ മുഖത്തു നോക്കി ഞാനും ശബ്ദിക്കട്ടെ...ഫൂ!  

No comments:

Post a Comment