Translate

Thursday, April 24, 2014

സത്യജ്വാലയിൽ പ്രസിദ്ധീകരിച്ച 'സഭാ നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും' : ഒരു അവലോകനം


2014 ഏപ്രിൽ ലക്കം സത്യ ജ്വാലയിൽ പ്രസിദ്ധീകരിച്ച ശ്രീ ജോയി പോൾ പുതുശേരിയുടെ സഭാനിയമങ്ങളും ഇന്ത്യൻ ഭരണഘടനയും എന്ന ലേഖന പരമ്പരയെ ആധാരമാക്കിയുള്ള അവലോകനമാണിത്. അദ്ദേഹത്തിൻറെ ലേഖനം താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജ് 32ൽ വായിക്കാം.
Emalayalee News paper: സഭാനിയമങ്ങളും ഇന്ത്യൻ ഭരണഘടനയും
 
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് വത്തിക്കാന്റെ കാനോൻനിയമത്തിന് ഇന്ത്യൻ ഭരണഘടനയുടെമേൽ  അധികാരമുണ്ടെന്ന് ശ്രീ ജോയ്പോളിന്റെ ലേഖനം വായിച്ചാൽ തോന്നിപ്പോവും. ഒരു വിദേശരാഷ്ട്രത്തലവൻ വത്തിക്കാനിൽനിന്ന് പരമാധികാരം കല്പ്പിച്ചുകൊണ്ട് നിയമങ്ങളെഴുതിയാൽ നാം അതിന് വിലകൽപ്പിക്കെണ്ടതുണ്ടോ? ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് ഒരു പൈസാക്കുപോലും വത്തിക്കാൻ ഭരണഘടനയ്ക്ക് അവകാശവാദമുയർത്താൻ സാധിക്കില്ല. പിന്നെ നാം ആരെ, എന്തിന് ഭയപ്പെടണം?  ലേഖകൻ എഴുതിയതുപോലെ  പരമാധികാര റിപ്പബ്ലിക്കായ   ഭാരതത്തിന്റെ മണ്ണിന്മേൽ യാതൊരു വിദേശരാജ്യത്തിനും ഭരിക്കാൻ നിയമങ്ങളില്ല. ഇന്ത്യയിലെ സ്വത്തുകാര്യങ്ങളിൽ കാനോൻനിയമങ്ങൾ ജയിച്ചിട്ടുള്ള ഏതു കേസാണ് നിലവിലുള്ളത്?  പള്ളിയുടെ കൊടുക്കൽ വാങ്ങലിൽ, വസ്തുക്രയവിക്രയങ്ങളിൽ നാളിതുവരെയായി ഏതെങ്കിലും മാർപാപ്പാ ഒപ്പിട്ടതായ ചരിത്രവുമില്ല.

 പൌരസ്ത്യ നിയമങ്ങളനുസരിച്ച് മെത്രാനെ നിയമിക്കേണ്ടത് കാക്കനാട്ടാണ്. മാർപ്പാപ്പാ മെത്രാനെ നിയമിച്ചാലും സ്വത്തുക്കൾ മുഴുവൻ അതാത് മെത്രാന്റെ കീഴിലായിരിക്കും. സ്വത്തുക്കൾക്ക് സുരക്ഷിതത്വം കൊടുക്കുന്നത് ഇന്ത്യാ സർക്കാരെന്ന നിലയ്ക്ക് റോമിൽ ഇരിക്കുന്ന മാർപാപ്പായ്ക്ക്  ഭാരതസ്വത്തുക്കളിൽ പരമാധികാരമുണ്ടെന്നുള്ള യുക്തിയെവിടെ?   സ്വത്തുക്കൾ ദുരുപയോഗം ചെയ്‌താൽ ജർമ്മനിയിൽ സംഭവിച്ചപോലെ മെത്രാനെ മാറ്റാൻ മാർപാപ്പയ്ക്ക് സാധിക്കും. അത് റോമ്മാ മാർപ്പായുടെ അധ്യാത്മികാധികാരം വെച്ചുള്ള കീഴ്വഴക്കമാണ്. അതിനും ഇടവകയിലും രൂപതയിലുമുള്ള ജനങ്ങളുടെ ശക്തമായ ജനപിന്തുണയും വേണം. സ്വന്തം ജനങ്ങളുടെ ആത്മീയ പിന്തുണ നഷടപ്പെട്ടപ്പോൾ ആഡംബരമെത്രാൻ പദവികൾ രാജി വെയ്ക്കേണ്ടിയും വന്നു.

 ഭരണഘടനയുടെ പതിനാലാം വകുപ്പനുസരിച്ച് നിയമത്തിനു മുമ്പിൽ നാമെല്ലാം തുല്യരെന്ന് ലേഖകൻ തന്നെ സമ്മതിക്കുന്നു. എങ്കിൽ എതിർക്കേണ്ടത് വത്തിക്കാനോടല്ല. നീതി ലഭിക്കാൻ ആവശ്യം വന്നാൽ സുപ്രീം കോടതിവരെയുണ്ട്. വത്തിക്കാന്റെ വിലയില്ലാത്ത കടലാസ് കഷണങ്ങളുമായി സുപ്രീം കോടതിയിൽ ചെന്നാൽ ജഡ്ജി അവകൾ ചവറ്റുകൊട്ടയിലിടും. നാളിതുവരെയായി വിദേശപ്പണം കേരളത്തിലെ മെത്രാന്മാരുടെ പോക്കറ്റിൽ വീണതല്ലാതെ അവരുടെ പണം വത്തിക്കാനിൽ എത്തിയതായി അറിവില്ല. വിദേശ ക്രയവിക്രയമുണ്ടെങ്കിൽത്തന്നെ   റിസർവ് ബാങ്കിന്റെ അനുവാദമില്ലാതെ നടത്തുന്നതും കുറ്റകരമാണ്. രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് വത്തിക്കാൻ കള്ളത്തരം കാണിക്കുമെന്നും തോന്നുന്നില്ല.  

 ശ്രീ ജോയ് പോളിന്റെ ന്യൂനപക്ഷവകാശമെന്തെന്ന നിർവചനം വായിച്ചു. 'അത് മതപരമല്ല സാംസ്ക്കാരികമെന്നാണ്' അദ്ദേഹം പറയുന്നത്.  എങ്കിൽ എന്തിന് ഒരു ഹിന്ദുദളിതൻ ക്രിസ്ത്യൻ ദളിതനായി മതം മാറിയാൽ ഹിന്ദുദളിതർക്കുള്ള സംവരണാനുകൂല്യങ്ങൾ ഇല്ലാതാവുന്നു. അവിടെ സംസ്ക്കാരത്തെക്കാളും ഉപരിയായി ജാതിയുടെ, മതത്തിന്റെ അതിർവരമ്പാണുള്ളത്.അങ്ങനെയുള്ള വ്യവസ്ഥയെ മതന്യൂനപക്ഷം എന്നാണ് പറയുന്നത്. അല്ലാതെ സാംസ്ക്കാരിക ഭൂരിപക്ഷമെന്ന് പറയാറില്ല. കോടതിയുടെ വിധികളിലും അത്തരം പദപ്രയോഗങ്ങൾ കേട്ടിട്ടുമില്ല. ഭരണഘടന ഉറപ്പുനല്കുന്ന ന്യൂനപക്ഷ നിയമങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്തുവെന്നത് സത്യമാണ്. ലേഖകൻ പറയുന്നപോലെ സഭയും സമുദായവും രണ്ടാണ്. പുരോഹിതർ മാത്രം ഉൾപ്പെട്ട സഭയല്ല മറിച്ച് ജനങ്ങളുൾപ്പെട്ട സമുദായമാണ് സഭാസ്വത്തുക്കൾ ഭരിക്കേണ്ടത്. ഇന്നുള്ള സഭാസ്വത്തുക്കൾ കയ്യടക്കി വെച്ചിരിക്കുന്ന പുരോഹിത വ്യവസ്ഥിതിക്ക് മാറ്റം വന്നേതീരൂ. 

 നിയമം ജനങ്ങൾക്കുള്ളതാണ്. അത് മെത്രാന് കയ്യിട്ടു കളിക്കാനുള്ളതല്ല. പക്ഷെ കഴുതകളായ ജനം മുഴുവനും മെത്രാൻ പറയുന്നതേ ശ്രദ്ധിക്കുകയുള്ളൂ. ജനാധിiപത്യത്തിലെ പോതുജനമായ കഴുതകളിൽ ഭൂരിഭാഗവും മെത്രാന്റെ കൂടെയുള്ള സ്ഥിതിക്ക് ചർച്ച് ആക്റ്റ് നാളിതുവരെയായി അവതരിപ്പിക്കാതെ വെറും സ്വപ്നമായി അവശേഷിച്ചിരിക്കുകയാണ്.  

 സ്കൂളുകളിൽ സർക്കാർ ശമ്പള വ്യവസ്ഥയുണ്ടാക്കിയ കാലത്ത് മാനേജുമെന്റും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ചകളിൽക്കൂടി ഒത്തു തീർപ്പു വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നു. അതിന്റെയടിസ്ഥാനത്തിലാണ് സ്കൂൾ ഭരണം നടത്തേണ്ടത്. പക്ഷെ  ഭരിക്കുന്ന രാഷ്ട്രീയകോമാളികൾ എന്നും മാനേജുമെന്റിന്റെ കൂടെയായിരിക്കും. ഇന്നു കാണുന്ന പുരോഹിത അഴിമതികൾക്കെല്ലാം രാഷ്ട്രീയസ്വാധീനവുമുണ്ട്. സർക്കാരും അൽമായ സമൂഹവും മെത്രാനും ഒന്നാണെങ്കിൽ അഴിമതികൾ പുറത്തുകൊണ്ടുവരാനും പ്രയാസമായിരിക്കും.

 ലേഖകൻ ഭയപ്പെടുന്നപോലെ കാനോൻ നിയമങ്ങൾ ഇന്ത്യാരാജ്യത്ത് കൊണ്ടുവരാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ ഷാരിയാത്ത് നിയമങ്ങളും നടപ്പിലാക്കേണ്ടി വരും. നിയമങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. പുരോഹിത പിന്താങ്ങികളായ ക്രിസ്ത്യൻ എം.പി.മാർക്ക് അത്തരം നിയമങ്ങൾക്ക് ഭൂരിപക്ഷ സഭയെ സ്വാധീനിക്കാനും സാധിക്കില്ല. മാത്രവുമല്ല  മതമൌലികത വർദ്ധിക്കുന്ന കാലത്ത് ഭാവിയിൽ ന്യൂനപക്ഷാവകാശം ഇല്ലാതാകാനാണ് സാധ്യത.

 
സഭയുടെ സ്വത്തുക്കൾ ഒരു മെത്രാന്‍റെയോ  പുരോഹിതന്‍റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൈതൃകമായി തലമുറകള്‍ മറിഞ്ഞു വന്നതാണ്. മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്. ഈ സ്വത്തുക്കൾ നല്കിയവരായ വിശ്വാസികള്‍ക്ക് സ്വത്തിന്മേൽ യാതൊരു നിയന്ത്രണവുമില്ലന്നുള്ളതും പരിതാപകരമാണ്. സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ബിഷപ്പും പുരോഹിതരും. ചരിത്രാതീതകാലംമുതൽ സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്  ചോദിക്കുവാനും അല്മായനെ അനുവദിച്ചിരുന്നില്ല. 


സഭയുടെ ചോദ്യം ചെയ്യാൻ പറ്റാത്ത സ്വത്തുക്കള്‍ക്ക്   സർ‍ക്കാർ നോട്ടത്തിൽ ഒരു കണക്കു വേണമെന്നു മാത്രമേ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ.  ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് സഭാസ്വത്തുക്കൾ സർ‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുവാൻ സഭ ബാധ്യസ്ഥരുമാണ്.


ഹൈക്കോടതിയുടെ ഒരു വിധിയിൽ അല്മായന്  സഭാപരമായ സ്വത്തുക്കളിൽ നിയന്ത്രണവും അവകാശവും ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടവകക്കാർക്കോ  സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെടുന്ന പള്ളിയിലെ അല്‍മായ കമ്മിറ്റിക്കോ സഭാപരമായ സ്വത്തുക്കള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നു 2012 ഒക്റ്റോബറിൽ, ഹൈക്കോടതി ജഡ്ജി കെ. വിനോദചന്ദ്രന്‍റെ  ന്യായവിധിയിലുണ്ട്. കൊല്ലം, മുക്കാട് തിരുക്കുടുംബ ദേവാലയത്തില്‍ ഇടവകക്കാരും പള്ളിയധികാരികളും തമ്മിലുള്ള കേസിന്‍റെ വിധിന്യായമാണിത്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലുള്ള ഓരോ പള്ളിയിലെയും ഇടവകക്കാർ ഒത്തുചേർ‍ന്ന്  പള്ളിക്കെതിരായി ഇത്തരം അനേകം വിധികള്‍ നേടിയാൽ ചർ‍ച്ച് ആക്റ്റിനു കാലക്രമത്തിൽ പുരോഹിതർ കീഴ്പ്പെടേണ്ടിവരും.


അല്മായന് അനുകൂലമായ വിധി പുരോഹിതലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.  വിധിന്യായത്തിലെ പകർ‍പ്പുകള്‍ കണ്ടിട്ടും പുരോഹിതർ സ്വേഛ്ചാധിപത്യം തുടരാമെന്നും  ചിന്തിക്കുന്നു.

ഈ വിധിന്യായത്തിലൂടെ റോമാസാമ്രാജ്യത്തിന്‍റെ നിയമങ്ങൾ ഇനിമേൽ ഈ രാജ്യത്തു നിലനില്‍ക്കുകയില്ലെന്നും വ്യക്തമാണ്. ഭാരതത്തിലെ വായുവിനും വെള്ളത്തിനും വസ്തുവിനും  റോമായിലിരുന്നു ഭരിക്കുന്ന ഒരു മാർ‍പാപ്പാക്ക്  എന്തധികാരമാണ് ഇന്ത്യൻ ഭരണഘടന കല്‍പ്പിച്ചിരിക്കുന്നത്? അധികാരം ക്രിസ്തുവിന്‍റെ ആത്മീയസാമ്രാജ്യത്തിൽമാത്രം പോരേ? അതിനുപരി അധികാരഭ്രാന്തുപിടിച്ചു സഭാസ്വത്തുക്കള്‍ ഇന്നും കൈവശം വെച്ചുകൊണ്ടിരിക്കുന്ന പുരോഹിതർക്കു  നിയമത്തിന്‍റെ സംരക്ഷണം നല്‍കുന്നതു കുറ്റകൃത്യം തന്നെയാണ്.

സ്വാതന്ത്ര്യം കിട്ടിയ കാലംമുതൽ പുരോഹിതർക്ക് മൂക്കുകയറിടാൻ അനേക ഭരണക്കൂടങ്ങൾ ശ്രമിച്ചു. സർ സീപ്പിയും, പനമ്പള്ളിയും ഇ.എം.എസും ഇവരുടെ മുമ്പിൽ പരാജയപ്പെട്ടു. ജനം അന്നെല്ലാം മെത്രാന്റെ കൂടെയുള്ളതുകൊണ്ട് മാറി മാറി വന്ന സർക്കാരുകളുടെ  പദ്ധതികളൊന്നും വിജയിച്ചില്ല.

1950ൽ പനമ്പള്ളിയുടെ വിദ്യാഭ്യാസ പരിഷ്കാര പദ്ധതി കൊണ്ടുവന്നു. അദ്ധ്യാപക നിയമനം, അദ്ധ്യാപകരുടെ സേവനവ്യവസ്ഥകൾ, സ്കൂൾഫീസ് ഏകീകരണം , കാര്യക്ഷമമായ അദ്ധ്യാപക നിയമനത്തിനുള്ള സർക്കാർ ചുമതലകൾ, ശമ്പളവിതരണം, സർക്കാരിന്‍റെ നേരിട്ടുള്ള നിയമനവും എന്നിങ്ങനെ പുരോഗമനപരമായ   ആശയങ്ങളായിരുന്നു ഈ ബില്ലിലും ഉണ്ടായിരുന്നത്. കത്തോലിക്കാ പുരോഹിതലോകം അന്നും ഈ ബില്ല് ഇല്ലാതാക്കി.അങ്ങനെ നേതൃത്വവും ഉറപ്പിക്കുവാൻ സാധിച്ചു.
 
ആരെങ്കിലും കാലത്തിനനുസരിച്ച് പരിഷ്കാരങ്ങൾ  കൊണ്ടുവന്നിട്ടുണ്ടോ അവരെയെല്ലാം സംഘിടിത പുരോഹിതവർ‍ഗം തോല്‍പ്പിച്ചിട്ടുണ്ട്. കഥകൾ ‍ഏറെയുണ്ട്. കേരള ചരിത്രംതന്നെ പുരോഹിതർ വ്യഭിചരിച്ച കറുത്ത അധ്യായങ്ങൾ നിറഞ്ഞതാണ്‌. ചരിത്രം ഇന്നും മാറ്റമില്ലാതെ  തുടരുന്നു.

No comments:

Post a Comment