Translate

Thursday, June 5, 2014

കോതമംഗലം രൂപതയുടെ ഇടയലേഖനത്തോട് ഒരു പ്രതികരണം


ഫാ. എ. അടപ്പൂര്‍ എസ്.ജെ.
(2014 മെയ് ലക്കം സത്യജ്വാലയില്‍ നിന്ന് ) 

നാലുകൊല്ലം ദീര്‍ഘിച്ച കഠിനയാതനകളും വിലമതിക്കാനാവാത്ത ഒരു മനുഷ്യജീവനുമുള്‍പ്പെടെ ഒട്ടേറെ നാശനഷ്ടങ്ങളും സഹിക്കേണ്ടിവന്ന പ്രൊഫ. ടി.ജെ. ജോസഫിനു ന്യൂമാന്‍ കോളേജില്‍ പുനഃപ്രവേശനം നല്‍കിയതിനെപ്പറ്റി കോതമംഗലം രൂപത പുറത്തിറക്കിയ രണ്ടു ഔദ്യോഗികരേഖകളോടുള്ള പ്രതികരണമാണിത്. കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളെല്ലാം ഈ രേഖകള്‍ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുകയുണ്ടായി.
എത്ര വലിയ ദുരന്തത്തിന്റെയും മുറിവുകള്‍ കാലക്രമത്തില്‍ ഉണങ്ങിക്കൊളളും. സമൂഹം അതൊക്കെ മറക്കുകയും ചെയ്യും. പൊതുജനത്തിന്റെ ഓര്‍മ്മശക്തി ഹ്രസ്വായുസ്സാണെന്നത്രേ ചൊല്ല്. ജോസഫ് സാറിനും അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ക്കും പ്രശാന്തവും പ്രത്യാശാനിര്‍ഭരവുമായ ഒരു പുതുജീവിതം കെട്ടിപ്പടുക്കാന്‍ അവസരമുണ്ടാകട്ടെ-ഇതാണ് ഇപ്പോള്‍ എല്ലാവരുടെയും ആഗ്രഹം. പ്രാര്‍ത്ഥനയും അതുതന്നെ. പക്ഷേ, ആശ്ചര്യജനകം എന്നു പറയട്ടെ, ഇതിനൊക്കെ കടകവിരുദ്ധമായ ചേതോവികാരങ്ങളാണു കോതമംഗലം മെത്രാനും അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങളും ചേര്‍ന്നു സമൂഹമദ്ധ്യത്തിലേക്ക് വിക്ഷേപിച്ചിരിക്കുന്നത്. ആരോപണവിധേയനായ അദ്ധ്യാപകന്റെ 'വിവേകശൂന്യമായ നടപടികള്‍' രൂപതാധികാരികള്‍ക്കും പ്രിന്‍സിപ്പലിനും കനത്ത മനോവ്യഥയും മാനഹാനിയും ഉളവാക്കിയിരിക്കയാണത്രേ! ഇടയലേഖനത്തിലുടനീളം പ്രൊഫ. ടി. ജെ. ജോസഫ് കടുത്ത കലാപകാരിയായും കോതമംഗലം രൂപത നന്മമാത്രം അനുഷ്ഠിക്കുന്ന മഹദ്സ്ഥാപനമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു!
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ മുമ്പില്‍ ഈ അദ്ധ്യാപകന്‍ പതറാതെ, പ്രകോപിതനാകാതെ നില്‍ക്കുന്നു. 'ഞാന്‍ പ്രതികരിക്കുന്നില്ല' -ഇതുമാത്രമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ ജോലിയില്‍ തിരിച്ചെടുത്ത മെത്രാനോടും മാനേജ്‌മെന്റിനോടുമുള്ള ആഴമേറിയ കടപ്പാട് വ്യക്തമാക്കാനും അദ്ദേഹം മറക്കുന്നില്ല. ഈ സംഭവപരമ്പരയുടെ ആദ്യനാളുകളില്‍ കോതമംഗലം അരമനയില്‍ പോയി അന്നത്തെ മെത്രാന്‍ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിന്റെ കാലുപിടിച്ച്, പലതവണ ക്ഷമചോദിച്ച ആളാണ് പ്രൊഫ ജോസഫ്. താന്‍ കുറ്റക്കാരനാണെന്ന ബോധ്യത്തിന്റെ പേരിലല്ല; മറിച്ച്, തന്റെ പെരുമാറ്റം ബിഷപ്പിനും മാനേജ്‌മെന്റിനും മാനസികവൈഷമ്യത്തിനു കാരണമായല്ലോ എന്നോര്‍ത്തുള്ള ക്ഷമാപണം. വിനീതവും കുലീനവുമായ ഈ നിലപാടില്‍നിന്ന് അദ്ദേഹം നാളിതുവരെ വ്യതിചലിച്ചിട്ടില്ല.
വേറൊരു വൈരുദ്ധ്യവും ചൂണ്ടിക്കാട്ടാനുണ്ട്. ലോകത്താകെയുള്ള മുന്നൂറുകോടി ക്രൈസ്തവ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ധ്യാനവിഷയമാക്കുന്ന കാലയളവായിരുന്നു അത്. സ്വന്തം തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തോടും മനുഷ്യരോടും മാപ്പിരക്കുകയും യേശുവിന്റെ നിസ്തുല വിശുദ്ധിയിലുള്ള സജീവപങ്കാളിത്തത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന കാലഘട്ടം. ഈ വലിയ വിശ്വാസസത്യവുമായി ബന്ധപ്പെട്ട ഒരു വാക്കുപോലും ബിഷപ്പിനോ വികാരി ജനറാളിനോ ഈ അവസരത്തില്‍ പറയാനുണ്ടായില്ല. വിവാദചോദ്യപേപ്പറിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ 'നമ്മുടെ നാട്ടിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെയിടയില്‍ ആഴമേറിയ അകല്‍ച്ച ഉളവാക്കി'യെന്നും, 'വിശദമായ അന്വേഷണങ്ങള്‍ക്കുശേഷം കുറ്റക്കാരനെന്നു കണ്ടെത്തിയശേഷമാണ് അദ്ദേഹത്തെ പിരിച്ചുവിട്ടതെ'ന്നും ഇടയലേഖനം അവകാശപ്പെടുന്നു.
സഹാനുഭൂതിയുടെയോ കാരുണ്യത്തിന്റെയോ സ്പര്‍ശമേല്‍ക്കാത്ത വാക്കുകള്‍! നോയമ്പുകാലത്തിന്റെ പരിസമാപ്തിയില്‍ ഒരു കത്തോലിക്കാ മെത്രാന്റെ അരമനയില്‍ നിന്നുവരുന്ന ഇമ്മാതിരി ആരോപണശരങ്ങള്‍ ആരെയും അമ്പരപ്പിക്കും. സാര്‍വ്വത്രികസഭയുടെ തലവനായ പോപ്പ് ഫ്രാന്‍സീസ് തന്റെ വാക്കുകളിലൂടെയും ജീവിതമാതൃകവഴിയും പ്രകടമാക്കുന്നത് യേശുവിന്റെ കരുണാര്‍ദ്രമായ മുഖമാണ്.
'കാരുണ്യവും വാത്സല്യവുമാണല്ലോ അങ്ങയുടെ പ്രസംഗങ്ങളുടെ സത്ത' എന്നു ചൂണ്ടിക്കാട്ടിയ ഇറ്റാലിയന്‍ പത്രലേഖകനോട് അദ്ദേഹം പ്രതികരിച്ചതിങ്ങനെ:'എന്റെ പ്രസംഗങ്ങളുടെയല്ല, സുവിശേഷത്തിന്റെ സത്തയാണത്. അങ്ങനെയല്ലാതെ ആര്‍ക്കും യേശുക്രിസ്തുവിനെ മനസ്സിലാക്കാനാവില്ല.'
പോപ്പ് ഫ്രാന്‍സീസ് പുറത്തിറക്കിയ 'സുവിശേഷത്തിന്റെ സന്തോഷം' എന്ന പ്രബോധനരേഖയുടെ കേന്ദ്രബിന്ദു വിശ്വാസിസമൂഹം - മെത്രാന്മാരും സാധാരണ ജനങ്ങളും-നിരന്തരമെന്നോണം ക്രിസ്തുവിനെ തേടിപ്പോകണമെന്ന ആഹ്വാനമാണ്. ഏഴു പ്രാവശ്യം ക്ഷമിക്കണമെന്ന് നമ്മെ പഠിപ്പിച്ച ക്രിസ്തു (മത്താ. 18:22) നമുക്ക് ഒരു മാതൃക നല്‍കിയിരിക്കുന്നു. മാര്‍ഗ്ഗമദ്ധ്യേ കാലിടറിയവരോടൊപ്പമാണ് സഭ നില്‌ക്കേണ്ടത്.
ഇടയലേഖനമാകട്ടെ, ഹതഭാഗ്യനായ ജോസഫ് സാറിനോട് കരുണ കാണിക്കുന്നതിനുപകരം അദ്ദേഹത്തിനെതിരെ വീണ്ടും വീണ്ടും ആരോപണങ്ങള്‍ നിരത്തുന്നു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കാനാവില്ലെന്നതിനു ഉപോല്‍ബലകമായി അതില്‍ ചേര്‍ത്തിട്ടുള്ള വാദമുഖങ്ങളൊന്നും ശരിയല്ല.
വിശദമായ ഒരന്വേഷണത്തില്‍ ആള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റ് ജോസഫ് സാറിനെ പിരിച്ചുവിട്ടതെന്ന ഇടയലേഖനത്തിലെ അവകാശവാദം സത്യവിരുദ്ധമാണ്. ചോദ്യപേപ്പറിലെ പരാമര്‍ശത്തിലൂടെ പ്രവാചകനെ അധിക്ഷേപിച്ചു എന്നാക്രോശിച്ചുകൊണ്ട് തൊടുപുഴ ന്യൂമാന്‍ കോളേജിലേക്കു മാര്‍ച്ചുചെയ്ത തീവ്രവാദി സംഘത്തെ ഭയന്നാണ് കോളേജധികൃതര്‍ പ്രൊഫ. ജോസഫിനെതിരെ ശിക്ഷണനടപടികള്‍ പ്രഖ്യാപിച്ചത്. അതു ശരിയായ നടപടി ആയിരുന്നില്ല. സാധാരണഗതിയില്‍, പ്രശ്‌നത്തിന്റെ എല്ലാവശങ്ങളും സശ്രദ്ധം പഠിച്ച് അതിലെ ശരിതെറ്റുകള്‍ വിവേചിച്ചറിയാന്‍ പക്വമതികളും പരിചയസമ്പന്നരുമായ ഒരു വിദഗ്ദ്ധസമിതിക്കു രൂപംനല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതുണ്ടായില്ല. അതിനുപകരം അദ്ധ്യാപകന്‍ ശിക്ഷാര്‍ഹനാണെന്നു മുന്‍കൂട്ടി വിധിച്ച്, പരമാവധി ശിക്ഷ അദ്ദേഹത്തിന്റെമേല്‍ ചുമത്താന്‍ പറ്റിയ കാരണങ്ങള്‍ എഴുതിയുണ്ടാക്കുന്നതില്‍ വിദഗ്ധനായ ഒരഭിഭാഷകനെ ഏല്പിക്കുകയാണുണ്ടായത്. ഭീമമായ ഒരു തുക ഫീസായി വാങ്ങിക്കൊണ്ട് ഇയാള്‍ എഴുതിക്കൊടുത്ത കുറ്റപത്രവും പിരിച്ചുവിടല്‍ കല്പനയുമാണ് മാനേജ്‌മെന്റിനു തുണയായത്. ഈ അന്വേഷണപ്രഹസനത്തെത്തുടര്‍ന്ന് അദ്ധ്യാപകന്‍ കുറ്റക്കാരനാണെന്നു മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ നടത്തിയ പ്രഖ്യാപനം, പ്രൊഫ. ടി.ജെ. ജോസഫിനെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ മതതീവ്രവാദികള്‍ക്കു കളമൊരുക്കുകയും കരുത്തേകുകയും ചെയ്തു. കൈകാലുകളില്‍ മാരകമായ വെട്ടേറ്റ് എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ അര്‍ദ്ധപ്രാണനായി കിടക്കുന്ന ജോസഫ് സാറിനെയാണ് നാം പിന്നീട് കാണുന്നത്.
കേരളാ പോലീസ് അദ്ദേഹത്തിന്റെമേല്‍ ക്രിമിനല്‍ കുറ്റം ചുമത്തി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിനു 2013 നവംബറില്‍ ചീഫ് മജിസ്‌ട്രേറ്റ് വിധി പ്രഖ്യാപിച്ചു. അതിന്‍പ്രകാരം, ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ധ്യാപകന്‍ കുറ്റവിമുക്തനാണെന്നും തെളിഞ്ഞു. ആ വിധിന്യായം പ്രാബല്യത്തിലിരിക്കെയാണു പ്രൊഫ. ജോസഫ് ഇപ്പോഴും കുറ്റക്കാരനാണെന്ന് പുതിയ ഇടയലേഖനം ആവര്‍ത്തിച്ചുപറയുന്നത്. പണ്ടേ വിവാദഗ്രസ്തനായ മാര്‍ പുന്നക്കോട്ടിലിന്റെ പിന്‍ഗാമി സാത്വികനും സത്യസന്ധനും ദയാലുവുമാണെന്ന പൊതുധാരണയ്ക്ക് ഇതോടെ ഇളക്കം തട്ടിയിരിക്കുന്നു. മാത്രമല്ല, ജോസഫ് സാറിനെതിരെ വേറൊരു ഭീകരാക്രമണം നടത്താന്‍ തീവ്രവാദിസംഘത്തിനു പ്രചോദനം നല്‍കുന്ന സ്ഥിതിവിശേഷം വീണ്ടും സംജാതമായിരിക്കുന്നുതാനും.
കോതമംഗലം രൂപത പുറപ്പെടുവിച്ച പ്രസ്താവനകളിലൊന്നും ടി.ജെ. ജോസഫിന്റെമേല്‍ മതതീവ്രവാദികള്‍ നടത്തിയ പൈശാചികമായ ആക്രമണത്തെ അപലപിച്ചതായി കാണുന്നില്ല. മുസ്ലീം തീവ്രവാദികളോടും അവരുടെ പ്രത്യയശാസ്ത്രത്തോടും ഐക്യദാര്‍ഢ്യം പുലര്‍ത്തുകയാണവര്‍.
കുടുംബാംഗങ്ങളോടൊപ്പം ദിവ്യബലിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണു ജോസഫ് സാര്‍ ആക്രമിക്കപ്പെട്ടത്. ഭാര്യയും മക്കളും വൃദ്ധമാതാവും മൂത്ത സഹോദരി സിസ്റ്റര്‍ സ്റ്റെല്ലയും അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്നു. തലനാരിഴയുടെ വ്യത്യാസത്തിലാണ് അദ്ദേഹം മരണത്തില്‍ നിന്നു രക്ഷപ്പെട്ടത്. വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ കൊടുംപാതകം കൈകാര്യം ചെയ്തതില്‍ രൂപതയ്ക്കു ഗുരുതരമായ തെറ്റുപറ്റി. അതിന്റെ പ്രതിഫലനമാണ് സഭാനേതൃത്വത്തിനും മെത്രാന്മാര്‍ക്കുമെതിരെ ലോകമെങ്ങും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുപടരുന്ന വിമര്‍ശനപ്പെരുപ്പം. ഇടയലേഖനവും വിശദീകരണക്കുറിപ്പും ഇറക്കി അതിനു തടയിടാനുള്ള നീക്കം ഫലിച്ചില്ല. മുറംകൊണ്ട് നയാഗ്ര വെള്ളച്ചാട്ടം തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതുപോലുള്ള മൗഢ്യമായിരുന്നു അത്. വേണ്ടത്ര പഠനമോ കൂടിയാലോചനയോ നടത്താതെ ഏകപക്ഷീയമായി പുറപ്പെടുവിച്ച ആ പുറത്താക്കല്‍ കല്പന ബൂമെറാങ്ങുപോലെ അരമനയേയും അതിലെ നിവാസികളെയും തിരിഞ്ഞുകുത്താന്‍ തുടങ്ങിയിരിക്കുന്നു.
പക്ഷേ, തങ്ങള്‍ക്ക് ഒരബദ്ധം പറ്റിയെന്നു സമ്മതിക്കാന്‍ ബിഷ പ്പോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ തയ്യാറല്ല. ജോസഫ് സാറിനെതിരെ മാര്‍ പുന്നക്കോട്ടില്‍ സ്വീകരിച്ച തെറ്റായ തീരുമാനം തിരുത്തിയാല്‍ മാധ്യമങ്ങള്‍ അക്കാര്യം വലിയ വാര്‍ത്തയായി കൊട്ടിയാഘോഷിക്കുമെന്നും, അതു രൂപതയുടെ സല്‍പേരിനു ക്ഷതമേല്പിക്കുമെന്നും അവര്‍ ഭയപ്പെടുന്നു. ഈ വിഷയത്തെപ്പറ്റി നടന്ന ടി.വി. ചര്‍ച്ചകളില്‍ കോതമംഗലം ബിഷപ്പിന്റെ വക്താക്കളായി പ്രത്യക്ഷപ്പെട്ട വൈദികരുടെ വാക്കുകളിലും ശരീരഭാഷയിലും ഭയപ്പാടിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.
കത്തോലിക്കാസഭ ഇത്തരം കാര്യങ്ങളില്‍ അപ്രമാദിത്വമൊന്നും അവകാശപ്പെടുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ ആയിരക്കണക്കിനു വൈദികര്‍ക്കെതിരെ ലൈംഗിക സദാചാരപരമായ കുറ്റാരോപണങ്ങള്‍ ഉണ്ടായി. അവയില്‍ പലതും വസ്തുനിഷ്ഠമെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. കോടിക്കണക്കിനു ഡോളറാണ് ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നത്. ഇതെല്ലാം ഏറ്റുപറയാനും പരസ്യവേദിയില്‍ ക്ഷമാപണം ചെയ്യാനും ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് 16-ാമന്‍, ഇപ്പോഴത്തെ പോപ്പ് ഫ്രാന്‍സീസ് എന്നീ മാര്‍പ്പാപ്പാമാര്‍ സന്നദ്ധരായി. സഭയുടെ സല്‍പ്പേരിന്റെ സംരക്ഷണത്തിനായി അവര്‍ ഒന്നും ഒളിച്ചുവയ്ക്കുന്നില്ല.
യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചിരുന്ന കേസിന്റെ വിധി വൈകിക്കുന്നത് പ്രൊഫ. ജോസഫിന്റെ വക്കീല്‍ തന്നെയാണെന്ന അതിവിചിത്രമായ വാദം സാമാന്യബുദ്ധിക്കോ വസ്തുതകള്‍ക്കോ നിരക്കുന്നതല്ലെന്നു ഏതു കൊച്ചുകുട്ടിക്കും തിരിച്ചറിയാന്‍ കഴിയും. അദ്ധ്യാപകന്റെ ശമ്പളമല്ലാതെ മറ്റ് ഉപജീവനമാര്‍ഗ്ഗമൊന്നുമില്ലാത്ത തന്നെയും കുടുംബത്തെയും മാനേജ്‌മെന്റിന്റെ നടപടി സാമ്പത്തികമായി തകര്‍ക്കുമെന്നു കണ്ടിട്ടാണ് ജോസഫ് ട്രൈബ്യൂ
ണലിന്റെ മുമ്പില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
2010 ഒക്‌ടോബറില്‍ സമര്‍പ്പിച്ച അപ്പീലിന്റെ വിചാരണ നാല്പതിലേറെ അവധി പിന്നിട്ടിട്ടും തീരുമാനമാകാതെ തുടരുകയാണിപ്പോഴും. ഓരോ തവണ വിളിക്കുമ്പോഴും അരമന വക്കീല്‍ തടസവാദങ്ങള്‍ ഉന്നയിച്ച് വിചാരണ നീട്ടിവയ്പ്പിക്കും. അദ്ധ്യാപകന്‍ ജോലിയില്‍നിന്നു വിരമിക്കേണ്ട തീയതിയായ 2014 മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ടുപോവുക എന്നതായിരുന്നിരിക്കാം രൂപതാധികൃതരുടെ ലക്ഷ്യം. ഓരോ അവധിക്കും വക്കീലന്മാരുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര, ഹോട്ടല്‍
വാസം തുടങ്ങിയവയ്ക്കായി പതിനായിരക്കണക്കിനു രൂപ ചെലവാക്കേണ്ടിവന്നു. അതു താങ്ങാന്‍ വേണ്ട ശേഷി ഇല്ലാത്ത അദ്ധ്യാപകനെ തറപറ്റിക്കാന്‍ ഏറ്റവും ഫലപ്രദമായ ഉപാധി ആണിതെന്നും മാനേജ്‌മെന്റ് കണക്കുകൂട്ടുന്നുണ്ടാവാം. സ്വന്തം കക്ഷിയുടെ ഉത്തമതാല്പര്യങ്ങള്‍ക്കു വിപരീതമായി കേസ് വാദിക്കുന്ന അഭിഭാഷകന്‍ ഏതു ലോകത്തിലാണുള്ളത്!
ഇതിനകം വല്ലാതെ കുഴഞ്ഞുമറിഞ്ഞുകഴിഞ്ഞ ഈ കേസിന്റെ വിശദാംശങ്ങള്‍ തുടക്കം മുതല്‍ പഠിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തിപ്പോന്ന ഒരാളുണ്ട്-ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക്‌മെന്‍സ് കോളേജിലെ മലയാള വകുപ്പു അദ്ധ്യക്ഷനായി വിരമിച്ച പ്രൊഫ. ടി.ജെ. മത്തായി. ചോദ്യക്കടലാസ് വിവാദത്തിന്റെ അക്കാദമികവും നിയമപരവുമായ എല്ലാവശങ്ങളും സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ മാത്രമല്ല, ബൈബിള്‍ വിജ്ഞാനീയത്തിലും 'കത്തോലിക്കാസഭയുടെ മതബോധനം' എന്ന ആധികാരിക ദൈവശാസ്ത്രഗ്രന്ഥത്തിലും അദ്ദേഹത്തിനുള്ള പാണ്ഡിത്യം കിടയറ്റതത്രേ. ജോസഫ് സാറിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യയെത്തുടര്‍ന്ന് പ്രൊഫ. ടി.ജെ. മത്തായി 2014 ഏപ്രില്‍ ലക്കം 'സത്യജ്വാല' യില്‍ പ്രസിദ്ധീകരിച്ച 'കൈവെട്ടിന്റെ ബാക്കിപത്രം' എന്ന ലേഖനം അദ്ദേഹത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനും നീതിബോധത്തിനും നിദര്‍ശനമാണ്. അതിലദ്ദേഹം കോതമംഗലം ബിഷപ്പിനെതിരെ മൂന്നുകുറ്റങ്ങള്‍ വ്യക്തമായി അക്കമിട്ട് ആരോപിക്കുന്നുണ്ട് (കാണുക, കഴിഞ്ഞലക്കം സത്യജ്വാല പേജ് 5,6 -എഡിറ്റര്‍). തുടര്‍ന്നദ്ദേഹം സഭാധികാരികളോട് ഇങ്ങനെ അഭ്യര്‍ത്ഥിക്കുന്നു:
'സീറോ-മലബാര്‍ സഭാധികാരികളുടെ നയശൂന്യവും വിവേകരഹിതവും അക്രൈസ്തവവുമായ ഇടപെടലുകളിലൂടെ വിശ്വാസികള്‍ക്ക് ഉതപ്പും വിശ്വാസക്ഷയവും സംഭവിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്ന് സഭാധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു.'
'ശുദ്ധാത്മാക്കളും സാധാരണക്കാരും' എന്നു മുദ്രകുത്തി മാറ്റിനിര്‍ത്തിയിരിക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ട മത്തായി സാറിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. പക്ഷേ, ലോകജനത അത്ഭുതാദരങ്ങളോടെ ശ്രവിക്കുന്ന പോപ്പ് ഫ്രാന്‍സീസിന്റെ ശബ്ദത്തിന് അവര്‍ ചെവികൊടുക്കും എന്നുവേണം കരുതാന്‍. സുവിശേഷത്തിന്റെ സന്തോഷം സമകാലികസമൂഹവുമായി പങ്കുവയ്ക്കാന്‍ മെത്രാന്മാരെയും വൈദികരെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം എഴുതുന്നു:
'നിങ്ങള്‍ മറ്റുള്ളവരെ തേടിപ്പോകണം. ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടക്കണം എന്നല്ല ഇതിനര്‍ത്ഥം...... വലിയ തിരക്കുള്ളവരെന്നു ഭാവിക്കാതെ മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കാ ന്‍ സന്നദ്ധരാകുവിന്‍..... സര്‍വ്വോപരി വഴിയില്‍ വീണുകിടക്കുന്നവരോടൊപ്പം സമയം ചെലവഴിക്കുക..... ധൂര്‍ത്തപുത്രന്റെ പിതാവിനെപ്പോലെ വീടിന്റെ വാതില്‍ എപ്പോഴും തുറന്നിടുക. മടങ്ങിവരുന്ന മകന് എളുപ്പം അകത്തുകടക്കാന്‍ അതുപകരിക്കും. സുഹൃത്തുക്കളുടെയും സമ്പന്നരായ അയല്‍വാസികളുടെയും അടുക്കലേക്കല്ല; മറിച്ച്, ദരിദ്രരുടെയും രോഗികളുടെയും അവഗണിക്കപ്പെടുന്നവരുടെയും അടുക്കലേക്കാണ് നാം പോകേണ്ടത്.'
പോപ്പ് ഫ്രാന്‍സീസിന്റെ വാക്കുകളുടെ കൃത്യമായ തര്‍ജ്ജമയല്ല ഇത്. അദ്ദേഹത്തിന്റെ ചിന്തകളുടെ ഒരു ഏകദേശപരാവര്‍ത്തനംമാത്രം. അതിലെ സന്ദേശത്തിന് ഈ പ്രതികരണത്തിലെ മുഖ്യവിഷയവുമായുള്ള ബന്ധം വ്യക്തമാണല്ലോ. ഫോണ്‍: 994665742
ഫോണ്‍: 9946661742

N B
ഈ ലേഖനത്തോടുള്ള ശ്രദ്ധേയമായ ഒരു പ്രതികരണം 
നാളെ പ്രസിദ്ധീകരിക്കുന്നതാണ് 

2 comments:

 1. അടപ്പൂരച്ചന്റെ മാപ്പും കരുണയും

  റ്റി. ജെ. ജോസഫ് സംഭവത്തെപ്പറ്റി പ്രൊഫ. റ്റി. ജെ. മത്തായി നടത്തിപ്പോന്ന പഠനങ്ങളും വിലയിരുത്തലുകളും അംഗീകരിച്ചുകൊണ്ട് ഫാ. ഏ. അടപ്പൂര്‍ എസ്. ജെ. 2014 മെയ് സത്യജ്വാലയില്‍ എഴുതിയത് വായിച്ചു. മത്തായി സാറിന്റെ അഭ്യര്‍ത്ഥനകളെ സഭാനേതൃത്വം മാനിക്കാനിടയില്ലെന്നാണ് ദൈവശാസ്ത്രജ്ഞന്റെ നിഗമനം. എന്നാല്‍ ഫാ. അടപ്പൂരും ജോസഫ് സംഭവത്തിന്റെ ആരംഭം മുതല്‍ മാധ്യമങ്ങളില്‍ ഇടപെട്ട് പല നിരീക്ഷണങ്ങളും അഭ്യര്‍ത്ഥനകളും നടത്തിയിരുന്നു. അവ എത്ര മാത്രം ഫലിച്ചു എന്നും മത്തായിസാറിനെ അടപ്പൂരപ്പന്‍ അംഗീകരിക്കുമ്പോള്‍ പോലും അവര്‍ ഇരുവരുടേയും അടിസ്ഥാന നിലപാടുകള്‍ തമ്മിലെ വൈരുദ്ധ്യം എന്താണെന്നും തിരിച്ചറിയേണ്ടതുണ്ട്.
  ജോസഫ് സാറിനു മാപ്പും കരുണയും സഭാമാനേജ്‌മെന്റ് നല്‍കണമെന്നാണ് ഫാ. അടപ്പൂര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സഭ അത് തിരസ്‌കരിച്ചു. എന്നാല്‍ പുരോഹിത സഭയുടെ ജനസമ്മതിക്കുവേണ്ടി ഫാ. അടപ്പൂര്‍ ആവശ്യപ്പെട്ടത് അധ്യാപകനു വേണ്ടിയായിരുന്നെന്ന് പലരും തെറ്റിദ്ധരിച്ചുപോയി. അദ്ധ്യാപകന് അനുകൂലമായി സഹതാപപൂര്‍വ്വം സ്വീകരിച്ച നിലപാടായിരുന്നില്ല അത്. അധ്യാപകനെ കുറ്റവാളികളുടെ ഗണത്തില്‍ പെടുത്തുകയായിരുന്നു അദ്ദേഹം. പ്രൊഫ. റ്റി. ജെ. മത്തായിയുടെ നിലപാട് ഇതിനു കടകവിരുദ്ധമാണ്.
  മാപ്പേകലിന്റെ മഹത്വമറിയുക എന്ന 6-12-2010-ലെ മംഗളം ലേഖനത്തില്‍ അദ്ധ്യാപകന്റെ പരമദയനീയമായ നിസ്സാഹായവസ്ഥയില്‍ സഭാമാനേജ്‌മെന്റ് ഇത്രയേറെ നിര്‍ദ്ദയമായ നിലപാട് സ്വീകരിക്കാതെ മാപ്പേകി മഹത്വമാര്‍ജിക്കുക എന്നാണ് അടപ്പൂരപ്പന്‍ ഉപദേശിച്ചത്. മാപ്പു നല്‍കണമെന്നും വേണ്ടെന്നുമുള്ള അടപ്പൂരാന്റെയും മാനേജ്‌മെന്റിന്റെയും വാദങ്ങള്‍ രണ്ടും പുറപ്പെടുന്നത് ജോസഫ്‌സാര്‍ കുറ്റം ചെയ്തു എന്ന ഒരേ നിലപാടില്‍ നിന്നാണ്. അതേ സമയത്ത് അധ്യാപകനാകട്ടെ, താന്‍ മനസ്സുകൊണ്ടു ചെയ്യാനറയ്ക്കുന്ന കുറ്റം തന്നിലാരോപിച്ചത് പിന്‍വലിക്കണമെന്ന് യൂണിവേഴ്‌സിറ്റിയുടെ കോടതിയില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അടപ്പൂര്‍-മാനേജ്‌മെന്റ് ചേരിയും അധ്യാപകന്റെ ചേരിയും തമ്മിലെ വൈരുദ്ധ്യം വ്യക്തമാകുന്നത് ഇവിടെയാണ്. മാത്രമല്ല, കുറ്റം ക്ഷമിക്കുന്നതും നിയമനടപടികളില്‍ നിന്ന് അദ്ധ്യാപകനെ ഒഴിവാക്കുന്നതും രണ്ടും രണ്ടാണെന്ന് ലേഖനത്തില്‍ ഫാ. അടപ്പൂര്‍ അടിവരയിടുന്നതും കാണാം. സര്‍ക്കാരിന്റെയും സഭയുടേയും തെറ്റായ നീക്കങ്ങള്‍ കൊണ്ടുണ്ടായതാണ് അദ്ധ്യാപകനെതിരായ നിയമനടപടി എന്ന് അദ്ദേഹത്തിന് ബോദ്ധ്യമല്ലായിരുന്നു. അതിനാല്‍ അതു പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടില്ല.
  മത്തായി സാറിനെ തിരിച്ചറിഞ്ഞതില്‍ അടപ്പൂരച്ചനെ അഭിനന്ദിച്ചുകൊണ്ട്,
  പാപ്പച്ചന്‍ കുമരംപറമ്പില്‍
  0477 - 2266535
  കൈതവന, ആലപ്പുഴ-3
  23-05-2014

  ReplyDelete
 2. മുന്‍ കമന്റില്‍ അതിനാല്‍ അതു പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടില്ല എന്ന വാക്യത്തിനു ശേഷം കുറെ ഭാഗം വിട്ടു പോയിരുന്നത് താഴെ ചേര്‍ക്കുന്നു:
  നിരപരാധിയാണു താനെന്ന് കോടതിയില്‍ സ്വന്തം മനസ്സാക്ഷ്യം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്ന അദ്ധ്യാപകനെ തീരെ തിരിച്ചറിയാതെ അതിക്രൂരമായി തേജോവധം ചെയ്തത് ഫാ. അടപ്പൂരിന്റെ ലേഖനത്തില്‍ നിന്ന് അറപ്പോടെയെങ്കിലും ഇവിടെ എടുത്തുകാണിക്കാതെ വയ്യ. റ്റി. ജെ. ജോസഫിനു സമാനരായി അദ്ദേഹം നിരത്തിയ മാപ്പു ലഭിച്ച കുറ്റവാളികളുടെ നിര കാണുക: മാര്‍പ്പാപ്പയെ വെടിവെച്ച മുഹമ്മദലി അഗ്ക എന്ന ഭീകരന്‍, ഗ്രഹാം സ്റ്റെയിന്‍സിനേയും കുട്ടികളേയും 'ജീവനോടെ തീയിട്ടുകൊന്ന ഹിന്ദുതീവ്രവാദികള്‍', റാണിമരിയ എന്ന മലയാളി കന്യാസ്ത്രീയെ പൊതുറോഡിലിട്ട് കുത്തിക്കൊന്ന ഹിന്ദു സഹോദരന്‍. ഈ കുറ്റവാളികളുടെ കുടിലപരിവേഷത്തില്‍ അദ്ധ്യാപകനേയും അകപ്പെടുത്തിയിട്ട് അയാള്‍ക്കും മാപ്പു നല്‍കണമെന്ന് അപേക്ഷിച്ചുകളഞ്ഞു നമ്മുടെ അടപ്പൂരച്ചന്‍. മതതീവ്രവാദികള്‍ക്കു കരുത്തേകുന്നതായി അദ്ദേഹം ആരോപിച്ച്, മാര്‍ പുന്നക്കോട്ടിലിനേയും മാത്രമല്ല, സംഭവദിവസം മണ്ടന്‍ എന്നു വിളിച്ച് അദ്ധ്യാപകനെ ഒറ്റിക്കൊടുത്ത അന്നത്തെ കുഞ്ഞന്‍ വിദ്യാഭ്യാസമന്ത്രിയെപ്പോലും പിന്നിലാക്കിക്കളഞ്ഞു അച്ചന്‍. സഭ അതിന്റെ മഹത്വത്തിനുവേണ്ടി വര്‍ഷിക്കുന്ന മാപ്പുചീട്ട് നെറ്റിയില്‍ പതിച്ച് ഏതദ്ധ്യാപകനാണ് വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ ശിരസ്സുയര്‍ത്തി നില്‍ക്കാനാകുക? സഭയുടെ മഹത്വത്തിന്റെ ബലിയാടായി, മനസ്സറിയാത്ത കുറ്റത്തിന്റെ വ്യര്‍ത്ഥഭാരം ശിരസ്സിലേറ്റിയ ഒരദ്ധ്യാപകപ്രേതം കോളേജിലെ ക്ലാസ് മുറികളില്‍ സ്തബ്ധപ്രജ്ഞമായി അലഞ്ഞുതിരിഞ്ഞ് തനിക്കും കുടുംബത്തിനും അപ്പക്കാശിനു ഭിക്ഷാടനം നടത്തുന്നത് അടപ്പൂരച്ചന്‍ വിഭാവന ചെയ്തിട്ടുണ്ടാകുമോ?
  മറുവശത്ത്, റ്റി. ജെ. ജോസഫിനെ അകാരണമായി കുറ്റക്കാരനാക്കിയ സര്‍ക്കാരിനേയും പുരോഹിതസഭയേയും തിരുത്തുന്ന ജ്ഞാന പ്രഘോഷണങ്ങായിരുന്നു പ്രൊഫ. റ്റി. ജെ. മത്തായിയുടെ ഉജ്ജ്വല ലിഖിതങ്ങള്‍. കോടതി അതെല്ലാം അംഗീകരിച്ചു. തങ്ങള്‍ ധിക്കരിച്ച ആ കോടതിവിധിക്കു പിന്നാലെ സലോമിയുടെ ദുരന്തം കൂടിയായപ്പോള്‍ ജനരോഷത്തില്‍ കടപുഴകിയ പുരോഹിതസ്തംഭത്തിനു പിടിച്ചു നില്‍ക്കാന്‍ മനുഷ്യത്വം എന്ന് ഒടുവില്‍ വിറളിപിടിച്ചു ജപിച്ചുകൊണ്ട് പ്രൊഫസറെ തിരിച്ചെടുക്കേണ്ടിവന്നു. ലിഖിതങ്ങള്‍ സഫലമായി.
  പ്രൊഫസര്‍ കുറ്റം ചെയ്തിട്ടില്ലെന്ന് 2013 നവംബറില്‍ കോടതി പറഞ്ഞപ്പോള്‍ അടപ്പൂരച്ചന്റെ 'മാപ്പ്' അസ്ഥാനത്തായി. ഇപ്പോഴും അദ്ദേഹം പുരോഹിത സഭയോടാവശ്യപ്പെടുന്നത് ജോസഫ് സാറിനു കരുണ നല്‍കണമെന്നാണ്. മാര്‍ഗ്ഗമധ്യേ കാലിടറിയവരോടൊപ്പമാണ് സഭ നില്‍ക്കേണ്ടത് എന്നുപദേശിക്കുന്നു. അദ്ധ്യാപകനായ ജോസഫിന് എവിടെയാണ് കാലിടറിയത്? കുറ്റം ചെയ്തവന്‍ എന്ന മുന്‍വിധി ഇപ്പോഴും അച്ഛന്റെ അബോധത്തിലുണ്ടെന്നു തോന്നുന്നു. അദ്ധ്യാപകനെ സംരക്ഷിക്കാനാകാത്ത യൂണിവേഴ്‌സിറ്റിക്കും ഗവണ്‍മെന്റിനും കോളേജധികാരികള്‍ക്കും സര്‍വോപരി സമൂഹത്തിനും ഇടറിയ കാല് കോടതിയുടെ നീതിവിധിക്കു ശേഷവും പ്രൊ. ജോസഫിന് വെച്ചുകെട്ടികൊടുക്കുകയാണോ? അതല്ലല്ലോ അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. യൂണിവേഴ്‌സിറ്റിയുടെ കോടതിയില്‍ പിരിച്ചുവിടലിനെതിരെ സുനിശ്ചിതമായിരുന്ന വിധി, റിട്ടയര്‍മെന്റുവരെ നീട്ടിക്കൊണ്ടുപോകുവാന്‍ സഭാമാനേജ്‌മെന്റ് കളിച്ച കളി അടപ്പൂരച്ചന്‍ തന്നെ വിവരിച്ചിട്ടുണ്ട്. എന്നിട്ടും ദൈവം കൂട്ടിച്ചേര്‍ത്തവളെ തന്നില്‍ നിന്നും വേര്‍പെടുത്തിയ ആ സഭയാണോ ഇനി ജോസഫിന്റെമേല്‍ കരുണ ചൊരിയേണ്ടത്.
  ഈ ജനായത്ത രാഷ്ടത്തിലെ ഒരു മതേതര കലാശാലയില്‍ ആഭ്യന്തര പരീക്ഷകളും നിരന്തരവിലയിരുത്തലുകളുമുള്ള ഏറ്റവും പുതിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ സമര്‍ത്ഥമായി വാണിജ്യ മലയാളം പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകന് ഭരണഘടന ഉറപ്പാക്കുന്ന തൊഴില്‍പരമായ പൗരനീതി നിഷേധിക്കപ്പെട്ടപ്പോള്‍ പുരോഹിതസഭയുടെ മാപ്പും കരുണയും കൊണ്ട് ഓട്ടയടയ്ക്കാമെന്നാണ് ഫാ. അടപ്പൂര്‍ വ്യാമോഹിച്ചത്. പൗരനെ മറ്റൊരു പൗരന്റേയോ സംഘത്തിന്റേയോ കരുണയ്ക്കും ദാക്ഷിണ്യത്തിനും വിട്ടുകൊടുക്കുന്നതല്ല ജനായത്തരാഷ്ട്രം. കോടതി അത് ബോദ്ധ്യപ്പെടുത്തി. പ്രൊഫസറെ നീതീകരിച്ചത് രാഷ്ട്രത്തിലെ മതേതരകോടതിയാണല്ലോ.

  തുടരും

  പാപ്പച്ചന്‍ കുമരംപറമ്പില്‍

  ReplyDelete