Translate

Tuesday, June 3, 2014

ക്രിസ്തീയത നഷ്ടമായ സഭാനേതൃത്വത്തിന് മദമിളകുന്നു


കൊല്ലം പട്ടണത്തിൽനിന്നും 10 കി.മീ. അകലെ അഷ്ടമുടിക്കായലിന്റെ ഓരത്ത് സുഖശീതളമായ കുളിർത്തെന്നലിന്റെ തലോടലേറ്റ് അധ്വാനിച്ചു അത്താഴത്തിനുള്ള വക കണ്ടെത്തുന്ന സാധുമനുഷ്യർ വസിക്കുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ് കുരീപ്പുഴ. എന്നാൽ ഇന്ന് അവിടത്തെ കാറ്റിൽ ചോരയുടെ ചൂരും കണ്ണീരിന്റെ ഉപ്പും ആത്മനിന്ദയുടെ ചുടുനിശ്വാസവും കലർത്തിയ സംഭവത്തിന്റെ നിജസ്ഥിതി അറിയാനും സെന്റ് ജോസഫ് ഇടവകയിലെ വിശ്വാസികളിൽ ആശ്വാസവും ആത്മവിശ്വാസവും പകരാനും പീഡിതരുടെ പക്ഷം ചേരുമെന്ന് പ്രഖ്യാപിക്കാനുമാണ് കേരള സഭാ നവീകരണ പ്രസ്ഥാനത്തിന്റെ സ്റ്റേറ്റ് ഓർഗനൈസർ സെക്രട്ടറി റെജി ഞള്ളാനി, സത്യജ്വാല എഡിറ്റർ ജോർജ് മൂലേച്ചാലിൽ, ജോർജ് ജോസഫ് എന്നിവർ അവിടെ എത്തിയത്. ഇടവക പ്രതിനിധികളെ കണ്ട് സംസാരിച്ച് കഴിയുമെങ്കിൽ സംഘടനയുടെ കൊല്ലം യൂണിറ്റിനു രൂപംകൊടുക്കാമെന്നു കരുതി എത്തിയ ഞങ്ങളെ പ്രതീക്ഷിച്ച് ഒന്നര മണിക്കൂർ വൈകിയും ഒരു വൻജനാവലി കാത്തു നിൽക്കുന്നതാണ് ഞങ്ങൾ കണ്ടത്. അതിൽ പകുതിയിലേറെ സ്ത്രീകളും!
തങ്ങളുടെ സംരക്ഷകനെന്നു കരുതി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമനും കുറെ തെമ്മാടിപുരോഹിതരും നിയമാനുസൃതഗുണ്ടകളെക്കൊണ്ട് തങ്ങളെ അടിച്ചമർത്തിയതിന്റെ ബാക്കിപത്രം അവർ ഞങ്ങളുടെ മുന്നിൽ നിരത്തി. 19 വയസു മുതൽ 70 വയസുവരെയുള്ള 9 പേർ- ഗുരുതര പരിക്കേറ്റ 2 പേരുൾപെടെ- ജയിലിൽ; 50ഓളം പേർ പരിക്കേറ്റ് പണിയെടുക്കാൻ വയ്യാതായി; കാറുകളും ബൈക്കുകളുമായി 29 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ. ഇരു മുന്നണികളും മൽസരിച്ച് വോട്ടുപിടിച്ചതിന്റെ അടയാളങ്ങൾ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന ഭരണകക്ഷിക്ക് മുൻതൂക്കമുള്ള അവിടെ വോട്ടുകുത്തിയവരോടല്ല മറിച്ച് നോട്ടുകെട്ടുള്ളവരോടാണ് തങ്ങളുടെ കൂറ് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു നട്ടെല്ലില്ലാ രാഷ്ട്രീയക്കാരും മൂടുതാങ്ങി മാധ്യമങ്ങളും!
11.45നു ഇടവകയുടെ പാരിഷ് ഹാളിൽ യോഗം ആരംഭിച്ചു. പള്ളിക്കമ്മിറ്റിക്കാരനായ ഇടവകാംഗം സ്വാഗതം ആശംസിച്ചു. ഇടവക സംരക്ഷണ സമിതി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫാണ് ആദ്യം സംസാരിച്ചത്. സഭയ്ക്ക് ചരിത്രവഴികളിൽ സംഭവിച്ച മൂല്യച്യുതിയും അപഭ്രംശവും ചൂണ്ടിക്കാണിച്ച്, യേശു ഇല്ലാത്ത സഭയെ നവീകരിച്ച് യേശു പാതയിൽ എത്തിക്കാനായി വിശ്വാസികളുടെ ജാഗ്രതയും ഐക്യവും കൂടിയെ കഴിയൂ എന്നു അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിനും പീഡിതപക്ഷപാതിത്തത്തിനും വേണ്ടിറ്റി വാദിച്ച യേശുവിന്റെ പിൻഗാമികൾ ഏകാധിപത്യത്തിലേയ്ക്കും ആഡംബരത്തിലേയ്ക്കും മാറി രാജഭരണം നടപ്പാക്കിയതിന്റെ ദുരന്തമാണിന്നു നാമനുഭവിക്കുന്നതെന്നു വ്യക്തമാക്ക പ്പെട്ടു. എട്ടാം നൂറ്റണ്ടുവരെ വിവാഹാന്തസ് സ്വീകരിച്ചിരുന്ന സഭാധികാരികൾ അതു നിഷേധിക്കപ്പെട്ടതുവഴി അസന്മാർഗികതയിലേയ്ക്കും ധൂർത്തിലേയ്ക്കും വഴിതെറ്റിയത് തിരുത്തപ്പെടണം. പതിനൊന്നാം നൂറ്റണ്ടിൽ കുമ്പസാരം ഏർപ്പെടുത്തുക വഴിയുണ്ടായ സദാചാരഭ്രംശം സങ്കല്പാതീതമാണ്. സ്വയം ശ്രേഷ്ടത കൽപ്പിക്കുന്നവർ അതു പ്രവൃത്തിയിൽ വരുത്തുമ്പോൾ മാത്രമെ ശ്രേഷ്ടതയ്ക്ക് അർഹത നേടുന്നുള്ളു. അതിനാൽ യേശുവിന്റെ പിൻഗാമികൾ യേശുവിന്റെ പാതയിലൂടെ ചരിക്കുമ്പോൾ മാത്രമെ ആദരിക്കപ്പെടുകയുള്ളു. സഭാവിശ്വാസികൾ അടിമകളല്ല. അങ്ങനെ ധരിച്ചുവശായതാണ് ഇന്നത്തെ അധികാരികൾക്ക് പറ്റിയ തെറ്റ്. അവർക്ക് ചരിത്രം ചവറ്റുകുട്ടയിലേ സ്ഥാനം കല്പിക്കൂ... സഭാമേധാവികളുടെ അഹന്തയും ആഡംബരവുംമൂലം തകർന്നടിഞ്ഞ പശ്ചാത്യസഭ ഇതിനു നല്ല ഉദാഹരണമാണ്. അവർതന്നെ ശ്രേഷ്ട പൈതൃകത്തിനുടമകളായിരുന്ന ഭാരതസഭയുടെ പരമ്പര്യങ്ങളെ അട്ടിമറിച്ചുകൊണ്ട് കാനോൻനിയമം വഴി സർവാധികാരികളായി. ഇതവസാനിക്കണം. സഭയിൽ ജനാധിപത്യം തിരികെ കൊണ്ടുവരണം. വിശ്വാസികളുടെ സ്വത്തിനു വിശ്വാസികൾ ഭരണാധികാരികളാകണം. ഇതാണു ചർച്ച് ആക്റ്റ് വിഭാവനം ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനാനുസൃതം ഇതു നടപ്പായാൽ മാത്രമേ പുരോഹിതാതിക്രമം നിയന്ത്രിക്കപ്പെടുക യുള്ളു. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് നവീകരണപ്രസ്ഥാനം എന്നു വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു.
തുടർന്ന് ജോർജ് മൂലേച്ചാലിൽ സംസാരിച്ചു. കുരീപ്പുഴ ഇടവകാംഗങ്ങളുടെ ഐക്യവും ത്യാഗസന്നദ്ധതയും മഹത്തരമാണെന്നും മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. തികച്ചും സമാധാനപരമായ മാർഗത്തിലൂടെ വിശ്വാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നു അദ്ദേഹം നിർദ്ദേശിച്ചു. ഇത്തരം സംഭവങ്ങൾ നമ്മുടെ കണ്ണു തുറപ്പിക്കാൻ ഉതകുമെന്നും എല്ല ഇടവകയിലും വിശ്വാസികളുടെ കൂട്ടയ്മ ഇതുവഴി ശക്തിപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കാഞ്ഞിരപ്പള്ളി സംഭവവും മാർച്ചും അദ്ദേഹം അനുസ്മരിച്ചു. നമ്മുടെ ആശയങ്ങളും മറ്റു മാധ്യമങ്ങൾ തമസ്ക്കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്ന സംഭവങ്ങളും വാർത്തകളും സമൂഹത്തിലെത്തിക്കാൻ നമ്മുടെ സ്വന്തം മാസിക ‘സത്യജ്വാല’ വളർത്തി, പ്രചരിപ്പിക്കണമെന്നും അൽമായ ശബ്ദം ബ്ലോഗ് സന്ദർശിച്ച് കൂടുതൽ അറിവു നേടാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പിന്നീട് റെജി ഞള്ളാനി പ്രാർഥനനിർഭരമായ ഒരു പ്രഭാഷണമാണ് നടത്തിയത്. ഉണ്ടായ ദുരന്തങ്ങൾക്കും ദുരിതങ്ങൾക്കും പൊരുതിയും അറുതിയും തേടി മാതാവിനോട് പ്രാർഥിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയതു തന്നെ. തുടർന്ന് ‘എത്രയും ദയയുള്ള മാതാവേ’ എല്ലാവരും ചേർന്ന് ചൊല്ലി. തന്റെ ബൈബിൾജ്ഞാനം വെളിവാക്കിക്കൊണ്ട് പുരോഹിതവർഗത്തിന്റെ തട്ടിപ്പും കുതന്ത്രങ്ങളും അദ്ദേഹം തുറന്നുകാട്ടി. വട്ടായിധ്യാനം പോലുള്ളവയിൽ നിന്നുള്ള സാമ്പത്തികലാഭം മാത്രമാണ് പുരോഹിതരുടെയും മെത്രാന്റെയും ലക്ഷ്യമെന്നും അതിനായി അവർ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങൾക്ക് ഉദാഹരണമാണ് സാക്ഷ്യം പറച്ചിലെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. മലാക്കിയുടെ വാക്യങ്ങൾ ഉദ്ധരിച്ച് പുരോഹിതർ ശപിക്കപ്പെട്ടവരാണെന്ന് അദ്ദേഹം സ്ഥാപിച്ചു. സ്ഥൈര്യലേപനം സ്വീകരിച്ചതിലൂടെ നാമെല്ലാം അഭിഷിക്തരാണെന്നും അതു പുരോഹിതർ മാത്രമാണെന്ന വാദം സ്വാർഥലക്ഷ്യത്തോടെയുള്ള തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം തെളിയിച്ചു. എല്ലാദിവസവും പള്ളിയിൽ പോയി ദുഷ്ടവൈദികരുടെകുർബാനയിൽ പങ്കെടുക്കുന്നത് ശാപം വരുത്തിവെക്കുമെന്ന് ഒരു പുരോഹിതൻ തന്നെ ഉപദേശിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ കണ്ണുതുറപ്പിച്ചത് ആ പുരോഹിതൻ തന്നെ ഉന്നയിച്ച ബിവിറേജസ് കോർപ്പറേഷന്റെ ഔട്ട്ലറ്റിലെ ക്യൂവിൽ കാണുന്നവരിൽ കൂടുതൽ ആളുകൾ ക്രിസ്ത്യാനികളല്ലേ, മദ്യവ്യാപാരികൾ കൂടുതലും ക്രിസ്ത്യാനികളല്ലേ, കുടുംബകലഹത്തിൽ നമ്മുടെ ആളുകളല്ലേ മുൻപന്തിയിൽ, കുറ്റവാളികൾ കൂടുതൽ ക്രിസ്ത്യാനികളല്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണെന്ന് അദ്ദേഹം അനുസ്മരിച്ചു. റീത്തുവ്യത്യാസവും ജാതിതിരിവും നമ്മെ തമ്മിലടിപ്പിക്കാൻ പുരോഹിതർ കണ്ടത്തിയ മാർഗങ്ങളാണെന്നും അവയെല്ലാം മാറ്റിവെച്ച് ക്രിസ്തുവിൽ നാമൊന്നിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. ജയിലിലുള്ള നമ്മുടെ സഹോദരങ്ങൾക്ക് ചൊവ്വാഴ്ചയെങ്കിലും ജാമ്യം കിട്ടിയില്ലെങ്കിൽ പ്രത്യക്ഷസമരപരിപാടികൾ ആരംഭിക്കുമെന്ന മുന്നറിയിപ്പും അതിനായി സംഘടനയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടും, സമാപന പ്രാർഥനയും എല്ലാവരും ചേർന്ന് ജപമാലയും ചൊല്ലി അദ്ദേഹം സമാപിപ്പിച്ചു.
പിന്നീട് നവീകരണ പ്രസ്ഥാനത്തിന്റെ കൊല്ലം ജില്ലാക്കമ്മിറ്റി രൂപീകരണം നടന്നു. സർവശ്രീ. ഔസേപ്പ് ആൻഡ്രൂസ്(പ്രസിഡന്റ്), മാനുവൽ തോമസ് (ജനറൽ സെക്രട്ടറി), ജോസ് ജോൺസൺ(സെക്രട്ടറി), വിൽസൺ വിൻസെന്റ്(ട്രഷറർ), ജാൻസി ജോൺസൺ(വൈസ് പ്രസി), കുഞ്ഞുമോൾ ജോർജ്ജ്(ജോ. സെക്ര.) ആന്റണി ടെറൻസ്(വൈസ് പ്രസി.), ജോസ് ആൻഡ്രൂസ്(ജോ. സെക്ര.) എന്നീ ഭാരവാഹികളടങ്ങുന്ന 15 അംഗ ജില്ലാക്കമ്മിറ്റിക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
നവീകരണപ്രസ്ഥാനത്തിന്റെ സാന്നിധ്യത്തിനും സഹകരണത്തിനും നിഷ്ളങ്കവും വികാരഭരിതവും പ്രകാശപൂർണമായ നയനങ്ങളോടെയും പ്രത്യാശാഭരിതമായ ഹൃദയങ്ങളോടെയും ഇടവകാംഗങ്ങൾ നന്ദി അറിയിച്ച് പാരിഷ് ഹാളിൽ നിന്ന് ഞങ്ങളിറങ്ങുമ്പോൾ സമയം ഉച്ചകഴിഞ്ഞ് 3 മണി.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും മാംസമായ വചനത്തിന്റെ പിൻഗാമികളായി ‘വാണരുളുന്ന’ മെത്രാൻ-പുരോഹിതഗുണ്ടകൾ നേരിട്ടു ചെയ്യാനാഗ്രഹിച്ചത് പൊലീസിനോടാജ്ഞാപിച്ച് ചെയ്യിച്ച സംതൃപ്തിയിൽ ഉറഞ്ഞുതുള്ളിയ അഭശപ്ത നിമിഷങ്ങൾ മടക്കയാത്രയിൽ ഒപ്പം വന്നവർ കണ്ഠമിടറി വിവരിച്ചു. അരമനവാസിയായി അഹന്തമുറ്റിയ ജോണിയെന്ന തെമ്മാടി പുരോഹിതൻ, തങ്ങളുടെ സഹോദരനായ ബൈജു എന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ച് അടിച്ചുകൊല്ലാൻ ആജ്ഞാപിച്ചത് കേട്ട് പൊലീസുകാർ അവനെ മർദ്ദിച്ച് മൃതപ്രായനാക്കിയത് ആസ്വദിക്കുക ആയിരുന്നത്രെ യുവവൈദികർ. ബൈജു ബിഷപ്പിനു പരാതി അയച്ചതാണു വിരോധത്തിനു കാരണം. ഭീഷണിയുടെ സ്വരമുള്ള മറുപടിക്കത്ത് അരമനയിൽ നിന്നു കിട്ടിയിരുന്നത്രെ! ഗുരുതരമായി പരുക്കേറ്റ ആ ചെറുപ്പക്കാരൻ എട്ടു ദിവസമായി ജയിലിലാണ്. കേസു നടത്തിപ്പിനും ചികിൽസയ്ക്കും പണിയെടുക്കാൻ വയ്യാതായവർക്കു ചെലവിനുമായി പള്ളിഫണ്ടു തന്നെ ചെലവഴക്കാനുള്ള ധീരമായ നിലപാട് അവർ സ്വീകരിച്ചു കഴിഞ്ഞു. വിങ്ങുന്ന ഹൃദയത്തിനു പുഞ്ചിരിയുടെ മുഖാവരണം തുന്നുന്ന അവരുടെ കണ്ണിൽനിന്നും നിശ്ചയദാർഡ്യത്തിന്റെ സ്ഫുലിംഗങ്ങൾ പ്രസരിക്കുന്നത് ദർശിച്ചുകൊണ്ട് ഞങ്ങൾ മടക്കയാത്രയാംഭിച്ചു. ഒരു ചോദ്യം മനസിനെ ഇപ്പോഴും മഥിക്കുന്നു, സ്വയം തീർത്ത അരക്കില്ലത്തിൽ പൊലീസിനെ കാവൽ നിർത്തിയും മാധ്യമങ്ങളെ സ്വാധീനിച്ചുമുള്ള ഈ രാജഭരണം ഇനിയും എത്ര നാൾ?

No comments:

Post a Comment