Translate

Thursday, June 5, 2014

ഒരുവേള മൌനമാണവിടെ!!!

സുവിശേഷം നിറയെ കരുണയുടെ പാഠങ്ങളാണ്, നിരുപാധികമായ ക്ഷമയുടെയും. കടമകളെയും അവകാശങ്ങളെയും കുറിച്ചൊക്കെ നമ്മൾ ഏറെ ബോധവാന്മാരെങ്കിലും ഇനിയും അത്രകണ്ട് വഴങ്ങാത്ത രണ്ടു പദങ്ങങ്ങളാണ് അവ. ചില മനുഷ്യർക്ക്‌ ഇങ്ങനെ ചില ഉൾവിളികൾ ഉണ്ടാകുന്നുണ്ട്; സുവിശേഷത്തിൽ നിന്ന് കരുണയെ എടുത്തു മാറ്റിയാൽ ശേഷിക്കുന്നത് കുറെ വൈരുദ്ധ്യങ്ങൾ മാത്രമാണെന്ന്. അപ്പോൾ കാതൽ അതാണ്‌; കരുണ. മൂല്യങ്ങളുടെ മൂല്യമെന്ന് വിശേഷിപ്പിക്കുന്ന നീതിബോധത്തിനും മേലെയാണ് കരുണയുടെ പ്രതലമെന്നു തോന്നുന്നു. അപൂർണ്ണചേതനയുടെ അസ്ഥിത്വത്തെയും നിലനിൽപ്പിനെയുമൊക്കെ ന്യായീകരിക്കുന്ന സംപൂർണ്ണതയുടെ യുക്തിയാണ് കരുണ. തന്റെ അസ്തിത്വത്തിന്റെ അടിയൊഴുക്കുകൾ അപരനിലേക്കു കൂടി നീളുന്നുണ്ടെന്നു കണ്ടെത്തുന്ന ഒരുതരം പരകായപ്രവേശ സിദ്ധിയാണത്. തീർച്ചയായും ആ വാക്കും അതിന്റെ അർത്ഥവും ഇനിയും നമ്മൾ കണ്ടെത്തിയിട്ടില്ല. ആ അന്വേഷണത്തിൽ, ക്രിസ്തുപാഠം ഉൾക്കൊണ്ടവരാരും കരുണയുടെ ഈ കൂടാരത്തിന് പുറത്തുണ്ടാവരുത്.

ഇത്രയും ചിന്തിക്കേണ്ടി വന്നത്, അല്മായശബ്ദത്തിന്റെ സമകാലിക ചർച്ചാവിഷയങ്ങൾ പലതും നീതിബോധം പുലർത്തുന്നവയാണോ എന്നൊരു നേരിയ സന്ദേഹം ഉള്ളിൽ തോന്നിയത് കൊണ്ടാണ്. ഞാൻ അതു പങ്കുവെക്കാതിരിക്കുന്നില്ല. കത്തോലിക്കാ സഭയോടുള്ള വിരോധമല്ല അല്മായശബ്ദം ബ്ലോഗിന്റെ അടിസ്ഥാന ചാലകശക്തി. ആ പ്രമാണരേഖക്കും അതിന്റെ പ്രഖ്യാപിത നയത്തിനും ഒരൽപം മുറിവേൽക്കുന്ന രീതിയിലാണ്‌ ഇപ്പോൾ കണ്ടു വരുന്ന ചില പോസ്റ്റുകൾ. അതായത്, സെൻസേഷൻ ഉണ്ടാക്കുന്ന വാർത്തകളോട് ആഭിമുഖ്യം പുലർത്തുന്ന ഒരു മനോഭാവം ഇവിടെ ശക്തമാകുന്നുണ്ട് എന്നു കാണുന്നു. ബ്ലോഗിന്റെ സജീവത അടിക്കടി വന്നുകൂടുന്ന പോസ്റ്റുകൾ ആണെന്നും ധരിച്ചിരിക്കുന്നു. ആരോപണങ്ങൾക്കു വേണ്ടിയുള്ള ആരോപണങ്ങളോ വാർത്താ പ്രാധാന്യമുള്ള വിഷയങ്ങളോ അല്ല അല്മായശബ്ദത്തിന്റെ ചർച്ചാപരിധിയിൽ വരേണ്ടുന്നത്. മൂല്യച്യുതിക്കെതിരെ പ്രതികരിക്കേണ്ടത് വാർത്തകളിലെ സെൻസേഷണൽ ഉള്ളടക്കത്തെ ഉപയോഗപ്പെടുത്തി ആവരുത് എന്നും പറയാൻ ആഗ്രഹിക്കുന്നു. ഇവിടെയൊക്കെ സംഭവിക്കുന്നത്‌ നാം ക്രിസ്തു ചൈതന്യത്തിൽ നിന്നും മാറി നടക്കുകയാണ്.      

"നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ". ഒരുവേള മൌനമാണവിടെ. കുറ്റാരോപിതയും ആരോപിച്ചവരും എന്തൊക്കെയോ തിരിച്ചറിഞ്ഞു. ഇടറാനുള്ള സാദ്ധ്യതകൾ ഇരുകൂട്ടരും തുല്യമായി തിരിച്ചറിയുന്നിടത്തുനിന്നാണ് കരുണയുടെ പാഠമാരംഭിക്കുന്നത്. ഇനിമേലിൽ പാപം ചെയ്യരുത് എന്നായിരുന്നു പിന്നീടുള്ള കരുണയുടെ ശാസനം. ഇതിനപ്പുറമുള്ളതൊന്നും ക്രിസ്തുവിനോട്, അവൻ കൈമാറാൻ ശ്രമിച്ച മൂല്യബോധത്തോട് ചേർന്നു നിൽക്കുന്നില്ല. അവൻ തർക്കിക്കുകയോ ബഹളം കൂട്ടുകയോ ചെയ്യില്ല. തെരുവീഥികളിൽ അവന്റെ ശബ്ദം ആരും കേൾക്കുകയുമില്ല (മത്തായി 12: 19). സർവതിനോടും പുലർത്താവുന്ന ഏറ്റവും വലിയ അനുഭാവമാണ്‌ മൌനം. ഇതിന്റെ അർഥം മിണ്ടരുത് എന്നല്ല, മിണ്ടാം. നിങ്ങളുടെ വാക്കുകൾക്ക് മൌനത്തെക്കാൾ സുഗന്ധവും പ്രകാശവും ഉണ്ടെങ്കിൽ.               

1 comment:

  1. അത്മായാ ശബ്ദം അതിന്‍റെ ലക്‌ഷ്യം സാധിക്കണമെങ്കില്‍ കാര്യപരിപാടികളില്‍ മാറ്റം വരുത്തിയെ മതിയാവൂ എന്ന മഹേശ്വരിന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. സഭയെ സംബന്ധിച്ച വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മുക്കിത്തുടങ്ങിയപ്പോഴാണ് ഈ ബ്ലോഗ്ഗിലെ പോസ്റ്റുകളും സെന്സിറ്റിവ് ആയതെന്നത് ശ്രദ്ധിക്കാതിരിക്കാനും കഴിയില്ല. സെന്‍സിറ്റിവ് വാര്‍ത്തകളും അവയുടെ കമന്‍റുകളും ഇമ്പാക്റ്റ്‌ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളതും ശരി തന്നെ. കത്തോലിക്കാ സഭ ഇന്ന് അനുഭവിക്കുന്ന താത്വികവും സാങ്കേതികവുമായ നിരവധിയായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉതകുന്ന രീതിയിലുള്ള പോസ്റ്റുകളും കമെന്റുകളും തന്നെയാണ് നമുക്ക് വേണ്ടത്, അല്ലാതെ ഒരേ വാര്‍ത്ത തന്നെ പലതവണ ആവര്‍ത്തിക്കുകയോ ആ വാര്‍ത്തയിലെ കഥാപാത്രങ്ങളെ മുച്ചൂടും ചെളി വാരി എറിയുകയോ അല്ല. വൈദികരും സഭയിലെ മൂല്യ ച്യുതിയുടെ ഇരകളാണ്. അവരും ക്രൈസ്തവ മതത്തെ ക്രൈസ്തവ വ്യവസായമായി ആണ് എടുത്തിട്ടുള്ളത് എന്നതാണ് പ്രശ്നം. മറ്റു മതങ്ങള്‍ വ്യവസായങ്ങള്‍ ആയതു കൊണ്ട് നാമങ്ങിനെ ആകെണ്ടിയിരുന്നില്ല. ഈ മൂല്യച്യുതിയിലേക്ക് നമ്മെ നയിച്ചത് മെത്രാന്മാരുടെ അധികാര ഭ്രമം ആണെന്നത് വിസ്മരിക്കാനും കഴിയില്ല. അത്മായരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോന്ന ലേഖനങ്ങളും വിശകലനങ്ങളും അപ്പാടെ നിലച്ചുപോയ ഒരവസ്ഥയിലേക്കു ഈ ബ്ലോഗ്‌ പോയി എന്നത് സത്യമാണ്.

    അത്മായാ ശബ്ദം എല്ലാ സഭാംഗങ്ങളെയും ഒരുപോലെ ഉള്‍ക്കൊണ്ടുകൊണ്ട് പോകണമെങ്കില്‍ അതിന്‍റെ പ്രവര്‍ത്തകരെല്ലാം ഒരൊറ്റ സ്വരത്തില്‍ അണി ചെരേണ്ടതുണ്ട്. ആക്ഷേപാര്‍ഹമായ നിരവധി കാര്യങ്ങള്‍ സഭക്കുള്ളില്‍ നടക്കുന്നുണ്ട്. അവയെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനുള്ള ഉത്തരവാദിത്വവും നാം എടുക്കേണ്ടതുണ്ട്‌. പല മാറ്റങ്ങളും ഉണ്ടാവാന്‍ ഇത്തരം ഒരു ക്രിയാത്മക സമീപനത്തിനെ കഴിയൂവെന്നതും സത്യമാണ്. ഈ ബ്ലോഗ്‌ ആരുടേയും മൌത്ത് പീസ് അല്ലായെന്ന ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതിന്‍റെ അട്മിനിസ്ട്രെട്ടര്‍ സൂചിപ്പിച്ചിരുന്നത് ശ്രദ്ധിച്ചു. ആ നയം തുടരാന്‍ ഈ ബ്ലോഗ്ഗിന്‍റെ അട്മിനിസ്ട്രെട്ടര്‍ക്ക് കഴിയട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വളര്‍ച്ചയിലേക്ക് ആരെയും നയിക്കാന്‍ പോന്ന ചിന്തകളും സംവാദങ്ങളും അവതരിപ്പിച്ചുകൊണ്ട് പുതിയൊരു നീക്കത്തിനു തുടക്കമിടാന്‍ മഹേശ്വരിന്റെ ഈ പോസ്റ്റ്‌ സഹായകമാവട്ടെ.

    ReplyDelete