Translate

Friday, June 20, 2014

നസ്രാണികളേ, ഉണരുവിൻ!ചാക്കോ കളരിക്കൽ

കേരളത്തിൽ ക്രൈസ്തവദർശനത്തിൻറെ  വിത്തുപാകിയത് യേശുശിഷ്യനായ മാർത്തോമ്മായാണന്ന് നസ്രാണികൾ വിശ്വസിക്കുന്നു. അക്കാരണത്താൽ സീറോ മലബാർ സഭ എല്ലാവർഷവും ജൂലൈ മൂന്നാം തീയതി മാർത്തോമ്മായുടെ ഓർമ്മത്തിരുനാൾ കൊണ്ടാടുന്നുണ്ട്. ആദിമകാലം മുതൽ മലബാർ ക്രിസ്ത്യാനികൾക്ക് അവരുടേതായ ഒരു മതചര്യ ഉണ്ടായിരുന്നു. അതിനെ 'മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും' എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ദൈവാനുഭവം, ആരാധനാരീതികൾ, ഭക്താഭ്യാസങ്ങൾ, പള്ളിഭരണം, മതപരമായ ജീവിതം ഇവയെല്ലാറ്റിനേയും ഉൾക്കൊള്ളുന്ന ഒരു നിർവചനമായിരുന്നു 'മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും' എന്ന കുറുമൊഴി. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആ വ്യക്തിത്വത്തെ 'മാർത്തോമ്മാ നിയമം' എന്ന് തെറ്റായി വിളിക്കാറുണ്ട്. പോർച്ചുഗീസ് മിഷ്യനറിമാരാണ് അതിനു കാരണക്കാർ.


ഉദയംപേരൂർ  സൂനഹദോസുമുതൽ നസ്രാണികളുടെ ആ മതചര്യയ്ക്ക് മാറ്റങ്ങൾ സംഭവിക്കാൻ ആരംഭിച്ചു. ചരിത്ര വസ്തുതകളെപ്പറ്റി   കാര്യമായി പഠിക്കാത്ത സീറോ മലബാർ മെത്രാന്മാരും വൈദികരും സാധാരണ വിശ്വാസികളും മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടിനേയും സംബന്ധിച്ച്  ബോധവാന്മാരല്ല. സീറോ മലബാർ സഭയ്ക്ക് സ്വയം ഭരണാധികാരം റോമിൽനിന്ന് ലഭിച്ചപ്പോൾ  സീറോ മലബാർ സഭയുടെ പൂർവ പാരമ്പര്യമായ  മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടിലേയ്ക്ക് തിരിച്ചു  പോകേണ്ടതായിരുന്നു. എന്നാൽ റോമിൻറെ  ഒത്താശയോടെ മെത്രാന്മാർ സീറോ മലബാർ സഭയെ പരിപൂർണ്ണമായി പാശ്ചാത്തീകരിക്കയാണ് ചെയ്തത്. അതിൻറെ ഫലമായി സീറോ മലബാർ സഭയിൽ സംഭവിച്ച, സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ച് ഓരോ നസ്രാണികത്തോലിക്കനും ജൂലൈ മാസത്തിൽ മനനം ചെയ്യണമെന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു. ജൂലൈ മാസത്തിലെ മുപ്പത്തിയൊന്ന്  ദിവസങ്ങളിലും ധ്യാനിക്കാനായി മുപ്പത്തിയൊന്ന്  ധ്യാനവിഷയങ്ങൾ ചുവടെ ചേർക്കുന്നു. കൂടാതെ പത്രോസിൻറെ നിയമവും (പാശ്ചാത്യ സഭാദർശനം) മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും (മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭാദർശനം) തമ്മിലുള്ള വ്യത്യാസവും താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണാം.
1.പൌരസ്ത്യ കാനോൻ നിയമം സീറോ മലബാർ സഭയിൽ നടപ്പിലാക്കിയത് മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യത്തിന് വിപരീതമായിട്ടാണ്. അതോടെ സീറോ മലബാർ സഭ പൂർണ്ണമായി പാശ്ചാത്തീകരിക്കപ്പെട്ടു.

2. പഴയ നസ്രാണി ദേവാലയങ്ങളിൽ ഒരു കാലത്തും ഉപയോഗിക്കാത്ത പേർഷ്യൻ കുരിശ് വണക്കത്തിനായി പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

3. നസ്രാണിസഭയിലെ കാരണവന്മാർ പണുത പുരാതന ദേവാലയങ്ങൾ ഇടിച്ചുപൊളിക്കുന്നു. കോടിക്കണക്കിന് രൂപാ ചിലവഴിച്ച് മെഗാപ്പള്ളികൾ പണിയുന്നു. അത് സമുദായത്തോട് ചെയ്യുന്ന അനീതിയാണ്.

4. അപരന് നീതി നിഷേധിക്കുമ്പോൾ സമുദായം ഉണർന്ന് ഒച്ചപ്പാടുകൾ ഉണ്ടാക്കുന്നത് സഭയിലെ അച്ചടക്കമില്ലായ്മയല്ല.

5. വിശുദ്ധരോടുള്ള വണക്കം അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കലാണ്. പള്ളികളിലോ കുരിശുപള്ളികളിലോ ചില്ലികാശുപോലും നേർച്ച ഇടരുത്. വിശുദ്ധർക്ക് രൂപയുടെ ആവശ്യമില്ല.

6. ഉപദേശക സ്വഭാവമുള്ള പാരിഷ് കൌണ്‍സിൽ നിർത്തൽ ചെയ്ത് തീരുമാനാധികാരമുള്ള പഴയ പള്ളിപൊതുയോഗത്തെ പുന:സ്ഥാപിക്കണം.

7. പാറേമ്മാക്കൽ  ഗോവർണദോറുടെ വർത്തമാനപ്പുസ്തകം എല്ലാ നസ്രാണികളും നിർബന്ധമായി  വായിച്ചിരിക്കണം. വേദപാഠക്ലാസ്സുകളിൽ ഈ പുസ്തകം പഠനവിഷയമാക്കണം.

8. നസ്രാണികളുടെ പൈതൃകം നിശ്ചയിക്കേണ്ടത് നസ്രാണികളായിരിക്കണം. റോമിലെ വെള്ളക്കാരാകാൻ പാടില്ല.

9. മത കൊളോണിയലിസത്തിൻറെ വിപത്ത് നസ്രാണി തിരിച്ചറിയണം. അതിൻറെ പരിണതഫലമാണ്:
 •   കൽദായീകരണം
 •   പൌരസ്ത്യ കാനോൻ നിയമം
 •  നസ്രാണി പൈതൃകം റോം തീരുമാനിക്കുക
 •  നസ്രാണി മെത്രാന്മാരെ തമ്മിൽ തല്ലിക്കുക
 •  പള്ളിയോഗം എടുത്തുകളഞ്ഞ് പാരിഷ്കൌണ്‍സിൽ  പ്രാബല്യത്തിൽ വരുത്തുക
 •  ഇടവകക്കാരുടെ സ്വത്ത് മെത്രാൻ പിടിച്ചെടുക്കുക
 •  പ്രാർത്ഥന , തപസ്സ്, നോയമ്പ്, ദൈവജനശുശ്രൂഷ  തുടങ്ങിയവകളിൽ മുഴുകിക്കഴിയുന്ന മെത്രാൻ സങ്കല്പ്പത്തെ മാറ്റി അധികാരം, സമ്പത്ത്, ഭരണം തുടങ്ങിയവകളിൽ മുഴുകിക്കഴിയുന്ന മെത്രാൻ സങ്കല്പ്പത്തെ സൃഷ്ടിച്ചെടുക്കുക
 •  വൈദികരെ മെത്രാൻറെ ജോലിക്കാരും ശബളക്കാരുമായി മാറ്റുക.
 •  എണങ്ങരും കത്തനാരന്മാരും തമ്മിലുണ്ടായിരുന്ന കൂട്ടായ്മയെ തകർക്കുക

10. കൽദായവാദികൾക്ക് കൊന്തനമസ്ക്കാരവും കുരിശിൻറെ വഴിയും മ്ലേശ്ചമാണ്. കൊന്തനമസ്കാരത്തിനുപകരം യാമപ്രർത്ഥന കൊണ്ടുവന്നത് ഒരു വളഞ്ഞവഴിയാണന്ന് നസ്രാണി മനസ്സിലാക്കണം.

11. മലയാളികളായ നസ്രാണികളെ എന്തിന് സുറിയാനിക്കാരെന്ന് വിളിക്കുന്നു? അതൊരുതരം ചെറ്റത്തരം പറച്ചിലല്ലേ? നസ്രാണികളുടെ പൈതൃകം ബാഗ്ദാദിലാണോ?

12. പള്ളികളിൽ കുട്ടികളെ അരീലിരിത്തി എഴുതീക്കാൻ തുടങ്ങിയിരിക്കുന്നു. അരീലിരിത്തലിൻറെ ദൈവശാസ്ത്രം പഠിക്കാൻ അച്ചന്മാർ റോമിന് പോയിത്തുടങ്ങും. നസ്രാണികളുടെ ദൈവശാസ്ത്രവും ചരിത്രവും പഠിക്കാൻ അച്ചന്മാർ എന്തിന് വിദേശത്തിനുപോകുന്നു?

13. മെത്രാന്മാരും അച്ചന്മാരും മത കൊളോണിയലിസത്തിൻറെ ചാരന്മാരാകുന്നതിൽ നസ്രാണി ദുഖിക്കണം.

14. കൽദായീകരണവും കൽദായ ലിറ്റർജിയും പൌരസ്ത്യ കാനോൻ നിയമവും പേർഷ്യൻ കുരിശു വണക്കവും മെത്രാന്മാരുടെ പള്ളിവഴക്കിലുപരി ഓരോ നസ്രാണി കത്തോലിക്കൻറെയും അനുദിന ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളാണെന്ന് നസ്രാണികൾ തിരിച്ചറിയണം.

15. മാനം മര്യാദയായി പുറം രാജ്യങ്ങളിൽ കഴിയുന്നവർക്കിട്ടുള്ള പാരയാണ് അവിടങ്ങളിൽ മെത്രാന്മാരെ നിയമിക്കുന്നത്. നിസ്സഹകരണമാണ് അതിനുള്ള മറുപാര.

16. "പിതാവിനെ വേദനിപ്പിക്കരുത്", "അഭിഷിക്തരെ വിമർശിക്കരുത്" തുടങ്ങിയ താക്കിതുകളിലെ കുബുദ്ധി നസ്രാണികൾ മനസ്സിലാക്കണം.

17. സമ്പത്തും അധികാരവും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കണം എന്ന കാര്യത്തിൽ സീറോ മലബാർ മെത്രാന്മാർ ഏകാഭിപ്രായക്കാരാണ്; ഒറ്റക്കെട്ടാണ്. കാരണമെന്ത്?

18. സത്യത്തിൻറെ കുത്തകയും മൊത്തവ്യാപാരവും സ്വയം ഏറ്റെടുത്തിരിക്കുന്ന സഭാശ്രേഷ്ഠരുടെ തിരുവായിൽനിന്നും അനുസരണം, അച്ചടക്കം എന്നേ കേൾക്കാനൊള്ളൂ. കാരണമെന്ത്?

19. ആധ്യത്മീകവും  ഭൌതീകവുമായ ഇരുമുന വാളുള്ള ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരി താനാണെന്ന് ബൊനിഫസ് എട്ടാമൻ പാപ്പ 1302-ൽ പ്രഖ്യാപിച്ചു. 700 വർഷങ്ങൾ പിന്നിട്ടപ്പോൾ നസ്രാണി മെത്രാന്മാർ പൌര സ്ത്യ കാനോൻ നിയമം ഉണ്ടാക്കി നിയമ നിർമ്മാതാക്കളും അധികാര നിർവാഹകരും നീതിന്യായ പാലകരുമായി സ്വയം അവരോധിച്ചു. അതിലെ അപകടം നസ്രാണി തിരിച്ചറിയണം.

20. സീറോ മലബാർ മെത്രാന്മാർക്ക് ജ്നാനസ്നാനപ്പെട്ട വിശ്വാസിയിലാണോ അതോ മാമ്മോനിലാണോ കൂടുതൽ താത്പര്യം?

21. വർഗ്ഗീയ കലാപങ്ങൾക്ക് വഴിതെളിക്കാൻ കാരണമാകാവുന്ന തരത്തിലുള്ള അനാവശ്യങ്ങളായ ബ്രഹ്മാണ്ഡ ദേവാലയങ്ങൾ പണിയാതിരിക്കാൻ അല്മായർ സഭാധികാരികളിൽ സമ്മർദ്ദം  ചെലുത്തണം. ഇത്തരം കോണ്‍ക്രീറ്റ് പള്ളികൾക്ക് കേരള തനിമ തൊട്ടുതേച്ചിട്ടില്ലതാനും.

22. എക്സൈസ് ടാക്സില്ലാതെ പള്ളികളിലേയ്ക്ക് കുർബ്ബാന വീഞ്ഞു വില്ക്കുന്ന മദ്യവ്യാപാരം നമ്മുടെ മെത്രാന്മാർ നിർത്തണം. എല്ലാ രൂപതകളിലും കുർബ്ബാന വീഞ്ഞിന് ഒരേ വിലയായിരിക്കണം.

23. മദ്യനിരോധനവും ദളിത് പ്രശ്നവും മെത്രാന്മാരുടെ രാഷ്ട്രിയക്കളിയാണന്ന് നസ്രാണി തിരുച്ചറിയണം. സഭാധികാരികൾ ദളിദരെ താഴ്ന്നജാതിയായി സഭയിൽ നിലനിർത്തുന്നത് അക്രൈസ്തവമാണ്.

24. കൽദായീകരണത്തിൽ മെത്രാന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നിരുന്നാലും പള്ളിയോഗത്തെ തകർത്ത് അധികാരം പിടിച്ചെടുക്കുന്നതിലും പള്ളിസ്വത്ത് പിടിച്ചെടുക്കുന്നതിലും അവർ ഒറ്റക്കെട്ടാണ്.

25. അഫ്ഗാനിസ്ഥാനിലെ താലിബാൻ ശ്രീ ബുദ്ധൻറെ പ്രതിമ ബോമ്പുവെച്ചു   തകർത്തതുപോലെയല്ലേ നമ്മുടെ പള്ളികളിലെ തൂങ്ങപ്പെട്ടുരൂപം മെത്രാന്മാർ എടുത്ത് തടിവിലയ്ക്ക് വിറ്റത്?

26. പിൻതുടർച്ചാവകാശം, വിദ്യാഭ്യാസം, വ്യക്തിനിയമം, മദ്യനിരോധനം, ദളിദ്, പരിസ്ഥിതി, വിവാഹം, കുടുംബാസൂത്രണം എന്നുവേണ്ട ഒരു നസ്രാണിയെ മൊത്തത്തിൽ ബാധിക്കുന്ന എല്ലാ കാര്യങ്ങളും മെത്രാന്മാർ സ്വയം ഏറ്റെടുത്ത് രാഷ്ട്രീയം കളിക്കുന്നു. സമുദായത്തിൽ കെല്പ്പുള്ള  രാഷ്ട്രീയ പ്രവർത്തകരും വിദ്യാഭ്യാസ വിദഗ്ദ്ധരും സമൂഹിക പ്രവർത്തകരുമൊക്കെ ഉള്ളപ്പോൾ മെത്രാന്മാരും വൈദികരും എന്തിന് രാഷ്ട്രീയ അധികാര വിഭ്രാന്തിയിൽ പെട്ടിരിക്കുന്നു? അവർ സ്വമനസ്സാ ഏറ്റിരിക്കുന്ന ദൗത്യം ദൈവജനശുശ്രൂഷയാണ്.

27. കൂദാശകൾ  മുടക്കുന്ന മെത്രാന്മാർക്കും വൈദീകർക്കും എതിരായി സമരം ചെയ്തേ പറ്റൂ.

28. ദളിദരെ അവർണ്ണരാക്കി അവരിൽ അപകർഷതാബോധം കുത്തിവെച്ച് സഭാധികാരം അവരെ നിന്ദിക്കുകയാണെന്ന് ഓരോ നസ്രാണിയും മനസ്സിലാക്കണം.

29. മെത്രാന്മാർ കത്തോലിക്കാ കോണ്‍ഗ്രസ്സിനെ നാമമാത്ര സംഘടനയാക്കി. എന്തുകൊണ്ട്? അല്മായർക്ക് സ്വതന്ത്രമായ ഒരു സംഘടന എന്തുകൊണ്ട് ഉണ്ടായിക്കൂടാ?

30. വിയോജിക്കുന്ന നസ്രാണികളെ മോശക്കാരും സഭാശത്രുക്കളുമായി സഭാധികാരം മുദ്രയടിക്കുമ്പോൾ എം. പി. പോൾ , മുണ്ടശ്ശേരി, ആനി തയ്യിൽ, റ്റി. വി. തോമസ്, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ്, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയ നേതാക്കളെ ഓർമ്മിക്കുക.
30. ഓരോ രൂപതയിലേയും സ്വത്തു വിവരങ്ങളും വരവു ചിലവു കണക്കും എന്തുകൊണ്ട് മെത്രാന്മാർ വിശ്വാസികളെ അറിയിക്കുന്നില്ല? സഭാസ്വത്തിൻറെ യദാർത്ഥ  ഉടമസ്ഥർ അല്മേനികളല്ലേ?

31. മെത്രാന്മാരും വൈദിക-സന്യസ്ത-അല്മായ പ്രതിനിധികളുമടങ്ങുന്ന സഭാസിനഡ് സീറോ മലബാർ സഭയിൽ ഏറെക്കാലമായിട്ടും എന്തുകൊണ്ട് രൂപീകരിച്ചിട്ടില്ല? സീറോ മലബാർ സഭയുടെ നല്ല പാരമ്പര്യങ്ങളിലേക്ക് തിരിച്ചുപോകാതെ സഭയെ പാശ്ചാത്തീകരിക്കുന്നത് മെത്രാന്മാർ ചെയ്യുന്ന കഠിന പാപമാണ്.

2 comments:

 1. അച്ചായന്മാരെ ഉണർത്തുവാൻ മറ്റൊരച്ചായൻ "ഉത്തിഷ്ടതാ ജാഗ്രതാ "എന്ന സ്വാമി വിവേകാനന്ദന്റെ ഉപനിഷത് വാചകം അല്മായശബ്ദത്തിൽ കുറിച്ചത് വായിച്ചപ്പോൾ എനിക്കും പുതിയ മാനസോല്ലാസം ! കൊന്തയിൽ നിന്നും പിടിവിട്ടു ,ഇത് പലവുരു വായിക്കൂ മാളോരെ;.. പുരോഹിതാടിമാത്തത്തിൽ നിന്നും ഒരിക്കലായൊരു വിടുത്തൽ അടുത്ത തലമുറയ്ക്കെങ്കിലും ലഭിക്കുവാൻ ....ദയവായി ഇത് ഷെയർ ചെയ്യൂ..

  ReplyDelete
 2. സീറോ മലബാർ സഭയിൽ കാതലായ മാറ്റങ്ങൾ വരണമെന്ന് ആഗ്രഹിക്കുന്ന ധാരാളം വിശ്വാസികൾ ഉണ്ട്. എന്നാൽ സാമുദായികമായ ചട്ടക്കൂടിൽ നിന്നും പുറത്താകും എന്ന ഭയമാണ് ഏറ്റവും വലിയ വിപ്ളവകാരിയെ പോലും നിശബ്ധനാക്കുന്നത്. മാമോദീസ, കല്യാണം, ശവസംസ്കാരം എന്നീ ചടങ്ങുകളിൽ ഒറ്റപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, സീറോ മലബാറിൽ തുടരുന്നത് നാണക്കേടാകുന്ന ഒരു സാഹചര്യത്തിൽ മാത്രമേ ഇത്തരക്കാർ സഭാനവീകരണത്തിനു വേണ്ടി മുഖം കാണിക്കുകയുള്ളു. എന്നാൽ ഏറ്റവും വികലമായി എനിക്ക് തോന്നുന്നതു അമേരിക്ക പോലെയുള്ള രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ കാര്യമാണ്. അവർ എന്തുകൊണ്ട് പഞ്ച പുശ്ചമടക്കി ഈ വ്യാജ പ്രവാചകന്മാരുടെ മോതിരവും മറ്റും മറ്റും മുത്തുന്നു? കത്തോലിക്കാ വിശ്വാസത്തിൽ തുടരുന്നതിന് ഈ കള്ളന്മാരുടെ സഹായം ആവശ്യമില്ലല്ലോ!

  ReplyDelete