Translate

Friday, July 18, 2014

നസ്രാണികത്തോലിക്കാസഭാനിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍


ജോസ് പി തേനേത്ത് 

(വൈസ് പ്രസിഡന്റ്, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍) 

(സത്യജ്വാല മാസിക, 2014 ജൂലൈ ലക്കം)

[ഫെബ്രു. 8,9 തീയതികളില്‍, സംഭാംഗങ്ങള്‍ പ്രാതിനിധ്യസ്വഭാവത്തോടുകൂടി നടത്തിയ 'നസ്രാണികത്തോലിക്കാ അത്മായഅസംബ്ലി 2014' രൂപംകൊടുത്ത 'നസ്രാണികത്തോലിക്കാസഭാനിയമം' സീറോ-മലബാര്‍സഭയില്‍ നടപ്പിലാക്കുന്നതിനായുള്ള ഔപചാരികനടപടിക്രമങ്ങള്‍ ആരംഭിച്ചതിനെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്ന സുപ്രധാനലേഖനം. സഭയെ പ്രതിനിധീകരിക്കാന്‍ വിശ്വാസികള്‍ക്ക് അധികാരം സ്ഥാപിച്ചുള്ള കോടതിവിധികളുടെ അടിസ്ഥാനത്തില്‍ നിയമനടപടികളും വിഭാവനം ചെയ്തിരിക്കുന്നു, ഇതില്‍. 
മാന്യവായനക്കാരില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും 
ഇതുസംബന്ധിച്ച് വ്യാപകമായ ചര്‍ച്ചയും ഇടപെടലുകളും ക്ഷണിക്കുന്നു-എഡിറ്റര്‍, സത്യജ്വാല)


ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ നസ്രാണികത്തോലിക്കാ (സീറോ-മലബാര്‍) സഭയുടെ മതസമ്പത്തുകളുടെ വിനിയോഗം ബൈബിള്‍ അധിഷ്ഠിതമായി തികച്ചും ജനാധിപത്യരീതിയില്‍ പളളിയോഗതീരുമാനങ്ങള്‍ക്കു വിധേയമായിട്ടാണ് ആദിമുതലേ നിര്‍വ്വഹിച്ചുപോന്നിട്ടുളളത്. സഭ ആര്‍ജ്ജിച്ചിട്ടുളള പളളികളും പളളിവക സ്ഥാപനങ്ങളും ഇതര സ്വത്തുക്കളും പണ്ഡിതനെന്നോ പാമരനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസംകൂടാതെ എല്ലാവര്‍ക്കുമായി ഇടവകസമൂഹത്തിന്റെ പൊതു ആവശ്യാര്‍ത്ഥമെന്നനിലയില്‍ അവരുടെ കൂട്ടായ പങ്കാളിത്തത്തോടെ സ്വരൂപിച്ചിട്ടുളളതും, ഇടവകസമൂഹം ഒന്നടങ്കം ഒരു ഹൃദയവും ഒരാത്മാവുമെന്നനിലയില്‍ പൊതുസമ്മതിയോടെ വിനിയോഗിച്ചു പോരുന്നതുമാണ്. സഭയുടെ ഈ പൊതുസ്വത്ത് മെത്രാനായാലും ഇടവക വികാരിയായാലും അത്മായരായാലും ആര്‍ക്കും സ്വന്തമെന്നവകാശപ്പെടാന്‍ അധികാരമില്ലാത്തതും ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും സഭയുടെ പൊതുആവശ്യങ്ങളെയും മുന്‍നിര്‍ത്തിയുളളവയുമാണ്. ഈ സ്വത്തുക്കളുടെ കൈകാര്യസ്ഥത സംബന്ധിച്ചുളള നിയമനിര്‍മ്മാണ, നിര്‍വ്വഹണാധികാരങ്ങള്‍ അത്മായര്‍ക്ക് (Laymen) ഉളളതാണ്.
ആത്മീയശുശ്രൂഷകള്‍ക്കായി സത്യപ്രതിജ്ഞ ചെയ്തവരായ മെത്രാന്മാര്‍ അടക്കമുളള വൈദികര്‍ ജഡികതയില്‍ മരിക്കുകയും ആത്മീയതക്കായി പുതുജനനം സ്വീകരിക്കുകയും ചെയ്തവരാണ്. അവര്‍ ക്രിസ്തു വസിക്കുന്ന സ്വര്‍ഗ്ഗരാജ്യം അന്വേഷിക്കുകയും, അത് ദൈവജനത്തിനു പകര്‍ന്നുകൊടുക്കുകയും, മരണംവരെ അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യേണ്ടവരാണ്; ഭൗതികകാര്യങ്ങളില്‍ ജാഗരൂകരാകേണ്ടവരല്ല. അവരുടെ ആത്മാവ് യേശുവിനോടൊപ്പം പിതാവായ ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യേണ്ടതാണ് (കൊളോ. 3:1-4). ഈ വസ്തുത വൈദികര്‍ക്കും മെത്രാന്മാര്‍ക്കും റോമിലെ പോപ്പിനും അറിവുളളതാണ്.
എന്നാല്‍ ഈ വസ്തുതകളെയെല്ലാം അവഗണിച്ചും ദുരുദ്ദേശപരമായും, സാധൂകരണമില്ലാത്ത ഏകാധിപത്യ പൗരസ്ത്യകാനോന്‍ നിയമങ്ങള്‍ 1992 മുതലും, അനുബന്ധ പളളിയോഗനടപടിക്രമങ്ങളും രൂപതാനിയമങ്ങളും 1998 മുതലും മേജര്‍ ആര്‍ച്ച് ബിഷപ്പടക്കമുളള മെത്രാന്മാര്‍ സഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ നിയമങ്ങളാകട്ടെ, ക്രിസ്തീയതത്വങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും ബൈബിളിലെ അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും സന്മാര്‍ഗ്ഗത്തിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും ദേശീയതയ്ക്കും പൗരാവകാശങ്ങള്‍ക്കും സിവില്‍ അവകാശങ്ങള്‍ക്കും ഇന്ത്യാരാജ്യത്തിന്റെ പരമാധികാരത്തിനും ഭരണഘടനയ്ക്കും എതിരായിട്ടുളളതാണ്.
ഈ സാഹചര്യത്തില്‍, സഭയുടെ മതസമ്പത്തുകള്‍ ജനാധിപത്യപരമായും ഭരണഘടനാപരമായും ബൈബിള്‍ അധിഷ്ഠിതമായും നിര്‍വ്വഹിക്കുന്നതിനാവശ്യമായ ഒരു നിയമം നിര്‍മ്മിച്ച് പ്രാബല്യത്തിലാക്കിത്തരണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്, കേരള സര്‍ക്കാര്‍ 'ലോ റിഫോംസ് കമ്മീഷ'നെ നിയമ നിര്‍മ്മാണത്തിനായി ചുമതലപ്പെടുത്തിയത്. കമ്മീഷന്‍ വിശദവും വിപുലവുമായ തെളിവെടുപ്പുകള്‍ക്കുശേഷം 'ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍' എന്ന പേരില്‍ കരട് നിയമം ഉണ്ടാക്കി, കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ 2009-ല്‍ത്തന്നെ നിയമം പ്രാബല്യത്തിലാക്കുന്നതിനുവേണ്ടി കേരളസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളളതാണ്. എങ്കിലും സര്‍ക്കാര്‍ ഇന്നോളം പ്രസ്തുത നിയമം പ്രാബല്യത്തിലാക്കിയിട്ടില്ല. മാത്രവുമല്ല, ഇക്കാലമത്രയും ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായിട്ടുളള വത്തിക്കാന്‍ രാഷ്ട്രത്തിന്റെ പൗരസ്ത്യ കാനോന്‍ നിയമങ്ങളും അനുബന്ധനിയമങ്ങളും ഇവിടെ നിരോധിക്കുകയോ തടയുകയോ ചെയ്യുകയു
ണ്ടായില്ല. അതിനാലാണ്, സഭയില്‍ 99.99% വരുന്ന അത്മായസമൂഹത്തിന്റെയും 0.01% വരുന്ന വൈദികസമൂഹത്തിന്റെയും അഭിവൃദ്ധിക്കും സഭയുടെ പൊതുനന്മയ്ക്കും വേണ്ടി അത്മായസമൂഹം നിയമനിര്‍മ്മാണത്തിന് തയ്യാറായത്. അതിനായി വിശ്വാസിസമൂഹത്തില്‍നിന്ന് അത്മായ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും, അവര്‍ 2014 ഫെബ്രുവരി 8, 9 തീയതികളില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ അസംബ്ലി ഹാളില്‍ 'നവീകൃതസഭ പുതുസഹസ്രാബ്ദത്തില്‍' എന്ന ലക്ഷ്യത്തിനായി സമ്മേളിക്കുകയും ചെയ്തു.
ഈ സമ്മേളനത്തിലേക്ക് മെത്രാന്‍പ്രതിനിധിയായി ഒരംഗത്തെയും, എല്ലാ രൂപതകളില്‍നിന്നും ഓരോ വൈദികപ്രതിനിധിയേയും അസംബ്ലിയില്‍ പങ്കെടുപ്പിച്ച് പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് അസംബ്ലി കണ്‍വീനര്‍ ശ്രീ. വിന്‍സന്റ് മാത്യു മേജര്‍ ആര്‍ച്ചു ബിഷപ്പിനോട് രേഖാമൂലം ആവശ്യ പ്പെട്ടിരുന്നതാണ്. എന്നാല്‍ മേജര്‍ ആര്‍ച്ചു ബിഷപ്പോ അദ്ദേഹത്തിന്റെ പ്രതിനിധിയോ വൈദിക പ്രതിനിധികളോ പങ്കെടുക്കാതെ സഭയുടെ അത്മായഅസംബ്ലിയെ അവഗണിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ അത്മായപ്രതിനിധികള്‍ അസംബ്ലി ചേര്‍ന്ന് വിശുദ്ധ ബൈബിളിനും സഭയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും സന്മാര്‍ഗ്ഗത്തിനും സ്വാഭാവിക നീതിക്കും പൗരാവകാശങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും വിരുദ്ധമായ പൗരസ്ത്യ കാനോന്‍നിയമങ്ങളും അനുബന്ധപള്ളി യോഗനടപടിക്രമങ്ങളും രൂപതാനിയമങ്ങളും സഭയില്‍ നിരോധിക്കുകയും, ഇത്തരം കരിനിയമങ്ങള്‍ ജീവനുളള കാലത്തോളം നസ്രാണിസഭയില്‍ അംഗീകരിക്കുകയില്ലെന്ന് കുരിശില്‍ കൈതൊട്ട് സത്യപ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടര്‍ന്ന്, 'നസ്രാണി കത്തോലിക്കാ (സീറോ-മലബാര്‍) സഭാനിയമം 2014' എന്ന പേരിലുളള നിയമത്തിനു രൂപംകൊടുക്കുകയും ചെയ്തു. ഈ നിയമം ക്രിസ്തീയ തത്വങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും ബൈബിളിലെ അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ക്കും സന്മാര്‍ഗ്ഗത്തിനും സഭയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും ദേശീയതയ്ക്കും പൗരാവകാശങ്ങള്‍ക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും സ്വാഭാവികനീതിക്കും ഇന്ത്യാരാജ്യത്തിന്റെ പരമാധികാരത്തിനും ഭരണഘടനയ്ക്കും വിധേയമായിട്ടുളളതും, അത്മായ സമൂഹത്തിന്റെയും ആത്മീയശുശ്രൂഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമാണ്.
ഇടവക സഭാട്രസ്റ്റ്, രൂപതാ സഭാട്രസ്റ്റ്, ആഗോളതല സഭാട്രസ്റ്റ് എന്നീ ത്രിതല ട്രസ്റ്റുകളായിട്ടാണ് പ്രസ്തുത നിയമത്തിന് അസംബ്ലി രൂപംകൊടുത്തിട്ടുളളത്. ഇടവക സഭാട്രസ്റ്റ് പൊതുയോഗംവഴി തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ത്രിതല ട്രസ്റ്റുകളുടെയും ചുമതല നിര്‍വ്വഹിക്കേണ്ടത്. ഇടവക സഭാട്രസ്റ്റ് പൊതുയോഗത്തില്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ സഭാംഗങ്ങള്‍ക്കെല്ലാം വോട്ടവകാശം ഉറപ്പാക്കിയിട്ടുണ്ട്. ത്രിതല ട്രസ്റ്റുകളിലും ഭാരവാഹിത്വം വഹിക്കുന്നതിന് മുപ്പത്തിരണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ത്രിതല ട്രസ്റ്റുകളിലും അതാത് പൊതുയോഗം അംഗീകരിച്ച ബഡ്ജറ്റിലൂടെ മാത്രമേ ധനവിനിയോഗം നടത്താവൂ എന്നും നിഷ്‌കര്‍ച്ചിട്ടുണ്ട്. ത്രിതല ട്രസ്റ്റുകളുടെ ധനവിനിയോഗത്തിന്റെ സുതാര്യത ഉറപ്പുവരുത്തുവാന്‍ ട്രസ്റ്റുകള്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം മൂന്ന് ഇന്റേണല്‍ ഓഡിറ്റേഴ്‌സിനെയും നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. ത്രിതലങ്ങളിലുളള എല്ലാ ട്രസ്റ്റുകളുടെയും പൊതുയോഗങ്ങളും കമ്മറ്റി യോഗങ്ങളും വിളിച്ചുചേര്‍ക്കുന്നതിന് ട്രസ്റ്റ് സെക്രട്ടറിമാരെയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മേജര്‍ ആര്‍ച്ചു ബിഷപ്പിനും അതിരൂപതാമെത്രാന്മാര്‍ക്കും രൂപതാമെത്രാന്മാര്‍ക്കും സഹായമെത്രാന്മാര്‍ക്കും അവരവരുടെ ആത്മീയസേവനത്തിന് അര്‍ഹമായ സേവന പ്രതിഫലം നിശ്ചയിക്കാതിരുന്നതുമൂലം സഭയില്‍ ഉണ്ടായിട്ടുളള ആക്ഷേപങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് അവരുടെ സ്ഥാനമാനങ്ങള്‍ക്ക് അര്‍ഹമായ പ്രതിമാസ സേവനപ്രതിഫലവും ആനുകൂല്യങ്ങളും നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. വൈദികര്‍ക്ക് ഇന്നു നല്‍കിവരുന്ന സേവനപ്രതിഫലം അപര്യാപ്തമായതിനാല്‍ അവര്‍ക്കും അര്‍ഹമായ സേവനപ്രതിഫലവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. മേജര്‍ ആര്‍ച്ചു ബിഷപ്പ് മുതല്‍ വൈദികര്‍വരെയുളള എല്ലാ ആത്മീയശുശ്രൂഷകരുടെയും ആയുഷ്‌ക്കാല സംരക്ഷണ ചുമതലയും സഭാട്രസ്റ്റുകള്‍ ഏറ്റെടുത്തുകൊണ്ട് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഭയില്‍ ഉടലെടുക്കുന്ന തര്‍ക്കവിഷയങ്ങള്‍ സഭയില്‍ത്തന്നെ പരിഹരിക്കുന്നതിന് ആര്‍ബിട്രേറ്റര്‍ സംവിധാനവും ഈ നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. എല്ലാ തരത്തിലും ആത്മീയമൂല്യങ്ങളും സാമൂഹികനീതിയും സമത്വവും സ്വാതന്ത്ര്യവും പൗരാവകാശങ്ങളുംമറ്റും സംരക്ഷിച്ചുകൊണ്ടുളള ഒരു സന്മാര്‍ഗ്ഗ നിയമത്തിനാണ് നസ്രാണികത്തോലിക്കാ (സീറോ-മലബാര്‍) അത്മായഅസംബ്ലി രൂപംകൊടുത്ത്, 2014 ജൂലൈ 3-ാം തീയതി മുതല്‍ സഭയില്‍ പ്രാവര്‍ത്തികമാക്കാന്‍ അംഗീകാരം നല്‍കിയിട്ടുളളത്.
അസംബ്ലിയുടെ നിര്‍ദ്ദേശപ്രകാരം 'നസ്രാണികത്തോലിക്കാ (സീറോ-മലബാര്‍) സഭാനിയമം 2014', സഭയിലെ രൂപതകളിലുളള എല്ലാ പളളികളിലും 2014 മെയ് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച കുര്‍ബാന മദ്ധ്യേയുളള അറിയിപ്പുവേളയില്‍ വായിക്കുന്നതിനും പളളികളുടെ നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്തുന്നതിനും 03-07-2014-ാം തീയതി മുതല്‍ സഭയില്‍ പ്രാബല്യത്തിലാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളോടുകൂടി അസംബ്‌ളി ജനറല്‍ കവീനര്‍ ശ്രീ. എം. എല്‍. ജോര്‍ജ്ജും, കണ്‍വീനര്‍ ശ്രീ. വിന്‍സന്റ് മാത്യുവും ചേര്‍ന്ന് 12-04-2014 ഏപ്രില്‍ 12-ാം തീയതി മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിക്ക് അയച്ചു കൊടുത്തിട്ടുളളതാണ്.
എന്നാല്‍ അസംബ്ലി നിര്‍ദ്ദേശപ്രകാരം 2014 മെയ് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നിയമം പള്ളികളില്‍ വായിക്കുകയോ നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്തുകയോചെയ്യാതെ അസംബ്ലി നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് പൗരസ്ത്യ കാനോന്‍ നിയമങ്ങളും അനുബന്ധ പളളിയോഗനടപടിക്രമങ്ങളും രൂപതാനിയമങ്ങളും ഏതു വിധേനയും സഭയില്‍ നിലനിര്‍ത്തുക എന്ന ഗൂഢലക്ഷ്യത്തോടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പൗരസ്ത്യ കാനോന്‍ നിയമങ്ങളും പളളിയോഗനടപടിക്രമങ്ങളും രൂപതാനിയമങ്ങളും ഇവിടെ ഉടനെതന്നെ നിരോധിച്ച് വത്തിക്കാന്റെ കടന്നുകയറ്റവും കൊളോണിയല്‍വാഴ്ചയും ഏകാധിപത്യനടപടികളും തടഞ്ഞ് 'നസ്രാണി കത്തോലിക്കാ (സീറോ-മലബാര്‍) സഭാ നിയമം 2014', 01-06-2014-ന് ഞായറാഴ്ച കുര്‍ബാന മദ്ധ്യേയുളള അറിയിപ്പുവേളയില്‍ മുഴുവന്‍ പളളികളിലും വായിക്കുന്നതിനും നോട്ടീസ് ബോര്‍ഡില്‍ പരസ്യം ചെയ്യുന്നതിനും 2014 ജൂലൈ 3-ാം തീയതി മുതല്‍ സഭയില്‍ പ്രാബല്യത്തിലാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമൊവശ്യപ്പെട്ടുകൊണ്ട് കേരളസംസ്ഥാന ചീഫ് സെക്രട്ടറിക്കും നിയമവകുപ്പ് സെക്രട്ടറിക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും അത്മായഅസംബ്ലിക്കുവേണ്ടി ജനറല്‍ കവീനര്‍ ശ്രീ. എം. എല്‍. ജോര്‍ജ്ജും കണ്‍വീനര്‍ ശ്രീ. വിന്‍സന്റ് മാത്യുവും ചേര്‍ന്ന് 21-05-2014 ന് ഹര്‍ജി ബോധിപ്പിച്ചിരിക്കുകയാണ്.
മെത്രാന്മാരുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഭരണാധികാരികളുടെയും സ്വാധീനസമ്മര്‍ദ്ദങ്ങളാല്‍ ഈ ഹര്‍ജി അവഗണിക്കപ്പെടാന്‍ ഇടയുണ്ട്. അതിനാല്‍ നിയമനടപടികളിലൂടെ നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. അതിന് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും സാമ്പത്തികസഹായവും അനിവാര്യമാണ്. 
ഫോണ്‍: 9497866439 

No comments:

Post a Comment