Translate

Friday, July 18, 2014

“എന്നെയുമൊന്ന് പ്രാകൂ...പ്ലീസ്.”

മുസ്ലിം ലോകം മുഴുവന്‍ നോയമ്പിന്‍റെ പിടിയില്‍. ഗള്‍ഫിലുള്ള ഞങ്ങളും ഈ പിടിയില്‍ തന്നെയെന്ന് പറയാം. മുസ്ലിമുകള്‍ക്ക്‌ നോയമ്പ് തുറയായാല്‍ സന്തോഷം വരും. ഇന്ന് വെള്ളിയാഴ്ച ഫ്രീ, എന്നിട്ടും എനിക്കാണെങ്കില്‍ പിരിമുറുക്കവും. ആകെ ടോട്ടല്‍ മൊത്തം കണ്ട്രോള്‍ പോവുന്നത് പോലെയാ എനിക്ക് തോന്നുന്നത്. കത്തോലിക്കാ സഭയുടെ പ്രാക്ക് കിട്ടിയാല്‍ രക്ഷപ്പെട്ടുവെന്ന് ജനങ്ങള്‍ ആശ്വസിക്കാന്‍ തുടങ്ങിയാല്‍ എങ്ങിനെയാ കണ്ട്രോള് പോവാതിരിക്കുക? 
ഫാ. ബനടിക്ടിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച ന്യായാധിപനായ കുഞ്ഞിരാമന്‍ വൈദ്യരെ പ്രാകി പ്രാകി ആ കുടുംബം മുഴുവന്‍ ഉന്നത നിലയില്‍, ഒരു മകന്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയും. ഇടുക്കിയില്‍ ശ്രി. പി റ്റി തോമസിനെ നിലം തൊടീക്കുകയില്ലെന്ന് മെത്രാന്‍ പറഞ്ഞത് കേട്ടു. വാനമേഘങ്ങളിലുള്ള സര്‍വ്വ മാലാഖാമാരും പുണ്യവാന്മാരും കൂടി ചേര്‍ന്നിട്ട്, ‘ഇയ്യാളാരാ ഇങ്ങിനെ പറയാന്‍’ എന്ന് ചോദിച്ചു ഹാലിളകിയത് കൊണ്ടാവണം, ഒറ്റയ്ക്ക് യാത്രപോയ പി റ്റി തോമസിന് ഹൃദയാഘാതം ഉണ്ടായപ്പോള്‍ കൃത്യ സമയത്തു തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അവരെല്ലാം കൂടി ഉത്സാഹിച്ചത്‌. ദൈവമേ! അങ്ങേര് വല്ല ധ്യാനകേന്ദ്രത്തിലോ വല്ലോം ആയിരുന്നുവെങ്കില്‍ ദൈവാനുഗ്രഹത്തിനു ദൃഷ്ടാന്തമായി ഈ സംഭവം കുറെയേറെ ഇടത്ത് എല്ലാവരും കൂടി വിളമ്പിയേനെ.
ഭൂലോകത്തുള്ള സര്‍വ്വ സോഷ്യല്‍ മീഡിയാകളിലൂടെയും അല്മായര്‍ തന്നെ  എഴുതുന്ന സഭാ കഥകള്‍ ജനം ഇപ്പോള്‍ ഈസോപ്പിന്‍റെ കഥകള്‍ വായിക്കുന്ന കൌതുകത്തോടെ വായിക്കുന്നു. പണ്ടൊക്കെ ഹിന്ദുക്കള്‍ ആയിരുന്നു മെത്രാന്മാര്‍ക്കും സഭക്കും നേരെ മുക്രായിടുമായിരുന്നത്. ഇടയ്ക്ക്, അന്ത്യ അത്താഴത്തിന്‍റെ അരിവാള്‍ ചുറ്റിക പതിപ്പുമായി ചില രാഷ്ട്രിയ കക്ഷികളും ഉണ്ടായിരുന്നു. ഇപ്പോള്‍ അവരെല്ലാം ഉള്‍വലിഞ്ഞു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെയും കത്തോലിക്കാ സഭയെയും നശിപ്പിക്കാന്‍ ഉള്ളില്‍ നിന്നുള്ളവര്‍ക്കെ പറ്റൂ എന്നെല്ലാവര്‍ക്കും മനസ്സിലായിയെന്നു തോന്നുന്നു. ഇപ്പൊ സഭക്കുള്ളില്‍ നിന്നും അല്മായര്‍ യുദ്ധം തുടങ്ങിയത് കൊണ്ട് അവര്‍ക്കെല്ലാം പരസ്പരമുള്ള മിസ്സൈലുകളും വായിച്ചു വെറുതെ ഇരുന്നാല്‍ മതി. ഇപ്പോ ഇതാ ഇപ്പന്‍റെ മകള്‍ക്ക് ജോലിയും കിട്ടി;  അതാകട്ടെ, ഒരച്ചന്‍ കൊടുത്ത ദുര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് യോഗ്യതായി പരിഗണിച്ചും. കത്തോലിക്കാ സഭയുടെ മൂല്യം പൊതു കമ്പോളത്തില്‍ കുത്തനെ ഉയരുന്നതിന്‍റെ ലക്ഷണം. പ്രശ്നം അതല്ല, വരും കാലങ്ങളില്‍ കത്തോലിക്കാ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവര്‍, ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റു കിട്ടാന്‍ എന്തതിക്രമവും കാണിച്ചു കൂടായ്കയില്ല. ജീവിത വിജയം നേടാന്‍ ഏതെങ്കിലും ഒരച്ചന്‍റെ പ്രാക്ക് വേണം എന്ന് ദൈവം തമ്പുരാന്‍ തന്നെ നിഷ്കര്‍ഷിച്ചാല്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും? സത്യജ്വാല സ്പോണ്‍സര്‍ ചെയ്തവരും ഉദ്ദിഷ്ട കാര്യം സാധിക്കുന്നതായി സാക്ഷ്യപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
ഇത്രേം വല്യ മരിയ ഭക്തനായിട്ടും ബെന്നി പുന്നത്തറക്ക് എങ്ങിനെ ഇതുപോലെ സംഭവിക്കുന്നുവെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എവിടെ അങ്ങേര് ധ്യാനം നടത്തിയാലും കൊന്തയും വിഡിയോയും  മുടക്കാറില്ല, പിന്നെങ്ങിനെ അങ്ങേര്‍ക്കു മന്ദത വരുന്നു? ഒരിടക്ക് രോഗശാന്തി കൊടുക്കാന്‍ കന്യാസ്ത്രികള്‍ പ്രാണിക് ഹീലിംഗും റെയിക്കിയും ഒക്കെ പഠിച്ചു പ്രാക്ടീസ് തുടങ്ങിയതാണ്‌. അപ്പോഴിതാ വരുന്നു ശാലോം, ഇതൊക്കെ സാത്താന്‍റെ തന്ത്രങ്ങളാണെന്നു പറഞ്ഞ്. കേട്ടപാടെ മെത്രാന്മാര്‍ അത് വിലക്കുകയും ചെയ്തു. രോഗ ശാന്തി വേണ്ടവര്‍ നിര്‍ബന്ധമായും അതിനായുള്ള ധ്യാനങ്ങളില്‍ പങ്കെടുക്കണം എന്ന് അവര്‍ പറഞ്ഞില്ലന്നെയുള്ളൂ. ഇവിടെ അഴിക്കുമ്പോള്‍ വേറൊരിടത്ത് മുറുകും. യൂറോപ്പിലാണെങ്കില്‍ ഇതൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി മാറാന്‍ കാരണം ഇവിടുത്തെ വിലക്ക് ആയിക്കൂടെന്നില്ല. ഇപ്പൊ ഇതാ ശാലോം മോഡിയെ അംഗീകരിക്കണം എന്നു പറയുന്നു. അദ്ദേഹത്തിന്‍റെ പേരിലുള്ളത് ഗുജറാത്തിലെ മുസ്ലിമുകളുടെ നേരെയുള്ള കൈയ്യേറ്റങ്ങള്‍ മാത്രമല്ലെയെന്നു ചോദിച്ചു കൊണ്ട് ശ്രീ ബെന്നി ഒരു തവളപത്രം ഇറക്കി കൂടായ്കയില്ല.  സത്യം പറയണമല്ലോ, BJP ഇന്നേവരെ സുറിയാനി ക്രിസ്ത്യാനികളെ തിരഞ്ഞു പിടിച്ച് ആക്രമിച്ചിട്ടില്ലല്ലോ. മോണിക്കയുടെ കൈയ്യില്‍ നിന്നും രൂപത ഉഭയസമ്മതപ്രകാരം കൈക്കലാക്കിയ ഭൂമിയില്‍ ഒരു കല്ലിട്ടാല്‍ വിവരം അറിയും എന്ന് ചിലര്‍ പറഞ്ഞത് തമാശയായി എടുക്കാവുന്നതേയുള്ളല്ലോ താനും. തട്ട് കിട്ടുന്നത് മുഴുവന്‍ ലത്തിന്‍ കത്തോലിക്കര്‍ക്കല്ലേ? ലത്തിന്‍ കാര് സുറിയാനിക്കാരോട് ഒരു പാട് ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ തട്ടില്‍ പിതാവ് പറയുന്നത്. അങ്ങിനെയാണെങ്കില്‍ അവരുടെ കര്‍മ്മ ഫലമായിരിക്കുമല്ലോ ഇപ്പോള്‍ അനുഭവിക്കുന്നത്.
ഒരു കാര്യം സത്യമാണ്, പ്രാര്‍ഥിച്ചാല്‍ ഫലം കിട്ടും. റക്ഷ്യക്ക്‌ മാനസാന്തരം കിട്ടാന്‍ വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് പപ്പാ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. കൃത്യമായി അവരെയെല്ലാം സുറിയാനി കത്തോലിക്കരാക്കണേ എന്ന് പറയാന്‍ മറന്നതിന്‍റെ ഫലം നാം കണ്ടു. ലോകത്തിനു മാനസാന്തരം ഉണ്ടാകാന്‍ വേണ്ടി അന്ന് പ്രാര്‍ഥിച്ചിരുന്നെങ്കില്‍ ഫ്രാന്‍സിസ് മാര്‍പ്പാക്ക് കര്‍ദ്ദിനാള്‍ ആയി തന്നെ മരിക്കാമായിരുന്നു. അനുഭവത്തില്‍ നിന്ന് പഠിക്കുന്നവരാണ് നമ്മുടെ മെത്രാന്മാര്‍. ഇപ്പോഴത്തെ പ്രാര്‍ഥനകള്‍ അക്കം പറഞ്ഞ് കമ്പ്യുട്ടറില്‍ അച്ചടിച്ചു വരുന്നു. ഒരു വൈദികന്‍ എന്തെല്ലാം പാപം സാധാരണയായി ചെയ്യുന്നുവെന്ന് അറിയാന്‍ കുര്‍ബ്ബാനയുടെ അവസാനമുള്ള വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ മതി. മെത്രാന്മാര്‍ക്ക് തെറ്റ് പറ്റാത്തതുകൊണ്ട് അവര്‍ക്ക് വേണ്ടി അങ്ങിനെ ഒരു പ്രാര്‍ത്ഥന ഇല്ല. എല്ലാം കൃത്യമായി പറയേണ്ടിവരുന്നതുകൊണ്ട് കുര്‍ബ്ബാന രണ്ടു മണിക്കൂര്‍ നീണ്ടെന്നിരിക്കും. അതാരുടെയും കുറ്റമല്ലല്ലോ. 
ശുദ്ധീകരണസ്ഥലത്തുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും ഫലിച്ചവയുടെ കൂട്ടത്തില്‍ പെടുത്താം. എന്ത് വേണ്ടി, ദൈവം ശുദ്ധീകരണസ്ഥലം തന്നെ വേണ്ടാന്ന് വെച്ചില്ലേ. ഈ മെത്രാന്മാരോടും അച്ചന്മാരോടും എനിക്കൊരു അപേക്ഷയുണ്ട്, “എന്നെയുമൊന്ന് പ്രാകൂ...പ്ലീസ്.”  

No comments:

Post a Comment