Translate

Wednesday, July 23, 2014

'' ഇനി വൈദികനാകാനുമില്ല, ജീവിക്കാന്‍ വിടൂ...''
Story Dated: Wednesday, July 23, 2014 01:16
തൊടുപുഴ: ''ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളും, സമൂഹവും എന്നെ ഭ്രാന്തനാക്കി. ഞാന്‍ ഇപ്പോള്‍ വൈദികനല്ല, ഇനി പുരോഹിതനാകാനും കഴിയില്ല. ഞങ്ങളെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ. ഇനിയും അനുഭവിക്കാനുള്ള കരുത്തില്ല'' - പറയുന്നതു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ മനോരോഗ ആശുപത്രിയില്‍ അടച്ച വൈക്കം ചെമ്പ്‌ സ്വദേശിയും വൈദികനുമായിരുന്ന ജയിന്‍ വര്‍ഗീസ്‌. പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ടശേഷമാണ്‌ ജയിന്‍ മംഗളത്തോടു പ്രതികരിച്ചത്‌.
ആലുവയിലെ ഇറ്റാലിയന്‍ സന്യാസിസഭയുടെ കീഴിലുള്ള സെമിനാരിയിലെ വൈദികനായിരുന്ന ജയിന്‍ വൈപ്പിന്‍ സ്വദേശിനി സുറുമിയെ വിവാഹം ചെയ്‌തതിനെത്തുടര്‍ന്നാണു മനോരോഗിയെന്നു പറഞ്ഞു ബന്ധുക്കള്‍ ഇദ്ദേഹത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചത്‌. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സുറുമി എന്ന മേരി ആശുപത്രിക്കുമുന്നില്‍ കുത്തിയിരുപ്പുസമരം നടത്തിയതോടെയാണ്‌ ജയിന്റെ മോചനം സാധ്യമായത്‌.
മേയ്‌ 31ന്‌ എറണാകുളത്തുവച്ച്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തശേഷം ഇരുവരും ബംഗളുരുവിലായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനെത്തിയപ്പോഴാണു ബന്ധുക്കള്‍ ജയിനെ മനോരോഗാശുപത്രിയില്‍ അടച്ചത്‌. ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി സുറുമി നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ജയിന്‍ പൈങ്കുളത്തെ സ്വകാര്യആശുപത്രിയില്‍ ഉണ്ടെന്ന്‌ കണ്ടെത്തി. സുറുമി കഴിഞ്ഞദിവസം ആശുപത്രിക്കു മുന്‍പില്‍ കുത്തിയിരുപ്പ്‌
സമരം നടത്തുകയും സംഭവം വിവാദമാകുകയും ചെയ്‌തതോടെ പോലീസ്‌ രാത്രിതന്നെ വൈദികനെ തലയോലപ്പറമ്പിലെ വീട്ടിലേക്കു മാറ്റി. ഇവിടുന്ന്‌ ഇന്നലെ പുലര്‍ച്ചെ രക്ഷപ്പെട്ട വൈദികന്‍ എറണാകുളത്ത്‌ എത്തുകയായിരുന്നു.
ബന്ധുക്കള്‍ പണം നല്‍കിയാണു തന്നെ ആശുപത്രിയില്‍ അടച്ചതെന്നും ഉറക്കമരുന്നു കുത്തിവച്ചുവെന്നും സുറുമി കുത്തിയിരുപ്പ്‌ സമരം നടത്തിയതോടെ പരാതിയില്ലെന്ന്‌ എഴുതി വയ്‌പിച്ചതിനുശേഷമാണ്‌ ആശുപത്രിയില്‍നിന്നു വിട്ടയച്ചതെന്നും ജയിന്‍ പറഞ്ഞു. പൗരോഹിത്യം ഉപേക്ഷിച്ചുവെന്നു സഭയെ അറിയിച്ചിരുന്നു. തുടര്‍ന്നു സഭയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തുകൊണ്ടുള്ള അറിയിപ്പും ലഭിച്ചു. സഭാ അധികൃതരുടെ കൈവശമുള്ള തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ടതുണ്ട്‌. എന്നാല്‍ ചിലര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌- ജയിന്‍ പറഞ്ഞു. ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ച്‌ ജയിന്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്‌. എവിടെയെങ്കിലും പോയി ജോലി സമ്പാദിച്ച്‌ ഒരുമിച്ച്‌ ജീവിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ ജയിനോടൊപ്പമുണ്ടായിരുന്ന സുറുമി പറയുന്നു. വിവാഹത്തിനുവേണ്ടിയാണു സുറുമി മതം മാറി മേരിയായത്‌. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയാല്‍ ബംഗളുരുവിലേക്ക്‌ തിരിച്ചുപോകുമെന്നും സുറുമി പറഞ്ഞു
.

- See more at: http://www.mangalam.com/print-edition/keralam/209540#sthash.gqp44Uzd.dpuf

No comments:

Post a Comment