Translate

Wednesday, July 9, 2014

പാവം ദൈവം!

ജ്ഞാതരും അജ്ഞാതരുമെല്ലാം ഒരുപോലെ 46 നഴ്സുമാരുടെ മോചനം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചപ്പോള്‍, നമ്മുടെ സഭാധികാരികളെ സമ്മതിക്കണം, അവര്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. അവരുടെ പ്രാര്‍ഥനകള്‍കൊണ്ടാണ് ആ അത്ഭുതം സംഭവിച്ചതെന്ന് ഉറപ്പില്ലാഞ്ഞിട്ടല്ല, പകരം മനുഷ്യന്‍ വെറും ചെണ്ടത്തോലു മാത്രമാണെന്ന് അറിയാമായിരുന്നതുകൊണ്ടാണത്. ആ മലേഷ്യക്കാര് ഇവിടെ വന്ന് ഒരു അഗ്നിശുദ്ധി-രോഗ ശാന്തി യാഗം നടത്തിയാല്‍ അറിയാമായിരുന്നതേ ഉണ്ടായിരുന്നുള്ളൂ, അവരുടെ വിമാനത്തിന്‍റെ കാര്യം. എല്ലാം ദൈവമാണല്ലോ പ്രവൃത്തിക്കുന്നത്. ഒരിടവകയില്‍ പള്ളി അടഞ്ഞുകിടക്കുമ്പോള്‍, ഇടവകക്കാരെല്ലാം കല്ലും തടിയുമായി ഇറങ്ങിയിട്ടും ഒരു മെത്രാന്‍ കുലുങ്ങാതെ കറങ്ങിനടന്നതും ഈ തിരിച്ചറിവിന് മറ്റൊരുദാഹരണം. ദൈവം പ്രവൃത്തിക്കട്ടെ എന്നായിരിക്കണം ആ മെത്രാനും കരുതിയിരിക്കുന്നത്. എന്തൊരു വിശ്വാസം! ദൈവം രക്ഷിക്കട്ടെ എന്ന് ഞാനും പ്രാര്‍ഥിക്കുന്നു. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടായിട്ടും നമ്മുടെ മേജര്‍ ബിഷപ്പും കറക്കത്തിനു കുറവൊന്നും വരുത്തുന്നില്ലല്ലോ. ഗള്‍ഫുകാരന്‍ ഷെട്ടി മുതല്‍ പലരും, വിഷമിക്കുന്ന ഈ നേഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തിട്ടും നാട് നീളെ ആശുപത്രികളുള്ള കത്തോലിക്കാ സഭ മിണ്ടിയോ? അതാണ്‌ എളിമ, മറ്റുളളവരെ പ്രവൃത്തിക്കാന്‍ അനുവദിക്കുക. വിശ്വാസികളും ഇത് കണ്ടു പഠിച്ചുതുടങ്ങി. പള്ളിക്ക് ഒരാവശ്യം വന്നാല്‍ പണമെടുത്ത് ഒരേറ്. തീര്‍ന്നു; പൈസാ എന്തേരെ വേണേലും തരാം പൊതുയോഗത്തിനും കൂട്ടായ്മക്കുമൊന്നും വരണമെന്ന് പറയരുത്, അതാണ്‌ വിശ്വാസികളുടെ ഇപ്പോഴത്തെ ഡിമാന്റ്. വികാരിയച്ചന്മാരെ അവരും ലാവിഷായിട്ട്‌ പ്രവൃത്തിക്കാന്‍ അനുവദിക്കുന്നു. മാര്‍ തോമ്മായുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണമെങ്കില്‍ ഇങ്ങനെ വേണം. എല്ലാവരും ഉത്തമരായാല്‍ സ്വന്തം മാര്‍പ്പാപ്പയുടെ വിലയാണിടിയുന്നതെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു ത്യാഗം ആയിരിക്കാനും മതി ഇതൊക്കെ.

മാര്‍പ്പാപ്പായാണെങ്കിലും കണ്ടുപഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്, എറണാകുളംവരെ വന്നാല്‍. പീഡനത്തിനിരയായവരെ വത്തിക്കാനില്‍ വിളിച്ചുവരുത്തി മൂന്നാല് മണിക്കൂര്‍ അവരുടെ ഒപ്പം ഇരുന്ന മാര്‍പ്പാപ്പക്ക് ധൈര്യമുണ്ടോ ഇവിടെങ്ങാനും വന്ന് ഇതുപോലൊരു വിസ്റ്റാ വിഷന്‍ പരിപാടി നടത്താന്‍? മേജര്‍ ആര്‍ച് ബിഷപ്പിന്പോലും ധൈര്യമില്ല, പിന്നല്ലേ? ഉള്ള കാര്യം തുറന്ന് പറയാന്‍ ഇപ്പൊ എനിക്കും തട്ടില്‍ മെത്രാനും മാത്രമേ ധൈര്യമുള്ളൂവെന്നു പറയണം. അങ്ങേര് പറഞ്ഞത്, പട്ടം കിട്ടിയപ്പോള്‍ പരിശുദ്ധാത്മാവ് ബ്രഹ്മചര്യത്തിന്‍റെയും സ്വിച്ച് ഓണാക്കുമെന്നാണ് കരുതിയിരുന്നതെന്നാണ്. പരി. ആത്മാവ് ചതിച്ചു എന്നങ്ങേരു പറഞ്ഞില്ല, പക്ഷേ, പറയുന്നവര്‍ ധാരാളം തൃശ്ശൂരു തന്നെ കാണണം. വിശ്വാസികളെ നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന കുറെ സന്തതികളെ പരി. ആത്മാവ് സഭയില്‍ കുത്തിത്തിരുകിയത് ശരിയായില്ലാ എന്ന അഭിപ്രായക്കാരായ വൈദികര്‍ നിരവധി ഉണ്ടു താനും. യൂ റ്റ്യൂബ് പോലെ സ്വന്തമായ ഒരു റ്റ്യൂബുണ്ടായിരുന്നെങ്കില്‍ ഇതുപോലുള്ള അനേകം സാക്ഷ്യങ്ങള്‍ നമുക്ക് കണ്ടാസ്വദിക്കാമായിരുന്നു.

ഇയ്യിടെ മെത്രാന്മാരുടെ ഉറക്കം കെടുത്തുന്നത് സാമുവേല്‍ പ്രവാചകന്‍ കേരളത്തില്‍ എത്തിയെന്നുള്ള വാര്‍ത്ത വൈറല്‍ പോലെ പടരുന്നുവെന്നതായിരിക്കണം. നിജസ്ഥിതി അറിയാന്‍ അല്മായശബ്ദം വായിച്ചവര്‍ ആകെ അങ്കലാപ്പിലാണെന്നാണ് അറിവ്; ദൈവരാജ്യം ഉള്ളില്‍ തന്നെയാണെന്ന് അവിടെയും എഴുതിയിരിക്കുന്നു. ഇതൊന്നും വായിക്കാതെയാണോ വേത്താനത്തച്ചന്‍ അതുമിതും പറഞ്ഞതെന്നു പലരും പരസ്പരം ചോദിച്ചത്രേ. യേശുവിനെ മനസ്സിലായത്‌ ആശുദ്ധാത്മാക്കള്‍ക്കാണല്ലോ എന്ന ഉള്ബോധം സാമുവേല്‍ അച്ചായനെയും കുഴപ്പിക്കാതിരിക്കില്ല. ‘അണലികളുടെ സന്താനങ്ങളേ’ എന്ന് തുടങ്ങുന്നതിലും വലിയ പ്രാര്‍ത്ഥന ചൊല്ലിയിട്ടും അനക്കമില്ലാത്തവരെ ദൈവകോപത്തില്‍നിന്ന് എങ്ങനെ രക്ഷപ്പെടുത്തും എന്നും സാമുവേലച്ചായന്‍ ആലോചിക്കുന്നുണ്ടാവണം.

സഭയെ വിമര്‍ശിക്കുന്നവര്‍ക്ക് വട്ടാണെന്ന് കരുതാത്ത സഭാധികാരികള്‍ കുറവ്. അവര്‍ക്ക് ഇന്ദുലേഖ എന്ന് കേട്ടാല്‍ ചന്തുമേനോന്‍ എന്നല്ല, കോടതി എന്നാണ് മനസ്സില്‍ ഇപ്പോള്‍ ആദ്യം വരുന്നത്. പണ്ടായിരുന്നെങ്കില്‍ പുല്ലു പോലെ കരുതുമായിരുന്ന വക്കില്‍ നോട്ടിസ് ഇപ്പോള്‍ വളരെ ബഹുമാനത്തോടെയാണ് സഭ കാണുന്നത്. ജയറാം രമേശിന്‍റെ കുറിപ്പ് കിട്ടിയപ്പോള്‍ എത്ര ബഹുമാനത്തോടെയാണ് അത് ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയ്തതെന്ന് എല്ലാവര്‍ക്കും അറിവുള്ളതല്ലേ? സത്യമെന്നുളള ഉത്തമ വിശ്വാസത്തോടെ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പി സി ജോര്‍ജ്ജ് പറഞ്ഞ ചില സത്യങ്ങള്‍ ഇങ്ങനെയാകുമെന്നു അങ്ങേരും കരുതിക്കാണില്ല. കേസില്‍ ഉണ്ടാകാന്‍ പോകുന്ന വഴിത്തിരുവുകള്‍ കാക്കനാട്ടുകാര്‍ക്ക് ശ്രദ്ധിച്ചല്ലേ പറ്റൂ. ഓരോ വൈദികനും അനുദിനമെന്നോണം എത്രയോ പ്രസംഗങ്ങള്‍ പറയേണ്ടതാണ്. ഒരായുഷ്കാലം ഏറ്റവും കൂടുതല്‍ പ്രസംഗങ്ങള്‍ നടത്തിയ ആളെ ഗിന്നസ് ബുക്കില്‍ ചേര്‍ക്കുന്നുവെന്നു വന്നാല്‍ അത് നമ്മുടെ സഭയിലെ ഒരാള്‍ക്കേ കിട്ടൂ, അത്ര ഉറപ്പാണെനിക്ക്. തീപ്പൊരി പ്രസംഗം നടത്തിപ്പോന്ന ഉമാ ഭാരതിക്ക് പോലും ഒരു ഇടവേള ഉണ്ടായിരുന്നല്ലോ. പ്രസംഗം കേട്ട് കേട്ട് പ്രതികരണശേഷി നശിച്ച ഒരു സമൂഹം എന്ന ബഹുമതിയും നമ്മുടെ സഭക്ക് തന്നെ കിട്ടാനിടയുണ്ട്.

ഫത്വായുടെ കാര്യമാണെങ്കിലും കേട്ടതും ഞെട്ടിയതും കേരളത്തിലുള്ള മറ്റൊരു വിഭാഗം തൊപ്പിക്കാരാണെന്നു ജനസംസാരം. സ്വന്തമായി വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന കോടതികളുള്ളവരായിരിക്കും ഈ തൊപ്പിക്കാരെന്നു ഞാന്‍ ഊഹിക്കുന്നു. അഡ്മിഷന്‍റെ ഈ തിരക്കൊന്നു കഴിഞ്ഞാല്‍ പേടിക്കുള്ള ചികിത്സ ഇവര്‍ തുടങ്ങുമായിരിക്കും.
സഭാസ്ഥാപനങ്ങള്‍ തലവരിപ്പണം വാങ്ങല്‍ നിര്‍ത്തുമ്പോള്‍ ഞങ്ങള്‍ ബാറുകളും നിര്‍ത്താം എന്നൊരു വാഗ്ദാനം ഏതാനും സത്യക്രിസ്ത്യാനികള്‍ കുറേക്കാലം മുമ്പ് നടത്തിയിരുന്നതായി ഓര്‍ക്കുന്നു. അവര്‍ക്ക് വേണ്ടി ദൈവം ബാറുകള്‍ ഈസിയായി നിര്‍ത്തിക്കൊടുത്തു, എന്ന് ഞാന്‍ ഊഹിക്കുന്നു. തലവരിപ്പണം വാങ്ങല്‍ നിര്‍ത്തിക്കാനുള്ള പതിനെട്ടടവുകളും ദൈവം പയറ്റി നോക്കി മടുത്തുകാണും. പക്ഷേ, അത് നില്‍ക്കുന്ന ഒരു ലക്ഷണവും കാണുന്നില്ല. പാവം ദൈവം! തോറ്റെന്നെന്താ സമ്മതിച്ചാല്‍, സ്വന്തം ജനത്തിന്‍റെ മുമ്പിലല്ലേ?

2 comments:

  1. തട്ടിലിന്റെ ആ പ്രസംഗം ചാഞ്ഞുനിൽക്കുന്ന കൊമ്പുകൾ വളയ്ക്കാനായിട്ടുള്ള ഒരു അഭ്യാസമല്ലേ ? തട്ടിലിന്റെ യൂറോപ്പ് പര്യടനം വിജയകരമായി തുടരുന്നു. ചിലയിടങ്ങളിൽ അദ്ദേഹം "യുവജന ധ്യാനവും" നയിക്കുന്നുണ്ടത്രെ!!! ( ജിസ്സമോൾ എന്ന യുവതിയുടെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥന നടത്തിയാവും തട്ടിലിന്റെ യുവജന ധ്യാനം തുടങ്ങുന്നത് എന്ന് നമുക്കാശിക്കാം) . ഒറ്റയ്ക്ക് ധ്യാനം നയിച്ചാൽ പങ്കെടുക്കാൻ ഒരു പട്ടിക്കുഞ്ഞു പോലും വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് മയക്കുവെടി ധ്യാനം നയിക്കാൻ അട്ടപ്പാടിയിലെ ആൾദൈവത്തിന്റെ അസ്സിസ്റ്റന്റും ഒപ്പമുണ്ട് .

    ReplyDelete
  2. റോഷന്റെ "പാവം ദൈവം! തോറ്റെന്നെന്താ സമ്മതിച്ചാല്‍, സ്വന്തം ജനത്തിന്‍റെ മുമ്പിലല്ലേ?" എന്ന വാചകം വളരെ ഹൃദയസ്പർസിയാനു! "ദൈവം അനന്യനാണെന്ന" വലിയ സത്യം മറച്ചുവച്ചു , തന്നില്നിന്നും അന്യമായ ഒരു ദൈവത്തെ പുരോഹിതമനസുകളിൽ സ്വയം മെനഞ്ഞുണ്ടാക്കി ,ആദൈവത്തിന്റെ കെയറോഫിൽ ജനത്തെ ആകമാനം പലസഭകളിലായി വീതിച്ചെടുത്തിട്ടു, അവനെ "മനുഷ്യൻ" (മനനം ചെയ്യുന്നവൻ) എന്ന മഹനീയ പദവിയിൽനിന്നും പാപം ചുമത്തി ,കുംബസാരക്കൂട്ടിലിട്ടു മനസിന്റെ അടിമത്തം തീറെഴുതിവാങ്ങി, അവനെ മൃഗമാക്കി, (ആടുകൾ) എന്ന് ഒരു മനസാക്ഷിക്കുത്തുമില്ലതെ വിളിച്ചവനിലെ ദൈവീകാംശത്തെ ഇല്ലാതാക്കിയ പുരോഹിതന്റെ മനസിന്റെ ക്രൂരതയ്ക്കുമുന്നിൽ ദൈവം എന്നെ തോറ്റുപോയി ! "ഞാനും പിതാവും ഒന്നാകുന്നു"എന്നാദ്യമായി ഉറക്കെ വിളംബരം ചെയ്തവന്റെ ആത്മബോധത്തെ "ഭ്രാന്തെന്ന്" ആക്ഷേപിച്ചപ്പോൾ, ദൈവം പുരോഹിതന്റെ മുന്നിൽ മൌനനായി നിന്നു! രോമം കത്രിക്കുന്നവന്റെ മുന്നിൽ ഒരാടെന്നപോലെ അവൻ മൂകനായി നിന്നു !കുരിശിലെ ക്രിസ്തുവിന്റെ വിലാപം ആ തോൽവിസമ്മതത്തിന്റെ ഉറക്കെയുള്ള ഓശയായിരുന്നു ! കാലം അതിതുവരെ ചെവികൊണ്ടില്ല എന്നതാണീ പുരോഹിത മേൽകൊയ്മയ്ക്കു കാരണം ....

    "പകുതി അടഞ്ഞ കതകു പകുതി തുറന്നതാണെന്ന" logic പോലെ , മൂല്യച്ച്യുതി വന്ന ഇന്നിന്റെ പൗരോഹിത്ത്യം സമൂഹത്തിന്റെ ശാപമാണെന്ന / ആപത്താണെന്ന തിരിച്ചറിവ് മൂലമാണു റോഷനെ ഞാൻ ഈ എഴുതുന്നിത് ! ദൈവം തോറ്റിടത്ത് നാം വെറും ക്രിപണർ എന്നാചെയ്യാനാ ? പേനയിലൂടെ ഇങ്ങിനെ കണ്ണീരൊഴുക്കാം കൈ വിറയ്ക്കും വരെ ......
    "പ്രസംഗം കേട്ട് കേട്ട് പ്രതികരണശേഷി നശിച്ച ഒരു സമൂഹം എന്ന ബഹുമതിയും നമ്മുടെ സഭക്ക് തന്നെ കിട്ടാനിടയുണ്ട്"എന്ന രോഷന്റെ കണ്ടെത്തൽ എത്ര വലിയ ശരി ! ആഭാസന്മാരായ പുരോഹിതരെ വീണ്ടും കുര്ബാന ചൊല്ലിക്കുന്ന സഭകൾ , അതിനായി വായ് തുറക്കുന്ന ജീവിയെ ഏതു തരത്തിലാണ് കാണുന്നതെന്നു വെറും ഒരു കുരങ്ങനും തലയിൽചൊറിഞ്ഞാൽ പിടികിട്ടുമെന്നാണ്‌ ഞാൻ കരുതുന്നത് .! "ചിന്തിക്കാൻ ഞങ്ങൾക്ക് മടിയാണ്, വിശ്വസിക്കാനായ് ജനിച്ചവർ ഞങ്ങൾ" എന്ന അടിമത്ത്വത്തിന്റെ മുദ്രാവാക്യം "മന്ത്രം" , മാമോദീസാ മുക്കുമ്പോളെ കത്തനാർ ഓരോ ശിശുവിന്റെയും കാതിൽ ഓതുന്നു എന്നെനിക്കു തോന്നുന്നു!

    ReplyDelete