Translate

Wednesday, July 2, 2014

ദൈവരാജ്യം നിനക്കുള്ളിൽ തന്നെയാണ്

എന്തുകൊണ്ടാണ് യേശുവിനെ സമഗ്രമായ മാനവീകതയുടെ ജിഹ്വയായി കാണേണ്ടത്, ഗിരിപ്രഭാഷണത്തിന്റെ അവസാനിക്കാത്ത അർഥവ്യാപ്തിയിൽനിന്ന് സഭാപ്രസ്ഥാനങ്ങൾ എങ്ങനെയാണ് വഴിതെറ്റിയത്, അന്തസുറ്റ ധാര്മികജീവിതമെന്നാൽ എന്താണ് എന്നെല്ലാം ലളിതമായി പ്രസ്താവിക്കുന്ന ഒരു പുസ്തകം കൈയിലെത്തി. ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് മുഴങ്ങിക്കേട്ട ലിയോ റ്റോൾസ്റ്റൊയിയുടെ പ്രവാചകശബ്ദമാണത്. ദൈവരാജ്യം നിനക്കുള്ളിലാണ് എന്ന് അത് സംഗ്രഹിച്ചു പറയാം. നീട്ടാനോ കുറുക്കാനോ വയ്യാത്തവിധം കാര്യമാത്രപ്രസക്തമാണ് അതിലെ ഓരോ അദ്ധ്യായവും. ഒരേ ജീവന്റെ ഭാഗമായ മനുഷ്യർ എന്തുകൊണ്ട് അന്യോന്യം ദ്രോഹിക്കുന്നു, സത്യം കണ്ടെത്തിയെന്നു വാദിക്കുന്ന മതങ്ങൾ എന്തുകൊണ്ട് എവിടെയും അസത്യമാർഗ്ഗങ്ങളെ പിന്തുടരുന്നു എന്ന രണ്ടു ചോദ്യങ്ങൾക്കാണ്‌ അദ്ദേഹം ഉത്തരമന്വേഷിക്കുന്നത്.
നമ്മളിൽ പലരും ആവർത്തിച്ചെഴുതിയിട്ടുള്ളതുപോലെ, അദ്ദേഹവും എത്രയോകാലം മുമ്പ് പറഞ്ഞു: ഞാൻ ക്രിസ്തുവിന്റെ പ്രബോധനങ്ങളിൽ വിശ്വസിക്കുന്നു. എന്നാൽ ക്രിസ്തുവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സഭാപ്രസ്ഥാനങ്ങൾ എന്ത് പഠിപ്പിക്കുന്നുവോ, അതിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന്. അതിനർഥം മറ്റൊന്നുമല്ല - ബോധ്യങ്ങളും സഭയുടെ ആഹ്വാനങ്ങളും വ്യത്യസ്തമാണ്. സഭയുടെ ആഹ്വാനങ്ങൾ ചെവിക്കൊണ്ടു നടക്കുന്ന വിശ്വാസി ജീവിതകാലം മുഴുവൻ പേറിക്കൊണ്ടു നടക്കുന്നത് യേശുവിരുദ്ധമായ ഒരു വിശ്വാസസംഹിതയാണു് എന്നത് ദാരുണമല്ലേ? എന്നാൽ ഈ തെറ്റ് ആർക്കുംതന്നെ തിരുത്താനാവുന്നില്ല. കാരണം, സഭകൾ അവയുടെ നിലപാടുകളെ കൂടുതൽ കർക്കശമാക്കി വിശ്വാസികളെ എന്നേയ്ക്കുമായി അവയിൽ കുരുക്കുകയാണ്. സഭാപ്രസ്ഥാനങ്ങൾ പൊതുവേ, യേശു തെളിച്ചുതന്ന വഴിയിൽനിന്ന് വ്യതിചലിച്ച്, സ്വയം വെട്ടിത്തെളിച്ച പാതകളിലൂടെ ചരിച്ചുകൊണ്ടിരിക്കുന്നു. യേശു തിരസ്ക്കരിക്കപ്പെട്ടിരിക്കുന്നു.
സഭാധികൃതർ അവകാശപ്പെടുന്ന രീതിയിൽ ക്രിസ്തു ഏതെങ്കിലുമൊരു സഭയെ സ്ഥാപിച്ചതായി സുവിശേഷങ്ങളിൽ പരാമർശമേയില്ല. മറിച്ച്, എല്ലാ സഭാസ്ഥാപനങ്ങൾക്കും എതിരെയുള്ള മുന്നറിയിപ്പാണ് അവിടുന്ന് നടത്തിയിട്ടുള്ളത്. ബാഹ്യമായ യാതൊരു അധികാരശക്തിയെയും അധികാരസ്ഥാനത്തെയും ക്രിസ്തു അംഗീകരിച്ചിരുന്നില്ല. "യാതൊരു മനുഷ്യനെയും നിങ്ങൾ അധികാരിയോ ഗുരുവോ ആയി കാണരുത്" എന്ന വാക്യം എന്നെ എന്നും ഹഠാദാകർഷിച്ചിരുന്നു. ദേവാലയം എന്ന സങ്കല്പത്തിന്റെ ഇന്നത്തെ അന്തരാർഥം തെറ്റാണ്. യേശുവിന്റെ പാത പിന്തുടരുന്നവർ, തങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടാകുമ്പോൾ, ഒന്നിച്ചുകൂടി ചർച്ചനടത്തി പരിഹാരം കണ്ടെത്താൻവേണ്ടിയുള്ള പൊതുവേദി എന്നാണ്  അതിനെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ കൂദാശകളും വിഗ്രഹാരാധനയും നടത്താനും, താത്ക്കാലിക അദ്ഭുതരോഗശാന്തിയുടെ മറവിൽ, ബൈബിളിന്റെയും അധികാരികളുടെയും തെറ്റാവരങ്ങൾ പ്രഘോഷിക്കാനുമുള്ള വേദിയായി ഇന്നത്‌ മാറിയിരിക്കുന്നു!
അപ്പോൾ എന്താണ് സഭ? സത്യം എന്നതിന്റെ പൂർണ ഉത്തരവാദിത്വം  ഏറ്റെടുക്കാൻ തയ്യാറുള്ള വിശ്വാസികളുടെ ഒരു കൂട്ടമാണ്‌ സഭ. എണ്ണമറ്റ സഭകൾ ഇന്ന് സമാന്തര സർക്കാരുകളായി മാറിയിരിക്കുന്നു. ലോകം കണ്ട  ഏറ്റവും പൈശാചികമായ ക്രൂരതകളുടെയും അടിച്ചൊതുക്കലിന്റെയും ചരിത്രമാണ് അവയ്ക്കുള്ളത്. യഥാർഥ ക്രിസ്തീയാദർശങ്ങളെ കുഴിച്ചുമൂടുന്ന പണിയാണ് സഭാസ്ഥാപനങ്ങൾ ഇന്ന് ഏറ്റെടുത്തു നടത്തുന്നത്. അദ്ഭുതപ്രവർത്തനങ്ങളുടെ പിന്നാലെ ആളുകളെ ഓടിച്ചുകൊണ്ടുപോകുന്നവർ മതവിശ്വാസമല്ല, മറിച്ച്, മതവിരുദ്ധതയാണ് പഠിപ്പിക്കുന്നത്.
ഭൌതികമായി മാത്രമല്ല, ദാർശനികമായും കൂടുതൽ മെച്ചപ്പെട്ട ഒരവസ്ഥയിലേയ്ക്ക് വളരുക എന്നത് മനുഷ്യപരിണാമത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് ജീവിതത്തെ അടിമുടി പൊളിച്ചെഴുതിക്കൊണ്ട്, കൂടുതൽ ഉന്മേഷപൂർണമായ അർഥപരിവേഷം നൽകിക്കൊണ്ട്, ജീവിതം സഫലമാക്കാനുള്ള ഉള്ക്കാഴ്ചയോടെ ചില മഹാജന്മങ്ങൾ ഓരോരോ കാലഘട്ടങ്ങളിൽ കുറേപ്പേരെയെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുന്നത്. അങ്ങനെ ചിലർ കണ്ടെത്തിയ സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ടത് മൂന്നാണ്. അവയിൽ ആദ്യത്തേത് വ്യക്തിക്ക് പ്രാധാന്യം കൊടുത്തപ്പോൾ, രണ്ടാമത്തേത് സമൂഹത്തിനാണ് മുൻഗണന കൊടുത്തത്. എന്നാൽ മൂന്നാമത്തേത് ഈ പ്രപഞ്ചത്തെ ആസകലം ഒന്നായി കാണുന്ന ഈശ്വരീയതയുടെ വഴിത്താരയാണ്. അതാണ്‌ യേശുവിന്റെ കാഴ്ചപ്പാടിലുള്ളത്. എന്നാൽ വ്യക്തിയിലും തുടർന്ന്, കുടുംബം, കൂട്ടം, ഗോത്രം, ജാതി, ദേശം തുടങ്ങിയവയിലുമുള്ള ഊന്നലിൽനിന്ന് ഇവയെയെല്ലാം മറികടക്കുന്ന അമർത്യവും നിത്യവുമായ ഈശ്വരസാന്നിദ്ധ്യത്തിന്റെ ആ തലത്തിലേയ്ക്ക് ഉയരാൻ വളരെ ചുരുക്കം പേർക്കേ ആകുന്നുള്ളൂ. വക്തിതലവും സാമൂഹികതലവും കടന്ന് ഈ പ്രപഞ്ചത്തോളം വിശാലമാകാൻ ആഹ്വാനം ചെയ്ത യേശുവിന്റെ മനസ്സിനെ പുല്കാൻ മുന്നോട്ടുവന്നവരെപ്പോലും പിന്നാക്കം നയിക്കുന്ന സങ്കുചിത മതങ്ങളാണ് ഇന്ന് മനുഷ്യത്വത്തിന്റെ തന്നെ എതിരാളിയായി പ്രവർത്തിക്കുന്നത്. ജീവൻ എന്ന പ്രാപഞ്ചികപ്രതിഭാസത്തെ ഒന്നായും മുഴുവനായും ഉള്ക്കൊള്ളാനാകണമെങ്കിൽ മനുഷ്യജീവന് മാത്രം വിലകല്പിച്ചാൽ മതിയാവില്ല. നമ്മൾ വ്യക്തിതലത്തിലും സമൂഹമായും ഒന്നിനൊന്ന് സ്വാർഥതയിലേയ്ക്ക് കൂപ്പുകുന്നതിന്റെ പിന്നിൽ ഈ കാഴ്ചപ്പാടിന്റെ അഭാവമാണ് കാരണം. അതിന്റെ പ്രധാന ഉറവിടങ്ങളായി ഇന്നത്തെ മതങ്ങൾ അധ:പ്പതിച്ചുപോയിരിക്കുന്നു. തത്സ്ഥാനത്ത്, ജീവന്റെ ചാലകശക്തി അസ്തിത്വത്തിന്റെ എകാത്മകതയിൽ ആണെന്നുള്ള ഹോളിസ്റ്റിക് ദർശനം വ്യാപകമാക്കുകയാണ് മനുഷ്യകുലത്തിന്റെ പൂർണമായ പ്രഫുല്ലതക്ക് ആവശ്യം.
എല്ലാം കരുണയിൽ കൊണ്ടെത്തിച്ച ബുദ്ധദർശനത്തിനും അപ്പുറത്തേയ്ക്കാണ് എല്ലാം സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കണമെന്നു പഠിപ്പിച്ച യേശു പോയത്. ക്രിസ്തീയത ജീവിതത്തിനർഥം നല്കുന്നത് ഈ സ്നേഹസിദ്ധാന്തം ഒന്നുകൊണ്ട് മാത്രമാണ്. പ്രപഞ്ചത്തിൽ എന്തെല്ലാമുണ്ടോ, അതിനോടെല്ലാം സ്നേഹമുണ്ടായിരിക്കുക എന്ന അവസ്ഥയിൽ നമ്മെ കൊണ്ടെത്തിക്കാത്ത ഒരു മതത്തിന്റെയും ലക്‌ഷ്യം ആദ്ധ്യാത്മികതയല്ല. ആദ്ധ്യാത്മകതയുടെ കേന്ദ്രബിന്ദു അവനവനുള്ളിൽത്തന്നെയാണ് എന്ന് കാണിച്ചുതന്നത് ഭാരതീയ ചിന്തയാണ്. മനുഷ്യന്റെ ഈ ആന്തര ചേതനാശക്തിയെയാണ് യേശു സ്വാംശീകരിച്ച് നമുക്ക് പറഞ്ഞുതന്നത്. അക്കാര്യം ഉൾക്കൊള്ളാനാവാതെ ക്രിസ്തുമതം ഇന്ന് നിന്നിടത്തു നിന്ന് വട്ടംകറങ്ങുകയാണ്. ആദ്ധ്യാത്മികതയെ തേടുന്നവർ അതിനു പുറത്തുകടക്കേണ്ട പരിതാപകരമായ അവസ്ഥ വന്നിരിക്കുന്നു.
ബാഹ്യാചാരങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന മതങ്ങൾ മൊത്തത്തിൽ കാപട്യത്തിന്റെ (ഹിപോക്രിസി) വാഹകരായിട്ടാണ് സമൂഹത്തിൽ നിലകൊള്ളുന്നത്. അവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും മാംസത്തിലും രക്തത്തിലും കാപട്യം കലർന്നുകഴിഞ്ഞു. സാർവത്രികമായ ഈ അഭിനയത്തിന്റെ അളവ് തിരിച്ചറിയാൻ വിഷമിപ്പിക്കുംവിധം യേശുവിന്റെ പ്രതിനിധികളെന്നു വിശേഷിക്കപ്പെടുന്ന പുരോഹിതരിൽ വളരെ കൂടുതലാണെന്ന് സമകാലിക സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.  എന്നാണ് ദൈവരാജ്യം വരുക എന്ന ചോദ്യത്തിന് യേശു പറഞ്ഞ ഉത്തരം ഒരു കൊല്ലവും തീയതിയുമല്ലായിരുന്നു. "ദൈവരാജ്യം നിങ്ങൾക്കുള്ളിൽ തന്നെ" എന്നായിരുന്നു അവിടുത്തെ അനന്യവും അതിമനോഹരവുമായ ഉത്തരം. ഈ സദ്വാർത്തക്ക് അംഗീകാരം കിട്ടണമെങ്കിൽ വിഗ്രഹാരാധകരുടെയും വഴിപാടനുസരിച്ച് അനുഗ്രഹം ചൊരിയുന്നവരുടെയും കൈകളിൽനിന്ന് സ്വതന്ത്രരാകാൻ മനുഷ്യർക്ക്‌ കഴിയണം.

പ്രൊഫ. അഗസ്റ്റിൻ എ. തോമസ്‌ സ്വതന്ത്രവിവര്ത്തനം നടത്തിയ ലിയോ റ്റോൾസ്റ്റൊയി യുടെ 'ദൈവരാജ്യം നിങ്ങൾക്കുള്ളിൽ തന്നെയാണ്' എന്ന പുസ്തകത്തിലെ മർമപ്രധാനമായ ചിന്തകളാണ് ഞാനിവിടെ  സംഗ്രഹിചെഴുതാൻ ശ്രമിച്ചിരിക്കുന്നത്. (Media House Kozhikkod, 2014)

 

1 comment:

  1. സാക് നെടുംകനാൽ എഴുതിയ ഈ ഗിരിപ്രഭാഷണം കേള്ക്കൂ വയട്ടിപ്പാട് സഭകളെ...അല്ലാഞ്ഞാൽ നിങ്ങളെ കാലം കൈവെടിയും,നിങ്ങൾ ക്രിസ്തുവിനെ അവന്റെ വചനപ്പൊരുളീനെ നിന്ദിച്ചതുപോലെ ! ഇത് സത്യം !

    ReplyDelete