Translate

Friday, July 25, 2014

എനിക്ക് പറയാനുള്ളത്

കേരള കത്തോലിക്കാ സഭക്ക് എന്തുപറ്റിയെന്നു പലപ്രാവശ്യം ഞാന്‍ ചിന്തിച്ചിട്ടുണ്ട്, ഈ ചോദ്യം എന്‍റെ അജ്ഞതയില്‍ നിന്നും വരുന്ന ഒരു ചോദ്യമല്ലായെന്നെനിക്ക് നന്നായറിയാം. എളിമപ്പെടാന്‍  വേണ്ടി ഏതറ്റം വരെ പോകണം എന്നു കാണിച്ചു തന്ന യേശുവിന്‍റെ മക്കള്‍ ഇന്ന് കേരള സംസ്ഥാനത്തെ ഏറ്റവും വലിയ ധനാഢ്യന്മാരാണ്, സംസ്ഥാന ഗവ. കഴിഞ്ഞാല്‍ ഏറ്റവും വലിയ സമ്പത്തുള്ളത് കേരള കത്തോലിക്കാ സഭക്കാണ്. രണ്ടു കോടിയില്‍ താഴ്ന്ന ഒരു പള്ളിയുമില്ല, ആരെയും കൂസണ്ട കാര്യവുമില്ല. തനിക്കു തെറ്റ്പറ്റിയെന്നു സമ്മതിക്കാന്‍ ഒരു മെത്രാനും കഴിയാത്ത തരത്തില്‍ അഹം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു, എല്ലാ അരമനകളിലും. അതാണ്‌ കാഞ്ഞിരപ്പള്ളിയിലും തൃശ്ശൂരും കൊല്ലത്തും ഇടുക്കിയിലും ഒക്കെ നാം കാണുന്നത്. അനുസരിക്കുക ഒരു വിശ്വാസിയുടെ കടമയാണ് എന്ന് പറയുന്നതുപോലെ വിശ്വാസികളെ രക്ഷയിലേക്ക് നയിക്കുകയെന്നത് പിതാക്കന്മാരുടെയും കടമയാണ്. താന്‍ വിശ്വസിക്കുന്ന കാനോനും താന്‍ കല്‍പ്പിക്കുന്ന അര്‍ത്ഥവുമാണ് ആത്യന്തിക സത്യം എന്ന്‍ പിതാക്കന്മാര്‍ ധരിച്ചുവശായിരിക്കുന്നു. ഇത് അവരുടെ അറിവിനെയല്ല പകരം ഉള്ളിലെ അജ്ഞതയെ ആണ് സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും നീചവും ഹീനവുമായ കുറ്റകൃത്യം ചെയ്യുന്നവനും സ്വന്തം മനസാക്ഷിയിലൂടെ ഒരു നീതികരണം കണ്ടെത്തിയിരിക്കും എന്നോര്‍ക്കുക. 
‘അഭിവന്ദ്യ പിതാവ് തുടര്‍ന്നു പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്നതല്ല’, കേരള ശബ്ദത്തിന്‍റെ ലേഖകര്‍ കുരീപ്പുഴ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൊല്ലം അരമന സന്ദര്‍ശിച്ചു മടങ്ങിയിട്ട് എഴുതിയത് ഇങ്ങിനെ. മെത്രാനെ അഭിവന്ദ്യ എന്ന് ചേര്‍ത്തു വിശേഷിപ്പിച്ചത്‌ എത്ര ബഹുമാനത്തോടെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആ വിശേഷണവും പിതാവേ എന്നുള്ള വിളിയും ചേര്‍ന്നാല്‍ എല്ലാമായി എന്ന് കരുതുന്ന മെത്രാന്മാര്‍ ഓര്‍ക്കുക, അവരില്‍ രണ്ടുപേരെ കേരള രാഷ്ട്രിയത്തിലെ രണ്ടു പ്രമുഖര്‍ വിശേഷിപ്പിച്ചത്‌ നികൃഷ്ട ജീവി എന്ന് വിളിച്ചാണ്. ആദ്യം കുറെ ഒച്ചപ്പാടുണ്ടാക്കി, രണ്ടാമത് ചില ഒറ്റപ്പെട്ട പ്രതിക്ഷേധസ്വരങ്ങള്‍ ഉണ്ടായി; നികൃഷ്ടജീവി എന്നിപ്പോള്‍ ഒന്നിനെയും ആരും വിളിക്കാറില്ല, കാരണം അതിന്‍റെ അര്‍ത്ഥം പാടെ മാറിപ്പോയിരിക്കുന്നു. വിശ്വാസികള്‍ക്ക് ഇതൊന്നും അത്ര ഇഷ്ടമുള്ള കാര്യമല്ല. അവര്‍ ആവശ്യപ്പെടുന്നത് മാതൃകാപരമായ പെരുമാറ്റം മെത്രാന്മാരില്‍ നിന്നുണ്ടാകണം എന്നാണ്. അതുണ്ടാവുന്നുമില്ല.
മാര്‍ത്തോമ്മായുടെ പാരമ്പര്യം നമുക്ക് വേണം. ഈ ശിക്ഷ്യനെപ്പറ്റി നാം കേട്ടിട്ടുള്ള കാര്യങ്ങള്‍ കോര്‍ത്തിണക്കിയാല്‍ ആ ശിക്ഷ്യന്‍ ഓരോ ശ്വാസത്തിലും യേശുവിനെ ആരാധിച്ചിരുന്നു. മനുഷ്യജീവിതത്തിന്‍റെ പരമമായ ലക്ഷ്യത്തെപ്പറ്റിയും, മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഈ ഭൌതിക ജീവിതം ആത്മാവിനെ എങ്ങിനെ നശിപ്പിക്കുമെന്നും ആത്മരക്ഷ എങ്ങിനെ  സാധിക്കാമെന്നും ഒക്കെയാണ് ആ അപ്പസ്തോലന്‍ പറഞ്ഞത്. അന്നും ഉണ്ടായിരുന്നു ആഡംബരങ്ങള്‍, അതൊന്നും അദ്ദേഹത്തെ ചഞ്ചലിപ്പിച്ചില്ല. അപ്പസ്തോലന്മാരുടെ നടപടിക്രമങ്ങള്‍ വായിക്കുക. ഒറ്റക്കും പെട്ടക്കുമല്ല സമൂഹമായും വംശമായുമാണ് ജനങ്ങള്‍ യേശുവിനെ അനുഗമിക്കാന്‍ തയ്യാറായത്. ഇന്നാകട്ടെ, ഏറ്റവും കൂടുതല്‍ ആളുകള്‍ വിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു മതം എന്നാണ് കേരള കത്തോലിക്കാ സഭ വിശേഷിപ്പിക്കപ്പെടുന്നത്.

യുഗാന്ത്യത്തെ പരാമര്‍ശിക്കുന്ന നിരവധി വെളിപാടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാത്തിലും തന്നെ പോരോഹിത്യത്തില്‍ വന്ന മൂല്യച്യുതിയെപ്പറ്റിയും പരാമര്‍ശിക്കുന്നു. മരിയ വാള്‍തോര്‍ത്താക്ക് യേശുവും മറിയവും നല്‍കിയ സന്ദേശത്തില്‍ “പുതിയ പോരോഹിത്യത്തിനു സംതൃപ്തിയോ സന്തോഷമോ ഇല്ലാതെ കഠിനമായ അറപ്പ് ബാധിച്ചു കഴിയുമ്പോള്‍ മനുഷ്യര്‍ നാരകീയ പ്രബോധനങ്ങളിലേക്ക് നയിക്കപ്പെട്ട് വിശ്വാസ ത്യാഗികളാവും” എന്നുണ്ട്.  പരി. കന്യകാ മറിയം  ഗാരബന്താളിലെ നാലു കുട്ടികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ “...അനേകം കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും വൈദികരും സര്‍വ്വ നാശത്തിന്‍റെ പാതയിലാണ്. അനവധി ആത്മാക്കളെയും അവര്‍ കൂടെ കൊണ്ടുപോകുന്നു.....” എന്ന് പറഞ്ഞിട്ടുണ്ട്. വസ്സുലാ റീഡനോട് യേശു പറഞ്ഞു, “:....ജാഗ്രത പാലിക്കുക, സാത്താന്‍ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ വ്യാജ പ്രവാചകന്മാരെയും ഏര്‍പ്പെടുത്തുന്നു....” അമേരിക്കയിലുള്ള ജെന്നിഫറിനും ജോണ്‍ ലിയരിക്കും കിട്ടിയ സന്ദേശങ്ങളില്‍ “വൈദികന്‍ വൈദികനെതിരായും കന്യാസ്ത്രി കന്യാസ്ത്രിക്കെതിരായും തിരിയും”, “എന്‍റെ സക്രാരി തൂണുകളുടെ മറവിലാണ്, എന്‍റെ തിരഞ്ഞെടുക്കപ്പെട്ട പുത്രന്മാരുടെ കൂട്ടത്തില്‍ ശരിയായ ഇടയന്‍ ഇല്ലാതായിരിക്കുന്നു....” എന്നും ഉണ്ട്. ഈ ദര്‍ശനങ്ങള്‍ എല്ലാം സഭ അംഗീകരിച്ചിട്ടില്ല. എന്തിന് ദര്‍ശനങ്ങളുടെ പിന്നാലെ പോണം? തലപ്പത്തിരിക്കാന്‍ തിരക്ക് കൂട്ടുന്നവരും, പിതാവേ എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരും, അരപ്പട്ടയുടെ വീതിയും വസ്ത്രങ്ങളുടെ തൊങ്ങലും ശരിയാക്കിക്കൊണ്ടിരിക്കുന്നവരുമായ ഭരണാധികാരികളെപ്പറ്റി വി. ബൈബിള്‍ പറയുന്നു. രണ്ടായിരം വര്‍ഷങ്ങളായിട്ടും ഈ ആരോപണം ഏറ്റു വാങ്ങാന്‍ നമ്മുടെ സഭാ പിതാക്കന്മാരല്ലാതെ ആരും ഉണ്ടായിട്ടില്ല. ഇനി വരുമെന്നും തോന്നുന്നില്ല. നോഹയുടെ കാലത്തുണ്ടായത് പോലൊരു മഹാപ്രളയത്തിനാണ് സാദ്ധ്യത. കുറെ അല്മായര്‍ രക്ഷപ്പെട്ടെങ്കിലായി. 

No comments:

Post a Comment