Translate

Sunday, February 15, 2015

കേജറിവാളും ഷെവലിയറും കത്തോലിക്കാ കോണ്‍ഗ്രസ് പാർട്ടിയും (ഭാവനകൾ)


അഴിമതി രഹിതമായ ഒരു ഭരണം വാഗ്ദാനം ചെയ്ത് ഇന്ത്യയുടെ തലസ്ഥാന നഗരി ഡൽഹിയിൽ അധികാരത്തിൽ വന്ന  കേജറിവാളിനെ  കെ.സി.ബി.സി. മെത്രാൻ സംഘടനകൾ (Kerala Catholic Bishops' Council) അഭിനന്ദിക്കുകയുണ്ടായി. ഡൽഹിയിൽ കത്തോലിക്കരുടെ വോട്ടുകൊണ്ടും കൂടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്നും ബിഷപ്പ് കൌണ്സിൽ വിലയിരുത്തുന്നുണ്ടാകാം. അഴിമതിക്കാരുടെ പേരിൽ ശക്തമായ നടപടികളെടുക്കുമെന്ന  കേജറി വാളിന്റെ പ്രസ്താവന  ബിഷപ്പ് കൌണ്‍സിലിൽ  ശക്തിയായ അങ്കലാപ്പുമുണ്ടാക്കിയിട്ടുണ്ട്. ഇതിനു ബദലായി ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ  കത്തോലിക്കാ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ആദ്യം കേരളവും പിന്നീട് കേന്ദ്രവും പിടിച്ചെടുക്കാനാണ് ബിഷപ്പ് കൌണ്സിൽ  പദ്ധതിയിട്ടിരിക്കുന്നതെന്നും അറിയുന്നു.  'ഘർ വാപസി'ക്കാരുടെ മതപരിവർത്തന നീക്കങ്ങൾ  ശക്തമായി  തടഞ്ഞ്  മിഷ്യനറി  പ്രവർത്തനങ്ങൾ  ഊർജിതപ്പെടുത്താനും തീരുമാനമായി. ഭാരതത്തെ മൊത്തമായി  ക്രൈസ്തവൽക്കരിക്കുകയും വേണം. പിടിയരിയുടെ അളവു കൂട്ടിയാൽ കോടിക്കണക്കിന്  ദളിതരെ  പുതു ക്രിസ്ത്യാനികളാക്കാമെന്നും  കണക്കു കൂട്ടുന്നു.


കേജറി വാളിന്റെ  ജനക്ഷേമകരമായ  വാഗ്ദാനങ്ങളെയും  മെത്രാൻസമിതി ചർച്ച ചെയ്തിരുന്നു. എത്രയെത്ര മന്ത്രിസഭകളെ  സഭ കണ്ടിരിക്കുന്നു. വിലയിരുത്തിയിരിക്കുന്നു. കുതികാൽ വെട്ടികളെക്കൊണ്ട് മറിച്ചിട്ടിരിക്കുന്നു. സഭയെ തൊട്ടുകളിച്ചാൽ തീക്കളിയാകുമെന്ന്   കേജറിവാളിനുമറിയാം. 1947-ൽ സർ സീപിയേയും 1957-ൽ  കമ്യൂണിസ്റ്റ്  മുന്നണിയേയും മറിച്ചിട്ട  പാരമ്പര്യവും സഭയ്ക്കുണ്ട്. കേജറിവാളിന് ഒരു  താക്കീത് കൊടുത്താൽ ഒതുങ്ങുന്ന കാര്യമേയുള്ളൂവെന്നും  സമിതിയിൽ അഭിപ്രായം പൊന്തിവന്നിരുന്നു. ഇലക്ട്രിസിറ്റി ബില്ല് പകുതിയാക്കലും ഗംഗാ വൃത്തിയാക്കലും, കുറ്റകൃത്യങ്ങൾ തടയാൻ ക്യാമറാ സ്ഥാപിക്കലും കേജറിവാളിന്റെ  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ടെങ്കിലും അതൊന്നും സഭയുടെ താല്പര്യവിഷയങ്ങളല്ല. സോണിയാ ഗാന്ധിയേയും  അവരുടെ മകനെയും മൻമോഹൻ സിംഗിനെയും ഉമ്മനെയും മാണിയേയും വരച്ച വരയിൽ നിറുത്തിയ ബിഷപ്പുമാർക്ക് കേജറിവാളിനെ നിലയ്ക്കു നിറുത്താൻ സാധിക്കുമെന്നും  കരുതുന്നു. ഡൽഹിയിലെ പള്ളി തകർക്കലിൽ കേജറിവാൾ നിശബ്ദത പാലിക്കുന്ന കാരണവും  വ്യക്തമല്ല.   ബി.ജെ.പി.യെ തോല്പ്പിക്കാൻ  എതിർ രാഷ്ട്രീയ പാർട്ടികളോ പള്ളിതന്നെയോ ഡൽഹിയിലെ  പള്ളി തകർക്കലിൽ നേതൃത്വം  കൊടുത്തിരിക്കാം.ഹിന്ദുമത മൗലിക വാദികൾ പള്ളികളിൽ  അക്രമം കാണിച്ചപ്പോൾ  കേജറിവാൾ  മൌനം പാലിച്ചതിൽ ബിഷപ്പുമാർക്ക്  ആശങ്കയുണ്ട്.  ഓരോ പള്ളി ഉയരുംതോറും അവിടെ യേശുവിനെ മുള്ളാണിയിട്ടു തറയ്ക്കുകയാണെന്നും കേജറിവാൾ കരുതുന്നുണ്ടാവാം. അത്രയും അന്ധവിശ്വാസവും മതതീവ്രതയും പുരോഹിത മെത്രാൻ അഴിമതികളും പള്ളി വീണുടയുന്നതിൽക്കൂടി  കുറയുമെന്നും അദ്ദേഹം  കണക്കു കൂട്ടുന്നുണ്ടാവാം.  ഡൽഹിയിലെ  ഇമാമിന്റെ പിന്തുണപോലും കേജറിവാൾ കാര്യമായി ഗൗനിച്ചില്ല. മതപിന്തുണയല്ല  ജനപിന്തുണയാണ് തനിക്ക് വേണ്ടതെന്നു  അദ്ദേഹം  പറയുന്നു. മത ശ്രേഷ്ഠന്മാർക്ക് അദ്ദേഹത്തിൻറെ അഭിപ്രായം അത്ര രുചിക്കുന്നില്ല.  അതിനിടയിലാണ് തലതിരിഞ്ഞചിലർ കേരളത്തിലും ഏ. എ. പി ( AAP)  പാർട്ടി അധികാരത്തിൽ വരണമെന്ന്  വാദിക്കുന്നത്. ഏ. എ. പി (AAP) യുടെ  നയ പരിപാടികൾ  സഭയെ ഭയപ്പെടുത്തുന്നു.
കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഏ. എ. പി (AAP)  ഭരണം പിടിച്ചെടുക്കുന്നെങ്കിൽ സഭയുടെ  നിലപാട് എന്തായിരിക്കാം?  പൊതുജനത്തെ വിഡ്ഡികളാക്കി ധ്യാനകേന്ദ്രങ്ങളുടെ മറവിൽക്കൂടി നടക്കുന്ന അഴിമതികൾ ഇന്നുള്ള  ഭരണകൂടങ്ങൾ  കണ്ടില്ലെന്നു നടിക്കുകയാണ്. കേരളസഭയുടെ ചരിത്രത്തിൽ തന്നെ  മോനിക്കയുടെ  വസ്തു  തട്ടിയെടുത്ത കഥ കുപ്രസിദ്ധമാണ്. ധ്യാനകേന്ദ്രങ്ങളിൽക്കൂടി  മനുഷ്യനെ മയക്കി പണം പിഴിയുന്ന ഒരു പ്രസ്ഥാനമായി കരിസ്മാറ്റിക്ക് കേന്ദ്രങ്ങൾ വളർന്നു കഴിഞ്ഞു. വിദേശപ്പണമുൾപ്പടെ കോടികളാണ് മായാജാലക്കാരായ ധ്യാനഗുരുക്കന്മാരുടെ പ്രസ്ഥാനങ്ങളിലേയ്ക്കൊഴുകുന്നത്. ഇടുക്കി ബിഷപ്പിന്റെ പുഴുത്ത വായിൽനിന്നു വരുന്ന തെറികൾ സഭയുടെ ആത്മീയതയെ ശൂന്യമാക്കിയിരിക്കുന്നു. സർക്കാരിന്റെ ഭൂമി ചുളുവിൽ കൈവശപ്പെടുത്തിയ തൃശ്ശൂർ ബിഷപ്പും അഴിമതികളിൽ മുമ്പിൽ തന്നെ. സലോമിയുടെ മരണം, കൊക്കന്റെ കുഞ്ഞിനോടുള്ള പീഡനം,  അഭയായുടെ ദീന രോദനം അങ്ങനെയങ്ങനെ സഭാകഥകൾ തുടരുന്നു. പാവപ്പെട്ട നേഴ്സുമാരെ അഹോരാത്രം പണിയെടുപ്പിച്ചാലും സർക്കാർ നിശ്ചയിച്ച വേതനം കൊടുക്കാതെ തുച്ഛമായ ശമ്പളം  കൊടുത്ത് ഹോസ്പിറ്റലുകൾ  ആദായമുണ്ടാക്കും. സഭയുടെ ജീവകാരുണ്യം പണക്കാർക്കായി പഞ്ചനക്ഷത്ര ഹോസ്പ്പിറ്റലുകൾ പടുത്തുയർത്തുന്നതിലാണ്.  പൌരാണിക പള്ളികൾ  പൊളിക്കുക, പുതുക്കുക, വെട്ടുമേനി കൂട്ടുക എന്നിങ്ങനെ സഭ മുഴുവനായി അഴിമതികൂമ്പാരമായിരിക്കുന്നു. ഭരിക്കുന്ന പാർട്ടിയെ പൂജിക്കുകയെന്ന നയമാണ് സഭയ്ക്കെന്നുമുള്ളത്. നരേന്ദ്ര മോഡിയെ ദേവനു  തുല്യമായി  പൂജിക്കാനും തുടങ്ങി.  യാതൊരു തത്ത്വസംഹിതകളുമില്ലാതെ അവസരത്തിനൊത്തു ഭരണകൂടങ്ങളെ താങ്ങുന്ന ഒരു നയമാണ് സഭയെന്നും അനുവർത്തിച്ചു വരുന്നത്. ജനസേവനമാണ് ഒരു ഭരണകൂടം ഉദേശിക്കുന്നതെങ്കിൽ സഭയുടെ ഈ തോന്ന്യാസങ്ങൾ അനുവദിക്കാൻ പാടില്ലാത്തതാണ്.  ചിന്തനീയമായ് ചില ഇരുണ്ട വശങ്ങൾ  ഇവിടെ വിശകലനം ചെയ്യാം.1.  പൊതുവഴികളിൽ നെറ്റിപ്പട്ടവും കെട്ടി  മുത്തുകുടയുമായി മെത്രാനെ എഴുന്നള്ളിക്കുന്ന സമയം  ട്രാഫിക്കുകൾ   ബ്ലോക്കാകുന്നു.  മറ്റു  വാഹനങ്ങളെ  കടത്തി വിടാതെ പൊതുജനങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കുന്നു. ആംബുലൻസിൽ   പോവുന്ന മരണാസന്നരായ രോഗികളുടെ നിലയും തത്സമയം പരിതാപകരമായിരിക്കും.  .2. വഴിനീളെ  കുരിശുപള്ളികൾ ഒരു മതേതര രാജ്യത്തിന് അന്തസുള്ള കാര്യമല്ല.  ക്രിസ്ത്യൻ രാജ്യങ്ങളിൽ പോലും ഇത് അനുവദനീയമല്ല. യാത്രക്കാരെ വഹിച്ചുകൊണ്ട് പോകുന്ന ബസുകൾ പോലും കുരിശുപള്ളിയിങ്കൽ നിറുത്തി നേർച്ചയിട്ടു പോവുന്നതു  കാണാം. അവരുടെ  സമയത്തെയും സൌകര്യത്തെയും വിലമതിക്കാതെയുള്ള  അത്തരം പ്രവർത്തികൾ  നീതിമത്കരിക്കാവുന്നതല്ല. മെഴുകുതിരികളും കത്തിച്ച്  വാഹനാകമ്പടികളോടെ ഭക്തരുടെ തെരുവ് യാത്രകൾ അതുവഴി കടന്നു പോവുന്ന വണ്ടികൾക്ക് തടസമാവുകയും പൊതുജനത്തിന് അസൌകര്യം സൃഷ്ടിക്കുകയും  ചെയ്യുന്നു. മോഡി സർക്കാർ  പൊതുനിരത്തുകളിൽ  പ്രത്യേകിച്ച് സ്ത്രീകൾക്ക് ലക്ഷക്കണക്കിന് ടോയിലറ്റുകൾ  സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ  കേരളത്തിലെ  പൊതുവഴികളിൽ കുരിശുപള്ളികൾ  പടുത്തുയർത്തുന്ന നിലപാടാണ് അഭിഷിക്തർക്കുള്ളത്.  കുരിശുപള്ളിയ്ക്കു ചുറ്റും കൂട്ടപ്രാർഥനയും   മണിയടിയും കുർബാനകളും പൊതുജനങ്ങളെ അസ്വസ്തരാക്കാറുണ്ട്.3. പ്രായപൂർത്തിയാകാത്ത പിള്ളേരെ  പുരോഹിതർ പീഡിപ്പിക്കുന്നതുമൂലം  ഭീമമായ സാമ്പത്തിക നഷ്ടങ്ങളാണ് പതിറ്റാണ്ടുകളായി യൂറോപ്പ്യൻ, അമേരിക്കൻ  സഭകൾക്ക് നേരിടേണ്ടി വന്നത്. ഇടവക ജനങ്ങളിൽനിന്നു സമാഹരിച്ച ഫണ്ട് കോടതി ചെലവുകൾക്കായി  ദുരുപയോഗം ചെയ്യുന്നതിനാൽ  അവിടങ്ങളിൽ സഭ പാപ്പരായിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള സാഹര്യങ്ങളുണ്ടാകാതെ ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ  ബാല സുരക്ഷാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.  ബാലപീഡകൾ യൂറോപ്പിലെയും അമേരിക്കയിലെയും പോലെ  കേരളത്തിലെ പള്ളികളിൽ അധികം അറിയപ്പെടുന്നില്ല. എങ്കിലും ഇവിടെയും മാതാപിതാക്കൾ  കുഞ്ഞുങ്ങളെ വേദപാഠക്ലാസ്സുകളിൽ വിടാൻ ആശങ്കയിലാണ്.  തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സർക്കാർ തലത്തിൽ ഒരു   സെമി പോലീസ് സംവിധാനത്തിന് സാധ്യതകളും ആരായുന്നു. പുതിയ രാഷ്ട്രീയ സംവിധാനത്തിൽ ബാല സുരക്ഷാ സേന രൂപികരിക്കുമെന്നും സഭാനേതൃത്വം ഭയപ്പെടുന്നുണ്ടാകാം. സീറോ മലബാർ  സഭയിൽ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന  അൾത്താര രഹസ്യങ്ങൾ പുറം ലോകമറിയാറില്ല. അരമനകളും  മഠങ്ങളും  അത്തരം കാര്യങ്ങൾ   പുറത്തുവിടാതെ സ്വന്തം   മതിൽക്കെട്ടിനുള്ളിൽ   രഹസ്യമായി സൂക്ഷിക്കും.4 . കൂറ്റൻ കോണ്‍ക്രീറ്റ്  കെട്ടിടം പണികളും  ആകാശം മുട്ടെയുള്ള പള്ളി പണികളും  വനങ്ങൾ വെട്ടി മുറിക്കലും മണൽ  വാരലും വന്യമൃഗ സങ്കേതങ്ങൾ തകർക്കലും അരുവികൾ മലിനമാക്കലുംവഴി  ഭൂമിയുടെ സമതുലനാവസ്ഥ നശിപ്പിക്കുന്നു. ഇത് ജനിക്കാൻ  പോവുന്ന തലമുറകളോട് ചെയ്യുന്ന അനീതി കൂടിയാണ്. ഇടുക്കി മലകളും സഹ്യന്റെ താഴ്വരകളും സഭയോടൊത്തു ജീവിക്കുന്നവരുടെ നിയന്ത്രണത്തിലായതുകൊണ്ട് ഗാഡ്ഗിൽ റിപ്പോർട്ടിനെ പുരോഹിതർ   ശക്തമായി എതിർക്കുന്നതു കാണാം. ഇത് തികച്ചും അവരുടെ  സങ്കുചിത മനസോടെയുള്ള സ്വാർത്ഥതയാണ്. പെരുന്നാളും വെടികെട്ടുംവഴി അന്തരീക്ഷവും മലിനമാക്കുന്നു. ഇതെല്ലാം സമൂഹത്തോടു ചെയ്യുന്ന കുറ്റകൃത്യങ്ങളെന്നു സഭ മനസിലാക്കണം5. കോളേജുകളിലും സ്കൂളുകളിലും അദ്ധ്യാപകരെ  നിയമിക്കാൻ ലക്ഷങ്ങൾ മേടിക്കുന്ന കോഴകളും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന അമിതഫീസും  കെട്ടിടനിർമ്മാണ സംഭാവനകളും ചോദ്യം ചെയ്യേണ്ടതാണ്. കോഴ കൊടുത്ത് വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന സ്ഥാപനങ്ങൾ ലോകത്ത് മറ്റൊരിടത്തും കാണില്ല. കേരളത്തിൽ കോളേജ് കോഴ ആരംഭിച്ചത് ക്രിസ്ത്യൻ പുരോഹിതരും നായർ സർവീസ് സൊസൈറ്റിയുമാണ്. മാമ്മോനോടുള്ള സഭയുടെ അമിതാർത്തിമൂലം  ദരിദ്രർക്കും ദളിതർക്കും വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നതും അധാർമ്മികമാണ്.6.  നിയമനം ലഭിക്കുന്ന അദ്ധ്യാപകരുടെ  ശമ്പളം  വൗച്ചറിൽ ഒപ്പിട്ട് മാനേജുമെന്റ് കരസ്തമാക്കുന്നു. പുരോഹിതരും കന്യാസ്ത്രീകളും നടത്തുന്ന ഇത്തരം കള്ളക്കളികൾ ഒരു അപരിഷ്കൃത രാജ്യത്തുപോലും കാണാൻ സാധ്യതയില്ല.  ജോലി ചെയ്യുന്നവർക്ക്  ജീവിതച്ചെലവിനുപോലും തികയാത്ത 2000 രൂപാ മുതൽ 3000 രൂപാ വരെ  നക്കാപ്പിച്ച  കൊടുത്ത് തൃപ്തിപ്പെടുത്തും.  അവരെക്കൊണ്ടു കഠിനമായ ജോലിയും ചെയ്യിപ്പിക്കും. പീഡനങ്ങളും നടക്കും. പുരോഹിതരിൽ മനുഷ്യത്വം പാടേ നശിച്ചുപോയിരിക്കുന്നു. ആരെങ്കിലും  ചോദ്യം ചെയ്താൽ മാനേജുമെൻറ്  അവരെ പിരിച്ചുവിടുകയും ചെയ്യും. അതുമൂലം പല കുടുംബങ്ങളെയും അർദ്ധ പട്ടിണിക്കാരാക്കും. കുപ്പായത്തിനുള്ളിൽ മനുഷ്യപിശാചുക്കളാണ് വസിക്കുന്നതെന്ന് അനുഭവിച്ചവർക്കേ  മനസിലാവുള്ളൂ.7 .  മറ്റൊരു സമുദായത്തിനോ,  ഒരു കോർപ്പറേഷനോ സാധിക്കാത്ത വിധം വൻകിട റീയൽ എസ്റ്റേറ്റ് സാമ്രാജ്യം സഭയുടെ നിയന്ത്രണത്തിലുണ്ട്. ഇതൊന്നും ഒരു മെത്രാന്റെയോ പുരോഹിതന്റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൂർവ തലമുറകളുടെ സംഭാവനകളാണ് സഭയുടെ ഈ വാരുണ്യ വർഗം കൈവശപ്പെടുത്തി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അല്മേനികളുടെ വിയർപ്പുതുള്ളികളായ നേർച്ചപ്പണം സമാഹരിച്ചുണ്ടാക്കിയ  സ്വത്തുക്കളുടെ കണക്കുകൾ പോലും അവർക്ക് കാണാൻ അവകാശമില്ല. ഏറിയ പങ്കും സ്വത്തുക്കൾ മെത്രാനും പുരോഹിതരും അടിച്ചു മാറ്റുന്നുണ്ടെന്നു വേണം അനുമാനിക്കാൻ.  ബാക്കി അഭയാക്കേസിനും കൊക്കന്റെ കേസ്സിനും പുരോഹിതരുടെ ലൈംഗിക പീഡന കേസുകൾക്കുമായി കണക്കില്ലാതെ ചെലവഴിക്കുന്നു. സഭയുടെ സ്വത്തുക്കൾക്ക്  നികുതിയും  കാണില്ല.  അല്മായരെ  സഭാസ്വത്തുക്കളുടെ നടത്തിപ്പിൽ  പങ്കാളികളാക്കാൻ പുരോഹിതവർഗം  അനുവദിക്കില്ല. അതിനായി   അന്തരിച്ച  കൃഷ്ണയ്യർ  കൊണ്ടുവന്ന  ചർച്ച് ആക്റ്റ്  പാസാക്കുവാൻ  ഇവർ വിസമ്മതിക്കുന്നു. നിയമസഭാ സാമാജികരെ സ്വാധീനിക്കുന്നതുകൊണ്ട് നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ എന്നും ഇവരോടപ്പമാണ്. വോട്ടുബാങ്ക് തേടി നടക്കുന്ന രാഷ്ട്രീയക്കാർക്ക്  വേണ്ടത് നീതിയും സത്യവുമല്ല. ദേവസ്വം ബോർഡു പോലെയോ വക്കഫ് ബോർഡു പോലെയോ ഒരു നിയമം ക്രിസ്ത്യാനികൾക്കില്ലാത്തത് നീതീകരിക്കാവുന്നതല്ല. അത് നികുതി കൊടുക്കുന്നവനെതിരെയുള്ള  വിവേചനവും  മഹത്തായ   ഇന്ത്യൻ ഭരണഘടനയുടെ പോരായ്മയുമാണ്.8 . അഴിമതികളിൽ മുങ്ങിയിരിക്കുന്ന ധനകാര്യ മന്ത്രി മാണിയെ സഹായിക്കാൻ സഭ മുമ്പിലുള്ളതും സഭയ്ക്കുള്ളിലുള്ള അഴിമതികൾ പുറത്താകുമെന്ന ഭയംകൊണ്ടെന്നും കരുതണം.  മാണിയുടെ ജീവിതം എക്കാലവും പള്ളിയും  പട്ടക്കാരുമൊത്തായിരുന്നു. മാണി കുടുങ്ങിയാൽ അതോടൊപ്പം പല പുരോഹിതരും അകപ്പെടുമെന്നും  സഭ ഭയപ്പെടുന്നുണ്ടായിരിക്കാം. ശ്രീ പവ്വത്തിലിനെപ്പോലുള്ള സഭയുടെ തലപ്പത്തുള്ളവർ അഴിമതിക്കാർക്കനുകൂലമായി  ശബ്ദമുയർത്തണമെങ്കിൽ അഴിമതിയിൽ മുങ്ങിയ സഭയെ രക്ഷിക്കാനെന്നും അനുമാനിക്കണം.9 . 'ഘർ വാപസി' മൂലം ഹൈന്ദവർ മതം മാറ്റം നടത്തുന്നതിൽ ക്രിസ്തീയ പുരോഹിതർക്ക് സഹിക്കാൻ സാധിക്കുന്നില്ല. ഇന്നു കാണുന്ന ക്രിസ്ത്യാനികൾ ഹൈന്ദവ മതത്തിൽനിന്നും  മാർഗം കൂടിയ സമയം ഹിന്ദുജനതയ്ക്കന്നുണ്ടായിരുന്ന  വികാരങ്ങളെ അഭിഷിക്തർക്ക് ചിന്തിക്കാൻ സാധിക്കുമോ?  പിടിയരിക്കും ഒരു തുകർത്തിനും വേണ്ടി ക്രിസ്ത്യാനികളായി മാർഗം കൂടിയവരാണ് ഭൂരിഭാഗം ദളിതരും. ഇപ്പോഴത്തെ ഇവരുടെ അടവ്  പെറ്റു പെരുകുന്ന കുടുംബങ്ങളെ സമ്മാനങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കലാണ്. ഇതുമൂലം കഷ്ടപ്പെടാൻ പോവുന്നത് ദരിദ്ര കുടുംബങ്ങളാണെന്നും മനസിലാക്കണം. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുക്കുകയെന്നുള്ളത്  സഭയുടെ  മാത്രമായ പാരമ്പര്യമാണ്.10 . ദളിതരുടെ അവകാശങ്ങൾക്കായി സഭ അവരോടൊപ്പം തുടർന്നും പോരാടുമെന്നും  പുരോഹിതരും മെത്രാന്മാരും മാറി മാറി വീമ്പടിക്കാറുണ്ട്. കത്തോലിക്കാ സഭയിൽ ജാതി വ്യത്യാസമില്ലെന്ന്  അബേദ്ക്കറെയും  നെഹ്രുവിനെയും ധരിപ്പിച്ചത് അഭിഷിക്ത ലോകമായിരുന്നു.  തന്മൂലം അവരുടെ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ  ഇല്ലാതാക്കി. ഹിന്ദുദളിതർക്ക് സംവരണം വഴി ആനുകൂല്യം കിട്ടുമ്പോൾ അത് ക്രിസ്ത്യൻ ദളിതർക്ക് സർക്കാർ നിഷേധിക്കുന്നു. അതിനു കാരണം സഭയുടെ കാപട്യത്തിന്റെ മുഖംമൂടിയായിരുന്നു. സഭാവക സ്ഥാപനങ്ങളിൽ ദളിതർക്ക്  തൂപ്പുജോലി, കുശിനി ജോലികൾ നൽകിയെങ്കിലായി. ഓഫീസ് ജോലികളോ  അധ്യാപക ജോലിയോ അർഹമാണെങ്കിൽത്തന്നെയും   ദളിതർക്ക് നല്കില്ല. പ്രൊഫഷണൽ ജോലിയുള്ള ക്രിസ്ത്യൻ ദളിതർ സഭാ സ്ഥാപനങ്ങളിൽ  വളരെ വിരളമായെ കാണുള്ളൂ.11.  ഇന്ന്  പുരോഹിതരോടും മെത്രാന്മാരോടും ജനത്തിന്  മതിപ്പില്ലാതായിരിക്കുന്നു.  അതിനുള്ള കാരണങ്ങളെന്തന്നു അന്വേഷിക്കാനുള്ള ക്ഷമയും അവർക്കില്ല. അല്മേനികൾ  ആഡംബര ജീവിതം നയിച്ചാൽ പുരോഹിതർ പള്ളിപ്രസംഗങ്ങളിൽക്കൂടി  ഒച്ചപ്പാടുണ്ടാക്കും. ലളിത ജീവിതം  ശൈലിയാക്കണമെന്ന്  വാതോരാതെ  പ്രസംഗിച്ചു നടക്കും. മെത്രാന്റെ ആഡംബര ജീവിതം ക്രൈസ്തവ  മൂല്യങ്ങളെ പൂർണ്ണമായും നശിപ്പിച്ച  കാര്യം അവർ മറച്ചു വെയ്ക്കുന്നു. സമൂഹത്തിന് നന്മ ചെയ്യുന്നതിനു  പകരം  ആർഭാട  ജീവിത സൌകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് പുരോഹിതരും   ശ്രമിക്കുന്നത്.  അരമനകൾ ആധുനികരിച്ചും  മെത്രാനായി പ്രത്യേക ആഡംബര കാറുകൾ  വാങ്ങിച്ചും  സഭയുടെ പണം ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യുന്നവനെ   സഭയുടെ ശത്രുവായും കരുതും. കേരളാ കത്തോലിക്കാ കോണ്‍ഗ്രസ്സ് സ്വന്തം അവകാശ സംരക്ഷണങ്ങൾക്കായി രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ   തീരുമാനമായിട്ടുണ്ട്.  അങ്ങനെ വരുന്നപക്ഷം  ബിഷപ്പുമാരുടെ  പിന്തുണ കേജറിവാളിന്റെ 'ആം ആദ്മി പാർട്ടിക്ക്' ലഭിക്കാൻ സാധ്യത കുറവാണ്.  ആശയവൈരുദ്ധ്യങ്ങളാണ്  കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പുതിയതായി ഉദയം ചെയ്ത പാർട്ടിയുടെ നയപരിപാടികളുമായി  ഒത്തുപോവുക പ്രയാസമായിരിക്കും. ഭരണം  കത്തോലിക്കാ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലായാൽ അത് ഇന്നുള്ള സാമൂഹിക വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതായിരിക്കും. അങ്ങനെ  സംഭവിക്കുന്നപക്ഷം ' കത്തോലിക്കാ കോണ്‍ഗ്രസ്  പാർട്ടി' നടപ്പാക്കാൻ സാധ്യതകളുള്ള  പദ്ധതികളെ ഒന്ന് അവലോകനം ചെയ്യാം.1. അഭിവന്ദ്യ തിരുമേനിമാരുടെ ഏറ്റവും വിശ്വസ്തനായ ഒരാളായിരിക്കും മുഖ്യമന്ത്രി.  ഷെവലീയർ സെബാസ്റ്റ്യന്  ആ സ്ഥാനം അലങ്കരിക്കാനുള്ള എല്ലാ യോഗ്യതകളുമുണ്ട്. വക്കീലായി കോർട്ടിൽ പോവാത്തതുകൊണ്ട് അദ്ദേഹത്തിന് സമയവും ആവശ്യത്തിനുണ്ട്.  രാഷ്ട്രീയക്കളരിയിൽ അടരാടാനുള്ള പ്രായോഗിക പരിശീലനം കാഞ്ഞിരപ്പള്ളി ബിഷപ്പിൽനിന്നും ലഭിച്ചിട്ടുമുണ്ട്. അദ്ദേഹത്തോടൊപ്പം   കൈകോർത്തു പിടിച്ചുകൊണ്ട്  ലോകം മുഴുവൻ യാത്ര ചെയ്തതും ഷെവലിയറിന്റെ  ഒരു നേട്ടമാണ്. കത്തോലിക്കനെന്നു വെച്ചാൽ  തരീതു കുഞ്ഞിത്തൊമ്മനെപ്പോലെ ശുഷ്ക്കാന്തിയൊടെ ആഫ്രിക്കയിലെ ജിറാഫുകളുടെയിടയിലും തേടിയലയും. സ്ഥാനം കിട്ടിയാൽ അധികം സംസാരിക്കാൻ  ഷെവലിയറെ   അനുവദിക്കരുതെന്ന് മാത്രം.2. കരിഷ്മാറ്റിക്ക് ഗുരുക്കന്മാരും  പോട്ടയിലെയും അട്ടപ്പാടിയിലെയും ദൈവികാത്ഭുതങ്ങൾ കാണിക്കുന്നവരും സർക്കാരിന്റെ ഉപദേശക സമിതിയിൽ  അംഗങ്ങളായിരിക്കും. സഭയുടെ കാതലായ തീരുമാങ്ങളെടുക്കുന്ന ഉത്തരവാദിത്വം മന്ത്രിസഭയ്ക്കായിരിക്കും.3. പോട്ടയും അട്ടപ്പാടിയും 'ഡിവൈൻ യൂണിവേഴ്സിറ്റി' കളായി ഉയർത്താനുള്ള തീവ്രമായ ആലോചനകളുമുണ്ട്. പള്ളിത്തീയൊളജി നിർബന്ധമായി പഠിപ്പിക്കുന്നതിനൊപ്പം മെത്രാനെപ്പോലെ ജോലി ചെയ്യാതെ  ആഡംബരമായി എങ്ങനെ ജീവിക്കാമെന്ന സാമ്പത്തിക വിഷയങ്ങളും വിദ്യാർത്ഥികൾക്ക്   ഐച്ഛിക വിഷയങ്ങളായി  എടുക്കാം. അത്ഭുത ജാലമന്ത്രങ്ങൾ  പഠിക്കാൻ കടുത്ത ഫീസ് ഈടാക്കും. അട്ടപ്പാടി ധ്യാനഗുരുവച്ചന്റെ ജീവിതം ആധാരമാക്കിയുള്ള   ഒരു ഗവേഷണ കേന്ദ്രംകൂടി യൂണിവേഴ്സിറ്റിവകയായി സ്ഥാപിക്കും.4 . ബാലപീഡനം, സ്ത്രീപീഡനം എന്ന പേരിൽ  അനേക പുരോഹിതരെ പോലീസ് പീഡിപ്പിക്കുന്നതായി അറിയുന്നു. അങ്ങനെ പീഡനം സഹിക്കുന്നവരെ വിശുദ്ധരാക്കാൻ വത്തിക്കാനെ സ്വാധീനിക്കുന്നതായിരിക്കും. കുറ്റകൃത്യങ്ങളുടെ പേരിൽ  കേസുകളിലും ജയിലിലും  കഴിയുന്ന പുരോഹിതരെ ജയിൽ വിമുക്തരാക്കി ഒഴിഞ്ഞുകിടക്കുന്ന  ഉന്നത സ്ഥാനങ്ങളിൽ നിയമിക്കാനുള്ള തീരുമാനങ്ങളുമുണ്ട്.'5. ഹല്ലേലുയ്യാ സ്തോത്രം'  കേരള സർക്കാരിന്റെ മുദ്രാവചനമായി കണക്കാക്കും. അമ്പലങ്ങളിലും പൊതുസ്ഥലങ്ങളിലും ശങ്കുനാദം ഊതുന്നതും മോസ്ക്കുകളിലെ 'ബാങ്ക്' വിളികളും നിരോധിക്കുന്നതായിരിക്കും.6. വേദപാഠം ക്ലാസ്സുകൾ  സ്കൂൾ തലങ്ങളിൽ നിർബന്ധമാക്കും. അക്രൈസ്തവരായവർ ബൈബിളും സഭയുടെ വചനങ്ങളും പഠിച്ചേ മതിയാവൂ. അത്മായശബ്ദം പോലുള്ള ബ്ലോഗുകളും സത്യ ജ്വാലയും ചില കുരുത്തംകെട്ട പിള്ളേരുടെ ഫേസ്ബുക്ക് വെബുകളും നിരോധിക്കുന്നതുമായിരിക്കും. ഇതിലെ എഴുത്തുകാർക്ക് ഇന്നുള്ള അഭിപ്രായ സ്വാതന്ത്ര്യം സഭയുടെ ചട്ടക്കൂട്ടിനുള്ളിലായിരിക്കും.  7. മെത്രാന്മാർക്ക്  കഴുത്തിലണിയാനുള്ള  സ്വർണ്ണക്കുരിശുകളും ദേഹത്തണിയുന്ന വിശേഷ മേലങ്കികളും അംശവടികളും ആവശ്യമുള്ളവർക്ക്  സർപ്പത്തലയുള്ള വടികളും സർക്കാർവക സൗജന്യമായി നല്കുന്നതായിരിക്കും. അവരുടെ കൈകൾ മുത്തുകയെന്നതും സഭാ പൌരന്മാരുടെ കടമയായിരിക്കും.8. അച്ചന്മാർക്കും കന്യാസ്ത്രികൾക്കും സേവനത്തിനായി  സഭയിൽ ധാരാളം അവസരങ്ങളുണ്ടാക്കും.  സെമിനാരിയിലും  മഠങ്ങളിലും ചേരുവാൻ ചെറുപ്പമായവർ വിമുഖത കാണിക്കുന്നതും അന്വേഷണ വിധേയമാക്കും.  അതിനു പരിഹാരമായി നിർബന്ധിത  സെമിനാരി പരിശീലനം നടപ്പാക്കും. ഒരു വീട്ടിൽ ഒരു കുട്ടിയെങ്കിലും സന്യസ്ഥം സ്വീകരിക്കണമെന്ന നിയമവും നടപ്പാക്കും. സന്യസ്തം ഉത്തമമെന്ന ധാരണ കുട്ടികളുടെ മനസ്സിൽ കുഞ്ഞുനാളു മുതൽ വളർത്തിയെടുക്കും. കൂടുതൽ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാത്ത  കുടുംബങ്ങളുടെമേൾ അധിക  നികുതി ചുമത്തലും കർശന നടപടികളുമുണ്ടാകാം. മതം മാറി വരുന്ന പുതുക്രിസ്ത്യാനികൾക്ക് പിടിയരിയും ധരിക്കാൻ  തോർത്തും അരമനവക സൗജന്യമായിരിക്കും.  അതിനായി സർക്കാരിന്റെ സബ്സിഡിയുമുണ്ടാകും.


2 comments:

 1. അഹം ബോധം ഉണരുന്നതിനാലാണ് നാം ലോകത്തെ അറിയുന്നത്! എന്നാല്‍ ദൈവത്തിന്റെ മണവാട്ടിമാരെ വിഴുങ്ങുന്ന പാഷാണപ്പാതിരിപ്പടയെ അറിയുവാന്‍, ബോധമുള്ളവരെ... ജോസഫ്‌ മാത്യുവിന്റെ ഈ ലേഖനം വായിക്കൂ..

  ReplyDelete
 2. ജനതതിയുടെ ഗതി നിര്‍ണയമീ
  മനഃപരിവര്‍ത്തനവേദിയിലാം.
  മനഃപരിവര്‍ത്തനഗതിയിതിലാ-
  ണിവിടെ മനുഷ്യനു മുക്തി, ലയം!.......http://josantony-josantony.blogspot.in/

  ReplyDelete