Translate

Sunday, February 1, 2015

ചരിത്രപ്രാധാന്യമുള്ള പ്രഥമസമ്മേളനം എറണാകുളത്ത് !

കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം (KCRM) രജി. നമ്പര്‍ K 152/10 പാലാ കോട്ടയം ജില്ല.

കത്തോലിക്കാ സഭയിലെ സന്യാസം വിട്ടിറങ്ങിയ പുരോഹിതരുടെയും കന്യാസ്ത്രികളുടെയും ക്ഷേമത്തിന് കെ സി ആര്‍ എം  തുടക്കം കുറിക്കുന്നു.

കത്തോലിക്കാസഭയിലെ സ്ഥാപനവൽക്കരണത്തിന്‍റെ ഫലമായുണ്ടായ 'ആത്മീയമേധാക്ഷയത്താലും' വ്യക്തിപരമായ കാരണങ്ങളാലും സന്യാസം വിട്ടിറങ്ങിയ ബഹുമാന്യ പുരോഹിതരേയും കന്യാസ്ത്രീകളേയും സമൂഹം ഒറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം കുടുംബങ്ങളിൽനിന്നുപോലും അവർ തിരസ്‌ക്കരിക്കപ്പെടുന്നു. അവരുടെ കുടുംബവിഹിതം മറ്റുള്ളവർ തട്ടിയെടുക്കുന്നു. ഭൂരിപക്ഷംപേരും  സ്വന്തം നാടുവിട്ട് പോകേണ്ടിവരുന്നു. ദുരിതപൂർണ്ണമായ ഇവരുടെ ജീവിതത്തെക്കുറിച്ച് കെ. സി. ആർ. എം. പഠനം നടത്തിയപ്പോൾ, കാലങ്ങളോളം സഭയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പിത ജീവിതം നയിച്ച ഈ ബഹുമാന്യരിൽ ഭൂരിപക്ഷവും സഭയ്ക്കുള്ളിൽ തുടരുന്ന പുരോഹിത-സന്യാസിനിമാരേക്കാൾ ആത്മീയചൈതന്യവും സമർപ്പണ മനോഭാവമുള്ളവരാണെന്നും കാണുവാൻകഴിഞ്ഞു. ഇവരുടെ സേവനം സമൂഹത്തിന് മുതൽകൂട്ടാകുമെന്നും കെ. സി. ആർ. എം. കരുതുന്നു. രാജ്യത്തെ ഏതൊരു പൗരനും ഇന്ത്യൻ ഭരണഘടനയനുസരിച്ച് മാന്യമായ ഏതൊരു തൊഴിലും ജീവിതാന്തസും സ്വീകരിക്കുന്നതിന് അവകാശമുണ്ട്. ബഹുമാന്യരായ ഇവരെ കാലങ്ങളായി സമൂഹത്തിൽ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും പിന്നിൽ സഭാനേതൃത്വത്തിന്‍റെ ആസൂത്രിത നീക്കമാണെന്ന് കാണുവാൻകഴിഞ്ഞു.
പൗരോഹിത്യത്തിനപ്പുറം ശ്രേഷ്ഠത മറ്റൊരു ജീവിതാന്തസിനും ഇല്ലായെന്ന് സമൂഹത്തെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കുകയാണ് സഭാനേതൃത്വം. ഇവർക്കു ജന്മം നൽകുന്ന മാതാപിതാക്കളെ, ക്ലേശപൂർണ്ണവും ത്യാഗനിർഭരവുമായ ജീവിതത്തിലൂടെ സഭയെയും 'ആടുസമൂഹത്തെ'യും സാമ്പത്തിക സ്രോതസിനെയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന വിശ്വാസി സമൂഹത്തെ വിലകുറച്ചുകാണിക്കുകയാണ് ലക്ഷ്യം. ദൈവവിളിയുള്ളത് പൗരോഹിത്യ സന്യാസ ജീവിതത്തിനു മാത്രമാണത്രെ! ശ്രേഷ്ഠമായ വിവാഹാന്തസിനെ  അവമതിക്കുന്നത് അത്യന്തം അപകടകരമാണ്. ഇതിനെതിരെ വിശ്വാസി സമൂഹം രംഗത്തുവരണം. 

ആരെത്ര പവിത്രീകരിച്ചാലും പുരോഹിതസന്യാസജീവിതം ഒരു തൊഴിൽ മാത്രമാണിന്ന്. ആത്മീയരംഗത്തുനിന്നും ഭൗതികരംഗത്തേയ്ക്ക്  (കച്ചവടം, നിർമ്മാണപ്രവർത്തനങ്ങൾ, രാഷ്ട്രീയ, ഭരണകൈകടത്തലുകളിലേയ്ക്ക്) സഭ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ ആത്മീയചൈതന്യമുള്ള, സമർപ്പിതജീവിതം നയിക്കുവാനാഗ്രഹിച്ച് സന്യാസം സ്വീകരിച്ച ആയിരക്കണക്കിന് പുരോഹിതരും സന്യാസിനികളും സഭയുടെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു വീർപ്പുമുട്ടികഴിയുകയാണ്. അവരുടെ ജീവിതവും വളരെയേറെ ദുരിതപൂർണ്ണമാണ്. ഇവരും സമൂഹത്തിന്‍റെ കാരുണ്യമർഹിക്കുന്നു. ജീവിതകാലം മുഴുവൻ സഭയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത്, പ്രായാധിക്യം മൂലം റിട്ടയർ ചെയ്യുന്നവർക്കായി സഭ ഒരുക്കിയിരിക്കുന്ന അവസാനകാല വിശ്രമകേന്ദ്രങ്ങൾ നരകതുല്യമാണ്. ഇതു നവീകരിക്കുവാൻ അടിയന്തിരനടപടികൾ ഉൺണ്ടാവണം. 
          
പൊതുപരിഗണനയ്ക്കായി കെ. സി. ആർ. എം. മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ

1 പൗരോഹിത്യവും സന്യാസവും വിട്ടുപോന്നവർക്ക് സമൂഹത്തിന്‍റെ ആദരവും ബഹുമാനവും നൽകി അവരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്തണം.

2 സെമിനാരികളിലേയ്ക്കും മഠങ്ങളിലേയ്ക്കും പോകുന്നവരുടെ കുടുംബവിഹിതം അവരുടെ കാലശേഷം മാത്രമേ സ്വന്തക്കാരോ ബന്ധുക്കളോ സഭാനേതൃത്വമോ കൈപ്പറ്റുവാൻ പാടുള്ളൂ.

3 പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും സേവന വേതന വ്യവസ്തകൾക്ക് ലേബർ ആക്ട് ബാധകമാക്കുകയും മാന്യമായ ശമ്പളം നല്കുകയും വേണം.  സെമിനാരി ജീവിതവും തുടർന്നുള്ള സേവന കാലാവധിയും പരിഗണിച്ച് അർഹമായ തുക പിരിഞ്ഞുപോകുന്നവർക്ക് നൽകണം.

4 ഔദ്യോഗികമായി പിരിഞ്ഞുപോന്നുവെങ്കിലും താത്പര്യമുള്ള വിവാഹിതരും അവിവാഹിതരുമായിട്ടുള്ള വൈദികർക്ക് തുടർന്നും രൂപതകൾക്കു കീഴിലുള്ള പള്ളികളുമായി ചേർന്ന് കൂദാശകർമ്മങ്ങൾ നടത്തുവാൻ അനുവാദം നൽകണം.

5 സർക്കാർ ശമ്പളം ലഭിക്കുന്ന പുരോഹിത/സന്യസ്തർക്ക്, കിട്ടുന്ന ശമ്പളത്തിൽ 50% ബാങ്കിൽ നിക്ഷേപിക്കുക. ഇടയ്ക്കുവെച്ച് പിരിഞ്ഞു പോകുന്നവർക്ക് ജീവനാംശം നൽകാൻ ആ സമ്പാദ്യം ഉപയോഗപ്പെടുത്തേണ്ടതാണ്. ശ്രമ്പളമെന്നത് ജോലി ചെയ്യുന്നയാളിന്‍റെ കുടുംബത്തെ പോറ്റാനുമുപയോഗപ്പെടുത്തുക എന്ന  മാനദണ്ഡം പരിഗണിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് 6 പേർക്കായി (ഭാര്യ, ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ) ലഭിക്കുന്ന പണം, ഒരു വ്യക്തി ഒറ്റയ്ക്ക് കൈപ്പറ്റുകയും അതു അയാളുടേതു പോലുമല്ലാതിരിക്കുകയും ചെയ്യുന്ന സാമൂഹിക അനീതി കത്തോലിക്കാ സ്ഥാപനങ്ങളിലുണ്ട്.

6 തിരിച്ചറിവാകുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ കുട്ടികളെ സെമിനാരികളിലും മഠങ്ങളിലും ചേർക്കുന്നത് നിർത്തലാക്കണം.   ഗ്രാഡ്യുവേഷനു ശേഷം മാത്രം വൈദിക സന്യാസ പരിശീലനത്തിനായി യുവതി യുവാക്കളെ തെരഞ്ഞെടുക്കുക. മുതിർന്ന ശേഷമാണ് പട്ടം/വൃതം, എപ്പോൾ വേണമെങ്കിലും പുറത്തുപോകാം എന്നൊക്കെയുള്ള മുടന്തൻ ന്യായമൊക്കെ മാറ്റി വെക്കുക. ചാപ്പകുത്തി മാറ്റി നിർത്തുന്ന ഇപ്പോഴത്തെ പരിപാടി നിർത്തുക തന്നെ വേണം. നമ്മൾ മക്കളെ വിവാഹം കഴിപ്പിക്കുന്നത് 25 വയസിനടുത്താണല്ലോ! ഉത്തരവാദിത്വം എറ്റെടുക്കാൻ പ്രാപ്തിയും തിരിച്ചറിവും ഉണ്ടാകണമെന്ന വിവേകപൂർണ്ണമായ ഈ നിലപാട് എന്തുകൊണ്ട് അതിനേക്കാൾ ''ശ്രേഷ്ടമായ'' പൗരോഹിത്യത്തിലും സന്യാസത്തിലും പാലിക്കപ്പെടുന്നില്ല? ചുരുങ്ങിയ വർഷത്തെ പരിശീലനംകൊണ്ട് സഭാശുശ്രൂഷകരെ സജ്ജരാക്കുകയും ചെയ്യാം. സാമ്പത്തിക ലാഭമുണ്ടാകും; സാമൂഹിക ബോധമുള്ള പുരോഹിതരെയും സന്യാസിസന്യാസിനികളെയും സമൂഹത്തിനു ലഭിക്കുകയും ചെയ്യും. സൂത്രത്തിൽ ഉപരിപഠനം നടത്താനായി അച്ചൻ വേഷം കെട്ടുന്നവരുടെ നുഴഞ്ഞു കയറ്റവും നിലയ്ക്കും. 
 
7 പുരോഹിതർക്കും കന്യാസ്ത്രീകൾക്കും സന്യാസത്തിൽ തുടരുന്നതിനുള്ള പ്രാഥമികവൃതം അഞ്ച് വർഷമായി നിശ്ചയിക്കുകയും തുടരുവാനാഗ്രഹിക്കുന്നവർക്ക്  പിന്നീട് നീട്ടിനൽകുകയും ചെയ്യണം. നിർബന്ധിത സന്യാസജീവിതം അപകടകരമാണ്.

8 പിന്നാക്ക കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികൾക്കും 'ദൈവവിളി' വരുന്നത്. എഞ്ചിനീയറോ ഡോക്ടറോ ആകാൻ കഴിവുള്ള  മക്കളെ  സെമിനാരിയിലോ മഠത്തിലോ ചേർക്കാൻ മാതാപിതാക്കൾ താല്പര്യം കാണിക്കുന്നില്ല   എന്നുള്ളത് വസ്തുതയാണ്. ചുരുക്കത്തിൽ 'തിരികിട'കളാണ് പലപ്പോഴും ഈ അന്തസിൽ എത്തിപ്പെടുന്നത്. ഇവർ പിന്നീട് തരികിടകളാകുന്നതിൽ അത്ഭുതപ്പെടാനില്ല.

9 അടുത്ത കാലത്തായി പുരോഹിതരിലും സന്യാസിസന്യാസിനികളിലും മാനസിക പിരിമുറുക്കം വർദ്ധിച്ചു വരുന്നതായും പലതും അവിഹിതബന്ധത്തിലും അതിക്രമങ്ങളിലും കൊലപാതകത്തിലുംവരെ ചെന്നെത്തുന്നതായും കാണുന്നു. പല സംഭവങ്ങളും പാശ്ചാത്യ സഭകളെ കടത്തിവെട്ടുന്ന തരത്തിലുമാണെന്നിരിക്കെ, പഴയ കാലത്തെ ചൈതന്യത്തിലേയ്ക്ക് തിരിച്ചു പോക്കിനാവശ്യമായ ചർച്ചകളും നടപടികളും പ്രോത്സാഹനങ്ങളും സഭാ നേദൃത്വത്തിൽനിന്നും വിശ്വാസ സമുഹത്തിൽ നിന്നും ഉണ്ടാകണം.

10 പുറത്തു വന്നിട്ടുള്ളതും വരാനാഗ്രഹിക്കുന്നവരുമായ നിരവധി പുരോഹിതർക്കും കന്യസ്ത്രീകൾക്കും തലചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥയുണ്ട് മുള്ളുകൾക്കിടയിൽ വീണ വിത്തുപോലെ, സ്വന്തം കുടുംബങ്ങളിൽ പോലും കയറുവാൻ കഴിയാത്ത, യാതൊരുവിധ സംരക്ഷണവും ലഭിക്കാത്ത, സാമ്പത്തിക ക്ലേശത്തിൽ നട്ടം തിരുയുന്ന, ജോലിയൊന്നും ലഭിക്കാത്തവരും കുടുംബമില്ലാത്തവരുമാണ് നല്ലൊരു പങ്കും. പുതിയ ജോലി നേടുന്നതിനും മനസ്സിനെ ഒന്നു ശാന്തമാക്കുന്നതിനുമായി ഒരു ഇടത്താവളം അവർക്കു ഉണ്ടാക്കുകയെന്നത് നമ്മുടെ സമൂഹിക പ്രതിബദ്ധതയായിക്കാണണം. 

ഇത്തരം സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് കഴിയുന്നത്ര പരിഹാരം നിർദ്ദേശിക്കാനും സംരക്ഷണത്തിനും പുനരധിവാസത്തിനുമുള്ള കർമ്മ പദ്ധതിക്ക് രൂപംകൊടുക്കാനും കെ.സി.ആർ.എം. മുന്നിട്ടിറങ്ങുകയാണ്. 

2015 ഫെബ്രുവരി 28 ന്‍റെ എറണാകുളം സമ്മേളനം ചരിത്രസംഭവമായി മാറുമെന്ന കാര്യം നിസ്തർക്കമാണ്.  എക്‌സ് പ്രീസ്‌ററ്-നൺസ് വിഭാഗത്തിൽപ്പെടുന്ന എല്ലാവരും അസോസിയേഷനിൽ അംഗങ്ങളാവണമെന്ന്   അഭ്യർത്ഥിക്കുന്നു. അംഗങ്ങളുടെ സംരക്ഷണത്തിനാവശ്യമായ ഫണ്ടും കെട്ടിടവും ഉണ്ടാവണമെന്ന് ആലോചനായോഗത്തിൽ ശക്തമായ അഭിപ്രായം ഉയർന്നിട്ടുണ്ട്. ഇതിലേക്കായി സുമനസ്സുകളിൽ നിന്നും അംഗങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുവാനും തീരുമാനിച്ചിരിക്കുകയാണ്. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ കഴിയുംവിധം എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരുമിച്ചുള്ള നമ്മുടെ പ്രവർത്തനങ്ങൾ നൻമയിലേയ്ക്കാവട്ടെ. ദൈവം നമ്മെ നയിക്കട്ടെ.

KCRM ന്‍റെ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍  SBT, Pala Branch.  A/c No. 67117548175, IFSC Code: SBTR 000012   Name of A/C: Kerala Catholic Church Reformation Movement  
വിശദാംശങ്ങള്‍ക്ക്  ബന്ധപ്പെടുക: -റെജി ഞള്ളാനി - +(91) 9447105070, കെ. കെ. ജോസ് കണ്ടത്തില്‍ - +(91) 8547573730, ജോര്‍ജ്ജ് മൂലേച്ചാലില്‍ - +(91) 9497088904

2 comments:

 1. മാര്‍ കൂറിലോസ്:
  "യേശുക്രിസ്തുവിനും ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. സാമ്രാജ്യത്വവും മുതലാളിത്തവും എല്ലാത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പണത്തിന്റ ആധിപത്യവും ആര്‍ത്തിയും വലിയ തിന്മയായി. പുതിയ ദൈവമായി പണം വരുന്നു. പണത്തെ ആരാധിക്കുന്ന നിലയിലേക്ക് ക്രിസ്ത്യാനിയും മാറി. അതായത് ക്രിസ്തുവിനു പകരം മാമോനെ ആരാധിക്കുന്നു. സഭകളെയും അഴിമതി ബാധിക്കുന്നു. സുവിശേഷ കണ്‍വന്‍ഷനുകള്‍ പോലും മദ്യമുതലാളിയുടെ പണംകൊണ്ട് നടത്തുന്ന സ്ഥിതിയുണ്ട്.
  ഇംഗ്ലണ്ടില്‍ പള്ളികളില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസികള്‍ കുറഞ്ഞപ്പോള്‍ വലിയ ഹാളിന്റെ പകുതി ബാറിന് വാടയ്ക്ക് കൊടുത്തത് കാണാനടിയായി. അവിടെത്തന്നെ പ്രത്യേക ഹാളിലിരുന്ന് മദ്യപിക്കാന്‍ കൂടുതല്‍ പണം ഈടാക്കുന്നതായി മനസ്സിലാക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആ ഭാഗം പള്ളിയുടെ "മദ്ബഹ' യായിരുന്നെന്നായിരുന്നു മറുപടി.
  സത്യത്തില്‍ ക്രിസ്തുവില്‍ നിന്ന് ക്രിസ്ത്യാനികളും ശ്രീനാരായണഗുരുവില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രസ്ഥാനക്കാരും ഗാന്ധിയില്‍ നിന്ന് ഗാന്ധിയന്മാരും അകലുന്നു.
  ബാര്‍ കോഴയിലൊക്കെ കുരുങ്ങിയവര്‍ ഖദറെങ്കിലും ധരിക്കാതിരിക്കണം."

  ReplyDelete
 2. അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ്സ്‌ ബുക്ക്) ആരൊക്കെയാണ് വിമര്‍ശനാതീതര്‍?
  അടുത്തകാലം വരെ വൈദികരെയും തിരുമേനിമാരെയും വിമര്‍ശിക്കുന്നത് നിഷിദ്ധമാണെന്നും, അത് ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നുമുള്ള ഭാവമായിരുന്നു കേരള കത്തോലിക്കാസഭയ്ക്ക്.
  കുഞ്ഞാടുകളും അതേറ്റെടുത്തു.. എന്തുണ്ടാകുമ്പോഴും, എന്തുതന്നെ സംഭവിച്ചാലും അവര്‍ പറയും..
  “മലര്‍ന്നുകിടന്നു തുപ്പരുത്..”
  മോശ തന്ന പത്തു കല്പനകള്‍ പോരാഞ്ഞിട്ടാവാം കേരള കുഞ്ഞാടുകള്‍ക്ക് അങ്ങിനെ പതിനൊന്ന് കല്‍പനകളുണ്ടായി.
  ഇപ്പോഴിതാ, കത്തോലിക്കനായ രാഷ്ട്രീയനേതാവും വിമര്‍ശനാതീതനാകുന്നു....
  ഈ തിരുമേനിമാരുടെ ഓരോ തമാശകള്‍.
  എന്നിട്ടും രാജ്യത്ത് ഘര്‍ വാപസി എന്തുകൊണ്ടുണ്ടാകുന്നു, പള്ളികളുടെ നേരെ ആക്രമണം എന്തുകൊണ്ടുണ്ടാകുന്നു, വിശ്വാസികള്‍ സഭയില്‍ നിന്നെന്തുകൊണ്ട് അകന്നുപോകുന്നു, എന്നൊന്നും ഇവര്‍ക്ക് മനസിലാകുന്നില്ല.
  ജയരാജിന്റെ പദപ്രയോഗം ഓര്‍ത്തുപോകുന്നു..

  ReplyDelete