Translate

Wednesday, February 25, 2015

സൈലന്സ് പ്ലീസ്!

KCRM ഏറണാകുളത്ത്  ഫെബ്രുവരി 28ന് നടക്കുന്ന മുന്‍ സന്ന്യസ്ഥരുടെ മഹാസമ്മേളനം പ്രാമാണിച്ച്, അവരുടെ പീരങ്കി നിറക്കാന്‍ വെടിമരുന്ന് കൊടുക്കരുതെന്ന് നിനച്ചു കേരള കത്തോലിക്കാ സഭാധികാരികള്‍ കണ്ണും കാതും തുറന്നിരിക്കുന്നതിന്‍റെ ശബ്ദമില്ലായ്മ കേരളത്തെ ആകെ ഗ്രസിച്ചിരിക്കുമ്പോഴാണ് ‘ഇരിയെടാ അവിടെ’ എന്നൊരു  ശബ്ദം കേട്ടത്. കണ്ണു തുറന്നു നോക്കിയപ്പോള്‍ ഒരു വശത്തു മാര്‍ ഭരണിക്കുളങ്ങരയും മറുവശത്ത് CBCI യും പോരിനു തയ്യാറായി നില്‍ക്കുന്നു (എനിക്കൊരു സംശയമുണ്ട്, എറണാകുളം സമ്മേളനത്തിന് പിന്നില്‍ ഈ ലത്തിന്‍ കാര്‍ക്ക് കൈയ്യുണ്ടോ എന്ന്). ഏതായാലും സഭയുടെ ഔദ്യോഗിക വക്താക്കളോട് എനിക്ക് ഒരഭ്യര്‍ത്ഥനയുണ്ട്, ‘ആലോചിച്ചേ മറുപടി പറയാവൂ’. “സീറോക്കാരെ ലത്തിന്‍ വിമതര്‍  പീഡിപ്പിക്കുന്നൂ” “കന്യാസ്ത്രിയെ മെയിന്‍ റോഡിലേക്ക് നയാപൈസാ കൈയ്യിലില്ലാതെ ഇറക്കി വിട്ടത് സഭയുമായി ബന്ധമുള്ള കാര്യമല്ല” എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാമെന്ന് കരുതരുത്. എന്തും പറയാമെന്നും ആരും ചോദിക്കാനില്ലെന്നും ഉള്ള കാലം പോയി വക്താക്കളെ.

സഭക്കുള്ളിലുള്ള കാര്യങ്ങള്‍ ഉള്ളില്‍ തന്നെ ചര്‍ച്ച ചെയ്തു തീര്‍ക്കേണ്ടതല്ലേയെന്നു ചോദിക്കുന്നവരേറെ. ഇക്കാര്യം ശ്രി. ജെയിംസ് കോട്ടൂര്‍ ഈ ബ്ലോഗ്ഗില്‍ എഴുതിയിരുന്നത് ഓര്‍ക്കുന്നു. അദ്ദേഹം മേജര്‍ ആര്‍ച്ച് ബിഷപ്പ് സഹിതം ഉത്തരവാദിത്വപ്പെട്ട നാലോളം മെത്രാന്മാരോട് ഇക്കാര്യം നേരിട്ട് പറഞ്ഞു. അതിന് മറുപടി പറഞ്ഞത് മാര്‍ ബോസ്കോ പുത്തൂര്‍ മാത്രം. പറഞ്ഞത് നല്ല കാര്യമാണെന്ന് കാണിച്ച് ഒരു മെയില്‍ മാത്രമായിരുന്നത്. മാര്‍ ഭരണിക്കുളങ്ങരക്ക് അദ്ദേഹം അയച്ച മെയിലുകള്‍ക്കെല്ലാം മറുപടി കിട്ടി, പക്ഷെ, തെറ്റെന്നു സമ്മതിക്കുന്ന കാര്യങ്ങള്‍ പോലും തിരുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു കാലുവാരി അത്മായന്‍ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ എല്ലാം ശരിയായെന്നു കരുതി മദിച്ചു രസിക്കുന്ന മെത്രാന്മാര്‍ക്കാണ് എറണാകുളം സമ്മേളനം ഒരു പേടി സ്വപ്നമാകാന്‍ പോകുന്നത്.

അടുത്തിടെ  ബ്രസ്സിലില്‍ ഒരച്ചന്‍ ഒരു മൃതസംസ്കാരത്തില്‍ പങ്കെടുത്ത കഥ കേട്ട് ചിരിക്കാത്തവര്‍ കുറവ്. മൃതദേഹം വെയ്ക്കുന്നതിന് മുമ്പ്  കുഴിയില്‍ വീണത്  അച്ചന്‍ തന്നെ. ആ നിമിഷത്തിന്‍റെ സൌന്ദര്യം മുഴുവന്‍ പോയി എന്നാണ്  അച്ചന്‍ അതിനെപ്പറ്റി പറഞ്ഞത്. ഒരു സൌന്ദര്യത്തിനു വേണ്ടിയാണല്ലോ അച്ചന്മാര്‍ ഇതെല്ലാം കാട്ടിക്കൂട്ടുന്നത്; അത് നന്നായി അറിയാവുന്നവരാണല്ലോ കേരള മക്കള്‍; എന്തിനാ ഈ അമിത മോഡിഭക്തിയെന്നും അറിയാം. ഡല്‍ഹിയില്‍ പള്ളിക്കിട്ടെറിഞ്ഞത് അക്രൈസ്തവര്‍ തന്നെ ആയിരുന്നോ എന്നും ഇപ്പോള്‍ കേരള  മക്കള്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്. അവിടെ ആക്രമണം നടത്തിയതിനെ അങ്ങ് കല്‍ക്കട്ടയിലും മേഘാലയയിലും ഉള്ള കത്തോലിക്കര്‍ വരെ പ്രകടനം നടത്തി പ്രതിക്ഷേധിച്ചു; പക്ഷെ, ഇവിടുള്ളവര്‍ ഒന്നനങ്ങി കണ്ടില്ല. അതാ എല്ലാവരും സംശയിക്കാന്‍ ഒരു കാരണം. സീറോ വിഭാഗം രണ്ടു വിശുദ്ധരെ ആദരിക്കാന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചു കൂട്ടി മോഡിയെ ക്ഷണിച്ചപ്പോള്‍ ലത്തിന്‍കാര് ഉള്ളുകൊണ്ട് മാറി നിന്നതിന്‍റെ രഹസ്യം മനസ്സിലായോ?

ഭരണിക്കുളങ്ങര ഉള്ള കാര്യം പറഞ്ഞു, മോഡിക്ക് ക്രിസ്ത്യാനികളുമായി ബന്ധപ്പെടാനും കോട്ട് വഴിയും ആപ്പ് വഴിയും വന്ന കോട്ടങ്ങളില്‍ നിന്ന് മോചനം നേടാനും ഈ സമ്മേളനം ഉപകരിക്കുകയും ചെയ്തു. എല്ലാറ്റിനുമുപരി ചിലര്‍ക്ക് മോഡിയോടു ചേര്‍ന്ന് മോടിയോടെ ഇരിക്കാനും കഴിഞ്ഞു. ആ ഇരിപ്പ് കുറേക്കാലം അങ്ങിനെ തന്നെ തുടരും, ഡല്‍ഹിയിലെ വെടിക്കൊട്ടും അതുപോലെ തുടരും. മുറിയാന്‍ സാദ്ധ്യതയുള്ളത് സീറോ-മലങ്കര/ലത്തിന്‍ റീത്ത് ബന്ധം മാത്രം. അത് പോയാല്‍ സീറോ മലബാറിനെന്താ? താമസിയാതെ സൊഡാലിറ്റി (അ), മിഷന്‍ലീഗ് (ശൂ) തുടങ്ങിയ സംഘടനകളെപ്പറ്റിയും ഭാരതീയര്‍ക്ക് കേള്‍ക്കാനാകും. ഇപ്പോള്‍ ചെറുപയര്‍ തിന്നുന്നുവെന്നു ലത്തിന്‍കാര്‍ പറയുന്നതും, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സഹസ്രകോടി പയറ്റിയിട്ടും മിണ്ടാതിരുന്നവനുമായ മോഡിയെയാണ് മന്ത്രിസഭ സഹിതം എറണാകുളംകാര് ചെറുവിരലില്‍ പൊക്കിയെടുത്തത്. ഈ സര്‍ക്കസ് നടത്തിയതെന്തിനാണെന്ന് ആരെങ്കിലും അറിഞ്ഞോ? മോഡിയോട് ആലഞ്ചേരി ഒരു കാര്യം ചോദിച്ചു, ‘ദളിതരുടെ ആ റിസര്‍വ്വേഷന്‍ ഒന്ന് ശരിയാക്കണം’.  അല്ലെങ്കില്‍ സഭക്കെന്നും അതൊരു പാരയായിരിക്കുമെന്ന് അങ്ങേര്ക്കറിയാം. ഒരു മെത്രാന്‍റെ മണ്ടത്തരം കൊണ്ട് പറ്റിയത് ഇരു ചെവിയറിയാതെ പരിഹരിക്കണം. KCRM ബുദ്ധിജീവികള്‍ വീക്ക് പോയിന്‍റില്‍ പിടിക്കുന്നതിനു മുമ്പ് സംഗതി സാധിച്ചെടുക്കണം. അതായിരുന്നു കാര്യം!

കൊച്ചി സമ്മേളനം ഈ  നോയമ്പില്‍ വേണ്ടായിരുന്നു, എന്നാണ് ഭൂരിഭാഗം ഉടായിപ്പുകാരുടെയും അഭിപ്രായം എന്നറിയുന്നു. ഉത്ഥാനം കഴിഞ്ഞു നടത്തേണ്ട ഉത്ഥാനോല്സവം ദുഃഖശനിയാഴ്ച നടത്തിയും, ചാരബുധനാഴ്ച തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയും, കല്യാണത്തിനു മുമ്പ് മോചനത്തിനുള്ള വകുപ്പുകള്‍ കൂടി പഠിച്ചിരിക്കണം എന്ന് പഠിപ്പിച്ചും പരിചയമുള്ള മെത്രാന്മാരുടെ പേടി, ദുഃഖ വെള്ളിയാഴ്ച എങ്കിലും എസ്കോര്‍ട്ട് ഇല്ലാതെ പുറത്തിറങ്ങാന്‍ പറ്റുമോന്നാണ്. ഇപ്പോ പേടിക്കാതെ അച്ചന്മാര്‍ക്ക് പോലും ഒരു വഴി പോകാന്‍ മേലെന്നു അറിയാമല്ലോ. ഉപ്പുതോട്‌ പള്ളിയിലെ വികാരി അച്ചന്‍ റോമിന് പോയി നിറയെ ദൈവാനുഗ്രഹവുമായി വന്നപ്പോള്‍ സ്വന്തം ലെറ്റര്‍ പാഡില്‍ പരിചയമില്ലാത്ത ഒപ്പുകള്‍. ഉപ്പുതോട്‌കാര്‍ക്ക് പ്ലസ്‌ 8 ന്‍റെ പണി കൊടുക്കാനുള്ള മെത്രാന്‍റെ  നീക്കം അത്രക്കങ്ങ്‌ എറിച്ചില്ലായെന്നു വേണം  പറയാന്‍. യൂട്യുബില്‍ ഇടാന്‍ കുറെ നല്ല പദങ്ങള്‍ക്കൂടി ഉപ്പുതോടുകാര്‍ വാഴത്തോപ്പിന് അയച്ചിട്ടുണ്ടെന്നാ കേട്ടത്.

കാട്ടില്‍ നിന്നിറങ്ങിയ കടുവാക്ക് ഒരു രൂപതയുടെ അതിര് കടന്നപ്പോള്‍ തന്നെ മദം ഇളകിയെന്നാണ് കേട്ടത്. അതിനെ പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുഴുവന്‍ പാളി. കടുവാക്കെതിരെ മെത്രാന്‍ ജാഥാ നടത്തിയപ്പോഴാണ് കാര്യങ്ങള്‍ക്കൊരു തീരുമാനമായത്. ജാഥാ വനത്തിലേക്കായിരുന്നെങ്കില്‍ ജാഥയുടെ പിന്‍വശം മുന്നില്‍ വന്നേനെ. എന്തായാലും സംഗതി ക്ലിക്ക് ചെയ്തു! മെത്രാന്‍ വരുന്നൂവെന്ന് അറിഞ്ഞത് കൊണ്ടാണോ, കടുവാ നീതി പാലിക്കുക എന്ന ഫ്ലക്സ് കണ്ടതുകൊണ്ടാണോ എന്നറിയില്ല കടുവാ അങ്കലാപ്പിലായി, തോക്കിനു മുന്നില്‍ നിന്ന് കൊടുക്കുകയായിരുന്നു എന്നാണു ഞാന്‍ കേട്ടത്. കടുവാ വരാതിരിക്കണമെങ്കില്‍ രൂപത സ്ട്രോങ്ങ്‌ ആയിരിക്കണം. വന്യമൃഗ സംരക്ഷണ മേഖലയോട്  ചേര്‍ന്ന് കിടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയില്‍ ഇന്നേവരെ  ഒരു കടുവാ  വന്നിട്ടില്ലല്ലോ?

സത്യത്തില്‍ ഈ കടുവാ എന്ത് തെറ്റാ ചെയ്തത്? ബാന്ഗ്ലൂരെ അച്ചന്മാരുടെ അത്ര വരില്ലല്ലോ ഈ കടുവാ! ഈ കടുവാ ഒരാളെ കൊന്നതല്ലെയുള്ളൂ, ചില വൈദ്യന്മാര്‍ എത്രയോ പേരെ വാചകം അടിച്ചും കുബുദ്ധി തിരുകി കയറ്റിയും നശിപ്പിക്കാറുണ്ട്? മലബാറില്‍ ഒരു കുട്ടിക്ക് പഠിക്കാന്‍ മടി, കൈയക്ഷരം മോശം. ഇവരുടെ വീട്ടില്‍ ഒരു ധ്യാന ഗുരു വന്നു. അവര്‍ ഈ കുട്ടിയുടെ കാര്യം അച്ചനോട് പറഞ്ഞു. എടുത്ത വായിലെ അച്ചന്‍ ഒരൊറ്റ ചോദ്യമാണ്, പള്ളിക്കല്‍ എഴുത്തിനിരുത്തിയായിരുന്നോന്ന്. ഇല്ലെങ്കില്‍ രക്ഷയില്ലായെന്നും മൊഴിഞ്ഞു കാപ്പിയും കുടിച്ചു ഏമ്പക്കവും വിട്ടു അങ്ങേര് പോയിട്ട് രണ്ടു മൂന്നു വര്‍ഷങ്ങള്‍ ആയി. ആ അമ്മ ഇപ്പോഴും അക്കാര്യം ഓര്‍ത്ത്‌ വിഷമിച്ചിരിക്കുകയാണെന്ന് സുഹൃത്ത് പറഞ്ഞു കേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. അപ്പസ്തോലന്മാരെ ഈശോ മിശിഹാ എഴുത്തിനിരുത്താത്തതിന്‍റെ പോരായ്മ എനിക്കന്നാ മനസ്സിലായത്. ഇത്തരം വിഷങ്ങളോളം ദ്രോഹം ആ കടുവാ ചെയ്തിട്ടില്ല, ഉറപ്പ്. ആദ്യം ഈ എഴുത്തിനിരുത്തുകാരെ പൊരി വെയിലത്തിരുത്തി നിലത്തെഴുതിച്ചു പഠിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം. ആശാന്‍റെ മുമ്പില്‍ ദക്ഷിണ വെയ്ക്കുന്നത് പോലല്ലല്ലോ ഇത് പോലത്തെ അധമന്മാര്‍ക്ക് ദക്ഷിണ കൊടുക്കുന്നത്.

സീറോ മലബാര്‍ സംസ്കാരത്തിന്‍റെ പാരമ്പര്യത്തില്‍ വിട്ടുപോയ കണ്ണികള്‍ മുഴുവന്‍ ഇപ്പോള്‍ ഇതാ കണ്ടെടുക്കപ്പെട്ടിരിക്കുന്നു. തെരുവില്‍ ഇറങ്ങേണ്ടി വന്ന കണ്ണൂര്‍ സ്വദേശിനി കന്യാസ്ത്രി പറഞ്ഞത്, പാരമ്പര്യമനുസരിച്ച് ഒരച്ചന്‍ ആക്രമിക്കാന്‍ വന്നാല്‍ ചുമ്മാ അങ്ങ് നിന്ന് കൊടുക്കണം എന്നാണ്. ഇത്തരം തോന്ന്യാസങ്ങള്‍ എവിടെങ്കിലും കണ്ടാല്‍ മിണ്ടാനും പാടില്ല മദറിനോട് പറയാനും പാടില്ലത്രെ. അത് മാര്‍ത്തോമ്മാ പാരമ്പര്യത്തിലെ ഒരു കീഴ്വഴക്കമായിരിക്കും.

ഈ പവ്വം ചങ്ങനാശ്ശേരില്‍ തന്നെ ഉണ്ടെങ്കില്, ആരെങ്കിലും സി. ജെസ്മിയുടെ ആത്മകഥ ഒന്നെത്തിച്ച് കൊടുക്കാമോ? ഇതും നമ്മുടെ പാരമ്പര്യമാണെന്നു അദ്ദേഹം പറഞ്ഞാല്‍ എനിക്ക് സമാധാനമായി. എത്രയോ മഹത്തായ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു.

No comments:

Post a Comment