Translate

Wednesday, February 11, 2015

ഇവിടെ ക്ലിക്ക് ചെയ്യുക!

സുവിശേഷകനായ ലൂക്കാ ഇല്ലായിരുന്നെങ്കില്‍ സഭ ഇത്രയും വളരുമായിരുന്നോ? സംശയമാ. ലൂക്കാ (6:38) എഴുതിയത്: കൊടുക്കുവിന്, നിങ്ങള്ക്ക്  കിട്ടും, നിങ്ങള്‍ കൈ അയച്ചു കൊടുത്താല്‍ സമൃദ്ധിയായി നിങ്ങള്‍ക്കും കിട്ടും. നിങ്ങള്‍ കൊടുക്കുന്ന അതേ അളവുകോല്‍ കൊണ്ട് നിങ്ങള്ക്കുള്ളതും അളക്കപ്പെടും, എന്നൊക്കെയാണ്. ഇവിടെ ആ പാവം സുവിശേഷകന് ഒരബദ്ധം പറ്റി. കൊടുക്കേണ്ടാത്തത് ആര്ക്കൊക്കെയാണെന്നും പറഞ്ഞില്ല, എന്തൊക്കെയാണെന്നും പറഞ്ഞില്ല. വിശ്വാസികളോട് കൊടുക്കാന്‍ ധ്യാനഗുരുക്കന്മാര്‍ പറഞ്ഞു; അവര്‍ കൊടുത്തു, അവര്ക്ക്  കിട്ടുകയും ചെയ്തു - അവരുടെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ടു. അച്ചന്മാരും ബിഷപ്പുമാരും വിശ്വാസികള്ക്ക് എട്ടിന്റെയും പതിനെട്ടിന്റെയും പണി കൊടുത്തുകൊണ്ടേയിരുന്നു, അവര്ക്കെല്ലാം മുപ്പത്താറിന്റെ് പണി കിട്ടിക്കൊണ്ടുമിരിക്കുന്നു; അതല്ലേ സാത്താന്‍ ആദായനികുതിയുടെ രൂപത്തില്‍ അച്ചന്മാരുടെയും കന്യാസ്ത്രികളുടെയും മുമ്പില്‍ എത്തിപ്പെട്ടതിൻറെ ഒരു കാരണം. 

കഴിഞ്ഞ ആഴ്ചത്തെ വാര്ത്തകളില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്ഷിച്ചത്, സഹോദരന്‍ റെമീജിയുസ് ജേഷ്ടന്‍ തന്ന ഹൃസ്വമായ ഒരു മുന്നറിയിപ്പാണ്. മദ്യനയം മാറ്റിയാല്‍ സര്ക്കാര്‍ അനുഭവിക്കുമെന്നാണ് അദ്ദേഹം മൊഴിഞ്ഞത്. കേരളം കമ്മ്യുണിസത്തിന്റെ് പിടിയില്‍ കൊണ്ടുവരാന്‍ ആദ്യകാലത്ത് അനുഭവപ്പെട്ട ഏറ്റവും വലിയ തടസ്സം കത്തോലിക്കാ സഭയായിരുന്നു. സീറോമലബാര്‍ സഭക്ക് ഉറുമ്പ്‌ പെറുന്നതുപോലെ ധാരാളം രൂപതകള്‍ ഉണ്ടായിക്കൊണ്ടിരുന്നപ്പോള്‍  പാര്ട്ടിക്കാര്‍ മിണ്ടാതിരുന്നതിന്റെ രഹസ്യം ഇപ്പഴാ എനിക്കും മനസ്സിലായി തുടങ്ങിയത്. സഭക്ക് ധാരാളം രൂപതകളും ഓട്ടോ റിക്ഷാപോലെ ഒത്തിരി മെത്രാന്മാരും സഹമെത്രാന്മാരും മുന്‍ മെത്രാന്മാരുമൊക്കെ ആയപ്പോള്‍ എങ്ങിനെയോ കുറെ വൈറസ്സുകളും ഉള്ളില്‍ ഇടിച്ചു കയറിയിരുന്നോയെന്നു ഞാനിപ്പോള്‍ ബലമായി സംശയിക്കുന്നു. കാരണമുണ്ട്; കൊണ്ഗ്രസ്സിനു മുന്നറിയിപ്പ് കൊടുക്കാന്‍ മുന്നോട്ടിരമ്പുന്ന ഒരു മെത്രാനും കോണ്ഗ്രസ് എന്നെങ്കിലും ഒരു നല്ല കാര്യം ചെയ്തുവെന്ന് പറയുന്നില്ല. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരു മെത്രാന്റെയും പേര് ഇതുവരെ ആരും എഴുതി കണ്ടിട്ടില്ലല്ലോ. അതില്‍ പങ്കെടുത്തവരെ ഞായറാഴ്ച കുര്‍ബാന മുടക്കിയെന്ന് പറഞ്ഞ്, ഇവര്‍ പള്ളിക്ക് പുറത്താക്കിയിട്ടുള്ളതല്ലേയുള്ളൂ? എങ്കിലും, കോണ്ഗ്രസ് കൊണ്ടുവന്ന ന്യുനപക്ഷാവകാശ നിയമങ്ങള്‍ ഇവര്ക്ക് മന:പ്പാഠമാണ് താനും. കോണ്ഗ്രസ് തിരുത്തിയാലും ഇല്ലെങ്കിലും ഇലക്ഷന്‍ വന്നാല്‍ നല്ല കൂര്ത്ത പാര ഇവര്‍ കൊന്ഗ്രസ്സിനിട്ടു പണിയുകയും ചെയ്യുന്നു. പാര്ട്ടിക്കാര്‍ ഭരിച്ച കാലത്ത് ഇത്തരം മുന്നറിയിപ്പുകളൊന്നും കാണാറില്ലായെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പാര്ട്ടിക്കാരു മരിച്ചു ശ്രമിച്ചിട്ടും പിടിക്കാന്‍ പറ്റാതിരുന്ന ഇടുക്കി പാര്ട്ടിക്ക് കിട്ടിയില്ലേ? ചാലക്കുടി, തൃശ്ശൂര്‍ തുടങ്ങിയ പല മണ്ഡലങ്ങളും പാര്ട്ടിക്ക് കിട്ടിയത് ഓട്ടോ റിക്ഷാകള്‍ ഓടിയതുകൊണ്ടാണല്ലോ താനും.

ഇനി റെമീജിയുസ് ജേഷ്ടനോട് ഞാനൊരു കാര്യം പറയാം. “താന്‍ തന്റെ പണി നോക്ക്, ഇവിടെ ജാലിയന്‍ വാലാ ബാഗ് കളിക്കാന്‍ വരേണ്ടാ” എന്നാരെങ്കിലും പറഞ്ഞാല്‍ അയാള്ക്കായിരിക്കും ഇവിടെ കൂടുതല്‍ വോട്ട് കിട്ടുക. ഇപ്പോള്‍ അതാണ്‌ ട്രെന്ഡ് മെത്രാനെ. ഇപ്പോള്‍ മാധ്യമങ്ങള്ക്ക് അത് മനസ്സിലായിട്ടുണ്ട്; അതാണല്ലോ തെളിവുസഹിതമല്ലാതെ വാര്ത്ത പ്രസിദ്ധീകരിക്കുന്ന മീഡിയാക്കാരെ വെടിവെച്ചാലും കുഴപ്പമില്ലെന്ന അര്ത്ഥത്തില്‍ പ്രസ്താവന ഇറക്കിയ ഒരു മെത്രാനെ എല്ലാവരും കൂടി എണ്ണ തേച്ചു കുളിപ്പിച്ചത്. ഒരു കൊലപാതകം നടന്നുവെന്ന വാര്‍ത്തയുടെ കൂടെ കൊല്ലുന്ന ഫോട്ടോ എങ്കിലും മിനിമം വേണം എന്നല്ലേ ഈ മെത്രാന്‍ പറഞ്ഞുള്ളൂ.  ഡല്ഹി ഇമാം AAP ക്ക് പിന്തുണ കൊടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കേജരിവാള്‍ പറഞ്ഞത്, അത് കൈയ്യില്‍ തന്നെ വെച്ചോളാനാണ്. എന്നിട്ടെന്തായി? AAP വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. സ്വാമി സ്നേഹാനന്ദ ജ്യോതി പറഞ്ഞതുപോലെ, മദ്ധ്യകാലഘട്ടത്തിലെ കുറെ ദൈവശാസ്ത്രവും കെട്ടിപ്പിടിച്ചുകൊണ്ട് ഇവിടെ അടയിരിക്കുന്ന ഈ മെത്രാന്മാരെ ഒതുക്കിയാലെ സഭയും രാജ്യവും നന്നാവൂയെന്ന് എനിക്കും തോന്നുന്നു. കൂടെയുള്ളവര്‍ എന്നും സഹായിക്കണമെന്നില്ല കേട്ടോ! എല്ലാവരും മലിനോരമ ചിന്ത പുലര്ത്തുന്നവരായിരിക്കണമെന്നുമില്ല. 

ഡല്ഹിയില്‍ ഏതെങ്കിലും പള്ളിക്ക് ഏറു കൊള്ളാത്ത ദിവസങ്ങള്‍ കുറവ്. ഇപ്പോള്‍ കോണ്ഗ്രസ് ചോദിക്കുന്നത്, ക്രിസ്ത്യാനി MP മാരെല്ലാവരും എന്ത്യേന്നാണ്. ജോസ് കെ. മാണി ബാറില്‍ കുടുങ്ങിയെന്നു കരുതാം. പക്ഷെ, സൊഡാലിറ്റിയുടെ ഒരു മുന്‍ പ്രസിഡണ്ടും അവിടെ ഉണ്ടല്ലോ; ഒരു ഭരണങ്ങാനംകാരനും അവിടുണ്ടല്ലോ. ആരെയും കാണുന്നില്ല! അവരെ എന്തിന് പറയുന്നു, കേരളത്തില്‍നിന്നുള്ള  വേദശാസ്ത്രികളെയും കാണ്മാനില്ലല്ലോ. BJP സര്ക്കാര്‍ ദൈവനിവേശിതമാണെന്ന്‍ ഒരു കേരള ലോകമാന്യതിലകം  പറഞ്ഞിട്ട്‌ അധികം നാളായില്ല. ഇപ്പോ ഡല്ഹി മെത്രാന്‍ പറയുന്നത്, കേജരിവാളിനെ ദൈവം കൊണ്ടെ തന്നതാണെന്നാണ്. അധികാരത്തിലിരിക്കുന്നവരെ ആഞ്ഞു പിടിച്ചോ (AAP) അതാണല്ലോ മെത്രാന്മാരുടെ എക്കാലത്തെയും പോളിസി. ദൈവത്തിന്റെ പ്രത്യേക സൃഷ്ടിയാണ് പിണറായി വിജയന്‍ എന്ന് ഒരു കേരള വന്‍മെത്രാന്‍ തെളിച്ചു പറഞ്ഞില്ലാ എന്നേയുള്ളൂ. വേറൊരു മെത്രാന് മാണിയെ തൊട്ടാല്‍ പൊള്ളും. ദൈവത്തിന്റെ രണ്ടാമത്തെ പുത്രനാണ് അങ്ങേര്ക്കു മാണി സാര്‍. എല്ലാ പാര്ട്ടികളിലും ഒരേപോലെ പിടിയുള്ള മെത്രാനും കേരളത്തില്‍ ഉണ്ട്. 

ഡല്ഹിയില്‍ സമാധാനമായിട്ട് പ്രതിക്ഷേധം അറിയിച്ച അത്മായരെ അറസ്റ്റ് ചെയ്ത പൊലീസിനെ ബിഷപ്പുമാര്‍ കുറ്റപ്പെടുത്തിയല്ലോ! കാഞ്ഞിരപ്പള്ളിയില്‍ പ്രതിക്ഷേധ പ്രകടനം സമാധാനമായിട്ട് നടത്തിയ അത്മായരോട് രൂപത എന്താ ചെയ്തത്? ചങ്ങനാശ്ശേരിയില്‍ പ്രകടനത്തിനെത്തിയ അത്മായരോട് പൊലീസ് എന്താ ചെയ്തത്? ഒരിടത്ത് ഒരു നയം മറ്റൊരിടത്ത് വേറൊരു നയം. എന്റെ ചോദ്യം, കത്തോലിക്കാ സഭക്ക് എത്ര ക്രിസ്തുവുണ്ടെന്നാണ് (നാടന്‍ ഭാഷയില്‍ നിനക്കെത്ര അപ്പനുണ്ടെന്നു ചോദിക്കാറുണ്ടല്ലോ; അതുപോലത്തെ ഒരു ചോദ്യമായി ആരും ഇതിനെ തെറ്റിദ്ധരിക്കരുത്. ഞാന്‍ സീരിയസ്സായി ചോദിച്ചതാ). 

ഒബാമയ്ക്ക് വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടോയെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. ഇപ്പൊ അതങ്ങ് മാറി. അങ്ങേര് പറഞ്ഞത്, ക്രിസ്ത്യാനികള്‍ ഞെളിയണ്ട, അവരും ധാരാളം ചെറ്റത്തരങ്ങള്‍ കാണിച്ചിട്ടുണ്ട് എന്നാണ്. കേരളത്തിലായിരുന്നു അങ്ങേര് വന്നിരുന്നതെങ്കില്‍ ഇപ്പോഴും ഒരു വ്യത്യാസവും ഇല്ലായെന്നു കൂടി പറഞ്ഞേനെ. ദളിത ക്രൈസ്തവര്ക്ക് സഭയില്‍ തുല്യ പരിഗണന കൊടുക്കണമെന്ന് അടുത്തിടയല്ലേ, ഒരു ഇന്ത്യന്‍ ബിഷപ്പ് പറഞ്ഞത്, അതിനര്ത്ഥം ഇത് വരെ അത് കൊടുക്കുന്നുണ്ടായിരുന്നില്ലെന്നല്ലേ? ഇതും ചെറ്റത്തരത്തിന് ഒരുദാഹരണമല്ലേ? മത സൌഹാര്ദ്ദം അത്യാവശ്യം എന്ന് അങ്ങേര് പ്രസംഗിച്ചത് മോഡിയോടല്ല; മോഡിയോടു പറയേണ്ടത്, അങ്ങേരോട് നേരിട്ട് പറഞ്ഞേനെ. പറഞ്ഞത്, ക്രിസ്ത്യാനികളെ ക്രിസ്ത്യന്‍ പള്ളിക്കൂടങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്നും, സഭാംഗങ്ങള്‍ ആകാവുന്നിടത്തോളം പ്രസവിക്കണമെന്നുമൊക്കെ പഠിപ്പിക്കുന്ന ‘ആ’ ചാര്യന്മാരെ പൊക്കിക്കൊണ്ട് നടക്കുന്ന ക്രിസ്ത്യാനികളുംകൂടി കേള്ക്കാനുള്ളതാണ്. അല്ല, സാക്ഷാല്‍ മാര്പ്പാപ്പാ പറയുന്നത് കേള്ക്കാത്തവര്‍ ഒബാമാ പറയുന്നത് കേള്ക്കുമോ? വയസ്സാകുമ്പോള്‍ മൂലയ്ക്കിരിക്കണം എന്ന് പറയുന്നത് എത്ര ശരി, അത് സോണിയാ ഗാന്ധിയാണെങ്കിലും പവ്വത്തില്‍ മഹാപര്‍വമാണെങ്കിലും. ലൈംഗികാപവാദ കേസുകളില്‍ ബിഷപ്പുമാര്‍ സഹകരിക്കണം എന്ന് പോപ്പ് പറഞ്ഞത് ഇവിടുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നത്, കേസുകളില്‍ പെടുന്ന അച്ചന്മാരുടെ കേസുകള്‍ ഒതുക്കാന്‍ സഹായിക്കണമെന്നും, അത്തരം കേസുകള്‍ ഉണ്ടാക്കാവുന്നിടത്തോളം ഉണ്ടാക്കണം എന്നൊക്കെയല്ലേ? കണ്ട കാര്യം പറഞ്ഞെന്നേയുള്ളൂ. വത്തിക്കാനില്‍ നിന്ന് എത്ര പേര് വന്നിട്ടും ഇവിടൊന്നും മാറാന്‍ പോകുന്നില്ലെന്ന് മോഡിയും മനസ്സിലാക്കി കാണണം, അല്ലെങ്കില്‍ ഇങ്ങോട്ട് വരാനിരുന്ന വത്തിക്കാന്‍ പ്രതിനിധികള്ക്ക്  വിസാ നിഷേധിക്കില്ലായിരുന്നല്ലോ. 

കൊച്ചിയില്‍ അത്മായരുടെ മഹാസമ്മേളനം വരുന്നു. താമസിയാതെ ഒരു ചൂല്‍ പ്രയോഗം അത്മായര്‍ (ഡല്ഹിഹയിലേത് പോലെ) ഇവിടെയും സഭക്കുള്ളില്‍ നടത്തിയാല്‍ ദീപിക പത്രാധിപര്‍ എഴുതാന്‍ ഇടയുള്ള പത്രാധിപക്കുറിപ്പ് ഇങ്ങിനെയിരിക്കും (അവലംബം ഫെബ്രു. 11ലെ ദീപികയുടെ പത്രാധിപക്കുറിപ്പ്. ദീപികയുടെ ശരിക്കുള്ള ഉള്ളിലിരുപ്പ് കാണാന്‍ ഇത് വായിച്ചാല്‍ മതി). ആം ആദ്മി എന്നുള്ളിടത്ത് KCRM എന്നും, BJP/കോണ്ഗ്രസ്സ് എന്നൊക്കെയുള്ളിടത്തു മെത്രാന്മാര്‍ എന്നും തിരുത്തി വായിച്ചാല്‍ കറക്റ്റ് ആയിരിക്കും. ചില വാചകങ്ങള്‍ നോക്കൂ... “ആം ആദ്മി (KCRM) എന്നാല്‍ സാധാരണക്കാരൻ. ഇത് ആം ആദ്മിയുടെ വിജയം.” “..... അധികാരത്തിന്റെ ധാര്ഷ്ട്യത്തില്‍ സ്വയം മറക്കുന്ന നേതാക്കള്ക്ക് (മെത്രാന്മാര്‍ക്ക്) ജനങ്ങള്‍ (വിശ്വാസികള്‍) നല്കു്ന്ന മറുപടി.” “......അധികാരപ്രമത്തതയ്ക്കും അഹങ്കാരത്തിനുമേറ്റ തിരിച്ചടി. ഇതൊരു വലിയ ദിശാസൂചിയാണ്.” “.....വലിയ കാര്യങ്ങള്‍  പറഞ്ഞു ജനങ്ങളെ മായാവലയത്തിലാക്കാമെന്നു കരുതുന്നതു വ്യാമോഹമാണെന്നും...” “.....കരുത്തുറ്റ നേതൃത്വത്തിന്റെ് അഭാവവും അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണഞ്ഞ് അലസരായി മാറിയ അണികളും (വൈദികര്‍) ആര്‍ജ്ജവമില്ലാത്ത രണ്ടാംനിര നേതൃത്വവുമെല്ലാംകൂടി.....” “.......സാധാരണ ജനങ്ങളെ (വിശ്വാസികളെ) മറന്നൊരു രാഷ്ട്രീയത്തിനു (സഭക്ക്) പ്രസക്തിയില്ലെന്നതാണ് ഏറ്റവും പ്രധാനം.” വ്യവസായ പ്രമുഖരെയും (കാശുള്ളവനെയും സ്വാധീനമുള്ളവനെയും) സമ്പന്നരെയും പ്രീണിപ്പിച്ചു വര്‍ണ്ണശബളിമ നേടുന്നതല്ല രാഷ്ട്രീയ വിജയം (ആത്മരക്ഷ)”. “......... ജനാധിപത്യം (കത്തോലിക്കാ സഭ) ജനങ്ങള്ക്കുവേണ്ടി (വിശ്വാസികള്ക്ക്) യുള്ളതാണ്. സാധാരണ ജനങ്ങളുടെ (വിശ്വാസികളുടെ) ദുരിതം ഇന്ത്യയില്‍ (സഭയില്‍) ഇന്നുമൊരു യാഥാര്ഥ്യമാണ്. സാധാരണക്കാരെ മറന്നൊരു രാഷ്ട്രീയം (മതം) ഇന്ത്യയില്‍ വിലപ്പോവില്ല.  “........ക്രൈസ്തവരുടെ വോട്ടുബലമല്ല, നീതി നിഷേധിക്കപ്പെടുന്നവരുടെ വികാരത്തിന്റെ് സ്വാധീനമാണ് അതില്‍ പ്രകടമായത് (ഇപ്പറഞ്ഞത്‌ സത്യം).” “മോദിയുടെ ഏകാധിപത്യപരമായ ഭരണശൈലിയെ ചോദ്യം ചെയ്യാന്‍ ഭയന്നു. പാര്ട്ടിയിലെ സീനിയര്‍ നേതാക്കളെ ഒന്നടങ്കം മൂലയ്ക്കിരുത്തി മോദി ഭരണം നടത്തി.” ഇവിടെ മോഡിയെന്നുള്ളിടത്തു പകരം വെയ്ക്കാന്‍ ഒരു കേരള മെത്രാന്‍ കാണാതിരിക്കുമോ?

ഇപ്പോള്‍ മെത്രാന്മാര്‍ എന്ത് പറഞ്ഞാലും അത് ഡിജിറ്റല്‍ ആയാണ് വിശ്വാസികള്‍ സ്വീകരിക്കുന്നത്. ഡേറ്റാ ലോഡ് ചെയ്യന്നതിനു മുമ്പ് സ്കാന്‍ ചെയ്യുകയും മെഷിന്‍ ഇടയ്ക്കിടയ്ക്ക് ഫോര്മാറ്റ് ചെയ്യുകയും ചെയ്യുന്നു. അതാണ്‌ ഇപ്പോഴത്തെ പ്രശ്നം! 

No comments:

Post a Comment