Translate

Thursday, February 5, 2015

മേരിയുടെ സുവിശേഷം കണ്ടെത്തി


mangalam malayalam online newspaperകെയ്‌റോ: ആറാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മേരിയുടെ സുവിശേഷം കണ്ടെത്തി. "മേരിയുടെ സുവിശേഷം" എന്നു വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഈ പുസ്‌തകത്തെ ബൈബിളിലെ സുവിശേഷങ്ങളുടെ ഭാഗമായി കരുതുന്നില്ല. ക്രിസ്‌തുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കു പകരം പ്രതിസന്ധികളില്‍നിന്നു കരകയറാനുള്ള മാര്‍ഗങ്ങളാണു പുസ്‌തകത്തിലുള്ളത്‌.


കോപ്‌റ്റിക്‌ ഭാഷയില്‍ ആറാം നൂറ്റാണ്ടിലാണ്‌ പുസ്‌തകം രചിക്കപ്പെട്ടതെന്നാണു സൂചന.

1984 ല്‍ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയുടെ സക്ലര്‍ മ്യൂസിയത്തിനു ലഭിച്ചതാണിത്‌. പ്രിന്‍സ്‌ടണ്‍ സര്‍വകലാശാലയിലെ പ്രഫ. ആനി ലുജെന്‍ദികിന്റെ നേതൃത്വത്തിലാണു പുസ്‌തകത്തെക്കുറിച്ചുള്ള പഠനം നടന്നത്‌. മേരിയുടെ സുവിശേഷമെന്ന നിലയില്‍ ക്രിസ്‌തുവിനെക്കുറിച്ചുള്ള വിവരമാണു പ്രതീക്ഷിച്ചതെന്നു പ്രഫ. ആനിയും സമ്മതിക്കുന്നു. 160 പേജുകള്‍ പഠിച്ചതില്‍നിന്നുമാണു ദൈവിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാണു പുസ്‌തകത്തിലുള്ളതെന്നു വ്യക്‌തമായത്‌.
"ദൈവത്തില്‍ഹൃദയമര്‍പ്പിക്കുന്നവര്‍ക്കു പരിഹാരം ലഭിക്കും. ഇരു മനസുമായി മുന്നോട്ടു പോകരുത്‌. ഓ മനുഷ്യാ, ഇതു സംഭവിക്കുമോയെന്നു കരുതരുത്‌. സംഭവിക്കുമെന്നു വിശ്വസിക്കുക."- തുടങ്ങിയ വാക്യങ്ങള്‍ ഈ പുസ്‌കത്തിലുണ്ട്‌. ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍, ഇയ്യോബ്‌, സദൃശ്യവാക്യങ്ങള്‍, മത്തായി, ലൂക്കോസ്‌, യോഹന്നാന്‍ എന്നി പുസ്‌കങ്ങളിലെ വാക്യങ്ങള്‍ മേരിയുടെ സുവിശേഷത്തില്‍ ഇടംപിടിക്കുന്നുണ്ട്‌. മരണാനന്തര ജീവിതം, സ്വര്‍ഗം തുടങ്ങിയവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ പുസ്‌തകത്തിലില്ല. മത പ്രചാരണത്തിന്റെ ഭാഗമാക്കാതെ മതനേതാക്കള്‍ സ്വകാര്യമായി സൂക്ഷിച്ചതാകാം പുസ്‌തകമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.
രണ്ടാം നൂറ്റാണ്ടു മുതല്‍ 17 ാം നൂറ്റാണ്ട്‌ വരെ ഈജിപ്‌തില്‍ സംസാരഭാഷയായിരുന്നു കോപ്‌റ്റിക്‌. ഗ്രീക്കില്‍നിന്നാണ്‌ ഈ ഭാഷ രൂപപ്പെട്ടത്‌.

1 comment:

  1. കോപ്റ്റിക്ക് ഭാഷയിൽ രചിച്ചതും 1500 വർഷം പഴക്കമുണ്ടെന്ന് ഊഹിക്കുന്നതുമായ മേരിയുടെ സുവിശേഷം ഒരു സുവിഷമേയല്ലെന്ന് ഗവേഷകയായ പ്രിൻസ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രൊഫസർ ആനി മേരി ല്യൂടജൻസിക്ക് (Anne Marie Luijendijk) അഭിപ്രായപ്പെട്ടിരിക്കുന്നു. യേശുവിന്റെ ജനന മരണ സംഭവങ്ങളെ സംബന്ധിച്ച് യാതൊന്നും ഈ കൃതിയിലില്ല. കാനോനികമല്ലാത്ത തോമസിന്റെ സുവിശേഷമായിപ്പോലും ഈ കൃതിയ്ക്ക് സാമ്യവുമില്ല. ല്യൂടജൻസിക്ക് പറയുന്നത് 'ഈ കൃതിയിൽ '37' അശരീരി രൂപേണയുള്ള പ്രവചനങ്ങൾ മാത്രമാണുള്ളത്. ഭാവി പ്രവചനങ്ങൾ നടത്തുവാൻ ആരോ എഴുതിയ ഒരു സഹായക കൃതിയായി മാത്രമേ ഈ ബുക്കിനെ ഗണിക്കാൻ സാധിക്കുള്ളൂ'വെന്നാണ്. അവ്യക്തമായി അവിടെയും ഇവിടെയും യേശുവിനെപ്പറ്റി സ്പർശിച്ചിട്ടുണ്ട്. ഭാവിപ്രവചനം പറയുന്നവർ ഇതിലെ വാക്യങ്ങൾ ഉപയോഗിച്ചു കാണണം. മനസിലെ നീറുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും ചോദ്യങ്ങൾ ഉന്നയിച്ച് ഇതിലെ പ്രവചനങ്ങൾ നോക്കി മനുഷ്യർ സ്വന്തം ദുഃഖങ്ങളിൽ ആശ്വാസം കണ്ടെത്തിയിരിക്കണം. ദുഃഖം നിറഞ്ഞ ഒരു പാനപോലെ ഈ ബുക്കിനെ കരുതിയാൽ മതി.

    ഇതിലെ ദിവ്യവചനങ്ങൾ (Oracles) മുഴുവനായിത്തന്നെ അവ്യക്തവുമാണ്. മേരി വചനം 'ഏഴ്' പറയുന്നു, " മനുഷ്യാ നീ അറിയുന്നില്ലയോ, നിന്റെ പ്രവർത്തികൾ എന്നുമെന്നും അങ്ങേയറ്റം നീ സ്വയം നിറവേറ്റിക്കൊണ്ടിരിക്കുന്നു. നിനക്ക് നഷ്ടങ്ങളല്ലാതെ, കലഹങ്ങളല്ലാതെ, യുദ്ധമല്ലാതെ ഒന്നുമില്ല. നീ എന്തു നേടി? നിനക്ക് ക്ഷമയുണ്ടായിരുന്നെങ്കിൽ യാക്കോബിന്റെയും, ഇസഹാക്കിന്റെയും, അബ്രാഹാമിന്റെയും ദൈവം നിന്റെ കാര്യ കാരണങ്ങൾക്ക് വ്യക്തമായ പരിഹാരം കണ്ടേനെ." മേരിയുടെ ബുക്കിൽ പ്രവചനം 25-ൽ പറയുന്നു, "മനുഷ്യാ നീ ദൈവത്തിന്റെ മുമ്പിൽ പ്രതിജ്ഞ ചെയ്യൂ. ദൈവത്തിനർപ്പിച്ച വാഗ്ദാനങ്ങൾ ഉടൻ പൂർത്തിയാക്കൂ. നിനക്കൊരിക്കലും രണ്ടു മനസാകരുത്. ദൈവം കാരുണ്യവാനാണ്. നിന്റെ അപേക്ഷകൾ സഫലമാക്കുന്നതും അവിടുന്നു തന്നെ. ഹൃദയത്തിലെ ക്ലേശങ്ങളെയും ദുഃഖങ്ങളെയും ഇല്ലാതാക്കൂ." ഈ കൃതിയിലെവിടെയും ദുരിതങ്ങളും കലഹങ്ങളും കഷ്ടപ്പാടുകളും ജീവിത ദുഃഖങ്ങളും ചിലപ്പോൾ ഭീഷണികളും നിറഞ്ഞിരിക്കുന്നത് കാണാം.

    അതി പ്രാചീനമായ ഈ കൃതി സൂക്ഷിച്ചിരിക്കുന്നത്‌ ഹാർവാർഡ് യൂണി വേഴ്സി റ്റിയിലാണ്. 1984-ൽ 'ബ്യൂട്ടീസ് കെളെക്യാൻ' എന്ന സ്ത്രീ അവരുടെ മരിച്ചുപോയ ഭർത്താവിന്റെ പുരാ വസ്തുശേഖരത്തിൽ നിന്ന് ഈ പുസ്തകം കണ്ടെടുക്കുകയും യൂണിവേഴ്സിറ്റിയ്ക്ക് സമ്മാനിക്കുകയുമാണുണ്ടായത്. അവരുടെ ഭർത്താവിന്റെ പിതാമഹന്മാർ കോപ്റ്റിക്ക് ഗ്രന്ഥങ്ങളും പൌരാണിക വസ്തുക്കളും കച്ചവടം നടത്തിയിരുന്നു. മേരിയുടെ ഈ സുവിശേഷം അവർക്ക് എങ്ങനെ, എവിടെനിന്ന് ലഭിച്ചുവെന്നും അറിഞ്ഞുകൂടാ. എന്നാണ് ലഭിച്ചതെന്നും നിശ്ചയമില്ല. ഈജിപ്ത്തിലെ ഏതോ ദിവ്യൻ ഉപയോഗിച്ചിരുന്ന പുസ്തകമെന്നും കരുതപ്പെടുന്നു. ബുക്കിന്റെ വലുപ്പം വെറും മൂന്നിഞ്ചാണ് . അതിലെ കയ്യക്ഷരം മനോഹരവുമാണ്. ചെറിയ ബുക്കായതുകൊണ്ട് ഒളിച്ചു വെക്കാനും സൌകര്യപ്രദമാണ്. പ്രാചീന സഭകൾക്ക് ഈ കൃതിയോട് എതിർപ്പുണ്ടായിരിക്കാം. അവരിൽനിന്നും ഭയംക്കൊണ്ട് ഇതിലെ ഉള്ളടക്കം മറച്ചു വെച്ചിരുന്നിരിക്കാം. പോരാഞ്ഞ് പ്രാചീന കാലങ്ങളിൽ ചെറിയ പുസ്തകങ്ങൾ ചില ദിവ്യന്മാരുടെ കൈവശം സുലഭവുമായിരുന്നു.

    ReplyDelete