Translate

Wednesday, February 18, 2015

പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ക്ഷേമത്തിന് കെ.സി.ആർ.എം. തുടക്കംകുറിക്കുന്നു

കത്തോലിക്കാസഭയിലെ സന്ന്യാസം വിട്ടിറങ്ങിയ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും
ക്ഷേമത്തിന് കെ.സി.ആർ.എം. തുടക്കം കുറിക്കുന്നു - സ്വാഗതസംഘം

കത്തോലിക്കാസഭയിലെ സ്ഥാപനവൽക്കരണത്തിന്റെ ഫലമായും മറ്റു വ്യത്യസ്ത കാരണങ്ങളാലും സന്ന്യാസം വിട്ടിറങ്ങിയ ബഹുമാന്യ പുരോഹിതരെയും കന്യാസ്ത്രീകളെയും സമൂഹം ഒറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം കുടുംബങ്ങളിൽനിന്നുപോലും അവർ തിരസ്‌കരിക്കപ്പെടുന്നു.അവരുടെ കുടുംബവിഹിതം മറ്റുപലരും തട്ടിയെടുക്കുന്നു. ഭൂരിപക്ഷം പേർക്കും സ്വന്തം നാടുവിട്ട് പോകേണ്ടിവരുന്നു.

ദുരിതപൂർണ്ണമായ ഇവരുടെ ജീവിതത്തെക്കുറിച്ച് കെ. സി. ആർ. എം. പഠനം നടത്തിയപ്പോൾ, കാലങ്ങളോളം സഭയ്ക്കും സമൂഹത്തിനുംവേണ്ടി സമർപ്പിതജീവിതം നയിച്ച ഈ ബഹുമാന്യരിൽ 80% ൽ അധികവും, സഭയ്ക്കുള്ളിൽ തുടരുന്ന പുരോഹിത-സന്യാസിനിമാരേക്കാൾ ആത്മീയചൈതന്യവും സമർപ്പണമനോഭാവവുമുള്ളവരാണെന്നു കാണുവാൻകഴിഞ്ഞു. ഇവരുടെ സേവനം ഭാവിയിൽ സമൂഹത്തിന് കനത്ത മുതൽക്കൂട്ടാകുമെന്നും കെ. സി. ആർ. എം. കരുതുന്നു. രാജ്യത്തെ ഏതൊരു പൗരനും ഇന്ത്യൻ ഭരണഘടനയനുസരിച്ച് മാന്യമായ ഏതൊരു തൊഴിലും ജീവിതാന്തസും നേടുന്നതിന് അവകാശമുണ്ട്. ബഹുമാന്യരായ ഇവരെ കാലങ്ങളായി സമൂഹത്തിൽ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും പിന്നിൽ സഭാനേതൃത്വത്തിന്റെ ആസൂത്രിതനീക്കമാണെന്നു കാണുവാൻകഴിഞ്ഞു. ഇതിനെതിരേ വിശ്വാസിസമൂഹം രംഗത്തിറങ്ങണം.

ആത്മീയ- ജീവകാരുണ്യപ്രവർത്തനരംഗത്തുനിന്നും ഭൗതി കരംഗത്തേക്ക് (കച്ചവട- നിർമ്മാണപ്രവർത്തന- രാഷ്ട്രീയ-ഭരണരംഗങ്ങളിലേക്ക്) സഭ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ ആത്മീയചൈതന്യമുള്ള, സമർപ്പിതജീവിതം നയിക്കുവാനാഗ്രഹിച്ച് സന്ന്യാസം സ്വീകരിച്ച ആയിരക്കണക്കിനു പുരോഹിതരും കന്യാസ്ത്രകളും ഇന്ന് സഭയുടെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു കഴിയുകയാണ്. അവരുടെ ജീവിതവും വളരെയേറെ ദുരിതപൂർണ്ണമാണ്. ഇവരും സമൂഹത്തിന്റെ കാരുണ്യമർഹിക്കുന്നു. ജീവിതകാലം മുഴുവൻ സഭയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത്, പ്രായാധിക്യംമൂലം റിട്ടയർ ചെയ്യുന്നവർക്കായി സഭ ഒരുക്കിയിരിക്കുന്ന അവസാനകാല വിശ്രമകേന്ദ്രങ്ങൾ (ജൃശലേെ ഒീാല)െ നരകതുല്യമാണ്. ഇതു നവീകരിക്കുവാൻ അടിയന്തിരനടപടികൾ ഉണ്ടാവണം. സഭയുടെ പ്രവർത്തനങ്ങൾക്കും പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ഉന്നമനത്തിനുംവേണ്ടി വിശ്വാസിസമൂഹം കോടാനുകോടി രൂപാ നേർച്ചകളും സംഭാവനകളുമായി നൽകിയിട്ടുണ്ട്. എന്നിട്ടും ഈ ക്രൂരത തുടരുന്നതെന്തിന്?

ഭാവി പരിഗണനയ്ക്കായി കെ. സി. ആർ. എം. മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ:

1. പൗരോഹിത്യവും സന്ന്യാസവും വിട്ടുപോന്നവർക്ക് സമൂഹത്തിന്റെ ആദരവും ബഹുമാനവും നൽകി അവരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്താൻ സംവിധാനമുണ്ടാക്കണം.

2. സെമിനാരികളിലേക്കും മഠങ്ങളിലേക്കും പോകുന്നവരുടെ കുടുംബവിഹിതം അവരുടെ കാലശേഷം മാത്രമേ സ്വന്തക്കാരോ ബന്ധുക്കളോ സഭാനേതൃത്വമോ കൈപ്പറ്റുവാൻ പാടുള്ളൂ എന്നു നിബന്ധനയും നിയമവും വേ ണം.

3. സെമിനാരിജീവിതവും തുടർന്നുള്ള സേവനകാലാവധിയും പരിഗണിച്ച് അർഹമായ തുക പിരിഞ്ഞുപോകുന്നവർക്കു നൽകണം.

4. ഔദ്യോഗികമായി പിരി ഞ്ഞുപോന്നുവെങ്കിലും, താത്പര്യമുള്ള വിവാഹിതരും അവിവാഹിതരുമായിട്ടുള്ള വൈദികർക്ക് തുടർന്നും രൂപതകൾക്കുകീഴിലുള്ള പള്ളികളുമായിചേർന്ന് കൂദാശാകർമ്മങ്ങൾ നടത്തുവാൻ അനുവാദം നൽകണം.

5. സെമിനാരികളിൽ ദൈവശാസ്ത്രത്തിനുപുറമേ പ്രൊഫഷണൽകോഴ്‌സുകളിൽക്കൂടി പരിശീലനം നൽകണം.

6. തിരിച്ചറിവാകുന്നതിനുമുൻപ് ചെറിയ പ്രായത്തിൽ കുട്ടികളെ സെമിനാരികളിലും മഠങ്ങളിലും ചേർക്കുന്നത് നിർത്തലാക്കി ഡിഗ്രിക്കുശേഷംമാത്രം തിരഞ്ഞെടുക്കുകയും ചുരുങ്ങിയ വർഷത്തെ പരിശീലനം നടത്തി നിയമിക്കുകയും ചെയ്യണം.

7. കുലീനതയെക്കുറിച്ചു പരമ്പരാഗതമായി നിലനിൽക്കുന്ന സങ്കല്പപ്രകാരം ദൈവവിളി നിശ്ചയിക്കുന്ന സഭാസമ്പ്രദായം ഇനിയെങ്കിലും ഉപേക്ഷിക്കണം. പകരം, ആത്മീയ ചൈതന്യം പുലർത്തുന്ന നല്ല കുടുംബങ്ങളിൽനിന്നുള്ളവരെ, മറ്റു പിന്നോക്കാവസ്ഥകളൊന്നും പരിഗണിക്കാതെ, വൈദികാർത്ഥികളായും സന്ന്യാസാർത്ഥികളായും തിരഞ്ഞെടുക്കണം. 

8. പുരോഹിതർക്കും കന്യാസ്ത്രീകൾക്കും സന്ന്യാസത്തിൽ തുടരുന്നതിനുള്ള സമയപരിധി അഞ്ചു വർഷമായി ക്രമപ്പെടുത്തുകയും, വീണ്ടും തുടരുവാനാഗ്രഹിക്കുന്നവരിൽനിന്നും ഓപ്ഷൻ സ്വീകരിച്ച് പിന്നീട് മൂന്നു വർഷങ്ങൾ വീതം നീട്ടി നൽകുകയും ചെയ്യണം. നിർബന്ധമായി സന്യാസജീവിതത്തിൽ തുടരേണ്ടിവരുന്നത് അപകടകരമാ ണ്.

9. പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും സേവന-വേതന വ്യവസ്ഥകൾക്ക് ലേബർ ആക്ട് ബാധകമാക്കുകയും മാന്യമായ ശമ്പളം നല്കുകയും വേണം.

10. അടുത്ത കാലത്തായി പല കാരണങ്ങളാൽ പുരോഹിതരിലും കന്യാസ്ത്രീകളിലും മാനസികപിരിമുറുക്കം വർദ്ധിച്ചു വരുന്നതായും, പലതും ആത്മഹത്യയിലും കൊലപാതകത്തിലുംവരെ ചെന്നെത്തുന്നതായും കാണുന്നു. പല സംഭവങ്ങളും പാശ്ചാത്യസഭയെ കടത്തിവെട്ടുന്ന തരത്തിലാണെന്നിരിക്കെ, പഴയ കാലത്തെ ചൈതന്യത്തിലേക്കു തിരിച്ചുപോകുന്നതിനാവശ്യമായ ചർച്ചകളും നടപടികളും പ്രോത്സാഹനങ്ങളും സഭാനേതൃത്വത്തിൽനിന്നും വിശ്വാസിസമൂഹത്തിൽനിന്നും ഉണ്ടാവണം.

11. പുറത്തു വന്നിട്ടുള്ളതും വരുന്നതുമായ നിരവധി പുരോഹിതർക്കും കന്യാസ്ത്രീകൾക്കും തലചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥയാണിപ്പോൾ. സ്വന്തം കുടുംബങ്ങളിൽപ്പോലും കയറുവാൻ കഴിയാത്തവരുണ്ട്. യാതൊരുവിധ സംരക്ഷണവും ലഭിക്കാത്ത അനേകരുണ്ട്. സാമ്പ ത്തിക ക്ലേശത്തിൽ നട്ടംതിരിയുന്നവരും, ജോലിയൊന്നും ലഭിക്കാത്തവരും കുടുംബമില്ലാത്തവരുമാണ് ഭൂരിപക്ഷവും. പുതിയ ജോലി നേടുന്നതിനും മനസ്സിനെ ഒന്നു ശാന്തമാക്കുന്നതിനുംവേണ്ടി ഒരു വർഷംവരെയെങ്കിലും താമസിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും നമുക്ക് ഉണ്ടാവേണ്ടതുണ്ട്.

12. മുകളിൽ സൂചിപ്പിച്ച എല്ലാ പ്രശ്‌നങ്ങൾക്കും അടിസ്ഥാന കാരണമായിരിക്കുന്നത്, പുരോഹിതർക്കും കന്യാസ്ത്രീകൾ ക്കും ബാധകമാക്കിയിരിക്കുന്ന വിവാഹവിലക്കാണെന്നു മനസ്സിലാക്കി നിർബന്ധിത ബ്രഹ്മചര്യവ്യവസ്ഥ ഉപേക്ഷിക്കാൻ സഭ ഇനിയെങ്കിലും തയ്യാറാകണം. ആദിമസഭയിലെയും കേരള നസ്രാണിസഭയിലെയും കുടുംബസ്ഥരായവരുടെ ആത്മീയശുശ്രൂഷാസംവിധാനം സഭയിൽ പുനഃസ്ഥാപിക്കണം.

ഇത്തരം സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്കു കഴിയുന്നത്ര പരിഹാരം ഉണ്ടാക്കുന്നതിനും, തിരിച്ചു പോരുന്നവർക്കു സംരക്ഷണം നൽകുന്നതിനും അവരുടെ പുനരധിവാസത്തിനുമുള്ള കർമ്മപദ്ധതികൾക്ക് കെ.സി.ആർ.എം. തുടക്കംകുറിച്ചിരിക്കുകയാണ്. 2015 ഫെബ്രു. 28-ന് പാലാരിവട്ടം, ആശാൻ നഗറിലുള്ള  ടചഉജ യോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന കൊച്ചി സമ്മേളനം ഇപ്പോഴേ ഒരു ചരിത്രസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു.  ബന്ധപ്പെട്ട എല്ലാവരും, 'കെ.സി.ആർ. എം. പ്രീസ്റ്റ്‌സ് & എക്‌സ് പ്രീസ്റ്റ്‌സ് - നൺസ് അസ്സോസിയേഷ'നിൽ അംഗങ്ങളാവണമെന്ന് അഭ്യർത്ഥിക്കുന്നു. അംഗങ്ങളുടെ സംരക്ഷണത്തിനാവശ്യമായ എമർജൻസി ഫണ്ടും കെട്ടിടവും ഉണ്ടാക്കണമെന്ന്  ജനുവരി 31-ന് പാലായിൽ ചേർന്ന സ്വാഗതസംഘം നിർവ്വാഹകസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്തയോഗത്തിൽ ശക്തമായ അഭിപ്രായം ഉണ്ടായി. അതിനുവേണ്ടി സുമനസ്സുകളിൽനിന്നും കഴിവുള്ള അംഗങ്ങളിൽനിന്നും സംഭാവനകൾ സ്വീകരിക്കുവാനും തീരുമാനിച്ചു ഈ ജീവകാരുണ്യപ്രവർത്തനത്തിൽ തങ്ങളാൽ കഴിയുന്നവിധം എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരുമിച്ചുള്ള നമ്മുടെ പ്രവർത്തനങ്ങൾ നൻമയിലേക്കാവട്ടെ! ദൈവം നമ്മെ നയിക്കട്ടെ!

       കെ.കെ. ജോസ് കണ്ടത്തിൽ                 റെജി ഞള്ളാനി
         (ജന.സെക്രട്ടറി, സ്വാഗതസംഘം)            (ചെയർമാൻ, സ്വാഗതസംഘം)
   
അന്വേഷണങ്ങൾക്ക്: 
റെജി ഞള്ളാനി - 9447105070 
കെ ജോർജ്ജ് ജോസഫ് - 9496313963 
ഫാ.കെ.പി.ഷിബു - 9446128322 
കെ.കെ. ജോസ് കണ്ടത്തിൽ -8547573730, 
ജോർജ്ജ് മൂലേച്ചാലിൽ - 9497088904.


No comments:

Post a Comment