Translate

Thursday, February 26, 2015

നേര്‍ച്ചക്കുറ്റിയില്ല, വെഞ്ചരിപ്പുമില്ല!

ഇടുക്കി രൂപതയും ഉപ്പുതോട്‌ ഇടവകക്കാരും തമ്മില്‍ തുറന്ന യുദ്ധം തുടങ്ങിയത്  ഉപ്പുതോട്ടില്‍ പദ്ധതിയിട്ട പ്ലസ്‌ റ്റൂ, രൂപത ഇടപെട്ട് ഒഴിവാക്കിയത് മുതലാണ്‌. ഇടുക്കി മുന്‍ MP,  PT തോമസിനോടുള്ള ഇടുക്കി മെത്രാന്റെ പകയാണ് ഇതിന്റെ പിന്നിലെന്ന് ജനങ്ങള്‍ സംശയിക്കുന്നു. വിശ്വാസികള്‍ ഉണര്‍ന്നപ്പോള്‍,  നാടിന്‍റെ വളര്‍ച്ചക്ക് വേണ്ടി ഒപ്പം നിന്ന  ഉപ്പുതോട്‌ പള്ളി വികാരിയെ സ്ഥലം മാറ്റി; വളരെ വികാര നിര്‍ഭരമായ ഒരു യാത്രയയപ്പാണ് ഇടവകക്കാര്‍ അദ്ദേഹത്തിന് നല്‍കിയത്.  പ്രതികാരത്തിന്റെ  കഥകള്‍ ഈ വലിയ നോയമ്പിലും തുടരുന്നു - എഡിറ്റര്‍ 
ഉപ്പുതോട്‌ റിപ്പോര്‍ട്ട്:

ഉപ്പുതോടുകാര്‍ വളരെ മനോഹരമായി പണി കഴിപ്പിച്ച ഈ കുരിശുപള്ളിയില്‍ വിശുദ്ധ കുര്ബാനക്കും നോവേനക്കും വിലക്ക് ഏര്‍പ്പെടുത്തികൊണ്ട് രൂപതാ അധികാരികള്‍ ഉപ്പുതോടുകാരോട് പകരം വീട്ടാന്‍ തീരുമാനിച്ചതിന്റെ ഫലമായി പാപ്പാ നഗർ (പൂതക്കുഴി കവല) കപ്പേളയിൽ മുൻ ഉപ്പുതോട്‌ വികാരി Fr ജോർജ് കൊച്ചുപുരക്കല്‍ അച്ചൻ തുടങ്ങിവെച്ച നൊവേനയും കുർബാനയും നിർത്തിവെച്ചുകൊണ്ട് ഇടുക്കി അരമന ഉത്തരവ് പുറപ്പെടുവിച്ചു. 

ഉപ്പുതോട്‌ പള്ളി നിലവില്‍ വന്ന അന്നുമുതല്‍ പാപ്പാ നഗറില്‍ (പഴയ ജവാന്‍ സിറ്റിയില്‍)പള്ളിക്ക് അല്പം സ്ഥലവും അവിടെ ഒരു കുരിശും സ്ഥാപിച്ചിരുന്നു. കുറേക്കാലങ്ങളായി ഇവിടെ ഒരു കുരിശ്പള്ളി പണിയണമെന്ന ആവശ്യവുമായി വിശ്വാസികള് ഇവിടെ സ്ഥാനമേറ്റു വന്ന വികാരി അച്ചന്മാരെയും അരമനയെയും സമീപിച്ചുകൊണ്ടിരുന്നു. അനുഭാവപൂര്‍ണ്ണമായ തീരുമാനം എടുക്കുന്നതില്‍ കൊച്ചുപുരക്കല്‍ അച്ചന്‍ ഒഴികെ ബാക്കി എല്ലാവരും പരാജയപ്പെട്ടു എന്ന് പറയുന്നതാകും ശരി. 

Fr ജോർജ് കൊച്ചുപുരക്കല്‍ വികാരിയായി വന്നതിനുശേഷം ഈ ഇടവകയുടെ അതിര്‍ത്തി പുനര്നിര്‍ണയിച്ചുകൊണ്ട് രൂപതയില്‍ നിന്നും അധാര്‍മികമായി ഒരു കല്പന പുറപ്പെടുവിച്ചിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതിനു കാരണക്കാരന്‍ രാജമുടി വികാരി ആണെന്ന് നിഗമനത്തിലാണ് ഇടവകക്കാര്‍ എത്തിയത്. അവര്‍ക്ക് പറയാന്‍ കുറെ കാരണങ്ങളുമുണ്ടായിരുന്നു.  ഒരു കാരണം, രാജമുടിയിലെ പാരിഷ്ഹാള്‍ നിര്‍മാണത്തിന് കൂടുതല്‍ പണം ആവശ്യമായിരുന്നു എന്നതാണ്.കുറെയേറെപേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഏകപക്ഷിയമായ ഈ തീരുമാനത്തെ ഉപ്പുതോട്ടിലെ ജനങ്ങൾ ഒന്നടങ്കം എതിര്‍ത്തതിനാല്‍ ഈ ഓര്‍ഡര്‍ രൂപത പിന്നീട്  പിന്‍വലിക്കുകയാണ് ചെയ്തത്.

ഈ സമയത്താണ് കുരിശുപള്ളിയെന്ന ആവശ്യം ഇടവകക്കാര്‍ വികാരി അച്ചനെ അറിയിച്ചതും അദ്ദേഹം ധൈര്യമായി ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറായതും. തുടര്‍ന്ന് രൂപതയുടെ അനുവാദത്തോടെ പള്ളി പണി ആരംഭിക്കുകയും അത് പൂര്‍ത്തികരിക്കുകയും ചെയ്തു. 

രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ, പള്ളിയുടെ കൂദാശ കര്‍മ്മം ഇടവക തിരുന്നാളിനോടനുബന്ദിച്ചു 2015 Feb. 6ന് വെള്ളിയാഴ്ച ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ കാർമികത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, പിതാവ് അന്നേ ദിവസം സുഖമില്ല എന്ന ന്യായം പറഞ്ഞ് ഉപ്പുതോട്ടില്‍ വന്നില്ല. ഉപ്പുതോട്‌ പള്ളി ഇടവകക്കാരും രൂപതയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ മെത്രാന്റെ അസുഖം പൂര്‍ണ്ണമായും ശാരീരികമായിരുന്നിരിക്കില്ലായെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. 

വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നടത്തി കൊടുക്കുന്നതിൽ പിതാവ് കാണിക്കുന്ന പ്രതികാര പൂർവമായ ഈ നടപടികൾ ഒരിക്കലും ഒരു വിശ്വാസിക്കും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ആയതിനാല്‍ ഈ തീരുമാനം മാറ്റി വിശുദ്ധ കുര്ബാനക്കും നോവേനക്കും അനുവാദം കൊടുക്കുകയാണ് ഇടുക്കി രൂപതാ ചെയ്യേണ്ടത്.

വിശുദ്ധ ജോൺ പോൾ പാപ്പയുടെ നാമത്തിലുള്ളതും, വിശുദ്ധന്റെ തിരുശേഷിപ്പ്‌ ഉള്ളതുമായ  ഈ ദേവാലയത്തെ മറ്റ്‌ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്‌ ഇവിടെ നേർച്ചക്കുറ്റി ഇല്ല എന്നതാണു. ഇന്ന് രൂപതയ്ക്ക്‌ മറ്റെന്തിനേക്കാളും ആവശ്യം നേർച്ചക്കുറ്റിയിൽ വീഴുന്ന നാണയത്തുട്ടുകൾ മാത്രമാണെന്നല്ലേ മനസ്സിലാക്കേണ്ടത്?

No comments:

Post a Comment