Translate

Monday, July 27, 2015

സ്‌നേഹമേ നിനക്ക് വന്ദനം!



                                      ആദരാഞ്ജലികൾ

KCRM State committe

7 comments:

  1. ആരവങ്ങളില്ലാത്ത കടല്‍ C. Ravichandran

    (1) മുന്‍ രാഷ്ട്രപതി ശ്രീ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. വ്യക്തിപരമായി ഏറെ നന്മകളുണ്ടായിരുന്ന അദ്ദേഹത്തെ ഇഷ്ടമായിരുന്നു. പ്രസംഗങ്ങളും പുസ്തകങ്ങളും ശ്രദ്ധിച്ചിരുന്നു. നിര്യാണ വാര്‍ത്ത പൊതുസമൂഹത്തിലും വിഷാദം പടര്‍ത്തി. പുഴുക്കുത്തുകള്‍ പ്രകൃതിദത്തമായി നീക്കംചെയ്യപ്പെടുമ്പോള്‍ പത്രക്കാരും അധികാരികളും ബദ്ധപ്പെട്ട് ഉത്പ്പാദിപ്പിക്കുന്ന കൃത്രിമ വിഷാദം ആയിരുന്നില്ല അത്. കലാം കുറെക്കൂടി കഴിഞ്ഞിട്ട് മരിച്ചാല്‍ മതിയായിരുന്നു എന്ന ആഗ്രഹചിന്ത പലരിലും സൃഷ്ടിക്കാന്‍ ആ വേര്‍പാട് കാരണമായി. ഉള്ളില്‍ ഗൂഡമായി ആസ്വദിച്ചും പാര്‍ശ്വഫലമായി കിട്ടുന്ന അവധി ഉള്‍പ്പെടെയുള്ള ഇളവുകള്‍ ആതുരമായി ആഘോഷിച്ചുമാണ് ജനം സാധാരണ ഭരണാധികാരികളുടെ മരണത്തോട് പ്രതികരിക്കുക. പക്ഷെ കലാമിന്റെ നിര്യാണം വ്യത്യസ്തമായ കാഴ്ച സമ്മാനിച്ചു. ശ്രീ.കലാമിന് ആദരം നിറഞ്ഞ ശ്രദ്ധാജ്ഞലികള്‍

    (2) കഠിനാദ്ധ്വാനത്തിലും സ്ഥിരോത്സാഹത്തിലും വിശ്വസിച്ചിരുന്ന ആ മനുഷ്യന്‍ സ്വന്തം മരണം അവധിയായി ആഘോഷിക്കരുതെന്ന് അപേക്ഷിച്ചിരുന്നു. ലാളിത്യവും വിനയവും അദ്ദേഹത്തിന് കേവലം ആഭരണങ്ങളായിരുന്നില്ല. കര്‍മ്മ മണ്ഡലത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ ശേഷം രാജ്യത്തെ പരമോന്നത ബഹുമതികള്‍ ഒന്നൊന്നായി തേടിയെത്തുമ്പോഴും നന്മയുടെ വേരുകള്‍ നില നിറുത്തി. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സമീപനം പണ്ഡിറ്റ് നെഹ്രുവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. അഴിമതിയുടെയും ധൂര്‍ത്തിന്റെയും അഹംഭാവത്തിന്റെയും കറ പുരളാതിരുന്ന ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം വേറിട്ടു നിന്നു. രാഷ്ട്രപതിഭവനില്‍ മതം പ്രസരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പൂജയും കൂടോത്രവുമായി രാഷ്ട്രപതിഭവനില്‍ കുടി പാര്‍ക്കുന്നവരില്‍ നിന്നും ആ നിലയില്‍ വ്യത്യസ്തനായി.
    to continue...

    ReplyDelete
  2. (3) ''ശാസ്ത്രജ്ഞനായ ആദ്യത്തെ രാഷ്ട്രപതി'' എന്ന വിശേഷണം കലാമിന് ലഭിച്ചിട്ടുണ്ട്. ഇത് എത്രമാത്രം ശരിയാണ് എന്ന ചോദ്യമുണ്ട്. ശാസ്ത്രജ്ഞന്‍ എന്നതിലുപരി 'സാങ്കേതികവിദഗ്ധന്‍' എന്ന പേരാണ് അദ്ദേഹത്തിന് കൂടുതല്‍ ഇണങ്ങുക. ശാസ്ത്രജ്ഞന്റെ തൊപ്പി ഒരിക്കലും ആ തലയില്‍ ഉറച്ചിട്ടില്ലെന്നതാണ് വാസ്തവം. ശാസ്ത്രീയമായ അവബോധവും മനോവൃത്തിയും തീരെയില്ലാത്ത ഒരു വ്യക്തിയായിരുന്ന ശ്രീ അബ്ദുള്‍ കലാം എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. നവോത്ഥാന-ജ്ഞാനോദയമൂല്യങ്ങള്‍ക്കുണ്ടായ തിരിച്ചടിക്ക് ആക്കം കൂട്ടുന്ന സമീപനമാണ് പലപ്പോഴും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വിശ്വാസം വ്യക്തിതലത്തില്‍ ഒതുക്കുന്നതില്‍ പലപ്പോഴും അദ്ദേഹം പരാജയപ്പെട്ടു. ആള്‍ദൈവങ്ങളെയും അനാചാരങ്ങളെയും ആസ്വദിക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ട്. പക്ഷെ രാഷ്ട്രത്തിന്റെ പ്രഥമപൗരനെന്ന നിലയില്‍ മതമേധാവിത്വത്തിന് മുന്നില്‍ പുഴുവിനെപ്പോലെ ചുരുണ്ടുകൂടിയപ്പോള്‍ രാഷ്ട്രത്തിന്റെ മതേതര സ്വത്വത്തിന് തന്നെയാണ് മുറിവേറ്റത്.

    (4) ഭരണാധികാരി ജനങ്ങളെ പ്രതിനിധീകരിക്കുന്നവനാണ്. ആള്‍ദൈവങ്ങള്‍ക്കും മതപ്രഭുക്കന്‍മാര്‍ക്കും മുന്നില്‍ വിനീതവിധേയനെപ്പോലെ കുനിഞ്ഞു കൂമ്പി നിന്ന കലാം രാഷ്ട്രത്തിന്റെ അഭിമാനമാണ് ആ അധമപാദങ്ങളില്‍ പണയം വെച്ചത്. സായി ബാബ എന്ന കപടന്റെ മുന്നില്‍ തുല്യപ്രാധാന്യമുള്ള കസേര കിട്ടിയിട്ടും പ്ലാസ്റ്റിക്ക് കസേരയില്‍ വിനീതവിധേയനെപ്പോലെ ഒതുങ്ങിയിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി വെറുപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. അബ്ദുള്‍ കലാമിന് അതു ചെയ്യാം. പക്ഷെ 130 കോടി ജനങ്ങളുടെ രാഷ്ട്രപതി ഇത്തരത്തില്‍ തരംതാഴുന്നത് വേദനാജനകമാണ്.

    ReplyDelete
  3. continuation from above (5) രാഷ്ട്രപതി പദവിയില്‍ നിന്നും ഒഴിവായ ശേഷവും ചില ആള്‍ദൈവങ്ങളുടെ മുന്നില്‍ വിനീതവിധേയനായി നിന്ന് ആശീര്‍വാദം വാങ്ങുന്ന ചിത്രങ്ങള്‍ കണ്ടതോര്‍ക്കുന്നു. പൊതുവ്യവഹാരങ്ങളില്‍ മതാധിപത്യത്തെ അംഗികരിക്കുക എന്ന പ്രതിലോമ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്തു സന്ദേശമാണ് അതു വഴി അദ്ദേഹം ഈ രാജ്യത്തെ യുവ തലമുറയ്ക്ക് നല്‍കിയിട്ടുണ്ടാവുക?! ജീര്‍ണ്ണതകളോടും അന്ധവിശ്വാസങ്ങളോടും അനായാസം രമ്യതപ്പെട്ട ഒരാള്‍ ശാസ്ത്രജ്ഞാനത്തിന്റെയും പുരോഗമന ചിന്തയുടെയും ധര്‍മ്മഭടന്‍മാരാകാന്‍ പുതു തലമുറയോട് ആഹ്വാനം ചെയ്തതില്‍ അഭംഗിയുണ്ട്. സ്വപ്നം കാണുമ്പോഴല്ല മറിച്ച് സ്വപ്നങ്ങളുടെ വ്യാകരണം യാഥാര്‍ത്ഥ്യതലത്തില്‍ തിരിച്ചറിയുമ്പോഴാണ് ലക്ഷ്യബോധവും ക്രിയാശേഷിയുമുണ്ടാകുന്നതെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല.

    (6) വ്യവസ്ഥാപിത ജീര്‍ണ്ണതകളോട് നിര്‍ലജ്ജമായി സമരസപ്പെട്ട നല്ലതൊമ്മി ജീവിതമാണ് രാഷ്ട്രീയത്തില്‍ അദ്ദേഹം നയിച്ചത്. നഗ്നമായ മതപ്രീണനം മിക്ക ഇന്ത്യന്‍ ഭരണാധികളെപ്പോലെ അദ്ദേഹവും മുഖമുദ്രയാക്കി. വിവാദവും വിമര്‍ശനവും ഭയന്ന് എല്ലായ്‌പ്പോഴും രാഷ്ട്രീയ ശരികള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കാട്ടിയ അമിത ശ്രദ്ധ പല സന്ദര്‍ഭങ്ങളിലും അദ്ദേഹത്തെ മൗനിയാക്കി. അധികാര രാഷ്ട്രീയത്തിനു മുന്നില്‍ നല്ല പിള്ളയാകുനുള്ള വ്യഗ്രതയില്‍ രാജ്യത്തെ വര്‍ഗ്ഗീയവത്ക്കരത്തില്‍ അറിഞ്ഞോ അറിയാതെയോ അദ്ദേഹം മാപ്പുസാക്ഷിയായി. ഇന്ത്യയിലെ ഭൂരിപക്ഷരാഷ്ട്രീയവുമായി ഉണ്ടാക്കിയ നാണംകെട്ട ഒത്തുതീര്‍പ്പുകളാണ് ശ്രീ കലാമിനെ രാഷ്ട്രപതിഭവനിലെത്തിച്ചതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ശാസ്ത്രരംഗത്ത് നിസ്തുലമായ സേവനം കാഴചവെച്ച പല മഹാരഥന്‍മാര്‍ക്കും കൈവരാതെ പോയ നേട്ടമാണതെന്ന് ഓര്‍ക്കണം.

    (7) 'മിസൈല്‍മാന്‍' എന്നു വിശേഷിപ്പിക്കപ്പെട്ട കലാം ആണവ പരീക്ഷണങ്ങളുടെ അണിയറയില്‍ വഹിച്ച പങ്കും ഭൂരിപക്ഷ ദേശീയവാദികളുടെ കണ്ണില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. ഭൂരിപക്ഷ ദേശീയതയുടെ വന്യത കുറയ്ക്കാന്‍ കണ്ടെത്തിയ മൃദു ന്യൂനപക്ഷക്കാരന്‍ എന്ന നിലയില്‍ ശ്രീ കലാം വര്‍ഗ്ഗീയഫാസിസ്റ്റുകളുടെ പ്രതിച്ഛായ നിര്‍മ്മാണത്തിലെ മുഖ്യ ചേരുവയായി.

    ReplyDelete
  4. continuation from above (8) സര്‍വ്വനാശിയായ ആയുധങ്ങള്‍ ഒരുക്കുന്നതിന്റെ ചുക്കാന്‍ പിടിച്ച ആള്‍തന്നെ പൊതുസദസ്സുകളില്‍ സമാധാനത്തെയും നിരായുധീകരണത്തെയും കുറിച്ചും വാതോരാതെ സംസാരിച്ചു. ആയുധങ്ങള്‍ സമാധാനം കൊണ്ടു വരുമെന്ന ചാണക്യതത്ത്വം അദ്ദേഹത്തിനും സ്വീകാര്യമായിരുന്നിരിക്കണം. ആ ജീവിതം ആരവങ്ങളില്ലാത്ത കടലു പോലെയായിരുന്നു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ശ്രീ കലാമിനോട് ഉണ്ടായിരുന്ന ഇഷ്ടവു സ്‌നേഹവും പോലെ മാഞ്ഞുപോകാത്തതാണ് പൊതുജീവിത്തില്‍ അദ്ദേഹം സ്വീകരിച്ച ദാസ്യബോധവും ചപലതകളും സംബന്ധിച്ച അരുചികരമായ സ്മരണകളും.

    ReplyDelete
  5. തന്നെ ഒറ്റിക്കൊടുക്കുന്ന ചതിയൻ യൂദായുടെ കാലുകൾ കഴുകുന്ന ക്രിസ്തുവിനോടും "നാറിയപണി"എന്ന് നമുക്ക് ഇന്നയോളം തോന്നാതിരുന്നത് അത്ഭുതംതന്നെ ! "സായിബാബ എന്ന കപടന്റെ മുന്നില്‍ തുല്യപ്രാധാന്യമുള്ള കസേര കിട്ടിയിട്ടും പ്ലാസ്റ്റിക്ക് കസേരയില്‍ വിനീതവിധേയനെപ്പോലെ ഒതുങ്ങിയിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി വെറുപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു."എന്ന മനയത്തെ മഹിമയുടെ ചിന്ത ! ഹോ!! "വിനയം നിനക്കെന്നും ഉടയാടയെങ്കിൽ മഹത്വം നിനക്കെന്നുമെന്നേക്കുമാമ്മീൻ " എന്നൊന്ന് ഞാൻ പാടികോട്ടെ... അല്ലാഹുവിനെ ഉള്ളിന്റെയുള്ളിലും സാരപ്രപഞ്ചമാകെയും കാണാൻ കൊതിച്ച വിശേഷബുദ്ധിമാൻ/മനനത്തിലുടനീളം വിനയം പാതതെളിച്ച ഏകാന്ത പഥികന്‍ ..ഇതല്ലേ ഒരു മാതൃകാമനുഷ്യന്‍/മുസല്‍മാന്‍ ?

    ReplyDelete

  6. . നേതാക്കൾ ജനങ്ങളെ നയിക്കുന്നവരെന്ന നിലയിൽ ജനസമ്മതിക്കായി ആൾ ദൈവങ്ങളെ വന്ദിക്കാറണ്ട്. അക്കൂടെ ജയലളിത മുതൽ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ ഭീമാകാരന്മാരെയും കാണാം. ഇന്ദിരാ ഗാന്ധി, സത്യസായി ബാവായുടെ കാല്പാദത്തിൽ വീണു നമസ്ക്കരിക്കുമായിരുന്നു. പ്രസിഡനറ് ഐസനോവർ മുതൽ തുടർച്ചയായി എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും വത്തിക്കാനിൽ പോയി മാർപ്പാപ്പാമാർക്ക് ഹസ്ത ദാനം കൊടുക്കാറുണ്ട്. അബ്ദുൽ കലാമും മതദൈവങ്ങളുടെ മുമ്പിൽ തൊഴുതെങ്കിൽ അത് അദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തെ ബാധിച്ചെന്നു തോന്നുന്നില്ല. മഹാത്മാ ഗാന്ധിജിയും ആൾ ദൈവങ്ങളോടൊപ്പം ആശ്രമ പൂജകൾ നടത്തിയിട്ടുണ്ട്.

    ജാതി മത ഭേദമേന്യേ സർവ്വരെയും തൊഴുകൈകളോടെ അഭിവാദ്യം ചെയ്തിരുന്ന എളിയവനായ അബ്ദുൽ കലാം എന്ന കൊച്ചു മനുഷ്യന്റെ മരണത്തിൽ രാഷ്ട്രമിന്നു തൊഴുകൈകളോടെ ആചരിക്കുന്നു. ശക്തിയുടെ ലോകത്ത് ശക്തി പ്രകടിപ്പിച്ചാലെ രാജ്യങ്ങളുടെ നിലനില്പ്പും സാധ്യമാവുകയുള്ളൂ. ഇന്ത്യാ ന്യൂക്ലീയർ ശക്തിയല്ലായിരുന്നെങ്കിൽ പാരമ്പര്യ ശത്രുക്കളായ പാക്കിസ്ഥാനും ചൈനയും നാനാ ഭാഗത്തു നിന്നും ഇന്ത്യയെ ആക്രമിക്കാൻ മുതിരുമായിരുന്നു. ഇന്ന് ലോകത്ത് ഒരു ശക്തിക്കും ഇന്ത്യയെ ആക്രമിക്കാൻ,കീഴ്പ്പെടുത്താൻ ധൈര്യം കാണില്ല. വൻകിട രാഷ്ട്രങ്ങളെ വെല്ലു വിളിക്കത്തക്ക വിധം അതിശക്തമായ ആയുധ സംവിധാനങ്ങൾ ഇന്ന് ഇന്ത്യക്കുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ സമാധാനാന്തരീക്ഷത്തിൽക്കൂടി ഇന്ത്യക്ക് വികസിക്കാൻ സാധിച്ചത് ഇന്ത്യാ ലോകത്തിന്റെ മുമ്പിൽ ന്യൂക്ലിയർ ഉൾപ്പടെ ആയുധ ശക്തി പ്രാപിച്ചതുകൊണ്ടാണ്. അതിൽ ' അബ്ദുൽ കലാമിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു.

    ഇന്ത്യയുടെ നെഹ്രുവിയൻനയം തുടർന്നിരുന്നുവെങ്കിൽ ഇന്ത്യാ ഇന്ന് പാകിസ്ഥാനും ചൈനയ്ക്കും പന്തു തട്ടാനുള്ള ഭൂപ്രദേശങ്ങളാകുമായിരുന്നു. ന്യൂക്ലീയർ ബോംബുകൾ കൈവശമുണ്ടെങ്കിലും സമാധാനത്തിൽ അധിഷ്ടിതമായ ഒരു രാജ്യമാണ് ഇന്ത്യയെന്നും ലോകത്തെ വെളിപ്പെടുത്തി കഴിഞ്ഞു.

    ഇന്ത്യയുടെ മിസൈൽ മനുഷ്യൻ, എഴുത്തുകാരൻ, പ്രാസംഗികൻ, ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന അബ്ദുൽ കലാം എന്ന യുഗ പുരുഷൻ യുവ ജനങ്ങൾക്കൊരു ഹരമായിരുന്നു. രാജ്യത്തിന്റെ യുവ ജനങ്ങൾ അദ്ദേഹത്തിൻറെ സ്വപ്നമായിരുന്നു. "വ്യത്യസ്തമായി ചിന്തിക്കൂ, ശാസ്ത്ര പുരോഗതിക്കായുള്ള കണ്ടുപിടുത്തങ്ങളിൽ സാഹസികത പ്രകടമാക്കൂ, മറ്റുള്ളവർ ഒരിക്കലുമെത്തിയിട്ടില്ലാത്ത വഴികളിൽക്കൂടി നിർഭയം സഞ്ചരിക്കൂ, അസാധ്യമായതിനെ കീഴടക്കൂ, കണ്ടെത്താതിനെ കണ്ടെത്താനുള്ള സാഹസികത പ്രകടമാക്കൂ, പ്രശ്നങ്ങളെ അതിജീവിച്ചു കീഴടക്കി വിജയിക്കുക എന്നിങ്ങനെ നൂറു നൂറു തത്ത്വങ്ങൾ അദ്ദേഹം യുവ ജനങ്ങളോട് പറയുമായിരുന്നു. സ്വപ്നങ്ങൾ, ആ സ്വപ്നങ്ങളെ വികാര വിചാരങ്ങളിൽ കൊണ്ടുവന്ന് കർമ്മ ഫലങ്ങളിൽ പ്രതിഫലിപ്പിക്കൂവെന്നും ആ മഹാന്റെ ചിന്താശൈലിയിലുള്ള വാക്കുകളായിരുന്നു.


    ഖുറാനും ഗീതയും അദ്ദേഹത്തിനു മനപാഠമായിരുന്നു. " ഞാൻ ബൌദ്ധിക തലങ്ങളിലുള്ള അനേകമനേക സാങ്കേതിക വിദക്തന്മാരുമായും ലോക പ്രസിദ്ധരായ എഞ്ചിനീയർമാരുമായും ഒത്തൊരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. അവരെപ്പറ്റി ചിന്തിക്കുമ്പോൾ ഖുറാനിലെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങും. പ്രകാശത്തിനുപരി പ്രകാശ തരംഗങ്ങൾ ; അള്ളാ അവരെ പ്രകാശത്തിന്റെ വഴിയെ നയിക്കുന്നു. അവിടുന്ന് എന്നും അവരെ നയിച്ചു കൊണ്ടിരിക്കും." ഭഗവത് ഗീതയെപ്പറ്റി അദ്ദേഹം പറയും, മഹാഭാരത യുദ്ധത്തിൽ ഒരു സുപ്രാഭാതത്തിലെ പൂങ്കാവനത്തിനുള്ളിലെ ദൃശ്യമായ മനോഹാരിതയിൽ പൂക്കളുകൾ വിടരുന്നു. വിടർന്ന പൂക്കൾ അടർന്നു താഴെ വീഴുന്നു. അർജുനൻ കൃഷ്ണനോട് പറയുകയാണ്, "നോക്കൂ, പ്രകൃതിയോടലിഞ്ഞ പൂക്കളുകൾ അതിന്റെ തേനും സൌരഭ്യവും സുഗന്ധവും എത്ര ഔദാര്യത്തോടെ മാനവർക്കായി പ്രദാനം ചെയ്യുന്നു. കർത്തവ്യങ്ങൾ പൂർത്തിയാകുമ്പോൾ ശാന്തമായി ആ പൂക്കളുകൾ നിലം പതിക്കുന്നു. നമുക്കുള്ള നേട്ടങ്ങളെയും ഗുണങ്ങളെയും മറന്ന് പൂക്കളെപ്പോലെയാകാൻ ശ്രമിക്കുക. ഈ കൊച്ചു ജീവിതം കൂടുതൽ കർമ്മനിരതമാകാൻ കഠിനമായി പണിയെടുക്കൂ."

    ജീവിതമാകുന്ന ഒരേ നാണയത്തുട്ടിലെ രണ്ടു വശങ്ങളും അദ്ദേഹത്തിനു തുലനം ചെയ്യാൻ സാധിച്ചു. കടത്തുകാരന്റെ മകനായി ജീവിതമാരംഭിച്ച അദ്ദേഹം കഠിനാദ്ധ്വാത്തിൽക്കൂടി, ഇന്ത്യയുടെ രാഷ്ട്രപതിക്കുപരി ഒരു വിശ്വ പൌരനാകുകയായിരുന്നു. നൈരാശ്യം മനസിനുള്ളിൽ ആവഹിച്ചാൽ അവിടെ പരാജയം സംഭവിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. യാതനകളിൽക്കൂടി, സ്വന്തം ജീവിതാനുഭവത്തിൽക്കൂടി ഈ പാഠം എക്കാലവും ഒർമ്മിച്ചിരുന്നുവെന്നും അദ്ദേഹം കൂടെ കൂടെ പറയുമായിരുന്നു. സൌന്ദര്യം മുഖത്തല്ല ഹൃദയത്തിലെന്നും കലാമിന്റെ തത്ത്വങ്ങളിലൊന്നായിരുന്നു.

    ഇന്ത്യയെ സാമ്പത്തിക മുന്നേറ്റ രാജ്യങ്ങളിൽ 2020-ൽ ഒന്നാംസ്ഥാനത്തായി കലാം സ്വപ്നം കണ്ടു . രാജ്യം ആ നേട്ടം കൈവരിക്കുകയെന്നതും ആ മഹാനുള്ള ഉപഹാരമായിരിക്കും. "സ്വപ്നമെന്നുള്ളത് ഉറങ്ങുമ്പോഴല്ല, സ്വപ്നം എന്നത് നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതെന്നുമുള്ള കലാമിന്റെ വാക്കുകളും സ്മരണീയമാണ്
    .

    ReplyDelete
  7. പിറന്നാള്‍ എന്നാല്‍ എന്ത്? "നീ കരയുന്നത് കണ്ടു നിന്റെ അമ്മ ചിരിച്ച ഒരേഒരു ദിവസം"എന്ന് മറ്റേതു ഇന്ത്യക്കാരന് ചിന്തിക്കാനാകും ശ്രീ.അബ്ദുൽകലാമിനല്ലാതെ ? ജ്ഞാനത്തിന്റെ ഉറവതേടി സാരപ്രപന്ച്ചമാകെ മനസിനെ മനനത്തിലൂടെ അതിവേഗം ബഹുദൂരം യാനം ചെയ്യിച്ച മറ്റേതു ശാസ്ത്രന്ജന്‍ ഉണ്ട് ഭൂമിയില്‍ ശ്രീ അബ്ദുല്‍കലമാല്ലാതെ ? മരണമില്ലാത്തവനേ, നിനക്ക് സ്തുതി!!

    ReplyDelete