Translate

Saturday, August 1, 2015

എന്റ്രൻസ് വിശ്വാസം !

ഇത്രേം നാളും കത്തോലിക്കാ സഭയിൽ ഏതാനും കന്യാസ്ത്രികൾ മാത്രമേ തലയിൽ മുണ്ടിടുമായിരുന്നുള്ളൂ; ഇപ്പോൾ സർവ്വ കത്തോലിക്കർക്കും തലയിൽ മുണ്ടിടാതെ പുറത്തിറങ്ങാൻ വയ്യാണ്ടായിട്ടുണ്ട്, നേരത്തെ മുണ്ടിട്ടവർ കാരണം. കിണറ്റിനടിയിൽ കൊണ്ടുപോയി മുട്ടയിട്ടിട്ട് കരക്കു വന്നു മിടുക്കടിക്കുന്ന പൊന്മാനേപ്പോലെ വിജയഭാവത്തിൽ ഒരു കൊച്ചുകന്യാസ്ത്രി, ഓൾ ഇന്ത്യ മെഡിക്കൽ എന്റ്രൻസ് പരീക്ഷ എഴുതാൻ പറ്റാതെ മിഴുക്കസ്യാന്നും പറഞ്ഞു നിൽക്കുന്ന ഒരു ചിത്രം, പോയ ആഴ്ചത്തെ ഹിറ്റായിരുന്നു. അപ്പോ സിസ്റ്ററെ ഞാനൊന്നു ചോദിച്ചോട്ടെ, ദിഗംബര വിഭാഗത്തിൽപ്പെട്ട ഒരു ജൈന പയ്യൻ ഒരു നൂലു പോലും ശരീരത്തിലില്ലാതെ മെഡി. എന്റ്രൻസ് എഴുതാൽ വന്നാൽ അയാളെ ഹോളിലേക്ക് കേറ്റി വിടണോ? അടി മുതൽ മുടി വരെ പരിശോധിക്കുന്ന എയർപോർട്ടുകളിൽ ചെല്ലുമ്പോൾ ന്യുനപക്ഷാവകാശം പറഞ്ഞാൽ കന്യാസ്ത്രിമാർക്കു ക്ലിയറൻസ് കിട്ടുമോ? തലയിൽ മുണ്ടുള്ള വിഭാഗം കന്യാസ്ത്രികളുടെ തലക്കുള്ളിൽ ഓപ്പറേഷൻ വേണ്ടിവന്നാൽ (വേണ്ടി വരില്ല..... കാരണങ്ങൾ പലതുണ്ട്, അതിൽ വായനക്കാർ ഉദ്ദേശിക്കുന്നതും കാണും) ഓപ്പറേഷൻ വേണ്ടെന്നു വെക്കുമോ? സർവ്വ മതക്കാരും ഓരോ ആചാരങ്ങൾ ഉണ്ടാക്കി വെച്ചിട്ട്, അതു ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാന്നു പറഞ്ഞാൽ എന്താ ചെയ്യുക? എല്ലാർക്കും കഞ്ഞി തരുന്നതു വിശ്വാസമല്ലല്ലോ ഇന്ത്യാ മഹാരാജ്യമല്ലേ? ആ രാജ്യത്ത് ഒരു നിയമവും വേണ്ടെന്നാണോ? എന്തിനാ ഞങ്ങൾ വിശ്വാസികളുടെ മുഖത്തു കരി വാരി തേക്കുന്നത്? എത്രയോ കന്യാസ്ത്രികൾ ചുരിദാറും റ്റോപ്പുമായി ജീവിക്കുന്നു. ചില മഠംകാർക്ക് പ്രത്യേക ഉടുപ്പു കാണുമായിരിക്കും. ഓരോ മഠങ്ങളിലേയും യൂണിഫോം എന്താണെന്നു നോക്കിയിട്ടു വേണോ യൂണിയൻ ഗവ. പരീക്ഷ നടത്താൻ? മൈക്രോ ചിപ്പുകൾ ഘടിപ്പിച്ച നിരവധി തലമുണ്ടുകൾ സൂപ്പർവൈസർമാർ കഴിഞ്ഞ പരീക്ഷക്കു പിടിച്ച സാഹചര്യത്തിലാണ് ഈ നിയമം ഉണ്ടായതെന്നു ചിന്തിക്കാൻ ഈ കന്യാസ്ത്രിക്കു കഴിയാത്തതെന്തേ? ഇന്ത്യയൊട്ടുക്കുള്ള ഹിന്ദുക്കൾ കയ്യിലും കഴുത്തിലും അണിഞ്ഞിരുന്ന രക്ഷകളും, ഒരിക്കലും അഴിക്കാത്ത ഏലസുകളും അഴിച്ചു വെച്ചു. തലമുണ്ടെന്നത് കന്യാസ്ത്രികളുടെ ഒരു അനിവാര്യ ഭാഗമല്ല; അവരുടെ പ്രശ്നം പകുതി മുറിച്ച തലമുടി മറ്റുള്ളവർ കാണുന്നതു മാത്രം. മഠത്തിലെ തലമുണ്ടും സിക്കുകാരുടെ തലപ്പാവുമായി താരതമ്യം ചെയ്യുന്നതും ശരിയാവില്ല (കർത്താവിനെയും ശിക്ഷ്യന്മാരെയും അവനെന്നും നീയെന്നും വിളിക്കാം, അതുപോലെ മെത്രാന്മാരെ വിളിക്കാൻ പറ്റുമോ?). സിക്കുകാരുടെ തലപ്പാവ് അഴിപ്പിക്കാൻ അങ്ങു ചെന്നേര്, ഇന്ത്യാക്കാരു വിവരം പറയും; ഭഗത് സിംഗിനെപ്പോലെ അനേകം പഞ്ചാബികൾ ഭാരതത്തിന്‌ സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി പൊരുതിയപ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കത്തോലിക്കർക്ക് പള്ളിവിലക്കു കൊടുക്കുകയായിരുന്നല്ലൊ ഇവിടെ. ഒരാളുടെ ജീവൻ രക്ഷിക്കാൻ തലപ്പാവ് അഴിച്ചു ബാന്റേജ് ഉണ്ടാക്കിയ ഒരു സിക്കുകാരന്റെ കഥയും അടുത്തിടെ കേട്ടു. 

തോന്നുന്നതു പോലെ ജീവിക്കണം എന്നു വാദിക്കുന്നത്, അഹങ്കാരം തലക്കു പിടിച്ചിട്ടായിരിക്കാനേ ഇടയുള്ളൂ. ന്യൂനപക്ഷാവകാശം എന്തു മാത്രം വേണമെന്നു തീരുമാനിക്കേണ്ടത് അത്മായരും കൂടിയല്ലേ? അതോ, ളോഹയിട്ടവർ മാത്രമാണോ കത്തോലിക്കാ സഭ? ളോഹയിട്ടവരുടെ അതിബുദ്ധിയാണല്ലൊ ഇപ്പോഴും ദളിതർ അനുഭവിക്കുന്നത്. ആരെങ്കിലും കന്യാസ്ത്രിയാകണമെന്നോ കന്യാസ്ത്രിമാർക്കു തലമുണ്ട് വേണമെന്നോ ബൈബിളിൽ എവിടെയാ പറഞ്ഞിരിക്കുന്നത്? കന്യാസ്ത്രിമാർ എന്റ്രൻസ് എഴുതണമെന്നും ബൈബിളിൽ ഉണ്ടോ? അത്ര മുട്ടി നിക്കുന്നവർക്കു വേണ്ടിയല്ലേ ന്യൂനപക്ഷങ്ങളുടെ മെഡി. കോളേജ് സർക്കാർ അനുവദിച്ചിരിക്കുന്നത്? ഒരു കാര്യം മനസ്സിലായി, കന്യാസ്ത്രിക്കുട്ടികളെ തലമുണ്ടിട്ടു നടത്തി പഠപ്പിച്ചാൽ, ഒരുത്തിയും ഒറ്റയടിക്കു മഠം വിട്ട് ഇറങ്ങിപ്പോവില്ല! ഏതായാലും സി. സേബാ (?) താരമായി. ബൈബിളിൽ സേബാ എന്ന പേരുള്ള ഒരേയൊരാളെ ഉള്ളൂ, അത് നോഹിന്റെ കൊച്ചുമകനായ കുഷിന്റെ മകനാണ്. ആ വാക്കിന്റെ അർത്ഥം കുടിയൻ എന്നാണെന്നു പറയപ്പെടുന്നു. സേബാ കന്യാസ്ത്രീ, നിങ്ങളോട് വ്യക്തിപരമായി എനിക്കു വിരോധമൊന്നുമില്ല, നിങ്ങൾ കുടിച്ചാലും കുടിച്ചില്ലെങ്കിലും എനിക്കു പ്രശ്നമല്ല. പക്ഷേ, അച്ചന്മാരെയും കന്യാസ്ത്രിമാരെയും ളോഹയുടെ ബലത്തിൽ വിശ്വസിക്കാൻ പാടില്ലെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. കന്യാസ്ത്രിമാരുടെ നല്ല സ്വഭാവവും കാരണമായില്ലേ അൽഫോൻസാമ്മ വിശൂദ്ധയാവാൻ? സി. അഭയായുമായി ബന്ധപ്പെട്ട ചരിത്രവും ചാരിത്ര്യവും ആരും ആർക്കും ഒരിക്കലും പകർന്നു കൊടുക്കാതിരിക്കട്ടെ. എം ജി യൂണിവേഴ്സിറ്റിയിൽ പണ്ടൊരു കന്യാസ്ത്രി കോപ്പി അടിച്ചതും, അവരെ യൂണിവേഴ്സിറ്റി ഡീബാർ ചെയ്തതും സേബാ സിസ്റ്റർ ഓർമ്മിക്കാൻ ഇടയില്ല. അതു പള്ളിക്കാപ്പറമ്പിൽ പിതാവും മറക്കാൻ ഇടയില്ല. കുറവിലങ്ങാട്ടുകാരനായിരുന്ന അന്നത്തെ സിന്റിക്കേറ്റ്  മെംബർ മരിച്ചപ്പോൾ അദ്ദേഹത്തെ സ്വന്തം ഇടവകയായ കുറവിലങ്ങാട് പള്ളിയിൽ അടക്കാൻ  ദൈവശാസ്ത്രജ്നന്മാർ സമ്മതിച്ചില്ല. സ്വന്തമായി പതിച്ചു കിടിയ പിത്രുസ്വത്തെന്ന പോലെയാണ് ചിലർ പള്ളിക്കാര്യങ്ങൾ നിശ്ചയിച്ചത്. ആ കേസിന്റെ അവസാനം, പ്രതികൾ (മെത്രാൻ സഹിതം) ക്ഷമ പറയുകയും വി കെ കുര്യന്റെ ബന്ധുക്കൾക്കു നഷ്ടപരിഹാരം കൊടൂക്കുകയും ചെയ്യണമെന്നു കോടതി വിധിക്കുകയുമുണ്ടായി. മഠത്തിന്റെ പുറത്തു വലിയൊരു ലോകമുണ്ട് കന്യാസ്ത്രി സഹോദരിമാരെ. ആ ലോകത്തിന്റെ മുമ്പിൽ കത്തോലിക്കാ സഭയിലെ സന്യസ്ഥർ ബഹുമാനിക്കപ്പെടുന്നില്ല; കാരണം, നീതിയേ ഞാൻ പ്രവർത്തിക്കൂ എന്നു പറയുന്ന ഏറെപ്പേർ ഇപ്പോൾ ആ ലിസ്റ്റിലില്ല. 

പുറത്തുനിന്നുള്ള ഒരു സ്വാധീനത്തിലും ക്രൈസ്തവ കുടുംബങ്ങൾ കുടുങ്ങരുതെന്നു പാവം പവ്വം തൃക്കൊടിത്താനത്തു ചെന്നു കഴിഞ്ഞാഴ്ച്ചയും പറഞ്ഞിട്ടുണ്ട്. എന്നാലും വായിക്കുന്നവർ കേൾക്കാൻ എഴുതട്ടെ, അങ്ങിനെ മാറിനിൽക്കണമെങ്കിൽ ഓരോ ക്രിസ്ത്യാനിയോടും വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്നു പറയണം. പറയുന്നതിൽ കാര്യമുണ്ട്, ഒരു കാലത്ത്, എവിടെ ക്രിസ്ത്യാനിയുണ്ടോ അവിടെ കമ്മ്യൂണിസവുമുണ്ട് എന്നതായിരുന്നെങ്കിൽ, ഇപ്പോൾ എവിടെ ക്രിസ്ത്യാനി ഉണ്ടോ അവിടെ സാത്താൻ സഭയുമുണ്ട് എന്ന നിലയിലായി. തിരുവിതാംകൂർ-കൊച്ചി പ്രദേശത്തണ് ഏറ്റവും കൂടുതൽ സാത്താൻ ആരാധകരുള്ളതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. അമേരിക്കയിൽ നാം വൈബ്രന്റ് ആയപ്പോൾ ഡിട്രോയിറ്റിൽ സാത്താനും പള്ളി തുടങ്ങി. കഴിഞ്ഞാഴ്ച. ഇങ്ങിനെ സാത്താനും കേറി കേറി വരുമെന്നു നമ്മുടെ മേലാളന്മാർ കണ്ടതുകൊണ്ടാവണം ഇപ്പോൾ പണിയപ്പെടുന്ന എല്ലാ പള്ളികളോടൂം തന്നെ ചേർന്നു നിത്യാരാധന ചാപ്പലുകളും തീർക്കുന്നത്. രാവിലെ കാപ്പികുടിയും കഴിഞ്ഞു നേരെ അവിടെ വന്നിരുന്നോ എന്നാണച്ചന്മാർ പറയുന്നത്. പായും ചട്ടിയും കലവും ആധാരവുമായി എല്ലാ സീറൊ മലബാർ പ്രജകളും പള്ളിപ്പരസരത്തേക്കു പോന്നോളൂ, സ്വർഗ്ഗരാജ്യം നിശ്ചയം! അച്ചന്മാരുടെ ഗീർവ്വാണം കേൾക്കാൻ വേണ്ടി വിശ്വ്വാസികൾ ചെലവിടുന്ന സമയം മനുഷ്യനു പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ! പള്ളിയിൽ ഒരാൾ വന്നു കിട്ടിയാൽ എത്ര സമയം അവനെ മുട്ടുകുത്തിക്കാം എന്നതിനേപ്പറ്റി നാം ഗവേഷണം നടത്തുന്നു. നെയ്യാറ്റിങ്കരയിൽ വണ്ടിപ്പണി ചെയ്തു ജീവിക്കുന്ന ഒരു ഷാജിയുണ്ട്, രണ്ടു കാലുകളും ഇല്ല. ഒരു കുടുംബം കഷ്ടിച്ചു കൊണ്ടുപോകുന്നു, ഇടയിൽ അയാൾക്കാരുമല്ലാത്ത കുറെ അനാഥരേയും സംരക്ഷിക്കുന്നു; ഗുരുവായൂരിനടുത്തു തൊഴിയൂരിൽ ഒരു കൂട്ടം ചെറുപ്പക്കാർ കൂടി അത്താഴക്കൂട്ടം എന്നൊരു സംഘടന ഉണ്ടാക്കി, എല്ലാ ദിവസവും അനേകർക്ക് അത്താഴം കൊടുക്കുന്നു; തിരുവനന്തപുരത്തുള്ള ഒരു സോണിയായേപ്പറ്റിയും ഒരു വാർത്ത അടുത്തിടെ വായിക്കാൻ ഇടയായി, ആ യുവതി തന്റെ തുശ്ചവരുമാനത്തിന്റെ സിംഹഭാഗവും നഗരത്തിലെ തെരുവിൽ അലയുന്ന സാധുക്കൾക്കായി മാറ്റി വെയ്ക്കുന്നു. അവർ സ്വയം പാകം ചെയ്തു സ്വയം കൊണ്ടുപോയി ആവശ്യക്കാർക്കു കൊടുക്കുന്നു. ഇതു പോലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്ന അനേകം ആളുകൾ ഉണ്ട്. ഏതാണ് ദൈവത്തിനിഷ്ടപ്പെടുക? നാം പള്ളിയിൽ നിന്നിറങ്ങരുതെന്ന് അച്ചന്മാർ പറയുന്നു, യേശുവാകട്ടെ, ഒരിക്കൽപോലും പ്രാർത്ഥിക്കാനായി പള്ളിയിൽ പോകരുതെന്നും; പ്രാർത്ഥിക്കാൻ യേശു പോയിരുന്നത് ഏകാന്ത സ്ഥലങ്ങളിലേക്കായിരുന്നു. 

ദൈവത്തിന്റെ കൈകളായി ജീവിക്കാൻ കത്തോലിക്കനു സൗകര്യമില്ല. ബൈബിളിൽ അയൽക്കാരനേയും ശത്രുവിനേയും സ്നേഹിക്കണം എന്നു പറയുന്നു, കേരള കത്തോലിക്കരുടെ കാര്യത്തിൽ അയൽക്കാരനും ശത്രൂവും ഒന്നു തന്നെ. സർവ്വ അയല്വാസികളെയും സ്വന്തം ന്യൂനപക്ഷാവകാശം ഹനിക്കാൻ അവസരം പാർത്തിർക്കുന്ന ചെന്നായ്ക്കളായേ നമുക്കു കാണാൻ കഴിയുന്നുള്ളൂ. നമ്മുടെ മെത്രാന്മാർക്ക് ഒരു ദർശനമുണ്ടെങ്കിൽ അതു സ്വന്തം റീത്തിന്റെ അതിരുകൾ വരെയേ പോകൂ. കേരളത്തെ രോഗശാന്തികൊണ്ട് ഇളക്കി മറിച്ച നായ്ക്കൻപറമ്പിലച്ചൻ യാത്രയാവുമ്പോൾ എത്രപേർ ഓർക്കാനുണ്ടാവും? മഹാനായ അബ്ദുൾ കലാം മരിച്ചപ്പോൾ ഭാരതം വിതുമ്പി; എന്തുകൊണ്ട്? അബ്ദുൾ കലാം പ്രസംഗിച്ചതിന്റെ നൂറിരട്ടി നായ്കമ്പറമ്പിലച്ചൻ പ്രസംഗിച്ചിട്ടുണ്ട്. നമുക്കറിയാവുന്നതു സാഹചര്യങ്ങൾക്കനുസരിച്ചു കുറെ കഥകൾ കൊരുത്തു വിടാൻ മാത്രം; അതിൽ കരയുന്ന കലണ്ടറും കാണൂം, വളരുന്ന പ്രതിമയും കാണൂം. ഓരോ കരി*ക്കൂട്ടായ്മയും പടച്ചുവിടുന്ന കള്ളക്കഥകൾക്കു കണക്കില്ല. ഒരു ബ്രിട്ടീഷുകാരൻ ജിഹാദി ജോൺ എന്ന മുഹമ്മദ് എവാസി, ഐ എസ് ഭീകരർക്കുവേണ്ടി മുഖം മൂടി അണിഞ്ഞ് പലരുടേയും കഴുത്തറത്തു; പക്ഷേ, ഫോട്ടോയിൽ നിന്ന് ലോകം ആളിനെ തിരിച്ചറിഞ്ഞു. അതിനാൽ, സ്വന്തം ഐ എസ് കാർ തന്നെ, തന്നെ വധിച്ചേക്കാം എന്നു കണ്ട ജോൺ അവിടെനിന്നും മുങ്ങി ഇപ്പോൾ ലിബിയയിലുണ്ട്. ഇക്കഥ ഇപ്പോൾ ഗൾഫിലൂടെ കറങ്ങുന്നത് ഇങ്ങിനെ: ക്രിസ്ത്യാനികളെ തല അറുത്തു കൊല്ലാൻ പരിശീലനം നൽകിക്കൊണ്ടിരുന്ന ഒരു മുസ്ലീമിനു കർത്താവു പ്രത്യക്ഷപ്പെട്ടു (വി. പൗലോസിനു പ്രത്യക്ഷപ്പെട്ടതുപോലെ), ഇപ്പോൾ അയാൾ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായിയത്രെ. ഇക്കഥ പൊളിച്ചതുകൊണ്ടും കാര്യമില്ല, അവർ അടുത്ത കഥ മെനയും. ബനഡിക്റ്റച്ചനെ പുണ്യവാനാക്കാൻ ശ്രമിച്ചവരല്ലേ നമ്മുടെ വിരുതന്മാർ? അദ്ദേഹം അത്ര പുണ്യവാനായിരുന്നെങ്കിൽ ചങ്ങനാശ്ശേറി രൂപത അദ്ദേഹത്തിനു കുർബ്ബാന വിലക്കു കൊടുക്കില്ലായിരുന്നല്ലോ! അദ്ദേഹം മരിച്ചപ്പോൾ പുണ്യവാനായിരുന്നിരിക്കാം; പക്ഷേ, ജീവചരിത്രം എഴുതിയവർ അക്കാര്യമല്ലല്ലോ പറയുന്നത്. 

കത്തോലിക്കാ പെണ്ണുങ്ങളെ ഈഴവന്മാർ കൊണ്ടുപോകുന്നുവെന്നു പരാതിപ്പെട്ട മെത്രാൻ, ഒരു ഹിന്ദു സത്യക്രിസ്ത്യാനിക്കു ഹൃദയം കൊടുത്ത സംഭവം കേട്ടോ ആവോ. ഒരു ശർമ്മ ക്രിസ്ത്യാനികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്നോ ഒരു മുസ്ലീം ഇതിനു സഹായം ചെയ്തെന്നോ കൂട്ടുനിന്നെന്നോ ഒക്കെ ഒരു മെത്രാനും പറഞ്ഞു കേക്കാൻ ഇടവരരുതേയെന്നു പ്രാർത്ഥിക്കുന്നു. പക്ഷേ, അന്യമതസ്ഥരുടെ ഹൃദയം സ്വീകരിക്കൽ കൃസ്ത്യാനി തുടർർന്നാൽ, വെഞ്ചരിക്കാത്ത അന്യമത രക്തം, പിന്നെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ഒന്നും രൂപതയുടെ അനുവാദം കൂടാതെ കത്തോലിക്കരാരും സ്വീകരിക്കാൻ പാടില്ലായെന്ന് ഇടയലേഖനം വന്നേക്കാം (ഇപ്പോൾ തന്നെ അച്ചന്മാരുടെ വൃക്ക കൊടുക്കണമെങ്കിൽ രൂപതയുടെ അനുവാദം വേണമെന്നു കേൾക്കുന്നു). അപ്പോൾ, മുഖം മാത്രമല്ല, മുഴു ശരീരവും കിടക്കുന്ന വീടും ഓരോ കത്തോലിക്കനും ചാക്കു കൊണ്ട് മൂടേണ്ടി വരും, ലജ്ജ കൊണ്ട്. ആരോ പറഞ്ഞതുപോലെ, ഭൂമി നന്നായൊന്നു കുലുങ്ങിയാൽ, ഒരു സുനാമി വന്നാൽ അല്ലെങ്കിൽ ഒരു മാറാരോഗം പടർന്നാൽ, സഭയുടെ വിശ്വാസ ജീവിതം പഠിപ്പീരു നിൽക്കും. അന്നേ, മറ്റു മനുഷ്യരെ സ്നേഹിക്കാനും നാം പഠിക്കൂ. അതുകൊണ്ടും പഠിക്കാത്തവർ തിരുവനന്തപുരത്തുള്ള ശ്രീചിത്രാ കാൻസർ സെന്ററിൽ ചെന്നിട്ട് അവിടെയുള്ളവരോടു ചോദിക്കുക, 'നിങ്ങളുടെ മതം ഏതെന്ന്?' എല്ലാവരുടെയും രക്തം ഒന്നു തന്നെയാണെന്ന് എന്നാണോ കൊമ്പത്തിരിക്കുന്ന ഈ മക്കൾ മനസ്സിലാക്കുക? (മക്കളില്ലാത്തവരെ ഞാൻ പിതാവേയെന്നു വിളിക്കുന്നതു പോലെ, ആരെയെങ്കിലും മക്കളേയെന്നു വിളിച്ചാൽ, അപ്പനില്ലാത്തവർ എന്നു കരുതരുത്; ഞാൻ വാൽസല്യപൂർവ്വം വിളിക്കുന്നതാ). ഓഷോ പണ്ടു പറഞ്ഞതു ഞാനോർക്കുന്നു. സ്വർഗ്ഗത്തിലേക്കുള്ള  വഴി ഇടുങ്ങിയതാണെന്നും അതിലേ പോവുക ദുഷ്കരമാണെന്നും പറയുന്നതിന്റെ അർത്ഥം, സ്നേഹം കൊണ്ട് പ്രപഞ്ചത്തിലുള്ള സർവ്വതിനേയും ഉള്ളിലേക്കാവഹിച്ചു ചെറുതായ ഒരാൾക്കേ ഈ ഇടുങ്ങിയ വഴിയേ കടക്കാനാവൂ എന്നാണെന്നാണ് അദ്ദേഹം പറഞ്ഞത്. എത്ര ശരി! ഇവിടെ മുസ്ലീമും, ഹിന്ദുവും, ക്രിസ്ത്യാനിയും തോളോടു തോൾ ചേർന്ന് ഹൃദയങ്ങളും വൃക്കകളും ഹൃദയ രഹസ്യങ്ങളും കൈമാറുമ്പോഴല്ലാതെ എപ്പോഴാണീ നാട് പറുദീസായാവുക? മലയാളികൾ ഓരോ നാട്ടിൽ ചെന്നു കുടിയേറിയപ്പോഴും സ്നേഹത്തോടെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച ലത്തീൻകാർ മാത്രമല്ല ഇന്നു സീറോ മലബാറിന്റെ ഹിറ്റ് ലിസ്റ്റിൽ. 

അടുത്ത കാലത്ത് ചില പള്ളികളിൽ കെട്ടിക്കാൻ പ്രായമായ മക്കളുള്ള മാതാപിതാക്കന്മാർക്കു വേണ്ടി ആഴ്ചതോറും പ്രത്യേക പ്രാർത്ഥനയും നേർച്ചയും തുടങ്ങിയിട്ടുണ്ട്; ബാക്കിയുള്ള സമയത്തു ചെയ്തതൊന്നും പോരാ! പതിവു പ്രാർത്ഥനാ കൂട്ടായ്മ കൂടാതെയാണിത്. മനുഷ്യനു ദൈവം തന്ന സാമാന്യ ബുദ്ധി ആർക്കും വേണ്ടേ? മക്കളെ കെട്ടിക്കാൻ പറ്റുന്നില്ലെങ്കിൽ, പറ്റുന്നവരെ സഹായിക്കുക; നിങ്ങൾ കൊടുക്കുന്നതു പത്തിരട്ടിയായി ലഭിക്കാൻ നാലു വശവും തുറന്നു കിടക്കുന്ന ഉപായമുള്ളപ്പോൾ, പള്ളികളിൽ പ്രത്യേകാരാധന വെച്ചാൽ അതച്ചന്മാർക്കല്ലാതെ ആർക്കാണ് പ്രയോജനം ചെയ്യുക? ഇങ്ങിനെ ഉപദേശിക്കുന്നവരുടെ ഉള്ളിലിരുപ്പെന്തായിരിക്കുമെന്നു കാണാവുന്നതല്ലേയ്യുള്ളൂ? മനസ്സ് ശുദ്ധമല്ലെങ്കിൽ എത്ര മല കയറിയാലും എത്ര പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചാലും എത്ര നമസ്കാരങ്ങൾ ചൊല്ലിയാലും എന്തു പ്രയോജനം?

തങ്കച്ചൻ (24) ഒരാഴ്ചത്തെ ധ്യാനത്തിനു പോകുന്നു, തൃശ്ശൂർക്ക്. ബാഗും തോളിൽ തൂക്കിയിട്ട് തങ്കച്ചൻ വീടിന്റെ നട ഇറങ്ങി. എല്ലാവരും  യാത്രയയക്കാൻ വരാന്തയിൽ എത്തിയിരുന്നു. അപ്പോഴാണ് വല്യപ്പൻ വടിയും കുത്തിപ്പിടിച്ച് എല്ലാവരുടെയുമിടയിലൂടെ മുന്നോട്ട് വന്നത്. വന്നപാടെ വല്യപ്പൻ അലറി, "ഇവിടെ വാടാ." തങ്കച്ചൻ ഒന്നു പകച്ചു; വല്യപ്പനോടൂ യാത്ര പറയാഞ്ഞിട്ടായിരിക്കും എന്നു കരുതി, കൈകൾ കൂപ്പി സ്തുതിയുമായി തങ്കച്ചൻ വല്യപ്പന്റെ അടുത്തേക്ക് തിരിഞ്ഞു നടന്നു. വല്യപ്പൻ അപ്പോഴും അരിശത്തിൽ! "എന്തുവാടാ കഴുത്തിൽ കിടക്കുന്നത്?" വല്ല്യപ്പൻ ചോദിച്ചു. തങ്കച്ചൻ കഴുത്തിൽ തപ്പി നോക്കി, എന്നും ഇടുന്ന മൂന്നു പവന്റെ മാല മാത്രമേ കഴുത്തിൽ ഉണ്ടായിരുന്നുള്ളൂ. "ഊരടാ മാല; മാല ഇട്ടോണ്ടാണോടാ കരി*(കരിസ്മാറ്റിക്) ധ്യാനത്തിനു പോകുന്നത്?" വല്യപ്പൻ അങ്ങിനെ ചോദിച്ചപ്പോഴാണ്, ധ്യാനത്തിനു മാലയും കൊണ്ടുപോയാൽ ഉണ്ടാകാവുന്ന നഷ്ടത്തെപ്പറ്റി എല്ലാവരും ചിന്തിച്ചത്. 

3 comments: