Translate

Friday, August 28, 2015

മെത്രാന്മാരെല്ലാരുമൊന്നുപോലെ...

സീറോ മലബാർ സഭക്കു  സ്വയംഭരണം (സൂയി യൂറിസ്) കിട്ടിയതിന്റെ 25 ആഘോഷിക്കുന്നു. വേണ്ടായിരുന്നു! ഇതിന്റെ തുടങ്ങൽ യൂറിസുമായി ബന്ധപ്പെട്ട് നൂറ്റമ്പതോളാം വൈദികർ തെരുവിലിറങ്ങിയതും, അവരോടുറപ്പുപറഞ്ഞ കാര്യങ്ങൾ പാലിക്കാൻ എനിക്കു കഴിയാതിരുന്നതും ഓർമ്മ വരും.... റോമിന് പോയ പരാതികളും ..... തൂണും ചാരി നിന്നയാൾ മേജറായതും, നേരത്തെ മേജറായിരുന്നയാൾ മൈനർ ആയതും, പിന്നെ നമ്മുടെ സ്റ്റെയിൻലെസ്സ് സ്റ്റീൽ ചാപ്പലിൽ നിന്ന് ഒരുമാതിരി മഞ്ഞ കലർന്ന പുക വന്ന കഥയുമെല്ലാം ഓർമ്മവരുന്നു. അതെല്ലാം കരയിപ്പിക്കുന്ന കഥകൾ! ഇറ്റാലിയൻ നാവികർ വെടിവെച്ചതും, മത്തായി ചാക്കോക്ക് അന്ത്യകൂദാശ കൊടുത്തതും, ഇടുക്കിയിൽ പടക്കം പൊട്ടിയതും, സൂയി യൂറിസിനോട് എനിക്കു പറയാനുണ്ട്. നത്താലെ, മോനിക്കാ, കൈവെട്ട്, വഴിവെട്ട്, കുഴിവെട്ട് തുടങ്ങി ചീഞ്ഞ കുറെ കഥകളും പലർക്കും പറയാനുണ്ടാവും. ഇതുമായി ബന്ധമില്ലെങ്കിലും, അമേരിക്കയുമായി അങ്ങോട്ടും ഇങ്ങോട്ടും കള്ളന്മാരെ കൈമാറുന്ന ഒരു പാരമ്പര്യ്ം കേരളത്തിൽ നിലവിൽ വന്നോയെന്ന്,  എല്ലാരും സംശയിക്കുന്നുവെന്നും ഞാൻ സൂയി യൂറിസിനോട്  നേരിട്ടു പറയും. ദൈവത്തിന്റെ ഇടപെടൽ കാണാൻ നോഹക്ക് 120 വർഷങ്ങൾ വേണ്ടിവന്നു എന്നൊരാരോപണം ഉണ്ട്. കാനാൻ ദേശത്തേക്കു കയറാൻ ഇസ്രായേൽ മക്കൾക്ക് നാൽപ്പതു വർഷങ്ങൾ വേണ്ടിവന്നില്ലേ? അതുപോലെ ഇവിടെ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാവാനും അൽപ്പ സമയംകൂടി വേണ്ടിവരും - ചർച്ച് ആക്റ്റ് ചൂടുപിടിച്ചു വരുന്നുണ്ട്. സന്തോഷിക്കാൻ സഭക്കു നല്ല വാർത്തകളുമുണ്ട്, അംഗസംഖ്യ കുറയുന്നു. അതു പരമസുഖം പുറം ചൊറിയുന്ന തെക്കേ ഇന്ത്യയിലാണു കൂടുതൽ. അതിവേഗം എല്ലാ പള്ളികളുടെയും പണി നടക്കട്ടെ!

കേരളത്തിലുള്ള മെത്രാന്മാരെല്ലാം കേരളത്തിനു പുറത്തുള്ള രൂപതകളിൽ പോയി ദരിദ്രരുമായി കൂടുതൽ ബന്ധമുള്ള ക്രിസ്തുവുമായി അടുക്കാൻ പരിശീലിക്കണമെന്നു നമ്മുടെ സിനഡ് തീരുമാനിച്ചിരിക്കുന്നു. (ഇതു തന്നെയാണോ അവരുദ്ദേശിക്കുന്നതെന്നു നിശ്ചയമില്ല, പത്രത്തിൽ വായിച്ചതാ.) ഞാൻ ഇന്നേവരെ ആരുടേയും കാലുപിടിച്ചിട്ടില്ല; പക്ഷേ, ഞാനിപ്പോ അതിനു തയ്യാറാണ്. സിനഡിന്റെ ഉദ്ദേശ്യം അത് തന്നെയാണെങ്കിൽ, മാർ ആലഞ്ചേരിയുടെ വിശുദ്ധിയെ (ഹിസ് ബിയാറ്റിറ്റ്യുഡ്)  കാലുപിടിച്ചു ഞാൻ കരഞ്ഞപേക്ഷിക്കുന്നു, ദയവായി ആ സാഹസം ചെയ്യരുത്. വിഷം വെള്ളത്തിൽ കലക്കിയാൽ വിഷം വെള്ളമാവുകയല്ല, വെള്ളം വിഷമാകുകയാണു ചെയ്യുന്നതെന്ന ഒന്നാം ക്ലാസ്സിലെ അറിവുപോലും സിനഡിനില്ലാതെ പോയല്ലൊ! അങ്ങോട്ടുള്ള കാറു കൂലിയും വിമാനക്കൂലിയുമെല്ലാം അത്മായന്റെ അക്കൗണ്ടിൽ നിന്നാണല്ലോ പോകുന്നതും. നിർബന്ധമാണെങ്കിൽ ഞാനൊരുപായം പറയാം. എല്ലാരും ആഢയാഭരണങ്ങളെല്ലാം ഉപേക്ഷിച്ച് പൊയ്ക്കാട്ടുശ്ശേരിയിലുള്ള (ആലുവാക്കടുത്ത്) ജെറമ്മിയാസ് ഹോമിൽ പോയി രണ്ടു ദിവസം അവിടുത്തെ പാവങ്ങളോടൊപ്പം കഴിയുക. ഫാ. സാജൻ പാറക്കൽ അതിനുള്ള സൗകര്യങ്ങൾ ചെയ്തുതരും; ഒറ്റ വ്യവസ്ഥ, അവിടെ പോയി അതു നവീകരിക്കാൻ ഒരു പദ്ധതിയും ഇടരുത്, അവിടെ നേർച്ചപ്പെട്ടികൾ വെയ്ക്കരുത് (മൈക്രോ ഫൈനാൻസിങ്ങും പാടില്ല), അവിടെ നൊവേനകൾ ചൊല്ലരുത്, അവരോടു പ്രസംഗിക്കുകയും ചെയ്യരുത്; കണ്ടാൽ മതി. അതിന്റെ നടത്തിപ്പിനു മാസം രണ്ടര ലക്ഷം മതി; അതു ദൈവം കൃത്യസമയത്തവിടെ എത്തിച്ച് ആ പാവങ്ങളെ ദൈവം എങ്ങിനെ സംരക്ഷിക്കുന്നുവെന്നു കണ്ടാസ്വദിച്ചിരിക്കുക. ഒരാൾ സൂററ്റിനു പോവുക. അവിടെ ബീനാ റാവു എന്നൊരു സ്ത്രീ അവിടുത്തെ ചേരികളിലുള്ള സർവ്വ കുട്ടികൾക്കും വേണ്ടത്ര വിദ്യാഭ്യാസം സൗജന്യമായി കൊടുക്കുന്നു, (8 സെന്ററുകളിലായി 4500 പേർ), ദിവസം രണ്ടു മണിക്കൂർ വീതം. അവരെ കണ്ടു സംസാരിക്കുക (പക്ഷെ, അല്ലേലൂജായെന്നു മിണ്ടിപ്പോകരുത്!) അടുത്തയാൾ നാഗ്പ്പൂരിനു പോവുക. അവിടെ മാമ്മോദീസാ  മുങ്ങിയ, എന്നാൽ പള്ളിയിൽ പോകാത്ത ഒരു മലയാളി സന്യാസി നടത്തുന്ന ധർമ്മഭാരതി ആശ്രമം ഉണ്ട്. നിരവധി കേന്ദ്രങ്ങളിലായി അവർ 'എല്ലാവർക്കും അത്താഴം' എന്നൊരു പരിപാടി നടത്തുന്നുണ്ട്. വിശപ്പിന്റെ വിലയേപ്പറ്റി ആ മെത്രാൻ അടുത്ത സിനഡിൽ വിവരിക്കട്ടെ. അടുത്തയാൾ തമിൾനാട്ടിൽ ഭൂതപ്പാണ്ടി എന്ന സ്ഥലത്ത് കുരിശുമലക്കാരുടെ ഒരാശ്രമം ഉണ്ട്; അവിടെ പോകുക. നാഗർകോവിൽ വരെ കാറിനും, അവിടെനിന്നു ബസ്സിനും പോയി ഈ ആശ്രമം കണ്ടുപിടിക്കുക. അവിടെ ആരു വന്നാലും അലൂമിനിയം പാത്രത്തിൽ കഞ്ഞിയും പയറും മാത്രമേ കിട്ടൂ, അതെല്ലാവർക്കും കിട്ടും. അവിടെ വൃദ്ധരായ കുറേ അന്തേവാസികളുണ്ട്. അവരുടെ മുഖം വടിക്കുന്നത് ഇതു നടത്തുന്ന അച്ചന്മാരു തന്നെയാണ്. അവിടെ പോകുന്ന മെത്രാൻ ഇക്കാര്യത്തിൽ അവരെ കുറച്ചു നാൾ സഹായിക്കുക. ഒരാൾ ചിറമേൽ അച്ചന്റെ കൂടെ കൂടി കിഡ്നി എങ്ങിനെ പ്രവർത്തിക്കുന്നു എന്നു പഠിക്കട്ടെ. ഇതൊന്നും പോരെങ്കിൽ അരമനകളുടെ നിയന്ത്രണത്തിലല്ലാത്ത വേറെയും നിരവധി ചാരിറ്റി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്; എവിടെങ്കിലും പോവുക.

ഈ കേരളത്തിൽ, ആശ്രമങ്ങളിൽ ഒളിവിൽ  കഴിയുന്ന (കത്തോലിക്കാ സഭയിൽ ഉടുപ്പിട്ടിട്ട്) അനേകം പേരുണ്ട്, അവർക്കാശ്രമങ്ങളുമുണ്ട് - കാസർഗോഡ് മുതൽ കളയിക്കാവിള വരെ. കഴിഞ്ഞ 25 വർഷങ്ങളായി കാവാലം ലിസ്സ്യു പള്ളിയുടെ കരയിൽ പത്തുസെന്റ് സ്ഥലത്ത് മുളംങ്കൂട്ടങ്ങളുടെ നടുവിൽ ഏറെയും സ്വന്തം കൈകളിൽ പണിത തേക്കാത്ത ഒരു വീട്ടിൽ ഒരു കൊച്ചു മനുഷ്യൻ താമസിക്കുന്നുണ്ട്- ജോണ്‍ വിനയാനന്ദ്‌ എന്ന മിഷനറി വൈദീകൻ. അവിടെ പോയാൽ തറയിൽ പണിത കട്ടിലിലോ നിലത്തോ ഇരുന്നു വിശ്രമിക്കാം. പക്ഷേ, ഇത്തരം സ്ഥാപനങ്ങളിലേക്കു മെത്രാന്മാർ പോവരുത്; അവർ വയലന്റ് ആയേക്കും. ഇതു വികാരി ജനറാളന്മാർക്കും അരമന ഭരിക്കുന്ന മറ്റു വൈദികർക്കും ഉപയോഗപ്പെടുത്താം. ഇതൊക്കെ അന്തസ്സിനു ചേരുന്നതല്ലെന്നു തോന്നുന്നവർ കുരിശുമലയിൽ പോയി പശുവിനു പുല്ലു പറിച്ചു കൊടുത്താലും മതി. എന്തായാലും എന്തോ എവിടെയോ കുറവുണ്ടെന്നു മെത്രാന്മാർക്കു തോന്നിയെങ്കിൽ ... അല്ലേലൂജാ! എന്റെ പ്രാർത്ഥന ഫലിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ! മേജർ ആർച്ച് ബിഷപ്പ് ഒരിടത്തും പോവണ്ട; പകരം ഒരു പണി തരാം. നമ്മുടെ സ്വന്തം പള്ളികളുണ്ടല്ലൊ, അവിടെ ഞായറാഴ്ച്ചകളിൽ അച്ചന്മാർ നടത്തുന്ന തോന്നിയപോലികൾ (ഹോമിലികൾ എന്ന് ഇംഗ്ലീഷിൽ) റിക്കോഡ് ചെയ്ത് അതാതു ദിവസം തന്നെ ഓൺ ലൈനിൽ കാക്കനാട്ട് എത്തിക്കാൻ പറയുക. അതിൽ എട്ടെണ്ണം വെച്ച് ദിവസവും കേൾക്കുകയും, ഇതിനു ശേഷവും ബോധം പോയില്ലെങ്കിൽ ആ വൈദികർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. അടുത്ത ദിവസം ഒരു മാന്യ വികാരിയച്ചൻ ഒരിടവകക്കാരനെ ഉപമിച്ചത് പന്നിയോടാണ്. 

ഈ ഓണത്തിനു പൂക്കളമിടാൻ  കെ സി ആർ എം കാർക്ക് ഇടമില്ലല്ലൊ; അടുത്ത വർഷം ഉണ്ടാകും, പാലായിൽ തന്നെ. ആരെങ്കിലും ഒരു പത്തു സെന്റിനുള്ള വക തരാതിരിക്കില്ല; റജിയുടെ അഭ്യർത്ഥന പലരും കേട്ടിട്ടുണ്ടാവും. തത്ക്കാലം നിങ്ങൾ ലോക വ്യാപകമായി ഒരു മത്സരം സംഘടിപ്പിക്കുക. ഞായറാഴ്ച്ച തോന്നിയപോലികളുടെ റെക്കോർഡ് അത്മായരോട് അയച്ചു തരാൻ പറയുക. തോന്നിയപോലികൾ മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്ത് അല്മായശബ്ദത്തിന് അയക്കുക വലിയ ബുദ്ധിമുട്ടുള്ള പണിയല്ല.  തിരഞ്ഞെടുത്ത തോന്നിയപോലികൾ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കുക, സമ്മാനാർഹമായ റിക്കോർഡിങ്ങിനു സത്യജ്വാല അഞ്ചു വർഷത്തേക്ക് ഫ്രീ കൊടുക്കുക. എല്ലാവരും എല്ലാം കേൾക്കട്ടെ! തോന്നിയപോലികൾ റെക്കോഡ് ചെയ്യാൻ, മൊബൈലിൽ ഏതെങ്കിലും Voice Recorder ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യുക. പള്ളിയിൽ കയറുന്നതിനു മുമ്പു മൊബൈൽ സൈലന്റ് മോഡിൽ ആക്കിയിട്ട്, വോയിസ് റെക്കോർഡർ ഓൺ ചെയ്യുക. മൊബൈൽ പോക്കറ്റിൽ തന്നെ കിടക്കട്ടെ; പ്രസംഗം തുടങ്ങുമ്പോൾ ചുവന്ന ബട്ടണിൽ കൈ തൊടുക, തീരുമ്പോൾ പോസ് ബട്ടണിലും തൊടുക. ഇതു വീട്ടിൽ ചെന്നു സൗകര്യമായിട്ടു സേവ് ചെയ്യാവുന്നതേയുള്ളൂ. ന്യു ജനറേഷൻ സ്മാർട് ഫോണുക്കളിലെല്ലാം തന്നെ തുടർച്ചയായി മണിക്കൂറുകളോളം Voice Recorder പ്രവർത്തിക്കും, നേരിയ ശബ്ദവും വ്യക്തമായി റിക്കോർഡ് ചെയ്യുകയും ചെയ്യും. പിന്നീട്, ഈ ഫയൽ തുറന്നിട്ട്, ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുക, ഇമെയിൽ തിരഞ്ഞെടുത്തിട്ട്, സെലക്റ്റ് ചെയ്ത ഫയൽ, almayasabdam@gmail.com എന്ന വിലാസത്തിൽ ഒരു ചെറിയ വിശദീകരണം സഹിതം അറ്റാച്ച് ചെയ്ത് അയച്ചു കൊടുക്കുക. കെ സി ആർ എം കാർ ഇതെല്ലാം ഡൗൺ ലോഡ് ചെയ്ത് ഫയലിൽ സൂക്ഷിക്കുക. തോന്നിയപോലികൾ ഒതുക്കാൻ ഇതു പ്രയോജനപ്പെട്ടേക്കും. ഈ ഓഡിയോ ഫയലുകൾ കേൾക്കാനുള്ള സൗകര്യം മിക്ക മെയിലുകളിലുമുണ്ടെന്നും ഓർക്കുക. 

മേജർ ആർച്ച് ബിഷപ്പ് സ്ഥാനചിഹ്നങ്ങളൊക്കെ അണിഞ്ഞു നടക്കുന്ന ഒരു പടം ഞാൻ കാണാനിടയായി. എനിക്കോർമ്മ വന്നത് ഇന്തുമേനോൻ എഴുതിയ ചന്ദുലേഖ എന്ന നോവലാണ്. ഇത്തരം ചിത്രങ്ങൾ കണ്ടാൽ പുതിയ സാഹിത്യ ശാഖകൾ ഇനിയും ഉണ്ടാകാൻ ഇടയുണ്ട്. എന്തോ ഒരു പന്തികേട് എനിക്കു തോന്നാതിരുന്നില്ല. ഓണം ആയതുകൊണ്ട് ഞാനൊന്നും പറയുന്നില്ല. ഈ സീസണിൽ പല വേഷത്തിൽ ആളുകൾ ഇറങ്ങുമല്ലൊ! കത്തോലിക്കരും ഓണം ഏറ്റെടുത്തിരിക്കുന്നു. വിഷുവിനും ഓണത്തിനും പാട്ടുകുർബ്ബാനയായി; ഇനി മകര വിളക്കും ശിവരാത്രിയും കൂടി നമുക്ക് ആഘോഷിക്കാം. ഇത്രയും ആകുമ്പോഴേക്കും എല്ലാം ഇട്ടെറിഞ്ഞിട്ട് പൊക്കോളും, സർവ്വ ഹിന്ദുക്കളും.  

വന്നു വന്ന് നാലു മെത്രാന്മാർ കൂടിയാലും, നാനൂറു കൂടിയാലും ചർച്ചയുടെ ആദ്യത്തെ ഇനം അല്മായനെ സഭാ നടത്തിപ്പിൽ സഹകരിപ്പിക്കുകയെന്നതായി മാറിയിരിക്കുന്നു. പാലായിൽ അത്മായരുടെ മഹാസമ്മേളനം വരുന്നു. വിശദമായ റിപ്പോർട്ടിൽ, ഓരോ മൂലയിൽ നിന്നും ഓരൊ വൈദികരുടെ മേൽനോട്ടത്തിൽ ജാഥാകൾ വരും. അതിനേയും അത്മായാ സമ്മേളനം എന്നു വിളിക്കാനാണുത്തരവ്. 2017 ൽ സൂയി യൂറിസിനെ വരവേൽക്കാൻ ആയിരക്കണക്കിനല്മായരേയാണ് ഇപ്പോഴേ ഒരുക്കുന്നത്. അതിനാവശ്യമായ ജന്തുക്കളുടെയും കായ്കനികളുടെയും കണക്ക് 2016 അവസാനം എടുക്കും. സൂയി യൂറിസിനു വിശന്നാൽ കാര്യം അറിയും. ഒരുക്കധ്യാനങ്ങളും പ്രാർത്ഥനകളും ഉടൻ തുടങ്ങും. ഏതായാലും കാനഡാക്കു പോകാൻ തയ്യാറെടുത്തിരിക്കുന്ന അത്മായർ ശ്രദ്ധിക്കുക, കഴിയുമെങ്കിൽ സ്ഥലം മാറിപ്പോവുക. അവിടുള്ളവർ എത്രയും നേരത്തെ ഓടി അമേരിക്കാ വിടുകയും ചെയ്യുക. ടൊറന്റോവിൽ ഒരര രൂപത വരുന്നു, പക്ഷേ മെത്രാൻ മുഴു മെത്രാനാണെന്നോർക്കുക. സംശയം ഉള്ളവർ ചിക്കാഗോയിൽ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുക. 

എന്നെ ദഹിപ്പിച്ചാൽ മതി എന്നു പറയുന്ന വിശ്വാസികളുടെ എണ്ണം കൂടുന്നു - ശവപ്പെട്ടിയും വേണ്ട, കച്ചയും വേണ്ട, കുഴിക്കാണവും വേണ്ട, പള്ളിവാടകയും വേണ്ട, പാട്ടുകാരുമില്ല, ജാഥായുമില്ല, അച്ചനു കാശും കൊടുക്കേണ്ട, സർവ്വോപരി ശവക്കോട്ടയിൽ വർഷാവർഷം ഒപ്പീസും ചൊല്ലിക്കേണ്ടല്ലോ!

എന്റെ ഓണപ്പാട്ടിങ്ങിനെ:

സീറോ മലബാറന്നുണ്ടായ ശേഷം
മെത്രാന്മാരെല്ലാരുമൊന്നുപോലെ
പള്ളിയായും പള്ളിക്കൂടമായും 
നാട്ടാരെ നന്നായ് പിഴിഞ്ഞുപോന്നു....! 

3 comments:

 1. രോഷന്‍മോന്‍ എഴുതിയ ("എന്നെ ദഹിപ്പിച്ചാൽ മതി" എന്നു പറയുന്ന വിശ്വാസികളുടെ എണ്ണം കൂടുന്നു - ശവപ്പെട്ടിയും വേണ്ട, കച്ചയും വേണ്ട, കുഴിക്കാണവും വേണ്ട, പള്ളിവാടകയും വേണ്ട, പാട്ടുകാരുമില്ല, ജാഥായുമില്ല, അച്ചനും കാശും കൊടുക്കേണ്ട, സർവ്വോപരി ശവക്കോട്ടയിൽ ഒപ്പീസും ചൊല്ലിക്കണ്ടല്ലോ!") എന്ന വിവേകമനനസത്യം എന്റെ മൂന്നു ആണ്മക്കളോടും ഞാന്‍ പണ്ടേ പറഞ്ഞതാണ്,"എന്നെ ദഹിപ്പിച്ചാല്‍ മതിയെന്ന്" ! ഈ പരമനാറിക്കത്തനാരന്മാരുടെ കൂദാശാജല്പനം മൂലം എനിക്ക് ഒരുസ്വര്‍ഗവും പൂകേണ്ട,,,ഹൃദയങ്ങളെ അറിയുന്നവന്‍ മനസോടെതരുന്ന സ്വര്‍ഗനരകങ്ങള്‍ എന്റെ കര്മ്മഫലമായി നന്ദിയോടെ എന്മനം സ്വീകരിക്കും !
  "എനിക്ക് നിന്‍ കൃപ മതി ,അമൃതാ നിന്‍ സ്നേഹം മതി ;
  പഴയപോല്‍ ഇടം നിന്റെ കരളില്‍ മതി " എന്നു പണ്ടേ ഞാന്‍ പാടിയത് ,(യൂട്യൂബില്‍) ' samuelkoodal samasangeetham ' എന്ന തലക്കെട്ടില്‍ ലോകമെമ്പാടും മലയാളിമക്കള്‍ ആസ്വദിക്കുന്നുണ്ട് ! തങ്ങളുടെ 'ശവമടക്കല്‍' എങ്ങിനെ ആകുമെന്നറിയാതെ വേവലാദിപ്പെടുന്ന പാവം അച്ചായമനസുകള്‍ ഇത് കണ്ടു അനുകരിച്ചാല്‍ അവരുടെ 'പാതിപ്പള്ളിപ്രശ്നം' അതോടെ തീര്‍ന്നുകിട്ടും ! ഇവന്റെ ഈ പറിഞ്ഞകൂദാശ കാരണം ദൈവം ഒരടിമയുടെ അനുസരണയോടെ നമ്മുടെ ആത്മാവിനെ സ്വര്‍ഗത്തിലേക്ക് കയറ്റും എന്നൊക്കെയുള്ള അന്ധവിശ്വാസവും സമൂഹമനസില്‍നിന്നും മാറിക്കിട്ടും ! കള്ളപ്പണംപോലെ കള്ളമാണീ കള്ളപ്പാതിരിയുടെ കൂദാശാത്തട്ടിപ്പ്!! ജനിച്ചാലുടന്‍ മാമോദീസാകൂദാശ തുടങ്ങി ,മരിച്ചാലും തീരാത്ത അന്ത്യകൂദാശ, മക്കളുടെ കീശപോലും കാലിയാക്കുന്ന കൂദാശയാണ്ടുതോറും (ഓര്‍മ്മക്കുര്ബാന)! കത്തനാര്‍ക്കും കപ്പിയാര്‍ക്കും കുശാല്‍ ,,,
  എന്ടപ്പച്ഛന്‍ മരിച്ചപ്പോള്‍ ഇടവക മെത്രാനായിരുന്നു കൈകാര്യം ചെയ്തത് ! അന്നുഞാന്‍ അബുധാബിയിലായിരുന്നു ,, അമ്മയുടെ കാലമായപ്പോള്‍ ഞാന്‍ നാട്ടിലെത്തി കാതോലിക്കയെകൊണ്ടതു ചെയ്യിച്ചു ! 'ഒന്നാം ആണ്ടു ഓര്‍മ്മയ്ക്ക്‌ 'വീണ്ടും കാതോലിക്കാ ആ പഴയ ചൊല്ലുതന്നെ ചൊല്ലിയപ്പോള്‍ എന്റെയമ്മ എന്നോടുപറഞ്ഞു "എടാമോനെ നീ ഇവന്മാരെ എല്ലാക്കൊല്ലവും വിളിച്ചു തമ്പുരാനെ ഇങ്ങിനെ കൂദാശ ചൊല്ലിച്ചു ശല്യപ്പെടുത്തരുത് ,,പണ്ടേ കര്‍ത്താവെന്നെ അബ്രഹാമിന്റെ മടിയിലിരുത്തിയേക്കുവാ,,"എന്നു ! അമ്മ സ്വപ്നത്തില്‍ വന്നെന്നോടു പറഞ്ഞത് എനിക്ക് വേദവാക്യമായി! അന്നുമുതല്‍ ഞാനും അമ്മയും കര്‍ത്താവും ഹാപ്പി ! ഹല്ലെലുയ്യ ..

  ReplyDelete

 2. 'ഹിസ്‌ പരിശുദ്ധി' ആലഞ്ചേരി മാർത്തോമ്മാക്കാരുടെ രീതിയിൽ ട്രിപ്പിൾ കുരിശും കെട്ടിത്തൂക്കി, അതുപോരാഞ്ഞ് കൈയിൽ വേറൊരു ത്രിശൂലവുമായി, തൊഴുതുനില്ക്കുന്ന പെണ്‍ കിടാങ്ങളുടെ വിസ്മയമായി എഴുന്നെള്ളുന്ന ആ പടം ആരോ ഫോട്ടോഷോപ്പിൽ ഒപ്പിച്ചെടുത്തതാകാം എന്നാണ് ഞാൻ കരുതിയത്‌. അങ്ങനെയൊരു നാടകം അങ്ങേരു കളിക്കുകയില്ലെന്നായിരുന്നു എന്റെ വിശ്വാസം. ഇപ്പോളാണ്ടെ, അതല്ല അതിലപ്പുറവും അവർ കളിക്കുമെന്ന് റോഷൻ പറയുന്നു.
  പള്ളികളിലെ 'തോന്നിയപോലികൾ' അതിരുവിടുന്നു എന്നതിന്റെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നല്ല വിശ്വാസികൾ പോലും പറഞ്ഞുതരും. എന്റെ അടുത്ത ഇടവകയിലെ വികാരി ഞായറാഴ്ച പറയുന്ന കാര്യങ്ങൾ ഒരു മനുഷ്യനും തിരിയുന്നില്ല എന്ന് പലരായി എന്നോട് പറഞ്ഞിട്ടുണ്ട്. അച്ചന്മാർക്ക് വിവരം പോയിപ്പോയി അസൽ കോമാളികളായി മാറിയിരിക്കുന്നു. ഇന്നലെ ഓണമുണ്ണാൻ ഞങ്ങളെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. അവിടെ ചെന്നപ്പോൾ എനിക്ക് പരിചയമില്ലാത്ത ഒരു കൊച്ചച്ചൻ ഉണ്ണാനെത്തിയിട്ടുണ്ട്. വിളിച്ചതൊന്നുമല്ല, അങ്ങേര്‌ ഓടിക്കയറി വന്നതാണ്. ഉടൻ തന്നെ സ്വന്തം വീട്ടിൽ മുഖം കാണിക്കാൻ പോകണമത്രേ. കുറഞ്ഞോരു സമയംകൊണ്ട് അയാളവിടെയിരുന്നു പറഞ്ഞതും കാണിച്ചതും ഓർത്താൽ ഇയാളൊരു വൈദികനാണോ എന്ന് പിള്ളേരുപോലും സംശയിക്കും. എന്തൊരു കുഴഞ്ഞാട്ടം! പത്തറുപതു കഴിഞ്ഞ വീട്ടമ്മയെ മോളേ, മോളേ എന്നാണ് വിളി. എല്ലാവരുടെയും ഇലകളിലേയ്ക്ക് അയാൾക്ക്‌ തോന്നിയതൊക്കെ കോരിയിടുന്നു, സുഖിപ്പിക്കാൻ ഓരോ കമന്റടിക്കുന്നു. അച്ചനല്ലേ , എല്ലാവരും സഹിച്ചിരുന്നു.
  ഈ വൈദികരെല്ലാം മനുഷ്യരെ പറ്റിച്ച് കാര്യം കാണുന്നവരാണ്. ഇയാൾക്ക് പത്തുമുപ്പതു കിമീ. അകലെയുള്ള വീട്ടിൽ എത്താൻ ആഥിഥേയയുടെ മകൻ ഊണ് പാതിയാക്കി കൊണ്ടുപോയി വിടണമായിരുന്നു. ആ സമയത്ത് മുറ്റത്തുകൂടെ പോകുന്ന ഒറ്റ ബസ്സിൽ അയാൾക്ക്‌ തനിയെ പോകാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പോരാ, കാറിൽ കൊണ്ടാക്കണം. അതുംപോരാഞ്ഞ്, വൈകീട്ടതാ അയാൾ വീണ്ടും വിളിച്ചിരിക്കുന്നു 'എന്നെ ഒന്ന് തിരികെ പള്ളിയിൽ എത്തിക്കാനായി വരാമോ?' എന്ന്! പയ്യൻ അവിടെ ചെന്ന് തിരികെ വരാൻ വീണ്ടും മുപ്പതും മുപ്പതും 60 കിമീ! ഒന്നുമൊരു പ്രശമല്ല, ഒന്നും വിചാരിക്കയുമാരുത്, അച്ചനുവേണ്ടിയല്ലേ! ഇതിനിടെ പയ്യൻ വീട്ടുകാരെയും അതിഥികളെയുംകൊണ്ട് ഒരൗട്ടിങ്ങിനു പോയി തളര്ന്നിരിക്കുകയാണെന്നത് ഒരുത്തരും കണക്കിലെടുക്കുന്നേയില്ല. നമ്മുടെ അച്ചന്മാർ ഈ വളിച്ച തറവരെ താഴ്ന്ന ഊചാളികളായി മാറിയത് എങ്ങനെ? ഇതൊക്കെ ആരോട് പറയും എന്നോർത്തിരുന്നപ്പോൾ ആണ്ടെ അതിലും വലിയ കാര്യങ്ങൾ റോഷൻ ഭംഗിയായി മെത്രാന്മാർക്കായി കുറിച്ചിരിക്കുന്നു. രണ്ടാഴ്ചയായി കാക്കനാട്ട് കനക സിംഹാസനങ്ങളിൽ കുണ്ടിയമർത്തിയിരുന്ന്, സ്വർണക്കരണ്ടികൊണ്ട് ആട്ടിൻസൂപ് കോരിക്കഴിച്ചിട്ട് നമ്മുടെ 'പരിശുദ്ധികൾ' ഇന്ന് വെളിക്കിറങ്ങും. എന്തൊരു നാറ്റമായിരിക്കും!
  syromalabar സഭയെപ്പറ്റി വെബിൽ തിരിക്കിയപ്പോൾ കണ്ടതാണ് താഴെയുള്ള വിവരങ്ങൾ. Primate: Mar George Alencherry (traditionally Metropolitan of Archdiocese of Ernakulam-Angamaly)
  Headquarters: St. Thomas Mount, Kochi,Kerala, India
  Territory: India
  Possessions: United States, Canada, Australia
  Language: Syriac and Malayalam
  Members: 4.6 million[1]
  Bishops: 51
  Parishes: 3,224
  യുഎസ്എ, ക്യാനഡ, ഓസ്ട്രേലിയ എന്നിവ സഭയുടെ possessions ആയിട്ടാണ് കണക്കാക്കപ്പെടുന്നത് എന്നത് വളരെ വിചിത്രം തന്നെ! പണ്ട് പോർതുഗീസ് രാജ്ഞി തീരുമാനിച്ചു: വസ്കോടിഗാമായും അത് കഴിഞ്ഞുള്ളവരും കണ്ടുപിടിക്കുന്ന രാജ്യങ്ങളെല്ലാം രാജ്ഞിയുടെ അധികാരത്തിൽ പെടുമെന്നും തന്റെ possessions ആണെന്നും. എന്ന് പറഞ്ഞപോലുണ്ട്! വെളിവ് കെട്ടാലും ഇങ്ങനെ കെടുമോ!

  ReplyDelete
 3. When the St. Thomas Syro Malabar Diocese in Chicago was established in 2001, it was declared that the new diocese is under the direct administrative control of the Vatican Eastern Congregation. This fact was again confirmed by then Trichur Archbishop Mar Jacob Thungushi when he visited Newyork. The Syro Malabar Diocese in Australia was also established under the same conditions. How then these establishments could become the possessions of the Metropolitan Archbishop in Kerala.

  ReplyDelete