Translate

Saturday, August 22, 2015

ജപ്പാൻ ജനതയിൽ നിന്ന് പഠിക്കേണ്ടവ


അന്യനോടുള്ള ബഹുമാനം എന്താണ്, അവരോട് എങ്ങനെ പെരുമാറണം എന്ന് ആരും നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. അടിസ്ഥാനപരമായ ധാർമികാവബോധംപോലും  ഇല്ലാത്തതുകൊണ്ടാണ് മൂന്നിൽ അധികം വ്യക്തികൾ ഒരുമിച്ചാൽ അതൊരു വർഗീയമായ കൂട്ടുകെട്ടിലേക്ക് നീങ്ങുവനുള്ള സാധ്യത ഈ നാട്ടിൽ കണ്ടുവരുന്നത്‌. വിദ്യാലയങ്ങൾ എങ്ങനെ പ്രവർത്തികണം എന്നത് നാം ജപ്പാൻകാരിൽ നിന്ന് പഠിക്കണം. അവിടെ ആദ്യ ക്ലാസുകളിലൊന്നും പുസ്തകമില്ല. എതിക്സാണ് (ധാർമികത) ആദ്യം പറഞ്ഞുകൊടുക്കുക. സ്വന്തം ആരോഗ്യ പരിപാലനം, ഭക്ഷണം സമയമെടുത്ത് ചവച്ചരച്ചു കഴിക്കേണ്ടതിന്റെയും ആവശ്യത്തിനു വെള്ളം കുടിക്കെണ്ടതിന്റെയും  പ്രാധാന്യം, അന്യരെ സഹായിക്കാവുന്ന വഴികൾ, അന്യരോട് സംസാരിക്കേണ്ട രീതികൾ, പരിസര ശുചിത്വം, റോഡുകളിൽ പെരുമാറേണ്ട മര്യാദകൾ, എന്നിങ്ങനെയുള്ള കാര്യങ്ങൾ അടിസ്ഥാനപരമാണ് എന്ന് നമ്മൾ മനസ്സിലാക്കാത്തതുകൊണ്ടാണ് നമ്മുടെ സമൂഹം വളരെ പരിതാപകരമായ അവസ്ഥയിൽ എത്തിനിൽക്കുന്നത്.
ഈ വക കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്ന എത്ര സാറന്മാരും റ്റീച്ചർമാരും നമ്മുടെ സ്കൂളുകളിൽ ഉണ്ട്? നമ്മുടെ വേദാദ്ധ്യയനക്ലാസ്സുകളിൽ എങ്കിലും ഈ ശ്രദ്ധയുണ്ടോ? ഏതെങ്കിലും ഒരു വികാരിയച്ചൻ ഞായാഴ്ച്ചത്തെ പ്രസംഗത്തിൽ ഇത്തരം കാര്യങ്ങൾ പരാമര്ശിക്കാറുണ്ടോ? നമ്മുടെ എല്ലാ മതങ്ങളിലെയും വേദപഠനം നിറുത്തിയിട്ട്‌ മേല്പറഞ്ഞ ധാർമിക ബോധം ആണ് കുഞ്ഞുങ്ങൾക്ക്‌ ആദ്യം ലഭ്യമാക്കേണ്ടത്‌. ജപ്പാൻ ജനതയിൽ നിന്ന് നാം പഠിക്കേണ്ട ഏതാനും കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.

1. ഒന്ന് മുതൽ ആറുവരെ ക്ലാസ്സുകളിൽ ധാർമികാദ്ധ്യയനം ആണ് പ്രാഥമികം. വ്യക്തിത്വ രൂപവത്ക്കരണമാണ് ഈ വർഷങ്ങളിൽ നടക്കുക എന്നതുകൊണ്ട്‌ പരീക്ഷയില്ല.
2. വിദ്യാലയത്തിൽ കുട്ടികളും വാദ്ധ്യാന്മാരും ചേർന്നുള്ള പരിസരം വെടിപ്പാക്കലാണ് ആദ്യ പരിപാടി. അതുകൊണ്ട് വീട്ടിലും വഴിയിലും ശുചിത്വം അവര്ക്കൊരു ശീലമാണ്.
3. അര മണിക്കൂർ എടുത്ത് നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കണമെന്നും വിദ്യാലയത്തിലും ഭക്ഷണത്തിനുശേഷം ബ്രഷ് ഉപയോഗിച്ച് വായ്‌ വൃത്തിയാക്കണമെന്നും, കുട്ടികളെല്ലാം വെള്ളം കൊണ്ടുവരികയും ക്ലാസ്സുകൾക്കിടയിൽ അത് കുടിച്ചിരിക്കണമെന്നും നിർബന്ധമുണ്ട്.
 4. റോഡുകൾ വൃത്തിയാക്കുന്നവരെ അവർ 'ആരോഗ്യപരിപാലകർ' (health engineers) എന്ന് വിളിക്കുകയും അവര്ക്ക് ഉയർന്ന ശമ്പളം കൊടുക്കുകയും ചെയ്യുന്നു.
5. നമ്മെപ്പോലെ പ്രകൃതിദത്തമായ സാമ്പത്തിക സ്രോതസ്സുകൾ തീരെയില്ലാഞ്ഞിട്ടും, ഭൂചലനം നിത്യമെന്നോണം നാശനഷ്ടങ്ങൾ വരുത്തിയിട്ടും, അവർ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിലും ആരോഗ്യ ശ്രേയസിലും ലോകത്തെ അമ്പരപ്പിക്കുന്നു.
6. പൊതു ഗതാഗത ഉപയോഗസമയത്തും ഭക്ഷണശാലകളിലും സമ്മേളനങ്ങളിലും മൊബൈൽ ഫോണിന്റെ ഉപയോഗം അനുവദിക്കുന്നില്ല.
7. എത്ര ധനികരായിരുന്നാലും അവർ വേലക്കാരെകൂടാതെ ഗാർഹിക കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നു.
8. ട്രെയ്നുകൾ സമയം പാലിക്കാതെ വരുന്നത് ഒരു വർഷത്തിൽ ആകെ ഏഴു സെക്കന്റാണ്‌! സാരമായ എന്തെങ്കിലും അപകടം കാരണമായില്ലെങ്കിൽ, വൈദ്യുതിയും ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു മിനിറ്റുപോലും ഉണ്ടാകാറില്ല.
നമുക്ക് നാണം തോന്നേണ്ടതല്ലേ?

3 comments:

 1. രാഷ്ട്രീയക്കാർ കുളമാക്കിയ ഭാരതത്തിൽ, ആവശ്യം ഒരു രണ്ടാം സ്വ്വതന്തൃ സമരമാണ്. മിക്ക വികസികത രാജ്യങ്ങളും അടിസ്ഥാന സാമൂഹ്യ മര്യാദകളുടെ കാര്യത്തിൽ വളരെ മുന്നിലാണ്. അതാണ് വികസനത്തിന്റെ കാരണം എന്നു പോലും ഞാൻ ചിന്തിക്കുന്നു. വഴിയിൽ വീണുകിടക്കുന്ന കടലാസ് കഷണം കണ്ട ഒരു വലിയ ഉദ്യോഗസ്ഥൻ സായിപ്പ് അതെടുത്തു പാന്റ്സിന്റെ പോക്കറ്റിൽ തള്ളുന്നത് ഒരു വിദേശ രാജ്യത്തു വെച്ചു കാണാൻ എനിക്കിടയായി. ഗാർബേജ് ബൊക്സ് അടുത്തില്ലാതിരുന്നതു കൊണ്ടാണ് അതു പോക്കറ്റിലിട്ടത്. അമേരിക്കയിൽ സ്വകാര്യ ഡ്രൈവർമാർ എന്നൊരു തസ്ഥികയേ ഇല്ല. ആരാണെങ്കിലും സ്വയം വണ്ടി ഓടിച്ചു പോകും, മെത്രാനാണേങ്കിലും കർദ്ദിനാളാണെങ്കിലും. വടക്കേ ഇന്ത്യയിലാണെങ്കിലും സ്വയം വാഹനം ഓടിക്കുന്നവരാണു മെത്രാന്മാർ. നമ്മുടെ ന്യുന പക്ഷ സംസ്കാരം എങ്ങിനെയാണെന്നു പറയാതെ അറിയാമല്ലൊ. വനങ്ങളെ പ്രകൃതിയുടെ ആവാസകേന്ദ്രമായി വിദേശികൾ കാണുന്നു. അമേരിക്കയിൽ ഒരു സംസ്ഥാനത്തു ധാരാളം എണ്ണ കിട്ടും. അവർ ഖനനം തുടങ്ങിയപ്പോൾ ആ പ്രദേശത്തു ഒന്നു രണ്ടു ഭൂകമ്പങ്ങൾ ഉണ്ടായി. അപ്പോഴേ അവർ ഖനനം നിർത്തി. ഇവിടെ, കാടു കൈയ്യേറാനുള്ള അവകാശത്തിനു വേണ്ടിയാണു സമരം. തിരുവനതപുരത്തു ലത്തീൻ രൂപതയുടെ സമരം കടലിലെ ആവാസ വ്യവസ്ഥിതി മാറിയതിന്റെ പേരിലല്ല, മുക്കുവരുടെ വരുമാനം കുറഞ്ഞതിന്റെ പേരിലാണ്.
  ന്യുനപക്ഷ അവകാശത്തിന്റെ പേരിൽ ഹാലിളകുന്ന നാം ന്യുനപക്ഷ കടമകളുടെ കാര്യം കൂടി എന്തേ ഓർക്കാത്തത്?
  ലാളിത്യതിന്റെ നല്ല മാതൃകകൾ കാട്ടിക്കൊടുക്കാൻ നമ്മുടെ നേതാക്കന്മാർക്കു കഴിയുന്നില്ല, പരസ്പര ധാരണയോടെ ഒരു കാര്യം ചെയ്യാനും അവർക്കു കഴിയുന്നില്ല. ശ്രി സക്കറിയാസ് സാർ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ നമുക്കു സാധിക്കേണ്ടതാണ്. സ്വാമി സച്ചിദാനന്ദ ഭാരതി ഒരിക്കൽ നേരിട്ടു പറഞ്ഞ ഒരു സംഭവ കഥ ഓർമ്മിക്കുന്നു. ഒരു കേരള കത്തോലിക്കാ മെത്രാൻ വടക്കേ ഇന്ത്യയിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു. പദവിക്കു പറ്റിയ ഒരു സ്ഥലം കാണാതിരുന്നതുകൊണ്ട് മൂത്രം ഒഴിക്കാൻ സമ്മതിച്ചില്ല. അവസാനം ബ്ലാഡർ തകരാറുമായി നേരെ ആസ്പത്രിയിലേക്കു പോകേണ്ടി വന്നുവത്രെ. ഇത്തരം കഥകൾ ധാരാളം. നമ്മുടെ ഏതെങ്കിലും മെത്രാന്മാർ ഏതെങ്കിലും ഗവ്. ഓഫീസിലേക്കോ ഒരു മന്ത്രിയെ കാണാൻ തന്നെയോ അങ്ങോട്ടു പോയി കേട്ടിട്ടുണ്ടോ? പോകില്ല, തൂവൽ പൊഴിഞ്ഞു പോകില്ലേ? അത്രമേൽ ഈഗോ തലമുഴുവൻ; പിന്നെങ്ങിനെ ഉടലു ശരിയാവും?
  നമുക്കു നമ്മുടെ ഇടയിലെങ്കിലും ശുചിത്വത്തിന്റെയും, അച്ചടക്കത്തിന്റെയും, സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രാഥമിക പാഠങ്ങൾ നടപ്പാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ! ആർഭാടത്തിന്റെ പള്ളികൾ നമുക്കു വേണ്ട എന്നു കർദ്ദിനാൾ പറഞ്ഞു; അതിനു ശേഷം ഇവിടുണ്ടായ പള്ളികളിൽ എന്താണു കുറഞ്ഞത്? വിതച്ചവർ വിതച്ചതു കൊയ്യും, ഇതു മാറ്റമില്ലാത്ത നിയമം. ഇതു പോലൂള്ള നിറമുള്ള തുണ്ടുകൾ ഇനിയും ഉണ്ടാകട്ടെ.

  ReplyDelete
 2. രാജകീയ പൌരോഹിത്യം, വേഷഭൂഷാദികൾ ഒക്കയൊക്കെ ആയിക്കഴിഞ്ഞാല്‍ ഒരുവന്‍ സ്വയം പുങ്കനാകും ഈ പുങ്കന്മാരുടെ സ്വന്തംനാട്ടില്‍ ! പിന്നെ ഒരു മെത്രാന്‍ സ്വയം കാറോടിക്കുന്നകാര്യം, അത് ജനത്തിനും മെത്രാനും ചിന്തിക്കാന്കൂടിയസാധ്യം ! ഇവിടെ എന്നെങ്കിലും ഒരു മന്ത്രി സ്വയം കാറോടിച്ചു ഏതെങ്കിലുമൊരു പൊതു പരിപാടിക്ക് പോകുമോ എസ്കോര്‍ട്ട് ഇല്ലാതെ? നാലോ അഞ്ചോ വര്‍ഷത്തേക്കു മാത്രം 'കസേരകളിക്ക്' വരുന്ന മന്ത്രിക്കും MLA/MP മാര്‍ക്ക് ഡ്രൈവര്‍ അവശ്യമെങ്കില്‍, തൊപ്പിയും ളോഹയും കിട്ടിയാല്‍ പിന്നെ മൂക്കില്‍ പഞ്ഞികയറ്റുംനാള്‍വരെ സിംഹാസന, ഭദ്രാസന, രൂപാതാ ആസനങ്ങളില്‍ വിരാജിക്കുന്ന 'സ്ഥിരംമെത്രാന്' ഡ്രൈവര്‍ നൂറുശതമാനം വേണം ; കുറേക്കഴിഞ്ഞാല്‍ ഗണ്മാനും കൂടിയേതീരു എന്നാകുംഗതി!
  "മനുഷ്യാ, നീ മണ്ണാകുന്നു" എന്ന് എല്ലാമ്രിതശരീരത്തോടും 'കൂദാശ' ചൊല്ലുന്ന ഇവറ്റകളെ "മെത്രാനേ, നീ കുന്തുരുക്കമാകുന്നു" എന്നു കാലത്തോട് ചൊല്ലാന്‍ കാനോന്‍നിയമം ഉണ്ടാക്കിയ (ദൈവത്തെയറിയാത്ത, സ്വയം അറിയാത്ത) മെത്രാനെക്കൊണ്ട് അയ്യാളുടെ വണ്ടി ഓടിക്കാന്‍ എന്റെ മറ്റപ്പള്ളിസാറെ, ,ആരും തുനിയാതിരിക്കട്ടെ ! ദൈവത്തെ വില്പനച്ചരക്കാക്കുന്ന ഇവറ്റകളെ തൊട്ടുകളിച്ചാല്‍ "ആക്കളിതീക്കളി" മാളോരെ..

  ജപ്പാന്‍കാര്‍ ലോകത്തിനു തന്നെ മാതൃകയായത് ആറ്റംബോംബ് ഹിരോഷിമയിലും നാകസാക്കിയിലും അമേരിക്ക ഇട്ടതില്‍പിന്നാണോ എന്നു നാം കണ്ടെത്തണം . ആണെങ്കില്‍ കേരളത്തിലും അതിനുള്ള സാധ്യത തീരെ ഇല്ലാതില്ല! അന്യസംസ്ഥാന തൊഴിലാളികളെകൊണ്ട് ഇവിടെ പണിയെടുപ്പിക്കുംപോള്‍ 'തൊഴിലില്ലാവേദനം' സര്‍ക്കാരില്‍നിന്നും ഒരു നാണമില്ലാതെ വാങ്ങുന്നവരുടെ 'ക്യു' നീളം വയ്ക്കുന്ന കുഴിമാടിയന്മാരുടെ നാടാണ് കേരളം ! ആത്മാഭിമാനമല്ല പുങ്കത്തരമാണ് ഇവിടെ രോഗം ജനത്തിനും മെത്രാന് ഒരുപോലെ ! കേരളമാകെ "മാനസീകരോഗികള്‍" എന്നു വിവേകമുള്ള സ്വാമിവിവേകാനന്ദൻ നേരത്തേ കണ്ടെത്തിയിരുന്നു..."കേരളം ഭ്രാന്താലയം"എന്ന തിരുക്കുരല്‍ നിങ്ങള്‍ വായിചിട്ടില്ലയോ ?
  എന്റെ വീട്ടില്‍ വേലക്കാരി വരാഞ്ഞ ഒരുനാള്‍ പട്ടിക്കൂട് കഴുകാന്‍, എന്നെ ഒന്ന് സഹായിക്കാന്‍ ഞാനെന്റെ മകനെ വിളിച്ചു ;"ഞാനൊരു ഡോക്ടര്‍ ആണു "എന്ന തിരുവച്ചനമായിരുന്നു മറുപടി ! ആരാരെകുറ്റംപറയാന്‍....

  ReplyDelete
 3. There's a word 'netiquette', which means etiquette governing communication on the Internet.
  "Good netiquette includes not using all caps when typing, as it comes across as shouting.… Netiquette also involves respecting the privacy of others online, and not sharing or forwarding emails and personal messages of others without prior permission." — John DeGarmo, Keeping Foster Children Safe Online, 2014
  "It's good netiquette to link to the article from which you borrow and to name your source." — John D. Farmer, Richmond (Virginia) Times Dispatch, May 30, 2011
  To this a friend of mine added: മലയാളം ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുന്നത്‌ (മംഗ്ലീഷ്) തൊന്തരവായതിനാൽ ചെയ്യരുത്. ഗൂഗിൾ transliteration ഉപയോഗിച്ച് ആർക്കും ഇക്കാലത്ത് എളുപ്പത്തിൽ തെറ്റില്ലാത്ത മലയാളം എഴുതാം. അതും മര്യാദയുടെ ഭാഗമാണ്. കൂടൽ സാർ ഒരു തെറ്റുമില്ലാതെ കമന്റ്റ് എഴുതിയിരിക്കുന്നു. സന്തോഷം.

  ReplyDelete