Translate

Thursday, August 20, 2015

പ്രേമത്തിനുള്ള ഒറ്റമൂലി

"എല്ലാ അസുഖങ്ങള്‍ക്കും മരുന്നുണ്ട് !
പ്രേമത്തിനു മാത്രം മരുന്നില്ല !
എന്താ അമ്മച്ചീ അങ്ങിനെ ?"
പന്ത്രണ്ടു വയസ്സുകാരന്‍
അപ്പൂസിന്റെ ചോദ്യമാണ് !
' പയ്യന്‍ തകര്‍ക്കൂന്നാ തോന്നുന്നേ ! '
തിണ്ണയിലിരുന്ന് പത്രം നോക്കുകയായിരുന്ന ഞാന്‍ മനസ്സിലോര്‍ത്തു .

"രാവിലെ ചെര്‍ക്കന്‍ വായിൽ കൊള്ളാത്ത ചോദ്യവുമായി വന്നിരിക്കുന്നു !
പോയി അപ്പായിയോട് ചോദിക്ക് .
അപ്പായിക്കാ അതൊക്കെ നിശ്ചയം !"
നമുക്കിട്ടൊന്ന് താങ്ങി ഭാര്യ പറഞ്ഞു .
ശരിയാണ് ....
കണക്കിലെയോ സയന്‍സിലേയോ ചീള്
സംശയങ്ങളാണെങ്കില്‍ ഭാര്യ പറഞ്ഞു കൊടുക്കും !
ഇതുപോലെ ദാര്‍ശനികമായ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കണമെങ്കില്‍
ഈ വിനീതന്‍ തന്നെ വേണം !
ഉദാഹരണത്തിന് ....
കോഴിയാണോ മുട്ടയാണോ
ആദ്യം ഉണ്ടായത് ?
ദൈവം ഉണ്ടോ ഉണ്ടില്ലയോ ?
തേങ്ങയില്‍ വെള്ളം നിറച്ചത് ആര് ?
മുതലായ ചോദ്യങ്ങള്‍ :-)
അപ്പൂസ് എന്റടുത്ത് വന്ന് ചോദ്യം ആവര്‍ത്തിച്ചു .
ഞാനവനെ അടുത്തിരുത്തി പറഞ്ഞു ,
"മകനേ ....
പ്രേമം അഞ്ചാംപനി പോലെയാണ് !
ഒരു പ്രായത്തില്‍, മിക്കവര്‍ക്കും വരുന്ന അസുഖം !
മരുന്നൊന്നും കൂടാതെ കുറച്ച് കഴിയുമ്പോള്‍ തനിയെ സുഖപ്പെടും !
ഒരിക്കല്‍ വന്നാല്‍ പിന്നീട് വരാന്‍ സാധ്യത കുറവ് .
നമ്മുക്ക് അതിനുള്ള പ്രതിരോധ ശേഷി ലഭിക്കും !"
വിശദീകരണത്തില്‍
തൃപ്തനായി ഒരു നിമിഷം ആലോചിച്ചിരുന്ന് അപ്പൂസ് വീണ്ടും ചോദിച്ചു ,
" അപ്പായിക്ക് അഞ്ചാം പനി വന്നിട്ടുണ്ടോ ? "
"ഉണ്ടല്ലോ !
അതല്ലേ അപ്പായിയുടെ
മുഖത്ത് കാണുന്ന പാടുകള്‍ !"
" അപ്പോ ,
പ്രേമമോ ? "
പയ്യന്‍ വിടാന്‍ ഭാവമില്ല .
"ഊം "
"എന്നിട്ടതിന്റെ പാടുകള്‍ എവിടെ ?"
" അത് കാണാന്‍ പറ്റില്ല ."
" കാരണം ? "
"കാരണം .....
ആ പാടുകള്‍ ഹൃദയത്തിലാണ്."

Zacharias Nedunkanal ഉഗ്രൻ ഭാഷ, നല്ലൊരാശയം രസികത്വത്തോടെ പറഞ്ഞിരിക്കുന്നു. സീറോമലബാർ മെത്രാന്മാർ ഇപ്പോൾ കാക്കനാട്ട് കുത്തിയിരുന്ന് പ്രേമത്തിനുള്ള ഒറ്റമൂലി ഒരുക്കുകയാണ്. ഈ കഥ അവർക്ക് ഉപകാരപ്പെടും. വല്ല അച്ചന്മാരും ഇതൊന്നു വായിച്ചിട്ട് മൂപ്പന്മാരോട് (അവർക്ക് നെറ്റൊന്നും അത്ര വഴങ്ങില്ല) പറഞ്ഞുകൊടുത്താൽ നന്നായിരിക്കും.

2 comments:

  1. ഉല്‍പ്പത്തിയിലെ ഏദൻതോട്ടവും, ആദാമ്മിന്റെ വാരിയെല്ലും, അരുതാത്തഫലം സാത്താന്റെ വാക്ക് കേട്ട് ദൈവകല്പ്പന കാറ്റിൽപറത്തിയാ ഒന്നാംവനിത തിന്നതും, എച്ചിലായപഴം അവള്‍ ഇണയെ തീറ്റിച്ചതും വിശ്വസിക്കുന്ന ഏതൊരു പാതിരിക്കും ഒന്ന് പ്രേമിക്കാന്‍ പറ്റാതെപോയെങ്കില്‍ അതൊരു 'ആറാംതിരുമുറിവായി' ഹൃദയത്തില്‍ അവസാനനിശ്വാസംവരെ ആ പാവംപാതിരിയെ അതിയാനങ്ങു പോപ്പായാലും അലട്ടിക്കൊണ്ടിരിക്കും നിശ്ചയം ! സുഖമുള്ള ഏകനൊമ്പരം ഈ "ദിവ്യാനുരാഗം" മാത്രമാണ്! ഇതിലെ വിരഹദുഖം പോലും മധുരമാണ് ! പ്രേമനയ് രാശ്യം മൂലം ളോഹയെ സ്വീകരിച്ച മഹാതീമഹാന്മാര്‍ക്കിത് ബാധകമല്ല.. അവര്‍ക്കാ 'ളോഹ' ഭൂമിയില്‍ത്തന്നെ സ്വര്‍ഗം കൊടുത്തല്ലോ!
    ആദിമന്‍ പറുദീസാ നഷ്ടപ്പെടുത്തിയതീ 'പ്രേമം' മൂലമാണ് മാളോരെ .."തിന്നുന്ന നാളില്‍ നീ മരിക്കും" എന്ന ദൈവകല്പനപ്രകാരം അവള്‍ മരിക്കുന്നു എന്നറിഞ്ഞ ആദം "അവ്വാ ഇല്ലാത്ത പറുദീസാ എനിക്ക് വേണ്ടാ "എന്ന് സ്വയം ഉള്ളിൾ ഉറച്ചാണാ പഴം തിന്നതെന്ന് വേദനയോടെ കാലമോര്‍ക്കുന്നു ! അങ്ങിനെ ഒന്നാം പ്രേമം പഴംതിന്നു ആത്മാഹൂതി ചെയ്തു !
    രണ്ടാം പ്രേമം സാറയെ യാക്കോബ് പ്രേമിക്കുന്നത് ദീര്‍ഘകാല അടിമപ്പണിയിലും കലാശിച്ചു ! ഭാര്യവീട്ടിലായാലും അടിമത്തം വേദനിക്കുന്നതല്ലേ ? പ്രേമം കദനകാരണമാണങ്കിലും പ്രേമിക്കാതെ മരിച്ചാല്‍ പരലോകത്തു ആരും പോകില്ല സത്യം! "കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?" എന്ന വയലാറിന്റെ രോദനം ഈയവസരത്തില്‍ ഓര്‍ക്കുന്നതും നന്ന് ....നമ്മുടെ നല്ലവനായ ഫ്രാന്‍സിസ്പോപ്പിനും ഒരു കിണ്ണന്‍കാച്ചിപ്രേമം ഉണ്ടായിരുന്നതായി ആ ശുദ്ധഹൃദയന്‍ പറഞ്ഞതും പാതിരിമാര്‍ ഓര്‍ക്കണം ..

    ReplyDelete
  2. ഒരു ബൈബിള്‍ വചനം വരുത്തിയ വിന:

    1979 ന്റെ ആരംഭം. ന്യൂ ബോംബെയിലെ തുര്‍ബെയില്‍ താമസം. ഇന്നത്തെ ന്യൂ ബോംബെയും അന്നത്തെ ന്യൂ ബോംബെയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഒരു തനി വില്ലേജ്. ഓടിട്ട രണ്ടു നില വീടുകളും, പിന്നെ കുറെ ചെറിയ ഒറ്റനില വീടുകളും മാത്രം. ഞാനും കുറച്ചു കൂട്ടുകാരും കൂടി താമസിച്ചിരുന്നത് ഒരു ഇടുങ്ങിയ ഒറ്റമുറിവീട്ടില്‍.

    ഒരു ദിവസം വീടിന്റെ തൊട്ടുപിന്നിലുള്ള വയലിലൂടെ (ഇന്നവിടെയൊക്കെ ബഹുനിലക്കെട്ടിടങ്ങളാണ്), രണ്ടുമൂന്നു വീട് അപ്പുറത്ത് താമസിക്കുന്ന, കണ്ടുപരിചയമുള്ള ലില്ലി എന്ന് പേരുള്ള ഒരു പെണ്‍കുട്ടി നടന്നുവരുന്നു. യൌവനത്തില്‍ തോന്നാവുന്ന ഒരു ആകാംക്ഷയോടെ ഞാനൊന്ന് നോക്കി. പിന്നെ തോന്നി, അഷ്ടിക്ക് വകയില്ലാത്തപ്പോഴാണോ നിന്റെയൊക്കെ ഒരു മോഹം എന്ന്. പക്ഷെ, പെട്ടെന്ന് എനിക്കൊരു ബൈബിള്‍ വചനം ഓര്മ വന്നു: "വയലിലെ ലില്ലികളെ നോക്കുവിന്‍". പിന്നെ ഒന്നും ആലോചിച്ചില്ല, ഞാന്‍ നോക്കി. എന്ത് ബൈബിള്‍ വചനം ഓര്മ വന്നിട്ടാണെന്നറിയില്ല, അവള്‍ എന്നെയും നോക്കി.

    കഴിഞ്ഞ 32 വര്‍ഷങ്ങളായി അതിന്റെ അനന്തരഫലം ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു........P.A.Mathew

    ReplyDelete