Translate

Sunday, August 9, 2015

അനുകരണീയമായ ഒരു കേരള മാതൃക

(ക്രിസ്ത്യാനികളുടെ വിവാഹത്തിൽ വധൂ വരന്മാർ പ്രദർശന വസ്തുക്കളാണ്. വരൻ വിദേശീയമായ വേഷത്തിലും അല്ലെങ്കിൽ കേരളത്തിന് ഇണങ്ങാത്ത സ്റ്റൈലിലും ഒരുങ്ങി വരുമ്പോൾ വധു ബ്യൂട്ടി പാർലറുകാർ വികൃതമാക്കിയ (അതായത് ആളെ തിരിച്ചറിയാത്ത തരത്തിലുള്ള പണികൾ) മുഖവും എടുത്താൽ പൊങ്ങാത്ത സ്വർണപ്പണ്ടങ്ങളുംകൊണ്ട് മൊത്തം മൂടി എത്തുന്നു. ഇതൊക്കെ കാണുമ്പോൾ മനുഷ്യർക്ക്‌ അപ്പ് തോന്നാത്തത് കണ്ടുകണ്ടുള്ള ശീലംകൊണ്ടുമാത്രമാണ്. മറ്റു സമുദായങ്ങളിൽ ഇപ്പോൾ ധാരാളം യുവതീയുവാക്കൾ (അതോടൊപ്പം അവരുടെ കുടുംബങ്ങളും) ലാളിത്യത്തിന്റെ സന്ദര്യം ആസ്വദിക്കാൻ പഠിക്കുന്നുണ്ട്. അതറിഞ്ഞിരിക്കാനെങ്കിലും ഒരവസരമാകട്ടെ എന്ന് വിചാരിച്ചാണ് ഈ പോസ്റ്റ്‌. - സക്കറിയാസ് നെടുങ്കനാൽ)   

പൊന്നില്ലാതെ, മനസ്സ് തൊട്ട വിവാഹം! പെണ്ണായാല്‍ പൊന്നുവേണമെന്ന പരമ്പരാഗത സങ്കല്‍പ്പത്തെ മാറ്റിമറിച്ചൊരു മാതൃകാ വിവാഹം. ദേഹത്ത് ഒരു തരി പൊന്നോ ആഭരണങ്ങളോ ഇല്ല. മണവാട്ടിക്ക് മഹറായി (വിവാഹമൂല്യം) നല്‍കിയതോ പാബ്ലോ നെരൂദയുടെ കവിതാസമാഹാരവും വാച്ചും. ഇന്നലെ നിലമ്പൂരിലാണ് ആഭരണ-ആര്‍ഭാടരഹിത വിവാഹം നടന്നത്. സി പി എം സംസ്ഥാന സമിതി അംഗം പി കെ സൈനബയുടെയും പുരോഗമനകലാ സാഹിത്യസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ബഷീര്‍ ചുങ്കത്തറയുടെയും മകള്‍ പാഷിയയുടെ വിവാഹമാണ് ലളിതവും മാതൃകാപരവുമായി നടന്നത്.
കോഴിക്കോട് ചേളന്നൂരിലെ കെ അബ്ദുല്‍ഖാദറിന്റെ മകന്‍ നിഖിലാണ് വരന്‍. പാബ്ലോ നെരൂദയുടെ ഇരുപത് പ്രണയ കവിതകള്‍ എന്ന കവിതാ സമാഹാരവും ഒരു വാച്ചുമാണ് വരന്‍ പാഷിയക്കു വിവാഹമൂല്യമായി സമ്മാനിച്ചത്. കണ്ടുനിന്നവരുടെയെല്ലാം മനസ്സ് കുളിര്‍പ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചടങ്ങില്‍ അരീക്കോട്ടെ അത്തിക്കായി മുഹമ്മദ് മൗലവി നിക്കാഹിന് നേതൃത്വം നല്‍കി. മധുര കാമരാജ് യൂനിവേഴ്‌സിറ്റിയില്‍ എംഫില്‍ വിദ്യാര്‍ഥിനിയാണ് പായിഷ. ബംഗ്‌ളുരുവില്‍ എന്‍ജിനീയറാണ് വരന്‍ നിഖില്‍.
പായിഷ ഇന്നുവരെ സ്വര്‍ണാഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. സ്വര്‍ണത്തോട് ഭ്രമവുമില്ല. ആ പതിവ് വിവാഹത്തിലും തെറ്റിക്കാന്‍ പായിഷ തയ്യാറായില്ല. വരനും കുടുംബവുമാകട്ടെ മണവാട്ടിയുടെ സങ്കല്‍പ്പങ്ങള്‍ക്കു നൂറില്‍ നൂറുമാര്‍ക്ക് നല്‍കുകി. ഒരു തരി പൊന്നുപോലും അണിയാതെ ലളിതമായ വസ്ത്രവുമായി മണവാട്ടി കല്യാണപന്തലിലെത്തിയപ്പോള്‍ കണ്ടുനിന്നവരും അമ്പരന്നു. ഒപ്പം അവരുടെ മനസ്സ് ഒരായിരം തവണ സന്തോഷിച്ചു.
1988-ലായിരുന്നു പി കെ സൈനബയുടെ വിവാഹം. അന്ന് വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷയും ഇ എം എസിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം എന്ന പുസ്തകവുമായിരുന്നു വരന്‍ ബഷീര്‍ ചുങ്കത്തറ മഹറായി നല്‍കിയത്. അന്ന് നിക്കാഹിന് നേതൃത്വം നല്‍കിയ അരീക്കോട്ടെ മുഹമ്മദ് മൗലവി തന്നെ മകളുടെ വിവാഹത്തിനും കാര്‍മികത്വം വഹിക്കാനെത്തിയെന്നതും യാദൃച്ഛികം മാത്രം.
രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ വിവാഹ മംഗളം നേരാനെത്തിയിരുന്നു. സ്വര്‍ണാഭരണത്തിന് ഭ്രഷ്ട് കല്‍പ്പിച്ച മണവാട്ടിയെയും വരനെയും ചടങ്ങിനെത്തിയവരെല്ലാം അഭിനന്ദിച്ചു. അനുകരണീയമായ ഈ മാതൃക കേരളീയര്‍ ഒരു പാഠമാക്കിയെങ്കില്‍ എന്നായിരുന്നു പലരുടെയും കമന്റ്.

2 comments:

 1. Unni Mannarmala with Baiju UP
  പാഷിയാ...
  ഒരുപാട് സഹോദരിമാർക്കാണ് നീ മാതൃകയായിരിക്കുന്നത്. ഒരു തരി പൊന്ന് ധരിക്കാതെ വിവാഹ പന്തലിലെത്തി സ്ത്രീധനം എന്ന കറുത്ത ആചാരത്തിനെതിരെ നീ ഐക്യദാർഡ്യം അറിയിച്ചിരിക്കുന്നു.
  ഒരുപാട് മാതാപിതാക്കളും സഹോദരിമാരും നിൻ്റെ സന്ദേശത്തിന് മുന്നിൽ സന്തോഷക്കണ്ണീർ പൊഴിച്ചിട്ടുണ്ടാകും.
  സ്വർണഭ്രമത്തിൽ പെട്ട് അലയുന്ന മലയാളി പെണ്ണുങ്ങൾക്ക് പാഷിയ ഒരു മാതൃക തന്നെയാണ്.
  നീ കൊളുത്തിയ നന്മയുടെ തിരിനാളം ആളിക്കത്തട്ടെ.....

  ReplyDelete
 2. One who knows who he or she is and has confidence in themselves doesn't have to show. Real education paves the way for us to this realization.

  ReplyDelete