Translate

Sunday, August 23, 2015

അനിശ്ചിതത്വത്തിന്റെ സൌന്ദര്യം

നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞു. ചലിച്ചില്ലെങ്കിലും എന്നുമുണ്ടായിരുന്ന, എന്നും നിലനില്‍ക്കുന്ന അസ്തിത്വബോധമാണ് നിത്യത. (ബോധമില്ലെങ്കില്‍ നിത്യതക്ക് എന്തര്‍ത്ഥം?) ചലിച്ചില്ലെങ്കിലും അതുണ്ട്; പക്ഷേ, നാം ഉണ്ടായിരിക്കണമെന്നില്ല. ശൂന്യതയെ പരമമായ യാഥാര്‍ത്ഥ്യമായും അനന്തതയെ ശൂന്യതയുടെ നാനാവിധത്തിലുള്ള ആവിഷ്കാരമായും കാണാന്‍ ശ്രമിച്ചിരുന്ന ഒരു ഗണിതജ്ഞന്‍ ഇന്ത്യക്കുണ്ടായിരുന്നു: ശ്രീനിവാസ രാമാനുജന്‍. പൂജ്യത്തെ (ഒരു പൌരസ്ത്യ മനസ്സിന് മാത്രം ഭാവനയില്‍ മനനം ചെയ്യാനാവുന്ന, ശൂന്യതയെന്ന പരമമായ യാഥാര്‍ത്ഥ്യം) അനന്തതകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അന്ത്യമില്ലാത്ത സംഖ്യയിലെ ഓരോ അക്കങ്ങളാണ്‌ നാമും സൃഷ്ടിയിലെ ഓരോ കണികയും എന്ന് സാത്വികമായി ചിന്തിക്കാന്‍ അദ്ദേഹത്തിലെ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു.

നമ്മുടെ പൂര്‍വ്വികന്മാരുടെ പൂര്‍വ്വികര്‍ അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ മുഴുകി ജീവിച്ചു. വെറുതേയിരിക്കാനുള്ള സമയം ലഭ്യമായതോടെ, തന്റെ ഉള്ളിലേയ്ക്ക് നോക്കാനുള്ള ബൌദ്ധികവാസന കുരുത്ത്, പയ്യെ പുഷ്പിച്ചു. ആ ഒളിഞ്ഞുനോട്ടമാണവനെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ അദ്ഭുതത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. അതായത്, ഈ പ്രപഞ്ചവും ഈ ഞാനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഒരേ പരമാണുക്കള്‍ കൊണ്ടാണെന്ന അറിവ്. ഏതു ഭാവനയെയും വെല്ലുന്നയത്ര വിദൂരതയില്‍ കത്തിജ്വലിക്കുന്ന നക്ഷത്രങ്ങളിലും എന്റെ ശരീരത്തിലും ചലിക്കുന്നത്‌ ഒരേ അണുതന്നെയാണെന്ന സത്യം. അതിസൂക്ഷ്മകണങ്ങളുടെ ഈ മഹാവിസ്തൃതിയില്‍ അതികൃത്യമായ ഊര്‍ജ്ജഭാവങ്ങള്‍ സങ്കലിതമാവുമ്പോഴും വെളിയില്‍ നിന്നുള്ള വീക്ഷണത്തില്‍ അനിശ്ചിതത്വമാണവിടെ ഭരിക്കുന്നതെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ കാഴ്ചപ്പാട്.

ഇതിന്റെ പരിണതിയായിരിക്കാം, ജീവിതത്തെ കൃത്യമായ രീതിസംവിധാനങ്ങളിലൂടെ (methodology) കെട്ടിപ്പടുക്കുക എന്നതിലും സന്തുഷ്ടവും ആരോഗ്യകരവും അതിനെ വരുന്നതുപോലെ സ്വീകരിക്കാനുള്ള തന്റേടവും ശുഭാപ്തിവിശ്വാസവുമാണ് എന്ന കണ്ടെത്തല്‍. Let go of planning and embrace not knowing what will happen. Let go of productivity and be open to new ideas and spontaneous creativity. എന്ത് നേടണം, എവിടെയെത്തണം എന്നൊക്കെ തീരുമാനിച്ചിട്ട്‌ പ്രവര്‍ത്തിക്കുന്നതിലും എത്രയോ സ്വാതന്ത്ര്യവും സന്തുഷ്ടിയും തരുന്നതാണ്, ഇപ്പോള്‍ ചെയ്യേണ്ടതും ചെയ്യാനാവുന്നതും ചെയ്യുക, ഫലമെന്തുമാകട്ടെ എന്ന കൂസലില്ലായ്മ. അതാണല്ലോ മഹത്തായ ഗീതാദര്‍ശനവും. എല്ലാ സൌന്ദര്യദര്‍ശനത്തിലും ഈ അനിശ്ചിതത്വം അനിവാര്യമാണ്. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും, സംഖ്യകളുടെ സ്വഭാവ സവിശേഷതകളെ കണ്ടെത്താന്‍ രാമാനുജനുണ്ടായിരുന്ന കഴിവ് അനന്യമായിരുന്നു. അശിക്ഷണവും ക്രമരാഹിത്യവും നിലനില്‍ക്കെത്തന്നെ ഗണിതസിദ്ധാന്തങ്ങളുടെ സൌന്ദര്യത്തിലേയ്ക്ക് ചെന്നുപെട്ട വിശിഷ്ട ബുദ്ധികളായിരുന്നു ഐന്‍സ്റ്റയിനും (Albert Einstein) അദ്ദേഹത്തിന്‍റെ മുന്നോടി പ്വാന്‍ഗ്കരെയും (Henri Poincaré). രാമാനുജന്റെ കാര്യത്തിലെന്നപോലെ, ഇവരിരുവരുടെയും ഗണിതചേതനയുടെ ഭാഗമായി, പുതിയ ഗണിതസ്വത്വങ്ങള്‍ അബോധമനസ്സില്‍ ഉരുത്തിരിഞ്ഞ്‌, പ്രത്യക്ഷമനസ്സിലേയ്ക്ക് സംവേദനം നടത്തുകയായിരുന്നു. വിശദാംശങ്ങളെ അവഗണിക്കാനാകുക എന്നതാണ് ഗിരിശൃംഗങ്ങളുടെ ഭംഗിയാസ്വദിക്കാന്‍ വേണ്ടുന്ന ഒരു മാനസികഘടകം. ഏതാണ്ട് ഈ അര്‍ത്ഥത്തിലായിരിക്കണം ഫ്രീഡ്രിഹ് നീററ്ഷേ (Friedrich Nietzsche) പറഞ്ഞത് : അനിര്‍ണ്ണീത നിലങ്ങളില്‍ നിന്നാണ് നൃത്തം ചെയ്യുന്ന താരങ്ങള്‍ ജനിക്കുന്നത്.

യുവത്വത്തിന്റെ അതിപ്രസരങ്ങളെല്ലാം ശമിച്ച്, പലതും നേടിയശേഷം ജോലിയില്‍നിന്നു വിരമിച്ച്, മനസ്സില്ലാമനസ്സോടെ നാട്ടിലേയ്ക്ക് തിരിക്കുമ്പോഴും, അവിടെ ചെന്നിട്ട്, ഇനിയും, വരുമാനമുള്ള എന്തെങ്കിലും കളിച്ചുവയ്ക്കാന്‍ വെമ്പെല്‍കൊള്ളൂന്ന പല പ്രവാസികളെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലാത്ത ഒരവസ്ഥയനുമാനിക്കാനേ അവര്‍ക്കാകുന്നില്ല. ഭൌതിക/സാമ്പത്തിക ലക്ഷ്യങ്ങളില്ലാത്ത മാനസിക സ്വസ്ഥതയോടെയുള്ള വിശ്രമജീവിതം എന്തോ പാപമാണെന്നതുപോലെയാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. പണ്ടില്ലാതിരുന്ന, എന്നാല്‍, ഏറ്റവും ക്രിയാത്മകവും അതേ സമയം ശ്രമരഹിതവുമായ സൌന്ദര്യാസ്വാദനത്തിനായി, ഉഴിഞ്ഞുവയ്ക്കാനുള്ള ഒരവസരം കൈവന്നതിന്റെ സന്തോഷം തിരിച്ചറിയാതെപോകുന്നത് എത്ര ദയനീയമാണ്!

ശ്രമരഹിതമായ സൌന്ദര്യാസ്വാദനത്തിന് ഇന്നെന്നെ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത്, വെറും നിസ്സാരരായി കാണപ്പെടുന്ന കുറേ ചെറു പ്രാണികളാണ് - അവരില്പ്പെടുന്നു ചെറുതേന്‍ ഉണ്ടാക്കുന്ന ഈച്ചകള്‍. വെറുതേ ഒരു രസത്തിന്, ഒരു കലത്തില്‍ ഞാന്‍ സംഭരിച്ചുവച്ച തേനീച്ചക്കുടുംബം ഇന്ന് ആറായി പെരുകിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിശേഷിച്ച് ഒന്നുമറിഞ്ഞിട്ടല്ല, ആദ്യത്തെ കൂട്ടത്തെ പകുത്ത് ഞാനൊരു പരീക്ഷണം നടത്തിയത്. ഒരു ചിരട്ടയില്‍ കുറേ മുട്ടകള്‍ മാത്രമാണ് ഏതാനും ഈച്ചകളോടെ ഞാന്‍ മാറ്റിവച്ചത്. ബാക്കി കണക്കുകൂട്ടലുകളെല്ലാം, കൃതകൃത്യതയോടെ പരിശ്രമശാലികളായ ആ മിണ്ടാപ്രാണികള്‍ വളരെ ഭംഗിയായി ചെയ്തു - അനാവശ്യ വിടവുകള്‍ അടക്കുക, കയറിയിറങ്ങാന്‍ ഒരു വളച്ചുവാതിലുണ്ടാക്കുക, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറര വരെ പൂമ്പൊടി ശേഖരിക്കുക, സശ്രദ്ധം മുട്ട വിരിയിച്ച് പുതിയ ഒരു തലമുറയെ രൂപപ്പെടുത്തുക എന്നതെല്ലാം. അക്കൂടെ, നമുക്ക് സൌജന്യമായി എടുത്തുപയോഗിക്കാന്‍ അതിമധുരമായ, ഔഷധഗുണങ്ങള്‍ ഏറെയുള്ള തേനുണ്ടാക്കുകയും! അവരുടെ പോക്കും വരവും, വൈവിധ്യമാര്‍ന്ന ജോലിവിഭജനവുമൊക്കെ കണ്ടുകൊണ്ടിരിക്കുക എത്ര ധന്യമായ സൌന്ദര്യാരാധനയാണ്! ഗണിതത്തിന്റെ സരളതയും സങ്കീര്‍ണ്ണതയും അണുസമാനമായ ഈ ചെറുജീവികളില്‍ സംഗമിക്കുന്നതും അതിവിസ്മയനീയമായ അണുവിസ്ഫോടനങ്ങളിലൂടെ ആകാശഗംഗകള്‍ രൂപംകൊള്ളുന്നതും തമ്മില്‍ എന്തുണ്ട് വ്യത്യാസം?
- See more at: http://znperingulam.blogspot.in/2012/03/blog-post_16.html#sthash.XGytsACv.go2sA3tT.dpuf

1 comment:

 1. അറിവിനെ അറിയാന്‍ അകത്തറിവ് വേണം; സൌന്ദര്യം ആസ്വദിക്കാന്‍ അകത്തു സൌന്ദര്യവും വേണം ! സക്കരിയാചായാ, സംശയമില്ല അങ്ങ് ഒരു സുന്ദരകില്ലാടിതന്നെ ! ഈ സാരപ്രപഞ്ചംതന്നെ ഒരനുസ്യൂത രസതന്ത്രപ്രക്രിയയുടെ വേദിയാണ് നമ്മുടെ ഈ മനുഷ്യശരീരം പോലെ; പഞ്ചഭൂതങ്ങളുടെ കൂട്ടുകെട്ടില്‍ മനസും ബുദ്ധിയും അഹങ്കാരവും ചേര്‍ന്ന നിരന്തര രസതന്ത്രം ! ഈ 'ഉണ്മ' മനസിലാക്കിയവന് "ഈശാവാസമിതംസര്‍വം" എന്നു മൌനത്തില്‍ പാടാനുമാകും ! ഭഗവത്ഗീതയും,ഉപനിഷത്തുകളും കരളിൽകരുതുന്ന ഒരുവനേ അണുവിലുംഅണുവായി മരുവുന്ന ആ നിത്യസത്യസൌന്ദര്യത്തെ കാണാനും, ആ സൌന്ദര്യ ലഹരിയില്‍ സ്വയമലിഞ്ഞു സ്വര്‍ഗീയനാകുവാനും കഴിയൂ..
  കത്തനാരെ. കണ്ടുപടിക്ക് 'ഇതാണ് മനുഷ്യമനസിന്റെ സ്വര്‍ഗാരോഹണം ! താന്‍ കൂദാശ ചൊല്ലി കയറ്റാനുള്ളതല്ല ക്രിസ്തുവിന്റെ സ്വാര്‍ഗം; "അത് നിങ്ങളുടെ ഇടയില്‍ത്തന്നെ ഇരിക്കുന്നു"എന്നല്ലയോ തിരുവചനം ?

  "ഉലകമിതു നിന്റ ചിത്രഭവനം ഒന്നോര്‍ക്കില്‍,
  പാറും ശലഭചിറകില്‍ അധിക രമ്യരചന കാണ്മൂഞാന്‍!
  നിമിഷതാളങ്ങള്‍ ,രാഗസ്തുതികളാണെങ്ങും ; ദേവാ ,
  അനുവദിക്കീ ക്രിപണനെന്നെ ഏറ്റുപാടീടാന്‍.."(അപ്രിയ യാഗങ്ങള്‍)

  ReplyDelete