Translate

Saturday, December 26, 2015

കത്തോലിക്കാ സഭക്കെന്തു പറ്റി?

ജോസഫ് മറ്റപ്പള്ളി 

വളരെ അഭിമാനകരമായ ഒരു പൈതൃകവും പാരമ്പര്യവും ഉണ്ടെന്നഭിമാനിച്ചുകൊണ്ട്, റോമിൽ നിന്നു മതിയായ സ്വാതന്ത്ര്യവും നേടി ഒരു മേജർ ആർച്ച് ബിഷപ്പിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച സീറോ മലബാർ റീത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമെന്നു പറയാതെ വയ്യ. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ജോസഫ് പൌവ്വത്തിലിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ചുള്ള മാർത്തോമ്മവത്കരണം വരുത്തിവെച്ച വിനകൾ കാണുവാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായിരിക്കുകയാണ്. കേരള കത്തോലിക്കന്റെ ഹൃദയത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്രൂശിതരൂപം പറിച്ചെടുത്ത്, പകരം താമരക്കുരിശു സ്ഥാപിച്ചത്. മാർത്തോമ്മ കൊത്തിയതാണ് താമരക്കുരിശെന്നു വ്യഖ്യാനിക്കപ്പെട്ടെങ്കിലും, പരിശുദ്ധാത്മാവാണെന്നു സ്വയം അഭിമാനിച്ച മാനി എന്ന പേർഷ്യൻ രാജാവിന്റെ ചിഹ്നമാണിതെന്നും പോർട്ടുഗീസുകാരാണിതിവിടെ കൊണ്ടുവന്നതെന്നും തെളിയിക്കപ്പെട്ടത്, മെത്രാൻസംഘത്തെ ഇന്നും ചിന്തിപ്പിക്കുന്നില്ലായെന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നു. താമരക്കുരിശിനെ സീറോ മലബാറിന്റെ ഒരടയാളമായി കണ്ടാൽ മതിയെന്നാണ് പാരമ്പര്യവാദികൾ ഇപ്പോൾ പറയുന്നത്. ഏതായാലും, മാർ പവ്വത്തിന്റെ തേരോട്ടം തടയാൻ അന്ന് മുന്നിട്ടിറങ്ങിയ വൈദികർക്കും, ഒളിപ്പോരു നടത്തിയ മെത്രാന്മാർക്കും കഴിഞ്ഞിരുന്നില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ യാഥാസ്ഥിതിക കത്തോലിക്കാ തീവ്രവാദികളായി നാം മാറിയേനെ. മാർ പൌവ്വത്തിൽ മേജർ ആർച്ച് ബിഷപ്പാവാതെ തടയാൻ ഈ നീക്കത്തിനു കഴിഞ്ഞെങ്കിലും, പവ്വം വിഭാവനം ചെയ്ത മെത്രാന്മാർക്കുള്ള വിശേഷാധികാരങ്ങൾ എല്ലാ മെത്രാന്മാർക്കും സ്വീകാര്യമായിരുന്നു, അതു നിലനിർത്താൻ മാർത്തോമ്മാ പാരമ്പര്യവാദം ആവശ്യമാണെന്നും അവരറിഞ്ഞു. ലോകത്തെവിടെയുമായിരിക്കുന്ന കേരള കത്തോലിക്കനേയും ആവേശം കൊള്ളിക്കാൻ ഇതിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്നും മെത്രാന്മാർക്കറിയാമായിരുന്നു. 

ഇടവകജനത്തിന്റെ നിയന്ത്രണത്തിലിരുന്ന സ്വത്തുക്കൾ രൂപത കൈയ്യടക്കിയതും, വിചിത്രമായ ആരാധനാക്രമങ്ങൾ അവതരിപ്പിക്കപ്പെട്ടതും, പുത്തൻ പെരുമാറ്റചട്ടങ്ങൾ നിലവിൽ വന്നതും, വൈദികരുടെ ഇശ്ചക്കൊത്തു തുള്ളാൻ പാകത്തിൽ പരുവപ്പെടുത്തപ്പെട്ട പാരീഷ് കൗണ്‍സിലുക ഉണ്ടായിക്കൊണ്ടിരുന്നതുമെല്ലാം അത്മായരെ ചിന്തിപ്പിച്ചുവെങ്കിലും ഒരു മുന്നേറ്റത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല, അതുണ്ടാക്കാതിരിക്കാനും സഭാധികാരികൾക്കു കഴിഞ്ഞിരുന്നു. ഇക്കാര്യത്തിൽ സഭയെ ഏറ്റവും സഹായിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങൾ തന്നെ ആയിരുന്നുവെന്ന് പറയാതെ വയ്യ. ഒരർദ്ധബോധാവസ്ഥ സൃഷ്ടിക്കുന്ന കൂട്ട അല്ലെലൂജാകൾക്ക് അനേകായിരം അന്ധഭക്തരെയും അത്രയും തന്നെ മന്ദബുദ്ധികളേയും ഒറ്റയടിക്കു സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് സത്യം. ഇടയിലൂടെ കുരിശു മാറിയതും, ശുദ്ധീകരണസ്ഥലം അപ്രത്യക്ഷമായതും, നിരവധി പുണ്യവാന്മാർ രംഗപ്രവേശനം ചെയ്തതും, ഭണ്ഡാരകുറ്റികളുടെ എണ്ണം കൂടിയതും, വേദപാഠക്ലാസ്സുകൾ സഭാനിയമങ്ങളുടെ പഠനവേദികളായി മാറിയതുമൊന്നും അധികംപേർ ശ്രദ്ധിച്ചില്ല. പിരിവുകളുടേയും അനാവശ്യ അലങ്കാരങ്ങളുടേയും സംസ്കാരം നിലവിൽ വന്നപ്പോളാണ്‌ ജനം കാര്യമായി പ്രതികരിച്ചു തുടങ്ങിയത്. എന്നിട്ടും, പരിദേവനങ്ങൾ കേൾക്കാൻ ആരും തയ്യാറായില്ല. ഇപ്പോൾ, അത് കേട്ടിട്ടും പ്രയോജനമില്ലാത്തത്ര രൂക്ഷമായ ഒരന്തരീക്ഷം തന്നെയാണു സഭയിൽ സംജാതമായിരിക്കുന്നത്. 

കൂദാശകളായിരുന്നു വിശ്വാസികളെ ചിട്ട പഠിപ്പിക്കാൻ സഭ ഉപയോഗിച്ചു പോന്ന ആയുധം. പക്ഷെ, അവ വിശ്വാസികളുടെ അവകാശമാണെന്നും അത് നിഷേധിക്കാനാവില്ലെന്നും കാണിച്ചു പുറത്തു വന്ന നിരവധി കോടതി വിധികൾ സഭാധികാരികളെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. ഇപ്പോൾ ആ ആയുധം വിട്ട്, പ്രതിക്ഷേധിക്കുന്നവരെ ഒറ്റപ്പെടുത്തി ഊരുവിലക്കി നിർവ്വീര്യമാക്കുക എന്ന പഴയ തന്ത്രമാണ്  പുറത്തെടുത്തിരിക്കുന്നത്. ആ ആയുധവും ഇപ്പോൾ തിരിച്ചെടുക്കേണ്ടതായി വന്നിരിക്കുകയാണ്. തൃശ്ശൂർ രൂപതയിൽപെട്ട ഒല്ലൂർ ഇടവകയിലെ തെക്കിനിയത്ത് റാഫേലിനെ ഒറ്റപ്പെടുത്താൻ പള്ളിയിൽ വിളിച്ചുപറയുകയും, ഇടവകക്കാരെ തെരുവിലിറക്കി അദ്ദേഹത്തിനെതിരെ പ്രകടനം നടത്തിക്കുകയും ചെയ്ത സഭ, അതുകൊണ്ടും അരിശം തീരാഞ്ഞിട്ടു പ്രസ്താവന അടിച്ചിറക്കി, എല്ലാ കുടുംബകൂട്ടായ്മകളിലും അടുത്ത ഇടവകകളിലും അത് പ്രചരിപ്പിച്ചിരിക്കുകയാണ്. 

എന്താണ് റാഫേൽ ചെയ്ത കുറ്റം? ഒരുറച്ച കത്തോലിക്കനായ റാഫേൽ വീടു വെച്ചത്, പള്ളിമതിലിനോടു ചേർന്ന്. പള്ളിപ്പെരുന്നാളിനൊടനുബന്ധിച്ചു നടത്തിയ വെടിക്കൊട്ടിൽ റാഫേലിന്റെ വീടിനു കേടുപാടുകളുണ്ടാവുന്നു. റാഫേൽ പള്ളിയിലും, അവിടെ പ്രശ്നം തീരാഞ്ഞിട്ടു കോടതിയിലും പോകുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാധികാരികൾ പരാതി പരിശോധിക്കുകയും പരമ്പരാഗതമായി നടത്തിപ്പോന്ന വെടിക്കെട്ട് അനുവദിക്കുകയും ചെയ്തു. എങ്കിലും ആ വർഷം നടന്ന വെടിക്കെട്ടും നിയമപരിധിക്കുള്ളിലുള്ളതായിരുന്നില്ല. എല്ലാവരും പിരിഞ്ഞതിനു ശേഷം കുഴിമിന്നി എന്നറിയപ്പെടുന്ന അത്യുഗ്ര ശബ്ദമുള്ള അമിട്ട് പള്ളിമതിൽക്കകത്തുനിന്ന് പൊട്ടി, റാഫേലിന്റെ വീടിനു വീണ്ടും തകരാറുണ്ടാവുകയും ചെയ്തു. പരാതിക്കാരന്റെ കഷ്ടനഷ്ടങ്ങൾ പരിശോധിക്കാൻ രൂപതയും തയ്യാറായില്ല. പരാതി പിൻവലിക്കണം എന്ന ആവശ്യം റാഫേലും പരിഗണിച്ചില്ല. കേസ് കോടതിയിൽ!

ഇങ്ങിനെയിരിക്കുംപോഴാണ് റഫേലിന്റെ മകൻ സഞ്ജുവിന്റെ വിവാഹം നിശ്ചയിക്കപ്പെടുന്നത്. ഇതൊരവസരമാക്കി റാഫേലിനെ ഒതുക്കാമെന്നു കരുതിയ പള്ളിക്കാർക്ക്‌ തെറ്റി. റാഫേൽ വഴങ്ങിയുമില്ല, വിവാഹം വിളിച്ചു ചൊല്ലേണ്ടിയും വന്നു. ഈ ജനുവരി ആദ്യം സഞ്ജുവിന്റെ വിവാഹമാണ്. അത് ഒല്ലൂർ പള്ളിയിൽവെച്ചുതന്നെ നടത്താനുള്ള ക്രമീകരണം റാഫേലും, എങ്ങിനെയും മുടക്കാനുള്ള തന്ത്രവുമായി പള്ളിയും നീങ്ങുന്നു - വർഷം കരുണയുടേതും. ഈ കേസിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, വധുവിന്റെ വീട്ടുകാരും റാഫേലിനോടൊപ്പം ഉറച്ചു നിൽക്കുന്നുവെന്നതാണ്; മാത്രമല്ല, സഭയോടു മുട്ടാൻ അവരും മടിക്കുന്നില്ലായെന്നതും ശ്രദ്ധിക്കണം. ഇതാണ് ഈ കേസിനെ വേറിട്ടു നിർത്തുന്നത്. സഭയുടെ ഭീഷണികൾക്കു വഴങ്ങാതെ, അച്ചനേയും മെത്രാനേയും നേരിടാൻ ഒരു കൂട്ടം വിശ്വാസികൾ ഒരുമിക്കുന്നുവെന്നതു തമാശയായിക്കാണാൻ, ചിന്തിക്കുന്ന സഭാധികാരികൾക്ക് സാധിക്കണമെന്നില്ല. സമയത്തു വേണ്ട നടപടി സ്വീകരിച്ചു പരിഹരിക്കാമായിരുന്ന ഈ കേസിൽ ഉണ്ടാകാൻ പോകുന്ന വിധി കേരള കത്തോലിക്കാ സഭയിൽ ഏല്പിക്കുന്നത് ചെറിയ പ്രത്യാഘാതം ആയിരിക്കില്ല. ഈ സംഭവം വെളിച്ചത്തു കൊണ്ടുവരാൻ പോകുന്നത് മേജർ ആർച്ച് ബിഷപ്പിന്റെ കഴിവില്ലായ്മ മാത്രമല്ല.

നല്ലത് പറയുകയും, ചെയ്യുന്നത് മുഴുവൻ വിരുദ്ധമായിരിക്കുകയും ചെയ്യുന്ന മെത്രാന്മാരെ ഇന്ന് ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ല. രണ്ടു മെത്രാന്മാരെയാണ് സമീപകാലത്തു നികൃഷ്ടജീവി എന്ന് രാഷ്ട്രീയ നേതാക്കന്മാർ വിളിച്ചത്. സഭയുടെ ഭാഗത്തുനിന്ന് പോലും അതിനെ കാര്യമായി പ്രതിരോധിച്ചില്ലെന്നോർക്കണം. ലോകമാസകലം സഭാധികാരികളെ ചോദ്യം ചെയ്യുന്ന കത്തോലിക്കർ ഉണ്ടായിരിക്കുന്നുവെന്നത് നിസ്സാരമായി കാണാൻ ആവില്ല. എവിടെ എന്തതിക്രമം ഉണ്ടായാലും മറകൂടാതെ വിശദാംശങ്ങൾ ലോകത്തെ അറിയിക്കാൻ സ്വതന്ത്ര ബ്ലോഗ്ഗുകളും വാർത്താ ചാനലുകളുമായി അത്മായർ മുന്നേറുന്നു; സഭ വിസ്വാസികളോടു കാണിക്കുന്ന അനീതികൾ ഒന്നൊഴിയാതെ കോടതികളിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു. പൊതുസമൂഹം കോതമംഗലം രൂപതയെ അക്ഷരാർത്ഥത്തിൽ മുട്ടു കുത്തിച്ചത്‌ നാം കണ്ടു, ഫാ കൊക്കനെ രക്ഷപ്പെടാതെ നോക്കിയതും അത്മായ പോരാളികൾ തന്നെ. അതായത്, കഥ പൂർണ്ണമായും മാറിക്കൊണ്ടിരിക്കുന്നുവെന്നർത്ഥം. അനുദിനം ഫെയിസ്ബുക്കിലൂടെ സഭാവിരുദ്ധ കുറിപ്പുകൾ ലക്ഷക്കണക്കിനു പേരുടെ മുമ്പിലെത്തുന്നു. ഒരു വിപ്ലവം സഭക്കുള്ളിൽ ആസന്നമാണെന്നു തന്നെയാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. തോൽക്കുന്നതെപ്പോഴും സഭ പടുത്തുയർത്താൻ വിയർപ്പ് ചിന്തിയ വിശ്വാസികളായിരിക്കുമെന്നതിൽ ഒരു സംശയവും വേണ്ട! 

4 comments:

  1. പെരുന്നാളുകൾ എന്ന പേരിൽ ക്രിസ്തീയ പള്ളികളിൽ നടക്കുന്ന ആഘോഷങ്ങൾ എന്തിനുവേണ്ടിയാണ്? മൈക്ക് വച്ചും വെടി പൊട്ടിച്ചും ഉണ്ടാക്കുന്ന കുറേ ഒച്ചപ്പാട് എന്നതിൽ കവിഞ്ഞ് എന്താണവയുടെ പ്രസക്തി? പ്രാർഥനയോ ദൈവവിചാരമോ സാദ്ധ്യമല്ലാത്ത ഒരവസ്ഥയാണ് പെരുന്നാളുകൾ സൃഷ്ടിക്കുന്നത്. വിഗ്രഹാരാധന വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. അക്കൂടെ പള്ളിയോട് അടുത്തു വസിക്കുന്നവർക്ക് സഹിക്കാനാവാത്ത രീതിയിൽ കതിനയും മറ്റും പൊട്ടിക്കാൻ നിർബന്ധം പിടിക്കുന്ന വികാരിമാർ ഏതു ദൈവത്തിന്റെ വചനമാണ് പ്രകീർത്തിക്കുന്നത്? സഭയിൽ അനാശാസ്യമായ എന്തുണ്ടായാലും അതിന്റെ ഉറവിടം സാധാരണ വിശ്വാസികളല്ല, മറിച്ച് വൈദികരും സന്യസ്തരും മെത്രാന്മാരുമാണ് എന്നാണ് ഈ ലേഖനത്തിൽനിന്ന് തെളിഞ്ഞുവരുന്നത്. ദൈവാവബോധത്തെയും വിശ്വാസത്തെയും ജീവിതത്തിൽനിന്നു വേർപെടുത്തുന്ന കാര്യങ്ങളിലാണ് ഈ പറഞ്ഞവർക്ക് ഏറിയ താത്പര്യം. കണ്‍വെൻഷൻ, വചനോത്സവം, ജൂബിലി എന്നൊക്കെ പേരിട്ട് സഭയുടെ പേരിൽ നടത്തപ്പെടുന്ന തുടർനാടകങ്ങൾ സഭയുടെ കാപട്യത്തെ അവാവരണം ചെയ്യുന്ന അവസരങ്ങളാണ്. ആത്മാവില്ലാത്ത ആഘോഷങ്ങളിൽ സ്വയം മറക്കുകയാണ് സഭ. കരുണയുടെ വർഷം എന്നപോലെ ഓരോ വർഷത്തിനും ഓരോ പേരിട്ടതുകൊണ്ട് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

    പ്രത്യക്ഷമായിട്ടല്ലെങ്കിലും പരോക്ഷമായി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയം ഇവിടെ പരാമർശിക്കുന്നത് ക്ഷമിക്കുക. സമർപ്പിതർ എന്ന് സ്വയം കരുതുന്നവർ മഹത്വപൂര്ണമായ ഒരാദർശത്തെ മുറുകെപ്പിടിച്ചുകൊണ്ട്‌ അതിനായി ജീവിക്കുകയും അങ്ങനെ ജീവിതത്തെ അർഥപൂർണവും ധന്യവുമാക്കുന്നവരാണെന്നാണല്ലോ പൊതു ധാരണ? അവരുടേത് അത്തരം ജീവിതമാണെന്ന ബോധ്യമുണ്ടെങ്കിൽ, അവരുടെ ഓരോ വർഷവും മനുഷ്യരുടെ മുമ്പിൽ 'ആഘോഷിക്കാൻ' വ്യഗ്രത കാണിക്കുകയെന്നാൽ അതിൽ പൊരുത്തക്കേടുണ്ട്. അതായത്, അതിന്റെ ഉള്ള് വ്യാജമാണെന്ന് പറയേണ്ടിവരും. ജൂബിലികൾ മനുഷ്യന്റെ അംഗീകാരങ്ങൾ തേടാനുള്ള വഴികളാണ്. ദൈവം അംഗീകരിച്ചവയ്ക്ക് മനുഷ്യന്റെ കലാശ്ക്കൊട്ടുകൾ അധികപ്പറ്റാണ് എന്ന് മനസ്സിലാക്കിയാൽ അതിലെന്താണ് തെറ്റ്?

    ഇന്നത്തെ കാലത്ത് ദൈവശുശ്രൂഷയിൽ വ്യാപ്രുതരെന്നു കരുതുന്നവർക്കാണ് ജൂബിലി ആഘോഷിക്കാൻ ഏറ്റവും ആഗ്രഹമുള്ളത്‌ - അച്ചന്മാർ, കന്യാസ്ത്രീകൾ, മെത്രാന്മാർ... കൂട്ടമായി ജീവിക്കുന്ന ഇത്തരക്കാരുടെ സ്ഥാപനങ്ങളിൽ എന്നും ആരുടെയെങ്കിലും ജൂബിലിയാണ്, ജന്മദിനാഘോഷമാണ്. ഒന്നും കിട്ടിയില്ലെങ്കിൽ ഏതെങ്കിലും ഒരു പുണ്യവാന്റെ/പുണ്യവതിയുടെ തിരുനാൾ അങ്ങ് കൊണ്ടാടും. കൊണ്ടാടുക എന്നാൽ ഇറച്ചിയും മീനും കേയ്ക്കും ഒക്കെ ഉണ്ടായിരിക്കുമെന്ന് ചുരുക്കം. അതൊന്നും പോരാഞ്ഞ്, ഉടുപ്പിട്ടതിന്റെ, വൃതമെടുത്തതിന്റെ, അല്ലെങ്കിൽ കുർബാന ചൊല്ലിയതിന്റെ 10, 20, 25, 50, 60 ... ഈ ആണ്ടുകൾ സ്വന്തം സ്ഥാപനങ്ങളിൽ വലിയ പെരുന്നാളാക്കി മാറ്റുക പതിവാണ്. അതൊക്കെ ആയിക്കോട്ടെ എന്ന് വയ്ക്കാം. പക്ഷേ, അവിടെ തീരുന്നില്ല വെടിക്കെട്ടുകൾ. ആഘോഷം അവരവരുടെ വീടുകളിലും ഉണ്ടാവണം എന്ന നിർബന്ധമാണ്‌ സഹിക്കാനാവാത്തത്. അതും ചെറിയ തോതിലൊന്നും പോരാ. വീട്ടിലുള്ളവർക്ക് അതിനുള്ള സൌകര്യമുണ്ടോ, സാമ്പത്തികമുണ്ടോ, താത്പര്യമുണ്ടോ എന്നൊന്നും നോക്കാറില്ല; അന്നൗൻസ് ചെയ്യും - അതനുസരിച്ച് നടപടികൾ ശരിയാക്കി ആഘോഷം പൊടിപൊടിക്കണം. ഇതൊരു മുഴുത്ത വട്ടായി തീർന്നിരിക്കുകയാണ്. നാണംകെട്ട പരിപാടി എന്നാണ് എനിക്ക് പറയാനുള്ളത്. ഇങ്ങനെയൊന്നും ആരും എന്റെ തലയിൽ ഒരിക്കലും കെട്ടിയേല്പിച്ചിട്ടില്ല, എന്നാൽ ഇത്തരം തുള്ളലുകളുടെ പേരിൽ നട്ടംതിരിയുന്നവരെ കണ്ടിട്ടുണ്ട്. പള്ളിയിൽ ആഘോഷമായ കുർബാന, വീട്ടിലോ വാടകക്കെടുത്ത ഹാളിലോ നാട്ടുകാരെയെല്ലാം വിളിച്ച് അതിഗംഭീര സദ്യ. വളരെ ദയനീയമായ ഒരുതരം 'ദൈവശുശ്രൂഷ'യാണിത് എന്ന സത്യം ഇതിലേർപ്പെടുന്ന അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ഒരിക്കലും മനസ്സിലാവില്ല. പള്ളിപ്പെരുന്നാളായാലും വ്യക്തിപരമായ ജൂബിലികളായാലും അതിന്റെ പേരിൽ മറ്റാളുകൾക്ക് തലവേദന വരരുത് എന്നെങ്കിലും ഒരു വീണ്ടുവിചാരം ആവരുതോ? മരിക്കുന്നതിനു മുമ്പ് അന്യരുടെ ചെലവിൽ അഞ്ചാറു തവണ പിറന്നാളെങ്കിലും ആഘോഷിച്ചില്ലെങ്കിൽ ഒരു മനോസുഖവും തോന്നാത്തവർ യേശുവിന്റെ ചൈതന്യവുമായി വലിയ ബന്ധം അവകാശപ്പെടരുത്.
    (250 പേരോളം പങ്കെടുക്കുന്ന ഇത്തരമൊരു 'ഭക്തി'പാരവശ്യത്തിന്റെ മുഹൂര്ത്തത്തിലാണ് ഈ കുറിപ്പിടുന്നത്. മറിച്ച് ചിന്തിക്കുന്നവർ ക്ഷമിക്കണം.)

    ReplyDelete
  2. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ " എന്നതാണ് സീറോ മലബാറിനു ചേരുന്ന വിശേഷണം .

    ഒല്ലൂരിൽ വികാരിയച്ചൻ കല്യാണം മുടക്കാൻ നോക്കുന്നു . മാമ്മൂട്‌ വികാരിയച്ചൻ പള്ളിവഴി ഇറച്ചി വിൽക്കുന്നു

    ഇറച്ചി വിൽപ്പന,കല്യാണം മുടക്കൽ .
    കല്യാണം മുടക്കൽ ,ഇറച്ചി വിൽപ്പന .

    ഒല്ലൂരിൽ ഇത്രയും മണ്ടന്മാർ വികാരിക്ക് വേണ്ടി നിരത്തിലിറങ്ങി എന്നത് കുർബ്ബാന തൊഴിലാളികളായ കൂദാശ ചട്ടംബികളുടെ നല്ലകാലം അവസാനിച്ചിട്ടില്ല എന്നതിന് സൂചനയാണ് . നവീകരണക്കാർക്ക് അവിടെ എന്ത് ചെയ്യാനായി ?

    ആലഞ്ചേരി തിരുമനസ്സിനോട്‌ ഒരു അപേക്ഷയുണ്ട് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കണം .

    കരുണയുടെ വർഷം പ്രമാണിച്ച് ഇനി പുതിയ സീറോമലബാർ രൂപതകൾ അനുവദിയ്ക്കില്ല എന്ന് തീരുമാനിയ്ക്കണം ..

    ReplyDelete
  3. "തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍" സ്വതന്ത്രനായി ദൈവം സൃഷ്‌ടിച്ച ഒരു ചെരുപ്പക്കാരനെകൂടി ഇന്നലെ തിരുപനന്തപുരത്തുവച്ച് "പട്ടം " കൊടുത്ത് അതിയാന്റെ സഭ മെനകേടിലാക്കി! മനുഷ്യസേന്ഹിയായിരിക്കേണ്ട ആ ജന്മം അന്നേരം മുതല്‍ സഭാസ്നേഹിയായി ചുരുങ്ങി ! ദൈവത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഈ യുവാവു, ഉടന്‍ സ്വയം ദൈവത്തിന്റെ പ്രതിപുരുഷനായി, ചിലപ്പോള്‍ ദൈവത്തിന്റെ സ്രഷ്ടാവുമാകുന്നത് നാം കാണേണ്ടിവരുന്നു ! "പട്ടംകൊട"യെന്ന 'കുരുതി' കാണാന്‍ എന്നെയും സ്നേഹപൂവം ആകുടുംബം ക്ഷണിച്ചിരുന്നു , പട്ടംകൊടയെന്ന 'ക്രിസ്ത്യന്‍തട്ടിപ്പ്' "ബിരുദദാന ചടങ്ങില്‍" പങ്കെടുക്കുന്നതുതന്നെ എനിക്കു ഓര്‍ക്കാന്മേലാത്തത് കാരണം ഞാന്‍ പോയില്ല...
    "വൈദീകമെന്നത് കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോരേറി ,
    ളോഹതന്‍ കീശയില്‍ കാണാ മനസാക്ഷി ,ത്രോണോസില്‍ വച്ചേച്ചു പോരും!"(സാമസംഗീതം) എന്ന മട്ടിലായ ദൈവമില്ലാത്ത ഇടയന്മാരാണീ സഭയുടെ ശാപം /കാലത്തിന്റെ ശാപം !
    "കത്തോലിക്കാ സഭക്കെന്തു പറ്റി?"എന്ന ജോസഫ് മറ്റപ്പള്ളിസാറിന്റെ ദുഖചിന്ത ഉണര്‍ത്തുന്ന ചോദ്യത്തിനു ഒരു ഉത്തരം ഇതുതന്നെയാണ്!
    "സഭ, ക്രിസ്തുവിന്റെ മണവാട്ടി" എന്നൊരു ചൊല്ലുണ്ടല്ലോ ? ആ'മണവാട്ടി ലിസ്റ്റില്‍'നിന്നും ഒരുസഭകൂടി ഇതാ നിലംപൊത്തി വീണു മരിക്കുന്നു ! ക്രിസ്തുവിന്റെ മണവാട്ടികളല്ലാത്ത സഭകളെ നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ?
    ഈ സഭയില്‍ വിശ്വസിച്ചു മണ്ണില്‍ അലിഞ്ഞുപോയ നമ്മുടെ പരേതരുടെ ആത്മാക്കള്‍ ഇന്ന് വിലപിക്കുകയാവും "കുരുടന്മാരായ വഴികാട്ടികളെന്നു" ക്രിസ്തു വിശേഷിപ്പിച്ച പാതിരിപ്പുറകെ നടന്നു ദൈവത്തെ അറിയാതെപോയ, ജീവിത കാലത്തെയോര്‍ത്തു "! 'ക്രിസ്തുവിന്റെ രണ്ടാംവരവ്' വത്തിക്കാനിലെ കത്തനാരന്മാര്‍ റദ്ദാക്കിയതുകാരണം അന്ത്യവിധി കാണാതെ ഇനിയെത്ര കാലം, സ്വര്‍ഗം വ്യാമോഹിച്ചു പ്രേതങ്ങളായി അനന്തസീമകളില്‍ അലഞ്ഞുതിരിഞ്ഞു ഇവര്‍ അവശരാകണം ?!

    ReplyDelete
  4. PA Mathew in FB

    ഒല്ലൂരിലെ കല്യാണംമുടക്കികള്‍ അവസാനം മുട്ടുമടക്കി.....

    ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍, റാഫേലിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത്, പ്രശ്നം അവസാനിപ്പിച്ചു. റാഫേലിന്‍റെ മകന്റെ കല്യാണം പള്ളിയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതായും, എല്ലാവരും കല്യാണത്തില്‍ സഹകരിക്കണമെന്നും വികാരിയച്ചന്‍ പള്ളിയില്‍ വിളിച്ചുപറഞ്ഞു.
    റാഫേലിനും കുടുംബത്തിനുമെതിരെ വിഡ്ഢിവിശ്വാസികളെക്കൊണ്ട് ജാഥ നടത്തിച്ച വികാരി നോബി അമ്പൂക്കനോടും, മനസ്സമാധാനത്തോടെ ജീവിക്കണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്ന് റാഫേലിന്‍റെ മകനെ ഭീഷണിപ്പെടുത്തിയ റാഫേല്‍ തട്ടില്‍ മെത്രാനോടും, ബൈബിള്‍ അക്ഷരംപ്രതി പാലിച്ച് ജീവിക്കുന്ന ഒരു സത്യക്രിസ്ത്യാനി എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒരു ബൈബിള്‍ വചനം മാതമാണ്:

    "തന്‍റെ പ്രവൃത്തിയില്‍ മനംനൊന്ത അവന്‍ പോയി കെത്തിത്തൂങ്ങിച്ചത്തു.......നിങ്ങളും പോയി അതുപോലെ ചെയ്യുവിന്‍......."
    Zacharias Nedunkanal: വേറെ എന്തുപദേശം കൊടുത്താലും ഇരുകൂട്ടർക്കും തൃപ്തികരമായത് ഇതിൽക്കവിഞ്ഞൊന്നും കിട്ടില്ല. കലക്കി.

    ReplyDelete